ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2012, സെപ്റ്റംബർ 22, ശനിയാഴ്‌ച

മലര്പ്പൊടിക്കാരന്‍

മലര്പ്പൊടിക്കാരന്‍  ഞാന്‍ ..........
പണ്ട് മലര്‍  വിറ്റ് 
തെരുവിലൂടലഞ്ഞ പകലിന്റെ സാന്ദ്രതകള്‍ 
വെറുതെ പകല്‍  കിനാവ് കണ്ട്
പാതി മയങ്ങിയുണര്ന്നെഴുന്നേറ്റ
പാതയോരത്തെ പേരറിയാത്ത 
വടുവൃക്ഷത്തണലുകള്‍....... 
വ്രണിത നാണ്യങ്ങളെണ്ണി തുരുമ്പിച്ച 
പകലറുതികള്‍ ........
മണിമേടകള്‍ തന്‍ കിളിവാതിലിലൂടെ 
ഒഴുകിയെത്തിയ 
കിളിനാദങ്ങള്‍.....കളമൊഴികള്‍ 
ഇന്ദ്രിയങ്ങള്‍ തന്‍ ഇന്ദ്രജാലങ്ങള്‍ 
കുടില വേഷം കെട്ടി പാഞ്ഞോരെന്‍ 
മോഹത്തിന്റെ കുതിരകള്‍ 
കുളമ്പുടഞ്ഞു കാല്‍മുടന്തി
തളര്‍ന്നു വീണ താഴ്വരകള്‍
ഒഴിഞ്ഞ പാനപാത്രങ്ങള്‍ 
മധുചഷകങ്ങള്‍........
എരിഞ്ഞടങ്ങുന്ന ചിതയിലും 
ആര്‍ക്കെന്നോ എന്തിനെന്നോ ഇല്ലാതെ 
വെറുതെ മോഹിക്കുന്ന  ഒരു ഹൃദയം ..!! 
വെന്തു നീറുന്ന ഇന്ദ്രിയങ്ങളുടെ 
നിലയ്ക്കാത്ത  സ്പന്ദനവും 

2012, സെപ്റ്റംബർ 19, ബുധനാഴ്‌ച

സീതാപരിത്യാഗം

രാത്രിയില്‍  നല്ല  മഴയായിരുന്നു . നല്ല  കാറ്റും. വേനലിലെ  ആദ്യത്തെ മഴ .  മഴയുടെ താളം ശ്രവിച്ച് സീത വെറുതെ ഓരോന്നോര്‍ത്തു കിടക്കുകയായിരുന്നു .ഒട്ടും ഉറക്കം  വന്നതേയില്ല. രാവിലെ അവള്‍ നേരുത്തേ എഴുന്നേറ്റു .
ഞായറാഴ്ചയാണ് .....ഒരുപാടു ജോലികള്‍  ചെയ്തു തീര്‍ക്കാനുണ്ട് .അവധിയുടെ ആലസ്യമാണോ പുതുമഴ സമ്മാനിച്ച  കുളിരാണോ എന്താണന്നറിയില്ല  രഘുനാഥന്‍  മൂടിപുതച്ചു കിടന്നു നല്ല ഉറക്കത്തിലാണ് .
ഇത് എങ്ങനെയൊക്കെയാണ് ഈ കിടക്കുന്നത്........ .കൊച്ചുകുട്ടികളെക്കാള്‍ കഷ്ടമായിട്ട്...സ്ഥാനം  തെറ്റിക്കിടന്നിരുന്ന  അയാളുടെ വസ്ത്രം അവള്‍ ശരിക്ക് പിടിച്ചിട്ടു .  കിടക്കയില്‍ നിന്നും വഴുതിപോയ തലയിണ  നേരെ വെച്ച് കൊടുത്തു .മധുരതരമായ ഏതോ സ്വപ്നം കണ്ടിട്ടെന്നവണ്ണം ഒരു ചെറുപുഞ്ചിരി ഇടക്കിടയ്ക്ക് അയാളുടെ ചുണ്ടില് മിന്നിമറയുന്നുണ്ട്. അതും നോക്കി സീത കട്ടിലിന്‍റെ ഓരം  ചേര്‍ന്ന് വേരുതെയങ്ങനെയിരുന്നു .പണ്ട് രഘുനാഥനോടൊപ്പം  ചെലവഴിച്ച  ഞായറാഴ്ചകളിലെ പുലര്ച്ചകളെപ്പറ്റി അവള്‍ ഓര്‍ത്തു .രണ്ടു  പേരുംപരസ്പരം കെട്ടിപിണഞ്ഞു ഓരോരോ കുസൃതിത്തരങ്ങളും കാട്ടി അങ്ങനെ കിടക്കും . ഉച്ചിയില്‍ വെയില്‍ വന്നു വീഴുമ്പോഴാകും  എഴുനേല്‍ക്കുക. മുടി വാരിക്കെട്ടി അവള്‍ ഒരു നെടുവീര്‍പ്പോടെ പുറത്തേക്കിറങ്ങി .
വിചാരിച്ചതു പോലെ മുറ്റം മുഴുവന്‍ കാറ്റും മഴയും ചേര്‍ന്ന് ഒരു യുദ്ധം നടത്തിയതുപോലുണ്ട് .മുറ്റത്തെ  മൂവാണ്ടന്‍ മാവിന്‍റെ ഒരു കൊമ്പൊടിഞ്ഞു അതില്‍  തന്നെ തൂങ്ങിക്കിടക്കുന്നുണ്ടായിരുന്നു .
മുറ്റമടിച്ചു വൃത്തിയാക്കിയപ്പോഴേക്കും അകെ കുഴഞ്ഞുപോയി . അവള്‍  പിന്നെ അകത്തു ചെന്ന് പുരയ്ക്കകം മുഴുവന്‍ തൂത്ത് തുടച്ചു, കര്‍ട്ടന്‍ വിരികള്‍ നേരയാക്കി അവിടെയും ഇവിടെയും അലക്ഷ്യമായികിടന്നിരുന്ന സാധനങ്ങളും, പഴയ പത്ര മാസികകളുമെല്ലാം അടുക്കി വെച്ച്  എല്ലാത്തിനുമൊരു ചിട്ട വരുത്തി .പിന്നെ അടുക്കളയില്‍ ചെന്ന് പ്രഭാത ഭക്ഷണമുണ്ടാക്കുന്ന തിരക്കിലായി . രഘുനാഥന്  ഏറ്റവും ഇഷ്ടപ്പെട്ട ചപ്പാത്തിയും,മുട്ടക്കറിയുമുണ്ടാക്കി ഹോട്ട് ഡിഷിലാക്കി അവള്‍  ഡൈനിംഗ് ടേബിളില്‍  കൊണ്ട് വെച്ചു അപ്പോഴേക്കും അടുപ്പത്തു വെച്ചിരുന്ന വെള്ളം തിളച്ചു .അതില്‍ അരി കഴുകി വാരിയിട്ടു,കറിക്കരിഞ്ഞു , ഫ്രിഡ് ജില്‍ മുളക് തേച്ചു വെച്ചിരുന്ന മീനെടുത്തു വറുത്ത് ...........................എല്ലാം കഴിഞ്ഞ് വന്നു നോക്കുമ്പോഴും രഘുനാഥന്‍ ഉണര്‍ന്നിട്ടില്ല . കട്ടിലില്‍ കിടന്നു അയാള്‍ ഭ്രമണം ചെയ്യുകായണന്നു അവള്‍ക്കുതോന്നി 
അവള്‍ അയാളെ വിളിക്കാനൊന്നും പോയില്ല  .അവധിയല്ലേ .....ഒഫീസിലൊന്നും പോകണ്ടല്ലോ .....ഉണരുമ്പോള്‍ ഉണരട്ടെയെന്നു വിചാരിച്ചു 
പ്രതിക്ഷിച്ചതിലും നേരുത്തേ ജോലികള്‍  എല്ലാം തീര്‍ന്നു .രഘുനാഥന്‍റെ ഒന്നു രണ്ടു ഡ്രെസ്സുകള്‍ കൂടി നനച്ചിടാമെന്നുവെച്ചു അവള്‍ അയാളുടെ മുഷിഞ്ഞവസ്ത്രങ്ങള്‍  നോക്കി ഹാംഗറില്‍ നിന്നും എടുത്തുകൊണ്ടു പോയി . പോകുന്ന വഴിക്ക് ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ നിന്നും എന്തോ ഒന്ന് താഴെവീണു ...ഒരു വെള്ളക്കടലാസ് .അവള്‍ അതിലൂടെ നിസംഗതയോടെ കണ്ണുകളോടിച്ചു .ഏതോ ഒരു രേണുക  രഘുനാഥന് അയാളുടെ ഓഫീസ് അഡ്രസ്സിലേക്ക് അയച്ച കത്താണ് . അവള്‍ക്കു അത് വായിച്ചു നോക്കണമെന്ന് തോന്നിയില്ല . കത്ത് മടക്കി പോക്കറ്റിലിട്ടു അവളത് അതേ പടുതി ഹാംഗറില്‍ കൊണ്ടുപോയി തൂക്കി .വെള്ളത്തില്‍ മുക്കുന്നതിനു മുമ്പ് അത് കണ്ടത് നന്നായെന്നു  അവള്‍ വിചാരിച്ചു . വസ്ത്രങ്ങള്‍  അലക്കി വിരിച്ചിട്ടു പിന്നെ കുളിച്ചു ഈറന്‍  മാറാത്ത മുടിയുമായി അകെതെതിയപ്പോഴേക്കും രഘുനാഥന് എഴുന്നേറ്റ് പ്രാതല്‍ കഴിക്കാന്‍ തുടങ്ങിയിരുന്നു . വാതില്‍പ്പടി ചാരി ശിരസ്സ് കുനിച്ചു എതോ ചിന്തയിലണ്ടാവള്‍  കുറെ നേരം അയാള്‍ക്കുമുന്നില്‍ തന്നെ നിന്നു .
രഘുനാഥന്‍ പ്രാതല്‍ കഴിക്കുന്നതിനോടൊപ്പം കൈയിലിരുന്ന പത്രത്തിന്‍റെ നിര്‍ജീവങ്ങളായ കോളങ്ങളിലേക്ക് നോക്കിയതല്ലാതെ അവളെ ശ്രദ്ധിച്ചതേയില്ല . മുഖമുയര്‍ത്തുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പിയിരുന്നു 
" ഞാന്‍ പോകുകയാണ് .ഇനി വരില്ല.....ഒരിക്കലും ....... " അവള്‍ പറഞ്ഞു
അയാളത് കേട്ടതായി ഭാവിച്ചില്ല . പത്രത്തിലെ മട്രിമോണിയല്‍ കോളത്തിലെ ഏതോ കോളത്തില്‍ മിഴിനട്ടിരിക്കുകയായിരുന്നു അയാളപ്പോള്‍ .അയാളുടെ മറുപടി പ്രതീക്ഷിച്ചിട്ടാണന്നു തോന്നുന്നു പിന്നെയും കുറേനേരം അവള്‍ അവിടെ തന്നെ നിന്നത് ..രാവിലത്തെ ഒരുക്കം കണ്ടപ്പോള്‍ അയാള്‍ വിചാരിച്ചത് അവളേതോ അമ്പലത്തില്‍ പോകുന്നതിനുള്ള തയാറെടുപ്പിലാണന്നാണ് .അവളിങ്ങനെ അമ്പലത്തില്‍ പോകുന്നതുകൊണ്ട്‌ എന്ത് കൊണമാണുളളതെന്നു അയാള്‍ പുച്ഛത്തോടെ ചിന്തിക്കുകയും ചെയ്തു.പ്രാതല്‍ കഴിഞ്ഞു രഘുനാഥന്‍ എഴുന്നേറ്റു കൈ കഴുകി വന്നു വീണ്ടും പത്രതാളുകളിലേക്ക് മുഖം പൂഴ്ത്തി 
ബസ്സ്‌ എപ്പോഴോണ്ട്.....? അതിനിടയ്ക്ക് അയാള്‍ ചോദിച്ചു .
" ബസ്സല്ല , ട്രെയിന് പോകുകയാണ് , അതാണ് സുഖം " അവള്‍ പറഞ്ഞു .
"പോകനെല്ലാം ഒരുക്കിയോ ?"
"ഇല്ല ഒരുക്കാനൊന്നുമില്ല ..."
"എടുക്കനുളളതെല്ലാം മറക്കാതെ എടുത്തോളണം " അയാളുടെ വാക്കുകളില്‍ എന്തോ കാര്‍ക്കശ്യ മുണ്ടയിരുന്നതു പോലെ 
അവള്‍ എങ്ങോട്ടാണ് പോകുന്നതെന്ന് അയാള്‍ മനപൂര്‍വ്വം ചോദിച്ചില്ല . അവള്‍ക്കു പോകാന്‍ അധികമിടമൊന്നും ഇല്ലന്ന് അയാള്‍ക്കും അറിവുളളതായിരുന്നുവല്ലോ . അവളുടെ അമ്മ ചെറുപ്പത്തിലെ മരിച്ചു പോയിരുന്നു .അച്ഛന്‍ പട്ടാളക്കാരനായിരുന്നു . അവളെ വിവാഹം കഴിച്ചയച്ചതിനുശേഷം അയാള്‍ മകളുടെ പ്രായം മാത്രമുള്ള ഒരു പെണ്ണിനെ കെട്ടി.. അതോടു കൂടി ആയാളും അവളെക്കുറിച്ച് അന്വേഷിക്കാതായി .മകളെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് വിവാഹം കഴിച്ചു കൊടുത്തതോടെ അവളുടെ  ജീവിതം സുരക്ഷിതമായെന്ന് അയാളും വിചാരിച്ചു കാണണം .
സീത പിന്നീടു അവിടെ നിന്നില്ല . അവള്‍ കണ്ണ് തുടച്ചുകൊണ്ട്  അകത്തെ മുറിയിലേക്ക് ചെന്നു.പെട്ടന്ന് പോകനെല്ലാം ഒരുക്കി . ഒരു സ്യൂട് കേസിലും ഒരു ചെറിയ ബാഗിലും കൊളളാവുന്ന സാധനങ്ങള്‍  മാത്രമേ അവളുടേതായിട്ട് ഉണ്ടായിരുന്നുളളൂ . പെട്ടന്നവള്‍ എന്തോ ഓര്‍ത്തിട്ടെന്നവണ്ണം അലമാര തുറന്നു അവരുടെ വിവാഹ ആല്‍ബം പുറത്തെടുത്തു .
" ഞാനിതില്‍  നിന്നും ഒരു ഫോട്ടോ എടുക്കുകയാണ് അവള്‍ പറഞ്ഞു . ഒരു ഫോട്ടോയല്ല ആ ആല്‍ബം തന്നെ എടുത്തോളാന്‍ അയാള്‍ പറഞ്ഞു അവളത് ഭദ്രമായി പൊതിഞ്ഞു ബാഗിനകത്തു വെച്ചു . പിന്നെ നിലക്കണ്ണാടിക്കു മുന്നില്‍ ചെന്ന് നിന്ന് വിവാഹിത്തിന്റെ ആദ്യ വാര്‍ഷിക ദിനത്തില്‍ രഘുനാഥന്‍ സമ്മാനിച്ച  ചുവപ്പില്‍ ഇളം പൂക്കളുള്ള  പട്ടുസാരിയെടുത്ത്  ഒരു നവവധുവിനെ പോലെ അണിഞ്ഞൊരുങ്ങാന്‍ തുടങ്ങി. പത്രം വായിക്കുന്നു എന്നാ ഭാവേനെ രഘുനാഥന്‍ അത് അസഹ്യതയോടെ നോക്കിയിരുന്നു
" ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത എന്താണന്നറിയുമോ നിങ്ങള്ക്ക്?" അവള്‍ ചോദിച്ചു
ആലോചിച്ചു തുടങ്ങിയപ്പോള്‍ തന്നെ പിടി കിട്ടി . എങ്കിലും അയാള്‍ അജ്ഞത നടിച്ചു
 " ഇന്ന് നമ്മുടെ വിവാഹ വാര്‍ഷികമാണ് ...ഏഴു വര്‍ഷങ്ങള്‍ക്കുമുമ്പ് ഇതേ പോലൊരു ദിവസമാണ് ഞാനാദ്യമായി  നിങ്ങളോടൊപ്പം ഈ വീടിന്റെ പടി ചവിട്ടുന്നത്  അതെല്ലാം ഞാന്‍ ഇന്നലത്തെ പോലെ ഓര്‍ക്കുന്നു..."
രഘുനാഥന്‍ പരമ പുച്ഛത്തോടെ ചുണ്ട് കോട്ടിയൊന്നു ചിരിച്ചു
"കുറെ നാളായി അമ്മാതിരി കാര്യങ്ങളൊന്നും ഓര്‍ക്കാന്‍ ഞാനിഷ്ടപ്പെടുന്നതേയില്ല ..."
" അതെനിക്കറിയാം . അതുകൊണ്ടാണല്ലോ ഉറക്കത്തിനിടയില്‍ പോലും നിങ്ങള്‍ എന്നില്‍ നിന്നും കൃത്യമായ അകലം പാലിക്കുന്നത് "
രഘുനാഥന്  ചെറുതായെങ്കിലും കുറ്റബോധം തോന്നിയിരിക്കണം. അയാള്‍ പത്ര വായന അവസാനിപ്പിച്ച്‌, അവള്‍ അണിയിച്ച വിവാഹ മോതിരവും തെരുപ്പിടിപ്പിച്ചു അങ്ങനെയിരുന്നു
" ചോറും കറികളും വിളമ്പി ഞാന്‍ അടുക്കളേല്‍ അടച്ചു വെച്ചിട്ടുണ്ട് . നിങ്ങളത് സമയത്തിനെടുത്തു കഴിക്കണം "
" ഓഹോ ....നന്ദി "
രഘുനാഥന്‍ ഒരു സികരറ്റു കത്തിച്ചു ചുണ്ടില്‍ പിടിപ്പിച്ചുകൊണ്ട്‌ എന്തോ ആലോചിച്ചു കസേരയിലേക്ക് ചാഞ്ഞു കിടന്നു
" നിങ്ങള്‍ ആരോഗ്യം നോക്കണം...സികരറ്റു വലി കുറക്കണം. അസുഖം വന്നാല്‍ സമയത്തിന് ഡോക്ടറെ പോയി കാണണം. മഴക്കാലം വരികയാണ്‌ . തലയില്‍ വെള്ളം താന്നാല്‍ പെട്ടന്ന് പനി പിടിക്കുന്ന സ്വഭാവമാ നിങ്ങള്ക്ക് . അതുകൊണ്ട് റെയിന്‍ കോട്ടോ, കുടയോ ഒന്നു മില്ലാതെ പുറത്തോട്ടൊന്നും പോകരുത് "
" നീയെന്നെ ഇങ്ങനെ ഉപദേശിക്കാന്‍ ഞാന്‍ കൊച്ചു കുട്ടിയൊന്നുമല്ല " അയാള്‍ അല്പം ദേഷ്യത്തോടെ പറഞ്ഞു
അവള്‍ അതൊന്നും വക വെയ്ക്കാതെ പിന്നെയും എന്തൊക്കയോ പറഞ്ഞു കൊണ്ടിരുന്നു

ഗ്യാസ് ഓണ്‍ ചെയ്തിട്ട് എങ്ങും പോവരുതെന്നോ, അടുക്കളയിലെ സ്റ്റോറില് ചമ്മന്തിപ്പോടിയോ, മാങ്ങാ അച്ചാറോ അങ്ങനെ ഏതാണ്ടൊക്കെ ഉണ്ടാക്കി വെച്ചിട്ടുണ്ടന്നോ, അതൊന്നും നനഞ്ഞ സ്പൂണിട്ടു എടുക്കരുതെന്നോ, രാവിലെ മുറ്റമടിക്കാന്‍ അയലത്തെ വീട്ടില്‍ അടുക്കളയ്ക്ക് നില്‍ക്കുന്ന സ്ത്രീയെ ഏര്‍പ്പെടുത്തിയിട്ടുണ്ടന്നോ.......അങ്ങനെ പലതും.... ഒടുവില്‍ പതുക്കെ പതുക്കെ അവള്‍ തനിയെ നിശബ്ദയായി .
മുറിക്കകത്തുനിന്നും ബാഗും സ്യൂട്കേസുമെടുത്തു സിറ്റൌട്ടില്‍ കൊണ്ടു വെച്ച്, അവള്‍ വിദൂരതയിലേക്ക് നോക്കി നിന്നു .
നല്ല മഴക്കോളുണ്ട് ..മൂടല്‍ മഞ്ഞ് പോലെ പൊടിമഴ ചാറുന്നു
" റോഡ്‌ മുഴുവന്‍ വെള്ളമായിരിക്കും. നടന്നുപോയാല്‍ സാരിമുഴുവന്‍ ചെളി തെറിക്കും. അതുകൊണ്ട് നിങ്ങള്....."
" സ്കൂട്ടര് കണ്ടീഷനല്ല " പൊടുന്നനെ  അയാള്‍ പറഞ്ഞു
" മഴയത്ത് സ്കൂട്ടെറെടുത്ത് നിങ്ങള്‍ ബുദ്ധി മുട്ടെണ്ടാ..  ഒരു ആട്ടോ പിടിച്ചു തന്നാല്‍ മതി .അതാണ്  നല്ലത് " അവള്‍ പറഞ്ഞു
രഘുനാഥന്‍ നീരസത്തോടെ എഴുന്നേറ്റു ചെന്ന് ഫോണെടുത്തു ഏതോ നമ്പര്‍ ഡയല്‍ ചെയ്തു വന്നു
" ആട്ടോ ഇപ്പോഴെങ്ങെത്തും..ഒന്നും മറന്നിട്ടില്ലല്ലോ..." രഘുനാഥന്‍ ഓര്‍മ്മിപ്പിച്ചു
അവളപ്പോള്‍ കൈവിരലിലെ നഖങ്ങള്‍ കൊണ്ട് ഭിത്തിയിലെന്തോ കോറുകയായിരുന്നു. ഭിത്തിയില്‍ നിന്നപ്പോള്‍ നരച്ച മേഘത്തിന്റെ നിറമുള്ള വെള്ളയുടെ ഒരു പാളി അടര്‍ന്നു താഴെ വീണു ചിന്നി ചിതറി

"നിങ്ങളുടെ ഒരു കുഞ്ഞിന്റെ അമ്മയാകാന്‍ കഴിഞ്ഞില്ല എന്നാ തെറ്റു മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ...രമണിയേയോ, രേണുകയേയോ ആരെയാണങ്കിലും നിങ്ങള്‍ ഉടനെ വിവാഹം ചെയ്യണം.  ആഗ്രഹം പോലെ ഒരു കുഞ്ഞിന്റെ   അച്ഛനാകണം. ഒന്നിനും ഞാനൊരു     തടസ്സമാകുന്നില്ല ..നിങ്ങളെന്നെ ഒഴിയുക മാത്രം ചെയ്യരുത് . അവകാശം ചോദിച്ചു ഞാനൊരിക്കലും വരില്ല "
മുറ്റത്തു ഒരു ആട്ടോ വന്നു ഞരങ്ങി നിന്നു . ചാറി ചാറി നിന്നിരുന്ന മഴ അപ്പോള്‍ ചന്നം പിന്നം പെയ്യാന്‍ തുടങ്ങി. നാലുവശത്തുനിന്നും തൂവാനം അകത്തേക്ക് അടിച്ചു കയറി. ഡ്രൈവര്‍   ആട്ടോ പോര്ച്ചിലേക്ക് നീക്കിയിട്ടു. സീത തണുത്ത കൈവിരലുകള്‍ കൊണ്ട് രഘുനാഥന്റെ നെഞ്ചില്‍ പതിയെ സ്പര്‍ശിച്ചു.അവളുടെ കരസ്പര്‍ശം ഏറ്റു  തന്റെ  നെഞ്ചു പൊള്ളുന്നത് പോലെ അയാള്‍ക്ക് തോന്നി 
" ജീവിതത്തില്‍ ഞാനാദ്യമായും, അവസാനമായും സ്നേഹിച്ച പുരുഷന്‍  നിങ്ങളാണ് . എന്നെങ്കിലും കാണണമെന്ന് തോന്നുമ്പോള്‍ വരാന്‍ മടിക്കരുത്.."
അവള്‍ സ്യൂട്ട്കേസ്,  ഓട്ടോയില്‍ കൊണ്ട് വെച്ച് അതില്‍ കയറിയിരുന്നു
" മഴതോരട്ടെ..ആട്ടോക്കാരന് ധൃതിയൊന്നുമില്ല" രഘുനാഥന്‍ പറഞ്ഞു.
അവളൊന്നു ചിരിച്ചു    " ഈ മഴ ഇപ്പോഴെങ്ങും തോരില്ല
വെള്ളം അകത്തേക്ക് തെറിക്കാതിരിക്കാനെന്നവണ്ണം അവള്‍ സൈഡിലെ ടാര്‍പാളിന്‍ ഷീറ്റുകള്‍ താഴ്ത്തിയിട്ടു. അതിനിടയില്‍ അവള്‍ പറഞ്ഞു  "  കുടിക്കാന്‍ വെളളമനത്തുന്ന കാര്യം ഞാന്‍ മറന്നു പോയി . നിങ്ങള്‍ പച്ചവെള്ളം കുടിച്ചു ഇല്ലാത്ത രോഗം ഒന്നും വരുത്തി വെയ്ക്കരുത് "
ആട്ടോ ഒരു ഇരമ്പലോടെ അകന്നു പോയി . റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴേക്കും മഴ ഏതാണ്ട് തോര്‍ന്നിരുന്നു . യാത്രക്കാരായിട്ടു വളരെ കുറച്ചു ആള്‍ക്കാര്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. പ്ലാറ്റ് ഫോമിലൂടെ നടക്കുമ്പോള്‍ അവള്‍ രഘുനാഥനെക്കുറിച്ചോര്‍ത്തു . മടിയനാണ് . കുടിക്കാനുള്ള വെള്ളം ചൂടാക്കിയിരിക്കാന്‍ ഒരു വഴിയുമില്ല
നാളെ ഓഫീസിലേക്കുപോകാന്‍ അയാള്‍ക്ക് ആരായിരിക്കും എല്ലാം ഒരുക്കി കൊടുക്കുക.
നല്ല കാര്യം ..നാട്ടില്‍ ഹോട്ടലുകള്‍ക്കണോ പഞ്ഞം?
" അടുത്ത ട്രെയിന്‍ എപ്പോഴാണ്?" കാഴ്ചയില്‍ മാന്യനെന്നു തോന്നിക്കുന്ന ഒരു  വൃദ്ധനോട് അവള്‍ ചോദിച്ചു
അയാള്‍ മനോഹരമായി ചിരിച്ചു . " തെക്കോട്ടാണോ.......വടക്കോട്ടാണോ...?"
" ആദ്യം ഏതാണ് വരുന്നത് ....?"
വടക്കോട്ടാണങ്കില്‍ ഇപ്പോള്‍ ഒരു   എക്സ്പ്രസ്സുണ്ട്.... പക്ഷെ അതിനിവിടെ സ്റ്റോപ്പില്ല ..പിന്നെ ഷട്ടിലുണ്ട് ..അതുവരാന്‍ ഉച്ചകഴിയും "
അവള്‍ അവിടെ കണ്ട ഒരു സിമന്റ് ബഞ്ചില്‍ പോയിരുന്നു. നല്ല പോലെ വിശക്കുന്നുണ്ട് . പ്രാതല്‍ കഴിക്കുന്ന കാര്യം തിരക്കിനിടയില്‍ മനപൂര്‍വ്വം മറന്നു ..അവള്‍ ബാഗു തുറന്നു വിവാഹ അല്‍ബമെടുത്ത് വെറുതെ മറിച്ചു നോക്കികൊണ്ടിരുന്നു.
രഘുനാഥന്റെ നവവധുവായി ആ വീട്ടില്‍ ചെന്ന് കയറിയ ദിനം...... അയാളുടെ സ്നേഹ പ്രകടങ്ങള്‍, കുസൃതിത്തരങ്ങള്‍ ,നേരമ്പോക്കുകള്‍ , ഉച്ചത്തിലുള്ള പൊട്ടിച്ചിരികള്‍ ......"
തെക്കു നിന്ന് ഒരു ട്രെയിന്റെ ഉച്ചത്തിലുള്ള മുഴക്കം കേട്ടുഅവള്‍ ബാഗും സ്യൂട്ട്കേസും അവിടെത്തന്നെ വെച്ചിട്ട് പതിയെ എഴുന്നേറ്റു നടന്നു. പ്ലാറ്റ്ഫോമും കഴിഞ്ഞ്...ആളൊഴിഞ്ഞ ഒരു കോണില്‍ പോയി നിന്നു. അപ്പോള്‍ വലിയൊരു കാറ്റ് വീശി. ഓരത്തെ മരച്ചില്ലകളില്‍ നിന്ന് സ്ഫടിക കഷ്ണങ്ങള്‍ പോലെ ജലകണങ്ങള്‍ പൊഴിഞ്ഞു. അതേല്‍ക്കതിരിക്കാനെന്നവണ്ണം അവളപ്പോള്‍ സാരിത്തലപ്പു പിടിച്ചു തല വഴിയേയിട്ടു