ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

Saturday, March 8, 2014

എന്നാലും കണ്ണാ നീയെന്നെ മറന്നല്ലോ...?


    
എന്നാലും കണ്ണാ
നീയെന്നേന്നെ മറന്നല്ലോ...?
ഒന്നുമേയോര്‍ക്കാതെ….
പൊന്നോടക്കുഴലുമായി
പണ്ടു നീ വൃന്ദാവനത്തില്‍
പാടിനടന്നോരുകാലം.....
എന്നും നിന്‍പിന്‍‍ നിഴലായി
കൂടെയുണ്ടായിരുന്നവള്‍
പണ്ടെത്തയാ കളിക്കൂട്ടുകാരി
രാധ..

എന്നാലും കണ്ണാ
നീയെന്നെ മറന്നല്ലോ…?
മണ്ണപ്പം ചുട്ടുവിളമ്പിയതും
പൈക്കളുമൊന്നിച്ച് തുള്ളി
ച്ചാടിമറിഞ്ഞതും…..
കണ്ണാരം പൊത്തിക്കളിച്ചതും
വെണ്ണപോലുളള ഹൃദയത്തിന്‍‍
പാതി അന്നേ പകുത്ത് തന്നതും

പിന്നെമുതിര്‍ന്നപ്പോള്‍
ഓരോരോ കിന്നാരം ചൊല്ലി
കൊതിപ്പിച്ചതും.....
പെണ്ണുങ്ങള്‍ കുളിക്കും
കുളക്കടവില്‍ പതിയിരുന്ന്
വെള്ളാരം കല്ലു പെറുക്കി
എറിഞ്ഞതും......
വെള്ളത്തില്‍ നിന്നുയരുന്ന
തുള്ളിതുളുമ്പുന്നൊരോളങ്ങള്‍
കണ്ടു രസിച്ചതും…!
വല്ലാതെ നാണം വന്നന്നേരം
മിഴികള്‍ കൂമ്പി
ഞാന്‍ നിന്നതും....
എന്നാലും കണ്ണാ
നീയെന്നെ മറന്നല്ലോ...?


എന്നേ നിന്‍‍ പുല്ലാങ്കുഴലിന്‍റെ
ഈണമാകാന്‍ ഞാന്‍‍ കൊതിച്ചു
എന്നും നീയെന്നെക്കുറിച്ചു
പാടുമെന്ന് വൃഥാ നിനച്ചു

അന്യമാം വനാന്തരത്തിലേക്ക്
പൊന്‍വേണുവു മൂതി നീയൊറ്റക്ക്
പോകുമ്പോഴൊക്കെയും
എന്തോ അരുതാത്തത്
സംഭവിക്കുന്നപോലെന്‍
ഹൃദയം പിടച്ചു
നീലനിശീഥത്തിന്‍ അന്ത്യയാമങ്ങളിലും
മന്വന്തരങ്ങളില്‍ നിന്നെവണ്ണം
നിന്‍ പൊന്നാടക്കുഴല്‍ വിളി
ഞാന്‍ കേട്ടൂ....
നിദ്രവന്നെന്നെ ഇറുകെ
പുല്കിയുറക്കിയിട്ടും
സ്വപ്നത്തിലും വന്നു നിറഞ്ഞൂ
നിന്‍റെ രൂപം...

അന്നു നീയാവനാന്തരത്തില്‍
നിന്ന് കൊന്നിഴച്ചുകൊണ്ടുവന്ന
ഉഗ്രമാം വിഷസര്‍പ്പത്തെക്കണ്ടു
ഞാനും നടങ്ങി
എന്തോ വല്ലാത്തൊരന്യഥാ ഭാവ
മന്നുമുതല്‍ തുടങ്ങി
പിന്നെ നീ പാടുമ്പോഴൊക്കെയും
പാവമീ രാധയ്ക്കറിയാത്ത
വന്യമാം സ്വരങ്ങള്‍
വന്നുനിരന്നു നിൻ പുല്ലാങ്കുഴലിൽ 

അമ്പാടിയില്‍, വൃന്ദാവനത്തില്‍
നിന്ന് നീ മെല്ലെമെല്ലയകന്നു പോയി
വില്ലാളി വീരന്മാര്‍ കൂട്ടുകാരായി
സ്വര്‍ണ്ണ പല്ലക്കിലേറി നീയിന്ന്
പുത്തന്‍ വധുവുമായി വന്നു
കയറുമ്പോള്‍
അമ്പാടിമുറ്റത്ത് വന്നുനിരന്ന
ഗോപികമാരുടെ കൂട്ടത്തില്‍
ഞാനുമുണ്ടായിരുന്നു
എന്നാലുമൊന്ന് പറയാമായിരുന്നു...!
കണ്ണാ നീയെന്നെ മറന്നല്ലോ...?

15 comments:

 1. പാവം..
  രാധയുടെ പരിഭവങ്ങള്‍ ഒരിക്കലും തീരുന്നില്ല

  ReplyDelete
  Replies
  1. ഒരിക്കലും തീരില്ല .....ഇന്നലേയും , ഇന്നും മാത്രമല്ല വരും തലമുറകളും അത് പാടിക്കൊണ്ടിരിക്കും ....നന്ദി സോണി ആദ്യ അഭിപ്രായത്തിന്

   Delete
 2. എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ,
  എന്നാർദ്ര നയനങ്ങൾ തുടച്ചില്ലല്ലോ....

  വിരഹിണിരാധയുടെ ദുഃഖം ചാതുര്യത്തോടെ അനുരാജ് വരികളിലേക്കാവാഹിച്ചിരിക്കുന്നു. മനോഹരമായ കവിത.


  ശുഭാശംസകൾ.......

  ReplyDelete
  Replies
  1. നന്ദി സൗഗന്ധികം ...വീണ്ടുമുള്ള ആശംസകള്‍ക്ക് ...

   Delete
 3. വീണ്ടും കണ്ണനോട്

  ReplyDelete
  Replies
  1. എത്ര എഴുതിയാലും മതിവരില്ലല്ലോ .....

   Delete
 4. മധുരസ്മരണകളുമായി ഇന്നും രാധ കാത്തിരിക്കുന്നു.
  ആശംസകള്‍

  ReplyDelete
  Replies
  1. പാവം രാധ അവള്‍ക്ക് കാത്തിരിക്കാനല്ലേ കഴിയൂ ......നന്ദി തങ്കപ്പന്‍ സാര്‍ അഭിപ്രായത്തിന്

   Delete
 5. സുഗതകുമാരിയുടെ കൃഷ്ണാ നീയെന്നെ അറിയില്ല എന്ന കവിത ഓർമ്മവന്നു ഈ കവിത വായിച്ചപ്പോൾ - പുതുമകൾ ആവോളം പകർന്നുതരാറുള്ള ഇരുൾ നിലാവിന്റെ ശരാശരി നോക്കുമ്പോൾ ഈ കവിത ശരാശരിയിലും താഴെയാണ് ( ഇത് എന്റെ വായനയുടെ കുഴപ്പവുമാകാം )

  ReplyDelete
  Replies
  1. ഓരോ കവിതയെഴുതുമ്പോഴും ഞാന്‍ വായനക്കാരന്‍റെ ഭാഗത്ത്‌ നിന്ന് ആലോചിക്കാറുണ്ട് .മിക്കപ്പോഴും ആ നിഗമനങ്ങള്‍ ശരിയുമായിരിക്കും...ഞാനിതിന് കഷ്ടിച്ച് പാസാകാനുള്ള മാര്‍ക്കാണ്കൊടുത്തിട്ടുള്ളത് ...മലയാളത്തില്‍ അതി ശ്രേഷ്ഠമായ കവിതകളില്‍ ഒന്നായ 'കൃഷ്ണാ നീയെന്ന അറിയില്ല 'എന്ന കവിതയുമായി ഒരു താരതമ്യപ്പെടുത്തല്‍ താങ്കള്‍ നടത്തിയിട്ടുണ്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്‌ .എല്ലാ ചപലവികാരങ്ങളും ഉള്ളിലടക്കി കൃഷ്ണനെ നിശബ്ദം സ്നേഹിക്കുന്ന ഗോപികയെയാണ് ആ കാവ്യത്തിലേതെങ്കില്‍ ഈ കവിതയിലേത് കുറച്ചു ചപല വിചാരങ്ങളുള്ള നായികയാണ് ...ഉദ്ദേശിച്ച രീതിയില്‍ അത് പ്രതിഫലിപ്പിക്കാന്‍ കഴിഞ്ഞില്ല എന്നാണ് താങ്കളുടെ ഈ തുറന്നു പറച്ചിലില്‍ നിന്ന് മനസ്സിലാകുന്നത് . എന്‍റെ ഫ്ലോപ്പ് ആയിപ്പോയ പോസ്റ്റുകളുടെ ഗണത്തില്‍ ഞാനിതിനെപ്പെടുത്തുകയാണ്...നന്ദി പ്രദീപ്‌ മാഷ് ഈ സത്യസന്ധമായ അഭിപ്രായത്തിന്

   Delete
 6. രാധാമാധവം
  നൂറ്റാണ്ടുകളായി അനേകതൂലികകള്‍ക്ക് വിഷയമായിരുന്ന സ്നേഹം. ഇനിയും പലരെയും എഴുതുവാന്‍ പ്രേരിപ്പിക്കുന്ന സ്നേഹം.
  മനോധര്‍മം പോലെ എഴുതുക. ആശംസകള്‍

  ReplyDelete
  Replies
  1. നന്ദി അജിത്‌ സാര്‍ ...

   Delete
 7. എന്നേ നിന്‍‍ പുല്ലാങ്കുഴലിന്‍റെ
  ഈണമാകാന്‍ ഞാന്‍‍ കൊതിച്ചു
  എന്നും നീയെന്നെക്കുറിച്ചു
  പാടുമെന്ന് വൃഥാ നിനച്ചു... പ്രണയം അതിന്റെ പാരമ്യതയിൽ കാവ്യാത്മകമായി....

  ReplyDelete
 8. രാധയുടെ പരിഭവങ്ങള്‍....

  ReplyDelete
 9. കൃഷ്ണ! നീയെന്നെയറിയില്ല!

  ReplyDelete