ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2013, ഓഗസ്റ്റ് 31, ശനിയാഴ്‌ച

പച്ചമഷിയുളള പേന.......


പച്ചമഷിയുളള പേനയുണ്ട്....
അകത്തുളളസാറിന്റെ കൈയില്‍
രക്തച്ചുവപ്പ് നിറമാണതിനെങ്കിലും.....!

ഒന്നറ്റസ്റ്റു ചെയ്യുവാനായി വന്നതാണ്
എത്രനേരമായീ ഞാനീ വാതിലിനു മുന്നില്‍
വന്നു മുട്ടി നില്ക്കുന്നു.....
ഒത്തു നോക്കിയിട്ടീ സര്‍ട്ടിഫിക്കറ്റില്‍
 വെറുമൊരൊപ്പ് ചാര്‍ത്തിക്കിട്ടിയാല്‍ മതി
കൊച്ചിന്റെ അഡ്മിഷനാണിന്ന്
ഉച്ചയ്ക്കു തന്നെ കൊടുക്കണം....
ദുഷ്ടനെന്നെ നോക്കുന്നതു പോലുമില്ല....

ഫയല്‍ക്കെട്ടുകള്‍ക്കിടയില്‍
തല കുമ്പിട്ടിരിക്കയാണ്.....
മുന്നിലിരിക്കുന്ന കമ്പ്യൂട്ടറിലെന്തോ
ചിക്കി ചികയുന്നുമുണ്ട്....
ഇടയ്ക്കിടെ ചിലയ്ക്കുന്നുണ്ട് ഫോണ്‍
അതിലൂടെ ഇടതടവില്ലാതെ
വര്‍ത്തമാനവുമുയരുന്നുണ്ട്

മേശപ്പുറത്ത് പേടിച്ചരണ്ട്
വിമ്മിപ്പൊട്ടിയിരിപ്പുണ്ട് ബെല്ലൊരെണ്ണം
അടികൊണ്ട് പിടഞ്ഞതിടയ്ക്ക്
നിലവിളിക്കുന്നുമുണ്ട്.....
വിറച്ചു വിറച്ചു ചിലര്‍ മുറിയിലെത്തി
പതര്‍ച്ചയോടെ പോകുന്നു..

വെട്ടിനിരത്തുന്നുണ്ടാ ദുഷ്ടന്‍
പേപ്പറിലെന്തോ കാര്യമായി...
പച്ചില പാമ്പ് പടം കൊഴിച്ചപോല്‍
ഇടയ്ക്ക് മാത്രമാ പേനയില്‍ നിന്ന്
ഒപ്പും ചുരുള്‍ നിവരുന്നുണ്ട്....

അതിലൊരെണ്ണമീ കടലാസില്‍....
ഇത്തിരികൂടി അകത്തേക്കു
നീങ്ങി നിന്നു ഞാന്‍
കൊക്കിനെ പോലെ തലകുമ്പിട്ട്
തപസ്സു ചെയ്യാന്‍ തുടങ്ങവേ....
ആ കശ്മലനെനിക്കു നേരെ കയര്‍ക്കുന്നു
പൊട്ടിത്തെറിച്ച വാക്കുകള്‍
ചുറ്റിലും ചിതറുന്നു....

ഒട്ടും സമയമില്ലപോലും.....
ഒത്തിരിപേര്‍ വേറെയുമുണ്ടത്രെ
അങ്ങോട്ട് ചെല്ലുവാന്‍...
അറ്റസ്റ്റ് ചെയ്യലല്ലത്രേ പണി
ഉച്ചകഴിഞ്ഞെങ്ങാനും കൊണ്ടു
ചെന്നാല്‍ നോക്കാമെന്ന് പോലും....

ഉത്തരംമുട്ടി ഇളഭ്യനായി
ഞാന്‍ നില്ക്കെ......
ഉത്തരത്തിന്നുതാഴെ ചുമരില്‍ കണ്ടു
ആ മൊട്ടത്തലയനപ്പൂപ്പന്റെ
വടിയും കുത്തിപ്പിടിച്ചു നില്ക്കുന്ന
ചില്ലിട്ട ചിത്രം.......!

നുരഞ്ഞുപൊന്തുന്ന അമര്‍ഷം
ഉള്ളിലൊതുക്കി ഞാന്‍ ചോദിക്കട്ടെ
ഇട്ടു കൊടുത്തുകൂടെ ആ വടികൊണ്ട്
മുന്നിലിരിക്കുന്നവന്റെ തലമണ്ടയ്ക്കിട്ടൊരു
കിഴുക്ക്....!!
 

 Mahatma Gandhi “A customer is the most important visitor on our premises. He is not dependent on us. We are dependent on him. He is not an interruption in our work. He is the purpose of it.He is not an outsider in our business. He is part of it. We are not doing him a favour by serving him. He is doing us a favour by giving us an opportunity to do so.”


2013, ഓഗസ്റ്റ് 28, ബുധനാഴ്‌ച

കണ്ണാ കണ്ണാ...എണ്ണക്കിണ്ണം കണ്ടോ..?


കണ്ണാ ......കണ്ണാ..ഉണ്ണിക്കണ്ണാ....
എണ്ണക്കിണ്ണം കണ്ടോ നീ.....?.
പുള്ളിപ്പശുവിനെ കറക്കുവാന്‍
നേരമായല്ലോ.....?
തുള്ളിച്ചാടി നില്ക്കുന്നത് കണ്ടില്ലേ
അതിന്‍ പൈക്കിടാവ്......

പുല്ലരിയുവനായി ഞാന്‍
പോകുന്ന നേരത്ത്
കിണ്ണം തട്ടിമറിയുന്ന പോല്‍
ണിണ്ണിണ്ണി...... എന്നൊരു
ശബ്ദവും കേട്ടിരുന്നല്ലോ..?

കണ്ണാ ......കണ്ണാ.......
എണ്ണക്കിണ്ണം കണ്ടോ.......?
മണ്ണ് കുഴച്ചിട്ട്‌ നീയതില്‍
കിണ്ണപ്പം ചുട്ടു കളിക്കുകയാണോ...?
തിണ്ണമുഴുവനും വൃത്തി കേടായല്ലോ...?
ഉണ്ണിക്കുറുമ്പിത്തിരി  കൂടുന്നുണ്ട്..

ആരും കാണാതെ...........  
കാലിക്ക് വെച്ചിരുന്ന തേങ്ങാപ്പിണ്ണാക്ക്
വാരിവലിച്ചു തൊള്ള നിറച്ചിട്ട്‌
വെള്ളം കുടിക്കുവാനായി
നീ ഓടി നടന്നില്ലേ........?
വെണ്ണ മുഴുവനും കട്ട് തിന്നിട്ട്
ദണ്ണം പിടിച്ചിട്ടധിക നാളായില്ലല്ലോ...  

രാവിലെ തുള്ളി തുളുമ്പി
പാലുവാങ്ങാനെത്തുന്ന.....
സുന്ദരി പെണ്‍കിടാങ്ങളെ നോക്കി നീ
കണ്ണിറുക്കി കാണിക്കുന്നെന്നൊരു
പരാതിയുമെനിക്കു കിട്ടിയല്ലോ ...!!

പുള്ളിപ്പശുവിന്റെ അകിടിന്നടിയില്‍
എന്‍റെ കണ്ണൊന്നു തെറ്റിയ നേരത്ത്
നീ വലിഞ്ഞു കയറിയില്ലേ .....?
എന്തോ ഭാഗ്യം ..കാലെടുത്തതൊന്നെറി
ഞ്ഞിരുന്നെങ്കിലോ....!

കൂട്ടരുപിള്ളാരുമൊന്നിച്ചു കൂടി നീ
കള്ളത്തരം പഠിക്കയാണോ .....?
തല്ലു കൊള്ളാഞ്ഞിട്ടാണ്.....
നല്ല ചുള്ളന്‍ കമ്പൊരെണ്ണം
ഞാനെടുത്തു വെച്ചിട്ടുണ്ട്
കണ്ണാ ......കണ്ണാ..ഉണ്ണിക്കണ്ണാ
എണ്ണക്കിണ്ണം കണ്ടോ നീ......

( ഭൂമിയിലെ കുസൃതിക്കുരുന്നുകളായ എല്ലാ കണ്ണന്‍മാര്‍ക്കും അവരുടെ വാത്സല്യ നിധികളായ അമ്മമാര്‍ക്കുമായി ഈ കവിത സഹര്‍ഷം  സമര്‍പ്പിക്കുന്നു ...)




കോടാലി...ഒരു കോടാലി...

കോടാലിക്കൊരു കൈയുവേണം.....
കോലുമുഴമഞ്ചാറു നീളവും വേണം....
കോവാലനാശാരിയെക്കാണുവാനായി
നാളുകള്‍ കുറെയായി ഞാന്‍ നടക്കുന്നു
അന്നാള് ചെന്നപ്പോളാശാരി
കട്ടിള കൂട്ടുവാന്‍ പോയി.....
ഇന്നാള് ചെന്നപ്പോള്‍.......
തടിമൂപ്പരുമൊന്നിച്ച് എങ്ങോട്ടോ പോയി
പിന്നൊരുന്നാള് മോന്തിക്ക്
ചെല്ലുമ്പോളുണ്ട്........
കോലം കെട്ടങ്ങനെ കോലായിലിരിപ്പുണ്ട്
കോമരത്തെപ്പോലാരോ ഉറഞ്ഞു
തുള്ളുന്നുണ്ടകത്ത്...
ഒട്ടും ചിന്തേരിടാത്ത എരിപൊരി വാക്കുകള്‍
പുറത്തേക്ക് ചാടുന്നുമുണ്ടായിരുന്നു
അകത്തുനിന്നും.......!
.
അതിനെത്തടുക്കുവാനായി
കൊട്ടുവടികൊണ്ടിടയ്ക്ക്
തട്ടുന്നുമുണ്ടാശാരി.......
മുറ്റത്തു ചെന്നു നിന്നു ഞാന്‍
മുരടൊന്നനക്കിയിട്ടും..........
എന്നെ തിരിഞ്ഞൊന്നു നോക്കുന്ന
പോലുമില്ല....
ഒരുവേള ഞാനതിന്‍ എരിവും പുളിയും
നുകര്‍ന്നു നില്ക്കെ
ഒടുവില്‍ ചാട്ടുളിപോലൊരു
നോട്ടമെറിഞ്ഞെന്നെ
കോവലനാശാരി നോക്കുന്നു...

ക്..ക് കോടാലിക്കൊരു കൈയുവേണം....
കൂലങ്കഷമായൊന്നാലോചിച്ചിട്ട്
കോവലനാശാരി ചൊല്ലുന്നു....
വിളഞ്ഞ കാഞ്ഞിരത്തടിയുണ്ടതിന്റെ
ഗുണമൊന്നു വേറെതന്നെ....
പണികഴിഞ്ഞു വരുമ്പോള്‍ ഞാന്‍
വാങ്ങിവരാം.......
അതിനുളള പണം തന്നാല്‍‌ മതി
മുന്നെതന്നെ.....

പെട്ടു പോയല്ലോ ഞാന്‍ കഷ്ടം......
ഒട്ടും മാറാതെ വെച്ചിരുന്നരഞ്ഞൂറ് രൂപാ
നോട്ടിന്റെ പുത്തന്‍ മണമുളള
തുട്ടുണ്ടായിരുന്നല്ലോ കൈയില്‍
അല്പം മടിച്ചുമടിച്ചാണങ്കിലുമത് കൊടുത്തിട്ട്
ഞാന്‍ പറയുന്നു
 പിന്നെ പറയാം കണക്കൊക്കെ...
കോടാലിക്കൊരു കൈയു വേണം

വീട്ടിന്‍ ചെവിരില്‍ നിന്നൊരാ മൂവാണ്ടന്‍ മാവ്
കാറ്റത്തും മഴയത്തുമൊടിഞ്ഞു വീണേ....
മുറിച്ചൊന്നു മാറ്റുവാന്‍
ആളെത്തിരക്കി നടന്നിട്ട്
ആശ നശിച്ച് ഞാനിറങ്ങിയതാണേ...
രണ്ടു കൊത്തിന്റെ കാര്യമേയുള്ളുവെന്ന്
ഭാര്യ പറയുന്നു......!
ഇത്തിരി വ്യായാമവുമാകുമത്ര....

നാളുകള്‍  കടന്നു പോയി ആഴ്ചകളായി...
കോടാലിക്കൊരു കൈയുവേണം
ഇന്നലെ മിനഞ്ഞാന്നും ഇന്നും കൂടി
ഞാന്‍ കോവാലനാശാരിയെ ക്കാണാന്‍
പോയിട്ടും കണ്ടില്ല
ടിവിയില്‍ നിന്ന് കണ്ണെടുക്കാതെ അതിയാന്റെ
പെമ്പ്രോത്തിപറയുന്നു
എങ്ങാണ്ട് പോയി...എങ്ങോട്ടോ പോയി...
വാത്തലപോയപോലെന്‍
കോടാലിമാത്രം മൂലയിലിരുന്ന് കരയുന്നുണ്ട്.....

( എന്തിരോ...എന്തോ ആയോ..എന്റെ അഞ്ഞൂറ് രൂപയുടെ ഗതികള്.....)

2013, ഓഗസ്റ്റ് 24, ശനിയാഴ്‌ച

മോഹ സൗഗന്ധികങ്ങള്‍......

ദൂരെ..ദൂരെയാണാ മാനസ്സ പൊയ്കയെങ്കിലും
പൂക്കളിറുത്തുകൊണ്ട് ഞാന്‍ വരാമോമനേ...
നിനക്കായ്......നീലസര്‍പ്പങ്ങളോളങ്ങളായലതല്ലും
നിന്‍ വാര്‍മുടിക്കെട്ടില്‍.....
ഞാനത് ചൂടിച്ചു തരാം...

നീലവാനില്‍ താരാഗണം മാത്രം
മിഴി ചിമ്മി നില്പൂ മൂക സാക്ഷിയായി
മേഘ ജാലങ്ങള്‍ക്കിടയിലൂടെ
അമ്പിളിക്കല തുഴക്കാരനില്ലാത്തേതോ
തോണിപോലൊഴുകി നടപ്പൂ..
ദൂരെയേതോ കോകിലത്തിന്‍
വനഗീതികള്‍ മുഴങ്ങുന്നുണ്ടിപ്പോഴും..
സാന്ദ്ര സുന്ദര സുരഭിലമീ രാവിതെങ്കിലും
ഓമനേ നീയിന്നു  ശാന്തമായുറുങ്ങുക..... 

ഏറെ നാളുകള്‍ ഊഴവും കാത്തിരുന്ന്
ഒടുവില്‍ ഞാന്‍ പ്രേമലോലുപനായി 
വന്നണഞ്ഞതാണ് നിന്‍ മുന്നിലീ 
സന്ധ്യയിലെങ്കിലും സാരമില്ല....

ഈറനുടുത്ത് നിന്ന്
മുടിവിടര്‍ത്തിയുണക്കും
കാതരേ നിന്നെ കണ്ടപ്പോള്‍
ജീവിത കാമനകള്‍ പൂവിട്ട്
പിന്നിലൂടൊന്നൊളിച്ച് വന്ന്
നിന്നെയൊന്നിറുകെ പുണരുവാന്‍
എന്നുളളം തുടിച്ചതാണ്

ചോദ്യശരങ്ങള്‍ പോലുളള
നിന്റെയാ നോട്ടത്തിനു മുന്നില്‍
ലോകമറിയുന്ന ധീരന്‍
ഞാന്‍ പകച്ചു പോയി....!

എന്നത്തെയുമെന്നപോല്‍
ഒരു വെറും സമാഗമത്തിലെ
മടുപ്പെന്നപോല്‍.......
പരിഭവത്തിന്റെ കെട്ടഴിച്ചു
നീയെന്‍ മുന്നിലിട്ടൂ...

ആദ്യ ഊഴക്കാരനെന്‍....
എന്‍ ജ്യേഷ്ഠ ഭ്രാതാവിനെക്കുറിച്ച്
നീയരുതാത്തതെന്തോ പറയുവാന്‍‌ 
തുനിഞ്ഞപ്പോള്‍.....
അരുതേയെന്ന് മാത്രം ഞാന്‍ പറഞ്ഞു പോയി...

വനാന്തരത്തിന്‍ നിഗൂഢതയിലെവിടെ നിന്നോ
വാസനപൂമൊട്ടുകള്‍ വിരിഞ്ഞൊരാ
സ്വര്‍ഗ്ഗീയ ഗന്ധം കാറ്റിലൂടൊഴുകി വന്നു...
ആ മാദക ഗന്ധത്തിന്‍ ലഹരിയില്‍
നിന്‍ മാറില്‍ മയങ്ങുനാന്‍
ഞാന്‍ കൊതിച്ചു പോയി.....

ആ മുടിത്തുമ്പിലാ വാസനപ്പൂക്കള്‍
ചൂടണമെന്ന് നീയാദ്യം പറഞ്ഞപ്പോള്‍
വെറും കളിവാക്കെന്ന് ഞാന്‍ കരുതി
ആ മുഖത്തേതോ നിരാശതന്‍ 
കാര്‍മുകില്‍പടര്‍ന്നപ്പോള്‍....
കാതരേ എന്‍ അഭിനിവേശമാകെത്തളര്‍ന്നു പോയി

ആരോടും പറയാത്ത ആരാലും സാധ്യമല്ലാത്ത
ആശകളാണല്ലോ നീയെന്നോട് പറയുന്നെതെങ്കിലും
അതിലൊട്ടും പരിഭവമില്ലെനിക്ക്
ധീരനായി ജനിച്ചവന്‍
തോറ്റുപോകുവാന്‍ പാടുണ്ടോ....?

ഏത് കാനനച്ചോലകള്‍ നീന്തിക്കടന്നും
ഏത് പര്‍വ്വതത്തിന്‍ ശൃംഖങ്ങള്‍ കയറിയും
കൂരിരുള്‍ കടന്നും......
കാട്ടു മൃഗങ്ങളെ ആട്ടിയോടിച്ചും
കൂര്‍ത്തമുളളുകള്‍ ചവിട്ടിക്കടന്നും
ആ സ്വര്‍ഗ്ഗീയ പുഷ്പങ്ങളുമായി
ഞാന്‍ വരും...
യാത്ര പോയി ഞാന്‍ വരട്ടെ..
തീനും കുടിയുമതിന്‍ വീരസ്യവും
മാത്രമാണ് ഈ ചീര്‍ത്തു തടിച്ച
ശരീരത്തിലെന്ന് മാത്രം നീ കരുതരുത്
കാതരേ നീയീരാവില്‍ ശാന്തമായുറങ്ങുക..!!

( ഏകാന്തവും വന്യവുമായ എന്റെ ഹൃദയത്തിന്റെ തുടിപ്പുകള്‍ ആരും അറിയുന്നതേയില്ല.)
 

2013, ഓഗസ്റ്റ് 20, ചൊവ്വാഴ്ച

കല്ലു കൊത്തുവാനുണ്ടോ...?

കല്ലു കൊത്തുവാനുണ്ടോ.....?
കല്ലു കൊത്തുവാനുണ്ടോ....?
കല്ലപ്പണിക്കത്തി വിളിച്ചു ചോദിച്ചുകൊണ്ട്
പോയിരുന്നീ വഴിയേ.....
ഒച്ച കലമ്പിച്ചു പോയിരുന്നെങ്കിലും
ആ ശബ്ദം ദിക്കുകള്‍ തട്ടി
പ്രതി ധ്വനിച്ചൂ.....!

 വീടിന്നുമ്മറ ചാരുപടിയില്‍
ഏതോ ഗൂഡസ്മൃതികളെ ആശ്ലേഷിച്ച്
ഞാന്‍ പാതി മയക്കത്തിലാണ്ടു
കിടക്കുകയായിരുന്നു....
ഭൂതകാലത്തില്‍ നിന്നുള്ളോരുള്‍വിളി
പോലതന്‍ ഉള്ളിലും
വന്നു പ്രതിധ്വനിച്ചു....!

തെല്ലൊന്നമ്പരന്ന് ഞാന്‍ ചാടിയെഴുന്നേറ്റു
ചുറ്റുമതിലുകള്‍ക്കിടയിലൂടെ ചിലര്‍
വഴിവരമ്പിലേക്കൊന്നെത്തി നോക്കി
തല പെട്ടന്നു തന്നെ പിന്‍വലിച്ചൂ...
എന്തോ അത്ഭുതം കേട്ടപോല
കുട്ടികളും പമ്മി പതുങ്ങി
 എന്നെ ചുറ്റിവരിയാനുളള
ചോദ്യ ചിഹ്നങ്ങളായി പിന്നിലൊളിച്ചു...

കല്ലു കൊത്തുവാനുണ്ടോ..?
കല്ലു കൊത്തുവാനുണ്ടോ....?
കൊല്ലപ്പണിക്കത്തി വിളിച്ചു ചോദിക്കുന്നു
ഇല്ല കൊത്തുവാനില്ലക്കല്ലുകള്‍...
എന്നേ വിസ്മൃതിയിലാണ്ടു പോയി
കൊല്ലപ്പണിക്കത്തീ നിങ്ങളെപ്പോലെ....!!

എന്തത്ഭുതം പണ്ടു ഞാന്‍ വള്ളിനിക്കറുമിട്ട്
തുള്ളിച്ചാടി നടക്കുന്ന കാലത്ത്....
വള്ളിച്ചെടിപ്പടര്‍പ്പുകള്‍ പടര്‍ന്നോരിടവഴിയിലൂടെ
തൊള്ളതുറന്ന് വിളിച്ചു കൂവി പറഞ്ഞുകൊണ്ട്
പോയതേ രൂപം......!
ഇതാ വീണ്ടും മുന്നിലൂടെപ്പോകുന്നു....
ഇത്തിരി കൂടി കുനിഞ്ഞെന്നു മാത്രം....
എന്നേ ചത്ത് മണ്ണടിഞ്ഞിട്ടുണ്ടാകുമെന്നാണല്ലോ
കരുതിയിരുന്നത്..?.

ഏതോ പൂര്‍വ്വ സ്മൃതികള്‍തന്‍
ഊടുവഴിയിലൂടെ ഞാനോടി നടക്കവേ....
അടച്ചിട്ട ഗേറ്റിന്‍ അഴികളില്‍ പിടിച്ച്
അകത്തേക്കു നോക്കിയാ പടുവൃദ്ധ
വിളിച്ചു ചോദിക്കുന്നു...
കല്ലു കൊത്തുവാനുണ്ടോ....?
കല്ലു കൊത്തുവാനുണ്ടോ...?
ശുഷ്കിച്ചുണങ്ങിപ്പോയിരുന്നെങ്കിലുമാ
കൈകളില്‍ കൊത്തുളിപ്പാടുകള്‍
തെളിഞ്ഞു കണ്ടൂ....

ഇല്ല കൊത്തുവാനില്ല കല്ലുകള്‍.....
ഞാന്‍ വെട്ടി മുറിച്ചു പറയുന്നു...
വക്കുകള്‍ പൊട്ടിയടര്‍ന്നത്
വീട്ടു പുറം കോണിലെവിടെയോ
കിടപ്പുണ്ടായിരുന്നല്ലോ.....?

വൃദ്ധ പോകുവാനൊട്ടും കൂട്ടാക്കുന്നില്ല
പൂര്‍വ്വകാലത്തിന്നേതോ സ്മൃതികള്‍ പോലെ ..
നിശ്ചലമായൊരാ കണ്ണുകള്‍ നിന്നു
തിളങ്ങുന്നൂ.....
പെട്ടന്നു ഞാന‍െന്നിലേക്കുള്‍വലിയവേ
വൃദ്ധതന്‍ ചിലമ്പിച്ച സ്വരം
വീണ്ടും മുഴങ്ങുന്നു.....
ഇത്തിരി കഞ്ഞിവെള്ളം തരുമോ
കുടിക്കുവാന്‍ .....ഉപ്പുമിട്ട്.......
കല്ലച്ചെറുക്കനുമവന്റെ കല്ലത്തിയും
എന്നെയൊറ്റക്കിട്ടിട്ടെങ്ങാണ്ട്
പോയിട്ടിന്ന് രണ്ടുമൂന്നായി....

എന്തോ പറയുവാനായി ഞാന്‍
ചുണ്ടൊന്നനക്കവേ.......
ഉള്ളില്‍ നിന്നാ പെണ്‍കല്പന
വീണ്ടും മുഴങ്ങുന്നൂ...
"വല്ലതും കൊടുത്ത്
പെട്ടന്ന് ശല്യമൊഴിവാക്കാന്‍ നോക്ക്.."
ചില്ലറ നാണയത്തുട്ടുകള്‍ക്കായി ഞാന്‍
കീശ തപ്പി നോക്കവേ
കൊത്തുളി പോലുള്ളൊരാ
നോട്ടം വന്നെന്റെ ഹൃത്തിലുടക്കി വലിക്കുന്നൂ..!

കല്ലു കൊത്തുവാനുണ്ടോ....
കല്ലു കൊത്തുവാനുണ്ടോ..
കൊത്തുവാനുണ്ട് ചില കല്ലുകള്‍
മനുഷ്യ ഹൃദയങ്ങളിലാണത്
ആഴത്തിലാണ്ടു കിടപ്പൂ....!!






2013, ഓഗസ്റ്റ് 16, വെള്ളിയാഴ്‌ച

ചിത്രശലഭങ്ങള്‍ പറക്കുമ്പോള്‍.....

ചിത്ര ശലഭങ്ങളേ...ചിത്ര ശലഭങ്ങളേ....
നിങ്ങള്‍ക്ക്കെങ്ങനെ കിട്ടിയിത്ര ഭംഗി
പുഷ്പ ഹൃദയങ്ങളില്‍ നിന്നുയിര്‍
കൊണ്ടതാണോ......?
സ്വപ്ന ലോകങ്ങളില്‍
അപ്സര സുന്ദരികള്‍
ലാസ്യ നൃത്തമാടിത്തളരവേ
നഗ്നമാം ചൊടിയിണകളില്‍
നിന്നു പൊഴിഞ്ഞതാണോ....?

നക്ഷത്ര കന്യകള്‍ മഴവില്ലിന്‍
ചോലയില്‍
ഏഴുവര്‍ണ്ണങ്ങളിലും മുങ്ങിക്കുളിച്ചിട്ട്
കിന്നരി തുന്നിയ ദാവണിയുടുത്ത്
ഈറനായി ഈ വഴിവന്നതാണോ....?

ഭൂമിയില്‍ കാമുകി കാമുകന്മാര്‍
തീര്‍ത്ത സങ്കല്പലോകത്തില്‍
ചുംബന നിശ്വാസങ്ങള്‍ തളിരിട്ടുലയവേ
മോഹങ്ങള്‍ ചിറകുവെച്ച്
പറന്നതാണോ...?

ചിത്ര ശലങ്ങളേ...ചിത്ര ശലഭങ്ങളേ
നിങ്ങള്‍ക്കെങ്ങനെ കിട്ടിയിത്ര ഭംഗി..?

അല്പായുസെങ്കിലും ചിത്രശാരികേ...
തപ്ത നിശ്വാസങ്ങളായ്
നിങ്ങളെന്‍ ഉള്‍പ്പൂവില്‍
സ്വപ്ന പരാഗരേണുവായി
എത്തുകില്‍
എത്ര ധന്യനാമൊരു
ചിത്രകാരനായിരുന്നേനെ ഞാന്‍...!!

2013, ഓഗസ്റ്റ് 14, ബുധനാഴ്‌ച

റിവേഴ്സ് ഗിയറില്‍ ഒരു ശിഷ്യന്‍...



ആശാനടുത്തുതന്നെയുണ്ട്.........
ഇല്ലാ മീശ വിറപ്പിക്കുന്നുമുണ്ട്
എങ്കിലുമാശ്വാസമതൊന്ന് മാത്രം
ഊശാന് താടി ചൊറിയുന്നുണ്ടെനിക്ക്
ഇടയ്ക്കിടയ്ക്ക്..........
ദോഷം പറയുരുതല്ലോ
ആ നാട്യമെനിക്ക് പണ്ടേയില്ല....!
ആശങ്ക പെരുത്ത് സ്റ്റിയറിംഗ്
വളയത്തിന്നു ചോട്ടില് ഞാനിരിപ്പൂ
ആശാനടുത്തുണ്ടല്ലോ.......?
ആശ്വാസമതൊന്ന് മാത്രം

നാശം കിടക്കുന്നത് കണ്ടില്ലേ
റോഡുമുഴുവന് കുണ്ടും
കുഴിയുമായിട്ട്......
പോസ്റ്റുകള്‍ റോഡിലേക്കിറങ്ങി
വന്നെത്തി നോക്കുന്നതു പോലുണ്ടല്ലോ...
പാണ്ടി ലോറികള്‍‌ പാഞ്ഞടുക്കുന്നുമുണ്ട്
പ്രാന്ത് പിടിച്ചോടുന്നുണ്ട് പ്രൈവറ്റ്ബസുകള്‍ 
പിന്നിലുണ്ടല്ലോ ആനവണ്ടിയൊരെണ്ണം
മുക്കിമൂളി ഞരങ്ങിവലിഞ്ഞും.....

കുട്ടികള്‍ പുസ്തകക്കെട്ടുമായി
എടുക്കാച്ചുമടും ചുമന്ന് മണ്ടിനില്ക്കും
കഴുതകളെപ്പോലെ റോഡരികില്‍ നില്പുണ്ട്
വട്ടം പിടിച്ച് ചാടുവാനായി...

കുട്ടിയുടുപ്പിട്ട ചെത്തു പയ്യന്മാര്‍
പൃഷ്ടത്തിന്‍ പാതിയും കാണിച്ച്
വെട്ടുകിളികളെപ്പോലെ മുട്ടിയുരുമ്മി
തലങ്ങും വിലങ്ങും പാഞ്ഞു പോകുന്നുമുണ്ട്

ഒട്ടും പിറകിലല്ല..പത്ത് നാല്പതാണ്ടുകള്‍
പിന്നിട്ടോരാന്റിമാരും
സീറ്റൊട്ടും തികയില്ലങ്കിലെന്ത്
രണ്ട് ചക്രവണ്ടിപ്പുറത്ത്
മറ്റൊരിരുചക്ര വണ്ടിപോലെ
വെച്ചു പിടിക്കുന്നുണ്ട്...എന്തിനെന്നോ

നാടോടുമ്പോള്‍ നമ്മളും 
നടുകെ കയറിയോടിടേണ്ടേ...?
നാലുചക്രവാഹനമൊന്നോടിച്ച്
കാണിച്ചിട്ടാ നാണക്കേടൊന്ന് മാറ്റിടേണ്ടേ..?
നാളുകളായി തുടങ്ങിയെങ്കിലും
ക്ലച്ചും, ബ്രേക്കും ആക്സിലേറ്ററും
തമ്മില്‍ കെട്ടുപിണഞ്ഞു കിടക്കുന്നു
ചോദ്യ ചിഹ്നങ്ങളായി മനസ്സിലിപ്പോഴും
ഒറ്റ ഗിയര്‍ മാത്രം മതിയായിരുന്നല്ലോ
വണ്ടിക്ക്.....!

ആശാനടുത്തുണ്ട്........
ആശ്വാസമതൊന്ന് മാത്രം...!! 

ആശാന്റെ കീശയില്‍ ഫോണ്‍കിളി
ചിലയ്ക്കുന്നുണ്ടിടയ്ക്കിടെ....
ആങ്ങേത്തലയ്ക്കലെപ്പോഴും
പെണ്‍ സ്വരം മാത്രം......!

പിന്നിലെ സീറ്റിലും തിങ്ങി
ഞെരുങ്ങിയിരിപ്പുണ്ട്
ഊഴവും കാത്ത് സുന്ദരീ തരുണികള്‍
രണ്ടുമൂന്നെണ്ണം.......!
ഇടയ്ക്കവരെന്തോ അടക്കം 
പറഞ്ഞ് ചിരിക്കുന്നുണ്ടല്ലോ.....
എന്നെക്കുറിച്ചായിരിക്കുമോ......?

ആശാനും നോട്ടമങ്ങോട്ടെറിഞ്ഞ്
അവരോടൊപ്പം പങ്കുചേരുകയാണല്ലോ...

ആശാനു ശൃംഖാരം......
ശിഷ്യനോ നെഞ്ചുരുക്കം....!
എങ്കിലുമാക്ഷേപം മാത്രം പറയരുതല്ലോ
ആപത് ഘട്ടങ്ങളിലെല്ലാം ആ കൈ
നീണ്ടുവരുന്നുണ്ട്........

പോകെ...പോകെ........
പെട്ടന്നേതോ കാട്ടുമൂലയില്‍
ആശാന്‍ വണ്ടി ചവിട്ടി നിറുത്തുന്നു
ഇന്നത്തെയെന്റെ ഊഴം കഴിഞ്ഞെന്നു
തോന്നുന്നു......
എന്തൊരാശ്വാസം......!
ഇനി ഞാനൊന്ന് നെടുവീര്‍പ്പിടട്ടെ....
 പിന്നെയുമെന്തോ മുറിഞ്ഞ  ചിന്തയില്‍
കുരുങ്ങി ഞാന്‍ നില്ക്കെ
വീണ്ടുമാശാന്റെ സ്വരം മുഴങ്ങുന്നു
ടെസ്റ്റിനു ഡേറ്റു കിട്ടിയിട്ടുണ്ടതു
പറയാന്‍ മറന്നു പോയി.....
പെട്ടന്നു തന്നെ എച്ചെടുത്ത് പഠിക്കണം
ഇത്തവണ പാസാകുമതച്ചെട്ടുറപ്പ്..
അതിന്നുമുന്നെ ഫീസുമുഴുവന്‍ തരണം
കുടിശ്ശികയില്ലാതെ.....

ക്ലച്ച്...ഗിയര്‍..ആക്സിലറേറ്റര്‍
ആശങ്കയെനിക്കിപ്പോഴും 
വിട്ടൊഴിയുന്നില്ല 
ആശാന്റെ വിശ്വാസം 
ആശാനെ രക്ഷിക്കട്ടെ........!!

( ആശാന്റെ വിശ്വാസം ശിഷ്യനെ രക്ഷിക്കുമോ...ആവോ..? )