ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2013, ഒക്‌ടോബർ 5, ശനിയാഴ്‌ച

പണ്ടത്തെ ആ പുളിമാങ്ങാ കാര്യം

അളിയാ .......അളിയാ .........
പുളിമാങ്ങാ കൊമ്പൊന്നു                                          
ചാഞ്ഞു കിടക്കുന്നത്
കണ്ടില്ലേ .......
അതിലേ  പിടിച്ചു ഞാനൊന്നു
കയറി നോക്കട്ടെ.....?

മുരിമുള്ളിന്‍ വേലി ചാടിക്കടക്കണം
ചാടുമ്പോളതില്‍ കുരുങ്ങിയുടുമുണ്ട് 
കീറാതേം നോക്കണം....
ഞാന്‍ മുമ്പേ...നീ പിമ്പേ.....!

പുളിമാങ്ങാ...... നല്ല പുളിമാങ്ങാ
അവിടേയുമിവിടേയും
കുലകുത്തി നില്ക്കുന്നത്
കണ്ടില്ലേ.....?

വിളഞ്ഞ് നിറംവെച്ചിട്ടുണ്ട്....
അണ്ണാറക്കണ്ണന്മാര്‍ കൊതിയന്‍മാര്‍
ചില്..ചില് ചാടി നടന്ന്
നൊട്ടി നുണയുന്നുമുണ്ട്.....
അതു കണ്ടതിന്‍ പുളിയും
മധുരവുമോര്‍ത്തിട്ടെന്റെ
നാവിലും വെളളമൂറുന്നു....

പുളിയുറുമ്പുണ്ട് നിറയെ.....
എന്നാലും കൊതി വയ്യ.....!
പുസ്തക കെട്ടൊന്ന് പിടിക്കണേ
ഒക്കെയും പെറുക്കണേ....
ചുറ്റിലും നോക്കണേ...
ആരാലും വന്നാലൊരു
ചൂളമടിക്കണേ....!

പുളിയുറുമ്പിന്‍ കടികൊണ്ട്
ഞാന്‍ പിടി തെറ്റി വീണേക്കാം
കഴിവില്ലെങ്കിലെന്ത്..അളിയാ നീ.....
കളിപറഞ്ഞ് ആളെ വടിയാക്കാന്‍
ഏറെ കേമനാണല്ലോ......?
എന്നാലും പിന്നെന്നെ കൂട്ടത്തിലിട്ട്
ഒളിയമ്പെയ്ത് വീഴ്ത്തെരുതേ  നീ

അവളുമാര്‍ കളിചിരിയുമായ്
പിന്നില്‍ വരുന്നുണ്ട്
അതിലൊരു പങ്ക് അവര്‍ക്കും കൊടുക്കണേ
അത് ഞാന്‍ പറിച്ചതാണെന്ന്
പ്രത്യേകം പറയണേ....
അതിലൊന്നുമത്ര മിടുക്ക്
എനിക്കും പോരാ.......

നാളെ കല്ലുപ്പും കൂട്ടി 
വരുവാനും പറയണേ....
ക്ലാസ്സിലാ മാഷൊന്ന്
ഗണിത ക്രിയയിട്ടു തന്നിട്ട്
മറയുന്ന നേരത്ത്
കറുമുറെ തിന്നാം.......

അളിയാ .......അളിയാ .........
പുളിമാങ്ങാ കൊമ്പൊന്നു
ചാഞ്ഞു കിടക്കുന്നത്
കണ്ടില്ലേ .......?


(   പണ്ടത്തെ ആ പുളിമാങ്ങാക്കാര്യം എന്നതു പോലെ പിന്നത്തെ ആ പുളിമാങ്ങാക്കാര്യം എന്നൊരു കവിതയ്ക്കു കൂടി സ്കോപ്പ് കാണുന്നുണ്ട്.....മൂത്തു പഴുക്കുമെങ്കില് അത് പിന്നെ ഞാന് പോസ്റ്റു ചെയ്യാം....ഒന്നേ പറയുവാനുളളൂ.....എന്നാലും അളിയാ എന്നോട് ഈ ചതി വേണ്ടായിരുന്നു... !!  )

22 അഭിപ്രായങ്ങൾ:

  1. പണ്ടത്തെ ആ പുളിമാങ്ങാക്കാര്യം എന്നതു പോലെ പിന്നത്തെ ആ പുളിമാങ്ങാക്കാര്യം മാവില്‍ കയറിയക്കാലം ,മതില് ചാടിയ കാലം ,എല്ലാം ചാഞ്ഞു നിന്നക്കാലം പെട്ടെന്ന് പത്തുകൊല്ലം പിറകിലേക്ക് പോയി :)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഗൃഹാതുരമായ ആ സ്മരണകള്‍ സ്മൃതിയില്‍ നിന്നും ഒരിക്കലും മാഞ്ഞു പോകില്ല ....നന്ദി കാത്തി ......

      ഇല്ലാതാക്കൂ
  2. പണ്ടത്തെ പുളിമാങ്ങാകാര്യം കേള്‍ക്കുമ്പോള്‍ വായില്‍ വെള്ളമൂറുന്നു!
    നന്നായിട്ടുണ്ട്
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നല്ല വാക്കുകള്‍ക്ക് നന്ദി തങ്കപ്പന്‍ സാര്‍....

      ഇല്ലാതാക്കൂ
  3. അനുരാജ്,

    പുളിമാങ്ങാക്കവിത നന്നായി.സ്ക്കൂൾ സമയമൊക്കെ ഓർമ്മിപ്പിച്ചു ഈ വരികൾ.

    ശുഭാശംസകൾ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പഴയ ആ സ്മൃതികളെ ഉണര്‍ത്താന്‍ കഴിഞ്ഞെങ്കില്‍ ഈ കവിത ധന്യമായി ......

      ഇല്ലാതാക്കൂ
  4. പണ്ടത്തെ ആ പുളിമാങ്ങ , ഇപ്പോഴും നാവില്‍ വെള്ളമൂറുന്നു... നല്ല എഴുത്ത്..

    മറുപടിഇല്ലാതാക്കൂ
  5. പുളിമാങ്ങയും കല്ലുപ്പും ഇവിടെ ഗൾഫിൽ കിട്ടണമെങ്കിൽ ഗൂഗിൾ പോയി സെർച്ച്‌ കൊടുക്കണം എന്തായാലും പല്ല് രാവിലെ പുളിപ്പിച്ച് നന്നായി ഓര്മ അനുരാജ്

    മറുപടിഇല്ലാതാക്കൂ
  6. ഇസ്ശ് -പുളിമാങ്ങയുടെ ഒരു പുളിപ്പേ!!! നന്നായി

    മറുപടിഇല്ലാതാക്കൂ
  7. അളിയാ .......അളിയാ .........
    പുളിമാങ്ങാ കൊമ്പൊന്നു
    ചാഞ്ഞു കിടക്കുന്നത്
    കണ്ടില്ലേ .......?
    വളരെ നന്നായി എഴുത്ത്,
    ആശംസകൾ !

    മറുപടിഇല്ലാതാക്കൂ
  8. വായില്‍ വെള്ളമൂറി..... ഈ പുളിമാങ്ങാക്കവിത കണ്ട്....

    മറുപടിഇല്ലാതാക്കൂ