ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2014, ജനുവരി 22, ബുധനാഴ്‌ച

ഉയര്‍ച്ചപ്പെടാനുള്ള ചിലര്‍......


Vector lift elevator icon isolated - stock vector
ലിഫ്റ്റില്‍ കയറി പോകാമച്ഛാ...
ലിഫ്റ്റില്‍ കയറി പോകാമച്ഛാ....
കൊച്ചുചെറുക്കന്‍ വാശിപിടിക്കുന്നു
എട്ടുനിലയെങ്ങാണ്ടുള്ളോരു
മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലി
നുള്ളില്‍ വട്ടം കറങ്ങി 
ഞാന്‍ നട്ടംതിരിയാന്‍ തുടങ്ങിയിട്ട് 
ഏറെ നേരമായി ...
നാലാം നിലയില്‍
നാനൂറ്റി പത്താം നമ്പര്‍ മുറിയില്‍
നാരീമനോഹരി എന്റെ ഭാര്യതന്‍
ചത്തുപോകേണ്ട കാലം കഴിഞ്ഞോരു
മുത്തശ്ശി കട്ടിലില്‍ നിന്നുവീണ്
നടുവൊടിഞ്ഞ് കിടപ്പുണ്ട്
അത്രേടം  വരെ പോയൊന്നു
എത്തിനോക്കിയിട്ട്‌ അറ്റെന്‍ഡന്സു
വെച്ചിട്ട് പെട്ടന്നിറങ്ങണം
ചുറ്റിത്തിരിയലൊന്നും കൂടാതെയങ്ങ്
തിരിച്ചെത്തണമെന്നാണ് പെണ്‍കല്പന

കെട്ടതാണോയെന്നറിയില്ല
ഓറഞ്ചിന്‍ കെട്ടുപൊതി  ഒരു കിലോ
 തര്‍ക്കം പറഞ്ഞ് വിലപേശി വാങ്ങിയത്
കൈയില്‍ ഭദ്രമായുണ്ട്  
ഓരോരോ കാര്യങ്ങളങ്ങനെ
അന്തവും കുന്തവുമില്ലാതങ്ങനെ 
ആലോചിച്ചു നില്‍ക്കേ 
കൊച്ചു ചെറുക്കന്റെ ശബ്ദം
വീണ്ടും മുഴങ്ങുന്നു ....

ലിഫ്റ്റില്‍ കയറി പോകാമച്ഛാ...
ലിഫ്റ്റില്‍ കറി പോകാമച്ഛാ....
എന്ത് രസമാണന്നറിയാമോ....?
നമ്മളൊന്നുമറിയേണ്ട....
അക്കങ്ങളുണ്ടതില്‍ കള്ളികളില്‍  
എത്രാം നിലയിലേക്കെന്നൊരു
കുത്ത് വെച്ചുകൊടുത്തിട്ടു 
ചുമ്മാ..... പൊട്ടനെപ്പോലെ 
നിന്നുകൊടുത്താല്‍ മതി 
അപ്പുപ്പന്‍ തടിപോല്‍ നമ്മെ ഉയര്‍ത്തി
കൊണ്ടുചെന്നങ്ങെത്തിക്കും 

സത്യം പറയാമല്ലോ നിങ്ങളോട് 
മാത്രമായി......
ടെക്നോളജി പലതരം 
പണ്ട് പഠിച്ചിട്ടുള്ളതാണെങ്കിലും 
ഒട്ടുമഹങ്കാരമതിലെനിക്കില്ല 

ചുറ്റു വെട്ടത്തെങ്ങുമാരുമില്ല 
കയറി പെട്ടുപോയാലോ 
ഒച്ചവെച്ചു വിളിച്ചാലും  
ശബ്ദം കേള്‍ക്കുമോ പുറത്ത്.....
മിന്നിക്കളിക്കുന്ന ആരോമാര്‍ക്കുകളുണ്ടതില്‍ 
കണ്‍ഫ്യൂഷന്‍ തീര്‍ക്കാന്‍.....
വയ്യാവേലി വയ്യേ വയ്യ ....

ലിഫ്റ്റില്‍ കയറി പോകാമച്ഛാ...
ലിഫ്റ്റില്‍ കറി പോകാമച്ഛാ....
പറ്റില്ല പറ്റില്ല ........
സ്റ്റെപ്പുകയറി പോയാല്‍ മതി 
രക്തയോട്ടത്തിനു ഏറെ 
നല്ലതാണീ വ്യായാമമത്രേ....
ചുട്ടടി കിട്ടുമെന്ന് പറഞ്ഞു വിരട്ടി 
കൊച്ചനേം കൊണ്ട് ഞാന്‍ 
സ്റ്റെപ്പു കയറുന്നു 
മുട്ടിന്റെ  നട്ടും ഡിസ്കിന്റെ ബോള്‍ട്ടും 
ഇളകിയാടിയിട്ടിനി ഒറ്റടി കയറുവാന്‍ 
എനിക്കു വയ്യ....!! 
ഫസ്റ്റ്ഫ്ലോറെത്തി പകച്ചു നില്‍ക്കുന്നു 

ഇത്രമേലേ കിട്ടിയുള്ളോ 
കശ്മലന്മാര്‍ക്കാപടുവൃദ്ധയെ 
കൊണ്ടു കിടത്തുവാന്‍ മുറി ...!
രോഷം പുകഞ്ഞു ഞാന്‍ 
നീറി നില്‍ക്കെ 
കൊച്ചു ചെറുക്കനെന്‍ അച്ഛനാകുന്നു 
എന്നെ പിടിച്ചു വലിച്ചു കൊണ്ടു 
ലിഫ്റ്റിനു മുന്നിലെത്തുന്നു 
കൊച്ചു വിരലൊന്നു തൊട്ടതേയുള്ളൂ 
മെല്ലെ തുറക്കുന്നതിന്‍ വാതില്‍.....
ഉള്ളില്‍ കയറുന്നു ....
വാതിലടയുന്നു .....
പിന്നെയുമെന്തോഞെക്കിയല്ലോ അവന്‍
എന്താണത്/.....?
ഇല്ല തെല്ലോരശങ്കായുമവന്....!!
എന്ത് സുഖം എത്തിപ്പോയി...

മുന്നേ നടക്കൂ മകനേ....
ഞാന്‍ നിന്റെ പിന്നാലെ നടന്നോളാം....

26 അഭിപ്രായങ്ങൾ:

  1. ഹഹഹ
    ചിലതൊക്കെ പഠിപ്പിച്ചുതരാന്‍ ഇളമുറക്കാര്‍ തന്നെ വേണം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സത്യമായും...... ടെക് നോളജിയൊക്കെ പഠിച്ചെടുക്കുന്ന കാര്യത്തില്‍ ഇപ്പോഴത്തെ കുട്ടികള്‍ വളരെ മുന്നിലാനെന്നേ. നന്ദി അജിത്‌ സര്‍ ആദ്യ അഭിപ്രായത്തിന്

      ഇല്ലാതാക്കൂ
  2. അത് നന്നായി പിന്നല്ല ലിഫ്റ്റിൽ പണ്ട് കസേര ഇട്ടു ആളിരിക്കും നാട്ടിൽ നമ്മൾ അതിൽ പിടിച്ചു തൊട്ടു കേടാക്കും എന്ന് പേടിച്ചിട്ടാണോ എന്നറിയില്ല അങ്ങിനെ കേരളത്തിന്‌ വെളിയിൽ വന്നപ്പോൾ ആദ്യമായി ലിഫ്റ്റ്‌ പ്രവര്ത്തിപ്പിച്ചതിന്റെ സന്തോഷം ഇപ്പോഴും ഓർമയുണ്ട്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇലക്ട്രിക്കല്‍ എന്ചിനീനീയരിംഗ് ഒക്കെ പഠിച്ചിട്ടും ശരിക്കും നേരേ ചൊവ്വേ ഒരു ഫ്യൂസ് പോലും കെട്ടിയിടനറിയാത്ത ഒരാളെ എനിക്കറിയാം .....തിയറിയിലൊക്കെ മിടുക്കനാണ് .പക്ഷേ പ്രായോഗിക തലത്തിലേക്ക് വരുമ്പോള്‍ വട്ടപ്പൂജ്യമാണ്.ആത്മവിശ്വസത്തിന്റെ ഒരു പ്രശ്നമാണ് . എന്നേയും പലപ്പോഴും ഇത് ബാധിച്ചിട്ടുണ്ട് .......നന്ദി ബൈജു അഭിപ്രായത്തിനും പ്രോത്സാഹനത്തിനും

      ഇല്ലാതാക്കൂ
  3. ഇതിങ്ങനെ താളത്തിലും മേളത്തിലും - അല്ല താളവും മേളവും ആരെയും അറിയിക്കാതെ 'രഥവേഗം നടിക്കാതെ ....' അങ്ങ് ആകാശമേലാപ്പിലേക്ക് ഉയർന്നുയർന്നു പോവുകയാണല്ലോ....

    എന്തു രസമാണ് ഈ ഭാവനയുടെ ലിഫ്റ്റിൽ സഞ്ചരിക്കാൻ ....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഈ ലിഫ്റ്റ് യാത്രയും അതിന്റെ ആത്മ സംഘര്‍ഷങ്ങളഉം അനുഭവിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ ഈ കവിത ധന്യമായി ....നന്ദി പ്രദീപ്‌ മാഷ് അഭിപ്രായത്തിന്

      ഇല്ലാതാക്കൂ
  4. നല്ലൊരു ലിഫ്റ്റ്‌ യാത്ര.. അപ്പൂപ്പന്‍ താടി പോലൊരു നല്ല കവിത..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഡോക്ടറെപ്പോലുള്ള ചുണക്കുട്ടന്‍മാര്‍ക്ക് എന്തായാലും ഇങ്ങനെയുള്ള ആശങ്കയുണ്ടാകാന്‍ വഴിയില്ല .....കവിത ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം

      ഇല്ലാതാക്കൂ
  5. മുന്നേ നടക്കൂ മകനേ....
    ഞാന്‍ നിന്റെ പിന്നാലെ നടന്നോളാം....

    ഹ ഹ ഹ അവസാന വരികളിൽ നിന്നാണ് പറഞ്ഞു വരുന്നത് എന്താണെന്ന് പിടി കിട്ടിയത്..നല്ല അവതരണം.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അവസാന വരിയിലാണ് ഈ കവിതയുടെ കീ ഒളിപ്പിച്ചു വെച്ചിരിക്കുന്നത് ... ആദ്യമായി ഈ ബ്ലോഗിലേക്കുള്ള വരവിനു നന്ദി അക്ബര്‍ മാഷ്

      ഇല്ലാതാക്കൂ
  6. മറുപടികൾ
    1. ഈ കവിത രസിച്ചു എന്നറിഞ്ഞതില്‍ സന്തോഷം പ്രിയ ജെഫു ജൈലാഫ്...

      ഇല്ലാതാക്കൂ
  7. മറുപടികൾ
    1. കവിത ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം പ്രിയ പ്രവീണ്‍ .....

      ഇല്ലാതാക്കൂ
  8. കുത്ത് വെച്ചുകൊടുത്തിട്ടു
    ചുമ്മാ..... പൊട്ടനെപ്പോലെ
    നിന്നുകൊടുത്താല്‍ മതി
    എന്ത് സുഖം എത്തിപ്പോയി..

    മറുപടിഇല്ലാതാക്കൂ
  9. കവിത നൽകുന്ന രസവും ലിഫ്റ്റിന്റെ പോക്ക് പോലെ ഉയർന്നുയർന്നു വന്നു.ക്ലൈമാകസും കലക്കി.

    നല്ല കവിത


    ശുഭാശംസകൾ....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കവിത രസിച്ചുവെന്നറിഞ്ഞതില് സന്തോഷം...അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി സൌഗന്ധികം....

      ഇല്ലാതാക്കൂ
  10. ഞാനും അത്ഭുതപ്പെടാറുണ്ട് എന്‍റെ അഞ്ചുവയസ്സുകാരനായ കൊച്ചുമകന്‍ കമ്പ്യൂട്ടറിലും,മൊബൈലിലും കാണിച്ചുകൂട്ടുന്ന വിദ്യകളെ കുറിച്ച്...............
    മുന്നേ നടക്കൂ മകനേ....
    ഞാന്‍ നിന്റെ പിന്നാലെ നടന്നോളാം....
    രസകരമായി അവതരിപ്പിച്ചു
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സത്യമാണ്...ഇപ്പോഴത്തെകുട്ടികള് വളരെ ഫോര് വേര്ഡാണ്...നമ്മള് വിചാരിക്കും അവര്ക്ക് ഒന്നുമറിയില്ലന്ന്......മൊബൈലിലേയും കമ്പ്യൂട്ടറിലേയുമൊക്കെ പല ഫംഗഷനുകളും അവര്ക്കു ശിഷ്യപ്പെട്ടാലേ നമുക്ക് പഠിക്കാന് കഴിയൂ......

      ഇല്ലാതാക്കൂ
  11. മുന്നേ നടക്കൂ മകനേ....
    ഞാന്‍ നിന്റെ പിന്നാലെ നടന്നോളാം....
    ha ha

    മറുപടിഇല്ലാതാക്കൂ
  12. ചിലതിനൊക്കെ പ്രായം പ്രായം തന്നെയാണേ................

    മറുപടിഇല്ലാതാക്കൂ
  13. അനുരാജിന്റെ കവിതകള്‍ എപ്പോഴും വായിക്കാന്‍ ഒരു പ്രത്യേക രസമാ ,,, സസ്പെന്‍സ് കൊള്ളാം ട്ടോ ചിരിപ്പിച്ചു .

    മറുപടിഇല്ലാതാക്കൂ