ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2013, ജൂലൈ 31, ബുധനാഴ്‌ച

ഒറ്റമകള്‍....



മകളേ...യാത്ര പുറപ്പെടാന്‍ സമയമാകുന്നു
നേര്‍ത്ത വിഷാദമോടെ നീയാരെയോ
തെരയുകയാണല്ലോ......?
ചിത്രങ്ങ‍ള്‍ കൊത്തിയോരി കല്‍ത്തൂണിനു
പിന്നില്‍ അച്ഛന്‍ നില്പുണ്ട്
മറ്റൊരു നിശ്ചല പ്രതിമ പോലെ.....!
ഹൃത്തടത്തിലോതോ പക്ഷി ചിറകൊടിഞ്ഞു
പിടയുന്നതുപോലെ...!

മകളേ യാത്ര പുറപ്പെടാന്‍ സമയമാകുന്നു
ഓര്‍ത്തു വെച്ചിരുന്നച്ഛനും നിന്നോട്
ഉപചാരവാക്കുകള്‍ ചെല്ലാന്‍...
ആകെ പരിഭ്രമത്താലത് അച്ഛന്‍
മറന്നു പോയി.....
വേണ്ടിനിയത് ഓര്‍ത്തെടുത്താലും
പറഞ്ഞമുഴുമിക്കാനച്ഛനു കഴിയില്ല

മകളേ നിന്റെ പുത്തന്‍ ജീവിത യാത്രയ്ക്ക്
മംഗളങ്ങള്‍ നേരട്ടെ....
മന്ത്ര കോടിയില്‍ മുങ്ങി
സ്വര്‍ണ്ണ ഭൂഷണങ്ങളണിഞ്ഞ്
കുങ്കുമ ശോഭ പടര്‍ന്ന്
വെണ്ണിലാവു പോലെ മകളേ
നീയെത്ര സുന്ദരീ...നീയെത്ര ധന്യ
ജന്മ ജന്മാന്തരങ്ങളിലേക്കു പകരേണ്ട
സുകൃതം പോലെ നിന്‍ കഴുത്തില്‍
മിന്നുന്നുണ്ടല്ലോ അല്പം മുന്നെ
ചാര്‍ത്തിയോരോ പൊന്‍താലി
എങ്കിലുമത് കാണെ കാണെ
നെഞ്ചിലേതോ അന്യതാബോധം
വന്നു തിങ്ങുന്നു......!

പുത്തന്‍ കര്‍മ്മബന്ധത്തിന്റെ തോണി
തുഴഞ്ഞ് ഇന്നു നീ ഞങ്ങളില്‍ നിന്ന്
അകന്നു പോകുകയാണല്ലോ...?
പുത്തന്‍ കടവില്‍ ചെന്നിറങ്ങുമ്പോള്‍
ഒട്ടും പരിഭ്രമം വേണ്ട...
ഒക്കെ ശരിയാകും പതിയെ പതിയെ
അമ്മതന്‍ചുമലില്‍ മുഖം ചേര്‍ത്ത്
നീ കണ്ണിര്‍ വാര്ക്കുകയാണോ
എന്തിനു വെറുതെ.......?
പണ്ടു നിന്‍ അമ്മയുമിതു
പോലെയായിരുന്നല്ലോ..?
ആ കൈത്തലം പിടിച്ചു ഞാന്‍
പണ്ട് നമ്മുടെ വീട്ടില്‍
ഏതോ സന്ധ്യയില്‍ ചെന്നു കറുമ്പോഴും
അവള്‍ വിങ്ങി വിങ്ങി കരയുന്നുണ്ടായിരുന്നു
എത്ര വേഗത്തിലാണ്......
ജീവിത വൃക്ഷത്തിന്നിലകള്‍
പഴുത്തട്ട് കൊഴിഞ്ഞു പോകുന്നത്..?
സുഖങ്ങള്‍..... ദുഖങ്ങള്‍.....
കൊച്ചു പിണക്കങ്ങള്‍....പരിഭവങ്ങള്‍
പിന്നെയുമെത്ര വര്ഷങ്ങള്‍......
എത്ര നേര്‍ച്‍ചകള്‍ നേര്‍ന്നു
ഞങ്ങള്‍ കാത്തിരുന്നൊടുവിലാണ്
ഒറ്റമകളായി ഈ ജന്മ പുണ്യമായി
നീ ഞ്ങ്ങള്‍ക്ക് പിറന്നത്...

ഒക്കെയുമിന്നലത്തെപ്പോലെ
അച്ഛനോര്‍മ്മയുണ്ട്...
മറക്കുവതെങ്ങനെ.....?
ആശുപത്രിതന്‍ ഇടനാഴിയില്‍ നിന്നും
ആദ്യമായി നിന്‍ കരച്ചില്‍ കേട്ടപ്പോള്‍
ആഹ്ലാദമലതല്ലി, ആകാംക്ഷയോടെ
അച്ഛനോടിയടുത്തു വന്നതും....
ഏതോ വിസ്മയ ലോകത്തിലെന്നവണ്ണം
നീ കൊച്ചു ചോരക്കാലുകളനക്കുന്നത്
ഏറെ നേരം നോക്കി നിന്നതും
മധുര മിഠായിപ്പൊതി പൊട്ടിച്ചെറിഞ്ഞ്
അങ്ങോട്ടു മിങ്ങോട്ടുമോടി നടന്നതും
കാണെ കാണെ നിന്‍ കുഞ്ഞു 
കാലടികള്‍ വളര്‍ന്നതും....
വെള്ളിക്കൊലുസിന്റെ താളത്തില്‍
നീ പിച്ചവെച്ചു നടക്കാന്‍ തുടങ്ങിയതും
കൊഞ്ചി, കൊഞ്ചിപ്പറയാന്‍ പഠിച്ചതും
കുഞ്ഞിക്കുറുമ്പുകളൊത്തിരി കാട്ടിയതും
ഏഴും കടലും കടന്ന്....
പറക്കും കുതിരപ്പുറത്തേറി വരും
രാജകുമാരന്റെ കളളക്കഥകേട്ട്
നീയച്ഛന്റെ നെഞ്ചില്‍ ചായുറങ്ങിയതും
മിന്നിത്തിളങ്ങുന്ന പുളളി ഫ്രോക്കിട്ട്
കൊച്ചു മാലാഖയെപ്പോലെ
അച്ഛന്റെ കൈയില്‍ തൂങ്ങിയന്നാദ്യമായി
സ്കൂളില്‍ പോയതും.....
അച്ഛനടുത്തു തന്നെയിരിക്കണമെന്ന്
ശാഠ്യം പിടിച്ച് കരഞ്ഞതും..

....പിന്നെ...പിന്നെ....
 കൊച്ചു കിലുക്കാം പെട്ടി നീ
സ്കൂള്‍ വിട്ട് വന്നിട്ട് പുത്തനറിവുകള്‍
അച്ഛന് പങ്കുവെച്ചു തന്നതും...
ഒത്തിരികുഞ്ഞു വലിയ സംശയങ്ങള്‍
ചോദിച്ഛനെ വെട്ടിലാക്കിയതും
ഋതുസംക്രമണങ്ങള്‍ വന്നുപോയതും
പെട്ടൊന്നൊരുനാള്‍ നീ ലജ്ജാലുവായി
അമ്മതന്‍ പിന്നിലൊളിച്ചതും...
ഇന്നലത്തെപ്പോലെയിന്നും അച്ഛനോര്മ്മയുണ്ട്

ഒത്തിരി മിടുക്കിയായി പഠിച്ചു നീ
പുത്തന്‍ പടവുകളൊന്നന്നായി
ചവിട്ടിക്കയറിയതും....
ഒടുവില്‍ സ്വന്തം കാലില്‍ നിന്നു
പറക്കാന്‍ പ്രാപ്തി തികഞ്ഞതും...
എത്ര അഭിമാനത്തോടെയച്ഛന്‍
നാട്ട് കൂട്ടുവട്ടങ്ങളില്‍ ചൊല്ലിനടന്നതും
ഒടുവില്‍ ഭര്ത്താവാകേണ്ട പുരുഷനെ
നീ തന്നെ കണ്ടെത്തിയപ്പോള്‍
അച്ഛനാകെ തകര്‍ന്നു പോയതും
ഒട്ടും ചേരാത്തവനെന്നച്ഛന്‍ പറഞ്ഞപ്പോള്‍
ഒറ്റ ഇരട്ടപറഞ്ഞ് കലഹിച്ചതും
ഒത്തിരി നാളുകള്‍ തമ്മില്‍ തമ്മില്‍
മിണ്ടാതെ നടന്നതും....
ഇന്നിതാ ഒറ്റമകളുടെ വാശിജയിക്കുന്നതിനു
മൂക സാക്ഷിയാകുന്നതും
ഒന്നും പറയുവാനില്ലച്ഛന്
ഇന്നലെ രാത്രിയില്‍ കൂടി അമ്മ
പറഞ്ഞു കരഞ്ഞിരുന്നു
നാട്ടിലെ നല്ലോരു ജോലി കളഞ്ഞിട്ട്
പുത്തന്‍ ജീവിത സൌഭാഗ്യങ്ങള്‍
കെട്ടിപ്പടുക്കുവാനായി നീ....
ഭര്‍ത്താവുമൊന്നിച്ചുടന്‍ തന്നെ
ദൂരേക്കു പറക്കുകയാണു പോലും
അച്ഛനോടൊന്ന് പറയുവാന് 
നിനക്കൊന്ന് തോന്നിയില്ല്ലല്ലോ 
എന്നൊരു വൈഷമ്യം മാത്രം
എത്ര ശ്രമിച്ചിട്ടുമുള്ളില്‍ 
വല്ലാതെ വിങ്ങുന്നു....
ഏറെ പഴകി തുരുമ്പിച്ചതാണ്
അച്ഛന്റെ മനസ്സ്...
ശുഷ്കിച്ചുണങ്ങിയ മരക്കൊമ്പുകള്‍ ഞങ്ങള്‍
എന്നും നീ ഞങ്ങള്‍ക്കൊരാശ്രയമായി
കണ്‍വെട്ടത്തുതന്നെയുണ്ടാകണമെന്ന്
വെറുതെ ആശിച്ചു പോയി
വെറും സ്വാര്‍ത്ഥവിചാരത്തിനച്ഛന്‍
ചോദിക്കുന്നു നിന്നോട് മാപ്പ്

എന്തെന്നറിയില്ല....
എന്തോ വീണതു പോലെ....
കണ്ണിനത്തൊരെരിച്ചില്‍...
വല്ലാത്തലച്ചിലായിരുന്നല്ലോ...
കുറെ നാളായി....
തപ്തഹൃദയനെങ്കിലും അച്ഛന്‍
കണ്ണടച്ച് ഉള്ളുരുകി നിനക്കായൊന്ന്
പ്രാര്‍ത്ഥിച്ചു കൊള്ളട്ടെ...
മകളേ.. മംഗളങ്ങള്‍  നേരുന്നു....

( വൃദ്ധ പിതാവിനൊപ്പം നിന്ന് കവിയും ആ മകളുടെ പുത്തന്‍ ജീവിതയാത്രയ്ക്ക് എല്ലാ മംഗളങ്ങളും നേരുകയാണ്... നിങ്ങളും ഒരു നിമിഷം അവള്‍ക്കായി പ്രാര്‍ത്ഥിക്കുമല്ലോ....)

2013, ജൂലൈ 29, തിങ്കളാഴ്‌ച

ഇരുള്‍ നിലാവില്‍ ഒരു കിളിവാതില്‍ ............

പ്രിയ ബ്ലോഗ് സുഹൃത്തുക്കളെ,

           ഇരുള്‍ നിലാവ് 10000 പേജ് സന്ദര്‍ശനങ്ങള്‍ പൂര്‍ത്തിയാക്കുകയാണ്. ഏതാണ്ട് ഒരു വര്‍ഷത്തിന് മുമ്പ് ഒഴിഞ്ഞ് ശൂന്യമായമനസ്സുമായിട്ടാണ് ഞാനെന്റെ ബ്ലോഗിംഗ് പ്രവര്‍ത്തനം ആരംഭിച്ചത്. ജീവിത മരുഭൂമികയുടെ നടുക്ക് ഒരു പച്ചത്തുരുത്തായിരുന്നു എനിക്ക് കവിതയെങ്കിലും ഇടയ്ക്ക് ഒരു ചുഴലിക്കാറ്റില്‍ ദിക്കുതെറ്റി കുറച്ചു നേരം നടന്ന് പിന്നെ പിന്തിരിഞ്ഞു നോക്കുമ്പോഴേക്കും ആ തുരുത്ത് എന്നില്‍ നിന്ന് എന്നന്നേക്കുമായി അകന്നു പോയിരുന്നു..ഒരു വിളിപ്പാടകലെ മാത്രം നിന്ന് അതിന്റെ തണുത്ത് സുഖദമായ കാറ്റ് വീശിക്കൊണ്ടിരുന്നിട്ടും,അത് എന്റെ ദൃഷ്ടിപഥത്തില്‍പ്പെട്ടതേയില്ല...ഒന്നും രണ്ടുമല്ല....പന്ത്രണ്ട് വര്‍ഷങ്ങള്‍ അങ്ങനെ വെറുതെ  കൊഴിഞ്ഞു പോയി.ഇന്ന് അപരിചിതരായ സഹചാരികളുടെ കാല്പാടുകള്‍ പിന്തുടര്‍ന്ന്,അവര്‍  പകര്‍ന്നു തന്ന മിന്നാമിനുങ്ങിന്റേതു പോലെയെങ്കിലും ദിവ്യമായ വെളിച്ചത്തില്‍ ആ തുരുത്ത് ഞാന്‍ കണ്ടെത്തി കഴിഞ്ഞിരിക്കുന്നു.....എഴുതുന്നതെല്ലാം കവിതയാണോയെന്ന് നിശ്ചയമില്ല...എങ്കിലും എഴുത്തിന്റെ സ്പന്ദനം നിലയ്ക്കാതെ ഹൃദയത്തില്‍ അലയടിക്കുന്നുണ്ട്.....ആ ആത്മാനുഭൂതി വീണ്ടെടുക്കാന്‍ സഹായിച്ചതിന് നന്ദി രേഖപ്പെടുത്തേണ്ട ഒരു പാട് പേരുണ്ട്.....അജിത് സാര്‍,സൌഗന്ധികം, ഡോ: പ്രേംകുമാരന്‍ നായര്‍ മാലങ്കോട്, തങ്കപ്പന്‍ സാര്‍, അറങ്ങോട്ടുകര മുഹമ്മദ് സാബ്, അനീഷ് കാത്തി, ബൈജു മണിയങ്കാല, നിധീഷ്-അമൃതം ഗമയം, . ഭാനു കളരിയ്ക്കല്‍,  ശ്രീജേഷ് നാരായണന്‍, . പ്രദീപ്കുമാര്‍ മാഷ്,  വിനോദ്, ശരത് പ്രസാദ്, സലീം കുലുക്കല്ലൂര്‍, സോണി, വിവക്ഷു,  പി.വി. മധുസൂതനന്‍ സാര്‍, നികുഞ്ചം അഭൂതി..... പിന്നെയും ഒരു പാട് പേര്‍....ഇരുള്‍ നിലാവില്‍ ഒരിക്കലെങ്കിലും വന്നിട്ടുളള എല്ലാ സുഹൃത്തുക്കള്‍ക്കും ഈ അവസരത്തില്‍ എന്റെ ഹൃദയംഗമമായ നന്ദി അറിയുച്ചുകൊളളട്ടെ

                                                                        സ്നേഹാദരങ്ങളോടെ
                                                                                    പ്രാര്‍ത്ഥനയോടെ
                                                                                            അനുരാജ്. കെ.എസ്സ്
                                                                                            കോട്ടയ്ക്കകത്ത് തറയില്‍
                                                                                            തൊടിയൂര്‍ നോര്‍ത്ത്. പി. ഒ
                                                                                            കരുനാഗപ്പളളി, കൊല്ലം
                                                                                            ksanurajveo@gmail.com

2013, ജൂലൈ 26, വെള്ളിയാഴ്‌ച

പട്ടിയഴിഞ്ഞ് കിടപ്പുണ്ട്...സൂക്ഷിക്കുക...




പട്ടിയഴിഞ്ഞ് കിടപ്പുണ്ട്...സൂക്ഷിക്കുക
പടികയറിവരുമ്പോളൊന്ന്  നോക്കണേ
വേലിക്കമ്പു വളര്‍ന്നു കിടപ്പുണ്ട് ചുറ്റിലും
ഇത്തിരി കനത്തിലൊരണ്ണമൊടിച്ച് കൈയില്‍
കരുതിയാല്‍ അത്രയും നന്ന്....

മുഴുത്തയിനമാണവന്‍........
കടിക്കുകയില്ലങ്കിലും
കുരച്ചു ചാടിവരാനിടയുണ്ട്...
കുതിപ്പുകണ്ടാല്‍ ആരും പകച്ചു പോകും
നരച്ച പക്ഷിയേപ്പോലുളള
പ്രാണനില്‍ പാതിയുമപ്പഴേ
പറന്നു പോകും....!

കഷ്ടകാലത്തിനെങ്ങാനും കയറിപ്പിടിച്ചാല്‍
വട്ടത്തിലുളള ഇഞ്ചക്ഷനല്ലയിപ്പോള്‍
എന്നൊരാശ്വാസം മാത്രം...!

വാര ഫലമൊട്ടും നന്നല്ല....
മാനഹാനിക്കിടയുണ്ട്..ധനനഷ്ടത്തിനും..!
മിത്രങ്ങള്‍ ശത്രുക്കളാകാതെ നോക്കണമെന്ന്
പ്രത്യേകം പറഞ്ഞിട്ടുണ്ടതില്‍...

ഇന്നലെ രാത്രിയില്‍ ഒച്ച ബഹളം
വെച്ചൊടുവില്‍
തുടല്‍ ചങ്ങലക്കണ്ണി പൊട്ടിച്ചെറിഞ്ഞി
കൊണ്ടെങ്ങോട്ടോ ഓടിയതാണവന്‍
ഇന്നു പുലര്‍ച്ച നോക്കുമ്പോഴുണ്ട്
മുറ്റത്തു തന്നെ കിടക്കുന്നു....

ശങ്ക തീര്‍ക്കാനെന്നവണ്ണം
തന്ത്രത്തില്‍ ഞാനൊന്നിറങ്ങി പുറത്ത്
മന്ദനെപ്പോലെ പതുങ്ങിച്ചെന്നവനെ
യൊന്ന് പൂട്ടുവാന്‍ നോക്കുമ്പോഴുണ്ട്
പിന്നെയുമെന്നെ പറ്റിച്ചു കടന്നു
കളഞ്ഞല്ലോ......!
അന്തം വിട്ട് കുന്തം വിഴുങ്ങിയപോല്‍
ഞാന്‍ മുറ്റത്തുതന്നെ നിന്നേറെ നേരം

കൊത്തി നുറുക്കിയിട്ട്.....
കൊത്തമല്ലിയും, മുളകും പുരട്ടി
വരട്ടിയെടുത്തോരു ചിക്കന്റെ കഷ്ണങ്ങള്‍
അല്പം ബാക്കിയുണ്ടായിരുന്നല്ലോ ഫ്രിഡ്ജില്‍...
ഒട്ടു മനസ്സില്ലാ മനസ്സോടെയാണെങ്കിലും
അതൊന്നെടുത്ത് പരീക്ഷിച്ചു നോക്കി
എന്നിട്ടും വരുന്നില്ല ശുനകന്‍...
ദൂതെ നിന്ന് വാലാട്ടി കാണിച്ച്
തഞ്ചത്തില്‍ നില്ക്കുകയാണവന്‍
കെട്ടും മൂട്ടില്‍ വന്ന് തലകുമ്പിട്ട് നിന്ന്
തരാനവന് ഇന്ന് നല്ല മനസ്സില്ലത്രെ...!
എന്തനുസരണയെന്ന് നോക്കണേ...?

എന്തോ കണ്ട് ചെവിവട്ടം കൂര്‍പ്പിച്ചവന്‍
നോക്കുന്നുണ്ടല്ലോ.....?
ആരോ വരുന്നതുപോലെ തോന്നുന്നുവല്ലോ...?
കണ്ണടച്ചു ഞാനൊന്ന് പ്രാര്‍ത്ഥിച്ചു കൊളളട്ടെ
വാരഫലങ്ങള്‍ നേരാകരുതേ.....!!


2013, ജൂലൈ 25, വ്യാഴാഴ്‌ച

കര്‍ക്കിടകം ഒരു കളളി കാക്കാത്തി....

( കാക്കാത്തിമാര്‍ പൊറുക്കുക.........) 


കര്‍ക്കിടകം വന്നിന്നലെ
കളളിയാം കാക്കാത്തിയെപ്പോലെ....
മുറ്റത്ത് വന്നല്പനേരം പതുങ്ങിനിന്നവള്‍
ലക്ഷണ ശാസ്ത്രം പറയുവാന്‍ തുടങ്ങി...

കട്ട മൂക്കളയൊലിപ്പിച്ച് അമ്മതന്‍ ചേലയില്‍
എപ്പോഴും ചുറ്റിപ്പിടിച്ചു നടക്കും
കൊച്ചു പെണ്ണെരുത്തി മകളപ്പോലെ
മഴചാറ്റലുമുണ്ടായിരുന്നു....

മുറുക്കിച്ചുവപ്പിച്ച്, നീട്ടിക്കുറുക്കിത്തുപ്പി
കെട്ടു ഭാണ്ഡമൊന്നഴിച്ച് താഴെവെച്ചു....
ദുരിത ദുഖങ്ങള്‍ നനഞ്ഞ വിഴുപ്പുകെട്ടുപോല്‍
കനച്ചു നാറുന്നുണ്ടായിരുന്നതില്‍
വിലക്കി നോക്കിയിട്ടെന്തു കഥ.....!

കൊച്ചു തിണ്ണപ്പടിമേലിരുന്നവള്‍
കലപില വര്‍ത്തമാനം തുടങ്ങി
വാക്കുകള്‍ കുഴഞ്ഞൊന്നുമേ
വ്യക്തമായികേള്‍ക്കുവാനും കഴിഞ്ഞില്ല
ചോര‍ കല്ലുമൂക്കൂത്തി വിയര്‍പ്പണിഞ്ഞ്
തിളങ്ങുന്നതു പോലെ.......
ഇടയ്ക്ക് സൂര്യനൊന്നൊളിച്ചു നോക്കി
മറഞ്ഞൂ....

ഒരു പിടിയരിയും,ഒരു മുറിതേങ്ങയും
തലയില്‍ തേച്ചു കുളിക്കാനൊരല്പമണ്ണയും
കുട്ടിക്കു കഴിക്കാന്‍ പ്രതലിന്‍ വിഭവും
ഉടുത്തൊത്തിരി പഴകാത്ത ചേലയും ചോദിച്ചവള്‍
തഞ്ചത്തിലങ്ങനെ നില്ക്കുകയായിരുന്നല്ലോ..?

പെരുങ്കളളീ അവളെക്കുറിച്ച്
ഞാനൊരുപാട് കേട്ടിരിക്കുന്നുവല്ലോ....?
ഒന്നു കണ്ണുവെച്ചാല്‍ അതും കൊണ്ടേ മടങ്ങു
എന്നാണല്ലോ വര്‍ത്തമാനം....
അനുഭവസാക്ഷ്യങ്ങള്‍
എനിക്കുമുന്നിലുമുണ്ടായിരുന്നല്ലോ..

കളളത്തരമെന്നറികിലും
ഉള്ളം കൈ നിവര്‍ത്തി......
ഞാനവളുടെ മുന്നിലിരുന്നൂ...
വൃഥാ  വാക്കുകള്‍ കേട്ട്
ഉള്‍പ്പുളകം കൊണ്ടു......                           
ദൃഷ്ടി ദോഷമതൊന്ന് മാത്രമരുതേ
എന്ന പ്രാര്‍ത്ഥനയൊടെ........!

കര്‍ക്കിടകം വന്നിന്നലെ
കളളിയാം കാക്കാത്തിയെപ്പോലെ....
മുറ്റത്ത് വന്നല്പനേരം പതുങ്ങിനിന്നവള്‍
ലക്ഷണ ശാസ്ത്രം പറയുവാന്‍ തുടങ്ങി...