ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2014, മേയ് 12, തിങ്കളാഴ്‌ച

വീട്ടില്‍ ഒരു വോട്ട് ചോര്‍ച്ച.......


വോട്ട് ചെയ്തതാര്‍ക്കാണ് നീ......?
വോട്ട് ചെയ്തതാര്‍ക്കാണ് നീ......?
ചേട്ടനിടയ്ക്കിടെ ചോദിക്കുന്നു
ചൂണ്ട നോട്ടത്തിനാല്‍
ചൂഴ്ന്നെടുക്കുന്നു
ചാട്ടുളിപോലുള്ള
വാക്കുകളെറിയുന്നു
വോട്ട് ചെയ്തതാര്‍ക്കാണ് നീ......

കൂട്ടുവട്ടങ്ങളില്‍ കൂടുമ്പൊഴെല്ലാം
വോട്ടു കണക്കു നിരത്തുന്നു
കൂട്ടിയും കിഴിച്ചും
കൂട്ടിമുട്ടിച്ചൊടുവില്‍
പാര്‍ട്ടി സ്ഥാനാര്ത്ഥിക്കുതന്നെ
വിജയമെന്നുറക്കെ പ്രഖ്യാപിക്കുന്നു

ബൂത്തു കണക്കു നിരത്തുന്നു
നൂറ്റമ്പതോട്ടിന്‍റെയെങ്കിലും
ലീഡ് തീര്‍ച്ചപറയുന്നു
എങ്കിലും വോട്ടുചോര്‍ച്ച
യുണ്ടായിട്ടുണ്ടോ.....?
കൂട്ടത്തിലാരോ കുതികാലു
വെട്ടിയിട്ടുണ്ടോ....?
 ഉള്ളിന്‍റെയുള്ളിലൊരു സന്ദേഹം
എല്ലായിടവുമെന്നപോലെ
വന്നു കലങ്ങിമറിയുന്നു..


വോട്ട് ചെയ്യാത്തവരുടെ
കണക്കെടുക്കുന്നു
പാര്‍ട്ടിക്കു കിട്ടാനിടയില്ലാത്തതാണെന്ന്
വെറുതെ ആശ്വസിക്കുന്നു
വോട്ടുശതമാനം കൂടിയതിന്‍
നേട്ടമാര്‍ക്കെന്ന ചര്‍ച്ച കൊഴുക്കുന്നു

ബൂത്തു പ്രസിഡന്റായതില്‍ പിന്നെ
ചേട്ടനെ കിട്ടുന്നേയില്ല
വീട്ടുകാര്യങ്ങള്‍ക്കൊന്നും
തേച്ചുവടിവൊത്ത വേഷവുമിട്ട്
ചേട്ടനേതോ സമയത്ത് പോകുന്നു
ചീര്‍ത്തട്ടുനാറിയെപ്പഴോ വരുന്നു
നിശ്ചയമില്ലൊന്നിനും...
അനിശ്ചിതത്തിനു പോലും....!

ഓര്‍ത്തിട്ട് കാട്ടുതീയുള്ളിലാളുന്നു
പൂമരക്കൊന്നപോല്‍
വളര്‍ന്നുവരുന്നുണ്ട്
പെണ്ണെരുത്തി മകള്‍
ഇപ്പഴേ വല്ലതും കരുതേണ്ടേ...?

ആണൊരുത്തന്‍ മകന്‍
പിന്നിലാണെല്ലാത്തിനും
ചോരയല്ലേ......?
ജീവിതത്തിന്‍ ഏതെങ്കിലും
കടവില്‍ കൊണ്ട്ചെന്നടുപ്പിക്കേണ്ടേ...?

പാര്‍ട്ടിപ്പരിപാടിയൊന്നുമില്ലാത്ത നാളില്‍
രാത്രി ചേട്ടനടുത്തുവന്നു കിടക്കെ
പൂത്തുലയുന്ന പൂമേനിതന്‍
മോഹവുമായി ചേര്‍ന്നു കിടക്കെ
വീണ്ടും കാതില്‍ വന്നലയ്ക്കുന്നാ ചോദ്യം
വോട്ടു ചെയ്തതാര്‍ക്കാണ് നീ....?
വോട്ട് ചെയ്തതാര്‍ക്കാണ് നീ....?

പാര്‍ട്ടി സഖാവിന്‍‍‍റെ മകളല്ലേ...?
വേട്ടത് ഞാനാണെങ്കിലും
കാട്ടാതിരിക്കുമോ വോട്ടു പെട്ടിക്കു
മുന്നില്‍ ചോരചുവപ്പിന്‍റെ
തനിനിറം....!
വോട്ടുമറിച്ചു ചെയ്തില്ലേ നീ....?
പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ പേര്
ഏറ്റവും മുകളിലാണെന്ന് 
പറഞ്ഞതല്ലേ.......പലതവണ..?
എന്നിട്ടും വോട്ടു മെഷീന്‍റെ മുന്നില്‍
പമ്മി പതുങ്ങി നിന്നതെന്തിനാണ്
നീയേറെ നേരം.....
കാഴ്ചയില്ലാത്തവളല്ലല്ലോ,,,?

വോട്ടുചെയ്തിട്ടു നീയിറങ്ങുമ്പോള്‍
ഈര്‍ച്ച അരിവാളിന്‍റെ
തേര്‍ച്ച മുഴക്കവും കേട്ടു.....!

കേട്ടു കേട്ടു സഹിക്കെട്ടു
കൈ പിടിച്ചതില്‍ പിന്നെ
ഞാന്‍ ചേട്ടന്‍റെ പാര്‍ട്ടിയെന്ന്
എത്ര തവണ ആണയിട്ടു
പറഞ്ഞിരിക്കുന്നു
കേട്ടു സഹിക്കുവാന്‍ ഇനിയാവില്ല
പാട്ടിനു പോകുമേ ഞാനെന്റെ
കുട്ടികളേയും കൂട്ടി.....
കൂട്ടില്ലാതെയും ജീവിക്കുവാന്‍
പഠിച്ചു.....

കേട്ടുവോ നിങ്ങളും ഓട്ടോറിക്ഷ
ഇറങ്ങിവരും പോലാ
കൂര്‍ക്കം വലി
ചേട്ടനുറങ്ങിപ്പോയി........

( പാര്‍ട്ടിയില്‍ വോട്ടു ചോര്‍ച്ചയുണ്ടായിട്ടുണ്ടോ....?.എന്തോ എനിക്കറിയില്ല.........വീട്ടിലെ വോട്ടു ചോര്‍ന്നിട്ടുണ്ടോയെന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കൂ....)

4 അഭിപ്രായങ്ങൾ:

  1. ബൂത്ത് പ്രസിഡന്റിന്റെ ടെൻഷൻ ബൂത്ത് പ്രസിഡന്റിനല്ലേ അറിയൂ ... പാവം. പുള്ളീടെ പാർട്ടിക്കാരനെങ്ങാനും ഒരു വോട്ടിനു തോറ്റാലുള്ള അവസ്ഥ..!!
    ഇനിയെത്ര ആണയിട്ടാലും രക്ഷയില്ല. ആ ഒരു വോട്ട് മറിച്ചതിന്റെ പാപം, മിസ്സിസ്സിന്റെ തലേൽ തന്നെയാവും. ഹ..ഹ..


    വളരെ മനോഹരമായി എഴുതി അനുരാജ്. ഒരു ബൂത്ത്പ്രസിഡന്റിന്റെ, അതും ഒരു സഖാവിന്റെ മകളുടെ ഭർത്താവായ ബൂത്ത് പ്രസിഡന്റിന്റെ വീട്ടിലെ അന്തരീക്ഷം നർമ്മത്തിൽ ചാലിച്ച് വർത്തമാനകാല സാഹചര്യത്തിനിണങ്ങുന്ന രീതിയിൽത്തന്നെ അവതരിപ്പിച്ചു.


    ശുഭാശംസകൾ......

    മറുപടിഇല്ലാതാക്കൂ
  2. കേട്ടുവോ നിങ്ങളും ഓട്ടോറിക്ഷ
    ഇറങ്ങിവരും പോലാ
    കൂര്‍ക്കം വലി
    ചേട്ടനുറങ്ങിപ്പോയി........ ha ha

    മറുപടിഇല്ലാതാക്കൂ
  3. പ്രസിഡണ്ടിന്‍റെ ആശങ്ക അസ്ഥാനത്തല്ല!
    നന്നായിട്ടുണ്ട്
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  4. മൂന്ന് വോട്ട് മറിഞ്ഞുപോയതിന്റെ പേരില്‍ കല്യാണം തന്നെ മുടങ്ങിപ്പോയ ഒരാളിനെ എനിക്കറിയാം!

    മറുപടിഇല്ലാതാക്കൂ