ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

Friday, March 14, 2014

അരയ്ക്കുവാനുളള തേങ്ങ.......!!തെങ്ങുകയറുവാനിന്നു
വരുന്നുണ്ട് മൂപ്പര്...
തിണ്ണ നിരങ്ങി നിരങ്ങി
നടന്നിട്ടൊടുവിലൊന്ന്
സമ്മതിപ്പിച്ചെടുത്തതാണ്
ഇന്ന് രാവിലെ വെയിലുറയ്ക്കും
മുമ്പേ ഇങ്ങെത്താമെന്ന്
കാവിലമ്മയെ ആണയിട്ടു
ചൊന്നതാണ്..പിന്നെന്തു വേണം..

എങ്കിലുമുളളിലിരിപ്പുറയ്ക്കാതെ
ഞാന്‍ മുറ്റത്തുതന്നെയുണ്ട്
എണ്ണക്കറുപ്പിന്‍ മിനുപ്പുളളൊരാ ദേഹം
ദൂരെയെങ്ങാനും തെളിയുന്നുണ്ടോ...?
ഒറ്റമുറിത്തോര്‍ത്തുമുണ്ടില്‍‍
ഞാത്തിയിട്ടൊരാ വെട്ടുകത്താളിന്‍റെ
തിളക്കം കാണുന്നുണ്ടോ.....?

എണ്ണക്കുരു നാളീകേരമെണ്ണി കൊടുത്തിട്ട്
പണമെണ്ണിവാങ്ങുവാനല്ല....
അരയ്ക്കുവാനുളള തേങ്ങയെന്നേ തീര്‍‍ന്നിട്ടു
മനങ്ങാപ്പാറപോലെയിരിക്കയായിരുന്നു ഞാന്‍

അടുക്കളയില്‍ നിന്നുമിടയ്ക്കിടെ
ഉയരുന്നുണ്ട്
അമര്‍ഷത്തിന്‍റെ പുകച്ചുരുള്‍
തിളച്ചുചാടുന്നുണ്ട് അടുപ്പത്തിരിക്കും
കലത്തിലെ അരിമണിച്ചോറുപോലെ
വെന്തവാക്കുകള്‍.....
പൊരിച്ചെടുക്കുവാനായി
എന്നെവിളിക്കുന്നുമുണ്ട്

വലിച്ചു വാരി തിന്നിട്ട്
പുളിച്ചൊരേമ്പക്കവും
തികട്ടിയങ്ങു നടന്നാല്‍ മതിയോ
അരച്ചു ചേര്‍ക്കുവാന്‍ തേങ്ങ വേണ്ടേ.....
തടിച്ചു തൂങ്ങുന്നുണ്ട്......
കൊളസ്ട്രോളിന്‍റെ കാര്യം പറഞ്ഞു
ഞാന്‍ വിരട്ടുവാന്‍ നോക്കുന്നു
എറിച്ചതേയില്ലത് അതിര്‍ത്തി
കടന്നു പോയി.....................
മരിച്ചു പോകും മനുഷ്യരത്രെ
അതുവരേയും രുചിച്ചു തിന്നണമത്രെ

അകത്തളത്തില്‍ അമ്മയും മക്കളും
ചേര്‍ന്നെനിക്കെതിരെ
കൂട്ടുന്നുണ്ട് പടപ്പുറപ്പാട്
നിത്യം മുളകരച്ചെരിച്ച് കൂട്ടിയിട്ട്
നാവിന്‍ തൊലി പൊളിഞ്ഞത്രെ...

വിളിച്ചു നോക്കിയില്ലേ മൂപ്പരേ
ഇതുവരേയും...............
പഠിച്ച കള്ളനാണ് നിങ്ങളും......!

കടുത്ത കോപം വരുന്നുണ്ടെനിക്ക്
തെറിച്ച വാക്കുകള്‍ നാവിന്‍
തുമ്പില്‍ വന്നു തരിക്കുന്നു
പിടിച്ചു വെച്ചിരിക്കുന്നുവോ
മൂപ്പരേ ഞാനെന്‍റെ മടിശ്ശീലയില്‍..?
വിളിക്കുവാനല്ലേ കഴിയൂ..

ഇന്നിനി വരുന്ന ലക്ഷണമൊന്നുമില്ല
വാക്കിനെന്തു വില…….കഷ്ടം
പിഴച്ചു പോകേണ്ടേ
മുഴച്ചതാണെങ്കിലും ഏച്ചുകെട്ടിയ
തോട്ടി നീട്ടി ഞാന്‍
പറമ്പു ചുറ്റുന്നു....
കാറ്റു വീഴ്ച വീണേതോ
തെങ്ങിന്‍ തലപ്പുകള്‍
പ്രേതാത്മാക്കളെപ്പോലെ നില്ക്കുന്നു
മണ്ഡരികയറി  കുത്തികുറുക്കിയ
ചങ്കുമായി തൂങ്ങിക്കിടക്കുന്നു
കല്പവൃക്ഷത്തിന്‌‍‍‍‍റെ സ്വപ്ന ഫലങ്ങള്‍
കൊമ്പന്‍ ചെല്ലി തുരന്ന് തുന്ന്
മണ്ട പോയവ പിന്നെയും..
ഒറ്റയൊഴിക്ക് ഒരു തെങ്ങില്‍‌ നിന്ന്
പണ്ട് കാര്‍ന്നോന്മാര്‍ വെട്ടിയിട്ടിട്ടുണ്ട്
നൂറിലുമേറെ തേങ്ങകള്‍...
ഇപ്പോഴുമോര്‍മ്മയില്‍
ഞെട്ടറ്റു വന്നുവീണത്
നാലുപാടുമുച്ചത്തില്‍
ചിന്നിച്ചിതറുന്നു...

പറഞ്ഞിട്ടെന്തുകഥ...പഴം പുരാണം
അരയ്ക്കുവാന്‍ തേങ്ങവേണം
അല്ലെങ്കില്‍ അരച്ചെടുക്കുമവരെന്നെ
പാതി ജീവനോടെ

ഒടുവില്‍ കണ്ടു പിടിച്ചല്ലോ ഞാനൊരെണ്ണം
കൊങ്കിയിരുമ്പ് കെട്ടിമുറുക്കി
ഞാന്‍ തോട്ടിയുയര്‍ത്തുന്നു
എന്തൊരു കഷ്ടം കഷ്ടിച്ചെത്തുന്നതേയുളളൂ
ഇന്തെളിച്ചിന്തളിച്ച് ഒരുപാടുനേരം
ഹാവൂ...എന്തൊരാശ്വാസം
കൊങ്കികുടുക്കി ഞാന്‍വലിച്ചിടുന്നൊരാ
മുഴുത്ത നാളീകേരം...
കഴുത്തു പോയെന്നാലും സാരമില്ല
ജയിച്ചില്ലേ തലയുയര്‍ത്തിപ്പിടിക്കാം
ഓടിച്ചെന്നെടുത്ത് കുലുക്കി നോക്കുന്നു
കനത്ത ഭാരമെങ്കിലും അനക്കമില്ല
വെറും കരിക്കാണത്.....!
കരച്ചില്‍ വരുന്നുണ്ടെനിക്ക്...!!

( എഴുതി വന്നപ്പോള്‍ കൊന്നത്തെങ്ങു പോലെ നീളം..... അലേ്ല...? )

28 comments:

 1. ഒറ്റയൊഴിക്ക് ഒരു തെങ്ങില്‍‌ നിന്ന്
  പണ്ട് കാര്‍ന്നോന്മാര്‍ വെട്ടിയിട്ടിട്ടുണ്ട്
  നൂറിലുമേറെ തേങ്ങകള്‍........
  ശ്രദ്ധവേണം.എങ്കില്‍ നൂറുമേനി വിളയും...
  എല്ലാറ്റിലും.......
  അല്ലെങ്കില്‍ അബദ്ധത്തില്‍ ചെന്നുചാടും.....
  ആശംസകള്‍..

  ഇപ്പോഴുമോര്‍മ്മയില്‍.....

  ReplyDelete
  Replies
  1. ചെയ്യുന്ന ജോലിയോട് ഒരു ആത്മാര്‍ത്ഥത വേണം എന്നു തന്നെയാണ് എന്‍റെയും അഭിപ്രായം ....നന്ദി തങ്കപ്പന്‍ സര്‍ ...

   Delete
 2. കൊന്നത്തെങ്ങളോം നീളമുണ്ടെങ്കിലുമെന്ത്
  ഇത് എന്റെയും ജീവിതമാണല്ലോ.......

  ReplyDelete
  Replies
  1. ഈ കാത്തിരിപ്പ് മറ്റുള്ളവരുടേയും ജീവിതത്തിന്‍റെ ഭാഗമാണെന്നറിയുമ്പോള്‍ ഒരു ചെറിയ ആശ്വാസം...നന്ദി പ്രദീപ്‌ മാഷ് അഭിപ്രായം രേഖപ്പെടുത്തിയതിന്

   Delete
 3. പഴയ ആരോഗ്യമുണ്ടായിരുന്നെങ്കില്‍ തെങ്ങില്‍ കയറാമായിരുന്നു

  ReplyDelete
  Replies
  1. തെങ്ങില്‍ കയറുന്നതിന് അങ്ങനെ വലിയ ആരോഗ്യമൊന്നും വേണ്ട അജിത്ത് മാഷേ ......വേണ്ടത് അല്പം ചങ്കുറപ്പാണ്

   Delete
 4. നന്നായിരിയ്ക്കുന്നു അനുരാജ്. വായിയ്ക്കാന്‍ വൈകി. ആശംസകള്‍......

  ReplyDelete
  Replies
  1. വായനക്ക് നന്ദി വിനോദ് മാഷേ .....

   Delete
 5. നന്നായിട്ടുണ്ട്

  ReplyDelete
  Replies
  1. നല്ലവാക്കുകള്‍ക്ക് നന്ദി ഷറഫുദീന്‍

   Delete
 6. ഹ...ഹ....ഹ... കഴിഞ്ഞ രണ്ട് മാസമായി ഞങ്ങളുടെ വീട്ടിൽ തേങ്ങയിടുന്ന ചേട്ടന്റെ പിറകേ നടക്കുകയാ അച്ഛനും,എന്റെ ചേട്ടനും,ഞാനും. നാളെ വരാമെന്ന് എപ്പോഴും പറയും. പക്ഷേ വരില്ല.കക്ഷിക്കിപ്പൊ റിയൽ എസ്റ്റേറ്റിന്റെ ബിസ്സിനസ്സാ. വലിയ ആയാസമില്ല. ചുമ്മാ മൊബൈലിൽ ചാറ്റിയാ മതി. ഒത്താ കൈ നിറയെ കാശിങ്ങു പോരും.

  നാളീകേരത്തിന്റെ നാട്ടിൽ നാഴിയിടങ്ങഴി മണ്ണുണ്ടേൽ, ആളുകളിപ്പൊ നാളീകേരം പാകില്ല, റിയൽ എസ്റ്റേറ്റ് ബിസ്സിനസ്സ് ചെയ്യും !! ഹി..ഹി..

  സാഹചര്യങ്ങളെ കവിതയാക്കി മാറ്റുന്ന അനുരാജിന്റെ കഴിവിനെ ഹൃദയം നിറഞ്ഞ് അഭിനന്ദിക്കുന്നു.


  ശുഭാശംസകൾ.....

  ReplyDelete
  Replies
  1. അവിടുത്തെപ്പോലെ ഇവിടേയും ....നന്ദി സൗഗന്ധികം വിശദമായ ഈ അഭിപ്രായകുറിപ്പിന്

   Delete
 7. മനോഹരം അനുരാജ് ഞങ്ങൾ ആസ്വദിച്ചു ഈ ഇളനീർ

  ReplyDelete
  Replies
  1. സന്തോഷം ...ബൈജു ...

   Delete
 8. ഇന്ന് രാവിലെ വെയിലുറയ്ക്കും
  മുമ്പേ ഇങ്ങെത്താമെന്ന്
  കാവിലമ്മയെ ആണയിട്ടു
  ചൊന്നതാണ്..പിന്നെന്തു വേണം... ennittum.... :)

  ReplyDelete
  Replies
  1. വാക്കിനൊക്കെ പുല്ലുവില ഡോക്ടര്‍ ...

   Delete
 9. വർത്തമാനത്തേങ്ങാ !! രസം മുറിഞ്ഞില്ലൊട്ടും !!!

  ReplyDelete
  Replies
  1. നന്ദി ശശികുമാര്‍ ....അഭിപ്രായം രേഖപ്പെടുത്തിയതിന്

   Delete
 10. Replies
  1. അഭിപ്രായത്തിന് നന്ദി മുഹമ്മദ് സാബ്‌ ...

   Delete
 11. പറഞ്ഞിട്ടെന്തുകഥ.മൂപ്പരേ..പഴയ കക്ഷി അ ല്ല..........

  ReplyDelete
  Replies
  1. അല്ലേ ..അല്ല ...മൂപ്പരിപ്പോള്‍ ഒരു ഒന്ന് ഒന്നര ഒന്നേമുക്കാല്‍ കഷിയാണ് ....

   Delete
 12. കേര ളം -അര്‍ഥം ഇല്ലാത്ത പേരല്ലേ :( തേങ്ങ അരച്ച ചെമ്മീന്‍ ചമ്മന്തി കൂട്ടാന്‍ മോഹം

  ReplyDelete
 13. ഈ കൊതിക്ക് നന്ദി അനീഷ്‌ .....

  ReplyDelete
 14. കഷ്ടപ്പെട്ട് തോട്ടിയുമായി തെങ്ങിൻ മണ്ട ലക്ഷ്യമാക്കി മാനം നോക്കി (അത് വിചാരിക്കുന്നത് പോലെ എളുപ്പമല്ല... കഴുത്തിന് പണി കിട്ടും) നടന്നതിന്റെ ക്ഷീണം മാറാൻ ഒരു കരിക്ക് കിട്ടിയല്ലോ... അത്രയും ആശ്വാസം... അടുക്കളക്കാരി നിർത്തിപ്പൊരിക്കുന്നതിന് മുമ്പ് അൽപ്പം ആശ്വാസം... :)

  ReplyDelete
 15. അനുഭവം ഗുരോ .........

  ReplyDelete
 16. ഇളനീരിന്റെ രുചിയുണ്ടിതിൽ ... കാലത്തിന്റെ കാലുഷ്യച്ചുവയുള്ള ഇളനീരിന്റെ രുചി... ആസ്വദിച്ചു.

  ReplyDelete
  Replies
  1. Thanks Ambili for your first comment to this blogg...

   Delete