ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

Monday, March 2, 2015

നക്രവും റീത്തും പിന്നെ പൊട്ടക്കിണറ്റിലെ തവളയും.....


Image result for facebook addiction stock photos
എത്ര റീത്ത് കിട്ടിയിട്ടുണ്ട്
ഇതേവരെ......?
നക്രത്തിനെപ്പോലിരിക്കും
നിങ്ങടെയാ ചിത്രത്തിന്..
ഒത്തിരി ഏതാണ്ടൊക്കയോ
പഠിച്ചിട്ടുണ്ടങ്കിലും
ടെക്കിനോളജി തൊട്ടുതീണ്ടിയിട്ടില്ലാത്ത
പച്ചനാട്ടിന്പുറത്തുകാരി
എന്റെ ഭാര്യ ചോദിക്കുന്നു

അര്‍ദ്ധരാത്രി നാണിച്ച്
നാണിച്ച്...
പൊട്ടിവിരിയുന്നതേയുള്ളൂ
അപ്പഴേ തുടങ്ങി
കട്ടിലിന്നോരത്ത് വീര്‍പ്പുമുട്ടി
കിടന്നൊരാ പെണ്‍ശബ്ദം
ഇടിവെട്ടിത്തിമിര്‍ക്കുമ്പോള്‍‍
തട്ടിന്‍പുറത്ത് പെട്ടന്ന്
ഒച്ചവെച്ച് കിലുങ്ങും
ഓട്ട് പിച്ചള പാത്രങ്ങളെപ്പോലെ...

പുത്തനായി മുഖപുസ്തക
ഭിത്തിയിലെന്റെ സ്റ്റാറ്റസില്‍
ഒത്തിരിനേരമെഡിറ്റിംഗ് നടത്തി
അപ്ഡേറ്റ് ചെയ്ത്
ചേര്‍ത്തൊരെന്‍
എക്സിക്യുട്ടീവ് ലുക്കുള്ള
ഫോട്ടോ ചിത്രത്തിന്
കിട്ടിയ ഇഷ്ടങ്ങളെണ്ണി
യുള്പ്പുളകം കൊണ്ട്
ടച്ചുസ്ക്രീനുള്ള
കൊച്ചുഫോണില്‍
ചുമ്മാതെ കുത്തിക്കളിച്ചുകൊണ്ട്
ഞാനിരിക്കയായിരുന്നു......

തൊട്ടാലോ ചിത്രങ്ങള്‍
പൊട്ടിവിടരു ന്നതിന്‍
അത്ഭുത കാഴ്ചയില്‍
പെട്ടു പൊയി ഞാനും
ഒട്ടും സമയം
പോയതറിഞ്ഞില്ല......!

പെട്ടന്ന് വെട്ടമണച്ച്
കിടക്കുവാന്‍ നോക്കുന്നുണ്ടോ…?
അല്പം കാര്യങ്ങള്‍പറയുവാനുണ്ട്
ഇപ്പോഴല്ലങ്കില്‍
പിന്നെയെപ്പോഴാണു സമയം..?
കൊച്ചിന്റെ ഫീസടച്ചില്ല..
മറന്നുപോയി……
അക്കച്ചീടെ വീട്ടുപാലുകാച്ചു
മിങ്ങടുത്തു വരുന്നു
നമ്മളെന്തു കൊടുക്കണമെന്നു
തീര്പ്പു‍കല്പിച്ചിട്ടില്ലിതേവരെ
നട്ടപ്പുലര്ച്ചേ‍മുതല്‍
കഷ്ടപ്പെടുന്നതാണോര്മ്മവേണം
അല്പനേരമൊന്നു നടുനീര്ത്തണം

കുറ്റം പറഞ്ഞു
വെട്ടിവിഴുങ്ങാന്‍
കൈയും കഴുകി
വട്ടമ്മേശയ്ക്കു ചുറ്റു
മങ്ങെത്തിയാല്‍ മതിയല്ലോ..?
ആച്ഛനും മക്കള്ക്കും‍...
ഉത്തരവാദിത്തങ്ങള്‍
മുഴുവന്‍ എനിക്കുള്ളതാണല്ലോ...?

ഒട്ടുമേ വകവെച്ചില്ല ഞാന്‍
ഞെട്ടറ്റു പട്ടുതാഴെവീഴും
കെട്ട ഫലങ്ങള്‍ പോലെ
യുള്ളൊരാ വാക്കുകള്‍....

പച്ചകത്തിക്കിടക്കുന്നുണ്ടിപ്പൊഴും
നെറ്റിന്‍ വലക്കണ്ണികള്ക്കി‍ടയില്‍
പരല്‍മത്സ്യങ്ങളായി...
ഇട്ടെറിയുന്നോരീ ചൂണ്ടയില്‍
വന്ന് കൊത്തുമോ എന്നറിയട്ടെ
ആരെങ്കിലും……?

എത്ര റീത്ത് കിട്ടിയിട്ടുണ്ട്
ഇതേവരെ......?
നക്രത്തിനെപ്പോലിരിക്കും
നിങ്ങടെയാ ചിത്രത്തിന്
വക്രതയുള്ളിലൊളിപ്പിച്ചുകൊണ്ടാ
 ചോദ്യമെറിയുന്നവള്‍ വീണ്ടും

നക്രമോ ...?  അര്‍ത്ഥപിടികിട്ടുന്നില്ലതിന്‍
....അര്‍ത്ഥങ്ങള്‍തന്‍
‍അര്‍ത്ഥ ശങ്കക്കിടയില്‍പ്പെട്ടു
ഞാന്‍ കുഴങ്ങുന്നു..
വക്രിച്ച് പണ്ട് പഠിച്ച
വാക്കുകളൊക്കെയോര്‍ത്തുനോക്കി
രക്ഷയില്ല...
ഓണ്‍ലൈന്‍ പൊട്ടക്കവി
എനിക്കെന്തിന്  ശബ്ദതാരാവലി..?

നെറ്റിന്‍ കുരുക്കഴിച്ചിട്ട്
പച്ചമലയാളത്തില്‍
തപ്പിനോക്കുന്നു
പെട്ടന്നതാ തെളിയുന്നു
പണ്ടത്തിമരത്തിന്‍റെചോട്ടില്‍
ഉറ്റ സുഹൃത്താം പാവമാ
കൊച്ചുകുരങ്ങന്റെ ചങ്ക്
ചതിയില്‍​‍റിച്ചു തിന്നാന്‍
കൊതിമൂത്ത് കൊമ്പല്ലൊതുക്കി
ചെപ്പടി വിദ്യ യുമായി
പമ്മി പതുങ്ങിക്കിടന്നൊരാ
വൃത്തികെട്ട രൂപം....
ചീമ്പിയ കണ്ണും...
പുണ്ണു പിടിച്ചപോലുള്ളോരുടലും..

പൊട്ടക്കിണറ്റിലെ തവളയാം
നിന്നെ കെട്ടിയതാണ് ഞാന്‍
ചെയ്ത തെറ്റെന്ന് പറഞ്ഞ്
പെട്ടന്നു ലൈറ്റണച്ചു
കട്ടിലിലേക്ക് വീഴവേ..

ദുഷ്ടാ...... എന്റെ ശ്വാസം
നിലയ്ക്കാറാകുന്നു
രാവിലെ പണികിട്ടണ്ടെങ്കില്‍
എവിടെയെങ്കിലും
കൊണ്ടുപോയെന്നെയൊന്ന്
കുത്തിയിടൂ വേഗം.........
എന്നുള്ള കൊച്ചുഫോണിന്റെ
ഉച്ചസ്ഥായിയിലുള്ള ദീനവിലാപം
മാത്രം ഇരുട്ടത്തുയര്‍ന്നു കേട്ടു.......!!


8 comments:

 1. ഹ ഹ...നർമഭാവന നന്നായി. വലയിൽ പെട്ട് കിടക്കുന്ന നക്രവും പൊട്ടക്കിണറ്റിലെ തവളയും... നല്ല ചേർച്ച ! എന്നും രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും പ്രൊഫൈൽ ചിത്രം മാറ്റി മാറ്റി ലൈക്കിനായി ( അല്ല, 'റീത്തിനായി' ) തപസ്സിരിക്കുന്ന പരിചയക്കാരെ എനിക്കറിയാം. ഈ കവിത വായിച്ചപ്പോൾ അവരെയാണ് ഓർമ വന്നത്.

  ReplyDelete
 2. നമ്മുടെ കാലത്തെ ആക്ഷേപഹാസ്യകവിത .......

  ReplyDelete
 3. ഈ നക്രം കണ്ണീര്‍ പൊഴിക്കുമോ?

  ReplyDelete
 4. എന്‍റെ വക ഒരു റീത്ത് കൂടി ..♥♥♥

  ReplyDelete
 5. പൊട്ടക്കിണറ്റിലെ തവളയാം
  നിന്നെ കെട്ടിയതാണ് ഞാന്‍
  ചെയ്ത തെറ്റെന്ന് പറഞ്ഞ്
  പെട്ടന്നു ലൈറ്റണച്ചു
  കട്ടിലിലേക്ക് വീഴവേ.. ha ha

  ReplyDelete
 6. 'കട്ടിലിന്നോര ത്ത് വീർപ്പു മുട്ടിയാ ശബ്ദം' എന്ന് കേൾക്കുമ്പോൾ മറ്റു അർത്ഥം ആണ് തോന്നുന്നത്.'പെട്ടെന്ന് വെട്ടമണച്ചു കിടക്കുവാൻ' പറയുന്നത് കുറെ കാര്യങ്ങൾ പറയാൻ എന്ന് പറയുന്നത് അത്ര ശരിയായില്ല. അൽപ്പം നീണ്ടു പോയി.അതിനാൽ ആസ്വാദ്യത അൽപ്പം കുറഞ്ഞോ? ഏതായാലും ഹാസ്യം നന്നായി ഒപ്പം കവിതയും.

  ReplyDelete
 7. നക്രത്തിന്റെ റീത്ത്‌ കിട്ടിയ ഫോട്ടോ കലക്കി. എന്റെ വക ഒരു പുഷ്പനക്രം.

  ReplyDelete
 8. ആക്ഷേപഹാസ്യം നന്നായി
  ആശംസകള്‍

  ReplyDelete