ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2013, ഒക്‌ടോബർ 31, വ്യാഴാഴ്‌ച

തട്ടങ്ങള്‍ ഇളകുമ്പോള്‍.......


കൊച്ചു പെരുന്നാളിന്റെയന്ന്
നെയ്ച്ചോറ് വെച്ചു വിളമ്പവേ
പെട്ടന്നക്കരയുള്ളോരിക്കാനെ
ക്കുറിച്ചോര്‍ത്തുപോയാമിന
കൊച്ചരിയിട്ടു വേവിച്ചൊരാ
വട്ടചെമ്പു തണുത്തിട്ടും
ഉള്ളിലെ തീ
കെട്ടടങ്ങിയതേയില്ല...

എത്രനാളായൊന്ന് വിളിച്ചിട്ട്...?
മെക്കാ മദീനാ നാടാണതെങ്കിലും
ഉഷ്ണ മരുഭൂമിയല്ലേ.......?
ചക്രം തിരിച്ചു പായുന്ന
ജോലി എത്ര ഭയാനകം...!
നിത്യവും നാം കാണുന്നതല്ലേ....?
ചുട്ടു പൊള്ളും മണല്ത്തരി പോലെ
ഇത്തിരി പരിഭവ കൂടുതലുണ്ട് പണ്ടേ....
കിട്ടിയ പൊന്നു കുറഞ്ഞു പോയത്രെ....
പെറ്റു കൂട്ടിയതോ....
മൂന്നും പെണ്കുരുന്നുകള്‍....!!!
പടച്ച തമ്പുരാനേ
നീ പെണ്ണിനെ പണിച്ചു വിട്ടത്
പഴിച്ചു കൊല്ലുവാനോ...?

ഉച്ചവെയില്‍ ചാഞ്ഞൊരുനേരം
കതകടച്ചൊറ്റയ്ക്ക്
മുറിയില്‍‍ പോയിരുന്നു
കരഞ്ഞേറനേരം....
മച്ചിന്റെ കോണിലിരുന്നേതോ
കൊച്ചരി പ്രാവ് കുറുകി
വിളിച്ചൂ....

നിക്കാഹിന്റെയന്നെന്നപോലെ
വീടണഞ്ഞ്......
ആളുകള്‍ പിരിഞ്ഞനേരം
കുളിച്ചത്താഴമുണ്ട്
അത്തറുപൂശിമണത്ത കുപ്പായവുമിട്ട്
ഏതോ അറബിക്കഥയിലെ 
സുല്ത്താന്‍‍‍ രാജകുമാരനെപ്പോലെ
പുത്തന്‍മാരന്‍‍‍ ചാരേ
പട്ടുമെത്തയില്‍ വന്നിരിക്കുന്ന
പോലെ തോന്നി....

ഉള്ളിലേതോ കുസൃതിയൊളിപ്പിച്ച്
ആ വെള്ളാരം കണ്ണുകള്‍
നിശ്ചല ജലാശയത്തിലെ
പരല്‍ മീനുകളെപ്പോലെ
തുള്ളിക്കളിക്കുന്നുണ്ടല്ലോ....!
ലജ്ജപൂണ്ടവളുടെ മുഖം
തുടുത്തിരുന്നെങ്കിലും
കട്ടിലോരത്ത് കിടന്ന കിതാബെടുത്ത്
വെറുതെ മറിച്ചു നോക്കികൊണ്ട്
മറ്റേതോ ദുനിയാവിലെന്നവണ്ണം
പുതുപ്പെണ്ണിരുന്നു.......
അരുമയാമേതോ പക്ഷിയെപ്പോലെ...!

കൂട്ടിയും കിഴിച്ചുമിട്ടേതോ
അക്കഗണിതങ്ങളായിരുന്നതില്‍ മുഴുവന്‍
ഒട്ടും മനസ്സിലായതേയില്ല....
ഒപ്പനപ്പാട്ടിന്റെ താളം മാത്രം
ഖല്‍ബില്‍ മുഴങ്ങി കേട്ടു.....

മൈലാഞ്ചി ചിത്രമെഴുതിയോരാ
മൃദുലമാം കൈകള്‍ കവര്‍ന്ന്
ചിത്രശലഭങ്ങളെപ്പോലെ
പുതുമാരന്റെചുണ്ടിണകള്‍
ആദ്യമായാപൂമേനിയില്‍
മുത്തം പകരവേ......
ഉള്‍പ്പുളകങ്ങളാല്‍‍
കോരിത്തരിച്ചു പോയി
എത്ര സുന്ദരമീ ജീവിതമെന്ന്
വെറുതെ നിനച്ചു പോയി..

കൊച്ചു പെരുന്നാളായിട്ടിത്ര
നേരമായിട്ടൊന്ന് വിളിച്ചില്ലല്ലോ
അത്രമേല്‍ വെറുത്തു പോയോ..?

അപ്പുറം ജാലകപ്പടികള്‍ക്കിടയിലൂടെ
ചെക്ക് കളിച്ചു തളരുന്ന
കുട്ടികളുടെ തട്ടമിളകുന്നത് കാണാം
ചിത്രത്തുമ്പികളെപ്പോലെ
പാറുകയാണവര്‍
ചിത്രപ്പണികള്‍ ചെയ്ത് കൂട്ടുന്നുണ്ട്
പടച്ചോനവരിലും....!
മറ്റാരും കാണാതെ....
ഓര്‍ക്കുമ്പോള്‍ ആധിവന്നുള്ളില്‍
തീയാളുന്നു.....

പെട്ടന്നായിരുന്നല്ലോ.......
മേശപ്പുറത്ത് കരിമ്പൂച്ചപോല്‍
കെട്ടുറങ്ങിക്കിടന്ന ഫോണ്‍
ഉച്ചത്തില്‍ നീട്ടിച്ചിലച്ചത്
എത്ര ദിവസങ്ങള്‍ക്കു ശേഷമാണ്.....
ഒട്ടു പരിഭ്രമത്തോടെ
വെപ്രാളപ്പെട്ടെഴുന്നേറ്റ്
അപ്പുറമെത്തവേ
വീണ്ടും ഫോണ്‍ നിശ്ചലമാകുന്നു...

കൊച്ചു ഫോണ്‍ കൈയിലൊളിപ്പിച്ച്
കുട്ടികള്‍ പുറത്തൊളിഞ്ഞു നിന്ന്
അകത്തേക്കൊത്തി നോക്കുന്നുണ്ട്
അമര്‍ത്തിപ്പിടിച്ച ചിരിയുമായി....
ചായകുടിക്കേണ്ട നേരമാറിതണുത്തെന്നോ..!
കട്ടിലില്‍ നിന്നുമ്മച്ചിയെ
പെട്ടന്നെഴുനേല്പിക്കാന്‍
കണ്ടയൊറ്റ മാര്‍ഗ്ഗമാണന്നോ
ഒക്കെ ശരിതന്നെ......
ഒരു നിശ്ചലചിത്രം പോലെ 
നില്ക്കകയാണവള്‍....
ഫോണ്‍ വീണ്ടും ചിലയ്ക്കുന്നതും കാത്ത്.....



2013, ഒക്‌ടോബർ 25, വെള്ളിയാഴ്‌ച

എച്ചെടുപ്പിന്റെ ലാവണ്യ നിയമങ്ങള്‍.......



എച്ചെടുപ്പിന്റെ ടെസ്റ്റാണ്.....       
കൊച്ചു വെളുപ്പാന്‍ കാലത്തേ
വന്നെത്തിയതാണല്ലോ...?
പച്ചില പോലെന്റെ
പ്രാണന്‍ പിടയുന്നു….
ഒത്തവണ്ണവും തക്ക നീളവു
മുണ്ടങ്കിലെന്ത്.....?
ഒട്ടൊരു കാര്യവുമില്ലതിലൊന്നും...!

ഇത്ര വെപ്രാളമൊന്നും വേണ്ടാ
ഒച്ച പതുക്കി ആശാനടുത്തു
വന്നു പറയുന്നു………
എട്ടും പൊട്ടും തിരിയാത്തെത്ര
പൊട്ടന്മാരെ ചക്രം തിരിപ്പിച്ച്
തെളിച്ചു വിട്ടതാണിക്കൈകള്‍.....!!

ഫീസു കാശൊക്കെയും
തീര്‍ത്തെന്നേ തന്നതെന്നൊക്കെ
ശരി തന്നെ.......
ദക്ഷിണ വെച്ചു വേണം തുടങ്ങന്‍
കൊച്ചു കൊച്ചു കാര്യങ്ങളെന്നും
മറന്നു പോകരുത്.....
ക്ലച്ചും ബ്രേക്കും ചവിട്ടുവാന്‍
ആശാനടുത്തില്ലന്നത്
പ്രത്യേകമോര്‍മ്മ വേണം

ഒച്ചിഴയുന്ന വേഗത്തില്‍
പോകണം…..
ക്ലച്ചു ചവിട്ടി സ്പീഡഡ്ജസ്റ്റു
ചെയ്യണം.....
തൊട്ടു പോകരുതാക്സിലറേറ്റരില്‍

മുമ്പേയറ്റമാ കമ്പി കടന്നാലുടന്‍                  
ഒട്ടും ശങ്ക വേണ്ട.....
ഗിയര്‍ മാറ്റിപ്പിടിക്കണം
പിറകോട്ട്…….
അല്പം പിന്നോട്ടുവന്നാലുടന്‍
വലത്ത് കറക്കി.....
ഇടത്തിങ്ങൊടിച്ചെടുക്കണം
പിന്നെ ചക്രങ്ങള്‍ നേരെയാക്കണം
അപ്പൊഴും വണ്ടിയുരുണ്ടു
കൊണ്ടിരിക്കണം....
ചക്രശ്വാസത്തിനിടയില്‍പ്പെട്ട്
എഞ്ചിന്‍ സ്പന്ദനം
നിലച്ചു പോകരുത്.....

ഒട്ടും താമസിക്കവേണ്ട
പിന്നെ ഇടത്ത് കറക്കി
വലത്തിങ്ങൊടിച്ചെടുക്കണം
കടമ്പതീരുവാനിപ്പണി
യപ്പുറവും ചെയ്യണം….
ഒടുക്കം തുടക്കത്തിലേതു
പോലെ വന്നു നില്ക്കണം
ഒന്നും സംഭവിക്കാത്തതു പോലെ...

വിളിര്‍ത്ത ചിരിയുമായി
പിന്നിലുണ്ടാകുമാ കമ്പി
പഠിച്ച പുള്ളിയാണ്......
പതുങ്ങി നിന്നിടും
ര്‍മ്മവേണം.........

വെട്ടിത്തിരിക്കേണ്ടിടത്തൊക്കെയും
കൊച്ചു തിപ്പെട്ടി കൂടുകളിട്ടു
വെച്ചിട്ടുണ്ട്......
ദൃഷ്ടിയില്‍പ്പെട്ടില്ലേലുമത്
ഇപ്പഴേ അളന്നു കുറിച്ച്
മനസ്സിലിട്ടേക്കണം

പറയുവാനെന്തെളുപ്പം
എച്ചെടുപ്പിന്റെ ടെസ്റ്റാണ്
പച്ചിലപോലെന്റെ
പ്രാണന്‍  പിടയുന്നു.....!!
(എച്ചെടുത്തവനറിയുമോ.......എച്ചെടുക്കാത്തവന്റെ വേദന..........?)

2013, ഒക്‌ടോബർ 21, തിങ്കളാഴ്‌ച

കാലാവസ്ഥാ പ്രവചനം.......

ഇടി വെട്ടി പെരുമഴ
തോരാതെ പെയ്യാ-
നിടയുണ്ടെന്ന്
ടിവിയില് പറഞ്ഞല്ലോ..?
കടല് ചൂഴ്ന്ന്
അതിശക്തമാം കാറ്റും
വീശുമത്രെ.....!
ഇനി ഇറങ്ങാമല്ലോ...?
സമാധാനമായി.....


കുടയും വടിയുമില്ലാതെ
ധൈര്യമായി......!

2013, ഒക്‌ടോബർ 19, ശനിയാഴ്‌ച

കണ്ണേ ....ഉറങ്ങുറങ്ങ്‌.....



കണ്ണേ  ഉറങ്ങുറങ്ങ്‌.....
പൊന്നേയുറങ്ങുറങ്ങ്.....
കണ്ണും പൂട്ടിയുറങ്ങുറങ്ങ്.....

മഞ്ഞളരച്ചു കുളിച്ചില്ലേ...?
കണ്ണെഴുതി പൊട്ടും തോട്ടില്ലേ
പൌടറു   പൂശി മണത്തില്ലേ...?
അമ്മിഞ്ഞാപാലുണ്ട്
ഉണ്ണി വയറും നിറഞ്ഞില്ലേ..?

കണ്ണേ  ഉറങ്ങുറങ്ങ്‌.....
പൊന്നേയുറങ്ങുറങ്ങ്.....
കണ്ണും പൂട്ടിയുറങ്ങുറങ്ങ്....

ctttu.jpgസ്വര്‍ണ്ണ വെയിൽ  പക്ഷികള്‍
മുറ്റത്ത് വന്നു തത്തികളിക്കുന്നത്
കണ്ടില്ലേ.....?
കുഞ്ഞിനെ ആരും കാണേണ്ടാ.....!
കണ്ണേറു തട്ടി കറുത്തു പോയോലോ...?
ര്‍ണ്ണ  ശലഭങ്ങളും കാണേണ്ടാ...!
പൂമേനി കണ്ട് കൊതിച്ചാലോ...?


കണ്ണേ  ഉറങ്ങുറങ്ങ്‌.....
പൊന്നേയുറങ്ങുറങ്ങ്.....
കണ്ണും പൂട്ടിയുറങ്ങുറങ്ങ്....

ആ കൊമ്പിലീകൊമ്പില്......
കാക്കച്ചിയിരുന്ന് കരയുന്നുണ്ട്
പൊന്നേയതൊന്നും കാണേണ്ടാ...!
കളളത്തരങ്ങള്‍ കണ്ടു പഠിച്ചാലോ...?
ചെന്നിട്ടൊത്തിരി ജോലികള്‍
ചെയ്യാനുണ്ട്......
പൊന്നേയൊന്ന് കനിയില്ലേ....?

കണ്ണേ  ഉറങ്ങുറങ്ങ്‌.....
പൊന്നേയുറങ്ങുറങ്ങ്.....
കണ്ണും പൂട്ടിയുറങ്ങുറങ്ങ്....

(ഏതോ ജന്മാന്തര സുകൃതം പോലെ കഴിഞ്ഞ ജൂണ് മാസം 19ം തീയതി എനിക്കൊരാണ് കുഞ്ഞ് പിറന്നു.......ചിത്തിര നക്ഷത്രത്തില്‍ പിറന്ന അവനെ ഞാന്‍ ചിത്തു എന്നു വിളിക്കുന്നു....അവനു വേണ്ടി..... അവനെപ്പോലുളള ഒരായിരം ഉണ്ണികള്‍ക്കുവേണ്ടി....... ഒരു കുഞ്ഞിന്റെ ചവിട്ടും   തൊഴിയും കിട്ടുമ്പോഴുളള ഉൾപ്പുളകത്തോടു കൂടി ഈ ഉറക്കു പാട്ട് സഹര്‍ഷം സമര്‍പ്പിക്കട്ടെ...) 

2013, ഒക്‌ടോബർ 15, ചൊവ്വാഴ്ച

വെറും ചില അടുക്കള കാര്യങ്ങള്‍ ........


മത്തിതല വറ്റിച്ചെടുത്തതുണ്ട്......
കപ്പ കുഴച്ചു വേവിച്ചെടുത്തതുമുണ്ട്
കൊച്ചു മണിയരിചോറ്
കലത്തിലിരുന്നു മാടിവിളിക്കുന്നു....
അത്താഴമുണ്ണവാന്‍
നേരമായോടി നാത്തൂനേ....?

പച്ച പുളിശ്ശേരി രണ്ടു മൂന്നായി
ചട്ടിയിലിരുന്നല്പം കേടുമ്പിച്ചെങ്കിലും
രുചിയല്പം കൂടിയിട്ടേയുള്ളൂ...!
മത്തു പിടിച്ചു പോകുമാരും
അതിന്‍ ഗന്ധം നുകര്‍ന്നാല്‍...

ഉപ്പും പുളിയുമെരിവും
കൂടിയും കുറഞ്ഞു മൊത്തിരി
നാട്ടു കൊച്ചുവര്‍ത്തമാന
കറിക്കൂട്ടങ്ങളുണ്ട്.....
തൊട്ടു നക്കിയങ്ങിരിക്കാന്‍

ഒത്തിരി വാരി വലിച്ചു
തിന്നുന്നത് കൊള്ളാം.....
കച്ചിത്തുറു പോലാകാതെ
നോക്കനേടി നാത്തൂനേ....
കൊച്ചാങ്ങള അതൊട്ടും സഹിക്കില്ല 

പത്തായ പുറത്തൊരു മെത്തപായ
നീട്ടി നിവര്‍ത്തിയിട്ടിട്ടുണ്ട്
ഒക്കെ കഴിഞ്ഞൊന്ന് നടു നിവര്‍ത്താന്‍
അല്പം ശ്വാസം മുട്ടല്
തോന്നുന്നുണ്ടല്ലോ നിന്നെ കണ്ടിട്ട്
ചട്ടിയും കലവും മെഴുക്കി
ഞാന്‍ വരും വരെ  
ഇത്തിരി നേരം നീ കിടന്നോളൂ.......

ഭര്‍ത്താവ് വരുമ്പോഴങ്ങു
എഴുന്നേറ്റു പോകണേ  നാത്തൂനേ ..

( അത് ശരി കപ്പയും മീന്‍കറിയും കഴിച്ചിട്ട് ഒന്നും മിണ്ടാതെ എഴുന്നേറ്റങ്ങു പോകുകയാണോ ......നടക്കട്ടെ .....നടക്കെട്ടെ .....)