ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2013, ഡിസംബർ 31, ചൊവ്വാഴ്ച

വീടുപണിക്ക് ഒരു പണി.....!!

തച്ചുമേശിരി*യിന്നുമെത്തിയില്ല 
കെട്ടിടം പണിയ്ക്കുളള
സാധനങ്ങളൊക്കെയിറക്കി
എത്രനാളായി കാത്തിരിക്കുന്നു....

കഷ്ടകാലത്തിനാണൊരുവന്
വീടു പണിയുവാന്‍ തോന്നുന്നത്
കെട്ടു കല്ല്യാണവുമതുപോലെ തന്നെ
തര്‍ക്കം പറയേണ്ടതിലാരും..!

തട്ടിമുട്ടി കട്ടിളമെച്ചം വരെ
പണിതിട്ടിട്ടന്ന് പൊടിയും തട്ടി
പോയതാണ്....
പിന്നെത്ര നാളുകള്‍ കഴിഞ്ഞു....
ഉച്ചികുത്തിവീണോരുച്ച വെയിലും
കെട്ടഴിഞ്ഞു വന്നോരു
കെട്ടമഴയും....

കട്ടപിടിച്ചു പോയി
സ്വപ്നങ്ങളെപ്പോലെ
സിമെന് റ് ചാക്കട്ടികള്‍
രണ്ടുമൂന്നെണ്ണം......
ഇഷ്ടികയിരുന്ന് പൊടിയുന്നു....
ഇടത്താവളങ്ങളായത്
ഇഴജന്തുക്കള്‍ക്കും....

ഇന്ന് കൃത്യമായെത്തുമെന്ന്
കൊച്ചുഫോണില്‍ വിളിച്ചപ്പോള്‍
ആണയിട്ടു പറഞ്ഞതാണല്ലോ
ഒന്നും മന:പൂര്‍വ്വമല്ലത്രെ...!
ഒട്ടുമൊഴിയാന്‍ കഴിയാത്ത
പാല്കാച്ചിന്റെ ഇച്ചിരി
അത്യാവശ്യ പണികളുണ്ടാ
യിരുന്നുവത്രെ....
തീര്ത്തിട്ടു പെട്ടന്നു തന്നങ്ങ്
വന്നേക്കാം.....
എപ്പോള്‍ കണ്ടാലും
പുളിങ്കുരു പോലെ ചാടും
വര്‍ത്തമാനങ്ങള്‍....!!

രക്തം തിളച്ചുഷ്ണിക്കുന്നുണ്ടെനിക്ക്
തുട്ടുകളഡ്വാന്‍സായി കൃത്യ
മെണ്ണിവാങ്ങുമ്പോള്‍
ഒട്ടുമേയില്ലായിരുന്നല്ലോയീ
മുട്ടാപ്പോക്കു ന്യായങ്ങളൊന്നും...

പഴങ്കെട്ടിടമൊന്നുണ്ടായിരുന്നത്
പൊളിച്ചു കളഞ്ഞിട്ടന്നുമുതല്‍
കൊട്ടിലിന്നകത്തു കിടന്ന്
നട്ടം തിരിയുകയാണ് ഞാന്‍

കുട്ടിയും പട്ടിയും.....
അച്ചിയും, പൂച്ചയും......
ചട്ടിക്കലങ്ങളും, കെട്ടു
വിഴുപ്പുകളും.......
ഒക്കെകൂടി കുഴഞ്ഞ്
നട്ടപ്രാന്ത് പിടിക്കുന്നു.....

കെട്ടിടം പണിയായാലും
കെട്ടുതാലി പണയം വെച്ചില്ലേ...?
കിട്ടിയ സ്വര്‍ണ്ണമൊക്കെ
വിറ്റു തുലച്ചില്ലേ.....?
എന്നുപറഞ്ഞിടയ്ക്കിടെ
കുത്തി നോവിക്കുന്നുണ്ടാ
ഭദ്രകാളി........!!!
കഷ്ടകാലമല്ലാതെന്തു പറയാന്‍
തച്ചുമേശിരിയിന്നുമെത്തിയില്ല..!!

( ഈ കവിതയ്ക്ക് ഒരു മുന്‍ തുടര്‍ച്ചവേണമെന്നുളളവര്‍ 
 എന്ന പോസ്റ്റു വായിക്കുമല്ലോ...?)

*മേശിരി=മേസ്തിരി

2013, ഡിസംബർ 20, വെള്ളിയാഴ്‌ച

ഇനിവരാനുള്ളൊരാള്‍....


ഇനി വരാനാരെങ്കിലുമുണ്ടോ...?
ഇനി വരാനാരെങ്കിലുമുണ്ടോ...?
ശവമെടുക്കുവാൻ  സമയമാകുന്നു
സമയമാകുന്നു....
ഇടതിങ്ങി നില്ക്കുമാള്‍ക്കൂട്ട
ത്തിന്നിന്നിടയില്‍ നിന്നും
ചുമലിടിഞ്ഞൊരാള്‍
വിളിച്ചു ചോദിക്കുന്നു..
ഇടനെഞ്ചില്‍ കനല്‍
കോരിയിട്ടാ ചോദ്യമെരിയുന്നു
ഇനിവരാനാരെങ്കിലുമുണ്ടോ...?

നീണ്ടൊരിലമുറിത്തുണ്ടിൽ 
മിഴിയടച്ചങ്ങനെ.....
ഏതോ സുഖ സുഷുപ്തി
യിലെന്നപോൽ 
നീണ്ടുനിവർന്നുകിടക്കുക
യാണെൻ പ്രിയന്‍
നിറതിരിയുമായി.....
നിലവിളക്കെരിയുന്നുണ്ട്

പ്രിയനേ മിഴിതുറന്നെന്നെ
യൊന്നു നീ നോക്കുമോ
വെറുതെ......ഒരുമാത്ര മാത്രം.......
പുലരിയില്‍ പൂമെത്ത
വിട്ടുണരവേ നീ നല്കിയോരാ
ചുടുചുംബനമിപ്പോഴുമെന്റെ
കവിളില്‍ തുടിക്കുന്നുണ്ട്......
പറയുവാൻ  ബാക്കി വെച്ചേതോ
വാക്കുകള്‍ പാതിതുറന്ന
നിന്‍ ചുണ്ടിലിപ്പോഴുമുണ്ടല്ലോ....?

ഇനി വരാനാരെങ്കിലുമുണ്ടോ...?

ഇനി വരാനാരെങ്കിലുമുണ്ടോ...?
ഇനി വരാൻ   ഞാൻ മാത്രമേ
യുളളന്ന് ആരോ പറയുന്നുവല്ലോ...?
ഉദകക്രിയയ്ക്കൊടുവിലായി
ഒരുനുള്ളു പൂവും
ഉരിയ അരിയും
നുള്ളിയാ അധരങ്ങളില്‍
വെയ്ക്കുവാനായി....

ഇനി വരാനൊരാൾ  കൂടിയുണ്ട്...!
ഒരുപാട് നാളുകൾ 
കാത്തിരുന്നൊടുവിൽ 
പ്രിയനേ നിൻ  പ്രണയത്തിന്നടയാള
മായെൻ ഉദരത്തിൽ  മുളപൊട്ടിയതാണ്
അതുതന്നെയെന്നു  ഞാൻ  
തീർച്ചപ്പെടുത്തിയിട്ടും 
അധിക നേരമായില്ല
നിമിഷങ്ങളെണ്ണിയെണ്ണി
കാത്തിരുന്നതാണ് ഞാൻ
അരികിൽ  സന്ധ്യയിൽ  നീ 
വന്നണയുമ്പോൾ 
ഇറുകെപ്പുണർന്ന് നിൻ  കാതിൽ 
രഹസ്യമായി പറയുവാൻ...

വിധികളാം പക്ഷികള്‍
ചീര്‍ത്ത കൊക്കു പിളര്‍ത്തി
ഞൊടി വേഗത്തില്‍ 
നഖമുനകളില്‍ കോർത്തെടു
ത്തുകൊണ്ടു പോകുന്നു
പ്രിയമുളള സ്വപ്നങ്ങള്‍...
വ്യഥിദ ദുഃഖങ്ങൾ നിറഞ്ഞൊരീ 
ലോകത്ത് വെറുതെ 
ജനിക്കാതിരുന്നെങ്കിൽ.......


ഉൾക്കടൽ തിരതള്ളുന്നുന്ടെനിക്ക് 
സ്മൃതികളുമറ്റു പോകുന്നുണ്ടി
ക്കിടക്കെങ്കിലും കേൾക്കാം 
ഇടതിങ്ങി നില്ക്കുമാള്‍ക്കൂട്ട
ത്തിന്നിന്നിടയില്‍ നിന്നും
ഉഷ്ണ വാതം പോലെ 
വന്നു വീഴുന്നൊരാ വാക്കുകൾ 
ഇനി വരാനാരെങ്കിലുമുണ്ടോ...?
ഇനി വരാനാരെങ്കിലുമുണ്ടോ...?
 
 

2013, ഡിസംബർ 12, വ്യാഴാഴ്‌ച

ഒരു അവിശുദ്ധ പ്രണയം.....


മഴപെയ്തു പെയ്തു തീരാതെ
പരിഭവിച്ചു നിന്നോരു
വിഷാദാര്‍ദ്രമാം സന്ധ്യയില്‍
ഞാനാദ്യമായി ഇരുളുമായി
പ്രണയത്തിലായി....

എന്നെക്കാളേറെ
കറുത്തതായിരുന്നിട്ടും
എന്നിലുമേറെ പ്രായമുണ്ടാ
യിരുന്നിട്ടും
എന്തോ വല്ലാത്തൊരടുപ്പം
എനിക്കവളോട്തോന്നി
തമ്മില്‍ തമ്മില്‍ ഞങ്ങള്‍
ഒന്നും മിണ്ടാതെ
നോക്കിയിരുന്നേറെ നേരം
ഒന്നും കാണുവാന്‍ കഴിഞ്ഞില്ലങ്കിലും
നിമിഷങ്ങളെണ്ണിയെണ്ണി കടന്നു പോം
ഏതോ ഘടികാര സൂചിതന്‍  
പിടച്ചില്‍ മാത്രം കേട്ടു.....

മന്വന്തരങ്ങള്‍ക്കുമുമ്പേ
ഈ വര്‍ണ്ണമനോഹരിയാം ഭൂമിയും
വിണ്ണില്‍ നിന്നവളെ
കണ്ണെടുക്കാതെ നോക്കും
സൂര്യചന്ദ്രന്മാരുമുണ്ടാകുന്നതിന്‍
മുമ്പേ
ഇരുള്‍...അവളിവിടുണ്ടായിരുന്നത്രെ...

എത്രയുഗാബ്ദങ്ങളോളം തനിച്ചായിരുന്നവള്‍
ഈ പ്രപഞ്ചത്തിന്‍ ഉഷ്ണ പഥങ്ങളില്‍
എത്ര യുഗപരിണാമങ്ങള്‍ക്ക്
മൂകമായി സാക്ഷ്യംവഹിച്ചതാണ്.....

കാര്‍കൂന്തല്‍ കെട്ടഴിച്ചിട്ട്
കരിനീല മിഴികള്‍ കൂമ്പി
നീലനിശീഥത്തിന്‍ മണിമഞ്ചലില്‍
അവള്‍ അലസശയനം നടത്തുമ്പോള്‍
ആ മടിത്തട്ടില്‍ വീണുറങ്ങാന്‍
ആരാധനയോടെ അഭിനിവേശമോടെ
വന്നണയുന്നൊരു കാമുകന്‍ ഞാന്‍.. 

എതു വസന്തത്തിന് പുലരികള്‍
വന്നുവിളിച്ചാലും
എതു ശിശിരനിലാവിന്‍
പാലൊളി ചിന്തുകള്‍
നിന്നു തുളുമ്പിയാലും
ഒട്ടും കുറയുകയില്ലാ
ഇരുളുമായുള്ളൊരെന്‍ പ്രണയം
അത്രമേലത് അസ്ഥിയിലുറച്ചു പോയി...



ഒറ്റയ്ക്കിരുന്നിരുട്ടത്ത്
പിച്ചും പേയും പുലമ്പുന്നത്
അത്ര നല്ല ശീലമല്ലന്ന്
രക്തബന്ധുക്കള്‍ പോലും
പറയുന്നുണ്ട്
ഇരുളിന്റെ ഹൃത്തില്‍
വിരിയുന്നോരുള്‍പ്പുളകങ്ങള്‍
ആരറിവൂ........?