ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2015, ഫെബ്രുവരി 21, ശനിയാഴ്‌ച

തൂത്തുവാരുവാന്‍ ഒരു ചൂല്......

തൂത്തുവാരുവാനൊരു
ചൂലുവേണം........നമുക്കും
നല്ല ഈര്‍ക്കിലടുക്കള്ളത്
ചീര്‍ത്തട്ടു നാറിക്കിടക്കുന്നു
വീടും പരിസരവും...
മൂക്കുപൊത്താതെ
നടക്കുവാന്‍ വയ്യ...!!

തഞ്ചം പറഞ്ഞു പറഞ്ഞു
പഞ്ചാരചിരിയുമായി
ആ തന്തയും തള്ളയും കൂടി
വന്നു കെഞ്ചിയപ്പോള്‍
മുന്‍ പിന്‍ നോക്കാതെ
നമ്മളൊരഞ്ചു വര്ഷ‍ത്തേക്കു
ചുമ്മാതെ വാടക തീറെഴുതി
ക്കൊടുത്തതാണീ വീട്.....
സ്വന്തമെന്നപോല്‍
നോക്കി നടത്തുമെന്നു
കരുതി നാം വൃഥാ...
പക്ഷേ........
ചെന്തെങ്ങില്‍ നോക്കി
ആര്‍ത്തിപിടിക്കുമവരുടെ
കണ്ണുകള്‍ കണ്ടില്ല
അന്നു നമ്മള്‍...

കാട്ടു പൊന്തക്കാട്ടില്‍
കാലെടുത്ത് വെച്ച പോല്‍
മുറ്റം കിടക്കുന്നു.....
കൂട്ടിയിട്ടിരിക്കുന്നു മുറിനിറയേ
വിഴുപ്പുകെട്ടുകള്‍
കനച്ചു നാ​‍റുന്നു.......
തിന്നും കുടിച്ചും
ഉന്മാദിച്ചുപേക്ഷിച്ച
പാത്രങ്ങളും.....
എച്ചില്‍ പുരണ്ടുചിതറിക്കിടക്കുന്നുണ്ട്
തച്ചുവിധിക്കനുസരിച്ചു
പണിത തീന്മേശയില്‍...

തീച്ചിതല്‍ പടര്‍ന്നിരിക്കുന്നു
ഉത്തരകഴുക്കോലുകളിലും
ചാഴികുത്തിത്തുരന്നിട്ടിരിക്കുന്നു
താഴും താക്കോലുമുള്ള
പത്തായപ്പുരയിലും...

നീളെ മു​‍റുക്കി  ചുവപ്പിച്ച്
നീട്ടി തുപ്പി മുറ്റമാകെ
ചാരു കസേരയില്‍ ചാഞ്ഞു കിടന്ന്
ഗീര് വാണം  പറയുന്നുണ്ട്
 വീട്ടുവാടകക്കാരന്‍
കാരണവരപ്പോഴും….
കോണകമുരിഞ്ഞയയില്‍
തൂക്കിയിട്ടുണ്ട്......
കൊടിയടയാളമായി...

നോക്കിയേ എന്തു നന്നായിട്ടാണു
ഞങ്ങള്‍ വീട് നോക്കുന്നത്...?
കാക്കുവാനാകുമോ
മറ്റാര്ക്കെ‍ങ്കിലുമിങ്ങനെ........?
ചീട്ടു പുതുക്കേണ്ട കാലമാകുന്നു
പോലും........
ഒരഞ്ചു വര്ഷ‍ത്തേക്കു കൂടി...

ആട്ടിയിറക്കേണ്ട നാളുകളെന്നേ
കഴിഞ്ഞു...ചൂലു കൊണ്ട്…..!
തീപ്പൊരി ചിതറിയതു കണ്ടില്ലേ
നിങ്ങളും ദൂരെയെങ്ങോ……?
തൂത്തു കൂട്ടി ചൂട്ട് കത്തിച്ച് 
തീയിടാന്‍ നേരമാകുന്നു…..!!

തൂത്തുവാരുവാനൊരു
ചൂലുവേണം........നമുക്കും
ചീര്‍ത്തട്ടു നാറിക്കിടക്കുന്നു
വീടും പരിസരവും...


2015, ഫെബ്രുവരി 5, വ്യാഴാഴ്‌ച

കവിതേ...നിനെക്കെന്തുപറ്റി...?

കവിതേ...കവിതേ...
കരയുകയാണോ നീ....
മിഴിരണ്ടും തോരാതെ..?
കരിമഷിയെഴുതിയ
കണ്ണു കലങ്ങിയല്ലോ...?
മുടിയില്‍ നീ ചൂടിയ
കുടമുല്ലപ്പൂക്കളും
വാടിക്കരിഞ്ഞല്ലോ..?
കിലുകിലെ താളം മുഴക്കി
നിന്‍ കാല്‍ വെണ്ണക്കുളിരില്‍
പുളകം കൊണ്ടു നടന്നൊരാ  
വെള്ളിക്കൊലുസിന്‍റെ
അലമണികള്‍ പൊട്ടി
ത്തകര്‍ന്നിട്ടതിന്‍
നാദവുമെന്നേ നിലച്ചല്ലോ...

അണിവയറില്‍ അരഞ്ഞാണ
ച്ചരടില്‍ നീയണി
യാറുണ്ടായിരുന്നോരാ
സ്വര്‍ണ്ണത്തകിടിലെഴുതിച്ച
നാഗത്തലയുള്ളോരേലസ്സു
മഴിഞ്ഞുപോയല്ലോ.....?

കവിതേ...കവിതേ...
മിഴി രണ്ടും പൊത്തി
നീ കരയുകയാണോ…?

കപടമാം പ്രണയത്തിന്‍
പേരു പറഞ്ഞ്
അരുതാത്തതാരാണ്
നിന്നോട് ചെയ്തത്......?
അയലത്തെ തറവാട്ടില്‍
അവധിക്കു മാത്രം
അതിഥിയെപ്പോലെ
വന്നെത്തുവാറുള്ളോരരുമയാം
പെണ്‍കിടാവായിരുന്നല്ലോ
നീ......

പൂക്കള്‍ വിടരും
തൊടിയിലും………
മലര്‍വള്ളിക്കുടിലിലും
തിരുമുറ്റത്തരമതില്‍
തണലിലും……
പൂമുഖചാരുപടിക്കോണിലും
നീ പാറിനടന്നേതോ
വര്‍ണ്ണശലഭത്തെപ്പോലെ

നിറവാര്‍ന്ന സന്ധ്യയില്‍‍
നറുതിരിയിട്ടോരാട്ട
വിളക്കിന്നുമുന്നില്‍
ഈറത്തുകില്‍ മാറ്റി
വന്നു നീ……
സഖിമാരുമൊത്തു നിന്‍
നടനം തുടര്‍ന്നു.....
കളിചിരി മുഴങ്ങി..
കൈവളകള്‍ കിലുങ്ങി
കാല്‍ത്തളത്താളത്തില്‍‍
നിന്‍ നിറലാവണ്യം
നിറഞ്ഞു തുളുമ്പി...

അതുകാണ്‍കെ.......
അതുവരെയറിയാത്തേതോ
അനുഭൂതിതന്‍ അലയൊലികള്‍
വന്നു നിറഞ്ഞെന്‍റെ
വ്യതിഥ ഹൃദയത്തിലും
കുളിരില്‍ മുങ്ങിയ
ശിശിര നിലാവില്‍
ഞാനെന്‍ കൊച്ചു
മണ്‍കുടിലിന്‍
കിളിവാതില്‍ തുറന്നിട്ട്
പ്രണയിനീ.....
നിന്നെ നോക്കിയിരിക്കാറു
ണ്ടായിരുന്നുരുന്നു
വെറുതെയേറെ നേരം
കരളിന്‍കയത്തില്‍ നിന്ന്
ഒരു  പൂവിറുത്തോമനേ
നീ വരും വഴിയരികില്‍
ഞാന്‍ കാത്തു നില്ക്കുമായിരുന്നു
അരികില്‍ നീയെത്താറാകുമ്പോള്‍
വെറുതെയെന്‍ നെഞ്ചുമിടിച്ചു
നിന്‍മിഴിമുന കൊള്ളാന്‍
കരളുറപ്പില്ലാതെ
ഞാന്‍ പിന്‍ വലിഞ്ഞു
പഥികനാം പാട്ടുകാരന്‍
ഞാന്‍.....
നിന്നെ പ്രണയിക്കാനെനി
ക്കെന്തര്‍ഹത...?

ഒരുനാള്‍....ഒരുനാള്‍
ഏതോ ദുരിതക്കയത്തില്‌‍‍
വീണാ തറവാടുമുങ്ങിപ്പോയി
അരുമായായി നിന്നെ
പോറ്റി വളര്‍‌ത്തിയ
തറവാട്ടുകാരണവരും
മൃതിയായി........
ഇളമുറക്കാരോ പിരിഞ്ഞു
പോയി....
തമ്മില്‍ കലഹിച്ച്
പലവഴിക്ക്.....
നിന്നെയും കൂട്ടിയില്ലവരാരുമേ
തകരും തറവാട്ടില്‍
നീമാത്രമേകയായ്
പടികടന്നെത്തി
പതുക്കെ അനാഥത്വം
വറുതിക്കിടയിലും
ചിലര്‍ വന്നു.....
ചോരതുടിക്കും നിന്‍
തളിര്‍ മേനിയിലായിരുന്ന
വരുടെ നോട്ടം....

ഒടുവില്‍ ഒരുവന്‍ വന്നു
തലമുടി നീട്ടി വളര്‍ത്തി
തോളില്‍ തുണിസഞ്ചിയേന്തി
ജഢകെട്ടുമൂശാന്‍ താടി
ചൊറിഞ്ഞുകൊണ്ട്
അരവട്ടനവനെപ്പോല
അവനെന്തോപിറുപിറുത്തു...
അറിയില്ലതെന്താണ് രഹസ്യം..
തലകുമ്പിട്ടു നീ
അവനോടോപ്പമിറങ്ങിപ്പോയി
തകരും നെഞ്ചോടെ
ഞാനെന്‍ കുടിലിന്റെ
ഇറയത്തു നിന്നതുകണ്ടു

പിന്നെയാ കിളിവാതില്‍ 
തുറന്നില്ല ഞാനൊരു
നാളും…….
ശപ്തമാ തറവാടിന്‍റെ
ജീര്‍ണിച്ച ഉത്തര
കഴുക്കോലു കാണുവാന്‍....

മാഞ്ഞുപോയില്ലെന്നാലും
നീയും നിന്‍ സ്മൃതികളും
മഴപെയ്തു തോര്‍ന്നേതോ
സന്ധ്യയില്‍......
ഉടുതുണിയാകെ കീറിപ്പറിഞ്ഞു
ഉടലാകെ ചോര പുരണ്ട്
നീയീവഴി അലറിക്കരഞ്ഞു
കൊണ്ടോടിപ്പോയി
അതുകണ്ടു ഞാനും
പകച്ചു പോയി......
കഥയന്വേഷിച്ചു പോകെ
ഞാനറിഞ്ഞൂ....
വെറും വിടനായിരുന്നു
അവനെന്നു പോലും
അരമുറിബീഡിതന്‍
ലഹരിക്കായി
പണയം വെച്ചവന്‍
നിൻ പൊൻ താലിയും
വിലപേശിവിലയിട്ടു  
നിന്‍റെ മാംസം
നഗരത്തെരുവില്‍
വില്പനയ്ക്കായ് വെച്ചു...
ഇരുളില്‍
മൃതയായി നീ കിടക്കുമ്പോഴും
കൊതിയോടെ പലരും വന്നു
പാത്തും പതുങ്ങിയും.....
നീയുമായി ബലമായിണ
ചേര്‍ന്നു പോയി.....

സ്ഥലകാലമില്ലാതെ
സ്മൃതി ഭ്രംശം വന്നര
ഭ്രാന്തിയായി
വെറുമൊരു
നഗരകാഴ്ചയായി
വ്രണമൊലിപ്പിച്ച്
നീയലയുന്നു....
കണ്ടവര്‍ കണ്ടവര്‍‍
കണ്ണു പൊത്തുന്നു
പണ്ടു നിന്നെ പ്രണിയിച്ചവരും....
വഴിമാറിപ്പോകുന്നു..

കവിതേ...നിനക്ക് വന്ന
ഗതിയിതോര്‍ക്കെ
അറിയാത്തേതോ കുറ്റബോധം
എന്നിലും വന്നു നിറയുന്നു
ആത്മരതിതന്‍
അവിവേകത്തില്‍
അറിയാതെങ്കിലും
നിന്നോട് ഞാന്‍ പണ്ട്
അവിവേകം ചെയ്തു
പോയിട്ടുണ്ടെങ്കില്‍
പറയുന്നു കവിതേ
മാപ്പ്.......

കവിതേ...കവിതേ...
കരയുകയാണോ നീ...?