ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

Monday, March 3, 2014

പുഷ്പ ഫലത്തോട്ടത്തില്‍ നിന്നും ഒരച്ഛന്‍.....
കൊച്ചുമോളിന്നലെ പ്രായമറിയിച്ചൂ
ഒട്ടും പ്രതീക്ഷിച്ചിരുന്നതേയില്ല....
എട്ടു വയസ്സു തികഞ്ഞിട്ടില്ലവൾക്ക്
വൃശ്ചികമാസത്തിലെ
തൃക്കാര്‍ത്തികയിലേതാണവള്‍
എപ്പോഴും നിറദീപം പോല്‍
തെളിഞ്ഞ മുഖം...

കൊച്ചു ബാല്യത്തിന്‍ കൌതുകം
മാറാത്ത കണ്‍കളുമായി
ചിത്ര ശലഭത്തെപ്പോലെ പാറി
നടന്നതാണവള്‍ ഇന്നലെ വരേയും

ഒട്ടും പ്രതീക്ഷിച്ചിരുന്നതേയില്ല.....!!

മുറ്റത്ത് ചിട്ടയായി നട്ടുവളര്‍ത്തിയ
ചെടികള്‍ക്ക്
വെള്ളമിറ്റിച്ചുകൊണ്ടെന്തോ
കുശലം പറഞ്ഞു നില്ക്കുക
യായിരുന്നച്ഛന്‍

തെച്ചീ മന്ദാരം ചേമന്തിയും....
കുറ്റിമുല്ലയും,നന്ത്യാര്‍ വട്ടവും
നിറമേഴുവര്‍ണ്ണങ്ങളിലും
പുഷ്പിച്ചുല്ലസിച്ചു നില്ക്കും
റോസാചെടികളും.....
ഇടയില്‍ വര്‍ണ്ണച്ചട്ടികളിലായി
പണ്ടെത്തയാ പരിഷ്കാരികള്‍
ഡാലിയ സീനിയ........
പൊട്ടിത്തെറിക്കുവാന്‍ പാകത്തില്‍
നില്ക്കുന്നലാവണ്യവുമായി
പുത്തന്‍ കൂറ്റുകാര്‍
ഓര്‍ക്കിഡുമാന്തൂറിയത്തിന്‍
വംശാവലിയില്‍ തളിര്‍ത്തവര്‍
പിന്നെയും പേരന്തെന്ന്
അച്ഛനു മാത്രം നിശ്ചയ
മുള്ള ഒത്തിരി ചെടികള്‍...
ഒക്കെയുംസുന്ദരികള്‍
പെണ്‍പേരുകളിലല്ലാതെ
ചൊല്ലിവിളിക്കാന്‍ കഴിയുമോ
എത്ര കഠിന വിദ്വേഷിക്കും...?

ഒട്ടിച്ചുചേര്‍ത്ത കൊച്ചു
ചെടിക്കമ്പുകളില്‍
പുത്തന്‍ മുകുളങ്ങള്‍
പൊട്ടിവിരിയുന്നത് കണ്ട്
കൊച്ചുകുട്ടിയെപ്പോലെ
ഉള്‍പ്പുളകം കൊണ്ടച്ഛന്‍
ഏറെ നേരം നിന്നു...
പണ്ടെന്നോ ഏറെ കൊതിച്ചു
കൊണ്ടു വെച്ച
രക്തപുഷ്പങ്ങള്‍ വിടരുന്നേതോ
ചെടി മാത്രം പുഷ്പിക്കാത്തതിനെ
കുറ്റംപറഞ്ഞുപറഞ്ഞുമടുത്തച്ഛനന്ന്
ആച്ചെടിയെ പച്ചിലവളക്കൂട്ടത്തിലേക്ക്
പിഴുതെറിഞ്ഞു.....
അല്പമതിന്‍ ഗര്‍വ്വോടെ വന്നു 
ഒട്ടുമാവിന്‍ ചോട്ടില്‍ നിന്ന് 
കൊച്ചുകണ്ണാടി നോക്കി
കട്ടിമീശയ്ക്കിടയില്‍ കളച്ചെടികള്‍
പോല്‍ ഒളിച്ചിരുന്ന വെള്ളിരോമങ്ങള്‍
സൂക്ഷ്മമായി കത്രിച്ചെറിയവേ 
ഒട്ടിവലിഞ്ഞോരു ചോദ്യചിഹ്നമായി
അല്പം പരിഭ്രമത്തോടെ
മുന്നില്‍ വന്നു നില്ക്കുന്നു ഭാര്യ 

കൊച്ചുമോള്‍ക്ക്........?

ഒട്ടും സഹിക്കുവാന്‍ കഴിയുന്നില്ല
വേദന....
ഒച്ചവെച്ചു നിവിളിക്കുന്നവള്‍
സ്തബ്ധനായി നിന്നു പോയച്ഛന്‍
ചുട്ടുനീറും വേദന നെഞ്ചില്‍
പടരുന്നു.....
ഒട്ടും വിശ്വസിക്കുവാന്‍  വയ്യ
കൊച്ചുകുഞ്ഞായി എടുത്തുകൊണ്ട്
നടന്നതാണവളെ അല്പനാള്‍
മുമ്പുവരേയും.....

എത്ര ഞാനിതൊക്കെ പണ്ടേ
കണ്ടെതാണെന്ന ഭാവം വേണ്ട
പൊട്ടിയെപ്പോലിങ്ങനെ നിന്നാല്‍
മതിയോ....?
പെട്ടന്നകത്തേക്കു ചെന്നവളെ
ആശ്വസിപ്പിക്കുവാന്‍  നോക്ക്
കൃത്യമായി കാര്യങ്ങള്‍
പറഞ്ഞ് ധരിപ്പിക്കണം....
അര്‍ത്ഥശങ്കക്കിടയില്ലാത്തവണ്ണം
കൊച്ചു കുഞ്ഞാണവള്‍....
എത്രയടുപ്പമുണ്ടെങ്കിലും
അച്ഛനതുകഴിയില്ല.......

പെട്ടന്ന് ഞാനമ്മയെ വിളിക്കാം
അല്പം പിണക്കത്തിലാണെങ്കിലും
കേള്‍ക്കുമ്പോള്‍ ജീവനില്‍
പാതി പറന്നിങ്ങെത്തും നിശ്ചയം....
ഉള്ളിലെയുഷ്ണം തണുപ്പിക്കും
പച്ചമരുന്നു കൂട്ടുകളുമായി..
അത്രയും നേരംവരെ
ചുറ്റിത്തിരിയാനായി 
ഈ ചുറ്റുവട്ടം വിട്ടു നീയെങ്ങോട്ടും
പോകരുത് ......
കല്പനയാണിതെന്‍ ഉഗ്രമാം കല്പന
എപ്പോഴും പറയുന്നത് പോലല്ല...


അന്നാ സന്ധ്യയിലേറെക്കുഴഞ്ഞു
വിങ്ങല്‍ മാറാത്ത ഹൃദയവുമായി
അച്ഛല്‍  വന്നുകയറുമ്പോള്‍
വൃദ്ധമാതാവിരിപ്പുണ്ട്
ഉമ്മറത്തിണ്ണയില്‍.....
ശുഷ്കിച്ചുണങ്ങിയ കൈവരിലുകള്‍
കൊണ്ട് കൊത്തിയരിയുന്നുണ്ട്
ഏതോ പച്ചമരുന്ന് കൂട്ടങ്ങള്‍....
അമ്മയെപ്പെഴാണ് വന്നതെന്ന്
 ചോദിച്ചിട്ടു മൊന്നുമുരിയാടുന്നതേയില്ല


വന്നുകയറുമ്പഴേയെന്നും
കൈയിലെ പൊതിനോക്കിവന്ന്
വട്ടം പിടിച്ച് ചുറ്റാറുളള
പൊന്നുമകളേയും കണ്ടില്ല....
ഉള്ളിലേതോ കോണിലവളുടെ
നിഴലനക്കം മാത്രം കണ്ടു...

അന്യതാബോധത്തോടെ
മുറിയില്‍  കയറി ജനല്‍
തുറന്നിട്ടപ്പോള്‍  കണ്ടു
അനാഥമാം ആ ചെടിച്ചട്ടി
രാവിലേ പിഴുതെറിഞ്ഞതിന്‍
ബാക്കി പത്രങ്ങള്‍
വാടിക്കരിഞ്ഞു കിടക്കുന്നു....
അജ്ഞാതമാമേതോ
കുറ്റബോധത്തിന്റെ
മുള്‍പ്പടര്‍പ്പന്‍  ചെടികള്‍
ഉള്ളില്‍  പടര്‍ന്നുകയറി
പെട്ടന്ന് പൂവിടുന്നൂ....!!

48 comments:

 1. ഒരു നടുക്കത്തോടെയാണ് ഈ നീണ്ട മൊഴിയാട്ടം വായിച്ചു തീർത്തത്
  അനിവാര്യമായ പ്രകൃതിനിയമങ്ങൾ - എന്നിട്ടും ഈ വരികൾ എവിടെയൊക്കെയോ കൊള്ളുന്നു - ഓരോ പിതാവിനേയും അസ്വസ്ഥമാക്കുന്നു .......

  ReplyDelete
  Replies
  1. നല്ല വാക്കുകള്‍ക്ക് ഒരിക്കല്‍ കൂടി നന്നി പറയട്ടെ പ്രദീപ് മാഷ്...ഈ അഭിശപ്ത നിമിഷത്തില്‍ അച്ഛനുണ്ടായ ഹൃദയവികാരത്തിന്റെ തരിമ്പെങ്കിലും പ്രതിഫലിപ്പിക്കാന്‍ കഴിഞ്ഞുട്ടുണ്ടെങ്കില്‍ ഞാന്‍ ധന്യനായി....

   Delete
 2. (അ)കാലത്തിന്‍റെ വേദനകള്‍ എന്നായിരുന്നു തലക്കെട്ട്‌ വേണ്ടിയിരുന്നത്. നന്നായിരിക്കുന്നു.

  ReplyDelete
  Replies
  1. ഈ കവിതയുടെ രചനാവേളയില്‍ കവിയെ ഏറെ ധര്‍മ്മസങ്കടത്തിലാക്കിയത് കവിതയുടെ പേരിടുന്നകാര്യമാണ്...സാധാരണഗതിയില്‍ ഒരു തലക്കെട്ടില്‍ നിന്നാണ് മിക്കപ്പോഴും കവിത പിറക്കുന്നത്...അല്ലെങ്കില്‍ രചനാഘട്ടത്തിലെപ്പോഴെങ്കിലും ആ പേര് കവിയെ തേടിയെത്തിയിരിക്കും...ഋതുസംക്രമണമെന്നോ, കൊച്ചുമോളുടെ അച്ഛന്‍ എന്നെക്കെയോ പേരിടാനാണ് ഞാന്‍ ഉദ്ദേശിച്ചിരുന്നത്.ഒരുപാട് ആലോചനയ്ക്ക് ശേഷം വലിയ തൃപ്തിയൊന്നുമില്ലാതെ ഈ പേരു തെരെഞ്ഞെടുക്കുകയായിരുന്നു. ഈ തലക്കെട്ടിലെ തൃപ്തിക്കുറവുപോലെ തന്നെ താങ്കള്‍ നിര്‍ദ്ദേശിച്ച പേരിലും അധികം കൌതുകം തോന്നുന്നില്ല എന്നറിയിക്കട്ടെ...ആദ്യമായുളള വരവിനും അഭിപ്രായത്തിനും നന്ദി അറിയിക്കട്ടെ...

   Delete
 3. അമ്മ വരും ,എത്ര പിണങ്ങിയിരിപ്പാനെങ്കിലും

  ReplyDelete
  Replies
  1. അമ്മയ്ക്ക് മകനെ മറക്കാന്‍ കഴിയില്ലല്ലോ...നന്ദി ഷറഫ് അഭിപ്രായത്തിന്

   Delete
 4. പ്രദീപ് മാഷ് പറഞ്ഞതുപോലെ

  ReplyDelete
  Replies
  1. അച്ഛന്റെ ഹൃദയ വേദന വായനക്കാരുമായി സംവദിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ഈ വരികള്‍ ധന്യമായി പ്രിയ കാത്തി

   Delete
 5. നന്നായിട്ടുണ്ട്

  ReplyDelete
  Replies
  1. നല്ല വാക്കിന് നന്ദി അജിത്‌ സാര്‍

   Delete
 6. മനസ്സൊന്നു നടുങ്ങി, എട്ടാം വയസ്സില്‍...
  പക്ഷേ അതൊക്കെ സംഭവിക്കുന്നു. ചുമലില്‍ എടുത്തു നടന്ന മകള്‍ അച്ഛന് പൊടുന്നനെ ഒരന്യസ്ത്രീയാവുന്ന അനുഭവം... നന്നായി കുറിച്ചിട്ടുണ്ട്. പക്ഷേ ഇടയിലുള്ള പൂക്കളെപ്പറ്റി പറയുന്ന ഭാഗം അല്പം നീണ്ടുപോയതുപോലെ. അത് വിഷയത്തില്‍ നിന്ന് വല്ലാതെ മാറ്റി കൊണ്ടുപോകുന്നു എന്ന് തോന്നി.

  ReplyDelete
  Replies
  1. എഴുതി വന്നപ്പോള്‍ വളരെ ദീര്ഘമായിപ്പോയി ....വളരെയധികം ഭാഗങ്ങള്‍ എഡിറ്റ്‌ ചെയ്തു കളഞ്ഞിട്ടാണ് പബ്ലിഷ് ചെയ്തത് ...പൂക്കളെ കുറിച്ചുള്ള വര്‍ണ്ണന കൂടിപ്പോയോ എന്നെനിക്കും സംശയമുണ്ടായിരുന്നു .....വേണമെങ്കില്‍ പൂക്കളെ കുറിച്ച് പറയാതെയും എഴുതാം .....വായിക്കുന്നവര്‍ക്ക് ഇഷ്ടപ്പെടുകയും ചെയ്തേക്കാം ......പക്ഷേ കവിയുടെ അത്മാനുഭൂതി അത് നഷ്ടപ്പെടും ...നല്ല അഭിപ്രായത്തിന് നന്ദി സോണി .....

   Delete
 7. വന്നുകയറുമ്പഴേയെന്നും
  കൈയിലെ പൊതിനോക്കിവന്ന്
  വട്ടം പിടിച്ച് ചുറ്റാറുളള
  പൊന്നുമകളേയും കണ്ടില്ല....
  ഉള്ളിലേതോ കോണിലവളുടെ
  നിഴലനക്കം മാത്രം കണ്ടു...

  ReplyDelete
  Replies
  1. നന്ദി ഡോക്ടര്‍ ....

   Delete
 8. ആഴത്തില്‍ പതിയുന്ന വരികള്‍

  ReplyDelete
  Replies
  1. അച്ഛന്റെ വേദനയുടെ ആഴം അളക്കപ്പെട്ടു എന്നറിയുന്നതില്‍ സന്തോഷം ജൈലാഫ്

   Delete
 9. വന്നുകയറുമ്പഴേയെന്നും
  കൈയിലെ പൊതിനോക്കിവന്ന്
  വട്ടം പിടിച്ച് ചുറ്റാറുളള
  പൊന്നുമകളേയും കണ്ടില്ല....
  ഉള്ളിലേതോ കോണിലവളുടെ
  നിഴലനക്കം മാത്രം കണ്ടു...
  .............എവിടെയോ ഒന്ന് പോറി...
  നല്ല അവതരണം. നന്ദി.

  ReplyDelete
  Replies
  1. ആദ്യമായി ഈ ബ്ലോഗ്ഗില്‍ അഭിപ്രായം രേഖപ്പെടുത്താനെത്തിയതിന് നന്ദി പ്രിയ സൈദ്‌ ഹസ്സന്‍ ...വീണ്ടും സ്വാഗതം ...

   Delete
 10. വല്ലാതെ നീറ്റി ഈ വരികള്‍....

  ReplyDelete