ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2014, ഏപ്രിൽ 24, വ്യാഴാഴ്‌ച

പത്ത് എ പ്ലസില്ലാത്ത കുട്ടി....

watercolor illustration, depicting a portrait of a beautiful young woman - stock photoപത്തും എപ്ലസ്സുകിട്ടിയില്ല
പത്താംക്ലാസ്സിലെ റിസള്‍ട്ടു
വന്നിന്നലെ ഉച്ചകഴിഞ്ഞ്....
ഉള്ളുപൊള്ളിച്ചെത്തിയോരു
ഉഷ്ണക്കാറ്റുപോലെ...

പ്രഖ്യാപനം വരുമെന്ന്
പത്രത്തില്‍ കണ്ട നേരത്തിനു
മേറെമുമ്പെ
മുറ്റുമാകാംക്ഷയില്‍
സെര്‍ച്ചുചെയ്തങ്ങനെയിരിക്ക
യായിരുന്നച്ഛന് കമ്പ്യൂട്ടറില്‍...
ശ്വാസമടക്കിപ്പിടിച്ചോതോ
കര്‍ട്ടനുപിറകില്‍
മകള്‍ നില്പുണ്ടായിരുന്നു
പ്രാര്ത്ഥനയോടെ..

ഒടുവില്‍ നെറ്റില്‍
അവസാനകുരുക്കഴിച്ചിട്ടച്ഛനാ
പേജു തുറന്നുകാണ്കെ
നിശ്ചലനായിരുന്നേറെ നേരം

പത്തും എപ്ലസ്സുകിട്ടിയില്ല....

കുറ്റ ബോധത്തില്‍ കുനിഞ്ഞ
ശിരസ്സുമായി മകള്‍ നില്പൂ
പച്ചവെള്ളത്തില് പാദസരമെച്ചം
കാല്‍മുക്കിവെച്ചെത്ര പഠിച്ചതാണ്
കട്ടന്ചായയിട്ടുതന്നമ്മ
എത്ര നേരം കാവലിരുന്നതാണ്...

ചത്തദു:ഖം പോല് വീടുറങ്ങി
കിടക്കുന്നു....
ഒച്ചയനക്കങ്ങളൊന്നുമില്ലാതെ
ദു:ഖഭാരമുള്ളിലൊളിപ്പിച്ചച്ഛന്
മുഖം കനപ്പിച്ച് നടക്കുന്നു
ശത്രുവിനെപ്പോലെ
തുറിച്ചു നോക്കുന്നു

എത്ര കൊതിച്ചിരുന്നതാണച്ഛന്
പൊന്നുമകളുടെ സര്‍‌ട്ടിഫിക്കറ്റിന്
വെണ്മതന്നുണ്മയില്‍
കൊച്ചുകുരിശടയാളങ്ങള്‍
പോലാ പ്ലസ്സ് ചിഹ്നം
മൌലിയില് ചൂടിയാ
അക്ഷരം “A” മാത്രം
അച്ചുമഷിപടര്‍ന്ന്
 നിരയൊപ്പിച്ചു പൊട്ടി
വിടരുന്നതുകാണാന്‍....

ചങ്കു കുത്തി നോവിക്കുന്നുണ്ടമ്മ
ഇടയ്ക്കിടെ കൂര്ത്ത നാവിനാല്‍
ദുസ്സഹമാം വേദന
വിട്ടു പോകുന്നതേയില്ല
കൂടെപ്പഠിച്ചവര്ക്കും
കൂട്ടുകാരികള്ക്കുമൊക്കെയും
കിട്ടിയല്ലോ മൊത്തത്തിനും എപ്ലസ്സ്
എന്തിന്‍റെ കുറവായിരുന്നു നിനക്ക്
കൊഞ്ചിച്ചതിന്‍റെ കേടോ
പ്രത്യേകം പ്രത്യകം ട്യൂഷനുണ്ടായിരുന്നില്ലേ
സ്പെഷ്യലായി എല്ലാത്തിനിനും

പത്രമെടുത്തു നിവര്ത്തുന്നമ്മ
കണ്ടില്ലേ മിടുക്കരാം കുട്ടികളുടെ
ഫോട്ടോ ചിത്രങ്ങള്‍.....
എത്ര പേര്‍.....എത്ര പേര്‍....?
മൊത്തവിഷയത്തിനു എപ്ലസ്സുകിട്ടിയവര്‍

ഒട്ടും നിനക്കൊന്നും ചേര്‍ന്നതല്ലിപ്പണി
കെട്ടിച്ചു വിടണം പ്രായം
പതിനെട്ടു തികയുന്നയന്നു തന്നെ
എത്ര പറഞ്ഞിട്ടും നാവു
കുഴയുന്നതേയില്ലമ്മയ്ക്ക്...

രാത്രിയേറെ വൈകിയും
പട്ടുമെത്തയില്‍ എത്ര തിരിഞ്ഞും
പിരിഞ്ഞും കിടന്നിട്ടും
ഒട്ടുംമുറക്കം വരുന്നില്ല
കെട്ടുകഥയാം ചരിത്രം
പൊലിപ്പിച്ചെഴുതുവാന്
പറ്റിയില്ല
ദുഷ്ടനാമാ രാജാവിന്റെ
പേരുമന്നേരമോര്‍മ്മ വന്നില്ല
വര്‍ഷവും....
ചുറ്റിവരിയുന്നു തെറ്റിപ്പോയ
ഗണിതത്തിന്റെ സൂത്രവാക്യങ്ങളും

ഒട്ടുമുറക്കം വരുന്നില്ല
ഉഷ്ണം ശമിക്കുന്നില്ല
ഉള്ളിലും പുറത്തും.....
ഫാനെത്ര വേഗത്തില് കറങ്ങിയിട്ടും...
മച്ചിന്റെ മേല് എത്രനാളായി
വിശ്രമമില്ലാതെ കറങ്ങുകയാണ്
ഉച്ചിയിലേക്കൊന്ന് പൊട്ടിവീഴാമോ...?



8 അഭിപ്രായങ്ങൾ:

  1. കുട്ടികളേക്കാൾ മാതാപിതാക്കൾക്കാ SSLC റിസ്സൽട്ട് വരുമ്പോൾ ആധി. അതു കാണുമ്പോൾ കുട്ടികൾക്കതിലും ആധി. ഇതു രണ്ടും ഈ വരികളിൽ അനുരാജ് നന്നായി അവതരിപ്പിച്ചിരിക്കുന്നു. പഴയ റാങ്ക് സംവിധാനത്തിനും,മാധ്യമങ്ങളിലെ ഫോട്ടോകൾ വച്ചുള്ള വലിയ രീതിയിലുള്ള റിസൽട്ട് പ്രഖ്യാപനത്തിനും മാറ്റം വന്നതോടെ പഴയ പോലുള്ളത്ര സമ്മർദ്ദം ഇപ്പോൾ കുട്ടികൾക്കില്ലെന്നു തോന്നുന്നു.

    കവിത വ്യത്യസ്ത പ്രമേയം കൊണ്ട് തന്നെ വേറിട്ടതായി.


    ശുഭാശംസകൾ.....

    മറുപടിഇല്ലാതാക്കൂ
  2. ഒട്ടും നിനക്കൊന്നും ചേര്‍ന്നതല്ലിപ്പണി
    കെട്ടിച്ചു വിടണം പ്രായം
    പതിനെട്ടു തികയുന്നയന്നു തന്നെ
    എത്ര പറഞ്ഞിട്ടും നാവു
    കുഴയുന്നതേയില്ലമ്മയ്ക്ക്... :)

    മറുപടിഇല്ലാതാക്കൂ
  3. ശരിയാണ് അനുരാജ് - ഞാൻ കാണുന്നതാണ് . പത്ത് ഏ പ്ളസ് കിട്ടാത്ത കുട്ടികളുടെ ദുഃഖം . ജീവിതംതന്നെ നഷ്ടപ്പെട്ടുപോയപോലുള്ള ഒരു അവസ്ഥയിലാണ് ആ കുട്ടികൾ . അവരെ സംഘർഷത്തിലാഴ്ത്തുന്നതിൽ രക്ഷിതാക്കൾക്കും , സ്കൂളിനും വലിയ പങ്കുണ്ട്, പാവം കുട്ടികൾ എന്തു നേടി എന്നതിനേക്കാൾ സമൂഹം അവരിൽ കണ്ടെത്താൻ ശ്രമിക്കുന്നത് എന്ത് നേടിയില്ല എന്നതാണ്...

    ഈ വരികൾ ആ കുട്ടികൾക്കുള്ള സമർപ്പണമാവട്ടെ......

    മറുപടിഇല്ലാതാക്കൂ
  4. " കെട്ടുകഥയാം ചരിത്രം
    പൊലിപ്പിച്ചെഴുതുവാന്
    പറ്റിയില്ല
    ദുഷ്ടനാമാ രാജാവിന്റെ
    പേരുമന്നേരമോര്‍മ്മ വന്നില്ല
    വര്‍ഷവും....
    ചുറ്റിവരിയുന്നു തെറ്റിപ്പോയ
    ഗണിതത്തിന്റെ സൂത്രവാക്യങ്ങളും....."

    നന്നായിരിക്കുന്നു രചന

    മറുപടിഇല്ലാതാക്കൂ
  5. പത്താം ക്ലാസ്സുകാരുടെ ദുഃഖം ...! നന്നായി അനുരാജ് ..

    മറുപടിഇല്ലാതാക്കൂ
  6. നന്നായി.. ഇരുള്‍ നിലാവ് ഒരിക്കലും നിരാശപ്പെടുത്തുന്നില്ല ട്ടാ..
    ആശംസകള്‍ :)

    മറുപടിഇല്ലാതാക്കൂ
  7. നല്ല അവതരണം വരികൾ കൊണ്ട് മനസ്സ് വരച്ചിട്ടു

    മറുപടിഇല്ലാതാക്കൂ