ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2012, നവംബർ 28, ബുധനാഴ്‌ച

കഴുവേറി........


 തൂക്കുമരങ്ങള്‍  പൂത്തൊരു കാലം...
കാറ്റുപറഞ്ഞു നടന്നൂ
പൂത്തു തളിര്ത്തതും
കായ്ച് പഴുത്തതും
 കൊഴിഞ്ഞതടര്ന്നതും
ഞാനേ...ഞാനതറിഞ്ഞില്ല
കലപില കൂട്ടി കൊത്തിവലിക്കാന്‍
കാക്കകാലുകള്‍  പോലും വന്നില്ല
കൊടിയവിഷത്തിന്‍  കൊത്തരി
കൊത്തി വിഴുങ്ങാനാവില്ല
കൊടിയടയാളങ്ങള്‍  കണ്ടില്ല
മൊട്ടകഴുകന്മാരവര്‍ വട്ടം ചുറ്റിനടപ്പൂ
ചോരക്കണ്ണുകള്‍ , തീപ്പന്തങ്ങള്‍
കഴുമരമേറിയ കഴുവേറി
നിന്‍ കഴിഞ്ഞചരിത്രം കേള്ക്കേണ്ട
പേ പിടിച്ചൊരു ചെന്നായ്ക്ക്
പ്രേതംകേറിയതെങ്ങനെയെന്നാരും
ഓര്ത്തു തപിക്കേണ്ടാ
പട്ടാപ്പകലൊരുനാള്‍  പട്ടിണിമാറ്റാന്‍
വന്നതുപോലും...
പൊട്ടിയ പട്ടം മാതിരി
വന്നു മദിച്ചു പുളഞ്ഞൊരു വീര്യം
തോക്കിന്‍ കുഴലുകള്‍  തുപ്പിയ തീയുണ്ടകളില്‍
തകര്ന്ന ചങ്കിന്‍  കൂടുകള്‍  കാണാം
ഒന്നല്ലൊരുനൂറ്ററുപത്
പൊട്ടിച്ചിതറിയ സ്വപ്നങ്ങള്‍ ....
.......................................
........................................
കഴുമരമേറിയ കഴുവേറി
ഇല്ല ഇല്ല മാപ്പില്ല......
നിന്‍  ചരിത്രത്താളിനുപോലും മാപ്പില്ല






തൂക്കുമരങ്ങള്‍ പൂക്കും മുമ്പ്

 മരണമല്ല .......നിയമവ്യവസ്ഥയുടെ ഉപചാരങ്ങളേറ്റ് മരണം കാത്തുകാത്തുളള ആ മരവിച്ച നില്പ് അതി ഭയാനകം തന്നെ

തൂക്കുമരത്തിനു ചോട്ടില്
മരണക്കുടുക്കിനു മുന്നില്‍  നിര്ത്തി
എനിക്കുളള കുറ്റ പത്രം വായിച്ചു
ഒരിക്കല്‍  കൂടി.......
നീതിപാലകന്റെ സ്വരം
എന്നോടുളള കുമ്പസാരം പോലെ തോന്നി

ഒന്ന്
നീ ഗുഹാന്തര്‍ ഭാഗങ്ങളിലെ ഇരുട്ടുപോലെ
ഒറ്റുതാവളങ്ങളില്‍
ഒരു വേട്ടപ്പട്ടിയെപ്പോലെ എപ്പോഴും മുരണ്ടു കിടന്നു
നിന്നെ സദാ ചോര മണത്തു




രണ്ട്
ലഹരിയുടെ നുരഞ്ഞു പൊന്തലില്‍
സിരകളില്‍  ശൈത്യമുറഞ്ഞുപോയെന്നുറച്ച്
തീകായാനെന്നവണ്ണം
നീ നിന്റെ ഭാര്യയെ
വിറകുകൊളളിപോല്‍  ചുട്ടെരിച്ചു
ഒരിക്കല്‍  പ്രണയ ചുംബനങ്ങള്‍  കൊണ്ടു മൂടിയ
ആ മുഖം..............
പക്ഷെ കബന്ധത്തിന്റെ തലയറുത്ത്
നീ പുഴയിലെറിഞ്ഞു

മൂന്ന്
വസന്തമെത്തുന്നതിനു മുമ്പേ
നിന്റെ തന്നെ ചോരയുടെ പൂക്കള്‍
അടര്ത്തിയെടുത്ത്, കശക്കി ഞെരിച്ച്
അധര്മ്മ ചാരികളുടെ പ്രാര്ത്ഥനാലയങ്ങള്ക്കു
മുമ്പില്‍  കാഴ്ചവെച്ചു

നാല്
നേര്‍പെങ്ങളുടെ നഗ്നത പകര്ത്തി
വേട്ടയാടാനായി വിട്ടു കൊടുത്തു

അഞ്ച്
അടുത്ത ഇര താന്‍  തന്നെയെന്നുറപ്പിച്ച്
നിന്റെ പെറ്റമ്മ ജീവനൊടുക്കി

ആറ്, ഏഴ്, എട്ട്.....................
കുറ്റപത്രത്തിലെ വാക്കുകള്‍  കറുത്തു കുറുകി
അവസാനമില്ലാത്ത ഒരോവു ചാല്‍  പോലെ
ഒഴുകി കൊണ്ടേയിരുന്നു
തൂക്കുമരത്തില്‍  പൂത്തു തളിര്ക്കാന്‍
പഴുത്തടരാന്‍
നീ അര്‍ഹന്‍ തന്നെ .......
നിയമപാലകന്റെ സ്വരം
നേര്ത്തു നേര്ത്തസ്തമിച്ചു
കൊടിയ നിശബ്ദത..........
ഒരു പതിയാക്രമണത്തില്‍
ഒരു വാള്മുനയുടെ മിന്നല്‍  പിണരില്‍
ഒരു തോക്കിന്‍ കുഴലിന്റെ ഗര്ജ്ജനത്തില്‍
പൂക്കുലപോലെയുളള ഒരു പൊട്ടിച്ചിതറലില്‍
ഞാന്‍  അലിഞ്ഞലിഞ്ഞ്
ഇല്ലാതാകുമെന്നാണ് വിചാരിച്ചത്
മരണത്തെ ഞാന്‍  ഭയപ്പെട്ടിരുന്നതേയില്ല
പക്ഷെ നിയമത്തിന്റെ ഉപചാരങ്ങളേറ്റ്
മരണത്തെകാത്തു കാത്തുളള ഈ മരവിച്ച നില്പ്
അസഹ്യം തന്നെയത്.......
കഴുമരക്കാരന്‍  എന്റെ പ്രാണന്റെ
പച്ചിലകളിലേക്കു
ഒരു കഴുതനോട്ടം നോക്കി
 ഞാനൊന്നു പിടഞ്ഞു....
പ്രാണന്റെ പിടച്ചില് ഞാനാദ്യമായറിഞ്ഞു
കണ്ണടച്ചൊന്നു പ്രാര്ത്ഥിക്കുക
ഇരുള്‍  വന്ന് മൂടാന്‍ പോകുകയാണ്
കുറെ രാത്രികളായ് ഞാനൊന്നുറങ്ങിയിട്ട്

ഇരുട്ടില്‍  നിന്നൊരായിരം കൈകള്‍
എനിക്കുനേരെ തുറിച്ചുയരുന്നു
പ്രകാശ വൃക്ഷങ്ങള്‍ കറുത്തകാറ്റില്‍
നിലം പതിക്കുന്നതിന്റെ  ഒച്ച....
വരണമാല്യം പോലെ എന്നെ കാത്തിരിക്കുന്ന
ഈ വൃത്തവലയത്തിലൂടെയാണങ്കിലും
ആകാശത്തിന്റെ ഒരു കീറുകാണാന്‍
എനിക്ക് കൊതിയാവുന്നു
മഴനനഞ്ഞെനിക്കൊന്ന് പനിച്ചു കിടക്കണം
പക്ഷെ.............

ആരോ വന്നന്നെ   ഇരുള്‍  മൂടി ധരിപ്പിച്ചു
ഞാനോ ഇരുകൈകളും ബന്ധിച്ചുരുടല്‍
ഇരുണ്ട ഗുഹാമുഖത്ത് കുടുങ്ങി....അങ്ങനെ.
 ഇരുളില്‍  നിന്ന് ഒരുപതിയാക്രമണത്തിനായ്
ആ കഴുമരക്കാരന്‍  കഴുവേറി എവിടെയോ
പോയൊളിച്ചിരിക്കുന്നു.
ഒരു ഘടികാരസൂചിയുടെ ഹൃദയസ്പന്ദനം മാത്രം
ഇരുളിലും എനിക്കു കേള്ക്കാം
ടിക്...ടിക്.....ടിക്...ടിക്.....ടിക്...ടിക്




2012, നവംബർ 21, ബുധനാഴ്‌ച

ഉത്സവമേളം





ഓണാട്ടുകരയിലെ ക്ഷേത്രോത്സവങ്ങളുടെ പ്രധാന ഭാഗമാണ് കെട്ടുകാഴ്ചകള്. ഓച്ചിറ പരബ്രപ്മ ക്ഷേത്ര സന്നിധിയില് ഇരുപത്തിയെട്ടാം ഓണത്തിന് നടക്കുന്ന വമ്പിച്ച കെട്ടുത്സവത്തോടെ അതിന് തുടക്കം കുറിക്കുന്നു. പിന്നീടങ്ങോട്ട്  മേടമാസം അവസാനം വരെ ഓരോ പ്രദേശത്തിന്റെയും ഉത്സവങ്ങളാണ്. ചെറുതും വലുതുമായ ഉത്സവങ്ങള്.  കെട്ടുകാളകളുടേയും, കുതിരകളുടേയും, പല ഭാവത്തിലും വലിപ്പത്തിലുമുള്ള എടുപ്പുകള്    നാട് ചുറ്റിച്ച് ദൈവങ്ങളുടെ മുന്നില് അണിനിരത്തുന്നു. ഒരു വശത്ത് ആര്ഭാടവും, ദൂര്ത്തും. മറുവശത്ത് ഒരു പ്രദേശത്തിന്റെ സംസ്കൃതിയുടേയും, കൂട്ടായ്മയുടേയും,അടങ്ങാത്ത ഊര്ജ്ജ പ്രഭാവത്തിന്റേയും ദൃശ്യവിരുന്ന്.കുട്ടികളാണ് ഇത്തരം ഉത്സവങ്ങളുടെ ഏറ്റവും വലിയ ആസ്വാദകര്. കൊച്ചു കുട്ടികള്ക്കും, ഇപ്പോഴും കുട്ടിത്തം മസസ്സില് സൂക്ഷിക്കുന്നവര്ക്കുമായി ഇതാ ഒരു കുട്ടിക്കവിത


കൊച്ചുമാമൂട്ടിലമ്പലത്തിലിന്നുത്സവം
കൊച്ചു കാളകള്‍  നാലെണ്ണം
കാച്ചി തിന്നൂല .....കാടികുടിക്കൂല
പട്ടു ചുറ്റിയൊരുക്കുന്നു കുട്ട്യോള്
പൊട്ടുകുത്തി മിനുക്കുന്നു
കൊച്ചീന്നെത്തിയ ഫ്ലോട്ടുകള്‍  മൂന്ന്
ഉച്ചക്കിത്തിരി  പുത്തരിച്ചോറും
പരിപ്പും പപ്പടോം.....
അവിയല്, തോരന്‍ , തീയല്‍ കറിയും
പച്ചടി, കിച്ചടി, അച്ചാറും
എരിശ്ശേരി, പുളിശ്ശാരി, സാമ്പാറും
കോഴിക്കാലും, കരിമീന്‍  വറുത്തതും
വെള്ളട പ്രഥമനും, പൂവന്‍  പഴവും
ആഹാ...എന്തൊരു മേളം
ഉച്ച കഴിയുമ്പോള്‍ ........
ചെണ്ടമേളം, ചേങ്ങില മേളം
കൊട്ടും, കുഴല്‍  വിളി താള മേളം
ഊത്താം പെട്ടി ഉടുക്ക് പെട്ടി
കിങ്ങിണിപ്പെട്ടി, കിലുക്കാം പെട്ടി
ഐസ്ക്രീം പെട്ടി.....കിണി..കിണിപ്പെട്ടി
ആനപ്പുറത്തേറി ആറാട്ട്
അംഗനമാരുടെ താലപ്പൊലിയും
അതുകഴിഞ്ഞയ്യയ്യാ വെടിക്കെട്ടും
ആര്പ്പുവിളി, കരഘോഷം
എല്ലാം കഴിഞ്ഞപ്പോള്‍
അച്ഛന്റെ കൈയിലെ കാശും പൊട്ടി
അമ്മേടെ കയ്യീന്ന് തല്ലും കിട്ടി
( അമ്പലം കമ്മിറ്റിക്കാര്‍ക്കടിയും കിട്ടി......!! )

2012, നവംബർ 15, വ്യാഴാഴ്‌ച

രണ്ടാം വരവ്


സുയോധനന്‍ .....അസൂയയുടേയും,അഹംഭാവത്തിന്റേയും, വിദ്വേഷത്തിന്റേയും, പകയുടേയും,ആത്മ നിന്ദയുടേയും, അനുസരണക്കേടിന്റേയും...........അങ്ങനെ സകല നിഷേധഭാവങ്ങളുടേയും പ്രതിരൂപമായ മഹാഭാരത കഥയിലെ പ്രതിനായകന്‍ .എങ്കിലും എല്ലാ തിന്മകള്ക്കു പിന്നിലും ഒരു നീതി ശാസ്ത്രമുണ്ടായിരുന്നില്ലേ....15 വര്ഷങ്ങള്ക്ക് മുമ്പ് കുങ്കുമത്തില്‍  പ്രസിദ്ധികരിച്ച കഥ

സുയോധനന്‍ മഞ്ഞുരഞ്ഞ പാതയില്‍  ഒരു പേക്കിനാവായിഹസ്തിനപുരിയിലേക്കുളള രാജപാതയിലൂടെ ഭ്രാന്തമായ വേഗതയില്‍ അലഞ്ഞു നീങ്ങി. കുരുക്ഷേത്ര യുദ്ധം കഴിഞ്ഞുളള നാലാമത്തെ  രാവും ആദ്യത്തെ അമാവാസിയുമായിരുന്നു അന്ന്. യുദ്ധത്തിന്റെ   അവസാനം ഭീമസേനന്‍ തന്റെ തുടകളും, വൃഷണങ്ങളും തല്ലിത്തകര്ത്ത് സ്യമന്തപഞ്ചകം തടാകക്കരയിലെ വെളള മേഘങ്ങള്‍  പോലെ പരന്നു കിടന്നിരുന്ന മണല്‍പ്പരപ്പിലേക്കു മലര്ത്തുമ്പോഴും അയാള് ഒടുങ്ങാത്ത വിദ്വേഷത്തിന്‍റെയും, പകയുടെയും കനലില്‍ എരിയുകയായിരുന്നു . കുരുക്ഷേത്ര ഭൂമിയില്‍ രക്തവും, ചലവുമൊലിപ്പിച്ച് ,ഉറുമ്പരിച്ച് നാഴികകളോളം തിരിഞ്ഞു നോക്കാന്‍ ആരുമില്ലാതെ ആ ജഢം അവിടെത്തന്നെ കിടന്നു.യുദ്ധത്തില്‍ ജയിച്ച പാണ്ഡവര്‍  തന്‍റെ ജഢം വിവസ്ത്രമാക്കി, തൂക്കുമരത്തിലൂഞ്ഞാലാട്ടി ഹസ്തിനപുരിയുടെ കവാടത്തിന് മുമ്പില്‍ പ്രദര്ശിപ്പിക്കുമെന്നാണ് അയാള്‍  വിചാരിച്ചത്. പക്ഷെ എന്തുകൊണ്ടോ...... അതുണ്ടായില്ല. കൃഷ്ണന്‍ അതിനു സമ്മതിച്ചു കാണില്ല.
കൃഷ്ണാ വലിയ നീതിമാനും, ധര്മ്മിഷ്ഠനുമെന്ന് ലോകം കൊട്ടിഘോഷിക്കുന്ന നീ കുരുവംശത്തോട് ചെയ്ത  ഒരേയൊരു നീതി അതു മാത്രമായിരിക്കണം.അതിന്റെ പേരില്...അതിന്റെ പേരില് മാത്രം.... കൌരവരുടെ വരും തലമുറകള് എന്നെന്നും നിന്നോട് കടപ്പെട്ടിരിക്കും.....തന്റെ ജഡം കിടന്നിടത്ത് അയാള്‍  ഇപ്പോള്‍  ഉയിര്ത്തെഴുനേല്ക്കുമ്പോള്‍ത്തന്നെ    കുറുനരികള് അയാളുടെ ജനന സമയത്തെന്നതു പോലെ ദിഗന്തങ്ങള്‍  പൊട്ടുമാറുച്ചത്തില് ഓരിയിടുകയും, കൂറ്റന്‍  ശവം തീനി കഴുകന്മാര്‍  ചിറകടിച്ച്  ശബ്ദമുണ്ടാക്കുകയും ചെയ്തു.
ഈ രണ്ടാം വരവിന്റെ ലക്ഷ്യവും പഴയതു തന്നെ. പ്രതികാരം ചെയ്യണം.ഹസ്തിനപുരിയിലെത്തി ദ്രൌപതിയുടെ ഊഴക്കാരനില്‍ പ്രവേശിക്കണം.പിന്നെ അയാളവളെ പ്രാപിക്കുന്ന വേളയില്‍ ഒരു ബീജരേണുവായി ദ്രൌപതിയുടെ ഗര്ഭപാത്രത്തില്‍ തൂങ്ങണം. അതിലുണ്ടാകുന്ന മുടിയനായ സന്തതി പാണ്ഡവകുലത്തിന്റെ സരവ്വ നാശത്തിനും വഴി തെളിക്കണം.പാഞ്ചാലിയും , അവളുടെ ഭര്ത്താക്കന്മാരും അതു കണ്ടു നീറിപ്പിടയണം. സുയോധനന്‍ വീണ്ടുമൊരങ്കത്തിന്‍റെ ബാല്യത്തിലാണ്......അതിനയാള്‍  അടുത്ത പൌര്ണ്ണമിക്ക് തലേരാവു വരെ ഹസ്തിനപുരിയില്‍ തന്നെ കാത്തു കിടക്കും
 രാജപാതയിലൂടെ നടന്ന് നീങ്ങുമ്പോള് സുയോധനന്‍ ഒരു മനുഷ്യന്റെ നിഴലനക്കം കൂടി കേട്ടില്ല.പാതയോരത്തെ വൃക്ഷത്തലപ്പുകളില്‍ നിന്നും മഞ്ഞു പൊഴിയുന്ന ശബ്ദം കേള്ക്കാം.ഒരിക്കലും പൊറുക്കാന്‍ വയ്യാത്ത രീതിയില്‍ ചീവീടുകള്‍  കരയുന്നുണ്ടായിരുന്നു.പേ പിടിച്ച മനസ്സുമായുളള ഈ യാത്രയില്‍ ആദ്യമായും അവസാനമായും കണ്ടു മുട്ടിയ മനുഷ്യ ജീവി കുരുക്ഷേത്ര ഭൂമിയില്‍ വെച്ചു കണ്ടു മുട്ടിയ ആ കുതിരക്കാരന്‍ കിഴവന്‍ സ്വാലന്‍ ( അതിരഥന്‍ ) മാത്രമായിരുന്നു.അയാളാകട്ടെ ഒരു മുഷിഞ്ഞ ഭാണ്ഡക്കെട്ടു കിടക്കുന്നതുപോലെ കര്ണ്ണന്റെ തേരു താഴ്ന്നിടത്തിരുന്ന് പൊട്ടിക്കരയുകയായിരുന്നു.കര്ണ്ണന്റെ നെഞ്ചില്‍ നിന്നുതിര്ന്ന രക്തം അല്പം മാറി അപ്പോഴും ഹസ്തിനപുരിയിലെ ഏതോ ഛായാ ചിത്രം പോലെ കട്ട പിടിച്ചു കിടപ്പുണ്ടായിരുന്നു.അതു കണ്ടപ്പോള്‍  തന്റെ ഹൃദയം അസഹ്യമായ വേദനയാല്‍  പൊട്ടിത്തകര്ന്ന്  പോകുന്നതു പോലെ ദുര്യോധനന് തോന്നി.കണ്ണുകള്‍ അയാള്‍  അറിയാതെ ഈറനായി. അടുത്ത ക്ഷണത്തില്‍ അതൊരു ലാവാ പ്രവാഹമായി ഇരമ്പി.
'പ്രിയ കര്ണ്ണാ എല്ലാവരാലും വെറുക്കപ്പട്ട ഈ ദുര്യോധനനെ സ്നേഹിക്കുവാനും, ദുര്യോധനന് സ്നേഹിക്കുവാനും നീയല്ലാതെ മറ്റാരാണുളളത്. ഒരു പൊട്ടക്കണ്ണന്‍ പിതാവിന്റെ മകനായി ജനിച്ചു പോയതിനാല്‍ ലോകം മുഴുവന്‍ പരിഹസിക്കുമ്പോഴും വിഡ്ഢിയാക്കി പരിഹസിക്കുമ്പോഴും കര്ണ്ണാ നീമാത്രമെന്തിന് നിന്റെ ആത്മാവും ശരീരവും സ്വമനസ്സാലെ എനിക്കു നല്കി.കര്ണ്ണനെക്കുറിച്ചോര്ക്കും തോറും തന്റെ ഹൃദയം ഒരു ക്ഷത്രിയന് ചേരാത്ത വിധത്തില്‍ കൂടുതല്‍ കൂടുതല്‍ ദുര്ബലമാകുന്നതു പോലെ ദുര്യോധനന് തോന്നി.
പൊടുന്നനെ രാജപാതയുടെ അറ്റത്തായി കുതിരകളുടെ മൃദുവായ കുളമ്പടി ശബ്ദവും, ഛിന്നം വിളിയും കേട്ടു തുടങ്ങി.ദുര്യോധനന്‍ ഒരു നോക്കുകുത്തിയെപ്പോലെ മിഴിച്ചു നില്ക്കെ ചെറിയ മണ്കുടങ്ങള് നിറച്ച നൂറ്റിയൊന്നു കുതിര വണ്ടികള്‍  വളരെ സാവധാനം അയാളക്കു മുന്നിലുടെ കടന്നു പോയി. നാളയാ ചെറിയ മണ്കുടങ്ങളില്‍ യുദ്ധത്തില്‍ മരിച്ചുപോയ ഭടന്മാരുടെ ചിതാഭസ്മം ശേഖരിക്കപ്പെടും.
ധര്മ്മപുത്രരെന്ന് കൊട്ടി ഘോഷിക്കപ്പെടുന്ന യുധിഷ്ഠിരന്‍ നാളെ അതിലൊരെണ്ണം എടുത്ത് കൊട്ടി നോക്കിയിട്ട് ഇങ്ങനെ പറയും 'ഛെ ..ഛെ മഹാമോശം. ഇതെല്ലാം പവിത്രമായ ഗംഗയിലത്തന്നെ ഒഴുക്കി മലിനമാക്കണമോ ?'...സര്‍വ്വാധരണീയരായിരുന്ന ഭീക്ഷ്മപിതാമഹനേയും, ഗുരു ദ്രോണരേയും  വരെ ചതിച്ചു കൊല്ലാന്‍ അയാള്‍  കൂട്ടു നിന്നു.ചതിക്കും വഞ്ചനയ്ക്കും താരാട്ടാ പാടിയ ഒരു ധര്മ്മിഷ്ഠന്‍. ചിലപ്പോള്‍ ഉറ്റവരും, ഉടയവരും എല്ലാം, എല്ലാം നഷ്ടപ്പെട്ട് കടുത്ത ദുഖ ഭാരത്താല്‍ ഗൃഹസ്ഥാശ്രമം വെടിയാനൊരുങ്ങുന്ന പഴയ ആ പൊട്ടക്കണ്ണന്‍ രാജാവിനും, ഭാര്യക്കും ധരിക്കാനായി വിലകൂടിയ രുദ്രാക്ഷവും, മരവുരിയും വരുത്തിയെന്നിരിക്കും. അയാളുടെ ഒരു രാജനീതി. ദുര്യോധനന്‍ സരവ്വ ശക്തിയുമെടുത്ത് നിലത്ത് ആഞ്ഞു ചവിട്ടാന്‍ നോക്കിയെങ്കിലും കഴിഞ്ഞില്ല. കൂടുതല്‍ ചിന്തിക്കും തോറും കോപം ഒരു കറുത്ത നദിയായി മസ്തിഷ്കത്തിലേക്ക് ഇരച്ചു കയറുകയാണ് ... കോപാഗ്നിയില്‍  അവശേഷിക്കുന്ന ആത്മാമാവുകൂടി എരിഞ്ഞടങ്ങുന്നതു പോലെ ......
അടുത്ത നിമിഷത്തില്‍ നാലുദിക്കുകളും മുഴങ്ങുമാറുച്ചത്തില്‍ ദുര്യോധനന് കുതിരക്കാരോടായി അലറി വിളിച്ചു പറഞ്ഞു
'അതില്‍ പതിനാറായിരത്തി ഒന്‍പത് കുടങ്ങള്‍  ആരാന്റെ സന്തതികള്‍ക്ക് അവകാശം ചോദിച്ചെത്തിയ ദ്വാരകയിലെ ആ കളള കൃഷ്ണന് കൊണ്ടുപോയി കൊടുക്കിന്‍...അവന്‍ അവന്റെ പതിനാറായിരത്തിയെട്ട് ഭാര്യമാരെ അതിലിട്ട് പുഴുങ്ങട്ടെ. അവശേഷിക്കുന്ന ഒരു കുടം പാലൂട്ടി താരാട്ടു പാടിയുറക്കിയ യശോധരയമ്മയുടെ നെഞ്ചത്തടിച്ചു പൊട്ടിക്കട്ടെ........
പക്ഷെ ചെറിയ പന്തങ്ങള്‍  തെളിച്ചിരുന്നിട്ടും അവരിലാരും തങ്ങളടെ പഴയ മഹാരാജാവിനെ കാണുകയോ അദ്ദേഹത്തിന്‍റെ ആജ്ഞാധ്വനി കേള്ക്കുകയോ ചെയ്തില്ല. എന്നാല്‍ കുതിരകള്‍  പൊടുന്നനെ വിരളുകയും ഹസ്തിനപുരിയിലേക്കുളള ചുവടുകളുടെ വേഗത കൂട്ടുകയും ചെയ്തു.അവസാനത്തെ കുതിരയുടെ മുരടനക്കവും ദൂരെ  ഒരു ബിന്ദു മാത്രമായി അലിഞ്ഞില്ലാതാകുമ്പോള്‍  രാജവീഥി വീണ്ടും അസ്വസ്ഥത ചൂഴുന്ന നിശബ്ദതയിലേക്കും  കടുത്ത അന്ധകാരത്തിലേക്കും വഴുതി വീണു.എങ്കിലും ദുര്യോധന മഹാരാജാവ് പണ്ട് കൌരവരോട് ഒടുങ്ങാത്ത കൂറുണ്ടായിരുന്ന വീര ശൂര പരാക്രമികളായ ഭടന്‍മാര്ക്ക് പാരിതോഷികമായി നല്കിയ പാതക്കിരു വശങ്ങളിലുമുളള മണിരമ്യ ഹര്മ്മ്യങ്ങളില്‍ അപ്പോഴും ചെറിയ മണ്‍വിളക്കുകള്‍ എരിയുന്നുണ്ടായിരുന്നു. ആ ഭടന്മാരില്‍ ഒട്ടു മിക്കപേരും യുദ്ധത്തില്‍ കൊല്ലപ്പെടുകയോ, അംഗവിഹീനരാക്കപ്പെടുകയോ ചെയ്തിരുന്നു.അവരുടെ യൌവനമൊടുങ്ങാത്ത ഭാര്യമാര്‍  ഒരു നിഴല്‍ പോലും കാണാനൊക്കാത്ത രാത്രിയായിരുന്നിട്ടും ദിനങ്ങള്‍ക്കു ശേഷം രാത്രി സമയത്ത് തങ്ങളുടെ മുന്നിലൂടെ കടന്നു പോകുന്ന പരിക്ഷീണിതനെങ്കിലും ആരോഗ്യ ദൃഡഗാത്രമായ ആ പുരുഷ ചൈതന്യത്തെ തിരിച്ചറിഞ്ഞു. ചിലര്‍  ചെറിയ മണ്‍വിളക്കുകള്‍  തങ്ങളുടെ മുഖത്തിനു നേരെ ഉയര്ത്തിപ്പിടിച്ച് അയാളെ നോക്കി ഗൂഡമായി മന്ദഹസിച്ചു.അവരില്‍ പലരോടും ദുര്യോധനന് ഭോഗതൃഷ്ണയുണ്ടായതാണ്.പക്ഷെ അയാളുടെ അടിവയറിലെ അവസാനത്തെ കുഞ്ഞു ഞരമ്പുകള്‍ പോലും ഒന്നു ചലിക്കുവാന്‍  കഴിയാത്തവണ്ണം ഭീമന്‍റെ ഗദാപ്രഹരത്തില്‍  തകര്ക്കപ്പെട്ടു കഴിഞ്ഞിരുന്നു.ഒരിക്കല്‍ സ്വന്തം പ്രജകളായിരുന്ന സ്ത്രീജനങ്ങളുടെ മുന്നില്‍  താനൊരു പുഴുവിനോളം ചെറുതാക്കപ്പെട്ടിരിക്കുന്നതായി ദുര്യോധനന് തോന്നി.ഷണ്ഢതയുടെ നീറ്റലുമായി അയാള്‍  അസ്ത്രങ്ങളേറ്റ ഒരു വേട്ടനായയെപോലെ കിതച്ചു.
ഹൃദയത്തിനുളളിലെ അവസാനത്തെ പച്ചപ്പും കത്തിയെരിയുകയാണ്.
ഭീമന്‍ .....ഓര്മ്മ വെച്ച നാള്‍  മുതല്‍ നൂറ്റവരുടെ  പേടി സ്വപ്നം.....കിട്ടാവുന്ന അവസരങ്ങളിലെല്ലാം അയാള്‍  കൌരവരെ ദ്രോഹിച്ചു.കൂടുതല്‍ കണക്കു തീര്ക്കാനുളളത് അയാളോടാണ്.ആ മനുഷ്യാധമന്റെ ശരീരത്തിലേക്ക് ഒരു മാറാ രോഗമായി പടര്ന്ന് കയറണം.എല്ലാവരാലും അവഗണിക്കപ്പെട്ട് ശരീരത്തിന്റെ ഓരോ അണുവിലും വേദനയുടെ നീറ്റലുമായയാള്‍  എരിഞ്ഞൊടുങ്ങണം.... ദ്രൌപതി പോലും അയാളെ തളളിപ്പറയണം.അപ്പോഴും ദുര്യോധനന്റെ  മനസ്സിലെ കനല്‍  അണയണമെന്നില്ല
രാജകവാടത്തിലെത്തിയിരിക്കുന്നു.അയാള്‍  ചുറ്റും കണ്ണു മിഴിച്ചു നോക്കി.കല്പടവുകളും ചാരിയിരുന്ന് രണ്ട് ഭടന്മാര്‍  ഉറക്കം തൂങ്ങുന്നുണ്ട്. അവരുടെ നിശ്വാസ ശബ്ദം ഒരു വിറയലോടെ അന്തരീക്ഷത്തില്‍  ചിതറി വീഴുന്നു. യുദ്ധാനന്തരം അവശേഷിക്കപ്പെട്ട പാണ്ഡവ പക്ഷക്കാരെല്ലാം ചേര്ന്ന് തിന്നും കുടിച്ചും രാജവീഥി തോറും കൂത്താടുമെന്നാണ് കരുതിയത്.പക്ഷെ ഇപ്പോഴെങ്ങും ശ്മശാന മൂകത മാത്രം.കൂറ്റന്‍ നരിച്ചീറുകള്‍  ചുറ്റിലും വട്ടമിട്ട് പറക്കുന്നു.ദൂരെ എവിടെ നിന്നോ ഒരു കൂമന്‍ വല്ലാത്ത ശബ്ദദത്തില്‍  ഞരങ്ങി മൂളുന്നു.എണ്ണമറ്റ ചുടലകളുടെ ഗന്ധവും പേറി ആകാശത്തിനു താഴെ ഛിന്ന ഭിന്ന മാക്കപ്പട്ട ഒരു അസ്ഥികൂടം മാതിരി കാര്മേഘങ്ങള്‍  കനത്തു വരുന്നു. പൊടുന്നനെ ഒരു മിന്നല്‍ പിണരിന്‍റെ അകമ്പടിയോടെ മഴ പെയ്തു തുടങ്ങി.മഴത്തുളളികള്‍ക്ക് ചോരയുടെ ഗന്ധം.കാതങ്ങള്‍ക്കുമകലെ കുരക്ഷേത്ര ഭൂമിയില്‍ നിന്ന് കുറുക്കന്‍മാരുടെ ഓരിയിടലുകള് അവിടെയും ഉയര്‍ന്ന് കേട്ടു.
ദുര്യോധനന്‍ ഭടന്മാരെയും മറികടന്ന് കൊട്ടാരത്തിലാക്കു നടന്നു. കൌരവരുടെ ഒരാശ്രിതനെപ്പോലും അയാള്ക്ക് അവിടെയെങ്ങും കാണാന്‍  കഴിഞ്ഞില്ല. കൊട്ടാരത്തിന്‍റെ അകത്തളത്തില്‍  ഒരു തൂക്കു കട്ടിലില്‍ അടര്ത്തിമാറ്റപ്പെട്ട ഒരു കൂറ്റന്‍ പാറക്കഷ്ണത്തെപ്പലെ ഭീമന്‍ കിടക്കുന്നുണ്ടായിരുന്നു.വെണ്ചാമരം വീശാന്‍ പരിചാരികമായുണ്ടായിരുന്നില്ല.അയാള്ക്ക് വേണ്ടത് സ്വസ്ഥതയാണന്ന് തോന്നും  വിധം കടുത്ത അന്തര്സംഘര്ഷം മുഖത്ത് പ്രകടമായിരുന്നു.കാല്‍  പാദങ്ങള്‍  രണ്ടും നീരുകെട്ടി വീര്ത്തിരുന്നു.ശരീരത്തിന്റെ പലഭാഗത്തും തൊലിയുരഞ്ഞ്, ചോരതിണിര്ത്ത പാടുകള്. അതെല്ലാം തന്റെ ഗദാ താണ്ഡവത്തിന്റെ അനന്തര ഫലമെന്നോര്ത്ത് സുയോധനന്‍  ഉള്‍പ്പുളകം കെണ്ടു. ഭീമന് തന്നെ കാണാന്‍  കഴിയില്ലായെന്നറിയുമായിരുന്നിട്ടും, അയാളുടെ മുന്നിലൂടെ കടന്ന് പോകാന്‍ ദുര്യോധനന് വല്ലാത്ത ജാള യത  തോന്നി.പാര്‍ശവശത്തുളള ഒരു കിളിവാതിലിലൂടെ അയാള്‍  പുറത്തിറങ്ങി.ദൂരെ കുതിരാലയവും കടന്ന് കൊട്ടാരത്തിന്റെ പിന്നിലേക്കു നീങ്ങി.പുറത്ത് കുതിരക്കാര്‍  മഴ നനഞ്ഞു കൊണ്ട് കുതിരകളെ അഴിച്ചു മാറ്റുകയായിരുന്നു
ദുര്യോധനന്‍ ഒരു മഴക്കാറ്റിനൊപ്പം ചെറിയ ഒരു കിളിവാതിലിലൂടെ വീണ്ടും അകത്തു കയറി.അനന്തരം അയാള്‍  ഏതോ ഉള്പ്രേരണയാലെന്ന വണ്ണം കൊത്തുപണികള്‍ ചെയ്ത കരിങ്കല്‍  ചുമരുകളും, കല്പടവുകളും കടന്ന് കൊട്ടാരത്തിലെ ധാന്യപ്പുരയോടു ചേര്ന്നുളള ഒരൊഴിഞ്ഞ കോണിലേക്കു നീങ്ങി.അവിടെ ജീര്ണ്ണിച്ച് തകര്ന്ന  രണ്ടു മരപ്പലകകള്‍  പോലെ ഗാന്ധാരി മാതാവും, വാത്സല്യ നിധിയായ പിതാവ് ധൃതരാഷ്ട്രരും കിടപ്പുണ്ടായിരുന്നു. അവര്‍  ഗൃഹസ്ഥാശ്രമം  വെടിഞ്ഞ് വനത്തിലേക്കു പോകാനുളള തയാറെടുപ്പിലായിരുന്നു.ദുശാഠ്യക്കാരനും,തന്നിഷ്ടക്കാരനുമായ ഒരു പുത്രന് ജന്മം നല്കിയതു കൊണ്ട് മാത്രമാണ് അവരിത്രമാത്രം അനുഭവിക്കേണ്ടി വന്നതെന്നോര്ത്തപ്പോള്‍  സുയോധനന്‍ ഒരിക്കല് കൂടി വേദനയുടെ ശരശയ്യ യില്‍  വീണു. വാര്ദ്ധക്യകാലത്ത് പുത്രന്റെ തണലില്‍ സുഭിക്ഷമായി കഴിയാനാഗ്രഹിച്ച രാജദമ്പതികള്‍  ഇപ്പോള്‍  കരിന്തിരിയണയാറായ രണ്ടു ദീപ നാളങ്ങള്‍  പോലെ ഹസ്തിന പുരിയുടെ ഈ ഒഴിഞ്ഞ കോണില്‍ നീറി നീറി ഒടുങ്ങുകയാണ്.ദുര്യോധനന് വല്ലാത്ത കുണ്ഠിതം തോന്നി.അയാള്‍ അടുത്ത ക്ഷണത്തില്‍  വ്യസനം കൊണ്ട് തളര്ന്ന് ഒരു ശിശുവിനെപ്പോലെ ഗാന്ധാരിയമ്മയോട് ചേര്ന്നു കിടന്നു. തനിക്കു ചുറ്റും കടുത്ത അന്ധകാരമായിരുന്നിട്ടും ഗാന്ധാരി ദേവി തന്റെ കനിഷ്ഠ പുത്രന്റെ  സാമിപ്യം തിരിച്ചറിഞ്ഞു. അവര്‍  അത്യധികമായ വാത്സല്യാതിരേകത്തോടെ സ്വന്തം പുത്രനെ ശരീരത്തോട് ചേര്ത്ത് പൊട്ടിക്കരഞ്ഞു. ഒടുവില്‍ അയാളുടെ ആഗമനോദ്ദേശ്യമറിഞ്ഞിട്ടെന്നവണ്ണം ഗാന്ധാരി മാതാവ് പറഞ്ഞു
"കുഞ്ഞെ നീ മടങ്ങിപ്പോകുക..... പാണ്ഡവരുടെ നേട്ടങ്ങളെ തകര്ക്കുകയാണ് നിന്റെ  ലക്ഷ്യമെങ്കില്‍  ഈ യുദ്ധം കൊണ്ട് ആരുമാരും ഒന്നും നേടിയിട്ടില്ലന്ന് നീയറിയുക. എല്ലാവരും കരകയറാന്‍  കഴിയാത്തവണ്ണം നഷ്ടങ്ങളുടേയും വേദനയുടേയും പടു കുഴിയിലാണ്......."
ദുര്യോധനന്‍ അതു കേട്ടതായി ഭാവിച്ചില്ല. അയാള്‍  പഴയതു പോലെ അനുസരണ കെട്ട കുഞ്ഞായി. ഗാന്ധാരി മാതാവ് എന്നും ഇങ്ങനെയായിരുന്നു.പുത്രന്മാരുടെ ശ്രേയസ്സിനായി പ്രാര്ത്ഥിച്ചിരുന്നെങ്കിലും എന്നും തന്റെ ചെയ്തികളെ നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചിട്ടേയുളളൂ. ദേവതുല്യയായ അവരില്‍ നിന്നും ദ്രോഹ ബുദ്ധിയോടെയുള്ള  ഒന്നും തന്നെ പ്രതീക്ഷിക്കേണ്ടതില്ല.
ദുര്യോധനന്‍ അസ്ഥപ്രജ്ഞയിലാണ്ടു കിടന്നിരുന്ന പിതാവിന്റെ  കാലുകള്‍  തൊട്ടു വന്ദിച്ച് അവിടെ നിന്നിറങ്ങി.പിന്നീട് ചിന്തകള്ക്ക് തീയെരിച്ച് ഭ്രാന്തമായ അഭിനിവേശത്തോടെ അന്തപ്പുരങ്ങളിലും, മുറികളിലും, വിശാലമായ അകത്തളങ്ങളിലും കയറിയിറങ്ങിത്തുടങ്ങി. നേരം പാതിരാ കഴിഞ്ഞിരുന്നിട്ടും ഹസ്തിനപുരിയില്‍ ആരും ഉറങ്ങിയിരുന്നില്ല.അര്ജ്ജുനന്‍ കണ്ണെത്താ ദൂരത്തോളം നീണ്ടു കിടന്ന വെണ്ണക്കല്ലില്‍  തീര്ത്ത ഇടനാഴിയിലുടെ കാട്ടുതീയിലകപ്പെട്ട ഒരു ഹിംസ മൃഗത്തെപ്പോലെ അങ്ങോട്ടും ഇങ്ങാട്ടും നടക്കുന്നുണ്ടായിരുന്നു. വിഷലിപ്തമായ മനസ്സുമായി ദുര്യോധനന്‍  പിന്നെയും പലരേയും തിരഞ്ഞ് ഹസ്തിനപുരിയുടെ ഇടനാഴികളിലൂടെ ഏറെ നേരം അലഞ്ഞു. പക്ഷെ ഹസ്തിനപുരിയില്‍ എല്ലാവരും ശിരസ്സൊന്ന് ഉയര്ത്താന്‍  കഴിയാത്തവണ്ണം പരിക്ഷീണിതരാക്കപ്പെട്ടിരിക്കുന്നു. എന്നും അധികാര മോഹം ഉള്ളിലടക്കി പുറമേ ഒരു താപസിയെപ്പോലെ  നടന്നിരുന്ന  യുധിഷ്ഠിരനാകട്ടെ പഴയരീതിയിലുളള തിരിച്ചുവരവ്  തീര്ത്തും അസാധ്യമാണന്ന് ദുര്യോധനന്‍ ഒരാത്മ നിര്‍വൃതിയോടെ തിരിച്ചറിഞ്ഞു. അയാള്ക്ക് ചുറ്റും യുദ്ധത്തില്‍ കൊല്ലപ്പട്ട ഉറ്റവരും ഉടയവരും ചേര്ന്ന് ഒരിക്കലും ഭേദിച്ച് പുറത്ത് കടക്കാന്‍  കഴിയാത്തവണ്ണം വേദനയുടേയും ആത്മ സംഘര്ഷത്തിന്റെയും പത്മ വ്യൂഹങ്ങള്‍  തീര്ത്തിരിക്കുന്നു. സ്വതേ പ്രസന്ന മുഖന്മാരായിരുന്ന നകുല സഹദേവന്മാരുടെ മുഖങ്ങളില്‍ പോലും അശാന്തിയുടെ കരിനിഴല്‍പ്പാടുകള്‍ . ആ കടുത്ത നിശബ്ദതയിലും അവിടെനിന്നോ കര്ണ്ണനെ ചൊല്ലിയുളള ഒരു വൃദ്ധയുടെ ചിലമ്പിച്ച സ്വരം ഉയര്ന്നു കേട്ടു. വര്ഷങ്ങള്ക്കു മുന്പ് ഏതോ രാജകന്യക മാനഹാനി ഭയന്ന് ചെറിയ പേടകത്തിലാക്കി നദിയിലുപേക്ഷിച്ച ചോരക്കുഞ്ഞ് ഹസ്തിന പുരിയുടെ ഹദയം പിളര്ന്നു കൊണ്ട് അവിടേക്ക് ഒഴുകി വന്നു.
ദുര്യോധനന്‍ അപ്പോഴും തൃപ്തനായില്ല.ആയാള്‍  ദ്രൌപതിയെ തിരഞ്ഞു തുടങ്ങി.ഒരിക്കല്‍  ഒരായിരം കാമനകളുമായി മനസ്സില്‍  കൊണ്ടു നടന്നിരുന്ന രൂപമാണ്ഒരര്‍ത്ഥത്തില്‍  കുരുക്ഷേത്രയുദ്ധത്തിന്റെ മൂലാധാരം ഇവളല്ലാതെ മറ്റാരാണ്.ഇന്ദ്രപ്രസ്ഥത്തിലെ പാണ്ഡവ രാജധാനിയും,അവിടുത്തെ തെളിനീരൊഴുകുന്നതു പോലെ നീണ്ടു കിടന്നിരുന്ന ഇടനാഴികളും, മായികാ പ്രഭാവങ്ങളും  വീണ്ടും കുത്തി നോവിക്കുന്ന ഒരോര്മ്മയായി സ്മൃതിമണ്ഡപത്തിലേക്കു തെളിയുകയാണ്.
അതിഥിക്ക് പിണഞ്ഞ അബദ്ധം രസിച്ച് പരിസരം പോലും മറന്നുളള ആ പൊട്ടിച്ചിരി... പരിഹാസത്തിന്റേയും, അപമാനത്തിന്റേയും അഗ്നി  നാമ്പുകള്‍  മനസ്സിലുടനീളം എരിച്ചു സുയോധനന്‍  അന്തപുരങ്ങളായ അന്തപ്പുരങ്ങളിലെല്ലാം ദ്രൌപതിയെ തേടി അലഞ്ഞു. അവസാനം ദൂരെയൊരു ചിത്രചിമിഴിന്നു താഴെ കൈകളില്‍ മുഖം പൂഴ്ത്തിയിരുന്നു തേങ്ങുന്ന ദ്രൌപതിയെ കണ്ടെത്തി. മടിയില്‍ ഒരു അശുവിനെ പോലെ പുത്ര വധു ഉത്തര കിടക്കുന്നുണ്ടായിരുന്നു
' കൃഷ്ണാ...പ്രിയ കൃഷ്ണാ മാനം കാക്കാന്‍  ഉടയാട പോലും ദാനം നല്കിയ കൃഷ്ണാ നീയെന്റെ പാണ്ഡവരേയും കുഞ്ഞുങ്ങളേയും ഒരിക്കല്‍ കൂടി രക്ഷിക്കുക....'
ദുര്യോധനന്റെ ഹൃദയത്തിലേക്ക് ആശ്വാസത്തിന്റെ ഒരു കുളിര്‍ കാറ്റ് വീശി....അയാളുടെ മനസ്സില്‍ ആഹ്ലാദം നുരഞ്ഞ് പൊന്തി.എങ്ങും എവിടെയും തെളിയുന്നത് വേദനയുടേയും, അസ്വസ്ഥതയുടേയും മുഖങ്ങള്‍  മാത്രം ഗാന്ധാരി മാതാവ് പറഞ്ഞത് എത്രയോ ശരിയാണ്......എല്ലാവരും നഷ്ടങ്ങളുടെ പടു കുഴിയിലാണ്. കുരുക്ഷേത്ര രാജ്യം മുഴുവന്‍ പരസ്പരം ആരും ആശ്വസിപ്പിക്കാന്‍ പോലുമില്ലാതെ അമര്ത്തപ്പെട്ട ഒരു തേങ്ങല്‍ പോലെ നീറിപ്പുകയുകയാണ്. അവിടെ അശാന്തിയുടെ വിത്തുകള്‍  വിതയ്ക്കാന്‍ ദുര്യോധനന്റെ  ആവശ്യമില്ല.എണ്ണിയാലൊടുങ്ങാത്ത മനുഷ്യാത്മാക്കള്‍  അശാന്തിപിടിച്ച് അലഞ്ഞു തിരിയുന്ന മണ്ണാണിത്. ഈ ലോകത്ത് ഇനിയൊരിക്കലും ശാന്തിയും സമാധാനവും ഉണ്ടാകാന്‍ പോകുന്നില്ല.പാണ്ഡവരെ എന്നെന്നും കാത്തു രക്ഷിച്ച അവരുടെ സൂത്രധാരന്, എന്തിന് അയാളുടെ കുലത്തിനു പോലും സ്വയം  രക്ഷയില്ലാതായിരിക്കുന്നു. അതുവരേയും അനുഭവിച്ചിട്ടില്ലാത്ത ഒരാത്മസുഖം  സുയോധനനപ്പോള്‍  ലഭിച്ചു തുടങ്ങി. അയാള്‍  നീണ്ട ഇടനാഴികളും, വിശാലമായ അകത്തളങ്ങളും, കരിങ്കല്‍ത്തൂണുകളും കടന്ന് ഒട്ടും ജാള്യത കൂടാതെ ഭീമന്റെ  മുന്നിലൂടെ പുറത്തിറങ്ങി. പുറത്തപ്പോഴും ആത്മാവിന്‍റെ തേങ്ങല്‍  പോലെ മഴപെയ്യുന്നുണ്ടായിരുന്നു

           ****************************************************************


































2012, നവംബർ 6, ചൊവ്വാഴ്ച

മാസമുറ

ആര്ത്തവ ചക്രം തെറ്റിയ ഭാര്യ ചിണുങ്ങി
അതു തന്നെ.........!.
ചാന്ദ്രമാസങ്ങള്‍  പോലെ കൃത്യമായിരുന്നു എന്റേത്
കൃതയമായ വേലിയേറ്റ വേലിയിറക്കങ്ങള്‍
വൃദ്ധിക്ഷയങ്ങള്‍ ............
പൂര്ണ്ണതയില്‍  നിന്നും അപൂര്ണ്ണതയിലേക്കും
അപൂര്ണ്ണതയില്‍  നിന്നു തിരിച്ചുമുളള
ഒരു അധര്മ്മ ചാരിയുടെ തീര്ത്ഥാടനം

ഭര്ത്താവ് കലണ്ടര്‍  നിവര്ത്തിയിട്ട്
ചത്തുമലച്ചുപോയ അക്കങ്ങള്ക്കിടയില്‍
ചിലകാല ഗണിതങ്ങള്‍  നടത്തി
ചിലപ്പോള്‍  വിരലുകളില്‍  ചിലത്
കാണാതെ പോയി
ചിലപ്പോള്‍  പുതുതായൊന്ന്
മുളച്ചു വന്നു
മണലാരണ്യത്തില്‍  മഴപെയ്യുന്നതുപോലെ
സാധ്യതകള്‍  വിദൂരമായ ആകാശം പോലെ
 വിദൂരമെന്ന്‍  നിശ്ചയിച്ചുറപ്പിച്ചു
എന്നിട്ടും........?
ആശങ്കകളുടെ കാര്മേഘങ്ങള്‍
ഒഴിഞ്ഞു പോയതേയില്ല...

ഓഫീസ് മുറിയിലെ  ഫയലുകള്ക്കിടയില്‍
ഒരുപൂച്ചയെപ്പോലെ പതുങ്ങിയിരുന്നയാള്‍
ചിലകോഡു ഭാഷകളില്‍  ഭാര്യയെ വിളിച്ചു
ആയോ..........?
ആയില്ല...അതു തന്നെയെന്നു മറുപടി
ക്ഷണിക്കപ്പെടാതെ  വന്നെത്തുന്ന
അതിഥിയുടെ കാല്‍പ്പെരുമാറ്റം
പടികടന്നു വരുന്ന പ്രാരാബ്ധം
പണിതീരാത്ത വീട്
ഉറയ്ക്കാത്ത ജോലി..
ഉടഞ്ഞ സ്വപ്നങ്ങള്...
ഓട്ടക്കലം പോലെ കീശ..

വീണ്ടും സന്ദേഹങ്ങളുടെ ആഴക്കടലില്‍
മുങ്ങിത്താഴവെ
ചതുരവടിവൊത്ത ഒരു കൊച്ചു കാര്ഡിന്റെ
നാഭിച്ചുഴിയില്‍  ലവണജല മിറ്റിച്ച് ഭാര്യ നില്ക്കുന്നു
ഒരു മായാജാലക്കാരിയെ പ്പോലെ
നോക്കി നോക്കി നില്ക്കെ
മൂടല്‍  മഞ്ഞുവന്നു നിറഞ്ഞു
ശോണരേഖ പോലെ ഒരു കുഞ്ഞികൈ
തെളിയുന്നു.......
ഒരു ചോദ്യ ചിഹ്നംപോലെ അയാളും
ഉഷ്ണപേടകത്തില്‍  നിന്നുയര്ന്ന്
 ആ കുഞ്ഞികൈ മറ്റൊരു ചോദ്യമായി
 വന്ന് തുറിക്കുന്നു..

മകനേ(ളേ) മാപ്പ്..........
ജനിമൃതികളുടെ തടവറകളില്‍ 
നിന്നെ തളച്ചതിന്,
ജരാനരകളുടെ വിഹ്വലമായ
തീരങ്ങളിലേക്ക്  നയിച്ചതിന്
ദുരിതക്കയത്തിലേക്ക് വലിച്ചിട്ടതിന്
ശോകവൃക്ഷങ്ങളുടെ തണലില്‍
ഒരു ചാവേറിനെപ്പോലെ നിര്ത്തിയതിന്
ഒടുങ്ങാത്ത ജീവിതാസക്തിയില്
ഒരു അച്ഛനു പറ്റിപ്പോയ  പിഴ
ഒരു വലിയ പിഴ .........
മാപ്പ്....മാപ്പ്