ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

Tuesday, April 30, 2013

ലിഫ്റ്റ് ചോദിച്ച് ഒരാള്‍....

ലിഫ്റ്റ് ചോദിച്ച് ഒരാള്‍
വഴിവക്കില്‍ നില്പുണ്ട്....
എവിടെയോ കണ്ടു മറന്നതുപോലെ
തോന്നുന്നുവല്ലോ..
പിച്ചക്കാരന്റേതു പോലുളള വേഷം
അല്ലങ്കിലൊന്ന് നിര്ത്തിക്കൊടുക്കാമായിരുന്നു

പകല്‍ മുഴുവന്‍ കെട്ട മഴയായിരുന്നല്ലോ
ഇപ്പോഴും ചാറ്റല്‍ മാറിയിട്ടില്ല
ഇരുട്ടു കനച്ചു കുറുകിക്കിടക്കുന്നു

ഒട്ടും പരിചയഭാവം നടിക്കാത
വെട്ടിത്തിരിച്ച് ആരേയും കാണാത്ത
മട്ടില്‍ പോകുവാനായ്
ഞാന്‍ ആക്സിലേറ്ററില്‍
പിടി മുറുക്കവേ............
പെട്ടന്ന് വട്ടം പിടിച്ചയാള്‍
റോഡിന് നടുക്ക് കയറി നില്ക്കുന്നു
ദിക്കു പോലും ചോദിക്കാതെന്റെ
ബൈക്കിന് പിറകില്‍ ചാടി
കയറിയിരിക്കുന്നു......
ഒത്തൊരാശ്വാസ ശബ്ദം പുറപ്പെടുവിക്കുന്നു
കട്ടിയുളള മഴക്കോട്ടു ഞാനണിഞ്ഞിരുന്നെങ്കിലും    
അയാളുടെ ഉച്ഛ നിശ്വാസമെന്റെ തോളില്‍
അറപ്പോടെ വന്നു തട്ടുന്നു......

എവിടേക്കാണ്.....?
ഒട്ടു കനത്തില്‍ ഞാന്‍ ചോദിക്കുന്നു
നിങ്ങള്‍ പോകുന്ന ദിക്കിലേക്കു തന്നെയെന്നുത്തരം

ബൈക്കിനു ബ്രേക്കില്ല....
ടയറു മുഴുവന്‍ മൊട്ടയടിച്ചു പോയി
എന്തൊരു കഷ്ടമാണ്......
സ്വിച്ചിന്റെ കുഴപ്പമാണെന്നു തോന്നുന്നു
ഇടയ്യിടയ്ക്കതിന്റെ ലൈറ്റു കെട്ടു പോകുന്നുമുണ്ട്
റോഡുമുഴുവന്‍ വെളളം പുഴപോല
കയറിക്കിടക്കുകയാണ്
കുണ്ടും കുഴിയും തിരിച്ചറിയനേ വയ്യ.....

ഇത്തിരി അസഹ്യതയോടെ
ഞാനെന്റെ ബുദ്ധിമുട്ടുകള്‍ നിരത്തവേ
ഒട്ടും കൂസലില്ലാതൊരുവിഡ്ഢിച്ചിരി മാത്രം
ചിരിച്ചുകൊണ്ടയാള്‍ പറയുന്നു

എത്ര നേരമായി സുഹൃത്തേ
ഞാനീ വഴിവക്കില്‍ ലിഫ്റ്റ്
ചോദിച്ച് നില്ക്കുവാന്‍ തുടങ്ങിയിട്ട്
ആരും കണ്ടതായിപ്പോലും നടിക്കുന്നില്ല
രാത്രിയിലുണ്ടായിരുന്നൊറ്റ വണ്ടിയും
ട്രിപ്പു മുടക്കിയല്ലോ.....
നശിച്ച മഴകാരണമിന്നാരും
പുറത്തേക്കിറങ്ങിയിട്ടില്ലന്ന്
തോന്നുന്നു.......

ഒത്തിരി ദൂരമുണ്ടല്ലോ ചെന്നെത്തുവാന്‍
എന്തെങ്കിലും മിണ്ടിയും പറഞ്ഞും പോയാല്‍
ഒട്ടും മുഷിയാതങ്ങെത്താം

എന്തും സഹിക്കും ഞാന്‍
കിണ്ടി കിണ്ടിയുളള ഈ വര്ത്തമാനം
അതൊന്നൊഴിച്ച്.........
പണ്ടാരം കയറിയിരിക്കുന്നത്
കണ്ടില്ലേ.........
സഹിക്കുകതന്നെ...അല്ലാതെന്ത് മാര്ഗ്ഗം

മുട്ടിയിരുന്നല്പം ലോഹ്യത്തില്‍
അയാള്‍ തുടരുന്നു.....
തട്ടുകട വല്ലതും കണ്ടാല്‍
ഒന്നു നിര്ത്തണേ.....
കട്ടനടിച്ചിട്ടുളളു ചൂടാക്കിയിട്ട് പോകാം
രാവിലേ ഒരു വെറും കാലിച്ചായ
മാത്രം കഴിച്ചുകൊണ്ടിറങ്ങിയതാണ്
അപ്പൊഴേക്കും മഴ ചീറിത്തുടങ്ങി
കൊച്ചു കുട്ടിയൊരണ്ണമുണ്ടേ വീട്ടില്‍
ഒട്ടും വിചാരിക്കാതെ ജനിച്ചതാണേ
ജനിച്ചന്നു മുതല്‍ രോഗമാണ്
നെഞ്ചിന്‍ കൂടിനുളളില്‍
പ്രാണന്റെ പ്രാവുകള്‍ കുറുകി
വലിക്കുന്നതു കണ്ടിട്ട്
ഡോക്ടറെകണ്ട് മരുന്നു
വാങ്ങി വരും വഴിയാണേ
പെട്ടു പോയി...പെരു മഴയില്‍

പെട്ടന്നയാളോടെനിക്കെന്തോ
കഷ്ടം തോന്നി.....
ഭാര്യയും ആ കൊച്ചുകുഞ്ഞും
കാത്തിരിക്കുന്നുണ്ടാമയാളെ
ചിത്രമതൊന്നെന്നെയും
പിന്തുടരുന്നുണ്ടല്ലോ.....
ബൈക്കിന് പിറകിലിത്തിരി മുറുകെ
പിടിച്ചോളാന്‍ ഞാനയാളോട് പറയുന്നു

എത്ര ഓടിച്ചിട്ടും വളഞ്ഞും പുളഞ്ഞും
ചത്ത പെരുമ്പാമ്പ് പോല്‍
അട്ടു നാറി വഴി നീണ്ടുകിടക്കുന്നു
കട്ടപിടിച്ചോരിരുട്ടിന്റെ ആത്മാവില്‍
നിന്നേതോ പക്ഷികള്‍ കരയുന്നുമുണ്ട്
കട്ടന്‍ ചായയുടെ കാര്യമയാള്‍
മറന്നെന്നു തോന്നുന്നു......

ദൂരെയെവിടെയോ മഴയിരമ്പുന്നുണ്ട്
വെളിച്ചങ്ങളൊക്കെ കെട്ടു പോയിരിക്കുന്നല്ലോ
ചുറ്റിലും........

പോകപ്പോകെ പിന്നില്‍ നിന്നും
ഒട്ടും മയമില്ലാതെയെന്‍
ചുമലി‍‍ല്‍ തട്ടിക്കൊണ്ടയാള്‍ പറയുന്നു
അക്കരേക്കല്ലേ പോകുന്നത്
മലവെളളം വന്നു തിങ്ങി
പാലം കവിഞ്ഞൊഴുകുന്നെന്നൊരു
വര്ത്തമാനം കേട്ടു.....
ഒത്തിരി സൂക്ഷിച്ചു പോകണേ..
മഴവീണ്ടും കോരിച്ചൊരിയാനൊരുങ്ങുന്നുണ്ട്
ഒറ്റനക്ഷത്രം പോലുമില്ല
വീട്ടിലൊറ്റ മുറി മാത്രമേയുളളൂ
അല്ലങ്കില്‍ ഞാനൊപ്പം വിളിച്ചേനെ....

ഇറക്കം ഇറങ്ങി ചെല്ലുമ്പോള്‍
മടന്തവളര്ന്നോരു ചതുപ്പുണ്ട്
അതിന്നല്പമിടത്തോട്ടു നടന്നാല്‍

എന്റെ വീടെത്തുകയായി
ഒത്തിരിനന്ദിയുണ്ട്.......
അവിടെത്തുമ്പോളൊന്ന് നിര്ത്തണേ....

പെട്ടന്നായിരുന്നല്ലോ......
പറഞ്ഞുതീരുന്നതിന്‍ മുമ്പേ
വണ്ടി റോഡിലേതോ ഗര്ത്തത്തില്‍
ചെന്നു പതിച്ചതും.....
വീണുപോയി........
എന്തോമഹാഭാഗ്യം എനിക്കൊരു
പോറല്പോലു മേറ്റില്ല.....

പിന്നിരിരുന്നയാള്‍ തെറിച്ച്
ദൂരെ റോഡില്‍ വീണു കിടപ്പുണ്ട്
ആര്ത്തനാദമുയരുന്നത്
കാറ്റില്‍ നേര്ത്തു നേര്ത്തില്ലാതാകുന്നു
കട്ടപിടിച്ചോരിരുട്ടില്‍ ഒന്നും വ്യക്തമല്ല
എത്രവിളിച്ചിട്ടുമനക്കമില്ല.....
കഷ്ടകാലം വന്നുകയറുന്നതെങ്ങനെയെന്ന്
ഒരു നിശ്ചയവുമില്ലല്ലോ.....
എത്ര സാക്ഷി പറഞ്ഞിനി നടക്കണം
ഞാന്‍.......
തക്കം കിട്ടുമ്പോള്‍ നിങ്ങളുമെന്നെ
ചിത്രവധം ചെയ്യില്ലേ..നിശ്ചയം

ചുറ്റുവട്ടത്തെങ്ങുമാരുമില്ല
ഒരു കൊച്ചു നിഴലനക്കം കൂടിയില്ല

ഇടയ്ക്ക് കൊളളിയാന്‍ വന്ന്
പുളഞ്ഞു പോകുന്നു
ഉള്ഭയംകൊണ്ടേറെ സംഭ്രമത്തോടെ
ഞാനോടി നടന്നു.....
കൊച്ചു ഫോണുളളത് വെളളം കയറി
നിശ്ചലമായിരിക്കുന്നു.....

ദൂരെയേതോ കൂരതന്‍ ഇറയത്ത്
ഒരു കൊച്ചുതിരിനാളം
മാത്രമെറിയുന്നുണ്ട്.....
എപ്പോള്‍ വേണമെങ്കിലും
കെട്ടു പോകാമെന്ന സന്ദേഹത്തോടെ.....
ചെളിവഴുക്കലില്‍ തെന്നിവീഴാതേറെ പാടുപെട്ട്
ഞാനാവീടിന്റെ മുന്നിലെത്തുന്നു....

ചീര്ത്തകനച്ച പഴം തുണിക്കെട്ടു
പോലുരു വൃദ്ധ ഉമ്മറത്താരയോ
 കാത്തിരിക്കയാണല്ലോ..

ഇരുട്ടിലെന്‍ നിഴലനക്കം കണ്ടവര്‍
പറയുന്നു
നീയെന്താണിത്ര താമസ്സിച്ചത്
മഴ തോര്ന്നിട്ടെത്ര നേരമായി
കുഞ്ഞിനിത്തിരി കൂടുതലാണ്
രാത്രിയില്‍ വണ്ടി വിളിക്കണമെന്നു
തോന്നുന്നു.......

ഒന്നും മിണ്ടിയില്ല ഞാന്‍
ഇരുട്ടില്‍ത്തന്നെ പതുങ്ങി നിന്നു
പിന്തിരിഞ്ഞു നടക്കുകയാണ് ഞാനും.....
ആര്ത്തലച്ചുകൊണ്ടെത്തുന്നുണ്ട്
വീണ്ടുമൊരു പേമാരി........!.

( ഇതുപോലൊരു അനുഭവം നിങ്ങള്ക്കാര്ക്കുമുണ്ടാതിരിക്കട്ടെ..........)12 comments:

 1. ഇതുപോലൊരനുഭവം ആര്‍ക്കുമുണ്ടാകാതിരിയ്ക്കട്ടെ

  ReplyDelete
  Replies
  1. ഈ പോസ്റ്റിന്റെ ആദ്യ അഭിപ്രായത്തിന് പ്രത്യേക നന്ദി..അജിത് സാര്‍

   Delete
 2. അതെയതെ..

  കവിത കൊള്ളാം.

  ശുഭാശംസകൾ...

  ReplyDelete
  Replies
  1. അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി...സൌഗന്ധികം

   Delete
 3. അദൃശ്യനായി ഞാനും ഉണ്ടായിരുന്നു യാത്രയില്‍
  ഒടുവില്‍ ശബ്ദമില്ലാതെ തേങ്ങിപ്പോയി.
  ആശംസകള്‍

  ReplyDelete
  Replies
  1. അങ്ങനെയൊരു ഫീല് തോന്നിയിട്ടുണ്ടെങ്കില്‍ ഈ എഴുത്ത് ധന്യമായി...അഭിപ്രയത്തിന് നന്ദി തങ്കപ്പന്‍ സാര്‍

   Delete
 4. ഇതുപോലൊരു അനുഭവമുണ്ടാതിരിക്കട്ടെ
  Aashamsakal.

  ReplyDelete
  Replies
  1. അഭിപ്രായത്തിന് നന്ദി ഡോക്ടര്‍...

   Delete
 5. കഥയായി എഴുതാമായിരുന്നു

  ReplyDelete
  Replies
  1. തീര്‍ച്ചയായും...എനിക്കും അങ്ങനെ തോന്നിയിരുന്നു...പക്ഷെ എഴുതുവാനുളള ക്ഷമ തീരെയില്ല. അഭിപ്രായത്തിന് നന്ദി സജിത്

   Delete
 6. നന്നായി .അല്പം ചുരുക്കി എഴുതാമായിരുന്നു ..

  ReplyDelete
 7. അയാളെ ഒന്ന് വിരട്ടി വിട്ടാൽ മതിയാരുന്നു. വെറുതെ ഉരുട്ടി ഇട്ടു...
  പോട്ടെ സാരമില്ല ബുക്കും പേപ്പറും എവിടെ?

  കവിത കൊള്ളാം ആ ഇരുട്ടും മഴയും ശരിക്കും ഫീൽ ചെയ്തു അയാളുടെ ബുദ്ധിമുട്ടിക്കലും.

  ReplyDelete