ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2014, നവംബർ 28, വെള്ളിയാഴ്‌ച

അച്ഛനറിയുവാന്‍ മകന്‍ എഴുതുന്നത്.......





അച്ഛനയച്ചോരു കത്തുകിട്ടി...
അല്പം താമസിച്ചാണെങ്കിലും
അഡ്രസ്സുതെറ്റി ചുറ്റിക്കറങ്ങി
നടന്നിട്ടേറെ മുഷിഞ്ഞൊരുന്നാള്‍
എന്റെ കൈയിലും വന്നെത്തി

കൊച്ചനേ നിന്‍റച്ഛനല്ലേ
ജയിലില്‍കിടക്കുന്നതെന്ന
കുത്തുവാക്കെറിഞ്ഞുള്ള
ചോദ്യത്തിനുമുന്നില്‍
എപ്പോഴുമെന്നപോല്‍
ഞാന്‍ പകച്ചു പോയി

അല്പം പരിഭ്രമത്തോടെ
തിരിച്ചും മറിച്ചും
നോക്കീട്ട് ഞാനതെന്‍
പുസ്തകത്താളിലൊളിപ്പിച്ചൂ
പെറ്റുപെരുകുവാന്‍
സ്വപ്നങ്ങളുള്ളിലൊളിപ്പിച്ചോരു
മയില്‍പ്പീലിത്തുണ്ടല്ലങ്കിലും......
ശപ്ത നിശ്വാസങ്ങള്‍ സമാധി വിട്ട്
ചിത്രശലഭങ്ങളെപ്പോലെ
പറന്നുയരുകയില്ലെങ്കിലും.....

ആദ്യമായെന്‍ പേരില്‍ വന്നോരു
കത്തായിരുന്നതിന്‍
കൌതുകമൊന്നുമേ തോന്നിയില്ല
വേദനതന്‍ ഊടുവഴിയിലൂടെ
ഒറ്റയ്ക്ക് ഞാനേറെ ദൂരം
നടന്ന് വീടണഞ്ഞിട്ടും
ആരോടുമക്കാര്യം ചൊല്ലിയില്ല
മനപൂര്‍വ്വം.......

രാത്രി ഇരുട്ടത്ത്.....
പാത്തും പതുങ്ങിയുമിരുന്ന്
പാഠം പഠിക്കുന്നപോല്‍
ഞാനത് പൊട്ടിച്ചുവായിച്ചു....
കൊത്തിച്ചിതറിയപോലെ
വാക്കുകള്‍ രക്തഛവി
പടര്‍ന്നു കിടന്നു...
അക്ഷരങ്ങള്‍ പലതും
അരുംകൊലചെയ്യപ്പെട്ടപോലെ
വ്യക്തമേയായിരുന്നില്ല..
എങ്കിലുമൊക്കെയും
കൂട്ടിച്ചേര്ത്തുവെച്ചു ഞാനതു
വായിച്ചെടുത്തു...
പറ്റുമായിരുന്നെങ്കില്‍
നമ്മുടെ ജീവിതവുമതു പോലെ...

കൊച്ചുകുഞ്ഞായിരുന്നെങ്കിലും
എങ്ങനെമറക്കും
അന്നത്തെ രാത്രി ഞാനും..?
നൊട്ടിനുണഞ്ഞേതോ
വിസ്മൃതിയിലൂറിയൂറി
കൈയിലിരിക്കെയാ മധുരമിഠായി
പെട്ടന്ന് തട്ടിപ്പറിച്ച് പോകുമെന്നങ്ങനെ
കരുതുവാന്‍.......
അന്നത്തെയാ കൊച്ചുകുട്ടി
പിന്നെയും വളര്‍ന്നച്ഛാ
ഇന്നഞ്ചാംതരത്തില്‍‌
പഠിക്കുന്നു...

പിന്നെ......
നമ്മുടെയാ കൊച്ചുവീടുണ്ടല്ലോ...
ആളുമനക്കവുമില്ലാതെ
കാടുപിടിച്ചു കിടന്നേറെനാള്‍
അന്നത്തെപ്പോലെ പിന്നെയേതോ
പേമാരിയിലതിടിഞ്ഞു വീണു...
ചെന്നതു കാണ്‍കെ ഇപ്പോഴും
ഞാനോര്‍ത്തുപോകും
കണ്ണുതുറിച്ച് വെറും നിലത്ത്
കുഴഞ്ഞുകിടക്കുമെന്നമ്മയെ...

ഇല്ല പരിഭവമെനിക്കാരോടും
അമ്മമരിച്ചെന്നാലും....
അമ്മമ്മതന്‍ പൊന്നുമകനായി
ഞാന്‍ കഴിയുകയായിരുന്നല്ലോ
അല്ലലേതുമറിയാതെ......
എന്നാലൊരു രാത്രി
ഒന്നിച്ചുറങ്ങാന്‍ കിടന്നതാണ്
ചീര്‍ത്തുകനച്ചോരിരുട്ടില്‍
വന്യമാമേതോ തേങ്ങല്‍
പോലൊരു ശബ്ദമുയര്‍ന്നു
കേട്ടാ ഹൃദയത്തില്‍ നിന്നും...
പിന്നെകണ്ണു തുറന്നില്ലമ്മമ്മയും.
അമ്മയെപ്പോലെ...

പിന്നെയും പിന്നെയും
ചുമ്മാതിടം കോലിട്ട് കളിക്കുന്നു
വിധിയെന്നു പേരുള്ള
വികൃതിയാം വികൃത രൂപി...

പിന്നതിന്നുശേഷമൊട്ടുമേ
ശരിയാകുന്നില്ലിവിടത്തെ
ജീവിതവും....
കൂര്ത്തമുള്ളുപോല്‍
കുത്തുവാക്കുകളേറുന്നു
ചുറ്റില്‍ നിന്നും
ഭക്ഷണത്തിനുമുന്നില്‍
പോലുമെന്നെയത് 
വേട്ടയാടുന്നു.....

അച്ഛനുമമ്മയുമില്ലാത്തനാഥരാം
കുട്ടികളെ താമസ്സിപ്പിക്കുന്ന
പ്രത്യേകമന്ദിരങ്ങളുണ്ടെന്നു
കേട്ടല്ലോയച്ഛാ....?
കിട്ടുമോയെന്നറിയണം
എനിക്കൊരഡ്മിഷനവിടെ...
അത്രമാത്രം.....
കത്തു ചുരുക്കുന്നു..




2014, നവംബർ 5, ബുധനാഴ്‌ച

ഒരു അച്ഛന്‍ ജയിലില്‍ നിന്നും മകനയച്ച കത്ത്.....

hand in jail. - stock photoഅച്ഛനിറങ്ങുന്നുണ്ട്
ജയിലില്‍ നിന്നും
പത്തു പതിഞ്ചു ദിവസത്തെ
പ്രത്യേക പരോളനുവദിച്ചു
കിട്ടുവാനിടയുണ്ട്
എത്രനാളായി മകനേ
നിന്നെയൊന്ന് കാണാന്‍
കൊതിക്കുന്നു..
എട്ടും പൊട്ടും തിരിയാത്ത
കൊച്ചുകുഞ്ഞായിരുന്നല്ലോ
നീയന്ന്......

ഇപ്പോള്‍ നീയെങ്ങനെ
യായിരിക്കുമെന്ന്
ഒറ്റക്കിരിക്കുമ്പോഴൊക്കെയും
അച്ഛനിടയ്ക്കിടെ
ഓര്‍ത്തു നോക്കാറുണ്ട്
അപ്പോഴൊക്കെയും
ഉള്‍ക്കടല്‍‍ തിരത്തള്ളല്‍
പോലന്നത്തെയാ
അഭിശപ്തരാത്രിതന്നോര്‍മ്മകള്‍
വന്നു വേട്ടയാടുമച്ഛനെ

ഒന്നും നിശ്ചയിച്ചുറപ്പിച്ചതല്ല
വന്നു പോയൊരക്ഷരത്തെറ്റു
പോല്‍..
പക്ഷേ ജീവിതമെന്ന
വാക്കിന്നര്‍ത്ഥമേ
മാറിപ്പോയി

ദൂരെ ദിക്കില്‍
ജോലിയായിരുന്നച്ഛനന്ന്
വീട്ടിലേക്ക് വന്നതാണ്
നേരുത്തെ പറയാതെ
കൌതുകത്താല്‍ വിടര്‍ന്ന
കണ്‍കളുമായി
നിന്നെയുമൊക്കത്തേന്തി
വാതില്‍ തുറന്നെന്നെ
സ്വീകരിക്കുവാനെത്തുന്ന
പ്രിയ ഭാര്യയേയും
ചുമ്മാതെ സ്വപ്നം കണ്ട്...

ചന്നം പിന്നം പെയ്യും
മഴചാറ്റല്‍ നനഞ്ഞ്
എന്നാലും നിനക്കുള്ള
മധുരപലഹാരപ്പൊതിയും 
വാങ്ങി
അസ്ഥി തുളയ്ക്കും
തണുപ്പിലൂടേറെ നടന്ന്
അച്ഛനന്ന് നമ്മുടെ
കൊച്ചുവീട്ടില്‍ വന്നു
കയറിയതാണ്...
എത്ര വിളിച്ചിട്ടുമാളില്ല
അനക്കമില്ല....
കുത്തിതിമിര്‍ത്തു പെയ്യുന്ന
പേമാരിയില്‍ ആരു കേള്‍ക്കാന്‍
ജനല്‍ പാളികള്‍ക്കിടയിലൂടെ
നോക്കുമ്പോഴുണ്ട്
ഒച്ചുപോല്‍ ചുരുണ്ട്
നീയുറങ്ങുന്നു
അമ്മയടുത്തില്ലാതെ..

ഒട്ടും പരിചയമില്ലാത്തൊരു
വള്ളിച്ചെരുപ്പ് മഴത്തള്ളലില്‍
മുറ്റത്തൊഴുകി നടന്നൂ....
മെല്ലെമെല്ലെ കാതോര്‍ക്കെ
പിന്നാമ്പുറത്തെ മുറിയില്‍
നിന്നു കേട്ടു നിന്നമ്മയുടെ
അടക്കിപ്പിടിച്ച ചിരി
ആരുമായോ......
എങ്ങനെയെഴുതും മകനേ
നിനക്ക് ഞാനത്......?

ഒന്നും മനപൂര്‍വ്വമായിരുന്നില്ല
നെഞ്ചു തകര്‍ന്നച്ഛ
നന്നേരത്തെ ദേഷ്യത്തിന്ന്
ചെന്നുകയറി.....
ഒന്നേ ചവിട്ടിയുള്ളൂ...
എങ്ങനെ കരുതുവാന്‍
ചത്തു പോകുവാന്‍
നീര്‍ക്കുമിളപോല്‍
മനുഷ്യജീവനിത്ര
ദുര്‍ബലമോ.....?

ഒന്നുരണ്ടു പിടഞ്ഞ്
ചെന്നിവായില്‍ രക്തമൊലിപ്പിച്ചവള്‍
അങ്ങനെ കിടന്നു....
ഏറെ നേരം നെഞ്ചു തകര്‍ന്നച്ഛന്‍
കുലുക്കി വിളിച്ചിട്ടും
അവള്‍ കണ്ണു തുറന്നതേയില്ല
ഒരിക്കലും....

ഒച്ച ബഹളം കേട്ട്
എപ്പഴോ നീയുണര്‍ന്നു
വന്നച്ഛനോട് ചോദിച്ചു
അമ്മയെന്താണ്
അങ്ങനെ കിടക്കുന്നതെന്ന്
ഉത്തരം പറഞ്ഞില്ല.....
എങ്ങനെ പറയും ഞാന്‍...?
വെച്ചു നീട്ടിയ
മധുര പലഹാരപൊതിയഴിച്ച്
നീ നൊട്ടിനുണഞ്ഞിരിക്കെ
കൊച്ചു ചോണനുറുമ്പുകള്‍
വന്നു പൊതിയുവാന്‍ തുടങ്ങിയാ
നിശ്ചല ശരീരത്തെ.....

പിന്നെയുമെത്രനാള്‍
എത്രപേമാരിതന്‍
മഴക്കാറുകള്‍ വന്നു
പെയ്തൊഴിയാന്‍ കഴിയാതെ
അച്ഛന്റെ മനസ്സില്‍
വിങ്ങി വിങ്ങി നിന്നു...

എങ്ങുനിന്നോ മങ്ങിയ
വെളിച്ചം വന്നു വീഴുന്നുണ്ടീ
ജയില് മുറിക്കുള്ളില്‍
എല്ലാവരേയുമെപ്പഴേ നിദ്ര
പുല്കിക്കഴിഞ്ഞൂ..
വന്യമാം കൂര്‍ക്കം
വലിയൊച്ചകള്‍
വണ്ടുകള്‍ പോലെ
കാതില്‍ തുളച്ചുകയറുന്നു..

കണ്ണീരുവീണി കടലാസിലെ
അക്ഷരങ്ങള്‍ ചിന്നിച്ചിതറിയത്
അച്ഛനറിഞ്ഞില്ല...
അല്ലെങ്കിലും നിനക്കത്
വായിക്കാന്‍ കിട്ടുവാനുമിടയില്ല
പുത്തനാം നിന്‍ രക്ഷിതാക്കളത്
ഒട്ടുമനുവദിച്ചു തരില്ലതുറപ്പാണ്
എങ്കിലും വെറുതെ
അച്ഛനെഴുതുകയാണ്
നെഞ്ചിന്നുള്‍ത്താപമൊന്ന്
കുറയ്ക്കാന്‍......

നീണ്ടു നിവര്‍ന്നു കിടക്കും
സെല്ലിന്‍ഇടനാഴിയിലൂടെ
കടും ബൂട്സിട്ട കനത്ത
കാലൊച്ച...
മണ്ണു ഞെരിച്ചു കൊണ്ട്
അടുത്തേക്കുവരുന്നുണ്ട്
അച്ഛനിനിച്ചെന്നൊന്നുറങ്ങുന്നതു
പോലെ കിടക്കട്ടെ....
ഉറങ്ങാന്‍ കഴിഞ്ഞില്ലെങ്കിലും

ഒറ്റ നിമിഷത്തെ അവിവേകത്തില്‍
അച്ഛന്‍ നിനക്ക് സമ്മാനിച്ച
അനാഥമാം ചിത്രത്തിന്
മുന്നില്‍ പൊട്ടിക്കരഞ്ഞുകൊണ്ട്
വ്യര്‍ത്ഥമെങ്കിലും ചോദിച്ചിടട്ടെ
മാപ്പ്....

അച്ഛനിറങ്ങുന്നുണ്ട്
ജയിലില്‍ നിന്നും....
പത്തു പതിഞ്ചു ദിവസത്തെ
പ്രത്യേക പരോളനുവദിച്ചു
കിട്ടുവാനിടയുണ്ട്....

( അച്ഛന്‍റെ ആശങ്ക പോലെ ഈ കത്ത് മകന് കിട്ടാന് യാതൊരിടയുമില്ല. ഈ കത്ത് വായിച്ച ഒരാള്‍ നിങ്ങളാണ്. ഒരു പക്ഷേ നിങ്ങള്‍ക്ക് അവനെ അറിയാമെങ്കില്‍ കുറ്റബോധത്തിന്‍‍റെ ഉമിത്തീയില്‍ നീറുന്ന ഈ അച്ഛന്‍റെ അന്വേഷണം നിങ്ങള്‍ അവനെ അറിയിക്കുമല്ലോ...)

ഈ കവിതയുടെ രണ്ടാം ഭാഗം വായിക്കുവാന്‍ ചുവടെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അച്ഛനറിയുവാന്‍ മകന്‍ എഴുതുന്നത്.......