ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2013, മേയ് 17, വെള്ളിയാഴ്‌ച

പൊട്ടുകമ്മല്‍......

സ്വര്‍ണ്ണത്തിനിത്തിരി
വില കുറഞ്ഞെന്നു കേള്ക്കുന്നല്ലോ ..
കൊച്ചു മകള്‍ക്കൊരു
പൊട്ടു കമ്മല്‍ വാങ്ങണം
എത്ര നാളായതിന്‍ കാതു കുത്തിയിട്ട്
പത്തു രൂപയ്ക്ക് കിട്ടുന്ന കമ്മലിട്ട്
കാത് പൊട്ടിയളിഞ്ഞല്ലോ......
അച്ഛനില്ലാത്തൊരു കുഞ്ഞല്ലേ
വൃദ്ധനാണെങ്കിലും ഉത്തരവാദിത്തത്തില്‍
നിന്നൊഴിഞ്ഞു മാറാനൊക്കുമോ...?

ഒക്കെയു മൊപ്പിച്ചു കൊടുത്തു
കെട്ടിച്ചയച്ചതാണ് പൊന്നു മകളെ
ഭര്‍ത്താവെന്നു പറയുന്നവന്‍
വിറ്റുതുലച്ച് തകര്‍ത്തില്ലേയെല്ലാം........
കൂട്ടുകൂടി കുടിച്ചും ധൂര്‍ത്തടിച്ചും
കാട്ടുമൃഗത്തെപ്പോലെ
വിറളിപൂണ്ടു നടന്നും........
നാട്ടു നടപ്പ് വയ്യതെവന്നൊരുനാള്‍
ഉത്തരത്തിലൊരു വെറും കുരുക്കിട്ട്
ഉത്തരവാദിത്തമൊന്നുമില്ലാത്ത
ലോകത്തേക്ക് പോയതും
എന്തെളുപ്പം .........

അന്നു തൊട്ടിന്നേവരെ മകളൊരുതുള്ളി
കണ്ണീരുപോലും പൊഴിച്ചിട്ടില്ല
ഒരു പുഞ്ചിരിക്കോളു പോലും വിരിഞ്ഞില്ല
ആ ചുണ്ടുകളില്‍.......
എന്തു ചോദിച്ചാലുമൊരു മൂളല്‍ മാത്രം
ഉമ്മറത്തിണ്ണമേലിരുന്നെപ്പോഴും
ചിന്തയിലാണ്...ചിന്ത തന്നെ
പറയുവാതിരിക്കുന്നതെങ്ങനെ
വല്ലതും മുന്നില്‍ കൊണ്ടു വെച്ചാല്‍
വാരിവലിച്ചു കഴിക്കുന്നതിനീ
ദണ്ണമൊന്നുമില്ല്ലോ...........

എത്ര പഠിപ്പിച്ചതാണ്
എല്ലാം നിഷ് പ്രയോജനം...
കൊച്ചു കുഞ്ഞൊരുത്തി വളര്‍ന്നു
വരുന്നുണ്ടെന്ന് വല്ല വിചാരവും വേണ്ടേ
ചത്തു പോകുവാനുളളതല്ലേ മനുഷ്യര്‍
ദുഖിക്കുവാനെന്തിരിക്കുന്നു
വെറുതെ ദുഖിച്ചിട്ടെന്തു കാര്യം.....

നെഞ്ചിലൊരു കനം വല്ലാതെ
വന്നു തിങ്ങുന്നു........
രണ്ടു മൂന്ന് ദിവസമായി........
ഡോക്ടറേയും കൂടിയൊന്ന് കാണണമെന്ന്
നിനച്ചിറങ്ങിയതാണ്.....
അല്ലങ്കില്‍ വേണ്ട...വേണ്ട....
ഇല്ലാത്ത ടെസ്റ്റുകള്‍ക്കൊക്കെയും
കുറിച്ചു തരും.....
എല്ലായിടവും വെറും കച്ചവടക്കാര്‍ മാത്രം

വായു വിലങ്ങിയതാണ്....
സോഡാപൊട്ടിച്ചൊഴിച്ചൊരു
നാരങ്ങാവെളളം കുടിച്ചൊരേമ്പക്കത്തില്‍
 തീരുന്നതേയുള്ളീ വേദന

മഞ്ഞലോഹത്തിന്റെ പ്രഭയില്‍
കണ്ണ് മഞ്ഞളിച്ചു പോയി....
സ്വര്‍ണ്ണക്കടയ്ക്കകത്തു കയറിയപ്പോള്‍
പുച്ഛമൊളിപ്പിച്ചോരു പുഞ്ചിരിയുമായി
വില്പനക്കാരന്‍ പയ്യന്‍ വന്ന്
എന്തുവേണമെന്നന്വേഷിക്കുന്നു

കൊച്ചുമകള്‍ക്കൊരു പൊട്ടുകമ്മല്‍
വേണം...അത്രമാത്രം
ഉള്ളിലിത്തിരി സന്ദേഹമുണ്ട്
എത്രയാകുമെന്നൊരു നിശ്ചയവുമില്ല
കുട്ടികളെ അക്ഷരം പഠിപ്പിച്ച്
ദക്ഷിണ കിട്ടയതിലിത്തിരി
മിച്ചം പിടിച്ചു വെച്ചിട്ടുണ്ട്....
പത്തിന്റെ, അമ്പതിന്റെ, നൂറിന്റേയും
മുഷിഞ്ഞൊട്ടിയ നോട്ടുകള്‍
കൊച്ചു കൊച്ചായി മടക്കി
പ്ലാസ്റ്റിക്ക് കൂടിനുളളില്‍ പൊതിഞ്ഞ്
മുണ്ടിന്‍ കോന്തലയില്‍
ഭദ്രമായി വെച്ചിട്ടുണ്ട്..

എന്തോ മഹാഭാഗ്യം
കഷ്ടിച്ചു തികഞ്ഞു.......
വണ്ടി കയറി വീട്ടിലെത്തുവാന്‍
തിടുക്കമാകുന്നു....
കമ്മലണിഞ്ഞ് കൊച്ചുമകള്‍
കണ്‍മുന്നിലിതാ വന്നു നില്ക്കുന്നു
എന്തു സുന്ദരീ..കുറുമ്പുകാരി...


നെഞ്ചിലെ ഭാരത്തിനൊട്ടും കുറവില്ല
വീട്ടിന്നുമ്മറത്തുതന്നെ
കാത്തിരിപ്പുണ്ടായിരുന്നല്ലോ ഭാര്യ
ഡോക്ടറെ കണ്ടോയെന്നവള്‍
ചോദിക്കുന്നു......
കണ്ടെന്നപോലെ തലയാട്ടുന്നു
എങ്ങുനിന്നോ ഓടിവന്നാ
പിഞ്ചിളം പൈതല്‍
കൈയിലെ മിഠായിപ്പൊതി
തട്ടിപ്പറിച്ചുകൊണ്ടോടുന്നു....

ഇത്തിരി വെളളം കുടിക്കുവാനെടുക്കാന്‍
പറയുന്നു
അപ്പോഴേക്കും തളര്‍ന്നു വീഴുന്നു...

കണ്ണു തുറക്കുമ്പോഴുണ്ട്
കണ്ണാടിചില്ലിട്ട മുറിയിലാണല്ലോ
ഇറ്റു വീഴുന്നുണ്ട് പഞ്ചസാരത്തുളളികള്‍
കുപ്പി ഞരമ്പില്‍ നിന്നും....
ശുഷ്കിച്ച രക്ത ഞരമ്പിലോടിക്കളിക്കാന്‍

നഗ്നമാം കാതും കഴുത്തുമായ്
ഭാര്യയുമുണ്ടവിടെ ഒരു കോണിലായി
പെട്ടന്നൊത്തിരി വൃദ്ധയായിരിക്കുന്നല്ലോ അവള്‍
കാതിലവള്‍ക്കുമുണ്ടായിരുന്നല്ലോ
പൊട്ടുകമ്മല്‍...എവിടെപ്പോയി

ഒട്ടും വിഷമിക്കേണ്ട.....
ഇത്തിരി ധൈര്യം കാട്ടൂ
ഭാര്യ അടുത്തുവന്നു പറയുന്നു
ഇത്തിരി കൂടിയ മരുന്നു വേണമായിരുന്നൂ
അറ്റാക്കുകള്‍ പലതു കഴിഞ്ഞിരിക്കുന്നുവത്രെ
നിശബ്ദമായി ....
പെട്ടന്നൊരു  വഴിയും കണ്ടില്ല
എന്റേതു മാത്രമല്ല...
കൊച്ചുമകള്‍ക്കായി പുത്തനായി
വാങ്ങിയ പൊട്ടുകമ്മലും
ഒക്കയും ചേര്‍ത്തു പണയം വെച്ചു
കഷ്ടിച്ചൊപ്പിച്ചു......

നെഞ്ചിലൊരു കനം വന്നു കൂടുന്നു...
മുന്നോട്ടും പിന്നോട്ടുമെടുക്കുവാനാകാതെ

24 അഭിപ്രായങ്ങൾ:

  1. ഒരു പൊട്ടു കമ്മൽ പോലെ എത്ര കഷ്ടപെട്ടലും എത്ര സമ്പാദിച്ചാലും കൈ വിട്ടു താഴെ പോകുന്ന പിന്നെയും തിരയാൻ വിധിക്കപെടുന്ന സ്വര്ണം പോലെ തന്നെ ജീവിതവും

    നമ്മളുടെ ഇടയിൽ നമ്മുടെ മുമ്പിൽ ജീവിക്കുന്ന ഒരുപാടു പേരുടെ ആത്മനൊമ്പരങ്ങൾ മനോഹരമായി.. ആശംസകൾ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ജീവിതം ഒരു പരീക്ഷണ വേദി തന്നെ..പാവങ്ങളെ അത് നിരന്തരം പരീക്ഷണത്തിന് വിധേയമാക്കുന്നു...അഭിപ്രായത്തിന് നന്ദി പ്രിയ ബൈജു

      ഇല്ലാതാക്കൂ
  2. നെഞ്ചിലൊരു കനം വന്നു കൂടുന്നു പിന്നെയും. വളരെ മനോഹരമായിരിയ്ക്കുന്നു.ആശംസകള്‍ .....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി പ്രിയ വിനോദ് മാഷ്

      ഇല്ലാതാക്കൂ
  3. എന്തുപറയണം
    നെഞ്ചില്‍ തൊടുന്നു വാക്കുകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഈ കവിത എഴുതുന്ന വേളയില്‍ എഴുത്തുകാരന് നെഞ്ചില്‍ അനുഭവപ്പെട്ട കനം വായനക്കാരനും പകര്‍കിട്ടിയിട്ടുണ്ടെങ്കില്‍ ഈ കവിത സാര്‍ത്ഥകമായി.....നന്ദി അജിത് സാര്‍

      ഇല്ലാതാക്കൂ
  4. നെഞ്ചിലൊരു കനം വന്നു കൂടുന്നു...
    മുന്നോട്ടും പിന്നോട്ടുമെടുക്കുവാനാകാതെ
    Ithaanu jeevitham, ithum oru jeevitham.

    മറുപടിഇല്ലാതാക്കൂ
  5. ലളിതമായ കവിതയിലെ കഥ ,നെഞ്ചിലൊരു കനമായ് ......

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അഭിപ്രായത്തിന് നന്ദി പ്രിയ പ്രദീപ് മാഷ്

      ഇല്ലാതാക്കൂ
  6. ജീവിതത്തിൻ തിളക്കം സ്വർണ്ണം കവരുമ്പോൾ..

    നോവുണർത്തിയീ കവിത

    ശുഭാശംസകൾ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എഴുത്തുകാരന്റെ നോവ് വായനക്കാരനും അനുഭവപ്പെട്ടിട്ടുണ്ടെങ്കില്‍ ഈ കവിത ധന്യമായി..നന്ദി സൌഗന്ധികം

      ഇല്ലാതാക്കൂ
  7. സ്നേഹത്തിന് പൊട്ടുകമ്മലേക്കാള്‍ തിളക്കം!!!
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. തീര്‍ച്ചയായും വൃദ്ധന്‍ സ്വന്തം കൊച്ചു മകളോട് കാട്ടുന്ന കടപ്പാടിന്റേയും ഉത്തരവാദിത്തത്തിന്റേയും നൂറിലൊന്നെങ്കിലും അതിന്റെ മാതാ പിതാക്കള്‍ കാട്ടിയിരുന്നെങ്കില്‍...അഭിപ്രായത്തിന് നന്ദി തങ്കപ്പന്‍ സാര്‍

      ഇല്ലാതാക്കൂ
  8. "നെഞ്ചിലൊരു കനം വന്നു കൂടുന്നു..."

    കവിത വായിച്ചപ്പോള്‍ എന്റെ നെഞ്ചിലും

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഞാന്‍ ധന്യനായി..അഭിപ്രായത്തിന് നന്ദി അശ്വതി

      ഇല്ലാതാക്കൂ