ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

Thursday, December 12, 2013

ഒരു അവിശുദ്ധ പ്രണയം.....


മഴപെയ്തു പെയ്തു തീരാതെ
പരിഭവിച്ചു നിന്നോരു
വിഷാദാര്‍ദ്രമാം സന്ധ്യയില്‍
ഞാനാദ്യമായി ഇരുളുമായി
പ്രണയത്തിലായി....

എന്നെക്കാളേറെ
കറുത്തതായിരുന്നിട്ടും
എന്നിലുമേറെ പ്രായമുണ്ടാ
യിരുന്നിട്ടും
എന്തോ വല്ലാത്തൊരടുപ്പം
എനിക്കവളോട്തോന്നി
തമ്മില്‍ തമ്മില്‍ ഞങ്ങള്‍
ഒന്നും മിണ്ടാതെ
നോക്കിയിരുന്നേറെ നേരം
ഒന്നും കാണുവാന്‍ കഴിഞ്ഞില്ലങ്കിലും
നിമിഷങ്ങളെണ്ണിയെണ്ണി കടന്നു പോം
ഏതോ ഘടികാര സൂചിതന്‍  
പിടച്ചില്‍ മാത്രം കേട്ടു.....

മന്വന്തരങ്ങള്‍ക്കുമുമ്പേ
ഈ വര്‍ണ്ണമനോഹരിയാം ഭൂമിയും
വിണ്ണില്‍ നിന്നവളെ
കണ്ണെടുക്കാതെ നോക്കും
സൂര്യചന്ദ്രന്മാരുമുണ്ടാകുന്നതിന്‍
മുമ്പേ
ഇരുള്‍...അവളിവിടുണ്ടായിരുന്നത്രെ...

എത്രയുഗാബ്ദങ്ങളോളം തനിച്ചായിരുന്നവള്‍
ഈ പ്രപഞ്ചത്തിന്‍ ഉഷ്ണ പഥങ്ങളില്‍
എത്ര യുഗപരിണാമങ്ങള്‍ക്ക്
മൂകമായി സാക്ഷ്യംവഹിച്ചതാണ്.....

കാര്‍കൂന്തല്‍ കെട്ടഴിച്ചിട്ട്
കരിനീല മിഴികള്‍ കൂമ്പി
നീലനിശീഥത്തിന്‍ മണിമഞ്ചലില്‍
അവള്‍ അലസശയനം നടത്തുമ്പോള്‍
ആ മടിത്തട്ടില്‍ വീണുറങ്ങാന്‍
ആരാധനയോടെ അഭിനിവേശമോടെ
വന്നണയുന്നൊരു കാമുകന്‍ ഞാന്‍.. 

എതു വസന്തത്തിന് പുലരികള്‍
വന്നുവിളിച്ചാലും
എതു ശിശിരനിലാവിന്‍
പാലൊളി ചിന്തുകള്‍
നിന്നു തുളുമ്പിയാലും
ഒട്ടും കുറയുകയില്ലാ
ഇരുളുമായുള്ളൊരെന്‍ പ്രണയം
അത്രമേലത് അസ്ഥിയിലുറച്ചു പോയി...ഒറ്റയ്ക്കിരുന്നിരുട്ടത്ത്
പിച്ചും പേയും പുലമ്പുന്നത്
അത്ര നല്ല ശീലമല്ലന്ന്
രക്തബന്ധുക്കള്‍ പോലും
പറയുന്നുണ്ട്
ഇരുളിന്റെ ഹൃത്തില്‍
വിരിയുന്നോരുള്‍പ്പുളകങ്ങള്‍
ആരറിവൂ........?
 

17 comments:

 1. വെളിച്ചം ദുഖമാണ് ഉണ്ണി തമസ്സല്ലോ സുഖ പ്രദം.. ഒരു ലോഡ് ഷെദ്ദിങ്ങ് പ്രേമം കൊള്ളാം ഭാവിയിലേക്ക് വളരെ നല്ലതാണ്
  ഈയടുത് അനുരാജിന്റെ തൂലികയിൽ നിന്ന് നിർഗളിച്ച ഏറ്റവും മനോഹരമായ വരികൾ ഇതിൽ കൃത്രിമമോ പ്രരാബ്ദമോ ഇല്ലാത്തത് കൊണ്ടാവാം ഒറ്റയ്ക്കിരുന്നിരുട്ടത്ത്
  പിച്ചും പേയും പുലമ്പുന്നത്
  അത്ര നല്ല ശീലമല്ലന്ന്
  രക്തബന്ധുക്കള്‍ പോലും
  പറയുന്നുണ്ട് ഇത് ഒഴിവാക്കാമായിരുന്നു എന്ന് തോന്നി കവിതയുടെ മൊത്തം കെട്ടുറപ്പിന്

  ReplyDelete
  Replies
  1. കവിതയുടെ അവസാനം എന്തോ ഒരു വല്ലായ്ക എനിക്കും അനുഭവപ്പെട്ടിട്ടുളളതാണ്.....ബൈജു പറഞ്ഞ വരികള്‍ മുഴച്ചു നില്ക്കുന്നതായി എനിക്കും തോന്നി.....പക്ഷേ ഒഴിവാക്കാന്‍ കഴിയില്ല...കാരണം അങ്ങനെയുളള ഒരു തോന്നലില്‍ നിന്നാണ് ഈ കവിതയുണ്ടായതു തന്നെ...നന്ദി ബൈജു ഈ വിലയേറിയ അഭിപ്രായത്തിന്...

   Delete
 2. വെളിച്ചം വരുമ്പോള്‍ ഇരുട്ട് എവിടെപ്പോകുന്നു?

  ReplyDelete
  Replies
  1. ഇരുട്ട് എവിടേയും പോകുന്നില്ല...വെളിച്ചം കെടുമ്പോള്‍ താനെ വന്നു കൊള്ളും....നന്ദി അജിത് സാര്‍ വീണ്ടുമുളള ഈ വരവിനും അഭിപ്രായത്തിനും

   Delete
 3. ചിലതിനു കാലവും പ്രായവും ഇല്ല. ഒരു തോന്നലാണ് എല്ലാം...

  ReplyDelete
  Replies
  1. ചില നേരത്തെ ചില വെളിപാടുകള് ....അത്്രേയുളളൂന്നേ....

   Delete
 4. ഇരുൾനിലാവിന്റെ പൊരുൾ ഇപ്പോഴാണ് അറിഞ്ഞത്

  ReplyDelete
  Replies
  1. ഇരുള് നിലാവില് ഇരുള് എന്നതു പോലെ നിലാവുമുണ്ട്.....ഇരുളില്ലങ്കില് നിലാവോ നിലാവില്ലങ്കില് ഇരുളോയില്ലല്ലോ....ഒരു കവിയുടെ കാല്പനിക ഭ്രാന്ത് എന്നതിനപ്പുറമൊന്നും പ്രാധാന്യം ഈ രചനയ്ക്കില്ല.....നന്ദി പ്രദീപ് മാഷ് അഭിപ്രായത്തിന്..

   Delete
 5. ഇരുട്ടിനെ പ്രണയിക്കുന്നവര്‍, ഏകാന്തത ഇഷ്ട്ടപ്പെടുന്നവര്‍ എല്ലാം നഷ്ടപ്രണയത്തിന്‍റെ ഓര്‍മ്മകളില്‍ ജീവിക്കുന്നവര്‍ ആകാനാണ് സാധ്യത.. :)

  അവസാനത്തെ ചില പ്രശ്നങ്ങള്‍ ഒഴിച്ചാല്‍ നല്ല കവിത..

  ReplyDelete
  Replies
  1. ഒരു കവിതയോ പാട്ടോ മൂളി ഒറ്റയ്ക്കിരിക്കുകയെന്നത് പണ്ടേയിഷ്ടമുളള കാര്യമാണ്...നന്ദി ഡോക്ടര് ...അഭിപ്രായത്തിന്....

   Delete
 6. ഇരുട്ടു പരത്തുന്ന ഒരു പെൺകുട്ടി
  അവളുടെ വികാരം അന്ധമാണ്‌. സൌന്ദര്യം അന്ധകാരവും.

  ReplyDelete
  Replies
  1. പക്ഷേ പ്രണയിച്ചു പോയാല് എന്തു ചെയ്യും...

   Delete
 7. കവിത നന്നായി...

  ReplyDelete
  Replies
  1. നന്ദി സംഗീത് ...ഈ ബ്ലോഗിലേക്കുള്ള ആദ്യവരവിനും അഭിപ്രായത്തിനും...വീണ്ടും സ്വാഗതം.....

   Delete
 8. ഇടക്ക് വെളിച്ച്ചത്തെക്ക് വരിക.കവിത നന്നായി.ഇരുളിനോടെനിക്ക് പ്രേമംല്ലെങ്കിലും

  ReplyDelete
  Replies
  1. നല്ല വാക്കുകള്ക്ക് നന്ദി ഡോക്ടര്.......

   Delete
 9. തമസ്സിൽ നിന്നുണരും കാവ്യശലഭങ്ങളേ..

  കവിത വളരെ നന്നായി അനുരാജ്‌.
  സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.

  ശുഭാശംശകൾ...

  ReplyDelete