ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2014, ഓഗസ്റ്റ് 29, വെള്ളിയാഴ്‌ച

ബാറില്‍ നിന്നും ഒരു വിലാപകാവ്യം.....

ബാറു പൂട്ടുവാന്‍ പോകുന്നു...!!
ബാറു പൂട്ടുവാന്‍ പോകുന്നു...!!
കേട്ടതില്ലേ കൂട്ടുകാരാ
വാര്‍ത്ത നീയും...?

വെണ്‍ നുരചിന്തുമായി
ചില്ലു ഗ്ലാസ്സുകള്‍ സ്നേഹമോടെ
ഉമ്മവെച്ച് കൂട്ടിമുട്ടു
മിമ്പമാര്‍ന്നൊരൊച്ചയില്‍
കൊച്ചു തീനുമേശയ്ക്കപ്പുറവു
മിപ്പറവും....
നാട്യമൊക്കെയഴിച്ചുവെച്ച്
പാതിമുങ്ങി നീയും ഞാനും

കൊച്ചുപ്ലേറ്റില്‍ കൊണ്ടുവെച്ച
കടുംചാറു തൊട്ടു നക്കി
നമ്മളൂട്ടിയ സൌഹൃദം....

വീട്ടിലിരുട്ടുമൂല
തണുപ്പിലെന്നപോല്‍
നമ്മള്‍ വന്നൊളിച്ചിടം
കാട്ടുപൂച്ച പേറ്റുനോവുപോല്‍
വന്നു ചുരുണ്ടിടം...

വീട്ടു പൂതനമാരെ
വേട്ടുകൊണ്ടു വന്നതില്‍പ്പിന്നെ
ഉള്ളില്‍ കാട്ടുതീ പടര്‍ന്ന്
കയത്തിലേക്കെന്നറിഞ്ഞുതന്നെ
നമ്മള്‍ എടുത്തു ചാടിയേടം

തേറ്റപ്പന്നിമക്കളോടു
പോക്കുകണ്ട് മനം നൊന്ത്
തോറ്റു തുന്നം പാടാനായി
നമ്മള്‍ വന്നെത്തിയേടം

ചീറ്റപ്പുലി ചാട്ടക്കാരന്‍‍
ബോസിന്‍റെ
വേട്ടനോട്ടത്തിന്നിടയില്‍ പെട്ട്
ചീത്തവിളിയേറെ കേട്ട്
തോലിരിഞ്ഞ മാനത്തിന്
തുണിയുടുക്കുവാനായി
നമ്മള്‍ വന്നു കേറിയേടം

ഏച്ചുകെട്ടി നമ്മള്‍ ചുമന്ന
ഭാരമൊക്കെയും
ചില്ലുകുപ്പി സോഡപോല്‍
കാലിയായി വന്നു വീണേടം.....

വേച്ചുവേച്ച് നമ്മളിറങ്ങിയ
മാളങ്ങള്‍ കോലരക്കുരുക്കി
യൊഴിച്ചടയ്ക്കുവാന്‍ പോകുന്നു
കാട്ടുനീതി........കാട്ടുനീതി

നാട്യമാണിത്...വെറും നാട്യം
നമ്മളുമായി കൂട്ടുവട്ടം കൂടിയവര്‍‍
രാത്രിയിരുട്ടിവെളുക്കും മുമ്പേ
വാക്കുമാറ്റി..നോക്കുമാറ്റി
നമ്മളെ കല്ലെറിയുന്നു
കാട്ടുനീതി...കാട്ടുനീതി.....

ബാറു പൂട്ടുവാന്‍ പോകുന്നു...!
കേട്ടതില്ലേ കൂട്ടുകാരാ
വാര്‍ത്ത നീയും...?

( ബാറില്‍ നിന്നൊരു വിലാപകാവ്യമോ.....ദൈവമേ ഞാനെന്താണ് എഴുതുന്നത്....എന്നോടു പൊറുക്കേണമേ......!!)



22 അഭിപ്രായങ്ങൾ:

  1. നാട്യം തന്നെയിത് നാട്യം ..വാക്കുമാറ്റുന്നവരുടെ നാട്യം ..!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വാക്കിനൊക്കെ പുല്ലുവില....നന്ദി സലീം ആദ്യ അഭിപ്രായത്തിന്.....

      ഇല്ലാതാക്കൂ
  2. ഇനി ചേക്കേറാനൊരു ഇടം തേടി.......................
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആശസംകള്‍ക്കും അഭിപ്രായത്തിനും നന്ദി തങ്കപ്പന് സാര്‍...

      ഇല്ലാതാക്കൂ
  3. പൂട്ടാന്‍ പറ്റാത്ത അഡിക്ഷനുകള്‍!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മനുഷ്യന് ജീവിക്കാന്‍ ഏതെങ്കിലും ലഹരി കൂടിയേ കഴിയൂ...അല്ലെങ്കില്‍ ജീവിതം വല്ലാതെ വിരസമായിപ്പോകും.....നന്ദി അജിത് സാര്‍ അഭിപ്രായത്തിന്

      ഇല്ലാതാക്കൂ
  4. ഒളിയ്ക്കുവാനിനി ഇരുളും ഇടവുമില്ലാത്ത അവസ്ഥ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. തുരപ്പനെലിയുടെ ജനന്മമാണ്.....അങ്ങനെയൊന്നും പുകച്ചു പുറത്ത് ചാടിക്കാമെന്ന് കരുതേണ്ട.....ഒരിടത്തില്ലങ്കില്‍ വേറൊരിടം...നന്ദി സുധീര്‍ദാസ്...അഭിപ്രായത്തിന്

      ഇല്ലാതാക്കൂ
  5. പൂട്ടട്ടെ പൂട്ടട്ടെ.. :-)
    ആശംസകൾ !

    മറുപടിഇല്ലാതാക്കൂ
  6. മാളങ്ങൾ തോണ്ടിയവർ തന്നെ കോലരക്കുരുക്കുമ്പോൾ എന്തുപറയാൻ, വീണ്ടും തോണ്ടാതിരിക്കില്ല കാത്തിരിക്കാം ...കലികാലവൈഭവം.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സര്‍ക്കാരിന് ഇരുട്ടിവെളുക്കും മുമ്പേ നയം മാറ്റം.....കുടിയന്‍മാര്‍ക്ക് അങ്ങനെ പറ്റുമോ...എന്തോ കണ്ടറിയണം.......മുക്കിന് മുക്കിന് ബാറുകളും ബിവറേജസിന്റെ ഔട്ട് ലെറ്റുകളും തുറന്നിട്ട് ഒരുജനതയെ മദ്യത്തില്‍ മുക്കിയിട്ട് .....ഒരു ദിവസം വെളിപാടു വന്നതു പോലെ.....കുടിയന്മാര്‍ക്കും ചില മനുഷ്യാവകാശങ്ങളൊക്കെയില്ലേ...

      ഇല്ലാതാക്കൂ
  7. ഇനി വേണം 'വീട്ടു പൂതനമാർക്ക്' ഒന്ന് അർമാദിക്കാൻ!!! ഇനി അവർ ഉണ്ടാക്കിത്തരുന്ന നെല്ലിക്കാ വൈൻ തന്നെ ശരണം. പൂതനകളെ പിണക്കാതിരുന്നാൽ അതെങ്കിലും കിട്ടും.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഈ മറുപടി എനിക്ക് ' ക്ഷ' പിടിച്ചു......അഭിപ്രായത്തിന് നന്ദി ഗിരിജ....

      ഇല്ലാതാക്കൂ
  8. മറുപടികൾ
    1. വിലാപങ്ങള്‍ നല്ലതിനാകട്ടെയെന്ന് ഞാനും ആശംസിക്കുന്നു.....

      ഇല്ലാതാക്കൂ
  9. മറുപടികൾ
    1. നന്ദി ബഷീര്‍...ഈ ബ്ലോഗിലേക്കുള്ള താങ്കളുടെ ആദ്യ അഭിപ്രായത്തിന്...സമയം കിട്ടുമ്പോള്‍ വീണ്ടും വരുമല്ലോ.......

      ഇല്ലാതാക്കൂ
  10. ഇനി ബാറുകാരുടെ വക ഒരു വിലാപ കാവ്യം കൂടി വരാനുണ്ട്:

    "കോഴി കൂവുന്നതിനു മുൻപ്
    ചാണ്ടീ ബാബൂ നിങ്ങൾ
    മൂന്നു വട്ടം തള്ളിപ്പറഞ്ഞില്ലേ
    ഞങ്ങൾ ബാറുകാരെ.

    കാശെത്ര തന്നൂ ഞങ്ങൾ
    ഇനിയും തരാമെന്നു വാഗ്ദാനവും.
    മദ്യപന്മാരുടെ കൂടെ ഞങ്ങളും അലയും
    പര ഗതി കിട്ടാതെ തെരുവുകൾ തോറും തെണ്ടി"


    മദ്യപരുടെ വിലാപ കാവ്യം നന്നായി. ഉള്ളിൽ തട്ടി എഴുതിയത് പോലെ. എന്തെങ്കിലും ഒരു വഴി കാണുമെന്ന് ന്യായമായും പ്രതീക്ഷിക്കാം.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സത്യത്തില്‍ ഞാന്‍ ഈ കവിത പാതി കളിയും പാതി കാര്യവുമായിട്ടാണ് എഴുതിയത്......അതിന് ഇങ്ങനെയൊരു വശം കൂടിയുണ്ടന്ന് മനസ്സിലായി...കൈയടി കിട്ടാന്‍ വേണ്ടി ഒരു ഗവണ്‍മെന്റും ഒരു നയവുമെടുക്കാന്‍ പാടില്ലെന്നു തന്നെയാണ് എന്റെയും അഭിപ്രായം.....മദ്യത്തെ ഒരു വ്യവസായമായി ഊട്ടി വളര്‍ത്തിയതും, അതിന്റെ പങ്ക് പറ്റിയതും ഗവണ്‍മെന്റാണ്....അതുകൊണ്ട് പതിനായിരക്കണക്കിന് വരുന്ന ബാര്‍ തൊഴിലാളികളുടെ പുനരധിവാസം, ഗവണ്‍മെന്റിനുണ്ടാകുന്ന ഭീമമായ വരുമാന നഷ്ടം തുടങ്ങിയ കാര്യങ്ങളിലൊക്കെ വ്യക്തമായ ധാരണയുണ്ടാക്കിയിട്ടു വേണമായിരുന്നു ഇങ്ങനെ എടുത്തുചാടുവാന്‍..നന്ദി സുഹ്ൃത്തേ ഈ ബ്ലോഗ്ഗിലേക്കുള്ള താങ്കളുടെ ആദ്യ അഭിപ്രായത്തിന്..

      ഇല്ലാതാക്കൂ