ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

Friday, November 28, 2014

അച്ഛനറിയുവാന്‍ മകന്‍ എഴുതുന്നത്.......

അച്ഛനയച്ചോരു കത്തുകിട്ടി...
അല്പം താമസിച്ചാണെങ്കിലും
അഡ്രസ്സുതെറ്റി ചുറ്റിക്കറങ്ങി
നടന്നിട്ടേറെ മുഷിഞ്ഞൊരുന്നാള്‍
എന്റെ കൈയിലും വന്നെത്തി

കൊച്ചനേ നിന്‍റച്ഛനല്ലേ
ജയിലില്‍കിടക്കുന്നതെന്ന
കുത്തുവാക്കെറിഞ്ഞുള്ള
ചോദ്യത്തിനുമുന്നില്‍
എപ്പോഴുമെന്നപോല്‍
ഞാന്‍ പകച്ചു പോയി

അല്പം പരിഭ്രമത്തോടെ
തിരിച്ചും മറിച്ചും
നോക്കീട്ട് ഞാനതെന്‍
പുസ്തകത്താളിലൊളിപ്പിച്ചൂ
പെറ്റുപെരുകുവാന്‍
സ്വപ്നങ്ങളുള്ളിലൊളിപ്പിച്ചോരു
മയില്‍പ്പീലിത്തുണ്ടല്ലങ്കിലും......
ശപ്ത നിശ്വാസങ്ങള്‍ സമാധി വിട്ട്
ചിത്രശലഭങ്ങളെപ്പോലെ
പറന്നുയരുകയില്ലെങ്കിലും.....

ആദ്യമായെന്‍ പേരില്‍ വന്നോരു
കത്തായിരുന്നതിന്‍
കൌതുകമൊന്നുമേ തോന്നിയില്ല
വേദനതന്‍ ഊടുവഴിയിലൂടെ
ഒറ്റയ്ക്ക് ഞാനേറെ ദൂരം
നടന്ന് വീടണഞ്ഞിട്ടും
ആരോടുമക്കാര്യം ചൊല്ലിയില്ല
മനപൂര്‍വ്വം.......

രാത്രി ഇരുട്ടത്ത്.....
പാത്തും പതുങ്ങിയുമിരുന്ന്
പാഠം പഠിക്കുന്നപോല്‍
ഞാനത് പൊട്ടിച്ചുവായിച്ചു....
കൊത്തിച്ചിതറിയപോലെ
വാക്കുകള്‍ രക്തഛവി
പടര്‍ന്നു കിടന്നു...
അക്ഷരങ്ങള്‍ പലതും
അരുംകൊലചെയ്യപ്പെട്ടപോലെ
വ്യക്തമേയായിരുന്നില്ല..
എങ്കിലുമൊക്കെയും
കൂട്ടിച്ചേര്ത്തുവെച്ചു ഞാനതു
വായിച്ചെടുത്തു...
പറ്റുമായിരുന്നെങ്കില്‍
നമ്മുടെ ജീവിതവുമതു പോലെ...

കൊച്ചുകുഞ്ഞായിരുന്നെങ്കിലും
എങ്ങനെമറക്കും
അന്നത്തെ രാത്രി ഞാനും..?
നൊട്ടിനുണഞ്ഞേതോ
വിസ്മൃതിയിലൂറിയൂറി
കൈയിലിരിക്കെയാ മധുരമിഠായി
പെട്ടന്ന് തട്ടിപ്പറിച്ച് പോകുമെന്നങ്ങനെ
കരുതുവാന്‍.......
അന്നത്തെയാ കൊച്ചുകുട്ടി
പിന്നെയും വളര്‍ന്നച്ഛാ
ഇന്നഞ്ചാംതരത്തില്‍‌
പഠിക്കുന്നു...

പിന്നെ......
നമ്മുടെയാ കൊച്ചുവീടുണ്ടല്ലോ...
ആളുമനക്കവുമില്ലാതെ
കാടുപിടിച്ചു കിടന്നേറെനാള്‍
അന്നത്തെപ്പോലെ പിന്നെയേതോ
പേമാരിയിലതിടിഞ്ഞു വീണു...
ചെന്നതു കാണ്‍കെ ഇപ്പോഴും
ഞാനോര്‍ത്തുപോകും
കണ്ണുതുറിച്ച് വെറും നിലത്ത്
കുഴഞ്ഞുകിടക്കുമെന്നമ്മയെ...

ഇല്ല പരിഭവമെനിക്കാരോടും
അമ്മമരിച്ചെന്നാലും....
അമ്മമ്മതന്‍ പൊന്നുമകനായി
ഞാന്‍ കഴിയുകയായിരുന്നല്ലോ
അല്ലലേതുമറിയാതെ......
എന്നാലൊരു രാത്രി
ഒന്നിച്ചുറങ്ങാന്‍ കിടന്നതാണ്
ചീര്‍ത്തുകനച്ചോരിരുട്ടില്‍
വന്യമാമേതോ തേങ്ങല്‍
പോലൊരു ശബ്ദമുയര്‍ന്നു
കേട്ടാ ഹൃദയത്തില്‍ നിന്നും...
പിന്നെകണ്ണു തുറന്നില്ലമ്മമ്മയും.
അമ്മയെപ്പോലെ...

പിന്നെയും പിന്നെയും
ചുമ്മാതിടം കോലിട്ട് കളിക്കുന്നു
വിധിയെന്നു പേരുള്ള
വികൃതിയാം വികൃത രൂപി...

പിന്നതിന്നുശേഷമൊട്ടുമേ
ശരിയാകുന്നില്ലിവിടത്തെ
ജീവിതവും....
കൂര്ത്തമുള്ളുപോല്‍
കുത്തുവാക്കുകളേറുന്നു
ചുറ്റില്‍ നിന്നും
ഭക്ഷണത്തിനുമുന്നില്‍
പോലുമെന്നെയത് 
വേട്ടയാടുന്നു.....

അച്ഛനുമമ്മയുമില്ലാത്തനാഥരാം
കുട്ടികളെ താമസ്സിപ്പിക്കുന്ന
പ്രത്യേകമന്ദിരങ്ങളുണ്ടെന്നു
കേട്ടല്ലോയച്ഛാ....?
കിട്ടുമോയെന്നറിയണം
എനിക്കൊരഡ്മിഷനവിടെ...
അത്രമാത്രം.....
കത്തു ചുരുക്കുന്നു..
24 comments:

 1. ഹൃദയത്തില്‍ നിന്ന് ഹൃദയത്തിലേക്ക് കത്തുകള്‍

  ReplyDelete
  Replies
  1. ഹൃദയത്തില്‍ ഹൃദയത്തിലേക്ക് വാക്കുകള്‍ സംവദിക്കപ്പെടുന്നുണ്ടെങ്കില്‍ അതില്‍പ്പരം ഒരു ആനന്ദം വേറെയില്ല..നന്ദി അജിത് സാര്‍ നല്ല വാക്കുകള്‍ക്ക്...

   Delete
 2. തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ, ബാല്യത്തിന്റെ നിറങ്ങളും, വാത്സല്യത്തിന്റെ മാധുര്യവും അനുഭവിക്കാനാവാതെ സനാധരെങ്കിലും അനാഥ ജീവിതത്തിന്റെ കയ്പ്‌ നുണയുന്ന അനേകം ബാല്യങ്ങൾക്ക്‌ സാക്ഷ്യം പറയുന്നു ഈ കവിത. !! ഹൃദയത്തെ തൊടുന്ന അവതരണം. നന്നായി എഴുതി അനുരാജ്‌.


  ശുഭാശംസകൾ .....

  ReplyDelete
  Replies
  1. നല്ല വാക്കുകള്‍ക്ക് നന്ദി സൌഗന്ധികം..

   Delete
 3. ഹൃദയത്തില്‍ നിന്നൊരു കത്ത് ....

  ReplyDelete
 4. അങ്ങിങ്ങായി ഒന്ന് ഒതുക്കി ട്രിം ചെയ്തെങ്കിൽ ഏറെ മെച്ചമായേനേ.ആശംസകൾ !!

  ReplyDelete
  Replies
  1. ചിലയിടത്തൊക്കെ ഒരു എഡിറ്റിംഗ് ആവശ്യമാണെന്ന് എനിക്കും തോന്നിയിട്ടുണ്ട്....പക്ഷേ എന്തു ചെയ്യാം ആ പരിമിതി മറികടക്കാന്‍ കഴിയുന്നില്ല...നന്ദി ശശികുമാര്‍ നല്ല അഭിപ്രായത്തിന്..

   Delete
 5. കത്തുകൾ കയ്യക്ഷരങ്ങൾ ഹൃദയഭാഷയിൽ അച്ഛന്റെ കത്തിന്റെ തീവ്രത മകന്റെ നിസ്സഹായത നന്നായി

  ReplyDelete
  Replies
  1. വീണ്ടുമുള്ള ഈ വരവിനും അഭിപ്രായത്തിനും നന്ദി ബൈജു....

   Delete
 6. പിന്നെയും പിന്നെയും
  ചുമ്മാതിടം കോലിട്ട് കളിക്കുന്നു
  വിധിയെന്നു പേരുള്ള
  വികൃതിയാം വികൃത രൂപി...

  ഹൃദയനൊമ്പരത്തിന്റെ കവിത.

  ReplyDelete
  Replies
  1. കവിത ഇഷ്ടപ്പെട്ടുവെന്ന് വിചാരിക്കട്ടെ...നന്ദി മധുസൂതനന്‍ സാര്‍ അഭിപ്രായത്തിന്

   Delete
 7. നന്നായെഴുതി. ആശംസകൾ

  ReplyDelete
  Replies
  1. ഒരിടവേളയ്ക്കു ശേഷമുള്ള ഈ വരവിനും ആശംസകള്‍ക്കും നന്ദി ശ്രീ...

   Delete
 8. കത്തുകള്‍ക്ക് എന്നും ഹൃദയത്തിന്റെ ഭാഷയായിരുന്നു.. വരികള്‍ക്ക് നല്ല ഫീലുണ്ട്.

  ReplyDelete
  Replies
  1. കവിത ബുദ്ധിയില്‍ നിന്നും ബുദ്ധിയിലേക്കല്ല...ഹൃദയത്തില്‍ നിന്നും ഹൃദയത്തിലേക്ക് സംക്രമിക്കപ്പെടേണ്ടതാണന്ന് ഞാന്‍ അടിയുറച്ച് വിശ്വസിക്കുന്നു......നന്ദി സുധീര്‍ദാസ് ഈ അഭിപ്രായത്തിന്...

   Delete
 9. അച്ഛനയച്ച എഴുത്ത് വായിച്ചിരുന്നു. ഒരിയ്ക്കലും ആ എഴുത്ത് കിട്ടാതെ പോകട്ടെ എന്നും ആശിച്ചിരുന്നു. പക്ഷെ വിധി, അതിന്റെ കളികൾ. പിന്നെ കവിയുടെ നിർബന്ധം. കവി ചിലപ്പോൾ വിധിയുടെ കരു ആയി മാറിയതാകാം.

  അച്ഛന്റെ എഴുത്തിനെ പ്പോലെ ഭംഗിയായില്ല. കൊച്ചു കുട്ടിയല്ലേ എഴുതുന്നത്‌. അതിൽ വികാര തീവ്രത ഒന്നും കാണുകില്ലല്ലോ. നിഷ്ക്കളങ്കത മാത്രം.

  കവിത നന്നായി. ആശംസകൾ.

  ReplyDelete
  Replies
  1. കൊച്ചുകുട്ടിയാണ് എഴുതുന്നതെന്നതുകൊണ്ട് തന്നെ വാക്കുകള്‍ കൂടുതല്‍ വൈകാരികമായി വായനക്കാര്‍ക്ക് അനുഭവപ്പെടേണ്ടതാണ്. ഇവിടെ കവി അതില്‍ പരാജയപ്പെടുന്നു എന്നാണ് താങ്കളുടെ അഭിപ്രായത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കുന്നത്. എഴുതി ഫലിപ്പിച്ച ഒരു സൃഷ്ടിയുടെ ഒന്നാം ഭാഗത്തേക്കാള്‍ രണ്ടാം ഭാഗം മികച്ചതാകുക എന്നതും അപൂര്‍വ്വമായി മാത്രം സംഭവിക്കുന്നതാണെന്നുള്ളതും ഒരു കാരണമാകാം........

   Delete
 10. പിന്നെയും പിന്നെയും
  ചുമ്മാതിടം കോലിട്ട് കളിക്കുന്നു
  വിധിയെന്നു പേരുള്ള
  വികൃതിയാം വികൃത രൂപി...

  ReplyDelete
  Replies
  1. നന്ദി പ്രിയ മുരളി മുകുന്ദന്‍ ഈ പോസ്റ്റിനെ കവിതയാക്കുന്ന ചില വരികള്‍ ഓര്‍മ്മപ്പെടുത്തിയതിന്...

   Delete
 11. http://kumarpradeepg.blogspot.in/

  pls do read my blog....comments awaited....

  ReplyDelete
  Replies
  1. Thanks Pradeep for visiting my Blogg......continue your journey.....Best Wishes

   Delete
 12. കഥാകവിതക്ക് സലാം.
  ബിപിൻ & ശശികുമാർ പറഞ്ഞതും അനുരാജിന്റെ reply ഉം ഇഷ്ടപ്പെട്ടു

  ReplyDelete
 13. ഒരു അച്ഛൻ ജയിലിൽ നിന്നും മകനയച്ച കത്തും ഇതും ഒരുമിച്ചാണ് വായിച്ചത് .ശരിക്കും മനസ്സിൽ തട്ടുന്ന വരികൾ .നന്നായി .

  ReplyDelete