ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2013, ജൂലൈ 9, ചൊവ്വാഴ്ച

ഡോക്ടര്‍ അകത്തുണ്ട്...കാത്തിരിക്കുക

ഡോക്ടര്‍ അകത്തുണ്ട്
നിങ്ങള്‍ കാത്തിരിക്കുക
പുറത്ത്....ക്ഷമയോടെ
വേദന തിന്ന് വിളിര്‍ത്ത മുഖമോടെ
ചേതന കലമ്പിച്ച മിഴികളോടെ
നീണ്ട് നീണ്ട് പോകുന്നോരു
ലിസ്റ്റുണ്ട്......
അതില്‍ പേരുചാര്‍ത്തി
വന്നിരിക്കുക
നമ്പരോര്‍ത്തു വെക്കണം
ഊഴമെത്തുമ്പോള്‍
കൃത്യമായിവിളിക്കും
ആവലാതിയൊട്ടുമേ വേണ്ട

ഇടയ്ക്കാരെങ്കിലും
വലിഞ്ഞുകയറാതെ നോക്കണം 
ഇടിച്ചുകയറുവാന്‍ മിടുക്കുളളവര്‍
ഇവിടെയുമെത്തും..!
തുറിച്ച നോട്ടം നോക്കി നമ്മളവരെ
തടത്തു നിര്‍ത്തണം
നാക്കിന്‍ തുമ്പിലെപ്പോഴും
തെറിച്ച വാക്കുകള്‍ കരുതണം

ഡോക്ടറ്‍ അകത്തുണ്ട്....
വട്ടക്കഴുകന്മാരെപ്പോലെ റെപ്പുമാര്‍
ചുറ്റിത്തിരിയുന്നുണ്ട്
പുത്തനാം ഓഫറുമായിട്ടാണെന്നു
തോന്നുന്നൊരുവന്‍
പൊട്ടിത്തെറിക്കും ഭാവത്തില്‍
പെട്ടന്നകത്തുകയറാന്‍
വാതിലില്‍ വട്ടം പിടിച്ച്
മുട്ടി നില്പുണ്ട്...

ചാരുബെഞ്ചുണ്ടതില്‍ വന്ന്
നിങ്ങള്‍ ചാഞ്ഞങ്ങിരുന്നോളുക
എത്ര കോട്ടുവായിട്ടു കുഴഞ്ഞാലും
പേരുവിളികള്‍ക്കിടയിലുളള നിമിഷങ്ങള്‍
ഒച്ചുപോല്‍ മാത്രമിഴഞ്ഞു പോകും
ഇടയ്ക്കൊന്നു നടുനിവര്‍ത്തി
തിരിച്ചു വരുമ്പോള്‍ ഇരിപ്പിടം
കിട്ടണമെന്നില്ല...

മുറ്റത്ത് വളര്‍ന്ന് നില്പുണ്ട്
പേരറിയാത്ത ഒത്തിരിച്ചെടികള്‍
വെറുതെ സമയം കൊല്ലുവാനായി
നുള്ളി നോവിക്കാമെന്ന് നിനയ്ക്കേണ്ട
വെട്ടി നിരത്തിയ പുല്‍മെത്തയില്‍
ഇത്തിരി നേരമിരുന്ന്
ആകാശത്താടുകള്‍ മേയുന്നതെങ്ങനെയെന്ന്
നോക്കിയിരിക്കാമെന്നും കരുതേണ്ട
വീട്ടു വേലക്കാരനെവിടെയോ കൂര്‍ത്ത
നോട്ടവുമായി പതുങ്ങി നില്പുണ്ട്
ചീറ്റപ്പുലിയേപ്പോലയാള്‍ ചാടിവീഴും..!

ഡോക്ടറ്‍ അകത്തുണ്ട്....
ആളൊരല്പം ചൂടനാണ്
കാടുകയറിയ വര്‍ത്തമാനവും പാടില്ല
കാട്ടു പോത്തിന്റെ മുഖഭാവമാണെങ്കിലും 
ചാത്തന്‍ ഗുളിക പരീക്ഷിക്കില്ലൊരിക്കലും
ഓര്‍ത്തുകൊള്ളുക....
ഫീസുകൊടുക്കാനും മറക്കരുത്
വീടിന്നടുത്തുനിന്നു തന്നെ മരുന്നും
വാങ്ങണം...!
ഇല്ലങ്കില്‍ ചിലപ്പോള്‍ തെണ്ടിത്തിരിഞ്ഞു
നടന്ന് നിങ്ങള്‍ മണ്ടരാകും

എത്ര നേരമായി ഞാനും കാത്തിരിക്കയാണ്
ചില്ലു ജാലക തിരശ്ശീല തെല്ലൊന്നനങ്ങിയോ
വെണ്ണക്കല്‍ ശില്പം പോലെ...
വെണ്ണിലാവുപോലെ....
തുള്ളി തുളുമ്പൊന്നൊരു 
സുന്ദരിയെ മിന്നായെ പോലകത്തു
കണ്ടുവല്ലോ..?
കണ്ണേ മടങ്ങുക......
ഉള്ളില്‍ നിന്നെന്‍ പേരു വിളിക്കുന്നു
ഞാന്‍ ചെല്ലട്ടെ.......
തുളളല്‍പ്പനി വന്നു പോയതില്‍ പിന്നെ
എന്തു കണ്ടിട്ടുമെന്തു കേട്ടിട്ടും
നെഞ്ചില്‍ പണ്ടേപ്പോലുള്ളൊരാ
വിങ്ങലില്ലല്ലോ...!!
ഒന്നു വന്ന് കണ്ടു പോകാമെന്നു കരുതി

കാഴ്ചകള്‍ കണ്ടും വെറുതേ
പഴിച്ചും നിങ്ങളിരിക്കുക
ഡോക്ടറകത്തുണ്ട്......
കാത്തിരിക്കുക
 

20 അഭിപ്രായങ്ങൾ:

  1. ഈ കവിത എല്ലാ ആശുപത്രിയിലും പ്രദർശിപ്പിക്കാൻ വ്യവസ്ഥ ഉണ്ടാക്കിയാൽ നന്നായിരുന്നു .....

    മറുപടിഇല്ലാതാക്കൂ
  2. എല്ലാം കവിത മയം ഡോക്ടർ രോഗം മരണം ജീവിതം അധികാരം ഓരോ അണുവിലും കവിത അനുരാജ്
    ആശംസകൾ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി ബൈജൂ....താങ്കള്‍ ഉള്‍പ്പടെയുളള ഏതാനും പേരുടെ പ്രോത്സാഹനമാണ് എന്നെ വീണ്ടും വീണ്ടും എഴുതാന്‍ പ്രേരിപ്പിക്കുന്നത്...

      ഇല്ലാതാക്കൂ
  3. ഡോക്ടറ്‍ അകത്തുണ്ട്....
    ആളൊരല്പം ചൂടനാണ്...
    Kooduthal choodaakkalle :)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പൊതുവേ എല്ലാ ഡോക്ടര്‍മാരും രോഗികളോട് സൌമ്യമായി ഇടപെടുന്നവരാണ്. പ്രൈവറ്റ് പ്രാക്ടീസ് നടത്തുന്ന ഡോക്ടറ്‍മാരെ സംബന്ധിച്ചിടത്തോളം അത് ഒരു മാര്‍ക്കറ്റിംഗ് തന്ത്രം കൂടിയാണ്. പക്ഷേ ചൂടന്മാരായ പലരേയും കാണേണ്ടി വന്നിട്ടുണ്ട്...പക്ഷേ രോഗികള്‍ക്ക് ഇങ്ങനെയുളളവരേ വിശ്വസിക്കാം.അതാണ് അനുഭവം,.അഭിപ്രായത്തിന് നന്ദി ഡോക്ടര്‍

      ഇല്ലാതാക്കൂ
  4. റെപ്പുമാരും വീടിനടുത്തുള്ള മരുന്നുഷോപ്പുകാരും.....
    നന്നായിരിക്കുന്നു വരികള്‍
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി തങ്കപ്പന്‍സാര്‍ താങ്കള്‍ ഈ ബ്ലോഗിന് നല്കി വരുന്ന അകമഴിഞ്ഞ പ്രോത്സാഹനത്തിന്.....

      ഇല്ലാതാക്കൂ
  5. ഡോക്ടറകത്തുണ്ട്......കാത്തിരിക്കുക, അതുതന്നെയാണ് വിധി അനുസരിക്കുക.ഡോക്ടര്‍ ഉണ്ടല്ലോ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഒരു നല്ല ഡോക്ടറെ കാണുന്നതുതന്നെ വലിയ ആശ്വാസം...അല്ലേ

      ഇല്ലാതാക്കൂ
  6. മറുപടികൾ
    1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി മുഹമ്മദ് സാബ്...

      ഇല്ലാതാക്കൂ
  7. വീടിന്നടുത്തുനിന്നു തന്നെ മരുന്നും വാങ്ങണം. ഇല്ലങ്കില്‍ ചിലപ്പോള്‍ തെണ്ടിത്തിരിഞ്ഞു നടന്ന് നിങ്ങള്‍ മണ്ടരാകും......

    എല്ലാവരും അനുഭവിക്കുന്ന കവിത.....
    ആരും എഴുതാതിരുന്ന കവിത....

    അഭിനന്ദനങ്ങള്‍ .....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നല്ല വാക്കുകള്‍ക്ക് നന്ദി പ്രദീപ് മാഷ്...

      ഇല്ലാതാക്കൂ
  8. കാഴ്ചകള്‍ കണ്ടും വെറുതേ
    പഴിച്ചും നിങ്ങളിരിക്കുക

    നന്നായി എഴുതി.ഒരു ക്ലിനിക്കിലെ കൺസൾട്ടിങ്ങ് റൂമിനു പുറത്തു നിൽക്കുന്ന പോലെ തന്നെ തോന്നി.

    ശുഭാശംസകൾ...

    മറുപടിഇല്ലാതാക്കൂ
  9. മറുപടികൾ
    1. അജിത് സാര്‍... സത്യമായിട്ടും എനിക്ക് ഈ വര്‍ഷം ഇതുവരെ പനി വന്നിട്ടില്ല

      ഇല്ലാതാക്കൂ

  10. ഈ കവിത വായിച്ചാൽ ഡോക്ടർമാർക്ക്‌ തീർച്ചയായും പനി അല്ലെങ്കിൽ ചൂട്‌` അനുഭവപ്പെടും.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എന്തായാലും ഡോക്ടര്‍ ചൂടനാണെങ്കിലും തന്റെ തൊഴിലിനോട് ആത്മാര്‍ത്ഥതയുളള ആളായിരുന്നാല്‍ മതിയായിരുന്നു...അഭിപ്രായത്തിന് നന്ദി മധുസൂതനന്‍ സാര്‍

      ഇല്ലാതാക്കൂ