ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2015, ഏപ്രിൽ 18, ശനിയാഴ്‌ച

കണക്കനും കാറല്‍ മാക്സും.......

Image result for IMAGES OF VASTHU SCIENTISTSമുഴക്കോലു നീട്ടി
കണക്കന്‍ പറയുന്നു
കടക്കണ്ണാല്‍ അളന്നും കുറിച്ചും
വിരലൊടിച്ചും നിവര്‍ത്തിയും
വീടിന്‍ കിടപ്പതേ ശരിയല്ല
ഇടത്തുവരാന്‍ പാടില്ലായിരുന്നു
അടുക്കള
അബദ്ധമബദ്ധം.....!!
കിടപ്പുമുറിയുടെ ജനല്‍
ടുക്ക്കൊടുത്തതും
ശരിയായില്ല
പൊളിച്ചൊരല്പം വലത്തോട്ട് മാറ്റണം
വെളിച്ചം കടന്നു പോകുന്നില്ല
കാറ്റും.........നേര്‍വഴിയില്‍...
ഇടയ്ക്ക് തടസ്സമായി
നില്ക്കുംഭിത്തി ഇടിച്ചൊരു
ഹോളിടണം വൃത്തത്തില്‍

പുറത്തെ ബാത്ത്റൂം
പണിഞ്ഞ് വെച്ചിരിക്കുന്നത്
മരിച്ചു പോകുകില്‍ നമ്മെ
എടുത്തുകൊണ്ട് പോകേണ്ട
കോണിലോ..?

അടുത്ത വസ്തുവിന്‍ അതിര്
നീട്ടിവരക്കുമ്പോള്‍‌
വീടിന്‍ നടുക്കു കൂടി
കടന്നു പോകയോ...?
അടുത്തൂണുപറ്റുവാന്‍
പിന്നെന്തുവേണം.....

മുഴുത്ത കാഞ്ഞിരമൊന്ന്
തുടുത്തുനില്പുണ്ടല്ലോ
അടുത്തുതന്നെ.....
ഏതോ കറുത്തനാഗം
ഫണം വിടര്‍ത്തിയ പോലെ
ശിവ ശിവ പൊറുക്കണേ....
കടുത്ത ദോഷം തലയ്ക്കുമീതെ
തൂങ്ങിയാടുന്നു
അറക്കവാളുപോലെ....

മുഴക്കോലുനീട്ടി കണക്കന്‍ പറയുന്നു
വീടിന്‍കിടപ്പതേ ശരിയല്ല

അടുക്കളയിലന്ന്
പാലുപാത്രം തിളച്ചു തൂവി
അടുപ്പുകല്ലില്‍ തലകറങ്ങി
വീണന്നേ തുടങ്ങിയതാണീ
ദുരിതകാലം
ഒഴിഞ്ഞു പോകുന്നില്ല

അകത്തുകിടന്നിട്ടുറക്കം വരുന്നില്ല
പുറത്തോ പൂവള്ളിയെന്നു
വിചാരിക്കും....
പിടിക്കുന്നതെല്ലാം പുലിവാല്‍...!
മിടുക്കരായി പഠിച്ചുകൊണ്ടിരുന്ന
പിള്ളാരുടെ പഠിത്തവും പോയി
കടുത്ത രോഗങ്ങള്‍ കാരണം
ആശുപത്രി വിട്ടൊഴിഞ്ഞിട്ടൊരു
നേരവുമില്ല...
ഓട്ടക്കലം പോലെ ചോരുന്നു കീശ
എത്ര തുന്നി ശരിയാക്കിയിട്ടും...!

അകത്തുനിന്നോരു
പെണ്‍തുറിച്ചുനോട്ടം
കണ്ടില്ലേ നിങ്ങളും...?
എടുത്തുപറയേണ്ടതില്ലല്ലോ
എന്‍റെ ഇടത്തുവശമാണ്..!

കടുത്ത കമ്മ്യൂണിസ്റ്റ് ഞാന്‍..
ഇടയ്ക്കൊന്നിരിട്ടത്ത് വെറുതെ
അടുത്തുള്ളമ്പലമുറ്റത്തു
കൂടിപ്പോലുംപോകാത്തവന്‍
എന്റെ  എതിര്‍പ്പു വകവെയ്ക്കാതെ 
വിളിച്ചുകൊണ്ടു വന്നതാണി
കണക്കച്ചാരെ....

അകത്തേക്കു വിളിച്ചു പിടയ്ക്കും
നോട്ടൊരെണ്ണം
എന്‍റെ കൈയില്‍ തിരുകിപ്പിടിപ്പിച്ചു
കൊണ്ടവള്‍ പറയുന്നു പതുക്കെ.....
റുത്തൊന്നും പറയല്ലേയിപ്പോള്‍
വഴക്കടിക്കാനുള്ള സമയമിതല്ല
വികട സരസ്വതി വിളങ്ങുമാ
നാവനക്കരുതേയൊരല്പ നേരം
പഠിച്ചില്ലേ അനുഭവത്തിന്‍
വെളിച്ചത്തില്‍ ......?
കുറിപ്പടി തരുമ്പോള്‍ മടിക്കാതെ
കൊടുത്തു വണങ്ങുക
അത്രമാത്രം.......
ഇടയ്ക്കൊരല്പം ഈശ്വരവിചാര
Image result for karl marx pictures
മില്ലാത്തതിന്‍റെ കുഴപ്പമാണിതെല്ലാം..

ചരിത്ര ഗതിയില്‍
മതത്തിന്‍ കറുപ്പില്ലാത്ത
സമത്വസുന്ദരമാമൊരുലോകം
സ്വപ്നംകണ്ട
നരച്ചതാടിയുള്ളോരെന്റെ
കമ്മ്യൂണിസ്റ്റ്  മുത്തപ്പാ
പൊറുക്കണേ.......!!


( കണക്കനും തുടര്‍ന്ന് എന്റെ ഭാര്യയും പറഞ്ഞത് നിങ്ങള്‍ വായിച്ചുകാണുമല്ലോ...രണ്ടും ഒരു കണക്കാണ്.....ആയതിനാല്‍ ആ അഭിപ്രായങ്ങള്‍ ഞാന്‍ അവഗണിക്കുന്നു....അടുത്തിടെ പണിത വീടാണ‍്. അതിടിച്ച് പൊളിക്കണം പോലും...എന്താണ് നിങ്ങളുടെ അഭിപ്രായം...?നിങ്ങളുടെ അഭിപ്രായം..... അതെന്തായാലും എനിക്ക് വിലപ്പെട്ടതാണ്...)

2015, മാർച്ച് 18, ബുധനാഴ്‌ച

ദത്തെടുക്കുവാന്‍ ഒരു കുഞ്ഞ്........?

Image result for adoption paintings
ദത്തെടുക്കുവാനൊരു
കുഞ്ഞുവേണം....
പെറ്റൊഴിഞ്ഞട്ടതിന്‍
രക്തചോപ്പ് മാറാത്തത്
രക്തത്തില്‍ നിന്നുതന്നെ
ഉയിര്‍കൊണ്ടതാണെന്ന്
തോന്നണം....
ഒട്ടുംപരിചയമില്ലാത്തവര്‍
ഞങ്ങളെ ഒന്നിച്ചു
കാണുമ്പോള്‍.......

കെട്ടുപോകാറാകുന്നു
യൌവനത്തിന്‍ 
തീഷ്ണ സൂര്യന്‍
കത്തിജ്വലിച്ചുനിന്നീ
ജീവിതപ്പാതയിലല്പനേരം
മാത്രം......
പെട്ടന്നിതാ ചക്രവാളത്തിലേക്ക്
പോകുന്നതും നോക്കി
വ്യര്‍ത്ഥസ്വപ്നങ്ങള്‍ തന്‍
ഭാണ്ഡവും പേറി
പകച്ചു നില്പൂ
ഭഗ്നഹൃദയരാം
ദമ്പതികള്‍ ഞങ്ങള്‍......

പത്തുപതിനാലാണ്ടുകള്‍
കണ്ണിമവെട്ടിത്തുറക്കും
പോല്‍ കൊഴിഞ്ഞുപോയി
ചുറ്റുകമ്പിച്ചുരുള്‍ പോല്‍
ഉയര്ന്ന വേലിക്കെട്ടുകളെല്ലാം
പൊട്ടിച്ചെറിഞ്ഞ്
ഞങ്ങളൊന്നായിട്ട്....

ഒക്കെയും തന്നൂ ദൈവം
തൃക്കൈനീട്ടിയനുഗ്രഹിച്ചു
വെച്ചുവിളമ്പി
സൌഭാഗ്യങ്ങളൊന്നൊന്നായി
വെള്ളിത്തളികയിലിഷ്ട
ഭോജ്യം പോലെ

പക്ഷേ.......
ഒന്നുണ്ട് ഒന്നൊഴിച്ചെല്ലാം
പൊട്ടിവിരിഞ്ഞില്ല
മുകുളങ്ങളൊന്നും
എന്നുംപച്ചത്തണല്‍
വിരിച്ചു നിന്ന ഞങ്ങള്‍തന്‍
ദാമ്പത്യവല്ലിയില്‍.....

കെട്ടിപ്പുണര്‍ന്നു കിടന്നു
നിഴലും നിലാവും
നീലനിശീഥത്തിന്‍
മടിത്തട്ടില്‍....
അര്‍ദ്ധവിരാമം പോലപൂര്‍ണ്ണ
മായതെന്തോ
ഞങ്ങള്‍തന്‍‍ ഉച്ഛനിശ്വാസങ്ങളില്‍
എന്നുംനിറഞ്ഞൂ...

ഒക്കെയും നിര്‍ത്തുകയാണ്
ഞങ്ങളിന്നോടെ
എണ്ണിയാലൊടുങ്ങാത്ത
കണ്ണുകാണാദൈവങ്ങള്‍ക്ക്
ചങ്ക്നേദിച്ച് ചൊല്ലിയ
നേര്‍ച്ച വഴിപാടുകളും
മുട്ടിപ്പോയുള്ള പ്രാര്‍ത്ഥനയും
നഷ്ടസ്വപ്നങ്ങളെ
വീണ്ടെടുക്കാന്‍
പുത്തന്‍ സാധ്യതകള്‍
തേടിയുള്ളോരലച്ചിലും


ദത്തെടുക്കുവാനൊരു
കുഞ്ഞുവേണം
.......................................
ചുറ്റുമതില്‍ കടന്ന്
അള്‍ത്താരപോലുള്ളൊരാ
മന്ദിരത്തിനുള്ളില്‍ കടക്കെ
അര്‍ദ്ധവൃത്താകൃതമാം
മേശപ്പുറത്തൊരു
ചിത്രക്കുരിശാലേഖനം
ചെയ്ത കട്ടിബയന്‍റുള്ള
ലെഡ്ജര്‍ പുസ്തകം
മലര്‍ക്കെ തുറന്നു കിടന്നു
ആളടുത്തില്ലാതെ........

ഒത്തിരി ഞങ്ങളെ ശാസിച്ചു
ചുവരില്‍ തൂക്കിയ
പിച്ചളചട്ടയില്‍ തീര്‍ത്ത
കൊത്തുപണിയുള്ള
ഘടികാരം
സ്നേഹത്തോടെ...
നിങ്ങളെ കാത്തിരിക്ക
യായിരുന്നു ഞാന്‍
എന്തിത്ര താമസിച്ചു
ഇവിടെ വന്നെത്തുവാന്‍..?

അക്ഷമരായി നിമിഷങ്ങളെണ്ണി
ഞങ്ങള്‍ നിന്നാ
മതില്‍ക്കെട്ടിനുള്ളില്‍
കൊച്ചുകുട്ടികള്‍ തന്‍
കലപിലയൊച്ചമുഴങ്ങുന്നു
എവിടെ നിന്നൊക്കയോ...?

ഉണ്ണിയേശുവിനെ കൈകളിലേന്തി
അമ്മകന്യാമറിയം നില്ക്കുന്ന
വെണ്ണക്കല്‍ പ്രതിമയെ
കണ്ണെടുക്കാതെ ഞങ്ങളേറെ
നേരം നോക്കി നിന്നു
തെല്ലസൂയയോടെ.....!

ഞങ്ങള്‍ക്ക് ദാനം നല്കുമോ..?
നിന്‍റെ കിടാവിനെ.....
നെഞ്ചുരുകി ഞങ്ങള്‍
യാചിക്കുന്നു..

തങ്ങളില്‍ തങ്ങളില്‍
നോക്കി ഞങ്ങള്‍
അന്യതാബോധത്തിന്റെയേതോ
ചിന്തയില്‍ മുങ്ങി നിവരവേ
എങ്ങുനിന്നോയൊരിളംതെന്നല്‍
വന്ന് കുഞ്ഞുകൈകളാല്‍
ഞങ്ങളെ തഴുകികടന്നു പോയി...


2015, മാർച്ച് 2, തിങ്കളാഴ്‌ച

നക്രവും റീത്തും പിന്നെ പൊട്ടക്കിണറ്റിലെ തവളയും.....


Image result for facebook addiction stock photos
എത്ര റീത്ത് കിട്ടിയിട്ടുണ്ട്
ഇതേവരെ......?
നക്രത്തിനെപ്പോലിരിക്കും
നിങ്ങടെയാ ചിത്രത്തിന്..
ഒത്തിരി ഏതാണ്ടൊക്കയോ
പഠിച്ചിട്ടുണ്ടങ്കിലും
ടെക്കിനോളജി തൊട്ടുതീണ്ടിയിട്ടില്ലാത്ത
പച്ചനാട്ടിന്പുറത്തുകാരി
എന്റെ ഭാര്യ ചോദിക്കുന്നു

അര്‍ദ്ധരാത്രി നാണിച്ച്
നാണിച്ച്...
പൊട്ടിവിരിയുന്നതേയുള്ളൂ
അപ്പഴേ തുടങ്ങി
കട്ടിലിന്നോരത്ത് വീര്‍പ്പുമുട്ടി
കിടന്നൊരാ പെണ്‍ശബ്ദം
ഇടിവെട്ടിത്തിമിര്‍ക്കുമ്പോള്‍‍
തട്ടിന്‍പുറത്ത് പെട്ടന്ന്
ഒച്ചവെച്ച് കിലുങ്ങും
ഓട്ട് പിച്ചള പാത്രങ്ങളെപ്പോലെ...

പുത്തനായി മുഖപുസ്തക
ഭിത്തിയിലെന്റെ സ്റ്റാറ്റസില്‍
ഒത്തിരിനേരമെഡിറ്റിംഗ് നടത്തി
അപ്ഡേറ്റ് ചെയ്ത്
ചേര്‍ത്തൊരെന്‍
എക്സിക്യുട്ടീവ് ലുക്കുള്ള
ഫോട്ടോ ചിത്രത്തിന്
കിട്ടിയ ഇഷ്ടങ്ങളെണ്ണി
യുള്പ്പുളകം കൊണ്ട്
ടച്ചുസ്ക്രീനുള്ള
കൊച്ചുഫോണില്‍
ചുമ്മാതെ കുത്തിക്കളിച്ചുകൊണ്ട്
ഞാനിരിക്കയായിരുന്നു......

തൊട്ടാലോ ചിത്രങ്ങള്‍
പൊട്ടിവിടരു ന്നതിന്‍
അത്ഭുത കാഴ്ചയില്‍
പെട്ടു പൊയി ഞാനും
ഒട്ടും സമയം
പോയതറിഞ്ഞില്ല......!

പെട്ടന്ന് വെട്ടമണച്ച്
കിടക്കുവാന്‍ നോക്കുന്നുണ്ടോ…?
അല്പം കാര്യങ്ങള്‍പറയുവാനുണ്ട്
ഇപ്പോഴല്ലങ്കില്‍
പിന്നെയെപ്പോഴാണു സമയം..?
കൊച്ചിന്റെ ഫീസടച്ചില്ല..
മറന്നുപോയി……
അക്കച്ചീടെ വീട്ടുപാലുകാച്ചു
മിങ്ങടുത്തു വരുന്നു
നമ്മളെന്തു കൊടുക്കണമെന്നു
തീര്പ്പു‍കല്പിച്ചിട്ടില്ലിതേവരെ
നട്ടപ്പുലര്ച്ചേ‍മുതല്‍
കഷ്ടപ്പെടുന്നതാണോര്മ്മവേണം
അല്പനേരമൊന്നു നടുനീര്ത്തണം

കുറ്റം പറഞ്ഞു
വെട്ടിവിഴുങ്ങാന്‍
കൈയും കഴുകി
വട്ടമ്മേശയ്ക്കു ചുറ്റു
മങ്ങെത്തിയാല്‍ മതിയല്ലോ..?
ആച്ഛനും മക്കള്ക്കും‍...
ഉത്തരവാദിത്തങ്ങള്‍
മുഴുവന്‍ എനിക്കുള്ളതാണല്ലോ...?

ഒട്ടുമേ വകവെച്ചില്ല ഞാന്‍
ഞെട്ടറ്റു പട്ടുതാഴെവീഴും
കെട്ട ഫലങ്ങള്‍ പോലെ
യുള്ളൊരാ വാക്കുകള്‍....

പച്ചകത്തിക്കിടക്കുന്നുണ്ടിപ്പൊഴും
നെറ്റിന്‍ വലക്കണ്ണികള്ക്കി‍ടയില്‍
പരല്‍മത്സ്യങ്ങളായി...
ഇട്ടെറിയുന്നോരീ ചൂണ്ടയില്‍
വന്ന് കൊത്തുമോ എന്നറിയട്ടെ
ആരെങ്കിലും……?

എത്ര റീത്ത് കിട്ടിയിട്ടുണ്ട്
ഇതേവരെ......?
നക്രത്തിനെപ്പോലിരിക്കും
നിങ്ങടെയാ ചിത്രത്തിന്
വക്രതയുള്ളിലൊളിപ്പിച്ചുകൊണ്ടാ
 ചോദ്യമെറിയുന്നവള്‍ വീണ്ടും

നക്രമോ ...?  അര്‍ത്ഥപിടികിട്ടുന്നില്ലതിന്‍
....അര്‍ത്ഥങ്ങള്‍തന്‍
‍അര്‍ത്ഥ ശങ്കക്കിടയില്‍പ്പെട്ടു
ഞാന്‍ കുഴങ്ങുന്നു..
വക്രിച്ച് പണ്ട് പഠിച്ച
വാക്കുകളൊക്കെയോര്‍ത്തുനോക്കി
രക്ഷയില്ല...
ഓണ്‍ലൈന്‍ പൊട്ടക്കവി
എനിക്കെന്തിന്  ശബ്ദതാരാവലി..?

നെറ്റിന്‍ കുരുക്കഴിച്ചിട്ട്
പച്ചമലയാളത്തില്‍
തപ്പിനോക്കുന്നു
പെട്ടന്നതാ തെളിയുന്നു
പണ്ടത്തിമരത്തിന്‍റെചോട്ടില്‍
ഉറ്റ സുഹൃത്താം പാവമാ
കൊച്ചുകുരങ്ങന്റെ ചങ്ക്
ചതിയില്‍​‍റിച്ചു തിന്നാന്‍
കൊതിമൂത്ത് കൊമ്പല്ലൊതുക്കി
ചെപ്പടി വിദ്യ യുമായി
പമ്മി പതുങ്ങിക്കിടന്നൊരാ
വൃത്തികെട്ട രൂപം....
ചീമ്പിയ കണ്ണും...
പുണ്ണു പിടിച്ചപോലുള്ളോരുടലും..

പൊട്ടക്കിണറ്റിലെ തവളയാം
നിന്നെ കെട്ടിയതാണ് ഞാന്‍
ചെയ്ത തെറ്റെന്ന് പറഞ്ഞ്
പെട്ടന്നു ലൈറ്റണച്ചു
കട്ടിലിലേക്ക് വീഴവേ..

ദുഷ്ടാ...... എന്റെ ശ്വാസം
നിലയ്ക്കാറാകുന്നു
രാവിലെ പണികിട്ടണ്ടെങ്കില്‍
എവിടെയെങ്കിലും
കൊണ്ടുപോയെന്നെയൊന്ന്
കുത്തിയിടൂ വേഗം.........
എന്നുള്ള കൊച്ചുഫോണിന്റെ
ഉച്ചസ്ഥായിയിലുള്ള ദീനവിലാപം
മാത്രം ഇരുട്ടത്തുയര്‍ന്നു കേട്ടു.......!!