ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

Saturday, December 1, 2012

അമ്മക്കല്ല്യാണം

അമ്മതന്‍  കല്യാണമായിരുനിന്നലെ
വര്ണ്ണ ശബളാഭമാമുടുപ്പിട്ട്
വൃദ്ധയാം മുത്തശ്ശിതന്‍
ചുക്കിചുളിഞ്ഞുതുടങ്ങിയ കൈത്തലം
പിടിച്ചുകൊണ്ടുണ്ണിയും പോയിരുന്നു
കല്യാണം കൂടുവാന്‍....
സ്വര്ണ്ണ വര്ണ്ണമാം പട്ടു പുടവ ചുറ്റി
വെണ്ണിലാവുദിച്ചപോല്‍
ഉണ്ണിതന്‍  പൊന്നമ്മ നില്ക്കുന്നു
കല്യാണ മണ്ഡപത്തില്‍...
കണ്ണിമ ചിമ്മാതെ ഉണ്ണിയമ്മയെത്തന്നെ
നോക്കിനില്ക്കവെ..........
മിന്നുമാ വര്ണ്ണ പതക്കങ്ങളില്‍
തൊട്ടുനോക്കാനായി കൊതിച്ചു
കൈതരിച്ചു മുന്നോട്ടായവേ
കൊച്ചുകൈവിരല്‍  പിടിച്ചു ഞെരിച്ചാരോ
ഉണ്ണിയെ പിന് വലിക്കുന്നു

അച്ഛനെപ്പോലല്ല, മുഖത്തൊട്ടും
രക്തപ്രസാദമില്ലാത്തൊരാള്‍
വന്നമ്മതന്‍  കഴുത്തില്‍
മിന്നുകെട്ടുന്നു
മഞ്ഞച്ചരടുകെട്ടിമുറുക്കുന്നു
അന്യോന്യം വര്‍ണ്ണമാല്യങ്ങൾ ചാര്‍ത്തുന്നു 

പണ്ടെന്നോ  മാഞ്ഞു പോയരാ
കുങ്കുമരേഖതെളിഞ്ഞേതോ
നിഗൂഢ ഭാവത്തില്‍  ഉണ്ണിതന്‍
പൊന്നമ്മ നില്ക്കുവെ........
തിക്കിതിരക്കിലും പെട്ടുണ്ണിയും
പോയി കല്യാണ സദ്യയുണ്ണുവാന്‍
കൊച്ചരി മുല്ലപ്പൂമൊട്ടുകള്‍
വാരിവിതറിയപോല്‍
ചോറുംകറികളും. തേനൂറും മധുരവും
ഒത്തിരി തിന്നൂ വയര്‍  നിറഞ്ഞൂ
പിന്നെ രക്തബന്ധങ്ങള്‍  തന്‍
സ്നിഗ്ധമാം മതില്ക്കെട്ടിനുളളില്‍
ഏറെനേരമോടികളിച്ചു തളര്ന്നൂ

പിന്നെയാരും കാണാതെയാ
മണ്ഡപത്തിന്നരികില്‍  പതുങ്ങി
ചെന്നമ്മതന്‍  വാർമുടിക്കെട്ടിൽ
നിന്നു മടര്ന്നു പോയരാ
പൂക്കള്‍ പെറുക്കി മണത്തുമ്മവെച്ചു നടന്നൂ

ഉച്ചമയക്കത്തിലെപ്പഴോ ഉണ്ണിതന്‍
അച്ഛന്‍  വന്നു വിളിച്ചൂ
ചിത്രകഥാ പുസ്തകം പാത്തുവെച്ചുണ്ണിയെ
ഏറെനേരം കളിപ്പിച്ചൂ
കെട്ടിടം പണിയും ചാന്തുപറ്റി
തഴമ്പിച്ച കൈകള്‍ കൊണ്ടുണ്ണിയെ
എടുത്ത് വട്ടം കറക്കി
പൊട്ടിപ്പൊളിഞ്ഞൊരാ പാട്ടവണ്ടി മേലിരുത്തി
നാടും നഗരവും ചുറ്റിക്കറങ്ങി
കണ്ടകാഴ്ചകള്‍  കണ്മുന്നിലിപ്പോഴും
മായാതെനില്ക്കുന്നു....

എന്നാലെന്തന്നറിയില്ലൊരുരാത്രി
മച്ചിന്റെ മേലൊരുകുറുകല്‍  കേട്ട്
ഉണ്ണിയുമമ്മയും പെട്ടന്നു ചെന്നങ്ങെ-
ഴുനേറ്റുനോക്കുമ്പോള്‍
ഉത്തരത്തിലിളകിയാടും കഴുക്കോലിലൊന്നില്‍
കെട്ടിയിട്ടമ്മതന്‍  ചിത്ര വര്ണ്ണ പുടവയില്‍
അച്ഛനാടികളിക്കുന്നു.
ഒച്ച ബഹളത്തിനിടയില്‍
കൊച്ചുമരക്കത്തി കൊണ്ടുവന്നാരോ
അച്ഛനെ നിലത്തറുത്തിടുന്നു
ശിരസ്സുടഞ്ഞേതോ മണ്പ്രതിമ പോല്‍
അച്ഛന്‍  താഴത്ത് കിടക്കുന്നു....
.
അച്ഛനെ ചുട്ടെരിച്ചാ മണ്തടങ്ങളില്‍
നോക്കി നില്ക്കവെ ഇപ്പൊഴും
കാറ്റില്‍  നാലുകാലിലാടിത്തളര്ന്നച്ഛന്‍
വരുന്നപോലൊച്ച കേള്ക്കാം

ഇന്നേറെ നാള്ക്കു ശേഷം
അച്ഛന്‍  കിനാവില്‍  വന്നു വിളിച്ചതുകേട്ട്
 ഉണ്ണി ഞെട്ടിയുണരവേ........
കല്ല്യാണമന്ദിരം ശൂന്യമായ് തീര്ന്നിരുന്നു
അഞ്ചാറുപേര്‍  മാത്രം ബാക്കിയായി
ഉണ്ണി മിഴിതുറന്നമ്മയേ തിരയവേ
എന്നെയും കൂട്ടാതമ്മപോയോ
എന്നുകരഞ്ഞു നിലവിളിക്കേ.....
മുത്തശ്ശിതന്‍  വൃദ്ധശരീരം വന്നുണ്ണിയെ
കെട്ടിപ്പിടിക്കുന്നു
അശ്രുകണങ്ങള്‍ കവിള്ത്തടങ്ങളില്‍
വീണു പൊട്ടിച്ചിതറിച്ചുകൊണ്ട്
മുത്തശ്ശി ചൊല്ലുന്നു
ഉണ്ണിയെ ഉണര്ത്താതെ
ഉണ്ണിക്കവിളിലൊരുമ്മ തന്നിട്ടാണമ്മ
പോയതത്രേ........

അമ്മയിനി വരില്ലിനി ഇപ്പോഴെന്നും
പുത്തനാമച്ഛനു മൊന്നിച്ചിന്നുതന്നെ
നഷ്ട ജീവിത സൌഭാഗ്യങ്ങള് തേടി
ദൂരെയേതോ ദിക്കിലേക്കു പറക്കുകയാണത്രെ
ഇന്നിനി മുതല്‍ ഉണ്ണിതന്‍ അമ്മ
മുത്തശ്ശിയത്രെ ......!

ഉള്ത്തടാകത്തിലേതോ സങ്കടത്തോണി
ഒറ്റക്കിറക്കി തുഴഞ്ഞുണ്ണി നില്ക്കേ.....
വൃദ്ധമാതാവിന്‍ ഹൃത്തടത്തില്‍ നിന്ന്
പാല്‍ ചുരന്നൊഴുകുന്നതിന്‍
 തപ്ത നിശ്വാസം കേട്ടുണ്ണി
വൃദ്ധ നര വിയര്പ്പില്‍ വീണൊട്ടി കിടക്കുമാ
ശുഷ്കിച്ച മാറിലേക്കു മുഖം പൂഴ്ത്തുന്നു
................................................
..................................................
അമ്മതന്‍  കല്യാണമായിരുനിന്നലെ
ഉണ്ണിയും പോയിരുന്നു....

**********************************************

11 comments:

 1. ഈ പോസ്റ്റ് വായിക്കാനും, അഭിപ്രായമെഴുതാനും സന്മമസ് കാണിച്ച എല്ലാ സുമനസ്സുകള്ക്കും അഡ്വാന്സായി നന്ദി...നന്ദി

  ReplyDelete
 2. പിന്നെ ഉണ്ണിയും അമ്മൂമ്മയും മാത്രം

  കവിത നന്നായി

  ReplyDelete
 3. അച്ഛന്‍റെ മരണത്തെ തുടര്‍ന്ന് പുനര്‍വിവാഹം കഴിഞ്ഞ് മകനെ ഉപേക്ഷിച്ച് പോവുന്ന അമ്മയെക്കുറിച്ചോര്‍ത്ത് സങ്കടപ്പെടുന്ന ബാലന്‍ അനുഭവിക്കുന്ന അനാഥത്വം മനസ്സില്‍  അസ്വസ്ഥത ഉണ്ടാക്കി. എഴുത്തിന്‍റെ ശക്തിയാണതിന്നു കാരണം. അഭിനന്ദനങ്ങള്‍ 

  ReplyDelete
 4. നന്നായി ..നല്ല എഴുത്തിനു നൂറു നന്ദി ...!

  ReplyDelete
 5. അമ്മയുടെ കല്യാണം നന്നായി. വീണ്ടും എഴുതുക.

  ReplyDelete
 6. ഹൃദയത്തില്‍ തൊടുന്ന കവിത. വളരെ നന്നായിരിക്കുന്നു. ആശംസകള്‍ .....

  ReplyDelete
 7. മനസ്സിൽ തട്ടുന്നവിധം ഉണ്ണിയെ അവതരിപ്പിച്ചു. ഉണ്ണിയുടെ അച്ഛൻ ആത്മഹത്യ ചെയ്തതിനുശേഷം അമ്മയുടെ പുനർവിവാഹമായിരുന്നെന്നു മനസ്സിലായി. ആത്മഹത്യ ചെയ്തത്‌ രണ്ടാനച്ഛനാണൊ എന്ന്‌ സംശയം തോന്നാതിരിക്കാൻ, ആ ഭാഗം വേറൊരു പേരഗ്രാഫിൽ എഴുതുന്നതായിരുന്നു നല്ലത്‌ എന്നു തോന്നി.ഭാവുകങ്ങൾ

  ReplyDelete
 8. പ്രിയ മധുസൂതനന് സര് താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി...താങ്കള് പറഞ്ഞതുപോലെ ആ ഭാഗം പ്രത്യേക പാരഗ്രാഫാക്കുന്നു

  ReplyDelete
 9. കവിത നന്നായി..അഭിനന്ദനങ്ങള്‍

  ReplyDelete
 10. നന്നായി അനു രാജ്. ഹൃദയസ്പര്‍ശിയാണ് വരികള്‍. ആശംസകള്‍.

  ReplyDelete
 11. കവിത നന്നായിരിക്കുന്നു.
  വരികള്‍ ഇഷ്ടപ്പെട്ടു.

  ReplyDelete