ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2013, സെപ്റ്റംബർ 25, ബുധനാഴ്‌ച

ശരിയോ...തെറ്റോ എന്ന് പറയാമോ....?

ശരിയോ...തെറ്റോ എന്ന് പറയാമോ....?
ശരിയാണെങ്കിലും... ശരി....ശരി....
തെറ്റാണെങ്കിലും ശരി....ശരി......

ശരികള്‍ക്കിടയിലൊരുതെറ്റ്
ഒളിഞ്ഞു നിന്ന് കൊഞ്ഞനം
കുത്തുന്നില്ലേ....?
തെറ്റുകള്‍ക്കിടയിലൊരു
ശരി നിന്ന് ഞെരിപിരി കൊള്ളുന്നില്ലേ..?

ശരികള്‍ക്കിടയിലൊരു വലിയ ശരി
തലനീട്ടി നോക്കുന്നില്ലേ...?
തെറ്റുകള്‍ക്കിടയിലൊരു
വലിയ തെറ്റ് നിന്ന്.....
മീശതുമ്പ് വിറപ്പിക്കുന്നില്ലേ....?

പണ്ട് ഉത്തരക്കടലാസില്‍
ശരിയെന്നെഴുതിയപ്പോള്‍
തെറ്റിട്ടു വെച്ചില്ലേ മാഷ്.....?
തെറ്റെന്നെഴുതിയപ്പോള്‍
ശരിയും വരച്ചില്ലേ....?

ശരിശരിയെന്നപോലെ
ശരി തെറ്റും......
തെറ്റ് തെറ്റെന്നപോലെ
തെറ്റ് ശരിയുമാകാമെന്ന്
അന്നു പഠിച്ചില്ലേ പാഠം..
ശരിയല്ലേ.......?
ശരിശരി...എന്നാലുത്തരും
പറയാമോ.....?
ഒറ്റവാക്കില്‍ തന്നെ.....
( ആകെ കണ്‍ഫ്യൂഷനായി  അല്ലേ......?)

2013, സെപ്റ്റംബർ 23, തിങ്കളാഴ്‌ച

കവിത വരുമ്പോള്‍........

കവിത....!..... മധുരതരമായ ഏതോ സ്വപ്നം പോലെ അവള്‍ ഈ ഇടവഴിയോരത്ത് കൂടി............... ഇടയ്ക്കിടയ്ക്ക്   മൃദുലമായ കാലൊച്ചയുമായി കടന്ന് പോകാറുണ്ടായിരുന്നു.... ഇപ്പോള്‍ കണ്ടിട്ട് കുറെ നാളുകളാകുന്നു...എന്തു പറ്റി...ഒരു നിശ്ചയവുമില്ല....ശപ്തമായ എന്റെ ഹൃദയ ഭൂമിക വീണ്ടും ഹരിതാഭ യണിയിക്കുവാന്‍ ഇനി അവള്‍ വരില്ലേ....?അതിനെക്കുറിച്ച് ആശങ്കപ്പെട്ട് എനിക്ക് ഒരു സമാധാനവുമില്ല......!

കവിതേ നീ വരുമോ......
എന്‍ ഹൃദയത്തിലേക്കുളള
ഇടവഴിയിലൂടാരും കാണാതെ
കളിവാക്കിന്‍ മുനകൊണ്ട്
പരിഭവത്തോടാ തണല്‍
മരച്ചോട്ടില്‍ തന്നെ......
നീ വെറുതെ പിണങ്ങി 
നില്ക്കുകയാണോ.......?
ഒളികണ്ണാല്‍ ഞാന്‍ നിന്നെ
നോക്കുമ്പോഴുണ്ട്
കവിളിണയില്‍ വിരിയുന്നുണ്ടൊരാ
കന്മഥ പൂക്കള്‍......!
അതു കാണ്‍കെ ഭ്രമരങ്ങളെപ്പോല്‍
തുടികൊളളുന്നുണ്ടെന്നധരങ്ങളും.....!

കനകച്ചിലങ്കതന്‍ താളമേളങ്ങളില്ലെങ്കിലും
കണങ്കാലിലുമ്മവെച്ചു കളിക്കുമാ
വെള്ളിക്കൊലുസിന്റെ
നിസ്വനം മാത്രം മതി......

നിറമേഴും അഴകുളള ഞൊറിവെച്ച
കൈയുളള ബ്ലൌസുമിട്ട്.....
കാറ്റത്തിളകിയാടും പുളളിപ്പാവാട
മെല്ലയൊതുക്കി.....
തരള പത്രങ്ങളെപ്പോല്‍
പുതുമണം മാറാത്തൊരാ പുസ്തക
കെട്ടുകള്‍ മാറോട് ചേര്‍ത്ത്
കവിതേ നീ വരുമോ.....
എന്‍ ഹൃദയത്തിലേക്കുളള
ഇടവഴിയിലൂടാരും കാണാതെ.....!

ഇരുളും വെളിച്ചവും....
നിഴലും നിലാവും.....
ഇണചേര്‍ന്നു കിടക്കുമാ
വഴിയേറെ വിജനമാണെങ്കിലും
പരിഭ്രമം വേണ്ട....
കരളിന്‍ കയത്തിലെ
പൂവിറത്തുകൊണ്ട്
ഞാനരികില്‍ത്തന്നെയുണ്ട്....

കടമിഴികണ്ണുകള്‍കൊണ്ട്
നീയെന്നെയൊന്ന് നോക്കുകില്‍
സ്വരരാഗങ്ങളെന്‍ വ്രണിതമാം
ഹൃദയത്തിലും വന്നു നിറഞ്ഞേനെ...

മനസ്സിന്‍ മണിമുറ്റത്ത്
മധുരമാം സ്വപ്നങ്ങള്‍കൊണ്ട്
ഞാനൊരു പൂക്കളം തീര്‍ത്തിട്ടുണ്ട്
ഹൃദയത്തിന്‍ ചില്ലയില്‍
സ്മൃതികളാം വള്ളികൊണ്ട്
ഒരൂഞ്ഞാലും കെട്ടിയിട്ടുണ്ട്
വെറുതെ മടുക്കുമ്പോള്‍
അധരങ്ങളില് മൂളാറുള്ളൊരാ
പഥിക ഗീതത്തിന്‍ ഈണവുമായി
വെറുതെ വന്നിരുന്നൊ
ന്നാടുവാനായി......

മൃദുലമാ കാലിണകള്‍
ആകാശത്തിലേക്കായം കിട്ടുവാനായി
നീയെന്‍ ഹൃദയ ഭൂമികയിലാഴ്ത്തുകില്‍
ഞാനും തരളിതനായൊരു
ഗായകനായി പാടിയേനെ..... !  

2013, സെപ്റ്റംബർ 6, വെള്ളിയാഴ്‌ച

ബലി സ്മൃതികളിലില്ലാത്ത ചിലര്‍......

കര്‍ക്കിടക വാവിന്
ബലിതര്‍പ്പണം കഴിഞ്ഞു ഞാന്‍
മടങ്ങാനൊരുങ്ങവേ......
എങ്ങു നിന്നോ  കുഞ്ഞിത്തിരയൊരെണ്ണം
തുളളിച്ചാടി കിതച്ചുവന്നെന്റെ
കൈയില്‍ മുറുകെപ്പിടിച്ചുകൊണ്ട്
ചോദിച്ചു.....
എന്നെയറിയില്ലേ....എന്നെയറിയില്ലേ..?

ഉളളുപൊളളിപ്പോയതിന്റെ
തണുത്തകൈവരിലുകളെന്‍
നെഞ്ചില്‍ സ്പര്‍ശിച്ചപ്പോള്‍
അന്യതാബോധത്തോടാ
ത്തിരത്തളളലില്‍നിന്നു ഞാനുലഞ്ഞു..
എള്ളും പൂവും ദര്‍ഭപുല്ലിഴകളും
മന്വന്തരങ്ങളിലൂടെന്നവണ്ണം
എനിക്കു ചുറ്റിലുമൊഴുകി നടന്നു....

ഇല്ല കുഞ്ഞേ നിനക്കാളുമാറിപ്പോയി
എന്നു പറഞ്ഞുകൊണ്ടാ കൈകള്‍
വിടര്‍ത്തി ഞാന്‍ മുന്നോട്ട് നടക്കവേ....
വീണ്ടുമാത്തിര വന്നെന്നെ
ചുറ്റിപ്പിടിക്കുന്നു..!

ഇല്ലാളുമാറിയിട്ടില്ല....
എങ്ങനെമാറുമെന്നച്ഛനെ.....
ആ രക്തബിന്ദുബിന്ദുവില്‍ നിന്നുയിര്‍‌
കൊണ്ടതാണല്ലോ ഞാനും.....
എന്തിത്ര ധൃതി.....?
പെട്ടന്ന് വന്നിട്ടങ്ങ് പോകുവാന്‍
ആണ്ടിലൊരിക്കല്‍ മാത്രമല്ലേ....?

ദൂരെയാ പഞ്ചസാര പൂഴിമണ്‍തിട്ടപ്പുറത്തിരുന്ന്
ഇങ്ങോട്ട് നോക്കി എന്തോ കളി പറഞ്ഞ്
ചിരിക്കുന്നുണ്ടല്ലോ കുഞ്ഞുജ്യേഷ്ഠനുമായെന്നമ്മ..

ഒന്നിങ്ങു പോയി വിളിച്ചു കൊണ്ടുവരാമോ..?
മുങ്ങാം കുഴിയിട്ടു കളിക്കാമല്പ നേരം
ഞാനും നിങ്ങളുടെ പുന്നാരമകനായി
ജനിക്കേണ്ടിയിരുന്നതാണല്ലോ..?

നിങ്ങള്‍ക്കിടയില്‍ ഒട്ടും പ്രതീക്ഷിക്കാതെ
ശല്യമായിവന്നുകയറുമെന്നായപ്പോള്‍
അന്നാശുപത്രിയില്‍ വെച്ചെന്നെ
രഹസ്യമായി കൊന്നറിഞ്ഞതാണ്.....
ഓര്‍മ്മയില്ലേയൊട്ടും...!
എന്നിട്ട് കര്‍മ്മങ്ങളൊന്നുമേ ചെയ്തില്ലല്ലോ....?
എന്നെപ്പോലങ്ങനെ
ആഴക്കടലിലൊരുപാടു പേരുണ്ട്........
പേരും രൂപവുമില്ലാത്തവര്‍....!
ബലിസ്മൃതികളില്‍പ്പോലുമില്ലാത്തവര്‍
ഇല്ല ഞങ്ങള്‍ക്കതില്‍ പരിഭവമൊട്ടും
ദുരിത ദുര്‍മേഘങ്ങള്‍ നിറഞ്ഞൊരീ
കപട ലോകത്ത് ജനിക്കാഞ്ഞതേ
എന്തോ .....മഹാഭാഗ്യം...!