ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

Wednesday, May 15, 2013

മണിയൊച്ച കേള്‍ക്കുന്നുണ്ടോ......

ഉച്ചമണിയടിക്കാന്‍
എന്തിത്ര താമസ്സം
ചോറ്റു പുരയില്‍ ഉപ്പുമാവ്
വെന്തതിന്റെ മണം
പരക്കുന്നല്ലോ.....!
കപ്പലോടാന്‍ പാകത്തില്‍
വായില്‍ വെളളവും നിറയുന്നു

പട്ടിക നിരത്തി
പഠിപ്പിക്കുകയാണല്ലോ ടീച്ചര്‍
ചുട്ടയടി തരുമെന്നു പറഞ്ഞ്
ഡസ്റററുമായൊട്ടിപ്പിടിച്ച്
ചൂരല്‍ വടി മേശപ്പുറത്തു നിന്ന്
എത്തി നോക്കുന്നുണ്ട്....

എന്നാലും സാരമില്ല......
പിന്നില്‍ കണ്ണടച്ചിരുന്ന്
നമുക്കൊന്ന് എണ്ണി നോക്കിയാലോ
ഒന്ന്...രണ്ട്...മൂന്ന്....

ഉച്ചമണിയടിക്കാന്‍
ഇനിയുമെത്ര നേരമുണ്ട്..?

മണിയൊച്ച കേള്‍ക്കേണ്ട താമസം
ഒറ്റച്ചാട്ടത്തിനിറങ്ങിയോടണം
അപ്പുറത്തയ്യത്തൊരു
വട്ടമരമുണ്ട്....
മുളളുവേലിചാടിക്കടക്കണം
തൂങ്ങിയാടിയതിന്‍
ഇലപൊട്ടിച്ചുകൊണ്ട്
വേഗത്തില്‍ മുമ്പില്‍
ചെന്നു നില്ക്കണം
ആദ്യം തന്നെ......
പിന്നിലൂടാരും കാണാതെ
കേള്‍ക്കാതെ ഉത്തരം പറഞ്ഞു നല്കും
നിത്യവും വാലിട്ട്കണ്ണെഴുതി
എത്തുന്നൊരാ പെണ്‍കുട്ടിയുണ്ടല്ലോ
അവള്‍ക്കും ഞാനൊന്ന്
പൊട്ടിച്ചെടുത്തിട്ടുണ്ട്
ആരുമതറിയേണ്ട...

മുളളിലുടക്കി ഉടുപ്പു കീറിയാലും സാരമില്ല...
പളളു പറഞ്ഞിട്ടാണേലുമമ്മ തുന്നിത്തരും

പച്ചിലിയില്‍ പകര്ന്നു തരും
ഉപ്പുമാവൊന്നു മണം പിടിച്ച്
കൊച്ചു ചൂണ്ടാണി വിരല്‍
താഴ്ത്തിയിട്ട് എത്ര ചൂടെന്ന്
പറഞ്ഞ് കൈയിലൂതി....
നൊട്ടി നുണഞ്ഞു നടക്കണം
ടീച്ചറെ പോയി മണിയടിച്ച്
പിന്നെയും വാങ്ങണം....

ഇത്തിരി കൂടി കഴിയുമ്പോള്‍
വീണ്ടുമൊരു നീണ്ട മണിയൊച്ച
കേള്‍ക്കാം.....

കൊല്ലി സൈക്കിള്‍ ഉന്തി
യൊരാള്‍ വരുന്നുണ്ട്....
പിന്നിലൊരു വീപ്പപെട്ടിയുമുണ്ട്
നിരതെറ്റിയ പല്ലുകള്‍ക്കിടയിലൊരു
മുറിബീഡി തിരുകി അയാള്‍
നോക്കി ചിരിക്കുന്നതു കാണുന്നില്ലേ..

പത്തു പൈസാ കൊടുത്താല്‍ മതി
കൊച്ചു കമ്പില്‍  വെച്ചു പിടിപ്പിച്ചോരു
ഐസെടുത്തുതരും
എത്ര മധുരമെന്നറിയാമോ......

രക്തം പോലും തണുത്തുറഞ്ഞു
പോകുന്നതിന്‍ രസമൂറിയൂറി.......
നാക്കു മരവിച്ച് വാക്കുകളൊന്നും
വഴങ്ങുന്നില്ലല്ലോ..
നനഞ്ഞൊട്ടിയ കൈവിരല്‍
നിക്കറില്‍ തന്നെ തൂത്ത്
വൃത്തിയാക്കാം....

സ്കൂളിന്റെ മുറ്റത്തൊരു
മൂവാണ്ടന്‍ മാവിന്റെ ചില്ല
താഴോട്ട് ചാഞ്ഞു നില്പുണ്ട്
അതിന്റെ കൊമ്പില്‍
കൂട്ടുകാരോടൊത്തിരുന്നാടാം
ഇടയ്ക്കൊന്ന് താഴെ വീഴാം
ഒന്നും പറ്റിയില്ലന്നുപറഞ്ഞ്
തട്ടിക്കുടഞ്ഞെഴുന്നേല്ക്കാം

പെട്ടന്നോര്മ്മിച്ച് പുസ്തകത്താളില്‍
മയില്‍പ്പീലി പെറ്റു പെരുകുന്നതെങ്ങനെയെന്ന്
കാണിച്ചു കൊടുക്കാം...

വീട്ടിലേക്കുവരും വഴി
നോട്ടുബുക്കിന്റെ താളുകള്‍
പകുത്തു കീറികളിവളളമുണ്ടാക്കി
തോട്ടിലെവെളളത്തിലൊഴുക്കി
നോക്കിയിരിക്കാം...

മണിയൊച്ച മുഴങ്ങുന്നുണ്ട്
വീണ്ടും മധുര സ്മൃതികളുമായ്.........

( ഞാന്‍ ആ മണിയൊച്ചകള്‍ കേള്ക്കുന്നുണ്ട് നിങ്ങളോ...................)

22 comments:

 1. ഒരു പാട്ടിന്റെ വരികൾ കടമെടുത്തു പറയട്ടെ ഓണപ്പാട്ടാണ് "ഒന്നും മരന്നിട്ടില്ലിന്നോളം നീയന്ന കണ്ണീര മിഴി പൂക്കൾ ചൊല്ലി"

  മനോഹരം കുട്ടികാലം പോലെ സുന്ദരം
  ആശംസകൾ ബാല്യകാലാശംസകൾ എന്ന് തിരുത്തട്ടെ

  ReplyDelete
  Replies
  1. ആദ്യവരവിനും അഭിപ്രായത്തിനും നന്ദി....ബൈജു

   Delete
 2. അതേ എൈസുകാരന്‍ ഞങ്ങളുടെ സ്ക്കൂളിനരികിലും നില്ക്കുന്നുണ്ടായിരുന്നു. നല്ല ആ നാളുകളിലേയ്ക്ക് ഇത്തിരിനേരം ഒരു മടക്കം. വളരെ മനോഹരമായിരിയ്ക്കുന്നു ഈ ചിത്രങ്ങള്‍ .....

  ReplyDelete
  Replies
  1. അഭിപ്രായത്തിന് നന്ദി പ്രിയ വിനോദ് മാഷ്

   Delete
 3. !!!**********!!!

  ReplyDelete
  Replies
  1. മസസ്സിലൊരു പൂത്തിരി എന്നാണോ ഉദ്ദേശിച്ചത്.....നന്ദി അജ്ഞാത സുഹൃത്തേ.....

   Delete
 4. അയ്യോ ഇതെന്റെ ബാല്യമാണല്ലോ......
  ശരിക്കും അതെ, സംശയമില്ല.......

  ReplyDelete
  Replies
  1. അങ്ങനെ തോന്നിയിട്ടുണ്ടെങ്കില്‍ ഈ കവിത ധന്യമായി..നന്ദി പ്രിയ പ്രദീപ് മാഷ്

   Delete
 5. മണിയൊച്ച മുഴങ്ങുന്നുണ്ട്
  വീണ്ടും മധുര സ്മൃതികളുമായ്.........

  ReplyDelete
  Replies
  1. അഭിപ്രായത്തിന് നന്ദി സൌഗന്ധികം....

   Delete
 6. ഉപ്പുമാവിന്റെ മണം

  ReplyDelete
  Replies
  1. ഈ കവിതയ്ക്ക് ആദ്യമായി ഞാന്‍ പേര് നിശ്ചയിച്ചത് ഉപ്പുമാവ് എന്നായിരുന്നു. പിന്നീട് ചിത്രത്തില്‍ ഐസുകാരന്‍ കൂടിവന്നതുകൊണ്ടാണ് പേരുമാറ്റിയത്....അഭിപ്രായത്തിന് നന്ദി പ്രിയ അജിത് സാര്‍

   Delete
 7. ഇങ്ങനേം ...ഒരു സ്കൂള്‍ ലൈഫ് ഉണ്ടല്ലേ ? ആ ഉപ്പുമാവിന്‍റെ രുചി , മണം ....ഇതൊന്നും ആസ്വദിക്കാനുള്ള ഭാഗ്യം ഉണ്ടായില്ലല്ലോ !

  ReplyDelete
  Replies
  1. തീര്‍ച്ചയായും...എല്ലാ എഴുതി ഫലിപ്പിക്കാനുളള ശക്തി എന്റെ വാക്കുകള്‍ക്കില്ല പോരാ..അഭിപ്രായത്തിന് നന്ദി മിനി

   Delete
 8. നല്ല ബാല്യകാല സ്മൃതികൾ. ഉപ്പുമാവ്, ഐസ്, ഇന്റർവെൽ, സ്കൂൾ മണിയടി, മണിയടിച്ചാലുടൻ സ്കൂളില്നിന്നുള്ള ഓട്ടം.....

  ReplyDelete
  Replies
  1. അതൊക്കെ ആര്‍ക്കും മറക്കാന്‍ കഴിയാത്ത ഓര്‍മ്മകളാണ്...അഭിപ്രായത്തിന് നന്ദി ഡോക്ടര്‍

   Delete
 9. അനുരാജിന്റെ കവിതകളിൽ റിയലിസത്തിന്റെ മധുരമാണ്.

  ReplyDelete
  Replies
  1. റിയലിസം, നവറിയലിസം, മാജിക്കല്‍ റിയലിസം അങ്ങനെ എഴുത്തിന്റെ പലവഴികളെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ഞാനതിനെക്കുറിച്ചൊന്നും ആഴത്തില്‍ മനസ്സിലാക്കിയിട്ടുളള ആളല്ല. മനസ്സില്‍ തോന്നുന്നതിന് ഒരു രൂപം വരുത്താന്‍ ശ്രമിക്കുന്നു. വായിക്കുന്ന ആളിന് മസസ്സിലാകുകയും ഇഷ്ടപ്പെടുകയും ചെയ്യണമെന്നാണ് എന്റെ പ്രാര്‍ത്ഥന.....അഭിപ്രായത്തിന് നന്ദി പ്രിയ ഭാനു

   Delete
 10. നാവില്‍ ഐസ്ഫ്രൂട്ടിന്‍റെ മധുരം നനഞ്ഞിറങ്ങുന്നു.......
  പോയ്പോയ ബാല്യകാലസ്മരണകള്‍.......
  ആശംസകള്‍

  ReplyDelete
  Replies
  1. അഭിപ്രായത്തിന് നന്ദി തങ്കപ്പന്‍ സാര്‍...

   Delete
 11. ഗൃഹാതുരത്വം നിറഞ്ഞ ഓര്‍മ്മകള്‍.....അനൂ....നന്നായിട്ടുണ്ട്

  ReplyDelete
 12. സ്വന്തം ബാല്യം എല്ലാവര്‍ക്കും ഗൃഹാതുരത്വം നിറഞ്ഞതു തന്നെ...അഭിപ്രായത്തിന് നന്ദി സബീന

  ReplyDelete