ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2013, ഓഗസ്റ്റ് 14, ബുധനാഴ്‌ച

റിവേഴ്സ് ഗിയറില്‍ ഒരു ശിഷ്യന്‍...



ആശാനടുത്തുതന്നെയുണ്ട്.........
ഇല്ലാ മീശ വിറപ്പിക്കുന്നുമുണ്ട്
എങ്കിലുമാശ്വാസമതൊന്ന് മാത്രം
ഊശാന് താടി ചൊറിയുന്നുണ്ടെനിക്ക്
ഇടയ്ക്കിടയ്ക്ക്..........
ദോഷം പറയുരുതല്ലോ
ആ നാട്യമെനിക്ക് പണ്ടേയില്ല....!
ആശങ്ക പെരുത്ത് സ്റ്റിയറിംഗ്
വളയത്തിന്നു ചോട്ടില് ഞാനിരിപ്പൂ
ആശാനടുത്തുണ്ടല്ലോ.......?
ആശ്വാസമതൊന്ന് മാത്രം

നാശം കിടക്കുന്നത് കണ്ടില്ലേ
റോഡുമുഴുവന് കുണ്ടും
കുഴിയുമായിട്ട്......
പോസ്റ്റുകള്‍ റോഡിലേക്കിറങ്ങി
വന്നെത്തി നോക്കുന്നതു പോലുണ്ടല്ലോ...
പാണ്ടി ലോറികള്‍‌ പാഞ്ഞടുക്കുന്നുമുണ്ട്
പ്രാന്ത് പിടിച്ചോടുന്നുണ്ട് പ്രൈവറ്റ്ബസുകള്‍ 
പിന്നിലുണ്ടല്ലോ ആനവണ്ടിയൊരെണ്ണം
മുക്കിമൂളി ഞരങ്ങിവലിഞ്ഞും.....

കുട്ടികള്‍ പുസ്തകക്കെട്ടുമായി
എടുക്കാച്ചുമടും ചുമന്ന് മണ്ടിനില്ക്കും
കഴുതകളെപ്പോലെ റോഡരികില്‍ നില്പുണ്ട്
വട്ടം പിടിച്ച് ചാടുവാനായി...

കുട്ടിയുടുപ്പിട്ട ചെത്തു പയ്യന്മാര്‍
പൃഷ്ടത്തിന്‍ പാതിയും കാണിച്ച്
വെട്ടുകിളികളെപ്പോലെ മുട്ടിയുരുമ്മി
തലങ്ങും വിലങ്ങും പാഞ്ഞു പോകുന്നുമുണ്ട്

ഒട്ടും പിറകിലല്ല..പത്ത് നാല്പതാണ്ടുകള്‍
പിന്നിട്ടോരാന്റിമാരും
സീറ്റൊട്ടും തികയില്ലങ്കിലെന്ത്
രണ്ട് ചക്രവണ്ടിപ്പുറത്ത്
മറ്റൊരിരുചക്ര വണ്ടിപോലെ
വെച്ചു പിടിക്കുന്നുണ്ട്...എന്തിനെന്നോ

നാടോടുമ്പോള്‍ നമ്മളും 
നടുകെ കയറിയോടിടേണ്ടേ...?
നാലുചക്രവാഹനമൊന്നോടിച്ച്
കാണിച്ചിട്ടാ നാണക്കേടൊന്ന് മാറ്റിടേണ്ടേ..?
നാളുകളായി തുടങ്ങിയെങ്കിലും
ക്ലച്ചും, ബ്രേക്കും ആക്സിലേറ്ററും
തമ്മില്‍ കെട്ടുപിണഞ്ഞു കിടക്കുന്നു
ചോദ്യ ചിഹ്നങ്ങളായി മനസ്സിലിപ്പോഴും
ഒറ്റ ഗിയര്‍ മാത്രം മതിയായിരുന്നല്ലോ
വണ്ടിക്ക്.....!

ആശാനടുത്തുണ്ട്........
ആശ്വാസമതൊന്ന് മാത്രം...!! 

ആശാന്റെ കീശയില്‍ ഫോണ്‍കിളി
ചിലയ്ക്കുന്നുണ്ടിടയ്ക്കിടെ....
ആങ്ങേത്തലയ്ക്കലെപ്പോഴും
പെണ്‍ സ്വരം മാത്രം......!

പിന്നിലെ സീറ്റിലും തിങ്ങി
ഞെരുങ്ങിയിരിപ്പുണ്ട്
ഊഴവും കാത്ത് സുന്ദരീ തരുണികള്‍
രണ്ടുമൂന്നെണ്ണം.......!
ഇടയ്ക്കവരെന്തോ അടക്കം 
പറഞ്ഞ് ചിരിക്കുന്നുണ്ടല്ലോ.....
എന്നെക്കുറിച്ചായിരിക്കുമോ......?

ആശാനും നോട്ടമങ്ങോട്ടെറിഞ്ഞ്
അവരോടൊപ്പം പങ്കുചേരുകയാണല്ലോ...

ആശാനു ശൃംഖാരം......
ശിഷ്യനോ നെഞ്ചുരുക്കം....!
എങ്കിലുമാക്ഷേപം മാത്രം പറയരുതല്ലോ
ആപത് ഘട്ടങ്ങളിലെല്ലാം ആ കൈ
നീണ്ടുവരുന്നുണ്ട്........

പോകെ...പോകെ........
പെട്ടന്നേതോ കാട്ടുമൂലയില്‍
ആശാന്‍ വണ്ടി ചവിട്ടി നിറുത്തുന്നു
ഇന്നത്തെയെന്റെ ഊഴം കഴിഞ്ഞെന്നു
തോന്നുന്നു......
എന്തൊരാശ്വാസം......!
ഇനി ഞാനൊന്ന് നെടുവീര്‍പ്പിടട്ടെ....
 പിന്നെയുമെന്തോ മുറിഞ്ഞ  ചിന്തയില്‍
കുരുങ്ങി ഞാന്‍ നില്ക്കെ
വീണ്ടുമാശാന്റെ സ്വരം മുഴങ്ങുന്നു
ടെസ്റ്റിനു ഡേറ്റു കിട്ടിയിട്ടുണ്ടതു
പറയാന്‍ മറന്നു പോയി.....
പെട്ടന്നു തന്നെ എച്ചെടുത്ത് പഠിക്കണം
ഇത്തവണ പാസാകുമതച്ചെട്ടുറപ്പ്..
അതിന്നുമുന്നെ ഫീസുമുഴുവന്‍ തരണം
കുടിശ്ശികയില്ലാതെ.....

ക്ലച്ച്...ഗിയര്‍..ആക്സിലറേറ്റര്‍
ആശങ്കയെനിക്കിപ്പോഴും 
വിട്ടൊഴിയുന്നില്ല 
ആശാന്റെ വിശ്വാസം 
ആശാനെ രക്ഷിക്കട്ടെ........!!

( ആശാന്റെ വിശ്വാസം ശിഷ്യനെ രക്ഷിക്കുമോ...ആവോ..? )





19 അഭിപ്രായങ്ങൾ:

  1. യാത്രക്കാരുടെ ശ്രദ്ധയ്ക്ക് സിനിമയിലെ രംഗങ്ങള്‍ ഓര്‍മ്മവന്നു.ഇതിനു വല്ലാത്ത നീളംകൂടി.

    മറുപടിഇല്ലാതാക്കൂ
  2. ആവശ്യമില്ലാത്ത ദൈര്‍ഘ്യം അതെന്റെ ഒരു വല്ലാത്ത പ്രശ്നമാണ്..ചിന്തകള്‍ കാടുകയറിപ്പോകുന്നു...അഭിപ്രായത്തിന് നന്ദി കാത്തി

    മറുപടിഇല്ലാതാക്കൂ
  3. ഞാന്‍ ലൈസന്‍സെടുക്കുമ്പോള്‍ ആശാന്‍ കൂടെയിരുന്ന് ഇങ്ങോട്ട് തിരി, തിരിച്ചുപിടി, ഒടിച്ചുതുടങ്ങിക്കോ...എന്നെല്ലാം ലൈവായിട്ട് കമന്ററി തന്നു. അല്ലെങ്കില്‍ പാസാവുകയില്ലായിരുന്നു.

    മറുപടിഇല്ലാതാക്കൂ
  4. ചക്രംതിരിക്കുന്ന വിദ്യകള്‍.......
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വലിയ പാണ്ടിലോറിയൊക്കെ ഓടിച്ചു നടക്കുന്ന ഡ്രൈവര്‍മാരെ സമ്മതിച്ചു കൊടുക്കണം.....അഭിപ്രായത്തിന് നന്ദി തങ്കപ്പന്‍ സാര്‍

      ഇല്ലാതാക്കൂ
  5. 'ഡ്രൈവിംഗ് സ്കൂള്‍' കൊള്ളാലോ

    മറുപടിഇല്ലാതാക്കൂ
  6. ഒച്ചിഴയുംപോലെ എച്ചെടുക്കും വരെയുള്ള ആശങ്ക ഭയങ്കരം തന്നെ.
    ആ കഴിഞ്ഞകാലം ഓർക്കുമ്പോൾ തന്നെ നെഞ്ചിടിക്കുന്നു ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എനിക്ക് അതിന്നു മുന്നെ നെഞ്ചിടിക്കുന്നു...അഭിപ്രായത്തിന് നന്ദി ശരത്..

      ഇല്ലാതാക്കൂ
  7. ഇഴഞ്ഞു പോയാലും വട്ടം കറക്കിയില്ല വരികള്‍ ..ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  8. ഇന്നത്തെയെന്റെ ഊഴം കഴിഞ്ഞെന്നു
    തോന്നുന്നു......
    എന്തൊരാശ്വാസം......! athe,

    എന്തൊരാശ്വാസം......!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മനക്കട്ടിയില്ലാത്തവരേ സംബന്ധിച്ചിടത്തോളം ഊഴം കഴിഞ്ഞു കിട്ടുക എന്നത് ഒരു ആശ്വാസം തന്നെ...അഭിപ്രായത്തിന് നന്ദി ഡോക്ടര്‍

      ഇല്ലാതാക്കൂ
  9. ലൈസൻസ് ടെസ്റ്റ് ദിവസം, ഡ്രൈവിങ്ങ് സ്ക്കൂൾ നടത്തിപ്പുകാർ, 'H' എടുക്കേണ്ട സ്ഥലത്ത് ചില അടയാളങ്ങളൊക്കെയിട്ടു വയ്ക്കും.ചില വരകൾ,കുറികൾ എന്നിവ.ശിഷ്യന്മാർക്ക് വളയം കറക്ടായി തിരിയ്ക്കാൻ സഹായകമായ ചില സൂചകസഹായികൾ.എനിക്കു അന്നേ ദിവസം കിട്ടിയ അടയാളം ചില തീപ്പെട്ടിക്കൂടുകളായിരുന്നു.എന്റെ ഊഴമെത്തിയപ്പോൾ ഞാൻ 'H' വരയ്ക്കാൻ തുടങ്ങി.തീപ്പെട്ടിക്കൂട് പരതിയ ഞാൻ കണ്ടത് നിലത്ത് ഒരുപാട് തീപ്പെട്ടിക്കൂടുകൾ!അതിലേതാ ആശാൻ വച്ചത്??!! എനിക്കു മനസ്സിലായി, അന്നെനിക്കു വരയ്ക്കേണ്ടിയിരുന്നത് 'ക്ഷ' ആണെന്ന്! ഹ..ഹ.. കവിത ആ ദിവസത്തെയോർമ്മിപ്പിച്ചു.

    വ്യത്യസ്ത പ്രമേയം.ഇഷ്ടമായി.


    ശുഭാശംസകൾ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഞാനിതുവരെ എച്ചെടുത്തിട്ടില്ല.....എട്ട് മാത്രമാണ് എടുത്തിട്ടുളളത്...ആദ്യ ചാന്‍സില്‍ പൊട്ടി. ഈ എട്ടിന്റെ പണി, എട്ടിന്റെ പണി എന്ന ശൈലി അങ്ങനെയുണ്ടായതെന്നാണ് തോന്നുന്നത്....

      ഇല്ലാതാക്കൂ
  10. മറുപടികൾ
    1. പക്ഷേ ടെസ്റ്റ് സമയത്ത് ആശാന്‍ പുറത്താണല്ലോ.....അതാണ് ആശങ്ക.അഭിപ്രായത്തിന് നന്ദി കുട്ടനാട്ടുകാരാ..

      ഇല്ലാതാക്കൂ
  11. ഇങ്ങനെയൊക്കെ ചിന്തിച്ചാല്‍ ശിഷ്യാ ....

    മറുപടിഇല്ലാതാക്കൂ