ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

Friday, September 6, 2013

ബലി സ്മൃതികളിലില്ലാത്ത ചിലര്‍......

കര്‍ക്കിടക വാവിന്
ബലിതര്‍പ്പണം കഴിഞ്ഞു ഞാന്‍
മടങ്ങാനൊരുങ്ങവേ......
എങ്ങു നിന്നോ  കുഞ്ഞിത്തിരയൊരെണ്ണം
തുളളിച്ചാടി കിതച്ചുവന്നെന്റെ
കൈയില്‍ മുറുകെപ്പിടിച്ചുകൊണ്ട്
ചോദിച്ചു.....
എന്നെയറിയില്ലേ....എന്നെയറിയില്ലേ..?

ഉളളുപൊളളിപ്പോയതിന്റെ
തണുത്തകൈവരിലുകളെന്‍
നെഞ്ചില്‍ സ്പര്‍ശിച്ചപ്പോള്‍
അന്യതാബോധത്തോടാ
ത്തിരത്തളളലില്‍നിന്നു ഞാനുലഞ്ഞു..
എള്ളും പൂവും ദര്‍ഭപുല്ലിഴകളും
മന്വന്തരങ്ങളിലൂടെന്നവണ്ണം
എനിക്കു ചുറ്റിലുമൊഴുകി നടന്നു....

ഇല്ല കുഞ്ഞേ നിനക്കാളുമാറിപ്പോയി
എന്നു പറഞ്ഞുകൊണ്ടാ കൈകള്‍
വിടര്‍ത്തി ഞാന്‍ മുന്നോട്ട് നടക്കവേ....
വീണ്ടുമാത്തിര വന്നെന്നെ
ചുറ്റിപ്പിടിക്കുന്നു..!

ഇല്ലാളുമാറിയിട്ടില്ല....
എങ്ങനെമാറുമെന്നച്ഛനെ.....
ആ രക്തബിന്ദുബിന്ദുവില്‍ നിന്നുയിര്‍‌
കൊണ്ടതാണല്ലോ ഞാനും.....
എന്തിത്ര ധൃതി.....?
പെട്ടന്ന് വന്നിട്ടങ്ങ് പോകുവാന്‍
ആണ്ടിലൊരിക്കല്‍ മാത്രമല്ലേ....?

ദൂരെയാ പഞ്ചസാര പൂഴിമണ്‍തിട്ടപ്പുറത്തിരുന്ന്
ഇങ്ങോട്ട് നോക്കി എന്തോ കളി പറഞ്ഞ്
ചിരിക്കുന്നുണ്ടല്ലോ കുഞ്ഞുജ്യേഷ്ഠനുമായെന്നമ്മ..

ഒന്നിങ്ങു പോയി വിളിച്ചു കൊണ്ടുവരാമോ..?
മുങ്ങാം കുഴിയിട്ടു കളിക്കാമല്പ നേരം
ഞാനും നിങ്ങളുടെ പുന്നാരമകനായി
ജനിക്കേണ്ടിയിരുന്നതാണല്ലോ..?

നിങ്ങള്‍ക്കിടയില്‍ ഒട്ടും പ്രതീക്ഷിക്കാതെ
ശല്യമായിവന്നുകയറുമെന്നായപ്പോള്‍
അന്നാശുപത്രിയില്‍ വെച്ചെന്നെ
രഹസ്യമായി കൊന്നറിഞ്ഞതാണ്.....
ഓര്‍മ്മയില്ലേയൊട്ടും...!
എന്നിട്ട് കര്‍മ്മങ്ങളൊന്നുമേ ചെയ്തില്ലല്ലോ....?
എന്നെപ്പോലങ്ങനെ
ആഴക്കടലിലൊരുപാടു പേരുണ്ട്........
പേരും രൂപവുമില്ലാത്തവര്‍....!
ബലിസ്മൃതികളില്‍പ്പോലുമില്ലാത്തവര്‍
ഇല്ല ഞങ്ങള്‍ക്കതില്‍ പരിഭവമൊട്ടും
ദുരിത ദുര്‍മേഘങ്ങള്‍ നിറഞ്ഞൊരീ
കപട ലോകത്ത് ജനിക്കാഞ്ഞതേ
എന്തോ .....മഹാഭാഗ്യം...!

28 comments:

 1. ഇങ്ങനെയൊരു ബലിദര്‍പ്പണം,ഈ ചിന്തയില്‍ ചേര്‍ന്ന ആശയം. എല്ലാം ചേര്‍ന്നു നല്ലൊരു അവതരണം.

  ReplyDelete
  Replies
  1. നന്ദി കാത്തി...ആദ്യ അഭിപ്രായത്തിന്.....

   Delete
 2. ബലികര്‍മ്മങ്ങളിലും ഓര്‍മ്മിക്കപ്പെടാത്ത ആത്മാക്കളുടെ വിതുമ്പലുകള്‍....
  ആശംസകള്‍

  ReplyDelete
  Replies
  1. നന്ദി തങ്കപ്പന്‍ സാര്‍.......

   Delete
 3. രണ്ടു വയസ്സിൽ മരിച്ചുപോയൊരു അനുജനെ ഓർത്തുപോയി അനുരാജ്

  ReplyDelete
  Replies
  1. ഞാനും ഏതാണ്ട് അങ്ങനെ ഒരു പാറ്റേണിലാണ് ഈ കവിത എഴുതാനുദ്ദേശിച്ചത്....അകാലത്തില്‍ നഷ്ടപ്പട്ടുപോയ മകന് ബലിയിടാനെത്തുന്ന അച്ഛന്റെ വേദന....എഴുതി വന്നപ്പോള്‍ വേദന സഹിക്കാന്‍ കഴിഞ്ഞില്ല...പിന്നെയാണ് ഈ രീതിയില്‍ കവിതയെഴുതിപ്പൂര്‍ത്തിയാക്കിയത്...നന്ദി ഭാനു അഭിപ്രായത്തിന്

   Delete
 4. ജീവിക്കുവാനുള്ള അവകാശം പോലെ തന്നെ അവകാശം ഉണ്ട് ജനിക്കുവാനും
  ഈ ഓർമ്മപ്പെടുത്തൽ നല്ല ഒരു തർപ്പണം ആയി

  ReplyDelete
  Replies
  1. ജനിച്ചാല്‍ ജീവിക്കാനുളള അവകാശമെല്ലാ ജീവജാലങ്ങള്‍ക്കുമുണ്ടെന്ന് ഞാനും വിശ്വസിക്കുന്നു..പക്ഷേ ജീവിതം ഭയാനമാകുമ്പോള്‍ ജനിക്കാതിരിക്കുന്നതാണ് നല്ലതെന്ന് തോന്നിപ്പോകുന്നു.....

   Delete
 5. മരിച്ചവരും കൊല്ലപ്പെട്ടവരും എത്രയെത്ര..

  ReplyDelete
  Replies
  1. രഹസ്യമായും പരസ്യമായും നടക്കുന്ന ഗര്‍ഭഛിദ്രങ്ങള്‍ക്ക് കണക്കില്ല......അഭിപ്രായത്തിന് നന്ദി മുഹമ്മദ് സാബ്

   Delete
 6. ഓർമ്മകളിൽപ്പോലും കടന്നുവരാൻ യോഗമില്ലാത്ത ആത്മാക്കൾ!!

  വളരെ നന്നായി എഴുതി അനുരാജ്.

  ശുഭാശംസകൾ....

  ReplyDelete
  Replies
  1. നന്ദി സൌഗന്ധികം ....വീണ്ടും.....നല്ലവാക്കുകള്‍ക്ക്

   Delete
 7. ഓര്‍മ്മകള്‍ മാത്രം

  ReplyDelete
  Replies
  1. നന്ദി അജിത് സാര്‍....

   Delete

 8. ഇത് വായിച്ചു, അനുരാജ് എന്നെ ഒരുപാട് ചിന്തിപ്പിച്ചു. ഞാൻ ഒര്മ്മയില്നിന്നു ചികഞ്ഞെടുത്തു, എന്റെ മരിച്ചുപോയ പ്രിയപ്പെട്ട അനിയത്തിയെക്കുറിച്ച് ഞാൻ എഴുതിയത് തിരഞ്ഞെടുത്തു. വായിച്ചു നോക്കൂ: A very short-article:

  http://gulf-daily-news.com/NewsDetails.aspx?storyid=211121

  ReplyDelete
  Replies
  1. ആര്‍ട്ടിക്കള്‍ വായിച്ച്ചു...പതിനൊന്നാം വയസ്സില്‍ വെച്ച് അഞ്ച് വയസ്സുളള സഹോദരിയെ നഷ്ടപ്പെട്ട കൌമാരക്കാരന്റെ വേദന വിവരിക്കാന്‍ ആര്‍ക്കും കഴിയില്ല

   Delete
 9. അറിയാതെ പൊലിഞ്ഞ ഒരു തുടിപ്പിനെ ഓര്‍മിപ്പിച്ചു!!

  ReplyDelete
  Replies
  1. ആദ്യമായി ഈ ബ്ലോഗിലേക്കുളള ആര്‍ഷയുടെ വരവിന് സുസ്വാഗതം...വീണ്ടും വരുമല്ലോ......

   Delete
 10. ആഴത്തില്‍ നെഞ്ചില്‍ വന്നു തൊട്ടു .ചുറ്റിപ്പിടിച്ചു

  ReplyDelete
  Replies
  1. അഭിപ്രായത്തിന് നന്ദി....... ഷറഫ് മുഹമ്മദ്‌

   Delete
 11. നന്നായി എഴുതി. അങ്ങനെ എത്രയോ ആത്മാക്കള്‍ ജനിക്കാതെ മരിച്ചവര്‍.

  ReplyDelete
  Replies
  1. നല്ല വാക്കുകള്‍ക്ക് നന്ദി .....ധ്വനി...

   Delete
 12. ബലിസ്മൃതികളില്‍പ്പോലുമില്ലാത്തവര്‍
  ഇല്ല ഞങ്ങള്‍ക്കതില്‍ പരിഭവമൊട്ടും
  ദുരിത ദുര്‍മേഘങ്ങള്‍ നിറഞ്ഞൊരീ
  കപട ലോകത്ത് ജനിക്കാഞ്ഞതേ
  എന്തോ .....മഹാഭാഗ്യം...!

  ReplyDelete
 13. വായനക്കാരെ സ്വന്തം ഹൃദയത്തിലേക്ക് വിമർശന ബുദ്ധിയോടെ നോക്കാൻ പ്രേരിപ്പിക്കുക എന്ന സാഹിത്യധർമം പൂർണമായി ഉൾക്കൊണ്ട എഴുത്ത്. ആശംസകൾ അനുരാജ്.

  ReplyDelete
 14. നന്നായി എഴുതി.

  ReplyDelete
 15. ബലി സ്മൃതികളിൽ പോലുമില്ലാത്ത കുഞ്ഞാത്മാക്കൾക്കു വേണ്ടി ഒരു സമർപ്പണം .നന്നായി .

  ReplyDelete