ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2014, മേയ് 29, വ്യാഴാഴ്‌ച

ചെവിയില്‍ ചൂടുവാനൊരു ചെമ്പരത്തി പൂവ്.....

ചെവിയില്‍ ചൂടുവാനൊരു
പൂവു വേണോ.....?
ചെവിയില്‍ ചൂടുവാനൊരു
പൂവു വേണോ....?
ധൃതി പിടിച്ച് ഞാന്‍
പായവേ
കാല്‍മടുത്താ പടിയിറ
ക്കത്തിലൊന്ന്
നെടുവീര്‍പ്പിട്ടിരിക്കെ
തൊടിയിലാ വേലിക്കരികില്‍
നിന്നൊരു ചെമ്പരത്തിച്ചെടി
ചോദിക്കുന്നു.......

ദളപുടങ്ങള്‍ വിടര്‍ത്തിയതിന്‍
പൂക്കള്‍ നോക്കി ചിരിക്കുന്നു
ചുകചുകന്നങ്ങനെ
ചോര തെറിപ്പിച്ച്.......
രസനാളികളില് 
മധുരസമതൂറുന്നു ശലഭങ്ങള്‍....

ചെവിയില്‍ ചൂടുവാനൊരു
പൂവു വേണോ....?

നെടുകെ ഛേദിച്ചതിന്‍
ചിത്രം പോലൊന്നെന്‍റെ
നെഞ്ചിന്നുള്ളിലിരുന്ന്
തുടിതുടിക്കുന്നുണ്ട്....
വ്യതിഥ സ്വപ്നങ്ങള്‍
നിറഞ്ഞതിന്‍ പേര്
ഹൃദയമെന്നാണ്
ഒരുവേള ഞാനത്
തുറന്നു കാട്ടുകില്‍
കപടലോകമത് പലതും
പറഞ്ഞുചിരിക്കും
നിങ്ങളും..........? 
പക്ഷേ പറയരുത് 
ചെമ്പരത്തി പൂവേ നീ മാത്രം
നിന്നില്‍ നിന്നടര്‍‍ത്തിയെടുത്ത്
നെഞ്ചിന്നുള്ളില്‍ ഒളിപ്പിച്ചതാണെന്ന്
അത്രമാത്രം.......


2014, മേയ് 23, വെള്ളിയാഴ്‌ച

വേലി ചായുന്നതിനുള്ള പ്രേരണകള്‍ .........



വേലിചായുവാന്‍
ഉള്ളിലൊരു പൂതി
വളരുന്നു.....
വേരുകള്‍ ആഴത്തില്‍
ആഴ്ന്നാഴ്ന്ന് പോയോരു
തേന്മാവു ഞാന്‍......


അപ്പുറത്തെ തൊടിയിലോരു
പിച്ചകപ്പൂവള്ളി
കാറ്റിലുലഞ്ഞ്
എത്തി നോക്കുന്നുണ്ട്
എന്ത് മുഗ്ധ ലാവണ്യമാണ്
എന്ത് സൌരഭ്യമാണ്...
മുത്തുപൊഴിയുംപോലുള്ളൊരാ
പാല്‍ച്ചിരി ഹൃത്തിലുടക്കി
വലിക്കുന്നു...

എങ്കിലും ഹാ......കഷ്ടം
പാഴ്മരത്തിന്‍ ചില്ലയതൊന്ന്
മാത്രമേ കിട്ടിയുള്ളൂ
പറ്റിച്ചേര്‍ന്നു വളരുവാന്‍
ഇപ്പുറത്തുണ്ടേതോ കാട്ടുകരിവള്ളി
ചുറ്റിപ്പടര്‍ന്നിട്ടു വല്ലാതെ ശ്വാസം
മുട്ടുന്നുണ്ട് തേന്മാവിന്...!

സൃഷ്ടിച്ചോരീശനു മറിയാതിരിക്കില്ലല്ലോ
പൂവുപൊട്ടി വിടരും
പോലുള്ളൊരീ ജീവിത ചോദന
ചിത്ര ശലഭങ്ങളായെന്‍റെ
ഉള്‍പ്പൂവിതളില്‍ നിന്നും
നെടുവീര്‍പ്പുകള്‍ പൊട്ടിവിടര്ന്നു
പറക്കുവാന്‍ കൊതിക്കുന്നു...
പക്ഷേയതിനാവില്ല...
ആഴത്തില്‍ വേരുകളാഴ്ന്നാഴ്ന്ന്
പോയോരു തേന്മാവ് ഞാന്‍....


2014, മേയ് 14, ബുധനാഴ്‌ച

നോട്ടയ്ക്ക് ഒരു വോട്ട്......


വോട്ടു ചെയ്യുവാന്‍
പോയിരുന്നോ സുഹൃത്തേ നീ...?
ഞാനും പോയിരുന്നു....
രാഷ്ട്രഭാരതത്തിന്‍ കൊടിക്കൂറ
പാറിക്കളിക്കുമാ
ശ്രേഷ്ഠമന്ദിരത്തിലേക്ക്
ആരെയെങ്കിലും പറഞ്ഞയക്കേണ്ടേ
നമ്മള്‍......
നമുക്കായി നൊന്തു പറയുവാന്‍

ബൂത്തിനു മുന്നില്‍ള്‍ത്തിരക്കേ
യുണ്ടായിരുന്നില്ല
ഗേറ്റിന്നരികില്‍ എന്തോ ഓര്‍ത്തുതികട്ടി
തീര്‍ത്തുമലസ്സനായൊരു
പോലീസുകാരന്‍ നില്പുണ്ടായിരുന്നു
അത്രമാത്രം....

ചാപ്പമഷികുത്തി വികൃതമാക്കിയ
വിരലിന്‍ നീറ്റലുമായ്
വോട്ടിംഗ് ക്യാബിനുള്ളിലേക്ക്
കയറവേ ഓര്‍ത്തെടുക്കാന്‍
നോക്കി ഞാനെന്‍റെ നാടിന്‍റെ
ചിഹ്നങ്ങള്‍.........

ആകൈ കാണ്‍കെ ഞാനറച്ചുപോയി
എത്രനാള്‍ നമ്മള്‍തന്‍ പൂര്‍വ്വികര്‍
മുഷ്ടിചുരുട്ടിയെറിഞ്ഞു
നേടിയതാണീ സ്വാതന്ത്ര്യം
ഇന്നതേ കൈകള്‍ എന്നെയും നിന്നെയും
വിറ്റിട്ടതിന്‍ മുന്‍പണംപറ്റി
ഒന്നുമറിയാത്തമട്ടില്‍ പിന്നെയും
വന്നുനില്ക്കുന്നു മഞ്ഞചിരിയുമായി
ഒന്നുകാര്‍ക്കിച്ചു
തുപ്പിടാതിരിക്കാനാകുമോ
നിങ്ങള്‍ക്കും.......?

പിന്നുണ്ടോരരിവാള്‍......
എന്നേ മൂര്‍ച്ചപോയി
വാത്തല മടങ്ങിയതാണ്
എറിഞ്ഞു കളയേണ്ട കാലവും
കഴിഞ്ഞൂ
എങ്കിലുമെന്തൊരു ഗര്‍വ്വമാണ്
പച്ചജീവനെ കൊത്തിനുറുക്കിയതിന്‍
ചുടുരക്തക്കറഇപ്പോഴുമതില്‍
പറ്റിപ്പിടിച്ചിരിപ്പൂ.....
എത്രനിങ്ങള്‍ പാടിപുകഴ്ത്തിയാലും
ദുഷ്ടജന്മങ്ങള്‍ക്ക് ഞാനെങ്ങെനെ
നല്കുമെന്‍ ഹൃത്തിന്‍ സമ്മതം..

ചേറില്‍ വളരുന്നതാണ് പണ്ടേയാ
ചെന്താമരയെങ്കിലും
കാണുവാനെന്തു ഭംഗിയായിരുന്നു
പക്ഷേ ഏതോ കാട്ടുശവം നാറിതന്‍
ഗന്ധമടിച്ചിട്ട് ഓക്കാനവും വരുന്നല്ലോ..?
തങ്ങളില്‍ തങ്ങളില്‍ തല്ലിച്ചു തല്ലിച്ചു
ചുടുചോരകുടിക്കുവാന്‍ പിന്നെയുമാ
കുറുക്കന്‍ ഓരിയിട്ടൂ നടപ്പൂ
വന്യമാം മനസ്സിന്‍
പിന്നാമ്പുറങ്ങളിലൂടെ...
ഇല്ലെന്‍റെ നാടിനെ ചാവുനിലമാക്കാനു
മെന്‍റെ വോട്ട്

പിന്നെയുമേറെ ചിഹ്നങ്ങള്‍
ചുമ്മാതിടം കോലിടുവാനായി
മുങ്ങാംകുഴിയിട്ടുനോക്കുന്നു
വല്ലതുമൊക്കെ തടഞ്ഞാലോ
കുളംകലങ്ങുമ്പോള്‍...?

ഏറ്റെവും പിന്നിലായുണ്ടൊരാള്‍
എന്നെയും നിന്നെയുമടയാള
പ്പെടുത്തുന്നുണ്ടതില്‍
കൈകൂപ്പി വോട്ടുയാചിക്കുന്നില്ല
ജാതിപറയുന്നില്ല, മതവും
പേരുപറയുന്നില്ല ഭാഷയും...
രൂപങ്ങളില്ല, ഭാവങ്ങളില്ല
ചൂണ്ടാണിവിരല്‍ മെല്ലെചേര്‍ത്ത്
വോട്ടുകുത്തി ഞാനിറങ്ങവേ
ഒന്നുറക്കെക്കരയുവാന്‍ കഴിയാതെ
വിങ്ങലടക്കി നില്ക്കുന്നോരിന്ത്യന്‍
ജനാതിപത്യത്തിന്റെ
തേങ്ങല്‍പോലൊരു
ശബ്ദമുയര്‍ന്നു കേട്ടു.....!!

 ( പതിനാറാം ലോക്സഭയിലേക്കുളള വോട്ടെണ്ണല്‍ തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്ക്കെ ഈ കവിതയ്ക്ക് പ്രത്യേകിച്ച്  എന്തെങ്കിലും പ്രസക്തിയുണ്ടെന്ന് കരുതുന്നില്ല. എങ്കിലും എല്ലാ അരാഷ്ട്രീയവാദങ്ങള്‍ക്കുമപ്പുറം വിങ്ങുന്ന ഹൃദയമുള്ള എല്ലാ ജനാതിപത്യ വിശ്വാസികള്‍ക്കുമായി ഈ കവിത സമര്‍പ്പിക്കുന്നു )