ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

Thursday, October 31, 2013

തട്ടങ്ങള്‍ ഇളകുമ്പോള്‍.......


കൊച്ചു പെരുന്നാളിന്റെയന്ന്
നെയ്ച്ചോറ് വെച്ചു വിളമ്പവേ
പെട്ടന്നക്കരയുള്ളോരിക്കാനെ
ക്കുറിച്ചോര്‍ത്തുപോയാമിന
കൊച്ചരിയിട്ടു വേവിച്ചൊരാ
വട്ടചെമ്പു തണുത്തിട്ടും
ഉള്ളിലെ തീ
കെട്ടടങ്ങിയതേയില്ല...

എത്രനാളായൊന്ന് വിളിച്ചിട്ട്...?
മെക്കാ മദീനാ നാടാണതെങ്കിലും
ഉഷ്ണ മരുഭൂമിയല്ലേ.......?
ചക്രം തിരിച്ചു പായുന്ന
ജോലി എത്ര ഭയാനകം...!
നിത്യവും നാം കാണുന്നതല്ലേ....?
ചുട്ടു പൊള്ളും മണല്ത്തരി പോലെ
ഇത്തിരി പരിഭവ കൂടുതലുണ്ട് പണ്ടേ....
കിട്ടിയ പൊന്നു കുറഞ്ഞു പോയത്രെ....
പെറ്റു കൂട്ടിയതോ....
മൂന്നും പെണ്കുരുന്നുകള്‍....!!!
പടച്ച തമ്പുരാനേ
നീ പെണ്ണിനെ പണിച്ചു വിട്ടത്
പഴിച്ചു കൊല്ലുവാനോ...?

ഉച്ചവെയില്‍ ചാഞ്ഞൊരുനേരം
കതകടച്ചൊറ്റയ്ക്ക്
മുറിയില്‍‍ പോയിരുന്നു
കരഞ്ഞേറനേരം....
മച്ചിന്റെ കോണിലിരുന്നേതോ
കൊച്ചരി പ്രാവ് കുറുകി
വിളിച്ചൂ....

നിക്കാഹിന്റെയന്നെന്നപോലെ
വീടണഞ്ഞ്......
ആളുകള്‍ പിരിഞ്ഞനേരം
കുളിച്ചത്താഴമുണ്ട്
അത്തറുപൂശിമണത്ത കുപ്പായവുമിട്ട്
ഏതോ അറബിക്കഥയിലെ 
സുല്ത്താന്‍‍‍ രാജകുമാരനെപ്പോലെ
പുത്തന്‍മാരന്‍‍‍ ചാരേ
പട്ടുമെത്തയില്‍ വന്നിരിക്കുന്ന
പോലെ തോന്നി....

ഉള്ളിലേതോ കുസൃതിയൊളിപ്പിച്ച്
ആ വെള്ളാരം കണ്ണുകള്‍
നിശ്ചല ജലാശയത്തിലെ
പരല്‍ മീനുകളെപ്പോലെ
തുള്ളിക്കളിക്കുന്നുണ്ടല്ലോ....!
ലജ്ജപൂണ്ടവളുടെ മുഖം
തുടുത്തിരുന്നെങ്കിലും
കട്ടിലോരത്ത് കിടന്ന കിതാബെടുത്ത്
വെറുതെ മറിച്ചു നോക്കികൊണ്ട്
മറ്റേതോ ദുനിയാവിലെന്നവണ്ണം
പുതുപ്പെണ്ണിരുന്നു.......
അരുമയാമേതോ പക്ഷിയെപ്പോലെ...!

കൂട്ടിയും കിഴിച്ചുമിട്ടേതോ
അക്കഗണിതങ്ങളായിരുന്നതില്‍ മുഴുവന്‍
ഒട്ടും മനസ്സിലായതേയില്ല....
ഒപ്പനപ്പാട്ടിന്റെ താളം മാത്രം
ഖല്‍ബില്‍ മുഴങ്ങി കേട്ടു.....

മൈലാഞ്ചി ചിത്രമെഴുതിയോരാ
മൃദുലമാം കൈകള്‍ കവര്‍ന്ന്
ചിത്രശലഭങ്ങളെപ്പോലെ
പുതുമാരന്റെചുണ്ടിണകള്‍
ആദ്യമായാപൂമേനിയില്‍
മുത്തം പകരവേ......
ഉള്‍പ്പുളകങ്ങളാല്‍‍
കോരിത്തരിച്ചു പോയി
എത്ര സുന്ദരമീ ജീവിതമെന്ന്
വെറുതെ നിനച്ചു പോയി..

കൊച്ചു പെരുന്നാളായിട്ടിത്ര
നേരമായിട്ടൊന്ന് വിളിച്ചില്ലല്ലോ
അത്രമേല്‍ വെറുത്തു പോയോ..?

അപ്പുറം ജാലകപ്പടികള്‍ക്കിടയിലൂടെ
ചെക്ക് കളിച്ചു തളരുന്ന
കുട്ടികളുടെ തട്ടമിളകുന്നത് കാണാം
ചിത്രത്തുമ്പികളെപ്പോലെ
പാറുകയാണവര്‍
ചിത്രപ്പണികള്‍ ചെയ്ത് കൂട്ടുന്നുണ്ട്
പടച്ചോനവരിലും....!
മറ്റാരും കാണാതെ....
ഓര്‍ക്കുമ്പോള്‍ ആധിവന്നുള്ളില്‍
തീയാളുന്നു.....

പെട്ടന്നായിരുന്നല്ലോ.......
മേശപ്പുറത്ത് കരിമ്പൂച്ചപോല്‍
കെട്ടുറങ്ങിക്കിടന്ന ഫോണ്‍
ഉച്ചത്തില്‍ നീട്ടിച്ചിലച്ചത്
എത്ര ദിവസങ്ങള്‍ക്കു ശേഷമാണ്.....
ഒട്ടു പരിഭ്രമത്തോടെ
വെപ്രാളപ്പെട്ടെഴുന്നേറ്റ്
അപ്പുറമെത്തവേ
വീണ്ടും ഫോണ്‍ നിശ്ചലമാകുന്നു...

കൊച്ചു ഫോണ്‍ കൈയിലൊളിപ്പിച്ച്
കുട്ടികള്‍ പുറത്തൊളിഞ്ഞു നിന്ന്
അകത്തേക്കൊത്തി നോക്കുന്നുണ്ട്
അമര്‍ത്തിപ്പിടിച്ച ചിരിയുമായി....
ചായകുടിക്കേണ്ട നേരമാറിതണുത്തെന്നോ..!
കട്ടിലില്‍ നിന്നുമ്മച്ചിയെ
പെട്ടന്നെഴുനേല്പിക്കാന്‍
കണ്ടയൊറ്റ മാര്‍ഗ്ഗമാണന്നോ
ഒക്കെ ശരിതന്നെ......
ഒരു നിശ്ചലചിത്രം പോലെ 
നില്ക്കകയാണവള്‍....
ഫോണ്‍ വീണ്ടും ചിലയ്ക്കുന്നതും കാത്ത്.....19 comments:

 1. ശപിച്ചുകൊല്ലുന്ന മങ്കമാരുമുണ്ട്.. ഒരുപക്ഷേ അവരാകും കൂടുതൽ..

  ReplyDelete
  Replies
  1. നന്ദി സാബു ആദ്യമായുള്ള ഈ വരവിനും ...അഭിപ്രായത്തിനും .......

   Delete
 2. എന്തിനു തുണി ഒന്നിളകിയാല്‍ പ്രശ്നമാ.ഇനി കവിതയില്‍ നില്‍ക്കില്ലെങ്കില്‍ കഥ പരിക്ഷിക്കാം ട്ടോ ...ആശംസകള്‍

  ReplyDelete
  Replies
  1. ശരിയാണ് കാത്തി....ഇത് ഒരു കഥയായിട്ടു എഴുതിയിരുന്നെങ്കില്‍ എഴുത്തുകാരന് കൂടുതല്‍ സ്വാതന്ത്ര്യം ലഭിച്ചേനെ .....സൂക്ഷ്മവും സ്ഥൂലവുമായ വര്‍ണനകള്‍ യഥേഷ്ടം ചേര്‍ക്കാം ...ദൈര്‍ഘ്യം കൂടുന്നു എന്നാ ആശങ്ക വേണ്ട .....ബ്ലോഗ്ഗ് എഴുത്തില്‍ വരുന്നതിനു മുമ്പ് ഞാന്‍ കൂടുതലും കഥകളാണ് പരീക്ഷിച്ചു കൊണ്ടിരുന്നത് ..........പക്ഷേ ഒരു കഥ എഴുതുന്നതിനു കവിതയെ അപേക്ഷിച്ച് എഴുത്തുകാരന്‍ നടത്തേണ്ടി വരുന്ന ശാരീരികവും മാനസികവുമായ അധ്വാനം വളരെ വലുതാണ് .......അതിനുള്ള മടിയും സമയക്കുറവും കാരണമാണ് കഥ എഴുത്ത് ഒഴിവാക്കുന്നത്

   Delete
  2. എന്നിട്ടാണോ ? ചില വിഷയങ്ങള്‍ എങ്ങനെ ഭംഗിയായി അവതരിപ്പിക്കണമെന്ന് നമ്മള്‍ തന്നെ ആലോചിക്കണം, തീരുമാനിക്കണം . ശ്രമിക്കാവുന്നതാണ്.വിജയമായിരിക്കും .ഇപ്പോഴെ ആശംസകള്‍

   Delete
 3. എപ്പോഴും ചിലച്ചുകൊന്ടിരിക്കട്ടെ

  ReplyDelete
  Replies
  1. ആദ്യ വരവിന് അഭിപ്രായത്തിന് നന്ദി സന്ജിദ് .........

   Delete
 4. ജീവിതത്തിൽ നിന്ന് ചീന്തിയെടുത്ത ഏടുതന്നെ.....
  എങ്കിലും കവിതയുടെ അളവ് എത്രമാത്രമുണ്ടെന്ന് അറിവുള്ളവർ വായിച്ച് പറയട്ടെ...

  ReplyDelete
  Replies
  1. വായനക്കും അഭിപ്രായത്തിനും നന്ദി പ്രദീപ്‌ മാഷ് ...കാത്തിക്കു നല്‍കിയിരിക്കുന്ന മറുപടി ശ്രദ്ധിക്കുമല്ലോ

   Delete
 5. പാവം കുഞ്ഞാമിന

  ReplyDelete
  Replies
  1. വായനക്കും അഭിപ്രായത്തിനും വീണ്ടും വിനീതമായ നന്ദി അജിത്‌ സാര്‍ ......

   Delete
 6. ചിത്രപ്പണികള്‍ ചെയ്ത് കൂട്ടുന്നുണ്ട്
  പടച്ചോനവരിലും....!
  അവരെ പടച്ചോൻ തന്നെ കാക്കട്ടെ
  കൊള്ളാം നന്നായി

  ReplyDelete
  Replies
  1. നല്ലവാക്കുകള്‍ക്ക് നന്ദി ബൈജു ........

   Delete
 7. കുഞ്ഞാമിനയുടെ ആധികള്‍......
  ആശംസകള്‍

  ReplyDelete
  Replies
  1. വായനക്ക് അഭിപ്രായത്തിന് നന്ദി ......തങ്കപ്പന്‍ സാര്‍ ....

   Delete
 8. അധര സമ്മാനമാണോ ?
  അഴകിൻ രോമാഞ്ചമാണോ ?
  കിനാവേ നിൻ മൊഹബത്തിൻ പൂമഞ്ചലിൽ..


  വളരെ നന്നായി എഴുതി അനുരാജ്.

  ശുഭാശംസകൾ....

  ReplyDelete
  Replies
  1. കവിതയ്ക്ക്....... കവിതയിലൂടെയും ,പാട്ടിലൂടെയും , നാടന്‍ ശീലുകളിലൂടെയുമൊക്കെ താങ്കള്‍ നല്കുന്ന മറുപടി സത്യമായും എന്നെ അത്ഭുതപ്പെടുത്തുന്നു ...സൌഗന്ധികം .....

   Delete
 9. കൂട്ടിയും കിഴിച്ചുമിട്ടേതോ
  അക്കഗണിതങ്ങളായിരുന്നതില്‍ മുഴുവന്‍.....
  Athu thanne jeevitham!

  ReplyDelete
  Replies
  1. വീണ്ടുമുള്ള ഈ വരവിനും അഭിപ്രായത്തിനും നന്ദി ഡോക്ടര്‍ .....

   Delete