ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2012, നവംബർ 28, ബുധനാഴ്‌ച

തൂക്കുമരങ്ങള്‍ പൂക്കും മുമ്പ്

 മരണമല്ല .......നിയമവ്യവസ്ഥയുടെ ഉപചാരങ്ങളേറ്റ് മരണം കാത്തുകാത്തുളള ആ മരവിച്ച നില്പ് അതി ഭയാനകം തന്നെ

തൂക്കുമരത്തിനു ചോട്ടില്
മരണക്കുടുക്കിനു മുന്നില്‍  നിര്ത്തി
എനിക്കുളള കുറ്റ പത്രം വായിച്ചു
ഒരിക്കല്‍  കൂടി.......
നീതിപാലകന്റെ സ്വരം
എന്നോടുളള കുമ്പസാരം പോലെ തോന്നി

ഒന്ന്
നീ ഗുഹാന്തര്‍ ഭാഗങ്ങളിലെ ഇരുട്ടുപോലെ
ഒറ്റുതാവളങ്ങളില്‍
ഒരു വേട്ടപ്പട്ടിയെപ്പോലെ എപ്പോഴും മുരണ്ടു കിടന്നു
നിന്നെ സദാ ചോര മണത്തു




രണ്ട്
ലഹരിയുടെ നുരഞ്ഞു പൊന്തലില്‍
സിരകളില്‍  ശൈത്യമുറഞ്ഞുപോയെന്നുറച്ച്
തീകായാനെന്നവണ്ണം
നീ നിന്റെ ഭാര്യയെ
വിറകുകൊളളിപോല്‍  ചുട്ടെരിച്ചു
ഒരിക്കല്‍  പ്രണയ ചുംബനങ്ങള്‍  കൊണ്ടു മൂടിയ
ആ മുഖം..............
പക്ഷെ കബന്ധത്തിന്റെ തലയറുത്ത്
നീ പുഴയിലെറിഞ്ഞു

മൂന്ന്
വസന്തമെത്തുന്നതിനു മുമ്പേ
നിന്റെ തന്നെ ചോരയുടെ പൂക്കള്‍
അടര്ത്തിയെടുത്ത്, കശക്കി ഞെരിച്ച്
അധര്മ്മ ചാരികളുടെ പ്രാര്ത്ഥനാലയങ്ങള്ക്കു
മുമ്പില്‍  കാഴ്ചവെച്ചു

നാല്
നേര്‍പെങ്ങളുടെ നഗ്നത പകര്ത്തി
വേട്ടയാടാനായി വിട്ടു കൊടുത്തു

അഞ്ച്
അടുത്ത ഇര താന്‍  തന്നെയെന്നുറപ്പിച്ച്
നിന്റെ പെറ്റമ്മ ജീവനൊടുക്കി

ആറ്, ഏഴ്, എട്ട്.....................
കുറ്റപത്രത്തിലെ വാക്കുകള്‍  കറുത്തു കുറുകി
അവസാനമില്ലാത്ത ഒരോവു ചാല്‍  പോലെ
ഒഴുകി കൊണ്ടേയിരുന്നു
തൂക്കുമരത്തില്‍  പൂത്തു തളിര്ക്കാന്‍
പഴുത്തടരാന്‍
നീ അര്‍ഹന്‍ തന്നെ .......
നിയമപാലകന്റെ സ്വരം
നേര്ത്തു നേര്ത്തസ്തമിച്ചു
കൊടിയ നിശബ്ദത..........
ഒരു പതിയാക്രമണത്തില്‍
ഒരു വാള്മുനയുടെ മിന്നല്‍  പിണരില്‍
ഒരു തോക്കിന്‍ കുഴലിന്റെ ഗര്ജ്ജനത്തില്‍
പൂക്കുലപോലെയുളള ഒരു പൊട്ടിച്ചിതറലില്‍
ഞാന്‍  അലിഞ്ഞലിഞ്ഞ്
ഇല്ലാതാകുമെന്നാണ് വിചാരിച്ചത്
മരണത്തെ ഞാന്‍  ഭയപ്പെട്ടിരുന്നതേയില്ല
പക്ഷെ നിയമത്തിന്റെ ഉപചാരങ്ങളേറ്റ്
മരണത്തെകാത്തു കാത്തുളള ഈ മരവിച്ച നില്പ്
അസഹ്യം തന്നെയത്.......
കഴുമരക്കാരന്‍  എന്റെ പ്രാണന്റെ
പച്ചിലകളിലേക്കു
ഒരു കഴുതനോട്ടം നോക്കി
 ഞാനൊന്നു പിടഞ്ഞു....
പ്രാണന്റെ പിടച്ചില് ഞാനാദ്യമായറിഞ്ഞു
കണ്ണടച്ചൊന്നു പ്രാര്ത്ഥിക്കുക
ഇരുള്‍  വന്ന് മൂടാന്‍ പോകുകയാണ്
കുറെ രാത്രികളായ് ഞാനൊന്നുറങ്ങിയിട്ട്

ഇരുട്ടില്‍  നിന്നൊരായിരം കൈകള്‍
എനിക്കുനേരെ തുറിച്ചുയരുന്നു
പ്രകാശ വൃക്ഷങ്ങള്‍ കറുത്തകാറ്റില്‍
നിലം പതിക്കുന്നതിന്റെ  ഒച്ച....
വരണമാല്യം പോലെ എന്നെ കാത്തിരിക്കുന്ന
ഈ വൃത്തവലയത്തിലൂടെയാണങ്കിലും
ആകാശത്തിന്റെ ഒരു കീറുകാണാന്‍
എനിക്ക് കൊതിയാവുന്നു
മഴനനഞ്ഞെനിക്കൊന്ന് പനിച്ചു കിടക്കണം
പക്ഷെ.............

ആരോ വന്നന്നെ   ഇരുള്‍  മൂടി ധരിപ്പിച്ചു
ഞാനോ ഇരുകൈകളും ബന്ധിച്ചുരുടല്‍
ഇരുണ്ട ഗുഹാമുഖത്ത് കുടുങ്ങി....അങ്ങനെ.
 ഇരുളില്‍  നിന്ന് ഒരുപതിയാക്രമണത്തിനായ്
ആ കഴുമരക്കാരന്‍  കഴുവേറി എവിടെയോ
പോയൊളിച്ചിരിക്കുന്നു.
ഒരു ഘടികാരസൂചിയുടെ ഹൃദയസ്പന്ദനം മാത്രം
ഇരുളിലും എനിക്കു കേള്ക്കാം
ടിക്...ടിക്.....ടിക്...ടിക്.....ടിക്...ടിക്




1 അഭിപ്രായം: