ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2013, ജൂൺ 28, വെള്ളിയാഴ്‌ച

വേര്‍ഡ് വേരിഫിക്കേഷന്‍......

ജാലകപ്പഴുതില്‍
നിന്റെ കുറിമാനം കണ്ടിട്ട്
എനിക്കുളള ക്ഷണമെന്നു കരുതിയാണ്
ഞാന്‍ നിന്റെ വീട്ടിലേക്കു വന്നത്...
നിന്നോടിത്തിരി വര്‍ത്തമാനം പറഞ്ഞ്
ഉമ്മറത്തെ ആ ചാരുപടിയിലിരിക്കാന്‍
എനിക്കാഗ്രഹമുണ്ട്....
പക്ഷ ഗേറ്റടച്ചിട്ടിരിക്കുന്നല്ലോ..?
ചാടിക്കയറാന്‍ നോക്കിയപ്പോള്‍
ചുറ്റിലും മുള്‍പ്പടര്‍പ്പുകള്‍....
ചാട്ടുളിപോലുളള പല്ലു കാട്ടി
കാവല്‍ നായ മുറ്റത്തു നിന്ന്
കുരയ്ക്കുന്നുമുണ്ട്........
ഞാന്‍ പോകുന്നു......
വന്നതിന്റെ ഒരടയാളവുമില്ലാതെ..


2013, ജൂൺ 26, ബുധനാഴ്‌ച

പനികിടക്കയില്‍ നിന്നും പറയുവാനുളളത്....



പനിക്കിടക്കയില്‍
കടും പുതപ്പിനുളളില്‍
ചുരുണ്ടു കൂടി കിടക്കുകയാണ് ഞാന്‍
ഇടയ്ക്കിടെ ഉള്ളില്‍ നിന്നും
കൊടുങ്കാറ്റ് വന്ന് കിടുങ്ങുന്നുണ്ട്
ഞാനാലില പോലെ വിറക്കുന്നുമുണ്ട്
അരിച്ചരിച്ചെത്തിയ മൂത്രശങ്ക
പിടിച്ചു നിര്‍ത്തിയിട്ടതു
തുളച്ചുകയറുന്നു ....
സഹിക്കുവാനിനി വയ്യ.....!
കിടക്കവിട്ടെഴുനേല്ക്കുവാനും വയ്യ
നടുനിവര്‍ത്തിയൊന്നെഴുനേറ്റിരിക്കുവാനും
കഴിയുന്നില്ല.......

ശിരസ്സിനുള്ളില്‍.........
കടന്നല്‍ കൂടിളകിമറിയുന്നു
നരച്ച വാവലുകള്‍ തലങ്ങും വിലങ്ങും
ചിറകടിച്ചൊച്ചവെച്ച് പറക്കുന്നു
കരിന്തേളുപോല്‍ വിശപ്പു
പിടിമുറുക്കിയിട്ടുണ്ടെന്നാലും
ഒന്നു കഴിക്കുവാനും വയ്യല്ലോ...
തികട്ടിവന്നൊരോക്കാനം
തൊണ്ടയില്‍ തന്നെ
കുരുങ്ങി കിടപ്പുണ്ട്....
നാശം പിടിച്ച നാക്കത്
കാഞ്ഞിരം പോല്‍ കയ്ചിട്ട്
പറിച്ചെറിയുവാനും തോന്നുന്നു...!

ചുട്ടപപ്പടം പൊടിച്ചിട്ട്.....
പൊടിയരിക്കഞ്ഞി മോന്തി
കുരുമുളകിട്ട് കൊടും ചൂടില്‍
കരിപ്പുകട്ടി കാപ്പി നുണഞ്ഞിറക്കി
സ്മൃതികളെ പുതച്ചുമൂടി താലോലിച്ച്
സുഖദമായുറക്കത്തിലേക്കുവഴുതി
വീണൊരാ പനിക്കാലവും
പടികടന്നു പോകുകയാണോ...?.

പടച്ച തമ്പുരാനേ.......
ഞാനെന്തു തെറ്റ് ചെയ്തു....?
ഇടയ്ക്കിടെ കവിതയെഴുതി
ചെടിപ്പിക്കുമെന്നല്ലാതെ.....
ഒടിച്ചുമടക്കി എന്നെ
കിടക്കയിലാക്കുവാന്‍....!


2013, ജൂൺ 18, ചൊവ്വാഴ്ച

ലെവല്‍ ക്രോസ്സില്‍ നിന്നും നിലവിളികളോടെ


ഇത്തിരി കൂടി സ്പീഡില്‍ വിടാമോ
വേഗം.......വേഗം........!
പെട്ടന്നുതന്നെയപ്പുറമിറങ്ങണം
മുഹൂര്‍ത്തമിങ്ങടുത്തെത്തുവാറായല്ലോ....?.
കെട്ടമഴകാരണം ഇറങ്ങുവാനിത്തിരി
താമസ്സിച്ചു പോയി.........
കഷ്ടിച്ചങ്ങെത്തുവാനുളള സമയം
മാത്രം ബാക്കി............

മുന്നിലിടം കോലിട്ട് വന്നു വീഴാനിടയുണ്ട്
നിശ്ചയം.....
ഉയര്‍ത്തിപ്പിടിച്ച വാള്‍പോലെ നില്ക്കും
ലെവല്‍ ക്രോസ്സിന്റെ ഉരുക്കുവേലി
വൈതരണിപോലതു മുറിച്ചു കടക്കണം
പെട്ടു പോയാലോ.......കഷ്ടം....!

എത്ര കേമനാണെങ്കിലും
ഇപ്പുറത്തുനിന്നപ്പുറത്തേക്ക് നോക്കി
നെടുവീര്‍പ്പിടാനേ കഴിയൂ...
ചത്തിഴഞ്ഞു പോകും നിമിഷങ്ങളെണ്ണി
കാത്തുനില്ക്കണം.......

എത്ര ലക്ഷ്യങ്ങള്‍, എത്രസ്വപ്നങ്ങള്‍
പൊട്ടിത്തെറിക്കുമെത്ര വികാരവിചാരങ്ങള്‍......
വന്നീ  ഗേറ്റിനുമുന്നില്‍ വഴിമുട്ടി
പഞ്ച പുച്ഛമടക്കി നില്ക്കുന്നു...

രക്ത മര്‍ദ്ദങ്ങളെത്രയുയര്‍ന്നു താണാലും
ആത്മസംഘര്‍ഷങ്ങളില്‍
ഹൃദയങ്ങളെത്ര പൊട്ടിത്തകര്‍ന്നാലും
രക്ഷയില്ല.....

ഒട്ടും കൂസലില്ലാതെ.......
മുക്കി മൂളി ഞരങ്ങിയും
ഇടയ്ക്കിടയ്ക്ക് ക്രുദ്ധനായി
നീണ്ട് നിലവിളിച്ചും
അജ്ഞാതമാമേതോ പ്രാക്തന-
ശിലായുഗത്തില്‍ നിന്നുളള
ഇഴജന്തുവിനെപ്പോലെ
ദുര്‍ഗന്ധം വമിപ്പിച്ച്
ട്രെയിന്‍ കടന്നു പോകും........
അതു വരെ കെട്ടി നിര്‍ത്തിയ
നദി പോലെ പൊട്ടിത്തരിച്ച്
തരിച്ചങ്ങനെ നില്ക്കണം....

ഇത്തിരി കൂടി സ്പീഡില്‍ വിടാമോ.....?
ലെവല്‍ ക്രോസ്സടയ്ക്കാനാണെന്നു തോന്നുന്നു
മുമ്പെ ചീറിയോടുന്ന വണ്ടിക്ക്
പിമ്പെ കുതിക്കണം.....
വേഗം....വേഗം........!
ഒട്ടുമിട കൊടുക്കരുത്.....
 ........................................
.....................................
എന്തൊരു കഷ്ടം തൊട്ടു തൊട്ടില്ല
ഒരു ഞാണകലത്തില്‍ മുന്നില്‍
വന്നു വീഴുന്നാ കമ്പിവേലി...
പെട്ടുപോയല്ലോ..........

2013, ജൂൺ 14, വെള്ളിയാഴ്‌ച

ഒറ്റയ്ക്ക് ഒരു മടക്കയാത്ര..........



എന്നെത്തേയും പോലെയിന്നും
അച്ഛനെന്നെ വിളിക്കാന്‍ വരുമോ....?
സ്കൂളു വിട്ടതിന്‍ മണി മുഴങ്ങുന്നു..
ഒച്ച ബഹളങ്ങള്‍ക്കിടയില്‍ മുങ്ങി
കൊച്ചുകണ്ണുകള്‍ ജനലഴികള്‍ക്കിടയിലൂടെ
പുറത്തേക്കെറിഞ്ഞ് ഉണ്ണിയിരിക്കുന്നു....

മഞ്ഞവെയിലിനൊപ്പം മഞ്ഞു തൂവല്‍ പോലെ
മഴപെയ്തിറങ്ങുന്നു....
പുളളിക്കുട നിവര്‍ത്തി
ആരോ വരുന്നുണ്ടല്ലോ....?
അല്പം കുനിഞ്ഞ ശിരസ്സുമായി
അച്ഛനല്ല...അച്ഛനെപ്പോലൊരാള്‍
വന്ന് കുട്ടികളുമായിപ്പോകുന്നു.

അച്ഛനിനി ഉണ്ണിതന്‍ കൊച്ചു
കൈവരല്‍ പിടിക്കാന്‍ വരില്ലന്ന്
നിശ്ചയമുണ്ടെങ്കിലും വെറുതെ
ഉണ്ണി നോക്കിയിരിക്കുകയാണ്..

ഒത്തിരി മുത്തം നല്കിയോരാ
ചുണ്ടില്‍  വെളളമിറ്റിച്ചുണ്ണിയും
വെച്ചു കൊടുത്തിരുന്നല്ലോ
എള്ളും പൂവും.....
വെള്ള പുതച്ചച്ഛനെ തെക്കിനി
പറമ്പില്‍ കൊണ്ടുപോയി
വെട്ടിപ്പിളര്‍ന്നിട്ട കൊച്ചുമൂവാണ്ടന്‍
മാവിന്റെ ചില്ലകളടുക്കി
ചുട്ടെരിച്ചതും.......
പുത്തനേതോ കാഴ്ച കണ്ടതുപോലെ
ഉണ്ണിയും നോക്കിനിന്നതാണല്ലോ...
എത്ര ദിനരാത്രങ്ങള്‍ പറ്റിച്ചേര്‍ന്നു
കിടന്ന ആ നെഞ്ചിന്‍ കൂടാണ്
ഉണ്ണി കാണെ കാണെ കത്തിയരിഞ്ഞത്
അന്നതില്‍ പിന്നെയുമെത്ര ദിനരാത്രങ്ങള്‍
ഒട്ടു മോര്‍ക്കുവാനിഷ്ടമില്ലാതെ
ശുഷ്കിച്ചുണങ്ങി കടന്നു പോയി....
മച്ചിന്റെ കീഴെ കറങ്ങുന്നുണ്ടിപ്പഴും
അച്ഛന്‍ ജീവനെ പറത്തിവിട്ടോരാ
ഫാന്‍.....!

കണ്ണൊന്നടച്ചാലോ മുന്നില്‍ വന്നു
നൃത്തം ചെയ്യുന്നതാ അഗ്നിച്ചിറകുകള്‍....
പെയ്ത് കൊതി തീരാത്തമഴപോലെ
അമ്മയിപ്പോഴും ഇടയ്ക്കിടെ
വിങ്ങുവാറുണ്ട്.......

ഒക്കെ കഴിഞ്ഞുപോയില്ലേ.....
ഇന്നറേ നാളുകള്‍ക്കു ശേഷം
പണ്ടു വന്നുകയറിയതേ പരിഭ്രമത്തില്‍
ഉണ്ണി വീണ്ടും സ്കൂളില്‍ വന്നതാണ്
അമ്മയുമിന്നാദ്യമായി ദൂരെ
ദിക്കിലേതോ ജോലിക്കു പോകുന്നുണ്ട്
വരുവാനേറെ വൈകുമെന്ന്
അമ്മ പറഞ്ഞിരുന്നതാണല്ലോ...
പോകുവാനിറങ്ങും നേരം
മാറോട് ചേര്‍ത്തു നിര്‍ത്തി
നെറ്റിത്തടത്തില്‍ കണ്ണീരുപ്പു പടര്‍ന്ന
ഒരുമ്മ നല്കികൊണ്ട്
അമ്മ പിന്നെയുമെന്തോ പറഞ്ഞിരുന്നല്ലോ..?

കുട്ടികളൊക്കെ പോയിക്കഴിഞ്ഞതിന്‍ -
വല്ലാത്ത ശൂന്യതയില്‍ സ്കൂള്‍
തുറിച്ചു നോക്കുന്നു........
മെല്ലയിറങ്ങുകയാണുണ്ണി തനിച്ച്
സ്കൂളില്‍ നിന്നാദ്യമായി....
ഇത്തിരിയേറെ ദൂരമുണ്ട്
വീട്ടിലേക്കെന്നാലും
അച്ഛനോടൊപ്പം നടന്നു കണ്ട
വഴിച്ചിത്രങ്ങള്‍ ഒന്നൊന്നായി 
മുന്നിലുണ്ട്.....
ദിക്കുകളൊട്ടും പരിചയം പോരാ
കാട്ടു വഴിമൂലയില്‍ 
പണ്ടച്ഛന്‍ പറഞ്ഞ പോലെ
കുട്ട്യോളെ പിടിത്തക്കാര്‍
ചോരക്കണ്ണുകളുമായി
പതുങ്ങിയിരിപ്പുണ്ടാകുമോ.?

എങ്കിലുമുണ്ണി നടയ്ക്കുകയാണ്
കുഞ്ഞൊരേങ്ങല്‍ ആ തൊണ്ടയില്‍
വന്ന് കുരുങ്ങുന്നുണ്ടോ....
പിന്നില്‍ നിന്നേറെ പരിചയമുളള
ആ വണ്ടിയുടെ ഹോണ്‍ മുഴങ്ങുന്നല്ലോ..
ഒരു നിമിഷം വെറുതെയെങ്കിലും
ഉണ്ണിയൊന്ന് പിന്തിരിഞ്ഞ്
നോക്കികൊളളട്ടെ.........!

( എന്റെ കുഞ്ഞേ ഞാനെന്താണ് പറയേണ്ടത്........ സകൂളില്‍ നിന്ന് തനിച്ചുളള നിന്റെ ആദ്യത്തെ മടക്കയാത്രയ്ക്ക് ഞാന്‍ എല്ലാ മംഗളങ്ങളും നേരുന്നു...... നിനക്ക് വഴിതെറ്റില്ല...എനിക്കുറപ്പുണ്ട്.....കവിതയിലൂടെയാണെങ്കിലും നിനക്ക് അനാഥത്വം പകര്‍ന്നു തന്നതിന് ഞാന്‍ നിന്നോട് മാപ്പ് ചോദിക്കുന്നു..)


2013, ജൂൺ 11, ചൊവ്വാഴ്ച

കൊടിച്ചികൊതുകിന് പറയുവാനുളളത്..........

കൊടിച്ചി കൊതുകിനും
പറയുവാനുണ്ട് ചില
പരിഭവങ്ങള്‍......
നരച്ച് നരച്ചൊടുങ്ങിയ സന്ധ്യയില്‍
തുളച്ചു കേറും പാട്ടു മൂളാതെ
പതുങ്ങി പതുങ്ങി ഞാന്‍
കൊച്ചുപുളളിച്ചിറകുകള്‍
വീശി വന്നപ്പോള്‍......
അടച്ച് പൂട്ടി
പുതച്ച് മൂടി നിങ്ങള്‍
അകത്തിരിക്കയായിരുന്നില്ലേ....?

തനിച്ച് നിങ്ങള്‍ ബാറ്റ് വീശി
എന്നെ എരിച്ചു കളയാന്‍
നോക്കിയില്ലേ.......?
കരിഞ്ഞ ഗന്ധം മണത്ത് മണത്ത്
തികട്ടി നിങ്ങളിരുന്നില്ലേ....?

പുരയ്ക്കു ചുറ്റിലുമെന്നെ
വളര്‍ത്തിയിട്ട്.....
നുരച്ച് കൂത്താടി ഞാന്‍
പശിയടക്കാന്‍......
ചിറകുവെച്ച് പറന്നു വന്നപ്പോള്‍
പുകച്ചു പുകച്ചെന്നെ
പുറത്തു ചാടിക്കാന്‍ നോക്കിയില്ലേ...?

ചരിത്ര സമരത്തിലാണ് ഞങ്ങള്‍
വിശപ്പടക്കാന്‍ കൊഴുത്ത ചോര
വളര്‍ത്തിവിട്ടവര്‍ നിങ്ങള്‍....
നിങ്ങള്‍ നല്കണം.....
പുതച്ചിരുന്നാലും
പുകച്ചിരുന്നാലും
പടയില്‍‌ ഞങ്ങള്‍ ജയിച്ചു കേറും
പന്തയം വേണ്ട....!

കുടിച്ചു പൊട്ടിച്ചെറിഞ്ഞ 
കുപ്പിക്കഴുത്തുകള്‍.....
ചിരട്ട തൊണ്ടുകള്‍.....
ചുരണ്ട തോടുകള്‍.....
മദിച്ചു തിന്നതിന്‍ അഴുക്കു കെട്ടുകള്‍
ഒഴുക്കു നിലച്ച ഓവു ചാലുകള്‍
നശിച്ച ജന്മം ഞങ്ങള്‍.....
ജനിക്കുവാനൊട്ടും 
കൊതിച്ചിരുന്നേയില്ല.....

എന്നിട്ട്........
വളര്‍ത്തി വിട്ടത് നിങ്ങള്‍
നിങ്ങള്‍ മാത്രം.......!

കുറച്ചു മുമ്പെ ഞെളിഞ്ഞു നിങ്ങള്‍
വാ വലിച്ചു കീറി വലിയ
വര്‍ത്തമാനമായിരുന്നല്ലോ...!
എരിച്ചടക്കണം പോല്‍
ഞങ്ങളുടെ കുലമാകെ...
എന്നിട്ടിപ്പോള്‍.......?
കുടിച്ചു മോന്തിയ ചായകപ്പ്
അലക്ഷ്യമായി നിങ്ങളും വലിച്ചെറിഞ്ഞില്ലേ...?
ഞങ്ങള്‍ക്ക് മുളച്ചു പൊന്തുവാനായി

പകുത്തു കിട്ടിയതിന്‍ പങ്കുപറ്റി
ചിറിതുടച്ച് നിങ്ങളും
പോകുകയല്ലേ......?
പനിച്ചടക്കും ഞങ്ങള്‍ നിങ്ങളെ
സഹിക്കയില്ല വിശപ്പതൊട്ടുമേ
ജനിച്ചു പോയാല്‍ 
പിഴച്ചു പോകാന്‍
ഞങ്ങള്‍ക്കുമുണ്ട് നേരവകാശം......!! 

  ( ജാതിമത വര്‍ഗ്ഗ വര്‍ണ്ണ ചിന്താ വ്യതാസമില്ലാതെ ലോകത്തുളള സകലരാലും വെറുക്കപ്പെട്ട ഒരു ജീവി കൊതുകാണന്നാണ് തോന്നുന്നത്. പക്ഷേ.....? എങ്കിലും എന്റെ കൊടിച്ചി കൊതുകേ.... ഞാന്‍ നിനക്കുവേണ്ടിയും പാടുകയാണ്...നിന്റെ പാട്ടു പോലെ...ഒരു കാര്യം മാത്രം ദേഹത്ത് തൊട്ടുളള സ്നേഹം പ്രകടനം ഒന്നും വേണ്ട....)

2013, ജൂൺ 6, വ്യാഴാഴ്‌ച

ചില്ലക്ഷരങ്ങളേ നിങ്ങള്‍ക്കെന്തു പറ്റി.....

സൈബര്‍ ചില്ലയില്‍ പൂവിടും
ചില്ലക്ഷരങ്ങളേ നിങ്ങള്‍ക്കിതെന്തു പറ്റി
ചിലയിടങ്ങളില്‍ ചിലനേരങ്ങളില്‍
നിങ്ങളെ കാണുമ്പോള്‍
ഉള്ളു പിടഞ്ഞു പോകുന്നു
എന്തിത്ര വല്ലായ്ക....?
ഒച്ചുപോല്‍ ചുരുണ്ടൊട്ടി
കിടക്കുകയാണല്ലോനിങ്ങള്‍...
എത്ര നിവര്‍ത്താന്‍ നോക്കിയിട്ടും
പറ്റുന്നതേയില്ലല്ലോ.....?
ഇത്രയലസത പാടുണ്ടോ....?
ലോല പത്രങ്ങള്‍ ചുരുട്ടി ചുരുട്ടി
കാര്‍ന്നു കാര്‍ന്നു തിന്നും പുഴു
നിങ്ങളേയും അക്രമിച്ചു  തുടങ്ങിയോ...?

നിങ്ങളഞ്ചുപേര്‍
ഒരമ്മപെറ്റമക്കള്‍.........
അഞ്ചു പേരും സുന്ദരികള്‍
ഒറ്റക്കൊമ്പു പോല്‍ മുടി
മുകളിലേക്ക് കെട്ടിവെച്ചവര്‍
സമ്മതിച്ചു പക്ഷേ......
അങ്ങ് കൊമ്പത്തെയാണന്ന
വല്ല വിചാരവുമുണ്ടെങ്കില്‍
വേണ്ട...വേണ്ട....

ഇത്ര ഞെളിയുവാനെന്തിരിക്കുന്നു
മുന്നില്‍ നിര്‍ത്തുവാനുളള ആഢ്യത്വം
നിങ്ങള്‍ക്കതൊന്നില്ലല്ലോ....

ഇടയ്ക്കോ,ഒടുക്കമോ നിന്നു
പിഴച്ചോട്ടെ എന്ന് വിചാരിച്ചപ്പോള്‍
വിളച്ചിലെടുക്കുന്നോ.?
വേണ്ട...വേണ്ടാ......!!

2013, ജൂൺ 5, ബുധനാഴ്‌ച

മകനേ ...ഉണരൂ... വേഗം



മകനേ.......ഉണരുണരൂ....
വേഗം ഉണരുണരൂ.....
മഴക്കുളിരില്‍ മുങ്ങിനീ
മടിപിടിച്ചുറങ്ങുകയാണോ..
മധുരമാമേതോ സ്വപ്നത്തിന്‍
പടികയറ്റത്തിലാണ് നീയെന്നാലും
വിളിച്ചുണര്‍ത്താതെ തരമില്ലല്ലോ

മഴ മുകില്‍ മയിലുകള്‍ 
നൃത്തച്ചുവടുമായി
വരുന്നേതിന്റേതാണീയിരുള്‍....
ഇടവപ്പാതി എന്നു പഴമക്കാര്‍
പറയും.....

പുലര്‍കാലമെപ്പഴേ പൊട്ടിവിരിഞ്ഞിട്ടത്
കൊഴിയാറുമായി....
എന്നിട്ടും മകനേ നീയെന്തേ
ഉണരാത്തൂ...ഉണരുണരൂ
വേഗം ഉണരുണരൂ.......

ഇന്നലെ രാത്രി കണ്ണിലുറക്കം തൂങ്ങി
ചെയ്ത് മുഴുമിക്കാത്ത ഹോംവര്‍ക്ക്
ഇന്ന് പുലര്‍ച്ചയെഴുന്നേറ്റ് ചെയ്യാമെന്ന്
നീ സമ്മതിച്ചിരുന്നില്ലേ.......
എന്നിട്ടിപ്പോള്‍...... വഞ്ചന പാടുണ്ടോ..

കുടയുമായച്ഛന്‍ .........
തൊടിയിലേക്കിറങ്ങുകയാണ്
നീ വരുന്നുണ്ടോ കൂടെ...?
ചോറ് പൊതിയുവാനച്ഛനും
നിനക്കും ഇലമുറിക്കണം..

പുതുമണി ചോറടുപ്പില്‍
ചിരി തൂകി വീഴുന്നുണ്ട്....
അമ്മ അടുക്കളയില്‍  എരി പിരി
കൊളളുന്നുണ്ടത് കാര്യമാക്കേണ്ട...

പൊരിമീനിന്‍ മണമുയരുന്നുണ്ട്

പുളിമാങ്ങായച്ചാര്‍
നാവിന്‍ പുതു പുളകങ്ങള്‍
തീര്‍ക്കാനൊരുങ്ങുന്നുണ്ട്....
പുറന്തോടു പൊട്ടിയ മുട്ട
ചട്ടിയില്‍ മഞ്ഞരളി പൂ പോലെ
ചിതറുന്നുണ്ട്.........

മകനേ ഉണരുണരൂ വേഗം...

ഒക്കെ കഴിഞ്ഞിട്ട്.......
വെക്കം റെഡിയാകൂ..
പുതുപുത്തന്‍ മണമുളള യൂണീഫോമുണ്ട് 
മഴവില്ലിന്‍ ചേലുളള കുടയുണ്ട്
ഞൊറിവെച്ച ബാഗുണ്ട്...

ചുടു ദോശ, ചമ്മന്തി
ചുണ്ടാണി വിരല്‍ മുക്കി തിന്നിട്ട്
എരി തീര്‍ക്കാന്‍ ഒരു കവിള്‍
പാലുകുടിച്ചിട്ടേ നീയിറങ്ങാവൂ 

ഇത്തിരിയേ താമസ്സിച്ചുവെന്നാകിലും
സ്കൂള്‍ വണ്ടി ഒട്ടും മയമില്ലാതെ
കടന്നു പോകും........ 
തലകുമ്പിട്ടു പോരുവാന്‍ അച്ഛന് വയ്യ
ചെന്നിട്ടൊത്തിരി പണിയുളളതാണേ..
പുത്തന്‍ പ്രതീക്ഷകള്‍ നീ മാത്രമാണ് 
മകനേ ഉണരുണരൂ വേഗം....