ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

Tuesday, April 2, 2013

ചിത്തരോഗാശുപത്രിയില്‍ നിന്ന് ഒരു കത്ത്......
ചിത്തരോഗാശുപത്രിയില്‍ നിന്ന്
കുറച്ച് നാള്‍ക്കുമുമ്പൊരു രജിസ്റ്റേഡ്
കത്തു വന്നിരുന്നു.... 
രക്തമയമന്നേരെ  വാര്‍ന്നുപോയ മുഖവുമായ്
ഒട്ടു നിസംഗതയോടത് ഒപ്പിട്ടു വാങ്ങവേ
ഉത്സാഹമെന്നേ കെട്ടടങ്ങിയ കണ്ണുകളുമായ് പോസ്റ്റുമാനെന്നെ മൊത്തത്തിലൊന്നുഴിഞ്ഞു നോക്കി, 
തെല്ലു പുച്ഛം കലര്‍ന്നൊന്ന് 
ചിരിച്ചുവോ...?
ഉഷ്ണത്തിലും രക്തമുറഞ്ഞു
പോകുന്നതുപോലെനിക്ക് തോന്നി

പൊട്ടിച്ചു വായിച്ചു നോക്കുവാന്‍
ഒട്ടും കൌതുകം തോന്നിയതേയില്ല
ഇടക്കിടയക്കതുപോലെ
എത്തുവാറുളളതാണല്ലോ...
ഉളളു നീറന്നതിന്‍  ഉളളടക്കവും
ഏറെ പരിചിതമായിരുന്നല്ലോ....?

മക്കളുടെ അച്ഛന്റെ രോഗം
ഭേദമായ് പൂര്‍ണ്ണമായും
മരുന്നിനി പേരിനുമാത്രം മതി
പെട്ടന്ന് വന്ന് കൂട്ടികൊണ്ട് പോകണം
സ്നേഹ പരിചരണമാണേറെയാവശ്യം
ചുവട്ടിലേതോ ചുരുള്‍  കമ്പി
വലിച്ചു നീട്ടി മുറിച്ചിട്ടപോലൊരൊപ്പ്
കുരുങ്ങിക്കിടന്നു..... 


മക്കളുടെ അച്ഛനെഴുതിയ
ഒരു കത്തും  കൂട്ടത്തില്‍  വെച്ചിരുന്നു
വിറയാര്‍ന്നൊരക്ഷരങ്ങള്‍
കാക്ക കൊത്തി ചിതറിയ പോലെ കിടന്നു
വായിച്ചെടുക്കുവാനേറെ പാടുപെട്ടു

എനിക്കിപ്പോള്‍  നല്ല സുഖം തോന്നുന്നുണ്ട്
ര്‍മ്മകളെല്ലാം ഇന്നലെയെന്ന പോല്‍
ചിത്തത്തില്‍ വ്യക്തമായിത്തെളിയുന്നുമുണ്ട്
എല്ലാവരേയും വന്നൊന്ന്
കാണാന്‍  കൊതിയാവുന്നു
അത്രമാത്രം......


എന്തു ചെയ്യണമെന്നൊരെത്തും
പിടിയും കിട്ടുന്നില്ല 
ദൂരേ കടലിന്നക്കരെ നിന്നും   
ചുട്ടു പൊള്ളുന്ന മണല്‍
തരികള്‍ പോലുള്ള മകന്റെ ഉഗ്രശാസന
മരുമകളപ്പൊഴേ ഫോണിലൂടെ വിളിച്ചു 
കേള്‍പ്പിച്ചു തന്നു.....

അമ്മയ്ക്കു വേണമെങ്കില്‍
അച്ഛനേയും കൂട്ടി പോയങ്ങു  പൊറുക്കാം
കൂട്ടത്തില്‍  കെട്ടുപ്രായമെത്തിനില്ക്കുന്ന
മകളേയും കൊണ്ടു പോയിക്കോളണം
അതോടെ തീര്‍ന്നു..... 
പിന്നെത്തിരിഞ്ഞീപ്പടി ചവിട്ടാമെന്ന്
മാത്രം കരുതരുത്

കേട്ട് കേട്ടുനില്കെ  മകന്റെ ശബ്ദമിടറുന്നു

അമ്മ പെട്ടന്ന് എല്ലാമങ്ങ്
മറന്നു പോയോ.... ?
കൊച്ചിലേ എന്തുമാത്രമനുഭവിച്ചതാണ്
ചാട്ടുളി പോലുള്ള  പരിഹാസവാക്കുകള്‍
എത്ര വട്ടം നെഞ്ചു പിളര്‍ന്നതാണ്
എത്ര ചാട്ട വാറുകള്‍
മനസ്സില്‍  ഉള്‍ത്തടങ്ങളില്‍  പുളഞ്ഞു ചീറി 
രക്ത ബന്ധുക്കള്‍ പോലും 
ദൂരെ മാറ്റി നിര്‍ത്തി  
ദൂരെ ആരുമറിയാത്ത ദിക്കലേക്ക്
വന്നു നമ്മള്‍ താമസമായത് തന്നെ  
പൂര്‍വ്വ സ്മൃതികളില്‍
നിന്നും രക്ഷ നേടുവാനല്ലേ...?

ജീവിതമൊന്നു പച്ചപിടിക്കാന്‍
തുടങ്ങിയതേയുളളൂ.... 
അപ്പഴേ  തുടങ്ങിയോ ഭര്‍ത്തൃ സ്നേഹം..?

മകനെ കുറ്റം പറയാനൊക്കുമോ
കൊച്ചു പ്രായത്തിലേ
ആഴത്തില്‍  മുറിവേറ്റതാണാ ഹൃദയം
എത്ര നാളായി സ്വസ്ഥമായൊന്നുറങ്ങിയിട്ട് 
ര്‍പ്പഫണം പോല്‍ പത്തി വിരിച്ചു 
നില്ക്കുന്നു മകന്റെ കല്പനകള്‍....  

ഒരു ചില്ലിക്കാശു പോലും 
സ്വന്തമായെടുക്കാനില്ലാത്തവരുടെ 
അഭിപ്രായത്തിന് പിന്നെന്തു വില... 

കണ്ണൊന്നടച്ചലോ ശുഷ്കിച്ച് 
അസ്ഥി പഞ്ചരമായൊരു 
രൂപം മുന്നില്‍  വന്നു തല 
കുമ്പിട്ടു നില്ക്കുന്നു........ 
ജോലി കഴിഞ്ഞു വീട്ടു സാധനങ്ങളുമായ് 
രാത്രിയേറെ വൈകി വാതിലില്‍  വന്നു മുട്ടി 
നീട്ടി വിളിച്ചോരാ ശബ്ദം നേര്‍ത്ത് 
പോയിരിക്കുന്നുവല്ലോ... ? 

മേലുകഴുകുവാന്‍ വെള്ളമാനത്തുവാന്‍
പറഞ്ഞിട്ടാ  രൂപം 
എപ്പോഴോ വീണുറങ്ങിപ്പോയ 
മക്കളുടെ കവിളില്‍ തലോടി
വീട്ടു വിശേഷങ്ങളും ചോദിച്ച്  
അങ്ങനെയിരിക്കുകയാണല്ലോ 

എത്ര വേഗത്തിലാണ് ജീവിത
ചിത്രങ്ങള്‍  മാറിമറിയുന്നത് 
പെട്ടോന്നുരുനാള്‍  ദൂരെയേതോ ദിക്കില്‍
ജോലിക്കുപോയി വന്നതിന്‍ തൊട്ടു 
മിണ്ടാട്ടമില്ലതെയായി 
ഇരുള്‍ മുറിയില്‍ ചെന്നൊറ്റക്കിരിപ്പായി 
എത്ര പറഞ്ഞിട്ടും പിന്നൊട്ട് 
ജോലിക്ക് പോയതേയില്ല...  

ഇരുട്ടില്‍  നിന്നിടക്കിടെ തുറിച്ച 
കണ്ണുകള്‍ മാത്രം തെളിഞ്ഞു  കണ്ടു 
ഇടയ്ക്ക് പിറുപിറുത്തും .....
വെറുതെയിരുന്നു ചിരിച്ചും .....
ചിലപ്പോള്‍ ക്രുദ്ധനായും ......
വെട്ടു കത്തിയുമായി ശത്രുവിനെ 
കൊല്ലുവാനെന്ന്  പറഞ്ഞു
പുരയ്ക്കു ചുറ്റും ഓടി നടന്നതും ....
നാട്ടുകാരാദ്യം  നോക്കി ചിരിച്ചതും.....
പിന്നെ ശല്യം സഹിക്കാതെ കെട്ടിവരിഞ്ഞു 
ആശുപത്രിയില്‍ കൊണ്ട് തള്ളിയതും 
മനസിന്റെ ലോല തന്ത്രികള്‍ പൊട്ടി 
കുട്ടികള്‍ വാവിട്ടു  നിലവിളിച്ചതും
ര്‍ക്കുവനിഷ്ടമില്ലങ്കിലും 
ര്‍ക്കാതിരിക്കാൻ കഴിയുമോ....?

ഇന്നത്തെ പത്രത്തിലെ നിര്ജ്ജീവമാം
ചരമ കോളത്തിന്നിടയില്‍ ചേര്‍ത്ത
അജ്ഞാത ജഢത്തിനു
മക്കളുടെ അച്ഛനുമായി നല്ല
രൂപസാദ്യശ്യം തോന്നുന്നുവല്ലോ.... ?

വെന്തുനീറുന്ന മനസ്സുമായി ഉമ്മറത്തെ
ചാരുപടിയില്‍  എന്തോ ആലോചിച്ചിരുന്നൊന്ന്
കണ്ണടഞ്ഞു പോയി....
അടച്ചിട്ട ഗേറ്റിന് മുന്നില്‍  നിര്‍ത്താതെയുളള
സൈക്കിളിന്‍  ബെല്ലൊച്ച കേള്‍ക്കുന്നു
പോസ്റ്റുമാനാണ്.........
അതേ കണ്ണുകള്‍ നിന്നു തുറിക്കുന്നു

ചിത്തരോഗാശുപത്രിയില്‍ നിന്നും
ഇന്നുമൊരു രജിസ്റ്റേഡ് കത്തുണ്ട്.......!

( പറയൂ...ഈ അമ്മ പിന്നെന്താണ് ചെയ്യേണ്ടത്......ഒരു വശത്ത് ഭര്ത്താവിനോടുളള സ്നേഹം എന്നതിലുപരി കടപ്പാട്, ഉത്തരവാദിത്തം......... മറുവശത്ത് മക്കളുടെ ഇഷ്ടാനിഷ്ടങ്ങള്‍ എന്നതിലുപരി അവരുടെ ഭാവി, ശ്രേയസ്സ്..........ഈ അമ്മയ്ക്ക് ഒരുപദേശം നല്കാന് കവി അശക്തനാണ്...നിങ്ങളോ.... ?)


32 comments:

 1. എന്ത് ചെയ്യണം, എന്ത് ചെയ്യാതിരിക്കണം എന്ന മനസ്സിന്റെ സംഘര്ഷഭരിതമായ അവസ്ഥ!

  വര്ഷങ്ങള്ക്ക് മുമ്പ് വായിച്ച കാനം ഇ. ജെ.യുടെ പമ്പാനദി പാഞ്ഞൊഴുകുന്നു എന്ന നോവലിലെ ഒരദ്ധ്യായം ഓര്മ്മവരുന്നു - സഹോദരിയോ, കാമുകിയോ. (എല്ലാം എല്ലാമായ ആരെ വേണ്ടെന്നു വെക്കണം വേണം എന്ന് വെക്കണം...)

  ReplyDelete
  Replies
  1. രചനയുടെ അവസാന ഘട്ടത്തില് എഴുത്തുകാരന് വളരെയധികം കുഴച്ചുകളഞ്ഞ ഒരു സൃഷ്ടിയാണിത്...അഭിപ്രായത്തിന്ന നന്ദി ഡോക്ടര്

   Delete
 2. പ്രതിസന്ധി എങ്ങനെയോ ആകട്ടെ, പക്ഷെ മനോഹരമായ ആവിഷ്ജ്കാരം

  ReplyDelete
  Replies
  1. അഭിനന്ദനത്തിന് നന്ദി അജിത് സാര്....

   Delete
 3. ഭാവി& ശ്രേയസ്സ് ഇതൊക്കെ എങ്ങനെ വന്നു? അമ്മ ചെയ്യേണ്ടത് ഭർത്താവിനെ കൂട്ടിക്കൊണ്ടു വരിക തന്നെ.മക്കളോടും,മരുമക്കളോടും പോയി പണി നോക്കാൻ പറ.. 

  നല്ല കവിത

  ശുഭാശംസകൾ...

  ReplyDelete
  Replies
  1. സൌഗന്ധികത്തിന്റെ അഭിപ്രായം തന്നെയാണ് എനിക്കും...പക്ഷേ ഈ അമ്മ സ്വന്തമായി ഒരു ചില്ലിക്കാശു പോലുമെടുക്കാനില്ലാത്ത ഒരു നിര്ദ്ധനയല്ലേ....

   Delete
 4. വല്ലാത്ത പ്രതിസന്ധി തന്നെ............നന്നായിട്ടുണ്ട്

  ReplyDelete
  Replies
  1. സബീന ആദ്യമായാണല്ലോ ഈ ബ്ലോഗില് അഭിപ്രായം രേഖപ്പെടത്തുന്നത്.ഓരോ പുതിയ ആളിന്റെ വരവും എന്നെ ആവേശഭരിതനാക്കുന്നു,....നന്ദി വീണ്ടും വരിക

   Delete
 5. Karayichu..

  Angane orammayundenkil avarodu parayanam , ottum aalochikkathe vilichond varan.. Athinte shariyilum anugrahathilum bakkiyellam nannakum.. urappayttum

  ReplyDelete
  Replies
  1. ലിഷാന.... ആദ്യമായി ഈ ബ്ലോഗില് വന്ന് അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി

   Delete
 6. മനോഹരമായി ആവിഷ്കാരം

  ReplyDelete
  Replies
  1. വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിന് വിനീതമായ നന്ദി.....

   Delete
 7. വല്ലാത്ത പ്രതിസന്ധി തന്നെ............, നല്ല ആവിഷ്കാരം

  ReplyDelete
  Replies
  1. അഭിപ്രായത്തിന് നന്ദി...നിധീഷ്

   Delete
 8. പത്താം നിലയിലെ തീവണ്ടി എന്ന സിനിമ കണ്ടുവോ?

  ReplyDelete
  Replies
  1. ഇല്ല...അങ്ങനെയൊരു സിനിമയെക്കുറിച്ച് കേള്ക്കുന്നതു തന്നെ ആദ്യമായാണ്. ഭ്രാന്തുമായി ബന്ധപ്പെട്ട് ചില കഥകള് വായിച്ചിട്ടുണ്ട്. അതില് പ്രധാനം എം.ടിയുടെ ഇരുട്ടിന്റെ ആത്മാവാണ്. പിന്നെ കുറച്ച് ജീവിത അനുഭവങ്ങള്...ബ്ലോഗ് തുടങ്ങിയതോടെ എന്തെങ്കിലും എഴുതണമെന്ന തോന്നല് മനസ്സില് എപ്പോഴുമുളളതുകൊണ്ട് ഒരു കാഴ്ചയും , ചിന്തയും വെറുതെ കളയുന്നില്ല. അതിന് ഒരു രൂപം വരുത്തുവാന് ശ്രമിക്കുന്നു. അത്രമാത്രം...അഭിപ്രായത്തിന് നന്ദി....ഭാനു കളരിക്കല്

   Delete
 9. ഏതു നിമിഷവും തെറ്റാവുന്ന സമനിലയുമായി ജീവിക്കുന്നവരാണ് നമ്മള്‍ എന്ന യാഥാര്‍ത്ഥ്യം മനസിലാക്കുവാന്‍ ശ്രമിച്ചാല്‍ ഇത്തരം സാഹചര്യങ്ങളില്‍ കുറച്ചുകൂടെ മനുഷ്യത്തപരമായ സമീപനം കൈകൊള്ളാന്‍ സാധിക്കയില്ലേ അനു..

  ReplyDelete
  Replies
  1. സത്യമാണ്...സമകാലിക ജീവിതാവസ്ഥയില് രോഗങ്ങളും, ദുരിതങ്ങളും ആര്ക്കുവേണമെങ്കിലും, എപ്പോഴും, ഏതു രൂപത്തില് വേണമെങ്കിലും വരാം...പക്ഷെ ആരുമത് മനസ്സിലാക്കുന്നില്ല. അഭിപ്രായത്തിന് നന്ദി ശ്രീജേഷ്

   Delete
 10. അജ്ഞാത ജഢത്വവും,ചിത്തരോഗാശുപത്രിയില്‍ നിന്നുള്ള ഇന്നത്തെ രജിസ്റ്റേര്‍ഡും.....
  നല്ല വരികള്‍
  ആശംസകള്‍

  ReplyDelete
  Replies
  1. അഭിപ്രായത്തിന് നന്ദി തങ്കപ്പന് സാര്

   Delete
 11. നല്ല ഇതിവൃത്തം.
  മനോഹരമായ വരികള്‍ ..
  അഭിനന്ദനങ്ങള്‍ ....

  ReplyDelete
  Replies
  1. വായനക്കും, അഭിപ്രായത്തിനും നന്ദി...വിനോദ് മാഷ്

   Delete
 12. മനസ്സിനെ ഒട്ടൊന്നുമല്ല വിഷമിപ്പിച്ചത് ഈ കഥ. ആ സ്ഥാനത് ഞാൻ ആണെങ്കില എന്ത് ചെയ്യും. അദ്ധേഹത്തെ കൂട്ടികൊണ്ട് വേറെ എങ്ങോട്ടെങ്കിലും പോകും. ആരുമില്ലാതവര്ക്കും ജീവിക്കാൻ ഇടമുണ്ടല്ലോ ഈ ഭൂമിയില.....
  അഭിനന്ദനങ്ങൾ അനിയാ

  ReplyDelete
  Replies
  1. അഭിപ്രായം രേഖപ്പെടുത്തിയതിന് ഹൃദ്യമായ നന്ദി ...... നളിന കുമാരി ടീച്ചർ

   Delete
 13. നൊമ്പരമുണർത്തുന്ന ഈ കഥ മനസ്സിൽ തട്ടും വിധം അവതരിപ്പിച്ചതിന്‌ അഭിനന്ദനങ്ങൾ

  ReplyDelete
  Replies
  1. അഭിപ്രായത്തിന് നന്ദി മധുസൂതനൻ സർ

   Delete
 14. നല്ല കഥ.
  മക്കളെ പേടിച്ചു അച്ഛനെ ഉപേക്ഷിച്ചു കളയണോ...?

  ReplyDelete
 15. ഇതിപ്പോ പ്രശ്നാകുമല്ലോ...
  ആലോചിച്ചിട്ട് ഇപ്പൊ വരാമേ........................

  ReplyDelete
 16. എന്താണ് പറയേണ്ടത് ?പറയാതിരിക്കേണ്ടത് ?ഹൌ ....വേദന ..വേദന ...!!
  കവിത വല്ലാതെ വേദനിപ്പിച്ചു എന്നു മാത്രം പറയട്ടെ.

  ReplyDelete
 17. ഹൃദയ സ്പര്‍ശിയായ വരികള്‍
  കാവ്യ ഭാവം അല്പം കൈ വിട്ടു പോയോ എന്നൊരു സംശയം ... ആശംസകള്‍ :)

  ReplyDelete
 18. പെട്ടെന്നൊരു ഉത്തരം പറയാനാവാത്ത സമസ്യ

  ReplyDelete
 19. എത്ര വേഗത്തിലാണ് ജീവിത
  ചിത്രങ്ങള്‍ മാറിമറിയുന്നത്
  പെട്ടോന്നുരുനാള്‍ ദൂരെയേതോ ദിക്കില്‍
  ജോലിക്കുപോയി വന്നതിന്‍ തൊട്ടു
  മിണ്ടാട്ടമില്ലതെയായി '

  പിന്നെ
  തീരാത്ത സന്ധിയാണല്ലോ പ്രതിസന്ധി അല്ലേ

  ReplyDelete