ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2014, നവംബർ 5, ബുധനാഴ്‌ച

ഒരു അച്ഛന്‍ ജയിലില്‍ നിന്നും മകനയച്ച കത്ത്.....

hand in jail. - stock photoഅച്ഛനിറങ്ങുന്നുണ്ട്
ജയിലില്‍ നിന്നും
പത്തു പതിഞ്ചു ദിവസത്തെ
പ്രത്യേക പരോളനുവദിച്ചു
കിട്ടുവാനിടയുണ്ട്
എത്രനാളായി മകനേ
നിന്നെയൊന്ന് കാണാന്‍
കൊതിക്കുന്നു..
എട്ടും പൊട്ടും തിരിയാത്ത
കൊച്ചുകുഞ്ഞായിരുന്നല്ലോ
നീയന്ന്......

ഇപ്പോള്‍ നീയെങ്ങനെ
യായിരിക്കുമെന്ന്
ഒറ്റക്കിരിക്കുമ്പോഴൊക്കെയും
അച്ഛനിടയ്ക്കിടെ
ഓര്‍ത്തു നോക്കാറുണ്ട്
അപ്പോഴൊക്കെയും
ഉള്‍ക്കടല്‍‍ തിരത്തള്ളല്‍
പോലന്നത്തെയാ
അഭിശപ്തരാത്രിതന്നോര്‍മ്മകള്‍
വന്നു വേട്ടയാടുമച്ഛനെ

ഒന്നും നിശ്ചയിച്ചുറപ്പിച്ചതല്ല
വന്നു പോയൊരക്ഷരത്തെറ്റു
പോല്‍..
പക്ഷേ ജീവിതമെന്ന
വാക്കിന്നര്‍ത്ഥമേ
മാറിപ്പോയി

ദൂരെ ദിക്കില്‍
ജോലിയായിരുന്നച്ഛനന്ന്
വീട്ടിലേക്ക് വന്നതാണ്
നേരുത്തെ പറയാതെ
കൌതുകത്താല്‍ വിടര്‍ന്ന
കണ്‍കളുമായി
നിന്നെയുമൊക്കത്തേന്തി
വാതില്‍ തുറന്നെന്നെ
സ്വീകരിക്കുവാനെത്തുന്ന
പ്രിയ ഭാര്യയേയും
ചുമ്മാതെ സ്വപ്നം കണ്ട്...

ചന്നം പിന്നം പെയ്യും
മഴചാറ്റല്‍ നനഞ്ഞ്
എന്നാലും നിനക്കുള്ള
മധുരപലഹാരപ്പൊതിയും 
വാങ്ങി
അസ്ഥി തുളയ്ക്കും
തണുപ്പിലൂടേറെ നടന്ന്
അച്ഛനന്ന് നമ്മുടെ
കൊച്ചുവീട്ടില്‍ വന്നു
കയറിയതാണ്...
എത്ര വിളിച്ചിട്ടുമാളില്ല
അനക്കമില്ല....
കുത്തിതിമിര്‍ത്തു പെയ്യുന്ന
പേമാരിയില്‍ ആരു കേള്‍ക്കാന്‍
ജനല്‍ പാളികള്‍ക്കിടയിലൂടെ
നോക്കുമ്പോഴുണ്ട്
ഒച്ചുപോല്‍ ചുരുണ്ട്
നീയുറങ്ങുന്നു
അമ്മയടുത്തില്ലാതെ..

ഒട്ടും പരിചയമില്ലാത്തൊരു
വള്ളിച്ചെരുപ്പ് മഴത്തള്ളലില്‍
മുറ്റത്തൊഴുകി നടന്നൂ....
മെല്ലെമെല്ലെ കാതോര്‍ക്കെ
പിന്നാമ്പുറത്തെ മുറിയില്‍
നിന്നു കേട്ടു നിന്നമ്മയുടെ
അടക്കിപ്പിടിച്ച ചിരി
ആരുമായോ......
എങ്ങനെയെഴുതും മകനേ
നിനക്ക് ഞാനത്......?

ഒന്നും മനപൂര്‍വ്വമായിരുന്നില്ല
നെഞ്ചു തകര്‍ന്നച്ഛ
നന്നേരത്തെ ദേഷ്യത്തിന്ന്
ചെന്നുകയറി.....
ഒന്നേ ചവിട്ടിയുള്ളൂ...
എങ്ങനെ കരുതുവാന്‍
ചത്തു പോകുവാന്‍
നീര്‍ക്കുമിളപോല്‍
മനുഷ്യജീവനിത്ര
ദുര്‍ബലമോ.....?

ഒന്നുരണ്ടു പിടഞ്ഞ്
ചെന്നിവായില്‍ രക്തമൊലിപ്പിച്ചവള്‍
അങ്ങനെ കിടന്നു....
ഏറെ നേരം നെഞ്ചു തകര്‍ന്നച്ഛന്‍
കുലുക്കി വിളിച്ചിട്ടും
അവള്‍ കണ്ണു തുറന്നതേയില്ല
ഒരിക്കലും....

ഒച്ച ബഹളം കേട്ട്
എപ്പഴോ നീയുണര്‍ന്നു
വന്നച്ഛനോട് ചോദിച്ചു
അമ്മയെന്താണ്
അങ്ങനെ കിടക്കുന്നതെന്ന്
ഉത്തരം പറഞ്ഞില്ല.....
എങ്ങനെ പറയും ഞാന്‍...?
വെച്ചു നീട്ടിയ
മധുര പലഹാരപൊതിയഴിച്ച്
നീ നൊട്ടിനുണഞ്ഞിരിക്കെ
കൊച്ചു ചോണനുറുമ്പുകള്‍
വന്നു പൊതിയുവാന്‍ തുടങ്ങിയാ
നിശ്ചല ശരീരത്തെ.....

പിന്നെയുമെത്രനാള്‍
എത്രപേമാരിതന്‍
മഴക്കാറുകള്‍ വന്നു
പെയ്തൊഴിയാന്‍ കഴിയാതെ
അച്ഛന്റെ മനസ്സില്‍
വിങ്ങി വിങ്ങി നിന്നു...

എങ്ങുനിന്നോ മങ്ങിയ
വെളിച്ചം വന്നു വീഴുന്നുണ്ടീ
ജയില് മുറിക്കുള്ളില്‍
എല്ലാവരേയുമെപ്പഴേ നിദ്ര
പുല്കിക്കഴിഞ്ഞൂ..
വന്യമാം കൂര്‍ക്കം
വലിയൊച്ചകള്‍
വണ്ടുകള്‍ പോലെ
കാതില്‍ തുളച്ചുകയറുന്നു..

കണ്ണീരുവീണി കടലാസിലെ
അക്ഷരങ്ങള്‍ ചിന്നിച്ചിതറിയത്
അച്ഛനറിഞ്ഞില്ല...
അല്ലെങ്കിലും നിനക്കത്
വായിക്കാന്‍ കിട്ടുവാനുമിടയില്ല
പുത്തനാം നിന്‍ രക്ഷിതാക്കളത്
ഒട്ടുമനുവദിച്ചു തരില്ലതുറപ്പാണ്
എങ്കിലും വെറുതെ
അച്ഛനെഴുതുകയാണ്
നെഞ്ചിന്നുള്‍ത്താപമൊന്ന്
കുറയ്ക്കാന്‍......

നീണ്ടു നിവര്‍ന്നു കിടക്കും
സെല്ലിന്‍ഇടനാഴിയിലൂടെ
കടും ബൂട്സിട്ട കനത്ത
കാലൊച്ച...
മണ്ണു ഞെരിച്ചു കൊണ്ട്
അടുത്തേക്കുവരുന്നുണ്ട്
അച്ഛനിനിച്ചെന്നൊന്നുറങ്ങുന്നതു
പോലെ കിടക്കട്ടെ....
ഉറങ്ങാന്‍ കഴിഞ്ഞില്ലെങ്കിലും

ഒറ്റ നിമിഷത്തെ അവിവേകത്തില്‍
അച്ഛന്‍ നിനക്ക് സമ്മാനിച്ച
അനാഥമാം ചിത്രത്തിന്
മുന്നില്‍ പൊട്ടിക്കരഞ്ഞുകൊണ്ട്
വ്യര്‍ത്ഥമെങ്കിലും ചോദിച്ചിടട്ടെ
മാപ്പ്....

അച്ഛനിറങ്ങുന്നുണ്ട്
ജയിലില്‍ നിന്നും....
പത്തു പതിഞ്ചു ദിവസത്തെ
പ്രത്യേക പരോളനുവദിച്ചു
കിട്ടുവാനിടയുണ്ട്....

( അച്ഛന്‍റെ ആശങ്ക പോലെ ഈ കത്ത് മകന് കിട്ടാന് യാതൊരിടയുമില്ല. ഈ കത്ത് വായിച്ച ഒരാള്‍ നിങ്ങളാണ്. ഒരു പക്ഷേ നിങ്ങള്‍ക്ക് അവനെ അറിയാമെങ്കില്‍ കുറ്റബോധത്തിന്‍‍റെ ഉമിത്തീയില്‍ നീറുന്ന ഈ അച്ഛന്‍റെ അന്വേഷണം നിങ്ങള്‍ അവനെ അറിയിക്കുമല്ലോ...)

ഈ കവിതയുടെ രണ്ടാം ഭാഗം വായിക്കുവാന്‍ ചുവടെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അച്ഛനറിയുവാന്‍ മകന്‍ എഴുതുന്നത്.......

41 അഭിപ്രായങ്ങൾ:

  1. അച്ഛനോട് ക്ഷമിക്കാനെ കഴിയൂ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഈ അച്ഛനോട് മകനോ അവന്റെ ബന്ധുക്കളോ പൊറുക്കുവാന്‍ ഇടയില്ല. താങ്കള്‍ ക്ഷമിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ ധന്യനായി...നന്ദി അജിത് സാര്‍ ഈ കവിതയ്ക്ക് ആദ്യമായി അഭിപ്രായം രേഖപ്പെടുത്തിയതിന്....

      ഇല്ലാതാക്കൂ
  2. എഴുത്തിലെ ഈ വ്യത്യസ്ഥതയാണ് ശ്രദ്ധേയമായ താരം.....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി പ്രദീപ് മാഷ്...താങ്കളെപ്പോലെ ചുരുക്കം ചിലര്‍ പകര്‍ന്നു തകന്ന ഊര്‍ജ്ജത്തില്‍ നിന്നാണ് ഈ ബ്ലോഗ് ഇവിടം വരെ എത്തിയത്...

      ഇല്ലാതാക്കൂ
  3. ചിതറി പോയ ജീവിതങ്ങള്‍ കൂട്ടി ചേര്‍ക്കാന്‍ ഈ അക്ഷരങ്ങള്‍ക്ക് കഴിയില്ലല്ലോ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ മുബി... ആ ബോധം അച്ഛനുമുണ്ട്...എഴുതുമ്പോള്‌ കിട്ടുന്ന ആത്മനിന്ദാ പരമായ ഒരു സുഖം.... അത് അച്ഛനോടൊപ്പം കവിയ്ക്കും അനുഭവപ്പെടുന്നു.പ്രിയവായനക്കാര്‌ക്കും അത് പകര്‍‌ന്ന് കിട്ടണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്....

      ഇല്ലാതാക്കൂ
  4. മകനോടൊന്നും പറയാതെ തന്നെയവ-
    നിതിനകം മനസ്സിലാക്കിയിട്ടുണ്ടായിരുന്നു.
    അഛനമ്മയെ നിഷ്ക്കരുണം
    ചവിട്ടിക്കൊന്ന കഥ.

    കള്ളു കുടിച്ച് കയറി വരുന്നഛനെ-
    ന്നുമമ്മയെ തല്ലുമായിരുന്നു.
    ദുഷ്ടനായിരുന്നഛനെന്ന് നാട്ടുകാരു-
    പറഞ്ഞറിയാമെന്ന്.
    അത്കൊണ്ടഛന്റെ
    ഈ കത്തിനെക്കുറിച്ച് ഞാൻ
    പറഞ്ഞില്ലിതുവരെ.
    കാരണമതു വിശ്വസിപ്പിക്കാനാ-
    വില്ലെനിക്കവനെ നിശ്ചയം...!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സത്യത്തില്‍ ഈ കവിത മകന്റെ കാഴ്ചപ്പാടിലാണ് ഞാന്‍ എഴുതിത്തുടങ്ങിയത്...അതില്‍ അച്ഛന്റെ മദ്യപാനം, ഭാര്യയെത്തല്ലല്‍ എല്ലാം വരുന്നുണ്ട്. എന്നാല്‍ എഴുതി വരവേ എവിടെ വെച്ചോ കവിതയുടെ ഒഴുക്ക് നിലച്ചു. ഒരു തരം കൃത്രിമത്തെ എനിക്കു തന്നെ അനുഭവപ്പെട്ടു. മാസങ്ങള്‍ക്ക് ശേഷം രണ്ട് മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ഒരുള്‍ വിളിപോലെ അച്ഛന്റെ കാഴ്ചപ്പാടിലൂടെ കവിത എഴുതിപൂര്‍ത്തിയാക്കുകയായിരുന്നു......നന്ദി വി.കെ താങ്കളുടെ വിലയേറിയ അഭിപ്രായത്തിന്. എന്തായാലും ഈ കവിതയിലെ അച്ഛന്‍ താങ്കള്‍ പറയുന്നപോലെയുള്ള അച്ഛനല്ലതന്നെ.....

      ഇല്ലാതാക്കൂ
    2. അഛനെക്കുറിച്ച് ഞാനല്ല പറഞ്ഞത്. മകന്റെ സ്വന്തം നാട്ടുകാരാണ്. അപ്പോൾ കുറച്ചെങ്കിലും സത്യമില്ലാതെ വരുമോ എന്ന സന്ദേഹം മാത്രമാണെനിക്ക്...!

      ഇല്ലാതാക്കൂ
  5. ആ മകന്‍ ക്ഷമിക്കട്ടെ എന്ന പ്രാര്‍ത്ഥന. പെട്ടെന്നുള്ള ക്ഷോപത്തില്‍ ഇങ്ങനെ എത്ര കൊലപാതകങ്ങള്‍. ജീവിതം മുഴുവന്‍ പശ്ചാത്തപിച്ചു തീരുന്ന ജീവിതങ്ങള്‍. എഴുത്ത് വളരെ ഹൃദയസ്പര്‍ശിയായി.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ജീവിതമെന്ന മഹാനദി ഗതി മാറിയൊഴുകാന്‍ പലപ്പോഴും ഒറ്റ നിമിഷാര്‍ദ്ധം പോലും വേണ്ട..നന്ദി റോസാപ്പൂക്കള്‍ ഈ വരവിനും നല്ല വാക്കുകള്‍ക്കും......

      ഇല്ലാതാക്കൂ
  6. "പിന്നെയുമെത്രനാള്‍
    എത്രപേമാരിതന്‍
    മഴക്കാറുകള്‍ വന്നു
    പെയ്തൊഴിയാന്‍ കഴിയാതെ
    അച്ഛന്റെ മനസ്സില്‍
    വിങ്ങി വിങ്ങി നിന്നു..."

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഈ കവിതയിലെ അച്ഛന്റെ മാനസികാവസ്ഥ വ്യക്തമാക്കുന്ന വരികളാണത്....കവിത ഇഷ്ടപ്പെട്ടു എന്നു വിചാരിക്കട്ടെ...നന്ദി സുധീര്‍ദാസ്.....

      ഇല്ലാതാക്കൂ
  7. അവിചാരിതമായി കാണുന്ന കാഴ്ച്ചയുടെ പിടച്ചില്‍ ഒന്നുമല്ലെന്നോ?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കാഴ്ചയ്ക്കപ്പുറം കാണാതെ പോകുന്ന ചില കാഴ്ചകളുണ്ട് പ്രിയ സലീം....

      ഇല്ലാതാക്കൂ
  8. ഇല്ല. അവനോട് ഇതൊന്നും പറയാൻ കഴിയില്ല.അന്ന് നൊട്ടി നുണഞ്ഞ ആ മധുര പലഹാരത്തിന്റെ മധുരമാണവന്റെ മനസ്സിൽ അച്ഛന്റെ ഓർമകൾ. അതെന്തിന് തകർക്കണം? കവി എന്തിനാണ് ഇങ്ങിനെ ക്രൂരനാകുന്നത്?

    ഇടയ്ക്ക് ചിലയിടങ്ങളിൽ ഗദ്യം വന്ന് ഒഴുക്കിന് അൽപ്പം തടസ്സമായത് പോലെ തോന്നി. നല്ല ആശയം. നല്ല കവിത.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി ബിപിന്‍ സാര്‍...ഈ അടുത്ത കാലത്തായി എനിക്കു കിട്ടിയ നല്ലൊരു വായനക്കാരനാണ് താങ്കള്‍.....കവിയല്ല ക്രൂരനാകുന്നത്.....വിധിയാണ് ക്രൂരനാകുന്നതെന്ന് അങ്ങയെ ഓര്‍മ്മിപ്പിക്കട്ടെ...

      ഇല്ലാതാക്കൂ
  9. തുടക്കത്തിലേ ശ്രദ്ധ വേണ്ടിയിരുന്നു!
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സംഭവിച്ചു കഴിഞ്ഞിട്ടു പറഞ്ഞിട്ടെന്തു കാര്യം...വിധിയെ തിരുത്താന്‍ മനുഷ്യന് കഴിയില്ലല്ലോ....ജീവിതകാലം മുഴുവന്‍ പശ്ചാത്താപത്തില്‍ നീറി കഴിയുക തന്നെ...നന്ദി തങ്കപ്പന്‍ സാര്‍ അഭിപ്രായം രേഖപ്പെടുത്തിയതിന്..

      ഇല്ലാതാക്കൂ
  10. അനുരാജിന്റെ എഴുത്ത്‌ ഹൃദയസ്പർശിയായി. . ആ അച്ഛന്റെ എഴുത്ത്‌ മകന്റെ ഹൃദയെത്തേയും സ്പർശിക്കുമന്നുറപ്പ്‌. കാലം അവർക്ക്‌ കാത്തു വച്ചിരിക്കുന്നത്‌ ഹിതമായതു തന്നെയാവണം.


    ശുഭാശംസകൾ.....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി സൌഗന്ദികം...ഒരിടവേളയ്ക്കു ശേഷമുള്ള താങ്കളുടെ ഈ വരവിന്.........അച്ഛനും മകനുമിടയയില്‍ ശുഭമായത് തന്നെ സംഭവിക്കട്ടെയെന്ന് ഞാനും ആഗ്രഹിക്കുന്നു...

      ഇല്ലാതാക്കൂ
  11. അജ്ഞാതന്‍2014, നവംബർ 7 11:08 PM

    ഉള്ളില്‍ തട്ടിയ ഒരു കവിത!!
    വളരെയേറെ ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കവിത ഉള്ളില്‍ത്തട്ടി എന്നറിഞ്ഞതില്‍ സന്തോഷം ഋതു....വീണ്ടും ഈ വഴി വരിക

      ഇല്ലാതാക്കൂ
  12. വാക്കുകൾ നന്നായിരിക്കുന്നു. ജീവിതം പലപ്പോഴും നമ്മെ നാമറിയാത്ത വഴികളിലൂടെ നടത്തും.
    അവരുടെ ഹൃദയം പരസ്പരം പുണർന്നിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നു
    ആശംസകളോടെ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നല്ല വാക്കുകള്‍ക്കും ഒരിടവേളയ്ക്കു ശേഷം ഈ ബ്ലോഗ്ഗിലേക്കുള്ള വരവിനും നന്ദി അബൂതി...

      ഇല്ലാതാക്കൂ
  13. മറുപടികൾ
    1. ചീരാമുളക് ഈ ബ്ലോഗില്‍ ആദ്യമാണെന്നു തോന്നുന്നു...നന്ദി ഈ വരവിന്...

      ഇല്ലാതാക്കൂ
  14. കണ്ണീരുവീണി കടലാസിലെ
    അക്ഷരങ്ങള്‍ ചിന്നിച്ചിതറിയത്
    അച്ഛനറിഞ്ഞില്ല...
    അല്ലെങ്കിലും നിനക്കത്
    വായിക്കാന്‍ കിട്ടുവാനുമിടയില്ല
    പുത്തനാം നിന്‍ രക്ഷിതാക്കളത്
    ഒട്ടുമനുവദിച്ചു തരില്ലതുറപ്പാണ്
    എങ്കിലും വെറുതെ
    അച്ഛനെഴുതുകയാണ്
    നെഞ്ചിന്നുള്‍ത്താപമൊന്ന്
    കുറയ്ക്കാന്‍......

    മറുപടിഇല്ലാതാക്കൂ
  15. നന്ദി ഡോക്ടര്‍ ഈ വരികള്‍ ഓര്‍മ്മപ്പെടുത്തിയതിന്...

    മറുപടിഇല്ലാതാക്കൂ
  16. ഒട്ടും പരിചയമില്ലാത്തൊരു
    വള്ളിച്ചെരുപ്പ് മഴത്തള്ളലില്‍
    മുറ്റത്തൊഴുകി നടന്നൂ....ഈ ഒരു രംഗം എത്ര ഗംഭീരമായി കവിത വളരെ ഹൃദയസ്പർശി ആയി വരികൾ മനോഹരമായി കൂട്ടി ഇണക്കി

    മറുപടിഇല്ലാതാക്കൂ
  17. കവിത ഇഷ്ടപ്പെട്ടെവെന്നറിഞ്ഞതില് നന്ദി ബൈജു......

    മറുപടിഇല്ലാതാക്കൂ
  18. ഓരോ വായനക്കാരേയും
    ഒന്ന് തൊട്ട് തലോടി പോകുന്ന
    ഈ വിങ്ങലുകൾ തന്നെയാണ് അനുവിന്റെ
    എഴുത്തിന്റെ വിജയവും...കേട്ടൊ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി പ്രിയ മുരളീമുകുന്ദന്‍ നല്ലവാക്കുകള്‍ക്ക്.....

      ഇല്ലാതാക്കൂ
  19. ചത്തു പോകുവാന്‍
    നീര്‍ക്കുമിളപോല്‍
    മനുഷ്യജീവനിത്ര
    ദുര്‍ബലമോ.....? കവിത ഹൃദ്യമായി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി വെട്ടത്താന്‍ജീ നല്ല വാക്കുകള്‍ക്കുെ പ്രോത്സാഹനത്തിനും...

      ഇല്ലാതാക്കൂ
  20. ഒരു ജീവിതം തന്നെ പറഞ്ഞ നല്ല കവിത.
    ദുഃഖം ആ മുറ്റത്തെ പെയ്ത്തുവെള്ളം പോലെ ഇവിടെ തളം കെട്ടിക്കിടക്കുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അച്ഛന്റെ വേദന കവിയോടൊപ്പം വായനക്കാര്‍‌ക്കും അനുഭവപ്പെടുന്നു എന്നറിഞ്ഞതില്‍ സന്തോഷം...നന്ദി...

      ഇല്ലാതാക്കൂ
  21. കവിതക്കുള്ളിലെ കഥ നന്നായി അനുരാജ് .

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അഭിപ്രായത്തിന് നന്ദി വഴിമരങ്ങള്‍....വീണ്ടും വരുമല്ലോ...

      ഇല്ലാതാക്കൂ
  22. പലരും പറയുന്നു..,ഇതുപോലെ ചില സത്യങ്ങൾ ലോകത്തുണ്ടെന്ന്...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതിലെ കഥാപാത്രങ്ങളൊന്നും ഒരിക്കലും നമ്മളാരെങ്കിലുമാകാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥനമാത്രം....

      ഇല്ലാതാക്കൂ