ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2013, ഫെബ്രുവരി 27, ബുധനാഴ്‌ച

മരണത്തെയും കാത്ത് ഒരു പക്ഷി

വയലാറിന്റെ സ്വര്ഗ്ഗവാതില്‍പ്പക്ഷി മലയാള കാവ്യ നഭസ്സില്‍ വട്ടമിട്ടു പറക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായി........  ഇടയ്ക്കിടയ്ക്ക് ശുഷ്കിച്ചുണങ്ങിയ മരക്കൊമ്പുകളിലേക്ക് സത്യത്തിന്‍റെ  സന്ദേശവുമായി അത് പറന്നിറങ്ങുന്നു . പക്ഷേ .....? ആ പക്ഷേയ്യില്‍ നിന്നാണ് ഈ കവിത പിറവി കൊള്ളുന്നത്‌ .വയലാറിന്‍റെ അനശ്വരമായ കാവ്യ പ്രതിഭയ്ക്ക് മുമ്പില്‍ നമിച്ചു കൊണ്ട് ഈ കവിത സാദരം സമര്‍പ്പിച്ചു കൊള്ളട്ടെ ......


ഭൂമിയില്‍  സത്യത്തെ തേടിനടന്നൊരാ
സ്വര്‍ഗ്ഗ  വാതില്‍പ്പക്ഷിയെ
കണ്ടുവോ നിങ്ങള്‍...?
വര്‍ണ്ണ ചിറകുകള്‍  വിടര്‍ത്തി
സ്വച്ഛമാകാശത്തിലൂടെ
എത്രയുഗങ്ങള്‍ പാറിപ്പറന്നതാണ്
ഇന്നിതാ കുഞ്ഞിത്തൂവലുകള്‍  പോലും
കൊഴിഞ്ഞേറെ വികൃതമായ്
ഉത്തുംഗമാമേതോ ഗോപുരമേടയില്‍
ഉള്‍ത്താപമോടങ്ങനെ
ചുറ്റിത്തിരിയുകയാണല്ലോ......!

ചിറകു വിടര്‍ത്തി പറക്കുവാനേ വയ്യ

ദുരമൂത്തേതോ  മര്‍ത്ത്യന്റെ   ഒളിയമ്പ്
കൊണ്ടതെന്നേ തകര്‍ന്നു പോയി....
കത്തുന്ന സൂര്യന്റെ  കനല്‍  വീണു പൊളളിയ
കൊക്കു പിളര്‍ത്തി ഒരിറ്റു
ദാഹജലത്തിനായി കേഴുകയാണല്ലോ.....
നിത്യമാം സത്യം മൃത്യു വന്നെത്തുന്നതും
കാത്തു കാത്തങ്ങിരിക്കയാണല്ലോ...
സത്യത്തിന്‍ മുദ്ര പതിച്ചോരാ
വര്‍ണ്ണകൊടിക്കൂറ കാറ്റില്‍
പാറിക്കളിപ്പുണ്ടുയരത്തില്‍
താഴെ തണുപ്പുളള മുറികളില്‍
വട്ടമേശയ്ക്കു ചുറ്റുമിരുന്നവര്‍
സത്യത്തിന്‍  പൊയ്മുഖമണിഞ്ഞവര്‍
കൂട്ടിയും കിഴിച്ചും, ഹരിച്ചും ഗുണിച്ചും
വൃദ്ധനാം ആ പക്ഷിയുടെ ചുക്കിചുളിഞ്ഞ
ദേഹത്തിന് വിലയിട്ടു വില്ക്കുവാന്‍ വെയ്ക്കുന്നു

"ഏതോ ദിവ്യമാംപക്ഷിയതിന്‍ 
ചുടുചോര പുരട്ടുകില്‍
ഏതുമഹാവ്യാധിയും മാറുമത്രേ .!"

വാര്‍ത്തയറിഞ്ഞു വന്നവര്‍ , വന്നവര്‍
കൂര്‍ത്ത നോട്ടങ്ങളാലെന്റെ
രക്തവും, മാംസവുമളന്നെടുത്ത്
തഞ്ചത്തിലങ്ങനെ വിലപേശി നില്ക്കുന്നു

എന്തോ..  പറയുന്നുണ്ടാപ്പക്ഷി
നിന്ദ്യമാം ലോകത്തോടായി
 നിങ്ങളും കേട്ടില്ലേ .... ?
" കൊന്നു തിന്നോളുകതിന്‍  മുമ്പ്
ഒരിറ്റു ദാഹജലമിറ്റിച്ചു നല്കുക "

2013, ഫെബ്രുവരി 18, തിങ്കളാഴ്‌ച

പോക്കുവരവിനു മുമ്പുളള ചില നീക്കുപോക്കുകള്‍

രണ്ട് മൂന്നാഴ്ച കഴിഞ്ഞിട്ട് വന്നാല്‍  മതി
കൊന്നത്തെങ്ങിന്‍  കുറ്റിപോലിങ്ങനെ
നിന്നു തുറിക്കേണ്ടാ...
 കാത്തു മുഷിഞ്ഞു കണ്ണു കലങ്ങേണ്ടാ
എന്നു കരുതി പറഞ്ഞതാണേ....
കാട്ടുവഴിമുക്കില്‍  പണ്ടെങ്ങാണ്ട്
വാങ്ങിയന്നേ മറന്നു കിടന്നൊരാ
പ്രോപ്പര്ട്ടിയുടെ പോക്കുവരവു
നടത്തുന്ന  കേസല്ലേ...?
കണ്ടിട്ടേതോ പുറമ്പോക്ക് ഭൂമി
വളച്ചു കെട്ടിയെടുത്ത മട്ടുണ്ടല്ലോ.....
തണ്ടാപ്പേരു മാറ്റിപ്പിടിക്കുക
അല്പം പണിയാണേ.....
തേര്ച്ച നടത്തി തീര്പ്പു കല്പിച്ചോരു
റീസര്‍വ്വേ മാപ്പൊങ്ങാനും കാണണം
തപ്പിയെടുത്തൊന്നു നോക്കേണ്ടതുണ്ടല്ലോ.... 

മണ്ടത്തരം കാണിച്ചിട്ട് വന്നു നില്ക്കുന്നത്
കണ്ടില്ലേ...?
കണ്ടാല്‍  ലണ്ടനില്‍  നിന്നു
വന്നപോലല്ലേ തോന്നൂ......!
വെളളമടിക്കണമെന്നില്ല
ഉള്ളിലുളളത് മുഴുവന്‍  വളളി പുളളി വിടാതെ
ഞാന്‍  പറയും..കളളത്തരമൊട്ടുമില്ല

എന്തെന്ത്.............. ?
എന്നെ പിന്നെ വന്നു കാണാമെന്നോ.......? 
എന്തുവേണമെങ്കിലും തരാമെന്നോ........ ?
എന്റെ പൊന്നേ............. .
അതെനിക്കറിയില്ലേ പിന്നേ ........?

പോയി വരൂ ധൈര്യമായി

വരും മുമ്പൊന്നു വിളിക്കണേ.....
കുറിച്ചെടുത്തോളുക എന്റെ ഫോണ്‍  നമ്പര്‍
9...4...4...6...8..1...5...8...8....7
അക്കങ്ങള്‍  പത്തും കൃത്യമായി കുറിക്കണേ....
ഇടക്കൊന്ന് വിളിച്ചോര്മ്മിപ്പിക്കണേ......
ഒന്നടുത്തു നിന്നാല്‍  ഞാനൊരു
രഹസ്യം പറയാം
നേരമിരുട്ടിയാല്‍ പെണ്ണുങ്ങളേക്കൊണ്ട്
വിളിപ്പിക്കരുതേ.....
പെണ്ണുംപിളളയൊന്നുളളത് സംശയ പിശാചാണേ..

വിളിച്ചിട്ടെടുത്തില്ലങ്കില്‍  ഒന്നും വിചാരിക്കരുതേ
തിരക്കോടു തിരക്കാണേ.........

പുതുപ്പെണ്ണൊരുത്തി  ജോലിക്കായി
 വന്നു കയറി  രണ്ടുനാള്‍ കഴിഞ്ഞു
കന്നി പ്രസവത്തിന് ലീവെടുത്തങ്ങു  പോയി
ആണൊരുത്തനുണ്ട്, പറഞ്ഞാല്‍
തൂണിനുപോലും നാണം വരും
ചായകുടിക്കാനായി പുറത്തേങ്ങിറങ്ങിയതാണ്
ചാവടിയന്തിരത്തിനു പോയപോലെ
നേരം കുറെയായല്ലോ...?
എപ്പോള്‍ വരുമെന്നാര്‍ക്കറിയാം
പറയുവാനേറെയുണ്ടെങ്കിലും
ഒന്നും പറയുന്നില്ല ഞാന്...... ,
പരദൂഷണമെന്നു നിങ്ങള്‍  കരുതും

പോക്കുവരവിന്റെ കാര്യമല്ലേ.....
പോയി വരൂ ധൈര്യമായി
നീക്കുപോക്കുകള്‍  നടത്താന്‍  മറക്കരുതേ..... !!

2013, ഫെബ്രുവരി 13, ബുധനാഴ്‌ച

ശരണാര്ത്ഥി

മകനേ ...നീയെന്തിനാണച്ഛനെ
ഇറയത്തു തന്നെ നിര്ത്തിയിരീക്കുന്നത്...?
മഴ നനഞ്ഞേറ ദൂരമലഞ്ഞു വന്നതല്ലേ...
മഴക്കോള് കണ്ടു പനിപ്പേടിയിലച്ഛന്‍
വഴിയോരത്തേതോ കടത്തിണ്ണയില്‍
ഏറെ നേരം കയറി നില്പുണ്ടായിരുന്നല്ലോ..?
കാലന്‍ കുട ഒന്നുണ്ടയിരുന്നതെന്നേ
നരിച്ചീറുപോല്‍ ഒടിഞ്ഞു
തൂങ്ങി പോയിരുന്നല്ലോ....?
ദിക്കുകളിടക്കിടെ തെറ്റുമായിരുന്നെങ്കിലും
തപ്പിതടഞ്ഞിങ്ങെത്തിയില്ലേ...?
എന്തത്ഭുതം...!!
വഴിയിലൊന്നുരണ്ടു തവണ
വഴുക്കലില്‍  തെന്നി കാലിടറിയിരുന്നു
വീഴാഞ്ഞതെന്തോ മഹാഭാഗ്യം..!

നരവീണ ശിരസ്സില്‍  നിന്നിപ്പോഴും
മഴവെളളമിറ്റുവീഴുന്നതു കണ്ടില്ലേ...?
തോര്ത്തുമുണ്ടൊന്നത് വേഗമച്ഛന്
തലതോര്ത്താനായെടുത്തു തരുമോ നീ
ജ്വര ബാധയേറ്റപോല്‍
ഉള്ളു  കിടുങ്ങി വിറയ്ക്കുകയാണച്ഛന്
ഒരു വേള ഇന്നൊന്നും കഴിച്ചിരുന്നില്ലന്നതു പോലും
മറന്നു പോയല്ലോ...?

പുലരി വന്നു വിളിക്കുന്നതിന്‍  മുമ്പെ
പുറപ്പെട്ടതാണാ ശരണാലയത്തിന്റെ
പടികളിറങ്ങി
ആരോടുമൊന്നും മിണ്ടാതെ

മകനേ...നീ കതക് തുറക്കാത്തതെന്തേ..?
ഇത്തിരി മുമ്പെകൂടി നീ കൊച്ചു മകനുമൊന്നിച്ച്
മുറ്റത്ത് മഴതീര്ത്തമുറിവുകളില്‍
തെല്ലു ദു:ഖം കലര്ന്നറപ്പോടെ
നോക്കി നില്പുണ്ടായിരുന്നല്ലോ..?
 ഇഷ്ടിക പാകി നിരത്തി
വൃത്തിയാക്കാത്തതിനെനെക്കുറിച്ച്
നിന്റെ ഭാര്യ പരിഭവം പറഞ്ഞിരിക്കാമല്ലോ...?
പുത്തന്‍  ചെരുപ്പുകള്‍  പൂമുഖത്തുതന്നെ
ചിതറികിടപ്പുണ്ടല്ലോ...
പെട്ടന്നു നീയിതെങ്ങോട്ടു പോയി..?

പണ്ടച്ഛന്‍  രാത്രി വരുന്നതും കാത്ത്
നീയെത്ര നേരം വേണമെങ്കിലും
ഉറക്കത്തെ കണ്ണുരുട്ടി
പേടിപ്പിച്ചിരിക്കുമായിരുന്നല്ലോ....
നിഴല്‍  വെട്ടം കാണുന്ന മാത്രയില്‍
ഓടിവന്നച്ഛനെ വട്ടം പിടിച്ച്
കൈയിലെ പൊതി തട്ടിപ്പറിച്ച്
തേനൂറും മധുരമിഠായികള്‍ 
നൊട്ടി നുണയുമായിരുന്നല്ലോ....
അച്ഛന്റെ നെഞ്ചിന്നുഷ്ണത്തില്‍
തലചായ്ചുവെച്ചുറങ്ങുമായിരുന്ന
ആ മുഖമെത്രപെട്ടന്നാണ് മാറിയത്

 മകനേ വീണ്ടും മഴവരുന്നുണ്ടലറി വിളിച്ച്
വെളിച്ചങ്ങളൊക്കെ കെട്ടു പോകാനിടയുണ്ടല്ലോ
ഇരുളിന്‍  കരള്‍ പിളര്ത്തികൊണ്ടിടി
മിന്നലുകള്‍  മാത്രം വരും....
അടഞ്ഞവാതിലുകള്ക്കിടയിലും
അടക്കം പറച്ചിലുകളച്ഛന് കേള്ക്കാമല്ലോ..!

മകനേ കതകു തുറക്കുക......
ഒരു നിമിഷം നിന്മുഖമച്ഛനൊന്ന് കാണട്ടെ
ഒത്തിരി ദിവസങ്ങളായി പുലര്‍ സ്വപനങ്ങളില്‍
നിനക്കെന്തോ പറ്റിയതായികണ്ട്
അച്ഛന്‍  ഞെട്ടിയുണരുകയാണല്ലോ..
മകനേ മാറാലവീണേറെ പഴകിയതാണീ
വൃദ്ധപിതാവിന്‍ ഹൃദയമെങ്കിലും
മാപ്പു തരൂ...മകനേ...മകനേ....

2013, ഫെബ്രുവരി 7, വ്യാഴാഴ്‌ച

വേണ്ടാ...സാക്ഷിപറയേണ്ടാ നിങ്ങള്‍..........

 ( ഈ പോസ്റ്റ് എന്റെ തൊട്ടു മുമ്പെയുളള " സാക്ഷി പറയുമോ..... നിങ്ങള്‍ " എന്ന പോസ്റ്റിന് അനുബന്ധമായി രചിച്ചിട്ടുളളതാണ്. അത് വായിച്ചതിനു ശേഷം മാത്രം ഈ പോസ്റ്റു വായിക്കുക എന്ന് ബ്ലോഗറുടെ വിനീതമായ അഭ്യര്ത്ഥന.....)

വേണ്ടാ...സാക്ഷിപറയേണ്ടാ നിങ്ങള്‍ .........
വേദന വെറും പച്ചനുറുക്കി
കണ്ണീരിന്റെ ഉപ്പും കൂട്ടി
ഞാനൊറ്റയ്ക്കു തിന്നോളാം
കുറ്റം ഞാന്‍ തത്ത പറയും പോലെ
തത്തി തത്തി ഏറ്റു പറഞ്ഞല്ലോ...
കൂമ്പായ കൂമ്പൊക്കെ വാടിയുടഞ്ഞല്ലോ
കുണ്ഠിതമൊട്ടുവേ വേണ്ട കൂട്ടുകാരാ
കൂട്ടു വെടിവെട്ടങ്ങളില്‍  നീട്ടിപ്പരത്തി
പറഞ്ഞു രസിക്കാനൊരു കഥയുമായല്ലോ

കുറ്റപത്രവും ചാര്ത്തി തന്നല്ലോ......
പാട്ടുകാരന്റെ നാട്യത്തില്‍  നടക്കുന്ന
ഞനൊരു പെരും കാട്ടുകളളനത്രെ..
കാട്ടില്‍  കളളവാറ്റത്രെ പണി
കൂട്ടിനുകഞ്ചാവു തോട്ടവുമുണ്ടത്രെ
തെളിവിനു തെളിവായി
തട്ടിന്‍  പുറത്തുനിന്നും കരിഞ്ഞു കലങ്ങിയ
ഓട്ടക്കലങ്ങള്‍ കണ്ടെടുത്തവരതില്‍ 
വാറ്റു മണത്തല്ലോ.....

 വീട്ടു പുരയിട്ത്തില്‍ നിന്നു
കാട്ടു മൃഗത്തിന്റേതെന്നപേരില്‍
ചീര്ത്തു കെട്ടിയ അസ്ഥികള്‍
കണ്ടെടുത്തല്ലോ....
പട്ടികടിച്ചുകൊണ്ടിട്ട വെട്ടുപോത്തിന്റേ
താണതെന്നത്ര പറഞ്ഞിട്ടും രക്ഷയില്ലല്ലോ...
എണ്ണകനച്ചുകുറുകി ദൂരെയെറിഞ്ഞൊരു
പാത്രം കാട്ടി തോക്കിന്  കുഴലില്‍
പുരട്ടുന്നൊരു  ഗ്രീസിന്റെ പേരു പറഞ്ഞല്ലോ....

വേണ്ടാ...സാക്ഷിപറയേണ്ടാ നിങ്ങള്‍ .........
 വേദനയോടെ ഞാന്‍  പോയിവരട്ടെ

പാട്ടുപാടാനിനികഴിയുമോ
കാട്ടുകുയിലിന്റെ പാട്ടൊന്നുകൂടി
കേള്ക്കുവാന്‍  കഴിയുമോ..?

കൂട്ടത്തിലൊരുത്തനെ വേട്ടയാടി
കൊണ്ടുപോകുന്ന കാട്ടുനീതി
നീയും നോക്കി നില്ക്കുകയാണോ..കൂട്ടുകാരാ.....?
 
ഇല്ല പറയുവാനിനിയൊന്നുമില്ലെനിക്ക്
ബധിരകര്ണ്ണങ്ങള്‍ ചുറ്റിലും
ചെവിയോര്ത്തു നില്ക്കുമ്പോള്‍ ......!

2013, ഫെബ്രുവരി 5, ചൊവ്വാഴ്ച

സാക്ഷി പറയുമോ നിങ്ങള്‍ ...........?

വേട്ട നടന്ന ദിവസം........
കാട്ടില്‍  നീ പോയിരുന്നില്ലേ ...?
കൂട്ടത്തിലാരൊക്കെയുണ്ടായിരുന്നെന്ന്
മാത്രം പറയുക നീ
നാട്ടു കവലയിലൊന്നും നിന്നെയന്ന്
കണ്ടവരാരുമില്ലല്ലോ.......?.
മൂടിപ്പുതച്ച് പനിച്ചു കിടന്നങ്ങുറങ്ങാന്‍
നീ വീട്ടിലുമുണ്ടായിരുന്നില്ലല്ലോ......?
കാട്ടു തേനീച്ച കുത്തി ചീര്ത്തതു
പോലുണ്ടല്ലോ നിന്‍  മുഖം
രാത്രി കടുത്തപ്പം
ടോര്ച്ചു മിന്നിച്ചു നീ കാട്ടുചുരമിറങ്ങി
വരുന്നത് കണ്ടവരുണ്ടല്ലോ....
ഈര്ച്ചവാളിന്റെ മൂര്ച്ച കൂട്ടുന്നൊരച്ച
രാത്രിയില്‍ കേട്ടവരുണ്ടല്ലോ.....
ചോറ്റു പാത്രം തുറന്നപ്പോള്‍
വെന്തകാട്ടുമാംസത്തിന്റെ
ചൂരടിച്ചല്ലോ.......
വാറ്റുമേടിച്ചടിച്ചിട്ട് നീ ദിവസവും
കാറ്റാടിപോലുലഞ്ഞ് വരുന്നത്
നാട്ടില്‍  മുഴുവന്‍  പാട്ടാണല്ലോ

വേട്ട നടന്ന ദിവസം...........
കാട്ടില്‍ നീ പോയിരുന്നില്ലേ ...?

ചാട്ടവാറുപോലെ പുളഞ്ഞുയരുന്ന
ചോദ്യങ്ങള്‍  നിങ്ങളും കേട്ടില്ലേ....?
തത്തപറയും  പോല്‍  ഒറ്റവാക്കിലുത്തരം
ഞാനേറ്റു ചൊല്ലണം പോല്‍

കാട്ടില്‍  ഞാനന്ന് പോയിരുന്നു
വേട്ടയാടുവാനല്ല..........
കാട്ടുചോലയില്‍  മുങ്ങിക്കുളിച്ച്
കാട്ടുപൂങ്കുയുലിന്റെ പാട്ടു കേട്ടു പഠിക്കാന്‍ 
പോയതാണേ.........സത്യം
തോക്കിന്‍ കുഴലുകള്‍ തീ തുപ്പുന്നൊരച്ച
ഞാനും കേട്ടതാണേ
പ്രാണഭയത്താല്‍  ഞാനും കാടിറങ്ങി
ഓടിയതാണല്ലോ ......
കൂട്ടുകാരനായി നിങ്ങളെന്നെ കൂട്ടിയിട്ടില്ലങ്കിലും
കൂട്ടത്തിലുള്ളൊരു  പാവം പാട്ടുകാരനല്ലേ ഞാനും
സാക്ഷി പറയുമോ നിങ്ങള്‍  എനിക്കായ്......

2013, ഫെബ്രുവരി 2, ശനിയാഴ്‌ച

രമണാ നിന്‍ മുരളികയെവിടെ .....?

രമണന്‍ .....മലയാളത്തിലെ അനശ്വര പ്രണയ കാവ്യത്തിനു മുമ്പില്‍ ഒരു കവ്യോപാസകന്റെ ആത്മസമര്‍പ്പണം 
രമണാ ............രമണാ................
ഹൃദയത്തിന്‍  തന്ത്രികള്‍  പൊട്ടി നീ
മരണത്തിന്‍  താഴ്‌വരയില്‍
എവിടേക്കാണാ പ്രണയത്തിന്‍ മുരളിക
എറിഞ്ഞു കളഞ്ഞത്...?

 കാമിനിയുമായി കളിപറഞ്ഞിരുന്ന
കാട്ടു ചെമ്പകചോട്ടിലാണോ ..?
പാഴ് മുളം  പുല്ലുകള്‍
വളര്‍ന്നവിടം കാണുവാനേ
കഴിയുന്നില്ലല്ലോ......?

കാട്ടരുവികള്‍  കളിപറഞ്ഞു ചിരിക്കും
കരിമ്പാറക്കൂട്ടങ്ങള്‍ക്കിടയിലാണോ..?
കൂര്ത്ത വഴുക്കന്‍  കല്ലില്‍
ചവിട്ടിയാല്‍  കാല്‍വഴുതി
വീഴുമല്ലോ......

കാമിനിതന്‍  കഠിന ഹൃത്തില്‍
തന്നെയാണോ....?
എങ്കിലതന്നേ പൊട്ടി തകര്ന്നു
കാണുമല്ലോ....?

എത്രനേരം വേണമെങ്കിലും
നിന്‍  തപ്ത ഹൃദയം തുടിക്കുമീ
ശപ്ത താഴ്വരയില്‍  ഞാനൊറ്റയ്ക്ക്‌
കാത്തുനില്കാം

ആരും കാണാതൊരിളം കാറ്റായി
ഒഴുകിവന്നെന്‍  കാതില്‍
ആ മുരളിക എവിടേക്കാണെറിഞ്ഞതെന്ന്
ഒന്നു പറഞ്ഞുതരാമോ....?

പുലര്കാല സ്വപ്നത്തിലിന്നലെ
ഏതോ ഇരുളിന്‍ അഗാധമാം
ഗര്ത്തത്തീല്‍   നിന്നും
പൊട്ടിത്തകര്ന്നൊരാ പൊന്മുരളിക
ഞാന്‍  കണ്ടെടുത്തുവല്ലോ.. !
രക്തം കിനിയുന്നൊരാ ചീളുകള്‍
ചേര്ത്തുഞാന്‍  ചുണ്ടോടുപ്പിച്ചപ്പോള്‍
സപ്തസ്വര കന്യകള്‍ ലാസ്യ നൃത്തമാടി
വന്നുവല്ലോ....!!.
വെറും സ്വപ്നാടനമെങ്കിലും നിന്‍
മുരളികയൂതുവാന്‍  കഴിഞ്ഞ
ഞാനെത്ര ധന്യന്‍ ........!