ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2013, നവംബർ 30, ശനിയാഴ്‌ച

ഇടവേളയ്ക്ക് ശേഷം തുടരും......



ഇടവേളയ്ക്ക് ശേഷം
വാര്‍ത്തകള്‍ തുടരും
ഇടതടവില്ലാതെ.....
ചടുലതാളത്തില്‍
കടുകുമണികള്‍ പോലെ
വാക്കുകള്‍ പൊട്ടിച്ചിതറും....

ഇടിത്തീ പോലൊരു
വാര്‍ത്തയുമായി
ഉടന്‍തന്നെ മടങ്ങിവരാമെന്ന്
പറഞ്ഞ് കളമൊഴി
മറഞ്ഞല്ലോ.....

മനസ്സിന് ഇടവഴികളില്‍
ലഡുമണികള്‍ പൊട്ടുന്ന
കാഴ്ചകളുണ്ടിനിയെന്നാലും
മടിപിടിച്ചിരിക്കേണ്ട
പോയൊന്ന്
നടുനിവര്‍ത്തി വന്നോളൂ....

പതിവായികാണുന്ന
തുടര്‍ക്കഥയുടെ രസച്ചരടു
പൊട്ടിയതിന്നരിശത്തില്
ആരൊക്കെയോ വിറളി
പിടിച്ച് നടപ്പുണ്ടായിരുന്നല്ലോ

ജപനാമങ്ങളൊക്കെയുപേക്ഷിച്ച്
മുതുമുത്തശ്ശിയും
പടിവാതിലില്‍ വന്ന്
മുറുമുറുത്തിരിപ്പുണ്ടല്ലോ..!.

കാര്യമാക്കേണ്ടതൊന്നുമൊട്ടുമേ
കരുതുവാനും മടിക്കേണ്ട
കൈയിലെപ്പോഴുമാ ചെറുപേടകം
ഇടയിലെവിടെയെങ്കിലുമൊന്നത്
മറന്നു വെച്ചാലോ
അതിക്രമങ്ങള്‍ക്കിടയുണ്ട്
കനിവുതോന്നി
കടന്നുകയറുവാനനുവദിച്ചാല്‍
തിരിച്ചിറക്കുകയസാധ്യം

പറയുന്നകേട്ടില്ലേ.....
പടപ്പുറപ്പാടുമായി....
ഇതിലെന്തിത്രരസം
ചൊറികുത്തിയിരിക്കും പോല്‍
ഒരേ വാര്‍ത്തകള്‍ ചാനലുകള്‍
മാറ്റിമറിച്ച് കണ്ടങ്ങിരിക്കാന്‍
അറിയുമോ അതിന്‍ രസം
നിലതെറ്റിവന്നൊരാ കരിങ്കല്ലിന്റെ
ഭ്രമണപഥമേത്
ഇടയില്‍ ആള്‍ക്കൂട്ടത്തില്‍ നിന്നും
പരിധിവിടുന്നോരാ
കൈകളാരുടേത്
കൊടിവെച്ചകാറില്‍ പറക്കും
മുടിയനാം മന്ത്രിയുടെ
വീടിന്നിറയത്തിടയ്ക്കിടെ കാണും
പെണ്‍ ചെരുപ്പുകളാരുടേത്
.......................................................
....................................................
പുകയുന്നുണ്ട്
ചോദ്യങ്ങളൊരുപാട്
പുകമഞ്ഞുപോലെ.....
കഠിനമാം ചര്‍ച്ചകള്‍ക്കൊടുവില്‍
വാക്കുകള്‍ മുട്ടി അടിതെറ്റിവീണ
നേതാവിന്റെ ദയനീയമാം
മുഖത്തുനിന്നും
ഉത്തരം കിട്ടുവാനിടയുണ്ട്
ചിലപ്പോള്‍..കാത്തിരിക്കാം
ഇടവേളയ്ക്ക് ശേഷം
വാര്‍ത്തകള്‍ തുടരും.....



 

2013, നവംബർ 20, ബുധനാഴ്‌ച

കല്ല് കളിക്കുവാന്‍ വരുന്നുണ്ടോ..?


ല്ലു കളിക്കുവാന്‍ വരുന്നുണ്ടോ..?
കൊത്തു കല്ലുകളിക്കുവാന്‍
വരുന്നുണ്ടോ....?
പുള്ളിപാവാടക്കാരി കൂട്ടുകാരീ
എണ്ണമയമില്ലാത്ത മുടി
പാറിക്കളിപ്പിച്ചുകൊണ്ട്
കണ്ണുതെള്ളിച്ചെന്തിങ്ങനെ
നോക്കുന്നതെന്നെ നീ
എന്നെപ്പോലെ മുടി
പിന്നിക്കെട്ടിയിട്ടു നല്കാന്‍
നിനക്കുമമ്മയോടു പറഞ്ഞു കൂടെ

ഇല്ലായ്മ കൊണ്ട് മേഞ്ഞ നിന്‍
വീടിനു മുന്നില്‍
വല്ലായ്മയൊടെയാണെങ്കിലും
ഞാന്‍ വന്നു നില്പതു കണ്ടില്ലേ
ഇന്നു സ്കൂളില്ലെന്ന കാര്യവും
നീ മറന്നുപോയോ....?

കല്ല് കളിക്കുവാന്‍ വരുന്നുണ്ടോ
വന്നാലും കൊള്ളാം.....
വന്നില്ലേലും കൊളളാം.....
കള്ളക്കളി പാടില്ല...പാടില്ല
ഇപ്പഴേ പറഞ്ഞേക്കാം....

കണ്ണൊന്നു തെറ്റിയാല്
നീ പണ്ടേ കൌശലക്കാരി
കളിയില്‍ തോക്കുമെന്നാകുമ്പോള്‍
കല്ലുവാരി കളത്തില് തുപ്പിയെടുന്ന
നിന് ശീലവും നന്നല്ല......
എന്നിട്ട് ദൂരെ നിന്ന് പിന്നെന്നെ
കൊഞ്ഞനം കുത്തി കാണിച്ചാലുണ്ടല്ലോ
വഴിയെഴുതി ചെയ്യേണ്ട
പുള്ളിക്കാരന് കണക്കിനെ
ഞാനിനിമേല്‍ നിനക്ക്കാണിച്ചു
നല്കില്ല....
വള്ളിച്ചൂരലില്‍
നീ നിന്നു പുളയും.........!
നല്ല നഖം വളരുന്നുണേടെന്റെ
കൈയിലുമോര്മ്മ വേണം....!

കല്ലു കളിക്കാന്‍ വരുന്നുണ്ടോ...?
വെള്ളാരം കല്ലുകളഞ്ചാറു
പെറുക്കി ഞാന്‍
മഞ്ചാടി മരപ്പൊത്തിലൊളിപ്പിച്ചിട്ടുണ്ട്
ഇത്തിരി നേരം കിട്ടുമ്പൊഴൊക്കെയും
ഓടിച്ചെന്നാ മരത്തണലില്‍
ചമ്രം പൊടിഞ്ഞിരിക്കണം

ഒറ്റയിരട്ട പകുത്തു വെച്ച്
ഒറ്റെയൊരെണ്ണം മാത്രം
മുകളിലോക്കറിഞ്ഞ്
പൊട്ടിച്ചിരിക്കുന്ന
കുപ്പിവള താളത്തിനൊപ്പിച്ച്
നീയത് കൈപ്പിടിയിലൊതുക്കുന്നത്
കാണാനെത്ര ഭംഗിയാണെങ്കിലും
ഞാനത് സമ്മതിച്ചു നല്കില്ല....


നിന്‍ കൊച്ചു കൈപ്പത്തിപ്പുറത്തും
എത്ര അനുസരണയോടെയാണകല്ലുകള്‍
മൊത്തത്തില്‍ വന്നു വീഴുന്നതും
തങ്ങളില്‍ തങ്ങളില്‍
കൊള്ളിച്ചു കൊള്ളിച്ചവസാനം
പിന്നെയുമാക്കല്ലുകള്‍
നിന്‍ കൈകളില്‍ തന്നെയിരിക്കയാണോ..?

കല്ലു കളിച്ച് നേരവും
പോയതറിഞ്ഞില്ലയിന്നലെ
പുല്ലരിഞ്ഞു വെയ്ക്കാത്തതിന്
നിന്നമ്മ ചുള്ളിക്കമ്പുകൊണ്ട്
വരിയുന്നത് ഞാനും കണ്ടതാണേ
എന്നാലും സാരമില്ല...
കല്ലുകളിക്കാന്‍ വരുന്നുണ്ടോ
കല്ലുകളിക്കാന്‍ വരുന്നുണ്ടോ..
പുള്ളിപാവാടക്കാരി കൂട്ടുകാരീ...




2013, നവംബർ 8, വെള്ളിയാഴ്‌ച

അവസാനത്തെ കമ്പി......!!



( ഇന്നലെ നവംബര്‍ 7 എന്റെ എച്ചെടുപ്പിന്റെ ടെസ്റ്റായിരുന്നു......!!)


പിന്നിലേതോ കോണിലാ
കമ്പി വീണുകിടപ്പുണ്ട്...
സ്പന്ദനങ്ങളൊന്നുമേ
നിലച്ചാറിയിട്ടില്ലതിനിപ്പോഴും...!
ചങ്കിലെ തീയുമൊന്നാളി
യണഞ്ഞതേയുള്ളൂ...

ഒന്നും മനപൂര്‍വ്വമായിരുന്നില്ലല്ലോ
സുന്ദരീ നിന്നെ വന്ന് ചാരിയത്
.............പൊറുക്കുക
ഒന്നു വേഗമെഴുന്നേറ്റു നിന്ന്
പുഞ്ചിരിച്ചിടാമോ..........?
ഒന്നുമേ സംഭവിക്കാത്തതു
പോല്‍...

ഹന്ത..കഷ്ടമേ എന്തു ചെയ്യാം
എന്നെ കൊന്നു തിന്നുവാന്‍
പാകത്തില്‍ രണ്ടുകണ്ണുകള്
പിന്നില് നില്ക്കുന്നത്
നിങ്ങളും,കണ്ടില്ലേ...........?
ചെന്നിടട്ടെ ഞാന്‍....
ചെവിപൊത്തി.........!


രണ്ടുമാസത്തിലേറെ നീണ്ടു
നിന്നൊരു പരിശ്രമം
വെറുമൊരു കമ്പിയില്‍ത്തട്ടി
തകര്‍ന്നു പോകുവാന്‍
പാടുളളതാണോ....?
രണ്ടാഴ്ച കഴിഞ്ഞ്
പിന്നെയും കാണാം......