ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2013, മാർച്ച് 25, തിങ്കളാഴ്‌ച

പരിധിക്ക് പുറത്ത് ഒരു പെണ്കുട്ടി....


നേരമൊത്തിരി വൈകിയിട്ടും
ദൂരെ ടൌണില്‍ പ്ലസ് ടുവിന്
പഠിക്കെന്നെരെന്‍
മകളിങ്ങെത്തിയില്ലല്ലോ..?
എത്ര നേരമായി ഞാന്‍
കാത്തിരിക്കുന്നു......
ഉഷ്ണിച്ചെപ്പെഴേ തണുത്ത
ചായയുമായി .......
നേരം കറുത്ത് കുറുകി
ചത്തു നീങ്ങും തോറും
ഉളളിലാധി പടരുന്നു

പെണ്ണിനിത്തിരി ചന്തം
കൂടിപ്പോയി....
തൊട്ടു തെറിച്ചുളള കളിചിരിയും
അല്പം കൂടുതലാണല്ലോ...?
ചിത്രശലഭത്തെപ്പോലെ
പാറിനടക്കുമവളെ
ആരുകണ്ടാലുമൊന്ന്
നോക്കി നിന്നു പോകും.....!
വെന്തു നീറുവാന്‍  പിന്നെന്തെങ്കിലും
കാരണം വേണോ...?

എത്ര വിലക്കിയിട്ടും കൈയില്‍
കൊച്ചു ഫോണൊരണ്ണം
കൊണ്ടു നടക്കാറുണ്ടവള്‍
അതില്‍ കുത്തി നോവിച്ചങ്ങനെ
ഇരിക്കാനെന്തിഷ്ടമാണന്നോ..?

ഒത്തിരി വെട്ടം വിളിച്ചു നോക്കിയിട്ടും
കിട്ടുന്നില്ലല്ലോ.... ?
പരിധിക്കു പുറത്താണത്രെ.... !

കൂട്ടുകാരെയൊക്കെ വിളിച്ചന്വേഷിച്ചു
കൂട്ടത്തില്‍  ടീച്ചറേയും വിളിച്ചു നോക്കി
സ്കൂളിലിന്നു സമരമായതിനാല്‍
എപ്പഴേ വിട്ടതാണ്....
ട്യൂഷനുണ്ടെങ്കിലും കഴിഞ്ഞിങ്ങെത്തേണ്ട
സമയമെത്രയോ കഴിഞ്ഞു പോയ്‌

ഇന്നു ട്യൂഷനും  ചെന്നിട്ടില്ലന്ന്
മാസ്റ്റര്‍   വിളിച്ചു പറയുന്നു
ഉള്ളിലൊരു വെളളിടി മുഴങ്ങുന്നു
പൊന്നു തമ്പുരാനേ പിന്നെന്തു പറ്റി... ?

അച്ഛനെ വിളിച്ചു പറഞ്ഞിട്ടൊരു
കാര്യവുമില്ല....
ഉത്തരവാദിത്തമൊന്നത്
തൊട്ടു തീണ്ടിയിട്ടു പോലുമില്ല
ജോലികഴിഞ്ഞേതെങ്കിലും
ബാറില്‍  കൂട്ടരോടൊത്ത്
കുടിച്ചുലക്കുകെട്ട്,
വെടിപറഞ്ഞിരിക്കകയായിരിക്കും

ആരെയൊന്നു വിളിച്ചുപറഞ്ഞ്
അന്വേഷിക്കുവാനാണ്...
ഉളളിലെ തീയാളി  വളരുന്നു
ബന്ധുക്കളായധികമാരുമില്ല
ഉളളവരുമായി കണ്ടാല്‍  കടിച്ചു
കീറികുടയും ശത്രുതയിലുമാണല്ലോ... ?
അയല്‍  പക്കക്കാരുമായില്ലല്ലോ
അശേഷം ലോഹ്യം....
അതിയാനതിഷ്ടവുമല്ലല്ലോ ....

വീട്ടിലേക്കുള്ളോരിടവഴി തിരിയുന്നിടത്ത്
ചീര്‍ത്തു കനച്ചോരിരിട്ടില്‍
ഗദ്ഗദ ചിത്തയായ് ചെന്നു
വിതുമ്പി നിന്നേറനേരം.....

പോയിക്കഴിഞ്ഞിരിക്കുന്നവല്ലോ
അവസാന വണ്ടിയും....

ഇന്നലെ രാത്രിയില്‍ അവള്‍
കൊച്ചു ഫോണിലാരുമായോ
ഏറെനേരം കൊഞ്ചിക്കുഴയുന്നത്
കേട്ടു ചെന്നല്പം  ദേഷ്യപ്പെട്ടപ്പോള്‍
ഒറ്റ ഇരട്ടപറഞ്ഞ് കലഹിച്ച്
പിണങ്ങി..... 
ഇന്നു പോകുമ്പോഴു തമ്മില്‍ തമ്മില്‍
ഒന്നും  മിണ്ടിയില്ല്ലല്ലോ...?

അരുതാത്തതെന്തങ്കിലും
സംഭവിച്ചിട്ടുണ്ടെങ്കില്‍
അമ്മയെന്നു പറഞ്ഞ്
ജീവിച്ചിരുന്നിട്ടെന്ത് കാര്യം..?
ഒരു സാരിക്കുരുക്കില്‍
എല്ലാമങ്ങവസാനിപ്പിക്കണമെന്ന്
നിനച്ച് മുറിയില്‍ വന്ന്
തകര്‍ന്നങ്ങിരിക്കുമ്പോള്‍
കട്ടിലിന്നടിയില്‍ നിന്നുമൊരു
പൊട്ടിച്ചിരിയുമായി  മകള്‍
ഉഷ്ണിച്ചിറങ്ങി വരുന്നു....

അമ്മയ്ക്കെന്നോടുളള സ്നേഹമെന്നളക്കാന്‍
വട്ടു പിടിപ്പിച്ചൊട്ടു  രസിക്കാന്‍
കട്ടിലിന്നടിയില്‍  കയറി
ഒളിച്ചിരുന്നതാണേ.... !!
അമ്മ പെട്ടന്നങ്ങു വിറച്ചു
വിളറിപ്പോയി...
പെട്ടന്നെഴുന്നേറ്റു  ചെന്നങ്ങ്
ചെപ്പക്കുറ്റിനോക്കി യൊരടി
 പൊട്ടിച്ചു കൊണ്ട്....
മകളോടു ചൊല്ലുന്നു
നിന്നെ ഞാനിന്ന് കൊല്ലുമെടീ......!!

(  എന്നാലും ശരി ഈ അമ്മ ചെയ്തത് ഇത്തിരി കടുത്തു പോയില്ലേ ...? റോസാപ്പൂവിതൾ പോലെയുള്ള ആ കവിൾ എങ്ങനെയത് താങ്ങും എന്നകാര്യത്തിൽ എഴുത്തുകാരന് പോലും സന്ദേഹമുണ്ട് )

2013, മാർച്ച് 22, വെള്ളിയാഴ്‌ച

തന്റേതല്ലാത്ത ചില കാരണങ്ങള്‍.......

തന്റേതല്ലാത്ത ചില കാരണങ്ങളാല്‍
ഞാന്‍ ബന്ധമൊഴിയുകയാണല്ലോ...
എന്തോ പറയാനായി നിങ്ങളും
ചുണ്ടൊന്നനക്കിയില്ലേ...?
വേണ്ട......വേണ്ട....
പച്ചനെല്ലിക്ക പോലുപദേശം
എനിക്കിപ്പോഴും കയ്ചുകേറുമല്ലോ

പൊറുക്കുക നിങ്ങള്‍
നിങ്ങള്ക്കും ഈ ഗതി വന്നാലേ
നിങ്ങളും പഠിക്കൂ.......
എല്ലാം ഞാനെന്നേ .....
തീരുമാനിച്ചുറപ്പിച്ചതാണേ

എന്തെല്ലാം കേട്ടു...... 
എന്തോരം തീ തിന്നിനി
വയ്യേ..വയ്യ....... 
 എന്തോ അബദ്ധത്തിന്
മന്ദനെന്നറിയാതൊരുവനു മുന്നില്‍
തലകുമ്പിട്ടു നിന്നു കൊടുത്തന്നു
മുതല്‍ ഞാന്‍ വെന്തു നീറി
കഴിയുകയായിരുന്നല്ലോ...?

അന്നു കുരുങ്ങിയോരാക്കുരുക്ക്
അഴിക്കാന്‍ നോക്കും തോറും
പിന്നെയും കുരുങ്ങി കുരുങ്ങി....
എന്നെ മുറുക്കി ശ്വാസം മുട്ടിച്ച്
പൊട്ടിച്ചെറിഞ്ഞു കളയുകയല്ലാതെ
മറ്റൊരു വഴിയുമില്ല്ലല്ലോ.....

എന്താണ് കുഴപ്പമെന്നാലോചിച്ച്
ഉദ്വേഗം മുറ്റി നിങ്ങള്‍ പിന്നെയും
എന്നോടെന്തോ ചോദിക്കാനാഞ്ഞല്ലോ..
എല്ലാം തുറന്നങ്ങ് പറയാനൊക്കുമോ..?

എന്താണ് കുഴപ്പം....
ഭര്ത്താവ് സുന്ദരനല്ലേ..... ?
ശാന്തശീലന്‍.....
ആഢ്യത്വമുണ്ടാറടിപ്പൊക്കവുമുണ്ടല്ലോ..
ആറക്ക ശമ്പളമുണ്ട്
ആഡംബരക്കാറുമുണ്ടല്ലോ....
കള്ളു കുടിയില്ല
അന്യപെണ്ണുങ്ങളുടെ
 ദേഹത്തൊളിഞ്ഞു നോട്ടമില്ല
തെല്ലുപോലും..... !
അമ്മായിയമ്മയൊന്നുളളത്
കൂടെയുമല്ലല്ലോ താമസം...
പിന്നെന്താണ് കുഴപ്പം
പെണ്ണല്ലേ..എല്ലാം ഉള്ളുതുറന്നങ്ങ്
പറയുവാന്‍ കഴിയുമോ...?

പറയാതിനിവയ്യ
കൊട്ടും കുരവയുമായി
കല്യാണം കഴിഞ്ഞിട്ടേഴട്ട്
മാസങ്ങളായല്ലോ... ?
അന്നതിന്‍ പിറ്റേയാഴ്ച മുതല്‍
ബന്ധുജനങ്ങളും, കൂട്ടത്തില്‍ നിങ്ങളും
ചോദിക്കുന്നതല്ലേ
എന്തുണ്ട്......  വിശേഷം വല്ലതും..?
എന്തു വിശേഷം... ?
അന്നു കൊട്ടിയോരാ, താലിച്ചരടിന്റെ
ബന്ധമതൊന്നല്ലാതെ
ഞങ്ങള്‍ തമ്മില്‍
ഒരു കുന്തവുമുണ്ടായിട്ടില്ല
ഇന്നേവരെ...... !
പിന്നെന്തു വിശേഷം....?
എല്ലാം കേട്ടിട്ട്...
എന്തോ വഷളച്ചിരി മറയ്ക്കുവാന്‍
നിങ്ങളും പാടു പെടുകയാണല്ലോ..
എന്തുമായിക്കൊളളട്ടെ
ചെന്തീപോലെ ജ്വലിക്കും യൌവനത്തില്‍
ഇന്ദ്രിയ താപമില്ലാത്തവനെ
പിന്നെന്തിനു വെറുതേ ചുമക്കണം.. ?

ഞാന്‍ ബന്ധമൊഴിയുകയാണല്ലോ
ചിന്തയില്‍ പോലും, വിരല്‍ തുറിപ്പിച്ചെന്റെ
നേരെ ചൂണ്ടരുതേ നിങ്ങള്‍ .....
( ഇതിലെ കഥാനായികയ്ക്ക് നിങ്ങളുടെ വക ഫ്രീ ഉപദേശം വല്ലതും........ ?) 
ഇതില്‍ ചേര്ത്തിരിക്കുന്ന ചിത്രത്തിന് ഗൂഗിള്‍, പിക്കാസയോട് കടപ്പാട്

2013, മാർച്ച് 20, ബുധനാഴ്‌ച

അതിരില്‍ ഒരു ആഞ്ഞിലി.......

അതിരിലൊരാഞ്ഞിലി
കനത്തു നില്പുണ്ട്....
ഹരിതവര്ണ്ണത്തിന്‍
കുട നിവര്ത്തി
അടുത്തൂണുപറ്റിയൊരെന്റെ
വീടു പൊളിച്ചു പണിയുമ്പോള്‍
മുറിക്കുവാനിരുന്നതാണേ...
അതിന്റെ  ചൂരുമണത്ത്
അകത്തുകയറാനിരുന്നതാണേ...
വിലക്കാര് അതൊന്നുമറിയാതെ
കൊതിച്ചുവന്ന് കണ്ട്
വിലപറയുന്നുമുണ്ടേ ...

അടുത്തതിൻചോട്ടിലേക്ക്
ചെന്നാല് അയല്‍ വീട്ടുകാരന്‍
തുറിച്ച കണ്ണുരുട്ടി
മീശ വിറപ്പിച്ചു
കാണിക്കുകയാണല്ലോ..

അടിവേരൊരണ്ണമിറങ്ങി
അവിടേക്ക് പോയിട്ടുമുണ്ടല്ലോ.... ?
അതിര് മാന്തിയത് അകത്താക്കിയോ ....?


വെടിയൊച്ച കേട്ട കാട്ടുപന്നിയെ
പ്പോലതിയാന്റെ ഭാര്യ
വിറളിപിടിച്ചോടി നടക്കുകയാണല്ലോ .
ഇടയ്ക്കിടക്കകത്തു കയറി
ആരെയോ പുലഭ്യം
പറയുന്നുമുണ്ട്....

മുറിക്കുവാന്‍ ചെന്നാല്
പുളിച്ചു തെറിച്ച വാക്കുമായി
എന്നോട് വഴക്കടിക്കാന്‍
വരുമോ...?
അടുത്തുള്ളവർ കേട്ടാൽ
അതിന്റെ ക്ഷീണം
കുളിച്ചാലും മാറുമോ ... ?


അതിരില്‍  വളരുന്നൊരാഞ്ഞിലി
ഈ കൊടും ചതിഎന്നോടു
വേണമായിരുന്നോ.... !
അയൽ വീട്ടുകാർ ഞങ്ങൾ
എത്ര ലോഹ്യത്തിൽ കഴിഞ്ഞതാണ്

കടുത്ത വിദ്വേഷം....
കുരുത്തു പൊങ്ങിയ  പോല്‍
 നിന്‍ ഫലം എടുക്കുവാനാളില്ലാതെ
നിലത്തു തന്നെ ചിതറിക്കിടപ്പുണ്ടല്ലോ
വെറുപ്പിന്‍ വിത്തുകളുമായി
അതിരില്‍    ചെന്ന്
മുളച്ച് പൊന്തുവനായി ....

( ഇനി നിങ്ങള് പറയൂ ..... ഞാനെന്തു വേണം ? നിങ്ങളുടെ അഭിപ്രായം അതെന്തായാലും എനിക്ക് വിലപ്പെട്ടതാണ്‌ .)

2013, മാർച്ച് 18, തിങ്കളാഴ്‌ച

നിര്‍വ്വഹണോദ്യോഗസ്ഥരോട് ചില ചോദ്യങ്ങള്‍

( പഞ്ചായത്തുകളുടെ പദ്ധതി നിര് വ്വഹണത്തെക്കുറിച്ചാണ് പറയുന്നത്...എനിക്കൊന്നും പറയാനില്ലെന്റെ പൊന്നേ......)

ആമുഖം 

നിര്‍വ്വഹണോദ്യോഗസ്ഥരോടുണ്ട്
ചില  ചോദ്യങ്ങള്‍
നിര്‍ണ്ണയം നിങ്ങളുത്തരം നല്കണം

സ്പഷ്ടമായി......
മാര്‍ച്ചു വന്നിങ്ങിളിച്ചു നില്ക്കുന്നതു കണ്ടില്ലേ.....?
തേര്‍ച്ചപ്പല്ലുകള്‍ കാട്ടി.....
നേര്‍ച്ച തുടങ്ങുവാനിനിയെന്തു താമസം
ചോദ്യങ്ങളോരോരുത്തരോടായി
തന്നെ ചോദിച്ചിടാം....



നെല്ലു വിതച്ച് കൊയ്തെടുക്കുന്നോരു
പ്രോജക്ടുണ്ടായിരുന്നല്ലോ...
എന്തായതിന്‍ സ്ഥിതി.... ?
നെല്‍വയലുകളൊക്കെ കതിരണിഞ്ഞ്
പച്ചം പനതത്തകള്‍ പാറികളിക്കാന്‍
തുടങ്ങിയോ...........?.

മറുപടി( കൃഷി-നിര് വ്വഹണോദ്യോഗസ്ഥന്‍ )
നെല്ലു വിതക്കാനായി കൊണ്ടു പോയവര്‍
പല്ലിടകുത്തിയങ്ങിരിപ്പാണേ....
വിത്തു വിതച്ചവര്‍
കളപ്പുല്ലു പറിക്കാനാളെ കിട്ടാതെ
നെട്ടോട്ടമാണേ.....
തൊഴിലിനാളെ കിട്ടാത്ത നാട്ടില്‍
മുക്കിന്, മുക്കിന് പെണ്ണുങ്ങള്‍ നട്ടാല്‍
കുരുക്കാത്ത നുണയുമായി
വട്ടത്തില്‍ കൂടിയങ്ങിരിപ്പാണേ.....
തൊഴിലുറപ്പന്നത്രേ അതിന്‍ പേര്...
പുല്ലു പറിക്കുവാവാനെനിക്കാകുമോ....?
( ആത്മഗതം -വയലായ വയലെല്ലാം
നികത്തുവാന്‍ കൂട്ടു നിന്നിട്ടിപ്പം
വലിയ വായിലേ വര്‍ത്തമാനം
 പറയുവാന്‍ നാണമില്ലേ..?)


ആടിനെ മേടിച്ച് ആള്‍ക്കാരയെല്ലാം
ആനയാക്കുന്നൊരു പ്രോജക്ടുണ്ടായിരുന്നല്ലോ...
വല്ല നടപ്പുവശവുമുണ്ടങ്കില്‍
ഇപ്പോള്‍ പറയണം



മറുപടി( മൃഗസംരക്ഷണം- നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ )
ആടുകൊടുക്കേണ്ടവരുടെ ലിസ്റ്റു ഞാനൊന്നു
തേര്‍ച്ച നടത്തി...
ആടുളളവര്‍ക്കു കൂടില്ലല്ലോ..
കൂടുളളവര്‍ക്ക് ആടില്ലല്ലോ......
ആടുംകൂടുമുളളവര്‍ക്കു വീടില്ലല്ലോ...
വീടിനൊട്ട് തൂണുമില്ലല്ലോ....
തൂണിനൊട്ട് നാണവുമില്ലല്ലോ.....
ആടിനെ കൊടുത്തവരുടെ
വീട്ടില്‍ ഞാന്‍ പോയി
ആടുമില്ല, പൂടയുമില്ല
തൂണില്‍ ചാരിയങ്ങിരിക്കും
വീട്ടുകാരനൊട്ട് കൂസലുമില്ലല്ലോ...!.
( ആത്മഗതം -ആടിനെ അന്വേഷിച്ച് നടക്കുന്ന നേരത്ത്
പാണ്ടന്‍ നായയൊരണ്ണം തുടലും പൊട്ടിച്ച്
എന്റെ നേരേ കുരച്ചു ചാടിയേ..
പട്ടിക്കറിയുമോ ഞാനവരുടെ
 അപ്പോത്തിക്കിരിയാണെന്ന്... )



പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ നന്നാക്കുന്ന
പദ്ധതികളൊത്തിരിയുണ്ടായിരുന്നല്ലോ... ?
അഞ്ചാറു വര്ക്കുകള്‍  തുടങ്ങാന്‍
എന്തിത്ര താമസം .... ?
ടൊണ്ടര്‍ പൊട്ടിച്ചെന്റെ കൈ കുഴഞ്ഞതാണേ
മൊത്തത്തില്‍ തൊട്ടുപുരട്ടാലാണെന്നൊരു
വര്‍ത്തമാനമുണ്ടല്ലോ....?

മറുപടി( പശ്ചാത്തല മേഖല - നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ )
നാട്ടുകാര്‍ക്കൊക്കെ റോഡുവേണം
റോഡിനൊക്കെ ലോറിപോകാന്‍
പാകത്തില്‍ വീതിയും വേണം
പക്ഷെ ഒരിഞ്ചു സ്ഥലം വിട്ടു
തരില്ലൊരുവനും.... ?
( ആത്മഗതം- തൊട്ടു പുരട്ടലിന്‍ കഥ
ഇവിടെപ്പറഞ്ഞതൊട്ടും ശരിയായില്ല
വീതിച്ചു വീതിച്ചു വന്നപ്പോള്‍ ലോപിച്ച്
ലോപിച്ച് പോയതാണേ....
പാല്പുഞ്ചിരി തൂകി ആയതില്‍ പങ്ക്
എണ്ണി വാങ്ങിക്കുമ്പോള്‍
അന്നു കണ്ടില്ലല്ലോ ഈ ദണ്ണമൊന്നും)


വീടും കൂടും കിണറും കുടിവളളവും
കുഴികക്കൂസും, അഗതികള്‍ക്കാശ്രയവും
പിന്നെ സ്വയം തൊഴിലും
ഒക്കെയും ചെയ്യുന്നത് നിങ്ങളല്ലേ
വല്ലതുമൊക്കെ നടക്കുന്നുണ്ടോ... ?
മന്തനെപ്പോലിങ്ങനെ നിന്നാല്‍
മതിയോ......? 
സ്തൂപങ്ങള്‍ പോലെ  തുറിച്ചു നില്പുണ്ടല്ലോ
അവിടെയുമിവിടെയും
പണ്ടേ കൊടുത്ത് പണി തീരാത്ത വീടുകള്‍
ചക്കപ്പഴത്തില്‍ ഈച്ച പൊതിയുംപോല്‍
എപ്പോഴും പെണ്ണുങ്ങള്‍ ചുറ്റിലുമുണ്ടല്ലോ.. !
ചുറ്റിക്കളിയല്പം കൂടുതലാണല്ലോ... !
പച്ചതൊടീക്കില്ല ഞാന്‍  ഇപ്പഴേ പറഞ്ഞേക്കാം

മറുപടി( ദാരിദ്ര്യ ലഘൂകരണം-പട്ടികജാതി വികസനം  നിര് വ്വഹണ ഉദ്യോഗസ്ഥന്‍  )

പണിതീരാത്ത വീടുകള്‍ എന്നു പറയുമ്പോള്‍
പണിക്കൂലിക്ക് പോലും തികയാത്ത
കാശുകൊണ്ട് പാവങ്ങള്‍ പിന്നെന്തു വേണം
ചര്‍ച്ചകളെത്ര കൊഴുത്തു കയറിയതാണെന്നിട്ടും
നിങ്ങള്‍ തീര്‍പ്പു കല്പിച്ചു നല്കേണ്ട
ലിസ്റ്റിന്നേവരെ കിട്ടിയിട്ടില്ലല്ലോ...
കഷ്ടമെന്നാല്ലാതെന്തു പറയാന്
( ആത്മഗതം -ആഡ്യത്വമല്പം കുറവായതുകൊണ്ടാണോ..?
വീര പരാക്രമം ശൂദ്രനോടല്ല വേണ്ടൂ...)


ഒക്കെയും നോക്കി നടത്തേണ്ട
മുഖ്യ കാര്യനിര്‍വ്വഹണോദ്യോഗസ്ഥന്‍ നിങ്ങളല്ലേ..?.
എന്നിട്ടിന്നേവരെ തിരിഞ്ഞൊന്നു
നോക്കിയിട്ടുണ്ടോ ... ?
വല്ലതുമൊക്കെ കേള്‍ക്കുന്നുണ്ടോ...
 നമ്പരിടീക്കാന്‍ വരുന്നവരോട്
നമ്പരിട്ടങ്ങനെ നിന്നാല്‍ മതിയോ...?.
 മറുപടി( സദ്ഭരണം.പൊതുകാര്യം).
അഞ്ചന കിഞ്ചന വര്‍ത്തമാനങ്ങള്‍
നിങ്ങള്‍ക്കെന്തു വേണമെങ്കിലും പറയാമല്ലോ...
അഞ്ചു വര്‍ഷം കഴിയുമ്പോള്‍ മുഖം തുടച്ച്
പൊടിതട്ടിയങ്ങെഴുനേറ്റ് പോകാം
നിന്ന് പിഴച്ച്, പിഴമൂളേണ്ടതുദ്യോഗസ്ഥരല്ലേ....?.
പണ്ടത്തെ വിഴുപ്പുകെട്ടുകള്‍ ചുമന്ന്
മാസത്തിലീരണ്ടു തവണ
ദന്തഗോപുരങ്ങളിലിരിക്കും വെണ്ണക്കല്‍
പ്രതിമകള്‍ക്കു മുന്നില് തലകുമ്പിട്ട്
ഞാന്‍ ചെന്നു നില്ലക്കുന്നതല്ലേ...
ചില്ലുമേടയിലിരിക്കുന്നവര്‍
കാലിന്നടിയില്‍ മണ്ണുപറ്റാതെ
ഉത്തരവുകളിറക്കി കളിക്കുകയാണല്ലോ
" മാംസം മുറിക്കണം..
രക്തമൊട്ടുമേ കിനിയാന്‍  പാടില്ല പോലും... "
( ആത്മഗതം-കളി എന്നേടുവേണ്ടാ  കുറെ കണ്ടതാണേ..
ചട്ടം പറഞ്ഞു ഞാന്‍ വട്ടം കറക്കുമേ..... )

ഉപസംഹാരം
നമ്മളന്യോന്യമിങ്ങനെ കല്ലുവാരി
ചെളിയില്‍ പുതച്ചെറിഞ്ഞിട്ടൊരു കാര്യവുമില്ല
ചെന്നു കൊളളുന്നത് നമ്മളിലൊരാള്‍ക്കു തന്നെയല്ലേ
എന്തു വന്നാലും ശരി എങ്ങനെയെങ്കിലും
ഫണ്ട് ചെലവാക്കണം..
അതൊന്നേ എനിക്ക് പറയാനുളളൂ
എല്ലാത്തിനും ഞങ്ങളുണ്ട് ഗ്യാരണ്ടി



( പഞ്ചായത്തുകളിലെ പദ്ധതി നിര്‍വ്വഹണത്തെക്കുറിച്ച് ഒന്നും പരയാതിരിക്കുകയാണ് ഭേദം. അധികാരവും, പണവും താഴെത്തട്ടിലേക്ക് എന്നു പറയുകയും,ഉത്തരവുകളിലൂടെയും അനാവശ്യ ഇടപടലുകളിലൂടെയും അദൃശ്യമായ കരങ്ങള്‍ കൊണ്ട് അത് കവര്‍ന്നെടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഗവണ്മെന്റ്, ചില്ലുമേടകളിലിരുന്ന് ജനങ്ങളുടെ ജീവിതമറിയാത്ത  കപട ബുദ്ധി ജീവികളും, അക്കാഡമിക്ക് പണ്ഡിതരും നടത്തുന്ന പരീക്ഷണങ്ങള്‍,ഇച്ഛാശക്തിയും,ലക്ഷ്യ ബോധവുമില്ലാത്ത ഭരണ സമിതികള്‍, ഉത്തരവാദിത്തം കാട്ടാത്ത ഉദ്യോഗസ്ഥര്‍ ,ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും തമ്മിലുളള അവിശുദ്ധ കൂട്ടുകെട്ടുകള്‍ പൌരബോധം തൊട്ടു തീണ്ടിയിട്ടില്ലാത്ത പൊതു സമൂഹം....കേരളത്തിലെ അധികാര വികേന്ദ്രീകരണ പ്രസ്ഥാനത്തെ ദൈവം കാത്ത് രക്ഷിക്കട്ടെ..... !!)





2013, മാർച്ച് 11, തിങ്കളാഴ്‌ച

കട്ടപ്പുറത്തു നിന്നും ഒരാനവണ്ടി.....

കട്ടപ്പുറത്തു നിന്നും ഒരാനവണ്ടി
തേങ്ങിപ്പറഞ്ഞു
എന്നെ താഴത്തൊന്നിറക്കി വിടാമോ
അല്പം കിതപ്പുണ്ടെങ്കിലും
നിങ്ങളുമായി ചുറ്റിത്തിരിഞ്ഞോടി
നടക്കാന്‍  എനിക്കെന്തിഷ്ടമാണന്നോ.....

മുക്കി മൂളി ഞരങ്ങിയാണെങ്കിലും
ഞാനൊത്തിരിവെട്ടം നിങ്ങളെ
ലക്ഷ്യത്തില്‍  കൊണ്ടെത്തിച്ചതല്ലേ....?
ബസ്റ്റോപ്പില്‍  നിന്നല്പം മുഷിഞ്ഞപ്പോള്‍
നിങ്ങള്‍  പറഞ്ഞ പരിഹാസ വാക്കുകള്‍
ഇപ്പോഴും മുഴങ്ങുന്നുണ്ട്
ആനവണ്ടി...ആളെ വലിക്കാനാകാതെ
വഴിയില് കിടക്കുകയാവാം ...

എന്നെ വളച്ചും തിരിച്ചും
ഒടിച്ചിങ്ങെടുത്തും മഞ്ഞഞരമ്പ്
തെളിഞ്ഞൊരാ കൈകള്‍
 ശുഷ്കിച്ചു പോയപ്പോള്‍
നിങ്ങളും പിന്തിരിഞ്ഞ് നിന്ന്
കൊഞ്ഞനം കുത്തികാണിക്കയാണോ...?.

എത്ര സമര മുഖങ്ങളില്‍
നിങ്ങളെന്നെ തച്ചു തകര്ത്തു.....
ചില്ലുകള്‍  പൊട്ടിയടര്ന്നതു പോലെ
നിങ്ങളും നോക്കി രസിച്ചില്ലേ......?
എന്നിട്ടും രക്തമൊലിപ്പിച്ച് ഞാന്‍
നിങ്ങളേയും ചുമന്ന് കൊണ്ടോടിയില്ലേ..

തിക്കി തിരക്കില്‍ ........
വിയര്പ്പിലൊട്ടിചേര്ന്നു നിന്നപ്പോള്‍
ആദ്യമായി മൊട്ടിട്ട പ്രേമം
ഒറ്റ സഡന്‍  ബ്രേക്കില്‍  ഞാനപ്പഴേ
ഒന്നാക്കി തന്നില്ലേ...!

ടിക്കറ്റു കീറികൊടുക്കുവാനിടമില്ലാതെ
കണ്ടക്ടര്‍ നിങ്ങളോടല്പം മുന്നോട്ട് നീങ്ങാന്‍
പറഞ്ഞപ്പോള്‍ പൂക്കുറ്റി പോലെ
നിങ്ങള്‍ പെട്ടിത്തെറിച്ചില്ലേ... ?

എത്ര വിഴുപ്പുകെട്ടുകള്‍  കെട്ടിച്ചുമന്നതാണ്
ടിക്കറ്റെടുക്കുവാന്‍  കാശില്ലാതെ
നിങ്ങള്‍  പമ്മി പതുങ്ങി
സീറ്റിനിടയില്‍  പുറത്തെ കാഴ്ചകളില്‍
മുഖം നട്ടു നിന്നില്ലേ....?
കാക്കിയിട്ടാരോ കയറിയപ്പോള്‍
ചെക്കറെന്നു നിനച്ച്
അഭിമാനം പൊട്ടിതകരുന്നതോര്ത്ത്
പാതിജീവനപ്പൊഴേ പോയില്ലേ....?

ഒന്നുമേ ഞാന്‍ മറന്നിട്ടില്ല
ഓര്ക്കണം നിങ്ങള്‍ വല്ലപ്പോഴും....

നിങ്ങളോട് ഞാനിതൊക്കെ
പറഞ്ഞിട്ടെന്തു കാര്യം.... ?
വര്ണ്ണ കൊടിക്കൂറ കെട്ടിയ കാറില്‍
ചാഞ്ഞും ചരിഞ്ഞും കിടന്ന്
മിന്നല്‍  വേഗത്തില്‍  പാഞ്ഞു
പോകുന്നവരറിയുന്നോ എന്റെ വേദന
ഞാന്‍  നിങ്ങള്‍  തന്‍  ആനവണ്ടി
കണ്ണില്ലാത്തവരേ കണ്ണു തുറക്കുക.

2013, മാർച്ച് 6, ബുധനാഴ്‌ച

എരിചട്ടിയിലേക്ക് ഒരു കോഴി.......

അടുക്കളമുറ്റത്തൊരു കോഴി വന്ന്
പതുങ്ങി നില്പുണ്ട്
ഇടയ്ക്കിടയ്ക്കകത്തേക് പരിഭ്രമിച്ച്
നോക്കുന്നുമുണ്ട്
അടുത്തു ചെന്നിങ്ങ് പിടിച്ചു
കൊണ്ടു വരാമോ......?
കണക്കു കൂട്ടി ഞാന്‍
പടിക്കല്‍  തന്നെ നിന്നു കൊളളാം
പതുങ്ങി പതുങ്ങി ചെല്ലണം
തിടുക്കം വേണ്ടൊട്ടുമേ ......
കുറച്ച് ഗോതമ്പ് മണി കയ്യില്‍
കരുതണം......
ഇടയ്ക്കിയ്ക്കെടുത്ത് കൊറിക്കണം
നിലത്തെറിഞ്ഞ് കൊതിപ്പിക്കണം
കണ്ണിറുക്കി വെളുക്കെ ചിരിക്കണം
കോമ്പല്ല് കാണരുത് പുറത്തൊട്ടുമേ
കുണുങ്ങി കുണുങ്ങി
അതിങ്ങടുത്തവരും നിശ്ചയം..!
തിടുക്കം വേണ്ടൊട്ടുമേ പറഞ്ഞേക്കാം
അടുത്തു നിര്‍ത്തി ഇളം തൂവല്‍
 തഴുകി തലോടണം
തഞ്ചത്തിലിങ്ങകത്ത് കൊണ്ടു വരണം
അകത്തു കയറിയാലുടനെ
കതകടയ്ക്കണം
കതകടഞ്ഞാലുടന്‍
കഴുത്തിപിരിച്ച് ഞെരിച്ചൊടിക്കണം
പിടച്ചിലിനൊച്ച പുറത്ത്
കേള്‍ക്കരുതൊട്ടുമേ.....
പപ്പും പൂടയും നീ വലിച്ചുരിഞ്ഞെറിയണം
എനിക്കതില്‍ വശമില്ലൊട്ടുമേ.....
ഉപ്പും മുളകും ഞാന്‍  പുരട്ടി
വെയ്ക്കാം....
കനച്ച വെളിച്ചണ്ണ മാത്രമേ
ഇരിപ്പമുള്ളെങ്കിലും സാരമില്ല
വറചട്ടിയില്‍  നിര്‍ത്തി
മുഴുക്കനെ പൊരിച്ചെടുക്കാം
നടുത്തുണ്ടം എനിക്കു തന്നെ
വേണം.....
അതിപ്പഴേ പറഞ്ഞേക്കാം ....
കൂട്ടുകാരെയൊക്കെ വിളിച്ചു
കൂട്ടണം.....
പുറത്തുളളവര്‍  കുറുക്കകണ്ണെറിഞ്ഞ്
തുറിച്ചു നോക്കിയാല്‍
അവര്ക്കും പങ്ക് പകുത്ത്
നല്കണം....
അടുക്കളമുറ്റത്തൊരു കോഴി വന്ന്
പതുങ്ങി നില്ക്കുന്നു....
സ്വയം കറിച്ചട്ടിയില്‍
വീണൊടുങ്ങാന്‍ ...

( സത്യമായിട്ടും ഈ കവിത ഏതെങ്കിലും ചുരീദാറിട്ട കോഴിയെക്കുറിച്ചുളളതല്ല............. ഏതെങ്കിലും (അ)ശുദ്ധ ഹൃദയരായ ബ്ലോഗ് സുഹൃത്തുക്കള്ക്ക് അങ്ങനെയൊരു ചിന്ത വന്നു പോയിട്ടുണ്ടെങ്കില് അതില്‍  ഞാന്‍ മസസ്സാ , വാചാ, കര്‍മ്മണാ ഉത്തരവാദിയല്ല)

2013, മാർച്ച് 4, തിങ്കളാഴ്‌ച

ഇഞ്ച്വറി ടൈമില്‍ ഒരു ഗോളി..... .

ആരുമാരും ഗോളടിച്ചില്ല......!
സ്റ്റേഡിയം നിറഞ്ഞൊരാരവങ്ങള്‍
ക്കിടയിലൂടെ
നീണ്ട വിസില്‍  മുഴങ്ങിയെത്തുന്നതും
കാത്ത് ഗോളിഞാന്‍ നിന്നു
പാതി ഉരുകിയ ഹൃദയവുമായ്......

വെട്ടുകിളികളെപ്പോലെ പറന്ന
പാസ്സുകള്‍ .......
ഉള്ക്കിടിലമോടെ മുന്നില്‍
വന്നു തെറിച്ചു പോയി.......
കത്രികപ്പൂട്ടിട്ട കാലുകളില്‍  നിന്ന്
ചീറിയുതിര്ന്നൊരു വെടിയുണ്ടകള്‍
ഞാനെങ്ങനയോ തട്ടിയകറ്റി
കിതച്ചു നിന്നു.....
ചുറ്റും വന്‍മതിലുകള്‍ 
കോട്ട കൊത്തളങ്ങളായി
ഉയര്ന്നു നിന്നെങ്കിലും
ഞാനിടയ്ക്കിടെ ഒറ്റപ്പെട്ട തുരുത്തു
പോലെ  തുറിച്ചു നിന്നു
ഗോള്വലകള്‍  ദാഹമോടെനിക്കു പിന്നില്‍
മൂകമായുരുകി നിന്നു....

പെട്ടന്നൊരിടിമിന്നല്‍ പിണരുപോല്‍
മുന്നിലൊകൂട്ടപൊരിച്ചില്‍
ഒന്നുമേ കാണാന്‍  വയ്യ.....
ആര്ത്ത നാദങ്ങള്‍ .......
അലറിവിളികള്‍ ........

ഞാനാകെ പകച്ചു മിഴി തുറക്കുമ്പോള്‍
ഗോള്വലയുടെ ഒരു മൂലയില്‍
ഞാനും ഭൂമിഗോളം പോലുളള
ബോളും കുരുങ്ങി കിടക്കുന്നു....

മാത്രകള്‍  കൊഴിഞ്ഞു പോകുന്നു.....
നീണ്ട വിസിലിപ്പോള്‍  മുഴങ്ങുമല്ലോ.....
എന്റെ പ്രാണനേ നീയീ ബോളുപോല്
തെറിച്ചങ്ങു പോയിരുന്നെങ്കില്‍ ....!!




2013, മാർച്ച് 2, ശനിയാഴ്‌ച

കൂടുവാന്‍ ഒരു ക്ഷണം കൂടി .....

എത്രനാളായി സുഹൃത്തേ......
നമ്മളൊത്ത്ചേര്‍ന്നൊന്ന് കൂടിയിട്ട്
ഇന്നിത്തിരി നേരം കിട്ടുമോ..... ?
കെട്ട ഛര്ദ്ദി പോല്‍  ഒത്തിരി
കാര്യങ്ങള്‍  പറഞ്ഞു തളളുവാനുണ്ട്
നിന്നോട് മാത്രമായി...

വട്ടക്കഴുത്തുളള മുന്തിയ കുപ്പിയൊരണ്ണം
ഞാനൊപ്പിച്ചെടുത്ത് വെച്ചിട്ടുണ്ട്
പൊട്ടിച്ചിരിച്ച് പതച്ചു തുപ്പുന്ന
സോഡയും വാങ്ങിയിട്ടുണ്ട്
തൊട്ടു കൊറിക്കുവാന്‍
കട്ടമുളക് പുരട്ടി വറുത്തെടുത്തോരു
കൊച്ചു മണിക്കടല മാത്രം
മതി ബാക്കി....

നീയിങ്ങെത്തുമോ നേരുത്തേ
നേരമിരുട്ടും മുമ്പെ......
ഞാനിത്തിരി മുമ്പെ  തുടങ്ങും

പിത്ത രസമൂറിയൂറി വന്നെന്റെ
രക്തം കുമിഞ്ഞ് ഞാനാകെ മഞ്ഞിച്ച്
അര്ദ്ധ ബോധത്തില്‍ ആശുപത്രിക്കിടക്ക
വിട്ടെഴുന്നേറ്റതില്‍ പിന്നെ.......
 തൊട്ടു നോക്കിയിട്ടില്ല
ഒരു തുളളി പോലും......
സത്യമായും....

ജോലിക്കു പോകുവാനാവതില്ലൊട്ടുമേ
പച്ച നോട്ടുകളൊത്തിരി പൊട്ടിച്ചൊഴിച്ച്
മുട്ടിച്ചു നീട്ടിയ കൂട്ടുകാരാ .....
അന്നാശുപത്രി വാര്ഡില്‍
വന്നൊന്നെത്തിനോക്കിയിട്ട്
അന്നരേ നീ പോയതില്‍ പിന്നെ
എത്രദിനരാത്രങ്ങളെന്നോട്
പരിഭവിച്ച് കടന്നു പോയി
എന്നാലും സാരമില്ല......

നേരുത്തെ തന്നെ നീയിങ്ങെത്തുമല്ലോ... ?
ചിത്രശലഭങ്ങളെ പോലുള്ള  കുട്ടികള്‍
എട്ടും പൊട്ടും തിരിഞ്ഞിട്ടില്ല
പൊട്ടിയടര്ന്നോരസ്ഥികൂടം പോലെ
വീടു നില്കുന്നു...... !
വെറും പൊട്ടിപ്പെണ്ണൊരുത്തി
എന്റെ ഭാര്യ.......
പട്ടാപ്പകല്‍  പോലും ഞാനൊറ്റ
യ്ക്കൊരിടത്തും പറഞ്ഞു വിടാത്തവള്‍
പട്ടിണി പലകുറി വാതിലില്‍
മുട്ടിവിളിച്ചിട്ടൊരുന്നാള്‍
ചട്ടിയും കലവും മോറുവാന്‍
അന്യവീടിന്റടുക്കള മുറ്റത്തു പോയി
ചത്തൊരഭിമാനം കട്ടിലില്‍
തന്നെ പുഴുത്തു കിടന്നു

വീട്ടിലവരൊക്കെയുണ്ടാകുമെന്ന്
കരുതി നീ വിഷമിക്കേണ്ട.....
കുട്ടികള്‍  അമ്മവീട്ടിലുലത്സവത്തിനു
പോയിരിക്കയാണ്.....
ഭാര്യനേരമിരുട്ടിയേ ഇങ്ങെത്തുകയുള്ളന്ന്
നേരുത്തെതന്നെ പറഞ്ഞിരുന്നല്ലോ...?

രാത്രിതന്‍  കൂര്ത്തമുളളു പോലുളള
ഇരുട്ടില്‍ , ചിര്ത്തു തികട്ടിയ
മനം പിരട്ടലില്‍ ..........
ഉരുണ്ടും പിരണ്ടും ഞാന്‍  കിടക്കവേ..... 
തൊട്ടെടുത്തെവിടെയോ രാത്രിയേറെ
വൈകിയും കൊച്ചുഫോണിലാരുമായോ
അവള്‍ കൊഞ്ചിക്കുഴഞ്ഞങ്ങനെ
യിരിക്കുകയായിരുന്നല്ലോ..?
ഇക്കിളി പുരണ്ട വര്ത്തമാനങ്ങളിടയ്കിടെ
വേലിചാടി  എന്‍ കാതിലെത്തിയെങ്കിലും
മിണ്ടിയില്ല.... ഞാനൊന്നുമേ
എനിക്കെന്തര്ഹത.......?

രണ്ടുനാള് മുമ്പുച്ചയ്ക്കു രക്തം
ഛര്ദ്ദിച്ചു ഞാന്‍ കുഴഞ്ഞു വീണിരുന്നു
ഭാര്യയെ മാറ്റി നിര്ത്തി ഡോക്ടര്‍
പതുക്കെപ്പറയുന്നതു ഞാനും കേട്ടു
വിട്ടുകളഞ്ഞേക്കുക...ഇനി രക്ഷയില്ല
കരള്‍  മൊത്തമായി ചത്തു കലമ്പിച്ചല്ലോ
ഇത്തിരി പ്രതീക്ഷയുണ്ടായിരുന്നതു
മസ്തമിച്ചു...... ..
ഏറിയാല് പത്തു പതിനഞ്ചു നാളുകള്‍
പിന്നെയെല്ലാം ദൈവ നിശ്ചയം..

എത്ര മനം പിരട്ടിയാലും ഞാനിന്ന്
ബോധംമറിഞ്ഞു താഴെ വീഴും വരെ കുടിക്കും
ആഴത്തില്‍  വീശിയെറിഞ്ഞോരൊറ്റ
വാളിന്റെ  മൂര്ച്ചയില്‍.........
രക്തത്തില്‍ മുക്കി ഞാനിന്നെന്റെ
പ്രാണനെ തുപ്പിക്കളയും..... !.

വെട്ടിമൂടി ഞാനൊടുങ്ങും വരെ
നീയെന്നെ ഇട്ടേച്ചെവിടെയും
പോകരുതേ കൂട്ടുകാരാ....!.

എത്രനാളായി നമ്മളൊന്ന് കൂടിയിട്ട്
ഇന്നിത്തിരി നേരം കിട്ടുമോ....?