ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

Wednesday, June 5, 2013

മകനേ ...ഉണരൂ... വേഗംമകനേ.......ഉണരുണരൂ....
വേഗം ഉണരുണരൂ.....
മഴക്കുളിരില്‍ മുങ്ങിനീ
മടിപിടിച്ചുറങ്ങുകയാണോ..
മധുരമാമേതോ സ്വപ്നത്തിന്‍
പടികയറ്റത്തിലാണ് നീയെന്നാലും
വിളിച്ചുണര്‍ത്താതെ തരമില്ലല്ലോ

മഴ മുകില്‍ മയിലുകള്‍ 
നൃത്തച്ചുവടുമായി
വരുന്നേതിന്റേതാണീയിരുള്‍....
ഇടവപ്പാതി എന്നു പഴമക്കാര്‍
പറയും.....

പുലര്‍കാലമെപ്പഴേ പൊട്ടിവിരിഞ്ഞിട്ടത്
കൊഴിയാറുമായി....
എന്നിട്ടും മകനേ നീയെന്തേ
ഉണരാത്തൂ...ഉണരുണരൂ
വേഗം ഉണരുണരൂ.......

ഇന്നലെ രാത്രി കണ്ണിലുറക്കം തൂങ്ങി
ചെയ്ത് മുഴുമിക്കാത്ത ഹോംവര്‍ക്ക്
ഇന്ന് പുലര്‍ച്ചയെഴുന്നേറ്റ് ചെയ്യാമെന്ന്
നീ സമ്മതിച്ചിരുന്നില്ലേ.......
എന്നിട്ടിപ്പോള്‍...... വഞ്ചന പാടുണ്ടോ..

കുടയുമായച്ഛന്‍ .........
തൊടിയിലേക്കിറങ്ങുകയാണ്
നീ വരുന്നുണ്ടോ കൂടെ...?
ചോറ് പൊതിയുവാനച്ഛനും
നിനക്കും ഇലമുറിക്കണം..

പുതുമണി ചോറടുപ്പില്‍
ചിരി തൂകി വീഴുന്നുണ്ട്....
അമ്മ അടുക്കളയില്‍  എരി പിരി
കൊളളുന്നുണ്ടത് കാര്യമാക്കേണ്ട...

പൊരിമീനിന്‍ മണമുയരുന്നുണ്ട്

പുളിമാങ്ങായച്ചാര്‍
നാവിന്‍ പുതു പുളകങ്ങള്‍
തീര്‍ക്കാനൊരുങ്ങുന്നുണ്ട്....
പുറന്തോടു പൊട്ടിയ മുട്ട
ചട്ടിയില്‍ മഞ്ഞരളി പൂ പോലെ
ചിതറുന്നുണ്ട്.........

മകനേ ഉണരുണരൂ വേഗം...

ഒക്കെ കഴിഞ്ഞിട്ട്.......
വെക്കം റെഡിയാകൂ..
പുതുപുത്തന്‍ മണമുളള യൂണീഫോമുണ്ട് 
മഴവില്ലിന്‍ ചേലുളള കുടയുണ്ട്
ഞൊറിവെച്ച ബാഗുണ്ട്...

ചുടു ദോശ, ചമ്മന്തി
ചുണ്ടാണി വിരല്‍ മുക്കി തിന്നിട്ട്
എരി തീര്‍ക്കാന്‍ ഒരു കവിള്‍
പാലുകുടിച്ചിട്ടേ നീയിറങ്ങാവൂ 

ഇത്തിരിയേ താമസ്സിച്ചുവെന്നാകിലും
സ്കൂള്‍ വണ്ടി ഒട്ടും മയമില്ലാതെ
കടന്നു പോകും........ 
തലകുമ്പിട്ടു പോരുവാന്‍ അച്ഛന് വയ്യ
ചെന്നിട്ടൊത്തിരി പണിയുളളതാണേ..
പുത്തന്‍ പ്രതീക്ഷകള്‍ നീ മാത്രമാണ് 
മകനേ ഉണരുണരൂ വേഗം....

 

24 comments:

 1. പ്രതീക്ഷയുടെ പുതുനാമ്പുകള്‍ .....
  അറിയാതെ കുട്ടിക്കാലത്തേയ്ക്കോരു മടക്കം....
  ഉണര്‍ത്തുപാട്ട് വളരെ നന്നായിരിയ്ക്കുന്നു....

  ReplyDelete
  Replies
  1. അഭിപ്രായത്തിന് നന്ദി വിനോദ് മാഷ്...

   Delete
 2. ഞാൻ എന്റെ ഹൊംവർക്ക് ഏറ്റുക്കട്ടെ. ചെയ്യ്ത് തീരാത്ത ഹൊംവർക്ക്ക്കൂലുമായി ഞ്ആൻ

  ReplyDelete
  Replies
  1. വളരെ നാളുകള്‍ക്ക് ശേഷം ഈ ബ്ലോഗിലേക്കുളള താങ്കളുടെ വരവിന് പ്രത്യേക നന്ദി പ്രിയ സാദിക്ക് മാഷ്...വീണ്ടും വരുമല്ലോ....

   Delete
 3. വാല്‍സല്യപൂര്‍ണ്ണമായ ഒരു പിതൃമനസ്സ് വരികളില്‍ വായിക്കാനായി.ആശംസകള്‍

  ReplyDelete
  Replies
  1. തീര്‍ച്ചയായും.....നന്ദി മുഹമ്മദ് മാഷ്

   Delete
 4. ഉണരുക മകനേ

  ReplyDelete
  Replies
  1. നന്ദി അജിത് സാര്‍......

   Delete
 5. ഉണര്‍ന്നുണര്‍ന്ന് നീ വേഗ-
  മൊരാല്‍വുക്ഷമാകുക!
  ആശംസകള്‍

  ReplyDelete
  Replies
  1. എല്ലാമക്കളും അങ്ങനെയാകാന്‍ പ്രാര്‍ത്ഥിക്കാം...നന്ദി തങ്കപ്പന്‍ സാര്‍

   Delete
 6. Replies
  1. നന്ദി പ്രദീപ് മാഷ്

   Delete

 7. ഉണരുവിൻ,വേഗമുണരുവിൻ
  സ്വരഗുണമോലും ചെറുമണിക്കിടാങ്ങളേ..

  നല്ല കവിത

  ശുഭാശംസകൾ....

  ReplyDelete
  Replies
  1. അഭിപ്രായത്തിന് നന്ദി പ്രിസ സൌഗന്ധികം

   Delete

 8. മകൻ മാത്രമല്ല, ഉറങ്ങുന്ന എല്ലാ മക്കളും ഉണരട്ടെ


  ReplyDelete
  Replies
  1. നന്ദി മധുസൂതനന്‍ സാര്‍......

   Delete
 9. ആദ്യം നമ്മൾ ഉറക്കണ്ടേ മക്കളെ, നേരത്തെ ഉറക്കിയിട്ട്‌ ആണെങ്കിൽ വിളിച്ചോളൂ.. ഇല്ലെങ്കിൽ ഈ സ്നേഹ വിളിയേക്കാൾ അവര്ക്ക് പ്രിയങ്കരം അവരുടെ ഉറക്കം തന്നെ ആവും. പക്ഷെ ഉറക്കത്തിൽ കിടന്നു വിളിക്കുന്ന അച്ഛനമ്മ മാരുടെ കൂട്ടത്തില ഈ പിതാവിന്റെ വിളി സ്നേഹ വിളി ഏതു ഉറക്കത്തേയും ഉണര്താൻ പോരും. എന്നാലും അടുക്കളക്കിട്ടൊരു കുത്ത് കൊടുത്തോ ആ എന്റെ തോന്നലാവും വേണ്ട അത് കാര്യമാക്കണ്ട കഞ്ഞിയാണ് പാറ്റ വീഴണ്ട ഇനിയും വിളിച്ചുണർത്താൻ ഒരു പാട് മക്കളുണ്ടാവട്ടെ എന്ന് പ്രാർത്ഥിച്ചാൽ അതൊരു അധിക പ്രസംഗം ആവില്ലെങ്കിൽ ആ പ്രാർത്ഥനയോടെ നല്ല ഒരു ഈശ്വര പ്രാര്ത്ഥന പോലെ മനോഹരമായ കവിതയുടെ സുഖം നുകർന്ന് നന്ദി അനു രാജ്

  ReplyDelete
  Replies
  1. ദീര്‍ഘമായ ഈ അഭിപ്രായത്തിന് എന്റെ വിനീതമായ നന്ദി......ബൈജു

   Delete
 10. പുറത്തെ മഴകേട്ട് മൂടി പുതച്ചുറുങ്ങുക,അതിനും വലിയ സുഖം വേറെന്തുണ്ട്‌ ഈ ജൂണില്‍../

  ReplyDelete
  Replies
  1. ആ സുഖം ഒന്നു വേറെ തന്നെ......അഭിപ്രായത്തിന് നന്ദി അനീഷ്

   Delete
 11. മഴക്കാലമല്ലെ ഉണരാൻ മടിയുണ്ടാവും ! കവിത ഇഷ്ടായി.. ഒരു പിതൃമനസ്സിന്റെ വാൽസല്യം തെളിഞ്ഞുകാണാം.. ആശംസകൾ :)

  ReplyDelete
  Replies
  1. ആ വാത്സല്യം വായനക്കാര്‍ക്ക് പകര്‍ന്നു കിട്ടിയിട്ടുണ്ടെങ്കില്‍ ഈ കവിത ധന്യമായി...നന്ദി വിഷ്ണു വീണ്ടും വരിക

   Delete
 12. കവിതയെഴുത്തിൽ ഇരുള്നിലാവ് തന്റേതായ ശൈലി ഉണ്ടാക്കിയിരിക്കുന്നു. പുതിയ ശൈലികളും സ്വീകരിക്കുന്നത് നന്നായിരിക്കും.

  ReplyDelete
  Replies
  1. ഈ അഭിപ്രായം ഈ ബ്ലോഗിനുകിട്ടിയ ഏറ്റവും വലിയ അംഗീകാരമാണ്. ഓരോരുത്തരും എഴുതുന്നത് അവര്‍ ആര്‍ജ്ജിച്ചിട്ടുളള ഭാഷാപരവും, സാഹിത്യപരവുമായ സംസ്കാരത്തില്‍ നിന്നാണ്. വളരെ വര്‍ഷങ്ങള്‍കൊണ്ടാണ് അത് രൂപപ്പെട്ടുവരുന്നത്....അതുകൊണ്ട് പുതിയ ശൈലി സ്വികരിക്കുക എന്നാല്‍ പുതിയ സംസ്കാരം സ്വികരിക്കുക എന്നതാണ്. അത് എളുപ്പമാവില്ല...അതിനുളള ആത്മവിശ്വാസവും ഇല്ല.ഈ ബ്ലോഗിനു നല്കിവരുന്ന പിന്തുണയ്ക്ക് നന്ദി ഭാനു

   Delete