ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2014, ഫെബ്രുവരി 26, ബുധനാഴ്‌ച

യാത്രികര്‍ കൃപയാ ധ്യാന്‍ ദീജിയേ.....




യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
യാത്രാവണ്ടിയിതാ.....
വന്നെത്തുവാന്‍ പോകുന്നു
പ്ലാറ്റ് ഫോം നമ്പര്‍ ഒന്നില്‍
കേള്‍ക്കുവാനേറെ
കാത്തുകൊതിച്ചൊരാ
പെണ്‍ശബ്ദം മുഴങ്ങുന്നു
പിന്നെയും പിന്നെയും താളത്തില്‍..

യാത്രികര്‍ കൃപയാ ധ്യാന്‍ ദീജിയേ
യാത്രീ ഗാഡീ ആയേംഗി
പ്ലാറ്റ് ഫോം നമ്പര്‍ ഏക്പര്‍‍
ഥോടീസി ദേര്‍ മേം..........

ദൂരെ മുഴക്കം കേള്‍ക്കുന്നു.....
നെഞ്ചിന്നുള്ളു പിടയ്ക്കുന്നു
ചുമ്മാ......ചുമ്മാ....
ഒക്കെ റെഡിയല്ലേ.....
പിന്നെന്താണ്.....പിന്നെന്താണ്...?
തോക്കും പിടിക്കും കൈകള്‍
വിറയ്ക്കാന്‍ പാടുണ്ടോ..
എല്ലാമെടുത്തു വെച്ചിട്ടുണ്ടെന്ന്
എത്ര പ്രാവശ്യമുറപ്പിച്ചതാണ്
എന്നാലും ചിന്തയിലെന്തോ
മറന്നെന്നപോലൊരു തോന്നല്‍
നിന്നു വിങ്ങുന്നു....

ചാര്‍ട്ടുമുഴുവന്‍ പരതി മുഷിഞ്ഞാണേലും
പേരു ചികഞ്ഞെടുത്തില്ലേ...?
കോച്ച് പൊസിഷന്‍ നോക്കി
വലഞ്ഞാണേലും
കണ്ടു പിടിച്ചില്ലേ...?
എന്നാലുമൊന്നുകൂടി പേഴ്സ്
തുറന്നൊന്ന് നോക്കിക്കോളൂ
ടിക്കറ്റവിടെ ഭദ്രമായില്ലേ....?
ഐഡന്റിറ്റി കാര്ഡും....?

അച്ചാറ്, ഇടിച്ചമ്മന്തി, കാച്ചെണ്ണ
സൌഹൃദം പങ്കുവെച്ച്
നീട്ടുവാനായി
രക്തനിറമുളള ഹല്‍വ
പിന്നുത്തരേന്ത്യന്‍ സാബിനെ
ശബ്ദമില്ലാതെ മണിയടിക്കുവാനായി
പച്ചവെളിച്ചെണ്ണയും...
ഒക്കെയും കുത്തിനിറച്ച്
ചീര്ത്തു തടിച്ചൊരു ബാഗും
തൂക്കിയിങ്ങെത്തിയില്ലേ...?

എന്നാലുമെന്നാലും
എന്തെന്നറിയില്ല.....
ചിന്തയിലെന്തോ
വിഷാദം ഘനീഭവിച്ചു നില്ക്കുന്നു
ഉറ്റവരെ വേര്‍പെട്ടു പോകുന്നതിന്
ദുഖമാണോ....?
ശപ്ത താഴ്വരകള്‍ നല്കും
നിശബ്ദതയാണോ...?
എന്തെന്നറിയില്ല
പിന്നെയും രണ്ടു ദിനങ്ങള്‍ കഴിഞ്ഞ്
അട്ടുനാറിയ വിഴുപ്പുകെട്ടു
പോല്‍ അങ്ങേ സ്റ്റേഷനില്‍
ചെന്നങ്ങിറങ്ങുമ്പോഴുമുണ്ടാകും
ഇതേ വല്ലായ്ക.......!
ഇതല്ലാതെ വയ്യല്ലോ....?
എന്നാലിനി ചെന്നിട്ടു വിളിക്കാം

ഫോര്‍ ദി കൈന്‍ഡ് അറ്റന്‍ഷന്‍
ഓഫ് ദി പാസഞ്ചേഴ്സ്
ദി ട്രെയിന്‍ ഈസ് അറൈവിംഗ്
ഷോര്‍ട്ട്ലി ഓണ്‍ പ്ലാറ്റ് ഫോം
നമ്പര്‍ വണ്....
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
യാത്രാവണ്ടിയിതാ
വന്നെത്തുവാന്‍ പോകുന്നു
റ്റാറ്റാ....റ്റാറ്റാ....റ്റാറ്റാ..... റ്റാറ്റാ


2014, ഫെബ്രുവരി 20, വ്യാഴാഴ്‌ച

ഇരുള്‍നിലാവ് @ 100

 പ്രിയ ബ്ലോഗ്ഗ് സുഹൃത്തുക്കളേ.....
               
          ഇരുള്‍നിലാവ് 100 പോസ്റ്റുകള്‍ പിന്നിടുന്നതിന്റെ സന്തോഷത്തിലാണ്
 ഞാൻ ഈ കുറിപ്പ് എഴുതുന്നത്‌ . ഒരു ബ്ലോഗ്ഗിനെ സംബന്ധിച്ചിടത്തോളം 100 പോസ്റ്റുകള്‍ എന്നത് അപൂര്‍വ്വമായ ഒരു സംഗതിയായതു കൊണ്ടല്ല.. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം  അത് ഒരു വിസ്മയമാണ് എന്നു പറയാതെ വയ്യ. ഉഷ്ണക്കാറ്റേറ്റു വരണ്ട മരുഭൂമി പോലെ കിടന്ന ഒരു ഹൃദയത്തില്‍ നിന്നാണ് വസന്തത്തിന്റെ ഒരു പച്ചപ്പ്‌ ഞാൻ സ്വയം കണ്ടെത്തിയത് .രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് കൃത്യമായി പറഞ്ഞാല്‍ 2012 മാർച്ച്‌ 31കാം  തീയതി ഞാൻ ഈ ബ്ലോഗ്ഗ് തുടങ്ങുമ്പോള്‍ വര്‍ഷങ്ങളായി സര്‍ഗ്ഗപരമായ വരള്‍ച്ചയിലും അതിന്റെ ഭീതിതവും അസഹവ്യമായ ഉഷ്ണത്തിലും കഴിഞ്ഞിരുന്ന എനിക്ക് 100 പോസ്റ്റുകൾ എന്നത് വിദൂരമായ ഒരു സ്വപ്നം മാത്രമായിരുന്നു .തുടക്കത്തിലെ ഏഴോ എട്ടോ പോസ്റ്റുകളൊഴിച്ച് ബാക്കിയെല്ലാം ഞാന്‍ ബ്ലോഗ്ഗിംഗിന്‍റെ ഭാഗമായി എഴുതിയിട്ടുളളതാണ്.നൂറു പോസ്റ്റു തികക്കുന്നതിനു ബോധ പൂർവ്വമായ ഒരു ശ്രമവും ഞാൻ നടത്തിയിട്ടില്ല. ഹൃദയത്തിൽ തോന്നിയത് ഹൃദയത്തിന്റെ ഭാഷയിൽ പറയാനുള്ള ചില ശ്രമങ്ങൾ നടത്തി. അത്ര മാത്രം. ചിലതൊക്കെ ലക്ഷ്യം കണ്ടു....ചിലതൊക്കെ പാളി.... 100 പോസ്റ്റുകൾ പബ്ലിഷ് ചെയ്തിട്ടും ബൂലോകത്ത് ഞാൻ അധികം വായിക്കപ്പെടുന്ന ഒരു എഴുത്തുകാരനൊന്നുമല്ല.സ്വന്തമായി ഒരു കമ്പ്യൂട്ടറു പോലുമില്ലാതെ ബ്ലോഗ്ഗെഴുതുന്ന ഒരു ഓണ്‍ലൈന്‍ എവുത്തുകാരന്‍റെ പരിമിതിയായി ഞാനതിനെ ഉള്‍ക്കൊള്ളുന്നു... എങ്കിലും ഏതു പോസറ്റിട്ടാലും വന്നു അഭിപ്രായം രേഖപ്പെടുത്തുന്ന കുറച്ചു സുഹൃത്തുക്കളേ എനിക്കും ലഭിച്ചിട്ടുണ്ട്.ലോകത്തിന്റെ വിദൂരമായ എതെക്കെയോ കോണിലിരുന്നു അവർ പകര്ന്നു തരുന്ന ഊര്ജ്ജമാണ് ഈ ബ്ലോഗ്ഗിലെ മുന്നോട്ടു നയിക്കുന്നത് . വായിക്കപ്പെടുന്നതിനു വേണ്ടിയല്ല സ്വയം ഒന്ന് ബോധ്യപ്പെടുന്നതിനു വേണ്ടി നൂറു പോസ്റ്റുകളുടെയും ലിങ്ക് താഴെ ചേർക്കട്ടെ. ഈ പോസ്റ്റുകളിലെ ഏതെങ്കിലുമൊക്കെ ചിന്തകളോ,വരികളോ, രംഗങ്ങളോ,ഭ്രമകല്പനകളോ വായനക്കാരുടെ ഹൃദയത്തില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ ഇരുള്‍നിലാവിലെ കവി ധന്യനായി........
                                                                                   
                                                                               സ്നേഹാദരങ്ങളോടെ

                                                                                                                                                  അനുരാജ് . കെ.എസ്സ്
                                                                                                      കോട്ടക്കകത്ത് തറയിൽ
                                                                                         തൊടിയൂർ നോര്‍ത്ത് . പി.ഓ
                                                                                                      കരുനാഗപ്പള്ളി , കൊല്ലം
                                                                                                     ksanurajveo@gmail .com


2014, ഫെബ്രുവരി 14, വെള്ളിയാഴ്‌ച

പ്രിയ പെണ്‍സുഹൃത്തിന് സ്നേഹപൂര്‍വ്വം.......



പിന്നെന്തെക്കയുണ്ട്......
പ്രിയ പെണ്‍സുഹൃത്തേ
നിന്‍റെ നല്ല വിശേഷങ്ങള്‍...
ജീവിതം സുഖം തന്നെയല്ലേ..?
ഇന്നേവരേയും....

അന്നാ ഗ്രീഷ്മത്തിന്‍
വെന്തുരക്കത്തില്‍    
ജീവിത പന്തയത്തിനാ
യൊരുങ്ങി നമ്മള്‍
എന്തോ എഴുതി നിറച്ച്
അവസാനത്തെ പരീക്ഷ-
യെഴുതിയിറങ്ങി
പിന്നെയുമേറെ നേരം
ചെന്തീപ്പൂക്കള്‍ വിടര്‍ന്നു
കൊഴിഞ്ഞോരാ വാകമരത്തിന്‍റെ
ചോട്ടില്‍ നിന്നേറെ നേരം
ഒന്നും മിണ്ടുവാന്‍ കഴിയാതെ...

പണ്ടേ കരുതിയതാണെങ്കിലും
അന്നേവരെ പറയാന്‍
കഴിയാത്തേതോ
വാക്കിന്‍ വിങ്ങലില്‍
ഉള്ളു പിടഞ്ഞൂ..
മഞ്ഞവെയിലിനൊപ്പമാ ചെങ്കല്‍
കുന്നിറങ്ങിനടന്നതും
ഇന്നലത്തെ പോലെ ഞാന്‍
ഇന്നുമോര്‍ക്കുന്നു...

എന്നെത്തെയുമെന്നപോല്‍
കുന്നിന്‍ ചെരുവിലെയാ
ബസ്റ്റോപ്പില്‍ നിന്നെയും
കാത്തെന്നപോലാ ബസ്
വന്നു കിടപ്പുണ്ടായിരുന്നല്ലോ..?
പിന്നെയെന്നെങ്കിലും കാണാമെന്ന്
പറഞ്ഞ് കൈകള്‍ വീശി
നീയന്നു പിരിഞ്ഞതാണ്
ജീവവൃക്ഷത്തിന്നെത്രയിലകള്‍
പിന്നെയുമെത്ര വേഗം
ചുമ്മാ പഴുത്തടര്‍ന്നു
കൊഴിഞ്ഞു പോയി

ഇന്നീ കമ്പ്യൂട്ടറിന്‍
വെള്ളിവെളിച്ചത്തില്‍
നിന്നെയൊരുപാട് തിരഞ്ഞ്
ഞാന്‍ കണ്ടുപിടിച്ചല്ലോ..!!
പണ്ടത്തെപ്പോലെയിപ്പോഴുമെന്‍
ഉള്ളു പിടയുന്നു
നിന്‍മുഖ ചിത്രത്തിന്
അന്നു പറയാന്‍ കഴിയാത്തൊരു
ലൈക്ക് ഞാനിന്നു തരട്ടെ.
എന്നെങ്കിലും നീയെന്നെ......?
ഇല്ലിപ്പോഴുമെനിക്ക് മുഴുമിക്കാന്‍
കഴിയില്ല....
പിന്നെന്തെക്കയുണ്ട്....
പ്രിയ പെണ്‍സുഹൃത്തേ
നല്ല സുഖം തന്നെയല്ലേ...?

( വെളിപ്പെടുത്തുവാന്‍ കഴിയാത്ത പ്രണയം എന്നുമൊരു നീറ്റലാണ്...ഉള്ളുനിറഞ്ഞിട്ടും എഴുതുവാന്‍ കഴിയാത്ത ഒരു കവിത പോലെ....)