ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

Friday, April 19, 2013

ചില ഒന്നാം തീയതി കയറ്റങ്ങള്‍.........

ഇന്നലെ ഒന്നാം തീയതി വിഷുവിന്
വന്നുകയറിയതാരാണ് ആദ്യമായി
പത്രക്കാരന്‍ പയ്യനെ ചിത്രത്തില്‍ കൂട്ടേണ്ട.....
ഗേറ്റു കടന്നു വരില്ലവനൊരിക്കലുംനിത്യവും വെളുപ്പിന് പാലുമായെത്തുന്ന
കൊച്ചു പെണ്കിടാവിന്റെ
മുഖം മാത്രം മനസ്സില്‍തെളിയുന്നു
ഒട്ടുമുറക്കം മാറിയിട്ടില്ലാകണ്കളില്‍
കവിളില്‍ കണ്ണീരുപ്പ് പറ്റിപ്പിടിച്ചോരു
പാടുമുണ്ടല്ലോ.....

എന്നത്തേയുമെന്നപോല്‍
ഇന്നലെയന്തിക്കവളുടെ
അച്ഛന്‍ വന്നു കയറിയ നേരത്ത്
എന്തൊരൊച്ച വഴക്കും
നിലവിളിയുമായിരുന്നാ വീട്ടില്‍

നിത്യം പതിവുള്ളൂതായതിനാല്‍
ഒട്ടും കൌതുകം തോന്നിയതേയില്ല

മുറ്റത്തുവന്നു നിന്നാ പെണ്കുട്ടി
ചേച്ചീയെന്നൊരറ്റവാക്ക് മാത്രം
വിളിക്കുന്നു
ചൂടു പറക്കും കട്ടന്‍ ചായതന്നാവിയില്‍
ആരും തുറക്കാത്ത പത്രത്താളിന്റെ
ഗന്ധം മണത്തു
വാര്ത്തകളോരോന്നായി
മൊത്തിക്കുടിച്ചുഞാന്‍
പൂമുഖത്ത് തന്നെയിരിക്കയായിരുന്നല്ലോ...

കൊച്ചേ നീയിനി എത്രാം ക്ലാസ്സിലാണന്നു                                  
ചോദിച്ചപ്പോള്‍..... 
വെറും മൂന്നെന്നുമാത്രം ഉത്തരം
പറഞ്ഞവള്‍ മിണ്ടാതെ നില്ക്കുന്നു
ഒച്ച ബഹളങ്ങള്‍ കേട്ടിട്ട്
നിന്റെയച്ഛനു ഈയിടെയായി സംശയം
അല്പം കൂടുതലാണെന്ന് തോന്നുന്നല്ലോ
എന്നൊരുചോദ്യം നാവിന്‍ തുമ്പില്‍
വന്നു  തുടിക്കേ ....
പെട്ടന്ന് ഭാര്യ കണ്ണുംകലാശവും
കാട്ടിയെന്നെ അകത്തേക്കു
വിളിച്ചിട്ടു പറയുന്നു....
ഒന്നാം തീയതി വിഷുവിന്
വന്നുകയറിയോരു കോലം കണ്ടില്ലേ
ദാരിദ്ര്യം പടികടന്നെത്തുവാന്‍
പിന്നെന്തങ്കിലും വേണോ...

ഗേറ്റു താഴിട്ട് പൂട്ടിയിരുന്നങ്കില്‍
പാലുപാത്രമവള്‍ മതിലിനു മുകളില്‍
വെച്ചിട്ടു പോകുമായിരുന്നല്ലോ..
എന്തൊരു മണ്ടത്തരമാണ്
നിങ്ങള്കാണിച്ചത്
അതല്ലേലും പണ്ടേയങ്ങനെയല്ലേ...
പാത്രമത് തിണ്ണമേല്‍ വെച്ചിട്ട്
പൊയ്ക്കൊളളാനവളോട് പറയുക

വിഷു പുലരിയില്‍ നിറപാത്രവുമായി
വന്നവളല്ലേ.... .
എങ്ങനെ ഞാനവളെ വെറും കൈയോടെ
പറഞ്ഞയയ്ക്കും
കൈ നീട്ടമെന്തെങ്കിലും കൊടുക്കേണ്ടതല്ലേ...

പോക്കറ്റില്‍ നിന്നും വിയര്‍ത്ത്
ഉഷ്ണിച്ചോരു പത്തുരൂപാ നോട്ടു
തപ്പിയെടുത്തു ഞാനവള്‍ക്ക്
നേരെ നീട്ടുന്നു
നഗ്നമാം ആ കൊച്ചു കൈത്തണ്ടകള്‍
നോക്കിയഞ്ചാറ് കുപ്പിവളകള്‍
വാങ്ങിച്ചിടാന്‍ പറയുന്നു
നോട്ട്  ചുരുട്ടി കൈയില്‍ വെച്ചുകൊണ്ട്
അവള്‍ എന്നേ നോക്കുന്നു
ആയിരം കൊന്നപ്പൂക്കള്‍ കൊണ്ടുള്ളോരു
കണി പെട്ടന്നവളുടെ കണ്‍കളില്‍
മിന്നിമായുന്നു...

എന്തോ പറയുവാനുള്ളത് പോലെ
എന്നിട്ടുമവള്‍ മുറ്റത്ത്‌ തന്നെ
നില്‍ക്കുകയാണല്ലോ ...
എന്താണ് കാര്യമെന്നു ഞാന്‍ ചോദിക്കേ
തൊണ്ടയിടറി ക്കൊണ്ടാവള്‍ പറയുന്നു

അമ്മയെഴുന്നെറ്റിട്ടില്ലിതേവരെ...
എത്ര വിളിച്ചിട്ടും കണ്ണു തുറക്കുന്നുമില്ല
കട്ടിലില്‍ ചോര പടര്‍ന്നു കിടപ്പുണ്ട്
ചോണനുറുമ്പുകള്‍ ദേഹത്തരിച്ചു
നടക്കുന്നുമുണ്ട്....
അച്ഛനെയൊട്ടു തിരഞ്ഞിട്ടു
കാണുന്നുമില്ല....
രാവിലെ വന്നു കറവക്കാരന്‍
പലുകറന്നു വെച്ചിട്ട് പോയതാണേ
അച്ഛ്ന്റെ നമ്പരുണ്ടെന്റെ കൈയില്‍
ഒന്ന് വിളിച്ചു പറയാമോ..... ?
വെക്കം വന്നമ്മയെ ആശുപത്രിയില്‍
കൊണ്ടുപോകാന്‍
അച്ഛന്റെ കൈയില്‍ കാശു കാണില്ല
ഇത്തിരി കാശു കടം തരുമോ..?
പാലിന്റെ കണക്കില്‍ പിന്നമ്മയോടു
പറഞ്ഞു  ചേര്ത്തുകൊളളാം

ഇന്നലെ സന്ധ്യക്ക് കുട്ടികള്‍
മുറ്റത്ത് പൊട്ടിച്ചെറിഞ്ഞേറെ രസിച്ച
വിഷുചിത്ര പടക്കങ്ങളില്‍
നിന്നുതെറിച്ച വര്ണ്ണക്കടലാസുകള്‍
മുറ്റത്തുമുഴുവന്‍ ചിതറിക്കിടപ്പുണ്ട്
തെല്ലിട കൌതുകംപൂണ്ടവളതു
നോക്കി നില്ക്കുകയാണോ..?

പത്രം മടക്കി ഞാന്‍ പൂമുഖത്തിട്ട്
മെല്ലെയിറങ്ങി നടന്നു അവളോടൊപ്പം
ഒന്നാം തീയതി ചെന്നു കയറുവാനായ് ..!

( ഈ കവിതയോടൊപ്പം ചേര്ത്തിരിക്കുന്ന ചിത്രം ഗൂഗിളില്‍ നിന്നും സെര്ച്ച് ചെയ്തെടുത്തിട്ടുളളതാണ്. മനോഹരമായ  ഈ ചിത്രം തെരഞ്ഞെടുക്കാന്‍ എനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. പ്രതിഭാശാലിയായ ആ ചിത്രകാരന് എന്റെ ആരാധനയില്‍ കലര്ന്ന നന്ദി..പ്രണാമം)
18 comments:

 1. അമ്മയെഴുന്നെറ്റിട്ടില്ലിതേവരെ...
  എത്ര വിളിച്ചിട്ടും കണ്ണു തുറക്കുന്നുമില്ല
  കട്ടിലില്‍ ചോര പടര്‍ന്നു കിടപ്പുണ്ട്
  ചോണനുറുമ്പുകള്‍ ദേഹത്തരിച്ചു
  നടക്കുന്നുമുണ്ട്....

  ReplyDelete
  Replies
  1. അഭിപ്രായത്തിന് നന്ദി അജിത് സാര്

   Delete
 2. ഈ വിഷുദിനചിന്തകളും ബിംബങ്ങളും മനസ്സില്‍ നോമ്പരമുണര്‍ത്തുന്നു. ഉള്ളില്‍ തീ കോരിയിടാന്‍ പ്രാപ്തമായ വരികളും.

  ReplyDelete
  Replies
  1. അഭിപ്രായത്തിന് നന്ദി വിനോദ് മാഷ്

   Delete
 3. ഇന്നലെ സന്ധ്യക്ക് കുട്ടികള്‍
  മുറ്റത്ത് പൊട്ടിച്ചെറിഞ്ഞേറെ രസിച്ച
  വിഷുചിത്ര പടക്കങ്ങളില്‍
  നിന്നുതെറിച്ച വര്ണ്ണക്കടലാസുകള്‍
  മുറ്റത്തുമുഴുവന്‍ ചിതറിക്കിടപ്പുണ്ട്
  തെല്ലിട കൌതുകംപൂണ്ടവളതു
  നോക്കി നില്ക്കുകയാണോ..?

  ReplyDelete
  Replies
  1. വായന രേഖപ്പെടുത്തിയതിന് നന്ദി തങ്കപ്പന് സാര്

   Delete
 4. വിഷുദിന ചിന്തകളോടൊപ്പം ബിംബാത്മകമായ വസ്തുതകൾ ചേർത്ത തീഷ്ണമായ വരികൾ...
  ഭാവുകങ്ങൾ.

  ReplyDelete
 5. പാവം കുട്ടി.

  നല്ല കവിത

  ശുഭാശംസകൾ...

  ReplyDelete
  Replies
  1. നന്ദി സൌഗന്ധികം

   Delete
 6. കവിതയിലൂടെ കഥ പറയുന്ന അനുരാഗിന്റെ രീതി ഗംഭീരം.

  ReplyDelete
  Replies
  1. അഭിപ്രായത്തിന് നന്ദി പ്രിയ ഭാനു

   Delete
 7. ഇഷ്ടാ ഇതൊരു കഥയായി എഴുതാമായിരുന്നില്ലേ !!!!
  എങ്കിലും കവിത ഇഷ്ടായി ....

  എനിക്ക് തോന്നുന്നത് നിന്നിൽ നല്ല ഒരു കഥാകൃത്ത്‌ ഉണ്ടെന്നാണ്
  ഒന്ന് ട്രൈ ചെയ്യൂ

  ReplyDelete
  Replies
  1. ഞാന് കഥമാത്രമേ എഴുതാറുണ്ടായിരുന്നുളളൂ..ബ്ലോഗ് ലോകത്തേക്ക് വന്നതിനു ശേഷമാണ് കവിതയിലേക്ക് ചുവടു മാറ്റിയത്. കഥയെഴുതുന്നതിന് കവിത എഴുതുന്നതിനേക്കാള് പ്രതിഭവേണമെന്ന് വിചാരിക്കുന്ന ഒരാളാണ് ഞാന്.കവി ഒരു വികാര ജീവിമാത്രമാണ്. വികാരം കൊണ്ട് മാത്രം ഒരു നല്ല കഥയെഴുതാന് കഴിയില്ല.അതിന് പരന്ന വായനയും,ലോക പരിചയവും, സൂക്ഷ്മങ്ങളായ നിരീക്ഷണങ്ങളും കൂടിയേകഴിയൂ.ചിലപ്പോള് പഠനം തന്നെ വേണ്ടി വരും. ദിവസങ്ങളോളം ഉളളിലിട്ട് നീറ്റിയായിരിക്കണം അവസാനം അതൊരു കഥയായി രൂപപ്പെടുന്നത്.(പക്ഷെ കഥാകൃത്തിന്റെ നൂറു വാചകങ്ങളേക്കാള് ഓര്മ്മിക്കപ്പെടുന്നത് കവിയുടെ ഒരു വരിയാണ് ).എനിക്ക് തല്ക്കാലം അത്രത്തോളം സംഘര്ഷമെന്നും അനുഭവിക്കാന് വയ്യ. ബ്ലോഗില് പോസ്റ്റു ചെയ്യുന്നതിന് ഒരു കഥ ഈയിടെ ഞാനെഴുതി നോക്കി. പകുതി വഴിക്ക് അത് നിന്നു. ആകെപ്പോടെ ഒരു കൃത്രിമത്തം എനിക്കു തന്നെ ഫീല് ചെയ്തു....ഈ അഭിപ്രായത്തിന് പ്രത്യേക നന്ദി നിധീഷ്

   Delete
 8. :) ആശംസകള്‍, നല്ലൊരു കവിതാ ഉദ്യമത്തിന്

  ReplyDelete
  Replies
  1. ആശംസകള്ക്ക് നന്ദി..നിധീഷ്

   Delete
 9. ഇരിപ്പിടത്തില് ഇടം തന്നതിന് നന്ദി....

  ReplyDelete