ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2013, ഏപ്രിൽ 30, ചൊവ്വാഴ്ച

ലിഫ്റ്റ് ചോദിച്ച് ഒരാള്‍....

ലിഫ്റ്റ് ചോദിച്ച് ഒരാള്‍
വഴിവക്കില്‍ നില്പുണ്ട്....
എവിടെയോ കണ്ടു മറന്നതുപോലെ
തോന്നുന്നുവല്ലോ..
പിച്ചക്കാരന്റേതു പോലുളള വേഷം
അല്ലങ്കിലൊന്ന് നിര്ത്തിക്കൊടുക്കാമായിരുന്നു

പകല്‍ മുഴുവന്‍ കെട്ട മഴയായിരുന്നല്ലോ
ഇപ്പോഴും ചാറ്റല്‍ മാറിയിട്ടില്ല
ഇരുട്ടു കനച്ചു കുറുകിക്കിടക്കുന്നു

ഒട്ടും പരിചയഭാവം നടിക്കാത
വെട്ടിത്തിരിച്ച് ആരേയും കാണാത്ത
മട്ടില്‍ പോകുവാനായ്
ഞാന്‍ ആക്സിലേറ്ററില്‍
പിടി മുറുക്കവേ............
പെട്ടന്ന് വട്ടം പിടിച്ചയാള്‍
റോഡിന് നടുക്ക് കയറി നില്ക്കുന്നു
ദിക്കു പോലും ചോദിക്കാതെന്റെ
ബൈക്കിന് പിറകില്‍ ചാടി
കയറിയിരിക്കുന്നു......
ഒത്തൊരാശ്വാസ ശബ്ദം പുറപ്പെടുവിക്കുന്നു
കട്ടിയുളള മഴക്കോട്ടു ഞാനണിഞ്ഞിരുന്നെങ്കിലും    
അയാളുടെ ഉച്ഛ നിശ്വാസമെന്റെ തോളില്‍
അറപ്പോടെ വന്നു തട്ടുന്നു......

എവിടേക്കാണ്.....?
ഒട്ടു കനത്തില്‍ ഞാന്‍ ചോദിക്കുന്നു
നിങ്ങള്‍ പോകുന്ന ദിക്കിലേക്കു തന്നെയെന്നുത്തരം

ബൈക്കിനു ബ്രേക്കില്ല....
ടയറു മുഴുവന്‍ മൊട്ടയടിച്ചു പോയി
എന്തൊരു കഷ്ടമാണ്......
സ്വിച്ചിന്റെ കുഴപ്പമാണെന്നു തോന്നുന്നു
ഇടയ്യിടയ്ക്കതിന്റെ ലൈറ്റു കെട്ടു പോകുന്നുമുണ്ട്
റോഡുമുഴുവന്‍ വെളളം പുഴപോല
കയറിക്കിടക്കുകയാണ്
കുണ്ടും കുഴിയും തിരിച്ചറിയനേ വയ്യ.....

ഇത്തിരി അസഹ്യതയോടെ
ഞാനെന്റെ ബുദ്ധിമുട്ടുകള്‍ നിരത്തവേ
ഒട്ടും കൂസലില്ലാതൊരുവിഡ്ഢിച്ചിരി മാത്രം
ചിരിച്ചുകൊണ്ടയാള്‍ പറയുന്നു

എത്ര നേരമായി സുഹൃത്തേ
ഞാനീ വഴിവക്കില്‍ ലിഫ്റ്റ്
ചോദിച്ച് നില്ക്കുവാന്‍ തുടങ്ങിയിട്ട്
ആരും കണ്ടതായിപ്പോലും നടിക്കുന്നില്ല
രാത്രിയിലുണ്ടായിരുന്നൊറ്റ വണ്ടിയും
ട്രിപ്പു മുടക്കിയല്ലോ.....
നശിച്ച മഴകാരണമിന്നാരും
പുറത്തേക്കിറങ്ങിയിട്ടില്ലന്ന്
തോന്നുന്നു.......

ഒത്തിരി ദൂരമുണ്ടല്ലോ ചെന്നെത്തുവാന്‍
എന്തെങ്കിലും മിണ്ടിയും പറഞ്ഞും പോയാല്‍
ഒട്ടും മുഷിയാതങ്ങെത്താം

എന്തും സഹിക്കും ഞാന്‍
കിണ്ടി കിണ്ടിയുളള ഈ വര്ത്തമാനം
അതൊന്നൊഴിച്ച്.........
പണ്ടാരം കയറിയിരിക്കുന്നത്
കണ്ടില്ലേ.........
സഹിക്കുകതന്നെ...അല്ലാതെന്ത് മാര്ഗ്ഗം

മുട്ടിയിരുന്നല്പം ലോഹ്യത്തില്‍
അയാള്‍ തുടരുന്നു.....
തട്ടുകട വല്ലതും കണ്ടാല്‍
ഒന്നു നിര്ത്തണേ.....
കട്ടനടിച്ചിട്ടുളളു ചൂടാക്കിയിട്ട് പോകാം
രാവിലേ ഒരു വെറും കാലിച്ചായ
മാത്രം കഴിച്ചുകൊണ്ടിറങ്ങിയതാണ്
അപ്പൊഴേക്കും മഴ ചീറിത്തുടങ്ങി
കൊച്ചു കുട്ടിയൊരണ്ണമുണ്ടേ വീട്ടില്‍
ഒട്ടും വിചാരിക്കാതെ ജനിച്ചതാണേ
ജനിച്ചന്നു മുതല്‍ രോഗമാണ്
നെഞ്ചിന്‍ കൂടിനുളളില്‍
പ്രാണന്റെ പ്രാവുകള്‍ കുറുകി
വലിക്കുന്നതു കണ്ടിട്ട്
ഡോക്ടറെകണ്ട് മരുന്നു
വാങ്ങി വരും വഴിയാണേ
പെട്ടു പോയി...പെരു മഴയില്‍

പെട്ടന്നയാളോടെനിക്കെന്തോ
കഷ്ടം തോന്നി.....
ഭാര്യയും ആ കൊച്ചുകുഞ്ഞും
കാത്തിരിക്കുന്നുണ്ടാമയാളെ
ചിത്രമതൊന്നെന്നെയും
പിന്തുടരുന്നുണ്ടല്ലോ.....
ബൈക്കിന് പിറകിലിത്തിരി മുറുകെ
പിടിച്ചോളാന്‍ ഞാനയാളോട് പറയുന്നു

എത്ര ഓടിച്ചിട്ടും വളഞ്ഞും പുളഞ്ഞും
ചത്ത പെരുമ്പാമ്പ് പോല്‍
അട്ടു നാറി വഴി നീണ്ടുകിടക്കുന്നു
കട്ടപിടിച്ചോരിരുട്ടിന്റെ ആത്മാവില്‍
നിന്നേതോ പക്ഷികള്‍ കരയുന്നുമുണ്ട്
കട്ടന്‍ ചായയുടെ കാര്യമയാള്‍
മറന്നെന്നു തോന്നുന്നു......

ദൂരെയെവിടെയോ മഴയിരമ്പുന്നുണ്ട്
വെളിച്ചങ്ങളൊക്കെ കെട്ടു പോയിരിക്കുന്നല്ലോ
ചുറ്റിലും........

പോകപ്പോകെ പിന്നില്‍ നിന്നും
ഒട്ടും മയമില്ലാതെയെന്‍
ചുമലി‍‍ല്‍ തട്ടിക്കൊണ്ടയാള്‍ പറയുന്നു
അക്കരേക്കല്ലേ പോകുന്നത്
മലവെളളം വന്നു തിങ്ങി
പാലം കവിഞ്ഞൊഴുകുന്നെന്നൊരു
വര്ത്തമാനം കേട്ടു.....
ഒത്തിരി സൂക്ഷിച്ചു പോകണേ..
മഴവീണ്ടും കോരിച്ചൊരിയാനൊരുങ്ങുന്നുണ്ട്
ഒറ്റനക്ഷത്രം പോലുമില്ല
വീട്ടിലൊറ്റ മുറി മാത്രമേയുളളൂ
അല്ലങ്കില്‍ ഞാനൊപ്പം വിളിച്ചേനെ....

ഇറക്കം ഇറങ്ങി ചെല്ലുമ്പോള്‍
മടന്തവളര്ന്നോരു ചതുപ്പുണ്ട്
അതിന്നല്പമിടത്തോട്ടു നടന്നാല്‍

എന്റെ വീടെത്തുകയായി
ഒത്തിരിനന്ദിയുണ്ട്.......
അവിടെത്തുമ്പോളൊന്ന് നിര്ത്തണേ....

പെട്ടന്നായിരുന്നല്ലോ......
പറഞ്ഞുതീരുന്നതിന്‍ മുമ്പേ
വണ്ടി റോഡിലേതോ ഗര്ത്തത്തില്‍
ചെന്നു പതിച്ചതും.....
വീണുപോയി........
എന്തോമഹാഭാഗ്യം എനിക്കൊരു
പോറല്പോലു മേറ്റില്ല.....

പിന്നിരിരുന്നയാള്‍ തെറിച്ച്
ദൂരെ റോഡില്‍ വീണു കിടപ്പുണ്ട്
ആര്ത്തനാദമുയരുന്നത്
കാറ്റില്‍ നേര്ത്തു നേര്ത്തില്ലാതാകുന്നു
കട്ടപിടിച്ചോരിരുട്ടില്‍ ഒന്നും വ്യക്തമല്ല
എത്രവിളിച്ചിട്ടുമനക്കമില്ല.....
കഷ്ടകാലം വന്നുകയറുന്നതെങ്ങനെയെന്ന്
ഒരു നിശ്ചയവുമില്ലല്ലോ.....
എത്ര സാക്ഷി പറഞ്ഞിനി നടക്കണം
ഞാന്‍.......
തക്കം കിട്ടുമ്പോള്‍ നിങ്ങളുമെന്നെ
ചിത്രവധം ചെയ്യില്ലേ..നിശ്ചയം

ചുറ്റുവട്ടത്തെങ്ങുമാരുമില്ല
ഒരു കൊച്ചു നിഴലനക്കം കൂടിയില്ല

ഇടയ്ക്ക് കൊളളിയാന്‍ വന്ന്
പുളഞ്ഞു പോകുന്നു
ഉള്ഭയംകൊണ്ടേറെ സംഭ്രമത്തോടെ
ഞാനോടി നടന്നു.....
കൊച്ചു ഫോണുളളത് വെളളം കയറി
നിശ്ചലമായിരിക്കുന്നു.....

ദൂരെയേതോ കൂരതന്‍ ഇറയത്ത്
ഒരു കൊച്ചുതിരിനാളം
മാത്രമെറിയുന്നുണ്ട്.....
എപ്പോള്‍ വേണമെങ്കിലും
കെട്ടു പോകാമെന്ന സന്ദേഹത്തോടെ.....
ചെളിവഴുക്കലില്‍ തെന്നിവീഴാതേറെ പാടുപെട്ട്
ഞാനാവീടിന്റെ മുന്നിലെത്തുന്നു....

ചീര്ത്തകനച്ച പഴം തുണിക്കെട്ടു
പോലുരു വൃദ്ധ ഉമ്മറത്താരയോ
 കാത്തിരിക്കയാണല്ലോ..

ഇരുട്ടിലെന്‍ നിഴലനക്കം കണ്ടവര്‍
പറയുന്നു
നീയെന്താണിത്ര താമസ്സിച്ചത്
മഴ തോര്ന്നിട്ടെത്ര നേരമായി
കുഞ്ഞിനിത്തിരി കൂടുതലാണ്
രാത്രിയില്‍ വണ്ടി വിളിക്കണമെന്നു
തോന്നുന്നു.......

ഒന്നും മിണ്ടിയില്ല ഞാന്‍
ഇരുട്ടില്‍ത്തന്നെ പതുങ്ങി നിന്നു
പിന്തിരിഞ്ഞു നടക്കുകയാണ് ഞാനും.....
ആര്ത്തലച്ചുകൊണ്ടെത്തുന്നുണ്ട്
വീണ്ടുമൊരു പേമാരി........!.

( ഇതുപോലൊരു അനുഭവം നിങ്ങള്ക്കാര്ക്കുമുണ്ടാതിരിക്കട്ടെ..........)



2013, ഏപ്രിൽ 24, ബുധനാഴ്‌ച

നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ .......

നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍
ജയവും പരാജയവുമില്ലാത്തൊരു    
മത്സരത്തിന്നൊടുവില്‍ ................
വര്ണ്ണ തിരശ്ശീല മാറ്റിയാല്‍
കാണുന്നതാണ് മത്സര മണ്ഡപം
ദ്രുതവേഗ ചോദ്യങ്ങളില്ല
കയറിപ്പറ്റുവാന്‍
ചടുല താളത്തില്‍  കഥ പറഞ്ഞിരിക്കാന്‍
അവതാരകരാരുമില്ല.....

ഇടവിടാതെ ചോദ്യങ്ങള്‍
അശരീരി പോലെ ഉയര്ന്നുകൊണ്ടിരിക്കും
ചോയിസുകളൊന്നുമില്ല
ഉത്തരം പറയണമെന്നൊട്ട്
നിര്ബന്ധവുമില്ല
അല്ലങ്കിലുത്തരമുളള ചോദ്യങ്ങളു
മാകണമെന്നില്ല..... 

നിറുത്താത്ത കാലൊച്ചയുമായി
ഇടതടവില്ലാതെ മണിക്കുട്ടിമാത്രം
ഒട്ടും മടുപ്പില്ലാതോടിക്കൊണ്ടിരിക്കും
ഇടയ്ക്കതിനെയൊന്ന് നിര്ത്തി വീണ്ടും
തുടരാമെന്നുമാത്രം നിനയ്ക്കേണ്ട ....
നടുനിവര്ത്തി മടുപ്പൊന്നു മാറ്റുവാന്‍  
വെറുതെ ഒരു നെടുവീര്പ്പിടാന്‍ ....
ഇടവേളകളൊന്നുമില്ല
സുരക്ഷിത താവളങ്ങളില്ല
പരസ്യത്തിന്റെ പകര്ന്നാട്ടമില്ല

നിങ്ങള്‍ക്കുളളിലുമുണ്ടല്ലോ
വെറുതേ സ്പന്ദിച്ചു കൊണ്ടിരിക്കുന്നൊരു
മണിക്കുട്ടി.....
അതിന്‍ അവസാന താളം വരെ നിങ്ങള്‍
കാത്തിരിക്കുക....
കാഴ്ചക്കാരായി കരക്കാരൊക്കെ
ഒത്തു കൂടും....   
ഒടുവില്‍ നിങ്ങള്‍ക്കും കിട്ടും
ഒരു കോടി സമ്മാനം...... !              

നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍
ജയവും പരാജയവുമില്ലാത്തൊരു
മത്സരത്തിന്നൊടുവില്‍ ...............!.
( കവിതയോടൊപ്പം ചേര്ത്തിരിക്കുന്ന പെയിന്റിങ്ങിന് ഗൂഗിള്‍ -പിക്കാസയോട് കടപ്പാട്  )

2013, ഏപ്രിൽ 23, ചൊവ്വാഴ്ച

ഞാന്‍ മഠത്തില്‍ ഗണേശന്‍ MA, MEd.

ഇന്നലെ ഉച്ചയടുപ്പിച്ച്
എനിക്കൊരു ഉള്‍വിളി  തോന്നി
ഞാനന്നേരേ  ലീവുമെടുത്ത്
വീട്ടില്‍ പൊന്നേ .....
ഉള്ളിലിരുന്നു മുളളുപോല്‍  മുളക്കുന്നുണ്ട്
ചില ചോദ്യങ്ങള്‍
എനിക്കതിന് ഉത്തരം
കിട്ടിയേ മതിയാകൂ .......                                                        

എത്ര ശരിയായിരുന്നു
ഞാന്‍ ഉള്ളില്‍ വിചാരിച്ചത്..?
വീട്ടില്‍ വഴിയോരത്തയിട്ടു-
ണ്ടായിരുന്നല്ലോ നീല നിറമുള്ള
ബൈക്കൊരെണ്ണം
പൂമുഖപ്പടവില്‍ പരിചയമില്ലാത്ത
ചെരുപ്പും കിടപ്പുണ്ടയിരുന്നല്ലോ .
എത്ര ആലോചിച്ചിട്ടും ഒരെത്തും
പിടിയും കിട്ടുന്നില്ല
ആരുടെതാണ് ആ ചെരുപ്പെന്ന്
വാതിലകത്തു നിന്ന് കുറ്റിയിട്ടിട്ടുമുണ്ട്

ഒന്നു തീര്ച്ച..........
ആരോവന്നു കയറിയിട്ടുണ്ട്...
ഞാനില്ലാത്ത തക്കം നോക്കി
കുറച്ചേറെ നാളായി മണക്കുന്നുണ്ടിവിടെ
മൊത്തത്തിലുള്ളൊരു ചുറ്റിക്കളി
ചിലപ്പോഴൊക്കെ ഒരന്യവിയര്പ്പിന്റെ
ഗന്ധവും  മണക്കുന്നുണ്ട്......

വന്നതു നന്നായി.......
കളളനെ ഞാനിന്ന് കൈയോടെ
പിടികൂടും
വീടിനു ചുറ്റും നടന്നു ഞാന്‍
ചെവിവട്ടം പിടിച്ചു നോക്കി
ഇക്കിളിപുറണ്ട വര്ത്തമാനങ്ങളകത്തുനിന്ന്
വേലി ചാടി വരുന്നുണ്ടോ....?

വിയര്ത്തുഷ്ണിച്ചവനിറങ്ങി വരുമ്പോള്‍
ഭിത്തിയോടു ചേര്ത്തു നിര്ത്തി
ഒക്കുമെങ്കില് രണ്ടു ചാര്ത്തു കൊടുക്കണം
കുറ്റക്കാരിയാക്കി അവളെന്റെ ഭാര്യയെ
എന്നും വാക്കിന്‍ മുനയില്‍ നിര്ത്തണം

ഞാനുമായി തട്ടിച്ചു നോക്കുമ്പോള്‍
അവള്ക്കിത്തിരി സൌന്ദര്യം
കൂടുതലാണേ......സമ്മതിച്ചു
തങ്ങളിലുണ്ടല്ലോ പ്രായത്തിലല്പം
അന്തരവും.....
പത്താം ക്ലാസ്സില്‍ പഠിക്കുന്നൊരു
പയ്യന്റെ അമ്മയാണന്നവളെ കണ്ടാല്‍
ആരും പറയില്ലത്രെ........!
തമ്മില്‍ നടന്നു പോകുമ്പോള്
മകളാണോയെന്നാള്ക്കാര്ക്ക്
സന്ദേഹമത്രെ......!

എന്നാലെന്ത്............?
എല്ലാകാര്യങ്ങളും ഞാന്
ഭംഗിയായി നോക്കി നടത്തുന്നില്ലേ..?.
എത്ര വിളഞ്ഞാലും ഇത്ര അഹമ്മതി
പാടുണ്ടോ കുടുംബത്തില്‍ പിറന്ന
പെണ്ണുങ്ങള്ക്ക്......

ഒത്തിരി നേരം നിന്നന്റെ
ക്ഷമകെട്ടു......
ഒരുള്ക്കിടിലമോടെ ഞാന്‍
കാളിംഗ് ബെല്ലില്‍
വിരലമര്ത്തുന്നു
രക്തം തിളച്ചു ഞാന്‍
മുഷ്ടി ചുരുട്ടി നിന്നു

വാതില്‍ തുറക്കുവാനുളള
താമസം കണ്ടോ...?
ഉള്ളിലെവിടെയോ പതുങ്ങുന്നുണ്ടവന്‍

പെട്ടന്ന് വാതില്‍ തുറന്ന്
സുന്ദരിക്കോത എന്റെ ഭാര്യ
മുന്നില്‍ നില്ക്കുന്നു
ഒട്ടും പരിഭ്രമം കാണാനില്ലാ മുഖത്ത്
അല്ലേലും കളളത്തരത്തിന്
പണ്ടേ ഡിഗ്രിയെടുത്തവളല്ലേ.....
മുടിയാകെയഴിഞ്ഞുലഞ്ഞിട്ടുണ്ട്
നെറ്റിയില്‍ വിയര്പ്പു പൊടിഞ്ഞിട്ടുമുണ്ട്

ഉച്ചയ്ക്കു കിടന്നു ഞാനൊന്ന്
മയങ്ങിപ്പോയി........
എന്താണിത്ര നേരുത്തെ
എന്നവള്‍ ചോദിക്കുന്നു
ഉത്തരമൊന്നും പറഞ്ഞില്ല ഞാന്‍
പല്ലു ഞെരിഞ്ഞെനിക്ക് രക്തം
ചുവയ്ക്കുന്നു.....

അകത്തു കയറി മുറി മുഴുവന്‍ ഞാന്‍
തന്ത്രത്തില്‍ പരതുന്നു
ശങ്കതീര്ക്കാനെന്നവണ്ണം
ബാത്റൂമിലും കയറുന്നു
ഒന്നു കുനിഞ്ഞ് കാലില്‍
ചൊറിയാനെന്നവണ്ണം കട്ടിലിന്നടിയിലും
നോക്കുന്നു......
ഇല്ല ആടു കിടന്നിടത്തു പൂടപോലും
കാണാനില്ലശേഷം...!

ഇത്രപെട്ടന്നവന്‍ എവിടെ പോയൊളിച്ചു
പിന്നാമ്പുറത്തെ വാതില്‍
തുറന്നു പോകുവാനേ വഴിയുളളൂ
എന്തായാലും വഴിയില്‍ വെച്ചിരിക്കുന്ന
ബൈക്കെടുക്കാന്‍ വരാതിരിക്കില്ലല്ലോ....
അപ്പോള് പിടിച്ചോളാം

പൂമുഖത്തേക്കു ഞാനൊന്നിറങ്ങി നിന്നു
രാവിലെ കൊണ്ടു പോയ ചോറുകഴിച്ചില്ലേ....?
ചോദ്യശൃംഖാരവുമായി ഭാര്യ പിറകെ കൂടുന്നു

മുറ്റത്തുകിടക്കുന്ന ഇട്ടുപഴകാത്ത
അജ്ഞാതമാം ആ ചെരുപ്പാരുടേതാണെന്ന്
ഞാനുച്ചത്തില്‍ ചോദിക്കുന്നു .....

പെട്ടന്ന് പൊട്ടിമുളച്ചതുപോലുണ്ട്
എവിടെനിന്നോ പത്താം ക്ലാസ്സില്‍
പഠിക്കുന്നൊരെന്‍ മകന്
പ്രത്യക്ഷപ്പെടുന്നു......

ചെരുപ്പു ഞാന്‍ രാത്രിയില്‍
ട്യൂഷന് പഠിക്കുന്ന വീട്ടില്‍
നിന്നുമറിയാതെ മാറിയിട്ടു
കൊണ്ടു വന്നതാണച്ഛാ.....
അതിന്റെ പേരിലിനി ഒറ്റ ഇരട്ട
പറഞ്ഞു കലഹിക്കേണ്ടാ...
ഇനി ചെല്ലുമ്പോള്‍ എന്തൊരു
നാണക്കേടാകും......

മനസ്സിന് കനമൊന്നു കുറഞ്ഞു
പക്ഷേ..?.
ഇത്തിരി നേരം കൂടി കഴിഞ്ഞപ്പോള്‍
വഴിവക്കിലിരിക്കും ബൈക്കിന്നരികിലേക്കൊരാള്‍
കക്ഷത്തിലോരു ബുക്കും പിടിച്ചു വരുന്നതു കണ്ടു
കറണ്ട് ബില്ലു ചാര്ത്തിക്കൊടുക്കാന്‍
വന്ന മീറ്റര് റീഡറാണ് ....പാവം

ചേട്ടാ കറണ്ട് ബില്ലിന്ന് നമുക്കും കിട്ടി
ആയിരത്തി അഞ്ഞൂറു രൂപാ.....
വീട്ടിനകത്തു നിന്നും
ഭാര്യ വിളിച്ചു പറയുന്നു....

( സത്യം പറയൂ......... ഈ തളത്തില്‍ ദിനേശനും, മഠത്തില്‍ ഗണേശനുമൊക്കെ അല്പം വലിപ്പ, ചെറുപ്പ വ്യത്യാസത്തില്‍ നിങ്ങള്ക്കുമിടയിലില്ലേ ......? )

2013, ഏപ്രിൽ 19, വെള്ളിയാഴ്‌ച

ചില ഒന്നാം തീയതി കയറ്റങ്ങള്‍.........

ഇന്നലെ ഒന്നാം തീയതി വിഷുവിന്
വന്നുകയറിയതാരാണ് ആദ്യമായി
പത്രക്കാരന്‍ പയ്യനെ ചിത്രത്തില്‍ കൂട്ടേണ്ട.....
ഗേറ്റു കടന്നു വരില്ലവനൊരിക്കലും



നിത്യവും വെളുപ്പിന് പാലുമായെത്തുന്ന
കൊച്ചു പെണ്കിടാവിന്റെ
മുഖം മാത്രം മനസ്സില്‍തെളിയുന്നു
ഒട്ടുമുറക്കം മാറിയിട്ടില്ലാകണ്കളില്‍
കവിളില്‍ കണ്ണീരുപ്പ് പറ്റിപ്പിടിച്ചോരു
പാടുമുണ്ടല്ലോ.....

എന്നത്തേയുമെന്നപോല്‍
ഇന്നലെയന്തിക്കവളുടെ
അച്ഛന്‍ വന്നു കയറിയ നേരത്ത്
എന്തൊരൊച്ച വഴക്കും
നിലവിളിയുമായിരുന്നാ വീട്ടില്‍

നിത്യം പതിവുള്ളൂതായതിനാല്‍
ഒട്ടും കൌതുകം തോന്നിയതേയില്ല

മുറ്റത്തുവന്നു നിന്നാ പെണ്കുട്ടി
ചേച്ചീയെന്നൊരറ്റവാക്ക് മാത്രം
വിളിക്കുന്നു
ചൂടു പറക്കും കട്ടന്‍ ചായതന്നാവിയില്‍
ആരും തുറക്കാത്ത പത്രത്താളിന്റെ
ഗന്ധം മണത്തു
വാര്ത്തകളോരോന്നായി
മൊത്തിക്കുടിച്ചുഞാന്‍
പൂമുഖത്ത് തന്നെയിരിക്കയായിരുന്നല്ലോ...

കൊച്ചേ നീയിനി എത്രാം ക്ലാസ്സിലാണന്നു                                  
ചോദിച്ചപ്പോള്‍..... 
വെറും മൂന്നെന്നുമാത്രം ഉത്തരം
പറഞ്ഞവള്‍ മിണ്ടാതെ നില്ക്കുന്നു
ഒച്ച ബഹളങ്ങള്‍ കേട്ടിട്ട്
നിന്റെയച്ഛനു ഈയിടെയായി സംശയം
അല്പം കൂടുതലാണെന്ന് തോന്നുന്നല്ലോ
എന്നൊരുചോദ്യം നാവിന്‍ തുമ്പില്‍
വന്നു  തുടിക്കേ ....
പെട്ടന്ന് ഭാര്യ കണ്ണുംകലാശവും
കാട്ടിയെന്നെ അകത്തേക്കു
വിളിച്ചിട്ടു പറയുന്നു....
ഒന്നാം തീയതി വിഷുവിന്
വന്നുകയറിയോരു കോലം കണ്ടില്ലേ
ദാരിദ്ര്യം പടികടന്നെത്തുവാന്‍
പിന്നെന്തങ്കിലും വേണോ...

ഗേറ്റു താഴിട്ട് പൂട്ടിയിരുന്നങ്കില്‍
പാലുപാത്രമവള്‍ മതിലിനു മുകളില്‍
വെച്ചിട്ടു പോകുമായിരുന്നല്ലോ..
എന്തൊരു മണ്ടത്തരമാണ്
നിങ്ങള്കാണിച്ചത്
അതല്ലേലും പണ്ടേയങ്ങനെയല്ലേ...
പാത്രമത് തിണ്ണമേല്‍ വെച്ചിട്ട്
പൊയ്ക്കൊളളാനവളോട് പറയുക

വിഷു പുലരിയില്‍ നിറപാത്രവുമായി
വന്നവളല്ലേ.... .
എങ്ങനെ ഞാനവളെ വെറും കൈയോടെ
പറഞ്ഞയയ്ക്കും
കൈ നീട്ടമെന്തെങ്കിലും കൊടുക്കേണ്ടതല്ലേ...

പോക്കറ്റില്‍ നിന്നും വിയര്‍ത്ത്
ഉഷ്ണിച്ചോരു പത്തുരൂപാ നോട്ടു
തപ്പിയെടുത്തു ഞാനവള്‍ക്ക്
നേരെ നീട്ടുന്നു
നഗ്നമാം ആ കൊച്ചു കൈത്തണ്ടകള്‍
നോക്കിയഞ്ചാറ് കുപ്പിവളകള്‍
വാങ്ങിച്ചിടാന്‍ പറയുന്നു
നോട്ട്  ചുരുട്ടി കൈയില്‍ വെച്ചുകൊണ്ട്
അവള്‍ എന്നേ നോക്കുന്നു
ആയിരം കൊന്നപ്പൂക്കള്‍ കൊണ്ടുള്ളോരു
കണി പെട്ടന്നവളുടെ കണ്‍കളില്‍
മിന്നിമായുന്നു...

എന്തോ പറയുവാനുള്ളത് പോലെ
എന്നിട്ടുമവള്‍ മുറ്റത്ത്‌ തന്നെ
നില്‍ക്കുകയാണല്ലോ ...
എന്താണ് കാര്യമെന്നു ഞാന്‍ ചോദിക്കേ
തൊണ്ടയിടറി ക്കൊണ്ടാവള്‍ പറയുന്നു

അമ്മയെഴുന്നെറ്റിട്ടില്ലിതേവരെ...
എത്ര വിളിച്ചിട്ടും കണ്ണു തുറക്കുന്നുമില്ല
കട്ടിലില്‍ ചോര പടര്‍ന്നു കിടപ്പുണ്ട്
ചോണനുറുമ്പുകള്‍ ദേഹത്തരിച്ചു
നടക്കുന്നുമുണ്ട്....
അച്ഛനെയൊട്ടു തിരഞ്ഞിട്ടു
കാണുന്നുമില്ല....
രാവിലെ വന്നു കറവക്കാരന്‍
പലുകറന്നു വെച്ചിട്ട് പോയതാണേ
അച്ഛ്ന്റെ നമ്പരുണ്ടെന്റെ കൈയില്‍
ഒന്ന് വിളിച്ചു പറയാമോ..... ?
വെക്കം വന്നമ്മയെ ആശുപത്രിയില്‍
കൊണ്ടുപോകാന്‍
അച്ഛന്റെ കൈയില്‍ കാശു കാണില്ല
ഇത്തിരി കാശു കടം തരുമോ..?
പാലിന്റെ കണക്കില്‍ പിന്നമ്മയോടു
പറഞ്ഞു  ചേര്ത്തുകൊളളാം

ഇന്നലെ സന്ധ്യക്ക് കുട്ടികള്‍
മുറ്റത്ത് പൊട്ടിച്ചെറിഞ്ഞേറെ രസിച്ച
വിഷുചിത്ര പടക്കങ്ങളില്‍
നിന്നുതെറിച്ച വര്ണ്ണക്കടലാസുകള്‍
മുറ്റത്തുമുഴുവന്‍ ചിതറിക്കിടപ്പുണ്ട്
തെല്ലിട കൌതുകംപൂണ്ടവളതു
നോക്കി നില്ക്കുകയാണോ..?

പത്രം മടക്കി ഞാന്‍ പൂമുഖത്തിട്ട്
മെല്ലെയിറങ്ങി നടന്നു അവളോടൊപ്പം
ഒന്നാം തീയതി ചെന്നു കയറുവാനായ് ..!

( ഈ കവിതയോടൊപ്പം ചേര്ത്തിരിക്കുന്ന ചിത്രം ഗൂഗിളില്‍ നിന്നും സെര്ച്ച് ചെയ്തെടുത്തിട്ടുളളതാണ്. മനോഹരമായ  ഈ ചിത്രം തെരഞ്ഞെടുക്കാന്‍ എനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. പ്രതിഭാശാലിയായ ആ ചിത്രകാരന് എന്റെ ആരാധനയില്‍ കലര്ന്ന നന്ദി..പ്രണാമം)




2013, ഏപ്രിൽ 18, വ്യാഴാഴ്‌ച

വിഷുസ്മൃതി


വിഷു വന്നു പോയി..........................
ഏതോ ഗൃഹാതുരത്തിന്‍ വിഷാദ സ്മൃതിയുമായ്
വാടിയ കൊന്നപ്പൂ നിന്നൂ വിതുമ്പി
വേനലുരുകിത്തിളച്ചൂ കിടന്നൂ
വേണു ഗാനവും നിലച്ചു പോയി
വേപഥു പുരണ്ടൊരീണങ്ങളായ്
നീലവാനിന്‍ കോണിലേതോ,
കാര്മുകില്‍ വേവലാതി പിടിച്ചൂ നടന്നു
നിത്യകാമുകനായ് സൂര്യന്‍ ജ്വലിച്ചൂ

നിഴല്‍ പോലെ ഭൂമിതന്‍ കൂടെ നടന്നൂ
ക്രുദ്ധനായി നോക്കി, ചിലപ്പോളവളുടെ

മുഗ്ധ സൌന്ദര്യം നുകര്‍ന്നൂ...
മഞ്ഞത്താലി കെട്ടി
കഴുത്തിലിട്ടൂ
സന്ധ്യ ചുവക്കുമ്പോ
ള്‍,

ആഴങ്ങളിലേക്കാഴ്ന്നിറങ്ങി
 ഏതോ വിസ്മൃതിയില്‍ 
നിത്യ കന്യയാം ഭൂമിയുറങ്ങവേ
 പൊന്‍ വെളിച്ചം തെളിച്ച്
 നഗ്നതാരുണ്യം കണികണ്ടുണര്‍ന്നൂ
മേടത്തി
ന്‍ ചില്ലയില് ഒരു മടിശ്ശീല കെട്ടി
ഏതോ നിശബ്ദമാം താരാട്ടു

പാട്ടിന്നീണവുമായി കാറ്റും
കാത്തിരുന്നു.......
.............................................
.................................................
വിഷു വന്നു പോയി..........................
 ഏതോ ഗൃഹാതുരത്തിന്‍ വിഷാദ സ്മൃതിയുമായ്

( എന്റെ ബ്ലോഗിംഗ് പ്രവര്ത്തനം തുടങ്ങിയ കാലത്ത് എഴുതി പോസ്റ്റു ചെയ്തതാണ് ഈ കവിത. പക്ഷെ വായനക്കാരില് നിന്നും ഒരു പ്രതികരണവുമുണ്ടായില്ല. ഈ വിഷുക്കാലത്ത് അത് റീപോസ്റ്റു ചെയ്യുന്നു )

2013, ഏപ്രിൽ 13, ശനിയാഴ്‌ച

കറണ്ട് പോയി....

കറണ്ട് പോയി .......മിന്നി..മിന്നി
പിന്നെയുമൊന്നു കണ്ണു ചിമ്മിയോ..?
എത്ര നേരമായി
നാശം....!
ഇന്നിനി വരുമെന്ന് തോന്നുന്നില്ല
കരഞ്ഞു കരഞ്ഞു തളര്‍ന്ന  പങ്കമാത്രം
ആശ്വാസം കൊണ്ടുറങ്ങി

തിരണ്ട പെണ്ണിനെപ്പോല്‍
ഇരുണ്ട രാത്രിഉഷ്ണിച്ചു കിടക്കുന്നു

കൊതിച്ചു കണ്ടോരു തുടര്‍  സീരിയലിന്റെ
രസച്ചരടു പൊട്ടിയതിന്‍  അരിശത്തില്‍ 
ഭാര്യ എവിടെയോ മുറുമുറുത്തിരിപ്പുണ്ട്
കഥയിലെ നായികയെപ്പോലവളെന്നെ
തുറിച്ചു നോക്കുന്നുമുണ്ട്

അവിഞ്ഞു നാറിയോരവിഹിത
ഗര്ഭത്തിന്റെ  ചുരുള്‍ നിവരുന്നോര്
എപ്പിസോഡായിരുന്നല്ലോ അത്...
പറഞ്ഞിട്ടെന്തുകാര്യം...
അറിയാതെനിക്കും തോന്നിപ്പോയി
അതിലൊരു കൗതുകം ....
ആരുമതറിയേണ്ട........!

കുട്ടികള്‍ ഇരുട്ടത്ത് പുസ്തകം
മടക്കിവെച്ച്
പട്ടിയും പൂച്ചയും പോല്‍
ഒച്ചവെച്ച് കളിക്കുന്നു....
ഇടയ്ക്ക് ശണ്ഠ കൂടുന്നു
അടക്കം പറഞ്ഞ്
അടുക്കിപ്പിടിച്ച് ചിരിക്കുന്നു
അവര്‍ക്കെന്തൊരാഹ്ലാദം
വെന്തു നീറുവാന്‍ ചിന്തകളൊന്നുമില്ലല്ലോ...

ഇടയ്ക്കിടയ്ക്ക് ഭാര്യ ഇരുട്ടില്‍
വെറുതെ തിരണ്ടി വാലുപോലുളള
ചോദ്യങ്ങള്‍ എനിക്കു നേരെ
എറിയുന്നുമുണ്ട്....

എത്രമാളായി പറയുന്നു
ന്‍വട്ടറൊരെണ്ണം വാങ്ങുവാന്‍
കുട്ടികള്ക്കൊത്തിരി പഠിക്കുവാനുളളതല്ലേ
പെണ്ണുങ്ങളുടെ വാക്കിനല്ലേലും
നിങ്ങള്ക്ക് പുല്ലുവില
പുറത്തേക്കൊന്നിറങ്ങി
കണ്ണു തുറന്നൊന്നു  നോക്കുക
ആണുങ്ങളെങ്ങനെ ജീവിക്കുന്നുവെന്നറിയാന്‍

അതിനുളള പുളിങ്കുരു
നിന്റെ വീട്ടില്‍ നിന്നു തരുമോ....
എന്നെനിക്കവളോട്
 ചോദിക്കണമെന്നു്ണ്ടെങ്കിലും
ഉള്ളിലുളള കള്ളിനും പോരാ ധൈര്യം


വരണ്ട ചിന്തയ്ക്ക് തീ കൊളുത്തി
ഞാനിരിക്കെ
കുട്ടികള്‍ പെട്ടന്ന് കൂകി വിളിച്ചൊച്ച വെയ്ക്കുന്നു
എല്ലായിടവും കറണ്ടു വന്നിരിക്കുന്നു
ഇവിടമാത്രം.....?
ചുറ്റുപക്കങ്ങളിലൊക്കെ വെളിച്ചം
കടന്നല് കൂടുപോല്‍ നുരച്ച്
നില്ക്കുന്നുവല്ലോ ...?
അല്ലേലും എല്ലാക്കാര്യത്തിനും
ഇവിടെമാത്രമിങ്ങനെയാണ്
എന്തൊരു വിധിദോഷം...!

ഇല്ല ഫ്യൂസടിച്ച് പോയതല്ലാ...
ഞാനന്നരേ ഊരി നോക്കി
ജീവനാഡിയാമതിന്‍
ലോലതന്ത്രികളെന്നുമേ
പൊട്ടിയിട്ടില്ല...

പിന്നെന്തു പറ്റി....
മറുത്തൊന്ന് ചിന്തിക്കുന്നതിന്‍ മുമ്പ്
ഇരുട്ടില്‍ നിന്നും മുഴങ്ങിയാ പെണ് സ്വരം
ഒന്നു വിളിച്ചു പറ വേഗം
ഒന്നു വിളിച്ചു പറ...

മടിച്ചു മടിച്ച് ഇരുട്ടില്‍
തപ്പിത്തടഞ്ഞു ഞാന്‍
ടെലഫോണിന്നരികിലെത്തുന്നു
പറയേണ്ട കാര്യങ്ങള്‍ പലവുരു
മനസ്സില് പറയുന്നു
സകല ദൈവങ്ങളേയും വിളിച്ചു
പ്രാര്ത്ഥിക്കുന്നു
മറുതലയ്ക്കല് നിന്നും പരുഷ വാക്കുകളൊന്നും
കേള്‍ക്കരുതേ....

പറഞ്ഞു തീരുന്നതിന്‍ മുമ്പെ
ഏറെ സൌമ്യമാം മറുപടി വന്നു
കറണ്ടു ചാര്‍ജ്ജടച്ചില്ലല്ലോ നിങ്ങള്‍
പരിധി ഡേറ്റുകളൊക്കെയും
കഴിഞ്ഞു പോയി
പണമടച്ചിട്ടു വന്നിട്ട്
ഒരപേക്ഷ എഴുതി നല്കുക....

ഉള്ളിലൊരിടിവെട്ടി ഞാന്‍
തരിച്ചു നിന്നു.....
പണമടയ്ക്കുന്ന കാര്യം ഞാന്‍
മറന്നേ പോയി....
വിരണ്ടു നില്ക്കുന്നൊരെന്റെ രൂപം
ഇരുളിലാര്ക്കും കാണാന്‍
കഴിയാത്തതെന്തോ
മഹാഭാഗ്യം........!


2013, ഏപ്രിൽ 2, ചൊവ്വാഴ്ച

ചിത്തരോഗാശുപത്രിയില്‍ നിന്ന് ഒരു കത്ത്......




ചിത്തരോഗാശുപത്രിയില്‍ നിന്ന്
കുറച്ച് നാള്‍ക്കുമുമ്പൊരു രജിസ്റ്റേഡ്
കത്തു വന്നിരുന്നു.... 
രക്തമയമന്നേരെ  വാര്‍ന്നുപോയ മുഖവുമായ്
ഒട്ടു നിസംഗതയോടത് ഒപ്പിട്ടു വാങ്ങവേ
ഉത്സാഹമെന്നേ കെട്ടടങ്ങിയ കണ്ണുകളുമായ് പോസ്റ്റുമാനെന്നെ മൊത്തത്തിലൊന്നുഴിഞ്ഞു നോക്കി, 
തെല്ലു പുച്ഛം കലര്‍ന്നൊന്ന് 
ചിരിച്ചുവോ...?
ഉഷ്ണത്തിലും രക്തമുറഞ്ഞു
പോകുന്നതുപോലെനിക്ക് തോന്നി

പൊട്ടിച്ചു വായിച്ചു നോക്കുവാന്‍
ഒട്ടും കൌതുകം തോന്നിയതേയില്ല
ഇടക്കിടയക്കതുപോലെ
എത്തുവാറുളളതാണല്ലോ...
ഉളളു നീറന്നതിന്‍  ഉളളടക്കവും
ഏറെ പരിചിതമായിരുന്നല്ലോ....?

മക്കളുടെ അച്ഛന്റെ രോഗം
ഭേദമായ് പൂര്‍ണ്ണമായും
മരുന്നിനി പേരിനുമാത്രം മതി
പെട്ടന്ന് വന്ന് കൂട്ടികൊണ്ട് പോകണം
സ്നേഹ പരിചരണമാണേറെയാവശ്യം
ചുവട്ടിലേതോ ചുരുള്‍  കമ്പി
വലിച്ചു നീട്ടി മുറിച്ചിട്ടപോലൊരൊപ്പ്
കുരുങ്ങിക്കിടന്നു..... 


മക്കളുടെ അച്ഛനെഴുതിയ
ഒരു കത്തും  കൂട്ടത്തില്‍  വെച്ചിരുന്നു
വിറയാര്‍ന്നൊരക്ഷരങ്ങള്‍
കാക്ക കൊത്തി ചിതറിയ പോലെ കിടന്നു
വായിച്ചെടുക്കുവാനേറെ പാടുപെട്ടു

എനിക്കിപ്പോള്‍  നല്ല സുഖം തോന്നുന്നുണ്ട്
ര്‍മ്മകളെല്ലാം ഇന്നലെയെന്ന പോല്‍
ചിത്തത്തില്‍ വ്യക്തമായിത്തെളിയുന്നുമുണ്ട്
എല്ലാവരേയും വന്നൊന്ന്
കാണാന്‍  കൊതിയാവുന്നു
അത്രമാത്രം......


എന്തു ചെയ്യണമെന്നൊരെത്തും
പിടിയും കിട്ടുന്നില്ല 
ദൂരേ കടലിന്നക്കരെ നിന്നും   
ചുട്ടു പൊള്ളുന്ന മണല്‍
തരികള്‍ പോലുള്ള മകന്റെ ഉഗ്രശാസന
മരുമകളപ്പൊഴേ ഫോണിലൂടെ വിളിച്ചു 
കേള്‍പ്പിച്ചു തന്നു.....

അമ്മയ്ക്കു വേണമെങ്കില്‍
അച്ഛനേയും കൂട്ടി പോയങ്ങു  പൊറുക്കാം
കൂട്ടത്തില്‍  കെട്ടുപ്രായമെത്തിനില്ക്കുന്ന
മകളേയും കൊണ്ടു പോയിക്കോളണം
അതോടെ തീര്‍ന്നു..... 
പിന്നെത്തിരിഞ്ഞീപ്പടി ചവിട്ടാമെന്ന്
മാത്രം കരുതരുത്

കേട്ട് കേട്ടുനില്കെ  മകന്റെ ശബ്ദമിടറുന്നു

അമ്മ പെട്ടന്ന് എല്ലാമങ്ങ്
മറന്നു പോയോ.... ?
കൊച്ചിലേ എന്തുമാത്രമനുഭവിച്ചതാണ്
ചാട്ടുളി പോലുള്ള  പരിഹാസവാക്കുകള്‍
എത്ര വട്ടം നെഞ്ചു പിളര്‍ന്നതാണ്
എത്ര ചാട്ട വാറുകള്‍
മനസ്സില്‍  ഉള്‍ത്തടങ്ങളില്‍  പുളഞ്ഞു ചീറി 
രക്ത ബന്ധുക്കള്‍ പോലും 
ദൂരെ മാറ്റി നിര്‍ത്തി  
ദൂരെ ആരുമറിയാത്ത ദിക്കലേക്ക്
വന്നു നമ്മള്‍ താമസമായത് തന്നെ  
പൂര്‍വ്വ സ്മൃതികളില്‍
നിന്നും രക്ഷ നേടുവാനല്ലേ...?

ജീവിതമൊന്നു പച്ചപിടിക്കാന്‍
തുടങ്ങിയതേയുളളൂ.... 
അപ്പഴേ  തുടങ്ങിയോ ഭര്‍ത്തൃ സ്നേഹം..?

മകനെ കുറ്റം പറയാനൊക്കുമോ
കൊച്ചു പ്രായത്തിലേ
ആഴത്തില്‍  മുറിവേറ്റതാണാ ഹൃദയം
എത്ര നാളായി സ്വസ്ഥമായൊന്നുറങ്ങിയിട്ട് 
ര്‍പ്പഫണം പോല്‍ പത്തി വിരിച്ചു 
നില്ക്കുന്നു മകന്റെ കല്പനകള്‍....  

ഒരു ചില്ലിക്കാശു പോലും 
സ്വന്തമായെടുക്കാനില്ലാത്തവരുടെ 
അഭിപ്രായത്തിന് പിന്നെന്തു വില... 

കണ്ണൊന്നടച്ചലോ ശുഷ്കിച്ച് 
അസ്ഥി പഞ്ചരമായൊരു 
രൂപം മുന്നില്‍  വന്നു തല 
കുമ്പിട്ടു നില്ക്കുന്നു........ 
ജോലി കഴിഞ്ഞു വീട്ടു സാധനങ്ങളുമായ് 
രാത്രിയേറെ വൈകി വാതിലില്‍  വന്നു മുട്ടി 
നീട്ടി വിളിച്ചോരാ ശബ്ദം നേര്‍ത്ത് 
പോയിരിക്കുന്നുവല്ലോ... ? 

മേലുകഴുകുവാന്‍ വെള്ളമാനത്തുവാന്‍
പറഞ്ഞിട്ടാ  രൂപം 
എപ്പോഴോ വീണുറങ്ങിപ്പോയ 
മക്കളുടെ കവിളില്‍ തലോടി
വീട്ടു വിശേഷങ്ങളും ചോദിച്ച്  
അങ്ങനെയിരിക്കുകയാണല്ലോ 

എത്ര വേഗത്തിലാണ് ജീവിത
ചിത്രങ്ങള്‍  മാറിമറിയുന്നത് 
പെട്ടോന്നുരുനാള്‍  ദൂരെയേതോ ദിക്കില്‍
ജോലിക്കുപോയി വന്നതിന്‍ തൊട്ടു 
മിണ്ടാട്ടമില്ലതെയായി 
ഇരുള്‍ മുറിയില്‍ ചെന്നൊറ്റക്കിരിപ്പായി 
എത്ര പറഞ്ഞിട്ടും പിന്നൊട്ട് 
ജോലിക്ക് പോയതേയില്ല...  

ഇരുട്ടില്‍  നിന്നിടക്കിടെ തുറിച്ച 
കണ്ണുകള്‍ മാത്രം തെളിഞ്ഞു  കണ്ടു 
ഇടയ്ക്ക് പിറുപിറുത്തും .....
വെറുതെയിരുന്നു ചിരിച്ചും .....
ചിലപ്പോള്‍ ക്രുദ്ധനായും ......
വെട്ടു കത്തിയുമായി ശത്രുവിനെ 
കൊല്ലുവാനെന്ന്  പറഞ്ഞു
പുരയ്ക്കു ചുറ്റും ഓടി നടന്നതും ....
നാട്ടുകാരാദ്യം  നോക്കി ചിരിച്ചതും.....
പിന്നെ ശല്യം സഹിക്കാതെ കെട്ടിവരിഞ്ഞു 
ആശുപത്രിയില്‍ കൊണ്ട് തള്ളിയതും 
മനസിന്റെ ലോല തന്ത്രികള്‍ പൊട്ടി 
കുട്ടികള്‍ വാവിട്ടു  നിലവിളിച്ചതും
ര്‍ക്കുവനിഷ്ടമില്ലങ്കിലും 
ര്‍ക്കാതിരിക്കാൻ കഴിയുമോ....?

ഇന്നത്തെ പത്രത്തിലെ നിര്ജ്ജീവമാം
ചരമ കോളത്തിന്നിടയില്‍ ചേര്‍ത്ത
അജ്ഞാത ജഢത്തിനു
മക്കളുടെ അച്ഛനുമായി നല്ല
രൂപസാദ്യശ്യം തോന്നുന്നുവല്ലോ.... ?

വെന്തുനീറുന്ന മനസ്സുമായി ഉമ്മറത്തെ
ചാരുപടിയില്‍  എന്തോ ആലോചിച്ചിരുന്നൊന്ന്
കണ്ണടഞ്ഞു പോയി....
അടച്ചിട്ട ഗേറ്റിന് മുന്നില്‍  നിര്‍ത്താതെയുളള
സൈക്കിളിന്‍  ബെല്ലൊച്ച കേള്‍ക്കുന്നു
പോസ്റ്റുമാനാണ്.........
അതേ കണ്ണുകള്‍ നിന്നു തുറിക്കുന്നു

ചിത്തരോഗാശുപത്രിയില്‍ നിന്നും
ഇന്നുമൊരു രജിസ്റ്റേഡ് കത്തുണ്ട്.......!

( പറയൂ...ഈ അമ്മ പിന്നെന്താണ് ചെയ്യേണ്ടത്......ഒരു വശത്ത് ഭര്ത്താവിനോടുളള സ്നേഹം എന്നതിലുപരി കടപ്പാട്, ഉത്തരവാദിത്തം......... മറുവശത്ത് മക്കളുടെ ഇഷ്ടാനിഷ്ടങ്ങള്‍ എന്നതിലുപരി അവരുടെ ഭാവി, ശ്രേയസ്സ്..........ഈ അമ്മയ്ക്ക് ഒരുപദേശം നല്കാന് കവി അശക്തനാണ്...നിങ്ങളോ.... ?)