ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2014, മേയ് 3, ശനിയാഴ്‌ച

കടിച്ചുപറിക്കലുകള്‍ക്ക് മുമ്പ്.............ഒരാമുഖം...!!


കഴിക്കുവാനെന്തുവേണം സാര്‍...
മിനുത്തകട്ടിക്കടലാസിലുള്ളോരു
മെനു നിവര്‍ത്തിയിട്ട്
വെയിറ്റര്‍ ചോദിക്കുന്നു
ഏറെ വിനയത്തോടെ...
ഇടയ്ക്കു പകര്‍ന്നു നല്കുന്നു
ഇളം ചൂടുവെള്ളം
നീണ്ട ചില്ലു ഗ്ലാസ്സില്‍...
വരണ്ട തൊണ്ടതന്‍
കിരു കിരുപ്പിലൂടത്
ഇഴഞ്ഞിറങ്ങുമ്പോള്‍
എന്ത് സുഖമെന്താശ്വാസം...!

ഇടയ്ക്കൊന്ന് പറഞ്ഞു കൊള്ളട്ടെ
മടുപ്പു തോന്നുകയില്ലങ്കില്‍
ഹോട്ടലിന്‍ അടച്ചിട്ട കുടസ്സുമുറിയില്‍
നിരന്നിരിക്കയാണ് ഞങ്ങള്‍
തീന്‍മേശയ്ക്കു ചുറ്റിലും
ഇടത്തുംവലത്തുമിരിക്കുന്നത്
മകളും മകനും....
മുഖത്തോടുമുഖം തുറിച്ച
നോട്ടം നോക്കി
എതിര്‍ ദിശയിലിരിക്കുന്നതാണ്
എന്റെ ഇടത്തുവശം....

കനച്ച ജീവിതത്തിന്‍ മടുപ്പ് മാറ്റുവാന്‍
കടുത്ത പരീക്ഷണമാണെങ്കിലും
പറഞ്ഞുകേട്ട് കൊള്ളാമെന്നുറപ്പിച്ച്
ഒരു സിനിമകാണുവാന്‍
ഇറങ്ങിയതാണ് ഞങ്ങള്‍

തിരികെ ജനക്കൂട്ടത്തില്‍ നിന്ന് നൂഴ്ന്നിറങ്ങി
അറിയാതൊരു നെടുവീര്‍പ്പിടവേ
വലിച്ചുകയറ്റിയതാണവരെന്നെയീ
ഹോട്ടലില്‍ ഒരു മയവുമില്ലാതെ...

മടിച്ചു മടിച്ചാണെങ്കിലും
എടുത്തുപൊട്ടിച്ചാരാ ആയിരം രൂപാ
മുടിച്ചിട്ടേയടങ്ങൂ......

കഴിക്കുവാനെന്തുവേണം സാര്‍...
ചൂടാവിമാറാത്ത പൊറാട്ട, 
ചപ്പാത്തിയും...
ഒപ്പനപാട്ടിലെ മണവാട്ടിമാര്‍
മൈലാഞ്ചി വിരല്‍ മുക്കി
നുണയുന്നരരിപ്പത്തിരിയും...,
നൂലുചുറ്റി കുരുക്കിയിട്ടപോല്‍
ഇടിയപ്പവും......
കൂടെക്കറിയായി കോഴി താറാവും 
മട്ടനും ബീഫും......

ഇപ്പറഞ്ഞതൊന്നുമേ പഥ്യമല്ലാത്തവര്‍ക്ക്
പിന്നെയുമുണ്ട്....
നെയ്റോസ്റ്റും, മസാല ദോശയും
പൂരിയും, വെജിറ്റബിള്‍ കുറുമയും
പ്രത്യേകം ഡിഷുവല്ലതും വേണമെങ്കില്‍
ഓഡര്‍ ചെയ്തല്പം കാത്തിരുന്നാല്‍
മതി...

കഴിക്കുവാനെന്തുവേണം സാര്‍...
കടുത്ത സന്ദേഹം ഞങ്ങള്‍ക്കിടയില്‍
അനക്കമറ്റുകിടക്കുന്നു നാവ്
അറുത്തെറിയുന്നു ഞാനെന്റെ മൌനം
ലൈറ്റായിട്ടു വല്ലതും മതി....
എനിക്കൊന്നുമേ വേണ്ട....
കടുപ്പമില്ലാത്തൊരു കട്ടന്‍
വെറുതെ സ്മൃതികള്‍
നുണഞ്ഞിരിക്കാന്‍.....

കടുത്ത നോട്ടങ്ങള്‍ നാലു ദിക്കില്‍
നിന്നും എനിക്കു നേരെ
എരിഞ്ഞു വീഴുന്നു....

എനിക്ക് പൊരിച്ച കോഴിയും
ചപ്പാത്തിയും...
അവസാനമതിന്‍ എരിച്ചില്‍ മാറ്റുവാന്‍
കൊടും തണുപ്പുളളഐസ്ക്രീമുമെന്ന് മകള്‍
കടുത്ത ഭാഷയില്‍....

എനിക്ക് പൊറാട്ടയും, ചില്ലി ചിക്കനും
കോഴി കറിയും....
വയറ്റില്‍ പിന്നെ കൊക്കരക്കോ 
ചിക്കി ചികയുമ്പോള്‍
കുടിക്കുവാനായി കൊക്കകോളയോ
പെപ്സിയോ, തംസപ്പോ....
ഏതെങ്കിലുമൊന്ന് കണിശമെന്ന് മകനും.

കടുത്ത  മൗനമപ്പോഴും ഇടത്തുവശത്തിന്
പരിഭ്രമം വേണ്ട....
തിരിഞ്ഞു കടിക്കാത്തതെന്തും....!

പറഞ്ഞു തീര്‍ന്നില്ല
നിരന്നുവല്ലോ വിഭവങ്ങള്‍
നൊടിയിടയില്‍,.....
ആവിപറക്കുന്ന മണം....


അടുത്തുവന്ന് ഭാര്യ കടുത്ത ഭാഷയില്‍
അടക്കം പറയുന്നു
രാത്രിയില്‍ കഴിക്കുവാന്‍
വീട്ടിലിരിപ്പുണ്ട് ഉണ്ട പുഴുങ്ങിയത്
പിന്നെ വിശക്കെണ്ടെങ്കില്‍ വല്ലതും
കഴിച്ചിട്ടു പോകണം കനമായി..


പടച്ചതമ്പുരാനേ......
അടുത്ത ജന്മത്തിലെങ്കിലുമൊരു
കോഴിയായി ജനിച്ചാല്‍ മതിയായിരുന്നു
ഒരു വെറും പിടച്ചിലോടെ തീരുമല്ലോ ജീവിതം...!!




9 അഭിപ്രായങ്ങൾ:

  1. കവിത വായിച്ചു തീർന്നപ്പൊ, ഹോട്ടലിലെ ബില്ല് കടിച്ചുകുടഞ്ഞത് അനുരാജിന്റെ ഹൃദയത്തെത്തന്നെയാവുമെന്നു തോന്നി ഹ..ഹ..ഹ.... ഇപ്പോഴത്തെ ഫാസ്റ്റ് ഫുഡ് കഴിച്ചാ അങ്ങനെയാ. കാശും നല്ല ഫാസ്റ്റായിട്ട് കീശേന്നു പോവും :)


    കവിത വളരെ രസകരമായി അവതരിപ്പിച്ചു. 'എതിർദിശയിലിരിക്കുന്ന എന്റെ ഇടതു വശം', നിർവ്വികാരതയോടെ, 'എനിക്കു ലൈറ്റായി വല്ലതും', ഒട്ടും ദയയില്ലാതെ, വാമഭാഗത്തു നിന്നും 'തിരിഞ്ഞു കടിക്കാത്തതെന്തു'മെന്ന ഒളിയമ്പുമൊക്കെ വളരെ രസകരമായി. സിനിമ 'സെവന്ത് ഡേ' ആയിരിക്കുമല്ലേ കണ്ടത്? ഞാനും കണ്ടു. നല്ല ഫിലിം.


    പെട്ടെന്ന് ബില്ലു കൊടുത്ത് പോകാൻ നോക്ക്. ഇല്ലേൽ മൂന്നു വശത്തു നിന്നു വീണ്ടുമാക്രമണമുണ്ടായേക്കും. :)


    ശുഭാശംസകൾ......

    മറുപടിഇല്ലാതാക്കൂ
  2. അണുകുടുംബങ്ങളുടെ ഹോട്ടൽ അനുഭവങ്ങൾ ഇതുതന്നെയല്ലെ....

    മറുപടിഇല്ലാതാക്കൂ
  3. ചൂടാവിമാറാത്ത പൊറാട്ട,
    ചപ്പാത്തിയും...
    ഒപ്പനപാട്ടിലെ മണവാട്ടിമാര്‍
    മൈലാഞ്ചി വിരല്‍ മുക്കി
    നുണയുന്നരരിപ്പത്തിരിയും...,
    നൂലുചുറ്റി കുരുക്കിയിട്ടപോല്‍
    ഇടിയപ്പവും......
    കൂടെക്കറിയായി കോഴി താറാവും
    മട്ടനും ബീഫും.......... Omarkhayaamine ormma varunnu: Ini enthuvenam jeevitham aaswadikkaan. :)

    മറുപടിഇല്ലാതാക്കൂ
  4. ഒരു വെറും പിടച്ചിലോടെ തീരുമല്ലോ ജീവിതം...!

    മറുപടിഇല്ലാതാക്കൂ
  5. രാത്രിയിലേക്ക്‌പാഴ്സല്‍ ഓര്‍ഡര്‍ ചെയ്തില്ലല്ലോ ഭാര്യ
    അതുതന്നെ ആശ്വാസം.
    (ഓപ്പണ്‍ ചെയ്യാന്‍ പറ്റിയിരുന്നില്ല.'ഇരുള്‍ നിലാവ്' അതോണ്ടാ എത്താന്‍ പറ്റാഞ്ഞത്‌)
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  6. ആയിരങ്ങള്‍ ഒഴുകിപ്പോകുന്നതെത്ര വേഗം എന്നോര്‍ത്ത് തലയ്ക്ക് കയ്യും കൊടുത്ത് ഒരു ഇരിപ്പ് ഉണ്ടല്ലോ. അനുഭവിച്ചു ചങ്ങാതീ!!

    മറുപടിഇല്ലാതാക്കൂ
  7. സാരമില്ലന്നേ ..പണം പോയി പവര്‍ വരട്ടെ ....ഹല്ല പിന്നെ ...!

    മറുപടിഇല്ലാതാക്കൂ
  8. നിസ്സഹായനായ കുടുംബനാഥന്റെ ചിത്രം വളരെ തന്മയത്വത്തോടെ അനുരാജ് അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ.

    മറുപടിഇല്ലാതാക്കൂ