ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2014, ഒക്‌ടോബർ 22, ബുധനാഴ്‌ച

കല്ല്യാണത്തിന് ശേഷം ഒരു വല്ലായ്ക......



എന്താണ് സുഹൃത്തേ.....
മുഖത്തൊരു വല്ലായ്ക....?
കല്ല്യാണം കഴിച്ചതില്‍ പിന്നെ
എന്തെല്ലാം കളിചിരിയുമായി
നീ ഞങ്ങള്‍ക്കിടയില്‍
ഓടി നടന്നതാണ്....
എന്നിട്ടെന്തേ..ഇപ്പോളിങ്ങനെ...?
കുഞ്ഞിക്കുരങ്ങ് ചത്ത
കുറവനെപ്പോലെ...!!

കുന്നോളം കിട്ടിയില്ലേ
പൊന്നും പണവും
ചുമ്മാതിണയരന്നങ്ങളായ്
ചുറ്റിപ്പറക്കാന്‍
നല്ലോരു കാറും....
കണ്ണെത്താ ദൂരത്തോളം
തെങ്ങിന്‍ പുരയിടവും....
കണ്ടാലോ ആരുമൊന്ന്
കണ്ണുവെച്ചു പോകും
എല്ലാം തികഞ്ഞവള്‍
അല്ലിപ്പൂവിതള്‍ പോലുള്ള
പെണ്ണൊരുത്തിയേയും..!!

തല്ലുകൊള്ളിത്തരം
ലേശം കയ്യിലുണ്ടായിരുന്നെന്നാലും
നല്ല തലേവരയല്ലേ....?
എല്ലാം തികഞ്ഞില്ലേ...?
എന്നിട്ടുമെന്താണ്...?
തെല്ലൊരസൂയ തോന്നുന്നുണ്ടെനിക്ക്
നിന്നോട്
എന്നാലും നല്ല സുഹൃത്തല്ലേ..?
ചങ്ങാതി നന്നായാല്‍ കണ്ണാടി
വേണ്ടെന്നൊരു ചൊല്ലുമുണ്ടല്ലോ.?
വല്ല വിഷയവുമുണ്ടെങ്കില്‍
വള്ളിപുള്ളി വിടാതെ
ഉള്ളുതുറന്ന് പറഞ്ഞാലല്ലേ
ചുമ്മാതെയാണെങ്കിലും
നല്ല ഉപദേശങ്ങള്‍ നല്കാന്‍ കഴിയൂ
എന്താണ് സുഹൃത്തേ...
മുഖത്തൊരു വല്ലായ്ക.....
കല്ല്യാണം കഴിച്ചതില്‍ പിന്നെ..?

??????????????????????????????
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

എല്ലാം ശരിതന്നെ സുഹൃത്തേ
നീ ചൊല്ലിപ്പറഞ്ഞതും
പറയാനിരുന്നതും...
വല്ലാത്തൊരൂരാക്കുടുക്കായിപ്പോയി
കള്ളക്കവികളും കാഥികരും കൂടി
പണ്ടേ ചൊല്ലിപ്പൊലിപ്പിച്ച
നല്ല മധുവിധുകാലമുണ്ടല്ലോ
അന്നേ തുടങ്ങിയതാണി കല്ലുകടി
തെല്ലും വകവെയ്ക്കുന്നില്ലവളെന്നേയും
അയ്യോ പാവികളാമെന്റെ വീട്ടുകാരേയും...
അച്ഛന്റേം അമ്മേടേം ഇള്ളക്കുട്ടിയാണന്നാണ്
ഇപ്പോഴും ഭാവം..
കെട്ടും മട്ടും കണ്ടാല്‍ 
പൊട്ടിവിരിഞ്ഞിറങ്ങിയത്
മാനത്ത് നിന്നാണെന്ന് തോന്നിപ്പോകും
കെട്ടിയ താലിച്ചരടിനോ..
പൊട്ടിപ്പോകും വെറും നൂലിന്‍ വില..!

തള്ളയൊന്നുണ്ടെനിക്ക്
തള്ളിപ്പറയുവാനോക്കുമോ....?
കയ്യുവളരുന്നോ കാലുവളരുന്നോ
എന്ന് നോക്കിവളര്‍ത്തിയതല്ലേ
തല്ലിപ്പിരിക്കാന്‍ നോക്കുന്നവള്‍
ചെന്നവളോടൊപ്പം പ്രത്യേകം
താമസ്സിക്കണമത്രെ....
ചൊല്ലിക്കലാശമുണ്ടെന്നും വീട്ടില്‍
അമ്മായിത്തള്ളയുമായവളെന്നും...
ഒറ്റ ഇരട്ടപറഞ്ഞങ്ങനെ .....

അച്ചിക്കോന്തനെന്നമ്മ പറയുന്നു
സാരിത്തുമ്പില്‍ പെട്ടുകുടുങ്ങിയത്രെ..
അമ്മയെപ്പേടിയെന്ന് ഭാര്യ പറയുന്നു
മൂക്കിന്‍ താഴെ മീശകൊണ്ടെന്തു ഗുണമത്രെ..

ചൊന്നതിലേതാണ് ശരിയെന്നറിയാതെ
ഞാനും കുഴങ്ങുന്നു....
ഒന്നുമറിയില്ല ഒന്നറിയാം പക്ഷേ
ഉള്ളമനസമാധാനമന്ന് തകര്‍ന്നതാണ്
ചെന്നുകയറുവാനേ തോന്നുന്നില്ല
പണ്ട് ഞാനെന്നും 
ഓടിയണയുവാനാശിച്ച വീട്ടില്‍....

( കൂട്ടിലിട്ട വെരുകിനെപ്പോലെ  അസ്വസ്ഥനായ ഈ കഥാനായകനെ ഒരു ആത്മാര്‍ത്ഥ സുഹൃത്തിന്റെ സ്ഥാനത്ത് നിന്ന് നിങ്ങളും കാര്യമായി ഒന്ന് ഉപദേശിക്കുമല്ലോ..?)

7 അഭിപ്രായങ്ങൾ:

  1. കല്യാണം കഴിച്ചെന്നാൽ അറിയാതഴിഞ്ഞു-
    വീഴുന്നതാണാ മാനാഭിമാനങ്ങളും പിന്നി-
    പ്പോയാ സ്നേഹവും കുടുംബ ബന്ധങ്ങളും,
    പാതിയെ നടുവിലുപേക്ഷിച്ചാലും തിരിച്ചു
    കിട്ടുകില്ലെന്നോർക്കുകെൻ സഹോദരാ
    ഇനിയുള്ള കാലം മുഴുവനഭിനയിച്ച് തീർക്കേണ്ട
    കോലങ്ങളിൽ മുഴുകി ജീവിതം ഹോമിപ്പിൻ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആദ്യ അഭിപ്രായത്തിന്,ഉപദേശത്തിന് നന്ദി വി.കെ

      ഇല്ലാതാക്കൂ
  2. അസ്വസ്ഥനായ കഥാനായകനെ ഇനി ഉപദേശിച്ചിട്ട് കാര്യമില്ല - പിടിവിട്ടുപോയി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എങ്കിലും കുറെ കഴിയുമ്പോള്‍ എല്ലാം ശരിയാകുമെന്നാണ് എന്റെ പ്രതീക്ഷ....നന്ദ് പ്രദീപ് മാഷ് അഭിപ്രായത്തിന്

      ഇല്ലാതാക്കൂ
  3. ടിവിയിലെ സീരിയലുകള്‍ കാണാതിരിക്കാന്‍ പറയുക.....................
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഒരു പക്ഷേ ഈ കവിതയുമായി ബന്ധപ്പെട്ട് കൊടുക്കാന്‍ പറ്റിയതില്‍ വെച്ച് ഏറ്റവും നല്ല ഉപദേശമാണ് താങ്കള്‍ നല്കിയത്...നന്ദി തങ്കപ്പന്‍ സാര്‍

      ഇല്ലാതാക്കൂ
  4. അച്ചിക്കോന്തനെന്നമ്മ പറയുന്നു
    സാരിത്തുമ്പില്‍ പെട്ടുകുടുങ്ങിയത്രെ..
    അമ്മയെപ്പേടിയെന്ന് ഭാര്യ പറയുന്നു
    മൂക്കിന്‍ താഴെ മീശകൊണ്ടെന്തു ഗുണമത്രെ..

    മാരന്മാരുടെ ഗുണഗണങ്ങൾ....!

    മറുപടിഇല്ലാതാക്കൂ