ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2013, ജനുവരി 31, വ്യാഴാഴ്‌ച

അജണ്ടയില്‍ ഇല്ലാത്ത ചില കാര്യങ്ങള്‍ ......

Conference : illustration of business people meeting in a conference room അജണ്ടയിലില്ലാത്ത ചില കാര്യങ്ങള്‍
എനിക്കുറക്കെ പറയാനുണ്ട്‌
പ്രചണ്ടഘോഷം മുഴക്കി
ഭരിച്ചു മുടിച്ചതിന്‍ കഥ
വിളമ്പി നില്ക്കുകയാണോ....?
പതഞ്ഞപാല്‍ പുഞ്ചിരി കാട്ടി
മയക്കുവാന്‍ നോക്കേണ്ട
കടിച്ചു തൂങ്ങി തലപ്പത്ത്
കിടക്കാന്‍ തുടങ്ങിയിട്ട്
കാലമേറെയായില്ലേ.......?
പതുങ്ങി നിന്നിട്ടിടിച്ചു കേറുവാന്‍
എന്തുമിടുക്കാണയ്യാ.....!
പഠിച്ച പണി പതിനെട്ടും
നോക്കിയിട്ടും മറിച്ചിടാനും
കഴിയുന്നില്ലല്ലോ......!
കുറുഞ്ഞി പൂച്ച പോല്‍
ഉറക്കം കണ്ണില്‍ വന്നു പതുങ്ങി
നില്പുണ്ടേ.......
ഈ കൊണഞ്ഞ വര്ത്തമാനത്തിന്റെ
ഇടക്കിടക്കുളള വലിഞ്ഞുകേറ്റമൊന്ന്
നിര്ത്തണേ.....!
ഇടയ്ക്കു കയറി ഞാനൊന്നു
പറഞ്ഞാല്‍ വിറച്ചു കലി തുള്ളി
തുറിച്ച കൈവിരല്‍ ചൂണ്ടി
എന്നെ അടിച്ചിരുത്തുമോ.......?
പഠിച്ച പാടം ഞാന്‍ മറന്നിട്ടില്ല
വിളച്ചില്‍ വേണ്ടെന്നോട്
അടിച്ചു മാറ്റിയതിന്‍ വിഹിതം
എനിക്കും കിട്ടിയില്ലങ്കില്‍
കണക്കു നിരത്തി ഞാന്‍
കുടുക്കിലാക്കുമേ......
അടുത്ത വേള കുടിച്ചു പൂക്കുറ്റിയായി ഞാന്‍
മുളച്ചു പൊന്തിയൊടുങ്ങിയ
ആ പിഴച്ച പെണ്ണ് കേസ് വിളിച്ചു കൂവുമേ...
പുളിച്ചു തികട്ടിയ തെറിവാക്കൊരെണ്ണം
നാക്കിന്‍ തുമ്പില്‍ വന്നു തുടിക്കുന്നുണ്ടേ...
കടുപ്പമായി വല്ലതും പറഞ്ഞാല്‍
 ഉരച്ചു കുളിച്ചാലും പോകില്ലതിപ്പൊഴേ
പറഞ്ഞേക്കാം ......
ഇടയ്ക്കു കിട്ടിയ ചായക്കൊട്ടു
കടുപ്പവും പോരാ.......
കടിക്കോട്ടു എരിവും പോരാ.....
നാക്കിന്‍ കടച്ചില്‍ മാറ്റുവാനിനി
എന്ത് ചെയ്യണം പടച്ച തമ്പുരാനേ ......!!

2013, ജനുവരി 21, തിങ്കളാഴ്‌ച

ഞാന്‍ വീട് പൊളിച്ചു പണിയണമോ..?.

വീടു പൊളിച്ചു പണിയേണ്ടേ.........?
വീടു പൊളിച്ചു പണിയേണ്ടേ.........?
വീട്ടുകാരണോത്തി എന്റെ ഭാര്യ
ചോദിക്കുന്നു.
ഈറ്റപ്പുലിപോലിടയ്ക്കു ചാടുന്നവള്‍
വീണ്ടു വിചാരമില്ലാതിങ്ങനെ
നടന്നാല്‍  മതിയോ....?
വീണിടം വിഷ്ണുലോകമെന്നങ്ങന
നിനച്ചാല്‍  മതിയോ...?.
ചാട്ടുളി പോലുളള വാക്കുകള്‍ കൊണ്ട്
അവളെന്നെ വേട്ടയാടുകയാണല്ലോ...
വീടിനൊട്ടും മോടി പോരാത്രെ
കാട്ടു പൊന്തക്കാട്ടില്‍  നിന്നേതോ
കുറുക്കനന്‍ തലനീട്ടിയ പോലുണ്ടത്ര
ഈ വീടിന്റെ മോന്തോയം..!
വീടു പൊളിച്ചു പണിയണം
വീട്ടില്‍  മോളൊരുത്തി കൊന്ന
ത്തെങ്ങുപോലങ്ങു  വളര്ന്നു വരുന്നുണ്ടേ...
ഉത്തരത്തിലിടിച്ചവളുടെ ഉച്ചി തകരുമേ
ആണൊരുത്തന്‍  വന്ന് കെട്ടേണ്ടതല്ലേ
കച്ചിതുറുപോലുളള മോനൊരുത്തന്‍
കട്ടിള വാതില്‍  തിങ്ങി ഞെരുങ്ങുമേ
വീടു പൊളിച്ചു പണിയേണ്ടേ.........?
വീടു പൊളിച്ചു പണിയേണ്ടേ.........?
കാട്ടുകരിമ്പൂച്ചപോലിരുട്ട് പതുങ്ങി
കിടപ്പുണ്ടേ മുറിനിറയേ
നേരംമോന്തിയായാല്‍  തട്ടിന്പുറത്തപ്പടി
നെട്ടോട്ടമാണേ മരപ്പട്ടികള്‍
കൂട്ടിന് കൂര്ക്കംവലിച്ചൊരുത്തന്‍
നിങ്ങളുമുണ്ടല്ലോ, പിന്നെന്തു വേണം..!
ചീര്ത്തു കനച്ചൊരു ഗന്ധം
മണക്കുന്നുണ്ടേ....
ചിലന്തി പെടുത്തന്റെ ചെഞ്ചുണ്ട്
പൊളളിയടര്ന്നേ.....
ഓടു പൊട്ടി ചോന്നൊലിക്കുന്നുണ്ടേ
മാവുവെട്ടാനും സമ്മതിക്കേണ്ടേ
ചേരയൊരെണ്ണം എലിയെപിടിക്കാനായി
മച്ചിന്കാലില്‍  വന്നു പതുങ്ങി കിടക്കാറുളളത്
ഒത്തിരിവെട്ടം ഞാന്‍ കണ്ടതാണേ
പാതിഉറക്കത്തില്‍  തോര്ത്തു മുണ്ടെന്നു
കരുതിയെടുത്ത് ചുറ്റരുതേ...!
ഇന്നാളൊരുനാള്‍   കൂട്ടാന്‍  വെച്ചിട്ട്‌
കുനിഞ്ഞെന്നു നൂരാനൊരുങ്ങുമ്പം
പാറ്റയൊരണ്ണം എങ്ങുനിന്നോ
വന്ന്‍ ചട്ടിക്കലത്തില്‍  ചത്തു വീണേ....

പറയുവാനൊത്തിരിയുണ്ടെന്നാലും
കേള്ക്കുവാന്‍  പൊട്ടച്ചെവിയാണല്ലോ 
ചുറ്റിലുമെന്റെ ഭഗവതിയേ...
കേട്ടു പഴകി തൂണിനുപോലും നാണം
വരുന്നേ.....!
എന്നിട്ടുമന്തിക്കു മോന്തിയ കളളും തികട്ടി

ചീട്ടുകൊട്ടാരം പോലെ മനക്കോട്ടേം കെട്ടി
കല്ലിനു കാറ്റു പിടിക്കാത്ത പോല്‍
ഉമ്മറത്തിണ്ണയില്‍  ചാഞ്ഞങ്ങിരിപ്പാണേ
ഈ പണ്ടാരക്കാലന്‍ .......


( വീട്ടിലെ മേളം കേട്ടില്ലേ....പെണ്ണുംപിളളയും മക്കളും അങ്ങനെ പലതും പറയും. പക്ഷെ ഞാന്‍ ഓടിച്ചാടി കളിച്ചു വളര്ന്ന വീടാണ്. കാര്ന്നോന്മാരായിട്ട് എനിക്കു തന്നതാണ്. അത് ഞാനെങ്ങനെ പൊളിച്ചു കളയും. പോരാത്തതിന് എന്റെ കൈയില് അഞ്ചു പൈസ എടുക്കാനില്ല.ഇനി നിങ്ങള് പറയൂ ഞാന്‍ വീട് പൊളിച്ചു പണിയണമോ വേണ്ടയോ...?.എന്നിട്ടു വേണം എനിക്ക് ഒരു അവസാന തീരുമാനമെടുക്കാന്‍ .....)
(ഫോട്ടോയ്ക്ക് കടപ്പാട്......PICASA- GOOGLE)


2013, ജനുവരി 19, ശനിയാഴ്‌ച

പത്രാധിപര്‍ തിരിച്ചയച്ച ഒരു ഹൃദയം

                                                    
 പത്രാധിപര്‍ വെട്ടിനിരത്തി
തിരിച്ചയച്ചോരെന്റെ
ഹൃദയം രക്തം വാര്‍ന്നു നിന്നു തേങ്ങി
അച്ഛനെന്നെ കൊതിപ്പിച്ച്
ഏതോ ദിവ്യമാം വെളിച്ചം കാണുവാന്‍
പറഞ്ഞയച്ചതില്‍  പിന്നെ
മനസ്സിലിതെത്ര പൂത്തിരികള്‍
കത്തിച്ചു ഞാന്‍  കാത്തിരുന്നു വൃഥാ...

 ചെന്നുകയറി പതുങ്ങി നിന്നന്യഥാ-
ബോധത്തോടേറെനേരം ഞാന്‍

മുകളില്‍ കറങ്ങും പങ്ക
എന്തോ പറഞ്ഞു ചിരിച്ചു....
കറങ്ങും കസേരയിതിരുന്ന കശ്മലന്‍
തെല്ലു പുച്ഛം കലെര്ന്നെന്നെ                                                         
ക്രുദ്ധനായൊന്നുനോക്കി

ഉളളു പിടച്ചുപോയി......
പിന്നെയെന്‍  പട്ടുപുടുവ വലിച്ചുലച്ച്
ഏതോ ഇരുളിന്‍  ഗര്ഭത്തില്‍  കൊണ്ടു
പോയൊളിപ്പിച്ചു.....
എന്നെപ്പോലൊരൊത്തിരി പേരുണ്ടായിരുന്നു
ഹതഭാഗ്യര്‍  ....ഭാഗ്യേന്വേഷികള്‍
അവര്‍  തങ്ങളില്‍  തങ്ങളില്‍
സൌന്ദര്യം തനിക്കു തന്നെയെന്നു പറഞ്ഞ്
അന്യോന്യമേറെ കലഹിച്ചു
ഉള്ഭയം കൊണ്ടു ഞാനൊന്നുമേ
മിണ്ടിയില്ല....
ഇരുളിന്‍ പുതപ്പ് വാരി ചുറ്റി
ഏതൊ മൂലയില്‍  ചുരുണ്ടു കിടന്നു
ഉറക്കം വന്നതേയില്ല...അച്ഛന് പറഞ്ഞൊരാ
പൊന്‍ വളിച്ചം വന്നെത്തി നോക്കുന്നതും
കാത്ത് എത്ര മുഷിഞ്ഞുഷ്ണിച്ചു ഞാനിരുന്നു.
സര്പ്പ സുന്ദിരകള്‍  മദാലസരായ്
മിഴിപൂട്ടിയുറങ്ങുമ്പോള്‍
നഗ്നവടിവുകള്‍  തേടി വാതില്‍  തുറന്ന്
ഇഴഞ്ഞെത്തുമാ കൈവരിരലുകള്‍ കണ്ടു ......

പുറത്തിക്കിളി പൂണ്ടചിരികളുയരുമ്പോള്‍
ഒട്ടിയ കവിള്ത്തടങ്ങള്‍  തടവി
ഞാന്‍ ലജ്ജപൂണ്ടിരുന്നു.......
ആര്ത്ത നാദങ്ങളായിടക്കിടെ
അലച്ചെത്തിയ തേങ്ങളുകള്‍
വന്യമാമേതോകാറ്റിന്നീണമെന്നു
ഞാന്‍ കരുതി
ഉച്ചവെയിലിന്നുഷ്ണത്തിനൊപ്പമൊരുനാള്‍
ആ കൈകള്‍ എന്നെയും തേടി പതുങ്ങിയെത്തി
ഒന്നുമോര്മ്മയില്ല...
ബോധമബോധ തലങ്ങളില്‍  നിന്നും
രക്ത ധമനികള്‍ കിനിഞ്ഞു പൊട്ടു-
ന്നൊരൊച്ചമാത്രംകേട്ടു......
എപ്പൊഴോ മിഴിതുറക്കുമ്പോള്‍
രക്തം വാര്ന്നൊഴുകുന്നൊരെന്‍
നഗ്ന ശരീരം കണ്ടു പൊട്ടിത്തരിച്ചു
കൂര്ത്ത നഖവിരല്‍പ്പാടിന്റെ നീറ്റെലെന്‍
ഹൃത്തിലിപ്പോഴും ചൂഴ്ന്നിറങ്ങുന്നു....
മുകളില്‍ കറങ്ങും പങ്ക
അപ്പഴുമെന്തോ പറഞ്ഞു ചിരിച്ചു....

വേണ്ട വെളിച്ചങ്ങള്‍........
വേണ്ട പുറംകാഴ്ചകള്‍....
അച്ഛനൊറ്റയ്ക്ക് ശോകമൂകമാം ഇരുളിന്‍
കല്ലുകള്‍  കൊണ്ട്പണിതുയര്ത്തിയ 
കോട്ടയതൊന്നുണ്ടല്ലോ......?
ഇത്തിരിനേരം ഞാനതിലൊറ്റയ്ക്കൊന്നിരുന്ന്
പൊട്ടിക്കരഞ്ഞോട്ടെ......!
.

2013, ജനുവരി 14, തിങ്കളാഴ്‌ച

???..സുഹൃത്തേ.. നീ എന്തോ മറന്നുവല്ലോ..!!

സുഹൃത്തെ..........
നിന്നെ കണ്ടിട്ടെന്തോ മറന്നെന്ന
പോലെ തോന്നുന്നുവല്ലോ.....?
ഇത്തിരി മുമ്പെകൂടി ഓര്മ്മതന്‍
ചെപ്പു തുറന്നതിന്‍  മുന്നില്‍
തപ്ത ഹൃദയനായി നീയേറെ നേരം
നിന്നതല്ലേ.....?
എന്നിട്ടും ഓര്ത്തെടുക്കാന്‍  കഴിയുന്നില്ലന്നോ..?
ഒന്നുമാത്രം പറയാം.....
നിനക്കേറെ പ്രിയങ്കരമായിരുന്നല്ലോ അത്
ചിത്ര വര്ണ്ണങ്ങള്‍  ചിതലരിച്ചു
കുഴഞ്ഞൊട്ടിയ പോല്‍  തോന്നുന്നുവല്ലോ
നിന്‍  മാനസം.....!.
ഇന്ദ്രിയങ്ങളോടൊന്നു നീ പറയുമോ.....?.
മറവിതന്‍  ആഴക്കടലില്‍  നിന്നും
ഓര്മ്മതന്‍ മുത്തുച്ചിപ്പിയെ
ഒന്നു മുങ്ങിയെടുത്തു തരാന്‍
മഞ്ഞു പെയ്തേതോ മരങ്ങള്‍
അന്തരാത്മാവില്‍ പൂത്തുലയുകയാണോ....?
ചിന്തതന്‍  ചിമിഴിനുളളിലെ കനല്‍
മഞ്ഞു തുളളി വീണുറഞ്ഞു പോകുകയാണോ.......?

വെന്തുനീറുന്നേതോ ഓര്മ്മതന്‍
സ്പന്ദനങ്ങളില്‍ എന്തോ ചികഞ്ഞേറെ
നേരമായി ഞാനുമിരിക്കയാണ്
നീമറന്നു പോയൊരാ കാര്യം
ഞാന്‍ ഓര്മ്മിപ്പിക്കാനിരുന്നതാണ്
പക്ഷെ .....എന്തെന്നറിയില്ല ചിന്തകള്‍
കെട്ടു പിണഞ്ഞ്
ഞാനുമതെപ്പോഴേ  മറന്നു  പോയി

2013, ജനുവരി 10, വ്യാഴാഴ്‌ച

പൂവാല വിലാപം

 

സന്ധ്യ മയങ്ങുന്ന നേരത്ത്
ബസ് സ്റ്റോപ്പില്‍ ഒറ്റയ്ക്ക് നിന്ന്
ചുറ്റിത്തിരിയുന്ന സുന്ദരി പെണ്ണേ
നിന്നെ കണ്ടിട്ട് ലക്ഷണ പിശകല്പം
തോന്നുന്നുവല്ലോ.......?
നീയീവഴിക്കാദ്യ മാണെങ്കിലും
നിന്നെ കണ്ടിട്ട് ഏറെ പരിചയം
തോന്നുന്നുവല്ലോ....
കൊച്ചരി മുല്ലപൂമൊട്ടുകള്‍ 
വിരിയുന്നപോലാച്ചിരി
ഞാന്‍ ഒത്തിരി കണ്ടതാണല്ലോ ....

നിന്‍ കവിളിണയില്‍ ഏതോ 
ചെമ്പകപ്പൂ  പൂത്തു വിടര്‍ന്നു 
സുഗന്ധംപരക്കുന്നല്ലോ ..........

ഓര്‍മ്മകള്‍ അല്പം പിറകോട്ടെടുത്തു 
ഞാന്‍ ഓടി വരട്ടെ ........
.

പണ്ട് സ്കൂളില്‍ പോയി മടങ്ങും വഴി
മുള്ളുവേലി ചാടിക്കടന്നു ഞാന്‍
നിനക്ക് കണ്ണി മാങ്ങാ പറിച്ചു
തന്നതോര്‍മയില്ലേ.....?
പട്ടി കടിക്കാനോടി വന്നപ്പോള്‍
ഞാന്‍ നിന്നെ വട്ടം പിടിച്ചു
രക്ഷിച്ചതോര്‍മ്മയില്ലേ.......?
പട്ടികടി കൊണ്ടന്റെ
അസ്ഥിതെളിഞ്ഞിട്ടും
ഞാന്‍ കരയാതെ നിന്നതും
ഓര്‍മയില്ലേ.......?
എന്‍ ദിവ്യമാം പ്രണയത്തിനടയാളമായി 
ഞാന്‍ നിനക്ക് പുസ്തക
താളിലൊളിപ്പിച്ചു സമ്മാനിച്ച
മയില്‍‌പ്പീലി തുണ്ടൊരുനാള്‍ 
പെറ്റുപെരുകിയത് ഓര്‍മ്മയില്ലേ ......?

ഓര്‍മ്മകള്‍ ഓര്‍ക്കുവാന്‍
എന്ത് സുഖമാണ് പൊന്നേ 
എന്നിട്ടും നീയെന്നെ കണ്ടിട്ട്
ഒട്ടും പരിചയ ഭാവം നടിക്കാതെ
തഞ്ചത്തില്‍ ഫോണില്‍ കൊഞ്ചി
ക്കുഴഞ്ഞങ്ങനെ നില്‍ക്കുകയാണല്ലോ
ഒന്നുമില്ലങ്കിലും ഞാനൊരു
മനുഷ്യ ജീവിയല്ലേ...?
പണ്ട് നമ്മളൊരുമിച്ചു നടന്നിട്ടുള്ളതല്ലേ....?
എന്നോടൊന്നു മിണ്ടിയാലെന്തേ
മുത്തു പൊഴിയുമോ ...?
നിന്‍ അംഗലാവണ്യം കണ്ടിട്ട് കള്ളീ
ദാമ്പത്യ വല്ലിയില്‍ പൂവിട്ടേതോ
മുകുളം ഉള്ളില്‍ വളര്‍ന്നു
വരുന്നെന്ന പോലെ തോന്നുന്നല്ലോ ..?

തെല്ലിട ഞാന്‍ സുന്ദരമാം
ചിന്തയിലാണ്ടങ്ങനെ നില്‍ക്കവേ 
പെട്ടന്ന് പോലീസ് ജീപ്പൊരെണ്ണം
പഞ്ഞുവന്നെന്‍ മുന്നില്‍
വട്ടം കറങ്ങി നില്‍ക്കുന്നു
എന്താണ് കാര്യമെന്നറിയാന്‍
തല നീട്ടി നോക്കവേ
പെട്ടക്കൊരടി പൊട്ടിവിരിഞ്ഞു ഞാന്‍
നക്ഷത്രങ്ങളെണ്ണി  താഴെ വീഴുന്നു
കാക്കിയണിഞ്ഞഞ്ചാറു   കാപാലികര്‍
ചേര്‍ന്നെന്നെ അട്ടയെ പോലെ ചുരുട്ടി
ജീപ്പിലെറിയുന്നു ....
കുത്തിനു പിടിച്ചു കൊണ്ട
കത്തുള്ളരേമാന്‍ അലറുന്നു 
മൂക്കില്‍ പല്ലുമുളക്കാറായല്ലോടാ 
അമ്മ പെങ്ങന്മാര്‍ നിനക്കുമില്ലേ ..?
കള്ളു കുടിച്ചിട്ട് പെണ്‍ പോലീസിനോട്
തന്നെ വേ ണോ നിന്‍ കളി
ഞെട്ടിത്തരിച്ചു ഞാന്‍ പിന്നോട്ട് നോക്കവേ
ബസ്‌ സ്റ്റോപ്പില്‍ നിന്നാ പൂതന
ദ്രംഷ്ട കാട്ടി ചിരിക്കുന്നു....!!

കപട വേഷം കെട്ടിയ വികടലോകമേ
സദാ പ്രണയം സ്ഫുരിക്കൊന്നൊരു
തരളിത ഹൃദയ മുണ്ടായതാണെന്‍ 
പരാജയം ......!!


(ആഹാ .....വന്നു കാഴ്ച്ചകളെല്ലാം കണ്ടിട്ട് ഒന്നും മിണ്ടാതെയങ്ങു പോകുകയാണോ.....? . ആര്‍ക്കും കൊട്ടാന്‍ പാകത്തില്‍ വഴി ചെണ്ട പോലെ ഞാന്‍ കിടക്കുന്നത് കണ്ടില്ലേ ....ഒന്ന് കയറി തല്ലിയിട്ടു പോ .......അങ്ങനെങ്കിലും ഞാന്‍  നന്നാകുന്നെങ്കില്‍  നന്നാകട്ടെ ...പ്ലീസ് )










2013, ജനുവരി 3, വ്യാഴാഴ്‌ച

കഴുതസവാരി



കഴുതപ്പുറത്തേറി ഞാന്‍  വരുന്നുണ്ടേ
കുതിരയെന്നാര്ത്തു വിളിക്കണേ നിങ്ങള്‍
കഴുത്തില്‍ കുടല്‍ മാല  കുരുങ്ങി
ഞാന്‍  വരുന്നുണ്ടേ........
ചുടുകാളി...ചുടുകാളീയെന്ന്
വിളിക്കണേ നിങ്ങള്‍  ....
കിടു...കിടെ എന്റെ മുട്ട് വിറയ്ക്കുമ്പോള്‍
പടവെട്ടി വന്നതിന്‍ .....
 തുടിതാളം...തുടിതാളം
എന്നു പറയണേ നിങ്ങള്‍
പൊക്കണ സഞ്ചി മുഴുവന്‍
പൊങ്ങച്ചമാണെങ്കിലും
പൊന്നും കുടുക്ക.....പൊന്നും കുടുക്ക
എന്നു വാഴ്ത്തണേ നിങ്ങള്‍
കൊരവള്ളി പൊട്ടി ഞാന്‍  പാടുമ്പോള്‍
ഏതോ കാട്ടു പൂങ്കുയിലിന്റ മധുരമാം
ശ്രുതിതാളം...ശ്രുതിതാളം
എന്നുറക്കെ പറഞ്ഞിട്ട്
ഒരുമറുപാട്ട് പാടണേ നിങ്ങള്‍..
പറഞ്ഞാലോ......?
ആട്ടിന് തോലിട്ട് നിങ്ങള്‍  വരുമ്പോള്‍
കൂട്ടുകൂടാനായി ഞാനും വരാം
കൂട്ടുകാരെയൊന്നാകെ ആട്ടിത്തെളിച്ചു
ഞാനെത്തിയേക്കാം.....
കൂട്ടത്തിലൊന്നിനെ കുതികാലു
വെച്ചു ഞാന് വീഴ്ത്തിയേക്കാം.....

കല്ലുവെച്ച നുണ പറഞ്ഞെന്റെ നാവു
പൊളളിയടര്ന്നേ...
കളളം കേട്ടു തകര്ന്നൊരെന്‍
കാത് പൊട്ടിയൊലിച്ചേ..
കളളത്തരമെങ്കിലും നിന്റെ
പൊളളത്തരം നിറഞ്ഞ വാക്കു കേള്ക്കാന്‍
എന്തു സുഖമാണ് പൊന്നേ.......

2013, ജനുവരി 1, ചൊവ്വാഴ്ച

പൊന്നു സഖാവേ....പൊറുക്കുക.

പൊന്നു സഖാവേ.....
എന്റെ വീട്ടിലേക്കു വന്നിട്ട് നീ
ഒന്നും മിണ്ടാതെയങ്ങ് പോകുകയാണോ....?
ഉച്ചവെയില്‍  കനലില്‍
തത്തികളിക്കും നിഴലിനൊപ്പം
വഴിതെറ്റിയാണെങ്കിലും
നീയേറെ നാള്ക്കു ശേഷം വന്നതല്ല്ലേ ...?
പൊന്നു സഖാവേ പൊറുക്കുക
നിന്‍  ഉഷ്ണദാഹം തീര്ക്കാന്‍
ഒരിറ്റുജലം നല്കാന്‍  ആരുമില്ലിവിടെ

ഉച്ചക്കിറുക്ക് പറഞ്ഞുമ്മറത്തിണ്ണയില്‍
എന്നമ്മയിരിപ്പുണ്ട്
ഒരു പഴന്തുണിക്കെട്ടുപോല്‍ .......
സ്മൃതികളോരാന്നായി മുറിക്കിച്ചുവപ്പിച്ച്
നീട്ടിയും കുറുക്കിയും തുപ്പിയ ചിത്രങ്ങള്‍
രക്ത കൊടിക്കൂറ കീറിയ പോല്‍ 
മുറ്റത്തുതന്നെ ചിതറി കിടപ്പുണ്ട്

കണ്ണു കാണില്ലെങ്കിലും ആരോടുമെന്ന
പോല്‍  നിന്നോടും
ഒരു വെറും കാലി ചായക്കുളള
ചില്ലറ നാണയത്തുട്ടുകള്‍
ചോദിച്ചേക്കാം
ഇല്ലന്നു തന്നെതറപ്പിച്ച്  നീ പറഞ്ഞേക്കുക
പളളു പറയാനാളില്ലാത്തതു കൊണ്ടല്ലേ
കണ്ടവര്‍  മുന്നിലിങ്ങനെ കൈ നീട്ടുന്നത്

പൊന്നു സഖാവേ പൊറുക്കുക..........
പിഞ്ഞിയ വസ്ത്രം തുന്നി നീര്ക്കുന്നോരെന്‍
പൊന്നു പെങ്ങളെയെങ്ങാനും കണ്ടാല്‍
 കണ്ടില്ലന്നു നടിച്ചേക്കുക
അല്ലങ്കില്‍  കൊഞ്ചിക്കുഴഞ്ഞടുത്തുവന്നവള്‍
 പട്ടു പുടവതന്നെ നിന്നോട് ചോദിച്ചേക്കാം


തെല്ലിട പുച്ഛം കലര്ന്നറപ്പോടെ
മുറ്റത്തുതന്നെ നില്ക്കുകയാണോ സഖാവേ.....

പിച്ചകവളളികള്‍  പടര്ന്നോരാ തൊടിയിലെ
അസ്ഥിത്തറയില്‍ ഉറക്കി
കിടത്തിയിരിക്കുകയാണെന്നെ
നമ്മളൊന്നു ചേര്ന്ന് മുഷ്ടി ചുരുട്ടി
വാനിലെറിഞ്ഞ മുദ്രാവാക്യങ്ങള്‍
പട്ടടതീയിലെരിഞ്ഞുപോയി.....
അസ്ഥി നുറുങ്ങും വേദനയില്‍
ഏറെ നാള്രക്തകഫം തുപ്പി
ചുമച്ചാണ് ഞാന് മരിച്ചതെങ്കിലും
രക്തസാക്ഷിയല്ലാതെ പോയി
അന്നു വന്നൂ പിരിഞ്ഞവര്‍  പിന്നീട്
ഈ വഴി വന്നില്ലൊരിക്കലും
പൊന്നു സഖാവേ...........
വര്ണ്ണങ്ങളില്ലാത്തൊരീ വീടിന്‍ ചുമരില്
ചില്ലുടഞ്ഞോരെന്‍  ചിത്രമുണ്ടതില്‍
ചാര്ത്തിയ പുഷ്പഹാരങ്ങള്‍
എന്നേ കരിഞ്ഞു പോയി
ആരുമറിയാതിന്നലെയെന്‍
ആണ്ടറുതിയും കടന്നു  പോയ്.........

തെണ്ടിത്തിരിഞ്ഞു നടന്ന് തിന്നും
എന്നമ്മതന്‍  കൈയില്‍ ചില്ലറ
നാണയത്തുട്ടുകള്‍  കണ്ടേക്കാം

പൊന്നു സഖാവേ ...........
ഒരു രക്തഹാരം വാങ്ങിയെന്‍
ചിത്രത്തിലണിയിച്ചു പോകുക
ഉളളുകുളിര്ക്കെ ഒന്നത് ഞാന്‍ കാണട്ടെ
....................................
..........................................
പൊന്നു സഖാവേ.....
എന്റെ വീട്ടിലേക്കു വന്നിട്ട് നീ
ഒന്നും മിണ്ടാതെയങ്ങ് പോകുകയാണോ....