Repost
വീടിന്റെ നാലു ചുവരുകളെയും സ്നേഹിച്ച് ,സ്വയം സൃഷ്ടിച്ചെടുത്ത ഒരു തുരുത്തില് , സ്വന്തം ഭാവനകളുടെ ലോകത്ത് ഒരു സ്വപ്നജീവിയായി തീര്‍ത്തും അലസനായി കഴിഞ്ഞിരുന്ന ഒരു ചെറുപ്പക്കാരന് ... ജീവിതത്തിന്റെ ഗതിവേഗങ്ങളില്‍ ഒന്നില്‍ സ്വന്തം നാടും വീടും സ്വപ്നങ്ങളും ഉപേക്ഷിച്ച് ,ഉപജീവനത്തിനായി വിദൂരമായ ഒരു സ്ഥലത്തേക്ക് പോകേണ്ടിവരുന്നു..... . കണിശമായ ചിട്ടകള്‍ക്കും ,കഠിന ശിക്ഷണങ്ങള്‍ക്കും ,ഉഗ്രശാസനകള്‍ക്കും പേര് കേട്ട അര്‍ദ്ധ സൈനികരുടെ ഒരു പരിശീലന ക്യാമ്പിലേക്ക് . പിന്നീട് ജീവിത പന്ഥാവിലെ ഒരു വഴിത്തിരിവില്‍ വെച്ച് ആ ബന്ധം ഉപേക്ഷിച്ചെങ്കിലും അവിടെക്കുള്ള യാത്ര, , അവിടുത്തെ ജീവിതം......വര്‍ഷങ്ങള്‍ കുറെയേറെ കഴിഞ്ഞിട്ടും മായാതെ മനസ്സില്‍ തന്നെ കിടക്കുന്നു.ആത്മ പ്രകാശനം ഇഷ്ടമുള്ളത് കൊണ്ടല്ല .ഓര്‍മ്മകള്‍ ഓളങ്ങളായി മനസ്സിനെ നിരന്തരം വന്നു ആലോസരപ്പെടുത്തുമ്പോള്‍ ഇതല്ലാതെ വേറെ മാര്‍ഗമൊന്നും കാണുന്നില്ല .......സദയം ക്ഷമിക്കുക

"ഹം കോ സിദാബാടി ജാനാ ഹൈ...."
ഉറക്കച്ചടവിനിടയിലും അയാളുടെ കണ്ണുകള്‍ വികസിക്കും. അയാള്‍ അവിശ്വസനീയമായ ഒരു നോട്ടം നോക്കും.
"കിതനാ ആദ്മി ഹൈ?"
"പാഞ്ച്"
"ഠീക്ക് ഹൈ അന്തര്‍ ബൈട്ടിയേ"
അയാള്‍ ഭവ്യതയോടെ വന്ന് കാറിന്റെ വാതില്‍ തുറന്നു തരും
അതിനിടയ്ക്ക് കൂട്ടത്തിലെ മുറി ഹിന്ദിക്കാരന് ടാക്സി ചാര്‍ജ്ജ് സംബന്ധിച്ച് ഡ്രൈവറുമായി ഒരു ധാരണയില്‍ എത്തിയിട്ടുണ്ടാകും
വണ്ടി നീങ്ങിത്തുടങ്ങുകയാണ്.............ടാറിടാത്ത മണ്പാതകളിലൂടെ........ഏതോ പൌരാണിക യുഗത്തിലൂടെയെന്നവണ്ണം.....കാളവണ്ടിയുടേതു പോലെ കട..കട ശബ്ദം കേള്‍ക്കാം.
ആരോ ചോദിക്കുകയാണ് ........
ആരോ ചോദിക്കുകയാണ് ........
“ ഇഥര്സേ കിതനാ ദൂര് ഹോഗാ? “
“ ദസ് പന്ത്രാ ഹോഗി “
“ കിതനാ ടൈം ലഗേഗി “
“ ആദാ ഗണ്ഡാ ലഗേഗി “
ഹിന്ദി അറിയില്ലങ്കിലും എനിക്കു മനസ്സിലായി - ആ വാഗ് ദത്ത ഭൂമിയിലേക്ക് ഇനി കേവലം പത്ത് പന്ത്രണ്ട് കിലോമീറ്ററുകള്‍ - അര മണിക്കൂര്‍ മാത്രം - എന്റെ ഹൃദയം പിടയ്ക്കുകയാണ്. ടാക്സിയുടെ പിന്‍സീറ്റിലേക്ക് മുഷിഞ്ഞ ഒരു ഭാണ്ഡക്കെട്ടു പോലെ ഞാന്‍ ചാഞ്ഞു കിടന്നു
പുറത്ത് വംഗനാടിന്റെ പ്രകൃതി സൌന്ദര്യം തുളുമ്പുന്ന ഒരു പാട് കാഴ്ചകളുണ്ട് എനിക്ക് ഒന്നും കാണണ്ടാ ....
വഴിക്ക് വെച്ച് എന്തോ രൂക്ഷ ഗന്ധം മൂക്കിലേക്ക് ഇരച്ചു കയറുന്നു.
പുറത്തെ വിശാലമായ പാടങ്ങള്‍ ചൂണ്ടിക്കാട്ടി അത് കടുക് പൂക്കുന്നതാണന്ന് ആരോ പറയുന്നത് കേട്ടു. എന്റെ ഉളളും പൂക്കുകയാണ്...പൂത്തു തളിര്‍ക്കുന്നത് വേദനയുടെ ഏതോ മഹാ വൃക്ഷങ്ങളാണന്ന് മാത്രം
പതിയെ പതിയെ ആ ശിലാ ഫലകം തെളിയുന്നത് കാറിന്റെ മുന്‍ ഗ്ളാസ്സിലൂടെ ഞാന്‍ കണ്ടു
CISF RTC, SIDABADHI
എന്റെ ഹൃദയമേ നീയിത്ര ദുര്ബലമായിക്കൂടാ.....മൂന്നാലുകൊല്ലക്കാലം ഒരു തൊഴില്‍ രഹിതനായി വീട്ടില്‍ വെറുതെ നിന്നതിന്റെ വേദനെയെക്കാളും വലുതല്ല ഈ വേദന...ഇവിടെ എന്റെ ജീവിതത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുകയാണ്....പടയോട്ടം തുടങ്ങുകയാണ്
ഞാന്‍ കപ്പല്‍ ശാലകളിലും, വിമാനത്താവളങ്ങളിലും, ബഹിരാകാശ പര്യവേക്ഷണ കേന്ദ്രങ്ങളിലും, രാജകീയ മുദ്ര പേറുന്ന തന്ത്ര പ്രധാന കെട്ടിട സമുച്ചയങ്ങളിലുമൊക്കെ കാവല്‍ നില്‍ക്കേണ്ട ഒരു അര്‍ദ്ധ സൈനികന് എ ബ്രൌണ്‍ സോള്‍ജിയര്‍ ....ഞാനിത്രയും ചഞ്ചല ചിത്തനായിക്കൂടാ
ഏതോ ഊര്‍ജ്ജത്തിന്റെ ഉള്പ്രേരണയാലെന്നവണ്ണം ഞാന്‍ പുറത്തിറങ്ങി
സിദാബാടി. ബംഗാളിലെ ബര്ദ്ദ്മാന് ജില്ലയിലെ ആദിവാസികള്‍ തിങ്ങി പാര്‍ക്കുന്ന ഒരു കുഗ്രാമം....സി.ഐ.എസ്.എഫിന്റെ ഒരു റിക്രൂട്ട് ട്രെയനിംഗ് സെന്റര്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. ചരിത്ര പുസ്തകത്തിലെവിടെയോ ബര്ദ്ദമാനെക്കുറിച്ച് വായിച്ചൊരോര്മ്മ മനസ്സിലാക്കു കടന്നു വരുന്നു.ബര്ദ്ദമാന്......... ബംഗാളിലെ നക്സല്‍ ബാരി പ്രസ്ഥാനത്തിന്റെ ഈറ്റില്ലം. ട്രെയ്നിംഗിനു ചേരാന്‍ വന്നവരും, അവരെ കൊണ്ടു ചെന്നാക്കാന്‍ വന്നവരുമുള്പ്പടെ കുറെയധികം മലയാളികള്‍ അവിടെ എത്തിയിട്ടുണ്ട്. എല്ലാവരും തിരുവനന്തപുരം- ഹൌറാ എക്സ്പ്രസ്സില്‍ കയറി വന്നവരാണ്. അവരില്‍ പലരുടേയും മുഖങ്ങള്‍ ഞാനും ട്രെയ്നില്‍ വെച്ചു കണ്ടതാണ്. ഇടക്കു വെച്ച് ഒഡീഷയില്‍ ഇടത് പക്ഷക്കാരുടെ കോട്ടയില്‍ അവരുടെ ട്രെയിന്‍ തടയല്‍ പരിപാടിയില്‍ പെട്ട് ട്രയിന്‍ ചത്ത ഒരു കൂറ്റന്‍ പെരുമ്പാമ്പുപോലെ മണിക്കൂറുകളോളം നാറ്റമടിച്ചു കിടന്നു. അപ്പോള്‍ ചില ആള്‍ക്കാരെ അടുത്ത് പരിചയപ്പെട്ടിട്ടുളളതാണ്...ഇന്നലെ വരെ പാട്ടും, മേളവുമായി ട്രെയിനില്‍ ആര്ത്തുല്ലസിച്ചുവന്നവര്‍ .......എല്ലാവരുടേയും മുഖത്ത് മ്ലാനത നിഴലിച്ചു കിടന്നു
എനിക്കു തെല്ലൊരാശ്വാസം തോന്നി
വേദനിക്കുന്ന ഒരു ഹൃദയം എന്റേതു മാത്രമല്ല.......വിങ്ങുന്ന ഒരു മനസ്സ് എന്റേതു മാത്രമല്ല
അതിനോടകം ഞങ്ങള്‍ അകത്തേക്ക് ആനയിക്കപ്പെട്ടു കഴിഞ്ഞിരുന്നു. മരണപ്പെട്ട സ്നേഹിതന്റെ ശവമടക്കിനു വന്നവരെ പ്പോലെ ഞങ്ങള്‍ അകത്തു കയറി...
വെളുത്ത ഷര്‍ട്ടും നിക്കറും, പി.റ്റി ഷൂവുമണിഞ്ഞ് ഒരു വെളളപ്പറവയെപ്പോലെ ഒരാള്‍ വരുന്നു.
കണ്ടപ്പഴേ മനസ്സിലായി ..ആള് മലയാളിയാണ്...പേര് അഞ്ജനാ കൃഷ്ണന്, സബ് ഇന്സപെക്ടര് .....
ട്രെയനിംഗിന്റെ മുഖ്യ ചുമതലക്കാരില്‍ ഒരാളാണ്
ഗാരുവും, ചുനായു മടിച്ച മരക്കൂട്ടങ്ങള്ക്കിടയിലേക്ക് ഞങ്ങള്‍ വരിവരിയായി നിര്ത്തപ്പട്ടു
ഗാരുവും, ചുനായു മടിച്ച മരക്കൂട്ടങ്ങള്ക്കിടയിലേക്ക് ഞങ്ങള്‍ വരിവരിയായി നിര്ത്തപ്പട്ടു
എല്ലാവും പെട്ടി തുറന്ന് അപ്പോയിന്റ് ഓഡറുകള്‍ എടുക്കുന്ന തിരക്കിലാണ്
ഞാനത് എവിടെയാണ് വെച്ചത്.....അഞ്ജനാ കൃഷ്ണന് സാര്‍ എന്തക്കയോ നിരദ്ദേശങ്ങള്‍ നല്കുന്നു.
എനിക്ക് ഒന്നും മനസ്സിലാകുന്നില്ല . ബോധ മണ്ഡലങ്ങളിലെവിടെയോ കനത്ത മഞ്ഞുപാളി ഉരുകാതെ കിടക്കുന്നു
എനിക്ക് ഒന്നും മനസ്സിലാകുന്നില്ല . ബോധ മണ്ഡലങ്ങളിലെവിടെയോ കനത്ത മഞ്ഞുപാളി ഉരുകാതെ കിടക്കുന്നു
കൂട്ടിന് വന്നവരൊക്കെ സലാം പറഞ്ഞ് പിരിയുന്നു. വെയില് ചായുന്നു.....ദൂരെ നിന്നെവിടെയോ ബ്യൂഗിള്‍ മുഴങ്ങുന്നു...... കശാപ്പ് ശാലയിലേക്ക് നയിക്കപ്പെട്ട മൃഗത്തെപ്പോലെ ഞങ്ങള്‍ (ഞാന്‍ ) അകത്തു കടന്നു. അപരിചിതമായ ഒരു ഗന്ധം നിറയുന്നു. കാക്കി നിക്കറും വട്ടക്കഴുത്തുളള വെളള ബനിയനും ധരിച്ച കാളക്കൂറ്റന്മാരായ കുറെ ചെറുപ്പക്കാര്‍ നിന്ന് തോക്കിന് കുഴലില്‍ ചൂടു വെളളമൊഴിച്ചു വൃത്തിയാക്കുകയാണ് . ഗ്രീസിന്റെ മണം പരന്നൊഴുകുന്ന അന്തരീക്ഷത്തില്‍ അവരുടെ ചിരിയും അട്ടഹാസവും ആരവവും മുഴങ്ങുന്നു
കാഴ്ചകള്ക്ക സമാന്തരമായി നീളമുളള ഒരു ഒറ്റ നില കെട്ടിടം സ്ഥിതി ചെയ്യുന്നു......മുന്നില്‍ പേരറിയാത്ത ചില മരങ്ങളും, അലങ്കാര ചെടികളും. ഭംഗിയായി വെട്ടിയ പുല്‍ത്തകിടികള്‍.ഒത്ത നടുക്ക് പാറിക്കളിക്കുന്ന പതാകയുടെ ചുവട്ടിലായി മര പ്രതിമ കണക്കെ ഒരു കാവല്‍ ഭടന് നില്ക്കുന്നു
അകത്തോട്ടു പോകുംതോറും കാഴ്ചകള്‍ മാറി മറയുകയാണ്
മണ്‍പുറ്റുകള്‍ പോലെ ഒന്നു രണ്ട് ചെറിയ കെട്ടിടങ്ങള്‍ ..........ധോപി ഷോപ്പ്, മോച്ചി ഹൌസ്, ബാര്‍ബര്‍ ഷോപ്പ്, കുളിക്കുന്നതിന് വെളളം ശേഖരിക്കുന്നതിനുളള ഒന്നു രണ്ട് ചെറിയ സിമന്റ് ടാങ്കുകള്‍,.......മണ്‍തിട്ട കൊണ്ട് കെട്ടിയ കൈവരികള്‍ , ഓവുചാലുകള്‍ ......തിപ്പെട്ടി കൂടു പോലുളള കൊച്ചു കൊച്ചു ടെന്റുകള്‍ ....അവയ്ക്കു മുന്നില്‍ ഓരോ ടെന്റിലും താമസിക്കുന്നവരുടെ പേരു വിവരം രേഖപ്പെടുത്തിയ ചെറിയ ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നു . ചുറ്റും ചെറിയ പൂക്കളുളള ചെടികള്‍ .
ദൂരെ ഗ്രൌണ്ടില് ഡ്രില്‍ നടക്കുകയാണ് . ഉസ്താദ് മാര്‍ അലറി വിളിക്കുന്നു. പുകപോലെ പൊടി പടലങ്ങള്‍ അന്തരീക്ഷത്തിലുയരുന്നു . ഡ്രം മുഴങ്ങുന്നു...വന്യമായ പെരുമ്പറയുടെ താളം വെളളിടി പോലെ ഹൃദയത്തില്‍ ആഞ്ഞുപതിക്കുന്നു.
ദൂരെ നിരനിരയായി നില്ക്കുന്ന മരക്കൂട്ടങ്ങള്‍ക്കിടയിലൂടെ വെളളി അരഞ്ഞാണം പോലെ എന്തോ ഒന്ന് കാണാം. ഇന്ത്യയിലെ ആദ്യത്തെ ജലസേചന പദ്ധതിയുടെ ഭാഗമായ മൈഥന്‍ ഡാമാണതെന്ന് പിന്നീടറിഞ്ഞു.
ഡാമില്‍ ജലനിരപ്പ് കുറഞ്ഞ് തുടങ്ങിയ വരണ്ട ഒരു ശൈത്യകാലത്തിന്റെ അവസാനമായിരുന്നു അത്. മറ്റുളളവരോടൊപ്പം നടന്ന് എല്ലാം വെറുതെ യാന്ത്രികമായി നോക്കി കണ്ടു. പതിയെ പതിയെ ഇരുള് വന്നു മൂടി.
പഴയ പണിയായുധങ്ങളും, ട്രെയ്നിംഗ് സാമഗ്രികളും, ഒടിഞ്ഞ കട്ടിലുകളും മറ്റും സൂക്ഷിച്ചിരുന്ന പച്ചകട്ട കൊണ്ട് കെട്ടിയ ഒന്നു രണ്ടു കെട്ടിടങ്ങള്‍ ഞങ്ങളെ കൊണ്ടുതന്നെ ഒഴിപ്പിച്ചു. തല്ക്കാലത്തേക്കുളള ആവാസ കേന്ദ്രമാണ്. കുറച്ചു പാടുപെട്ടിട്ടാണങ്കിലും കിടക്കാന്‍ മുറിയുടെ അറ്റത്ത് ലിനന്‍ തുണികൊണ്ട് വരിഞ്ഞ ഒരു ചാര്പ്പായ കിട്ടി. തുണി അയഞ്ഞ് അമ്മത്തൊട്ടില്‍ പോലെ കുഴിഞ്ഞ ഒരെണ്ണം. പുറത്തെപോലെ അകത്തും പൊടി പടലങ്ങള്‍ ....
ദൈവമേ ഇനിയുളള ദിനരാത്രങ്ങളില്‍ ഞാന്‍ ഇവിടെയാണോ അന്തിയുറങ്ങേണ്ടത്.......?
മനസ്സ് ഭൌമാന്തര്‍ ഭാഗത്തെ ലാവാകണം പോലെ ഉരുകുകയാണ്
ഇടക്കെപ്പഴോ ബെല്‍ മുഴങ്ങി.....മലയാളി സബ് ഇന്‍സ്പെകടറുടെ മുഖം വീണ്ടും വാതില്ക്കല് പ്രത്യക്ഷപ്പെട്ടു 'ഭക്ഷണത്തിനുളള ബെല്ലാണ്....ട്രെയ്നിംഗ് തുടങ്ങാന്‍ ഇനിയും മൂന്ന് നാല് ദിവസം കൂടി ബാക്കിയുണ്ട്. നിങ്ങള്‍ ഇത്രയും നേരുത്തെ വരുമെന്ന് കരുതിയില്ല. അതു കൊണ്ട് ഭക്ഷണത്തിനുളള ക്രമീകരണങ്ങളെന്നും ചെയ്തിട്ടില്ല. തല്ക്കാലം ഇപ്പോഴത്തെ ട്രെയ്നീസിന്റെ മെസ്സില്‍ നിന്നും അഡ്ജസ്റ്റ് ചെയത് കഴിക്കാം . ആരും താമസസിക്കരുത്.'
വിശപ്പും ദാഹവുമൊന്നുമില്ല. ആകെപ്പാടെ ഒരു പരവേശം മാത്രമേയുളളൂ. വീട്ടില്‍ നിന്നും നിര്‍ബന്ധപൂര്‍വ്വം തന്നു വിട്ട ഒരു പ്ലേറ്റ് ബാഗിലെവിടെയോ ഉണ്ടായിരുന്നു. അതും തപ്പിയെടുത്ത് നീണ്ട ക്യൂവില്‍ പോയി നിന്നു.
അരണ്ട വെളിച്ചത്തിലെ മങ്ങിയ കാഴ്ചകള്‍ ...ഒരു നൂറ് മുഖങ്ങള്‍ ...ഒരുനൂറ് ഭാവങ്ങള്‍ .....വൃത്താകൃതിയില്‍ മുടി പറ്റെ വെട്ടിയ ചെറുപ്പക്കാര്‍ ..............
ബംഗാളികള്‍ , അസാമികള്‍ , നാഗന്മാര് , ഒഡീസികള്‍ . സിക്കുകാര്‍ ............
പുതുതായി വന്നവരില്‍ ആന്‍ഡമാന്‍ നിക്കോബാറികള്, ജമ്മു വാസികള്‍...
കുറച്ചു നേരത്തെ കാത്തു നില്പിനൊടുവില് കഴിക്കാന്‍ റൊട്ടിയും(ഉണക്ക ചപ്പാത്തി)കടുകെണ്ണയില്‍ പാചകം ചെയ്ത ഡാല്‍ കറിയും കിട്ടി. ചുണ്ടോട് അടുപ്പിച്ചപ്പോള്‍ ഓക്കാനം വന്നു. സദാ സമയവും ആ ഗന്ധം അവിടെത്തന്നെ ചുഴ്ന്നു കിടന്നു
കിട്ടിയ ഭക്ഷണം അതേ പടുതി വേസ്റ്റ് ബിന്നില്‍ കൊണ്ട് തട്ടി തിരികെ നടന്നു
പിന്നെ ഒരു മരക്കഷ്ണത്തെപ്പോലെ ചാര്പ്പായില് വന്നു വീണു. അടുത്ത കിടന്ന ആരോ ചിലര്‍ മനസ്സിന്റെ ഭാരം കുറക്കാനെന്നവണ്ണം ഏതോ തെറിക്കഥ പറഞ്ഞു രസിക്കുന്നു. പുറത്തെ സിമന്റ് ടാങ്കില്‍ നിന്നും ആരോ വെള്ളം കോരി കുളിക്കുന്ന ശബ്ദം കേള്‍ക്കാം ........
ലൈറ്റണഞ്ഞപ്പോളള്‍ കട്ടിലില്‍ മുഖം ചേര്‍ത്തു വെച്ച് നിശബ്ദമായി തേങ്ങി. ജീവിതത്തിലെ ഒരിക്കലും മറക്കാനാകാത്ത ഒരു രാത്രി,..... ഒരു കൂറ്റന്‍ പെരുമ്പാമ്പു പോലെ എന്നെ വിഴുങ്ങിയിരിക്കുന്നു. കെണിയിലകപ്പെട്ട ട ജീവിയുടെ നിസ്സഹായത. മുന്നിലുളളത് ഒരു ജീവിത യാതാര്‍ത്ഥ്യമാണ്.....അകത്തും പുറത്തും ഒരു പോലെ മുള്പ്പടര്പ്പുകള് , കനല് വിരിച്ച പാതകള്‍ ...അഭിമുഖീകരിച്ചേ മതിയാകൂ......ദൈവമേ ഭൂമിയിലെ പകലുകളും രാത്രികളും ഇതോടുകൂടി അവസാനിച്ചു പോയിരുന്നെങ്കില്‍.................ഞാനെന്നൊരാള് ജനിക്കാതിരുന്നെങ്കില്.................
പക്ഷേ ദൈര്‍ഘ്യമേറിയ കഠിനമായ പകലുകളും, ശുഷ്കിച്ച രാത്രികളും പിറക്കാനിരിക്കുന്നതേയുളളായിരുന്നു. ഉളളില്‍ കരഞ്ഞും, സ്വയം ശപിച്ചും ട്രെയ്നിംഗിന്റെ ഭാഗമായ ദിനങ്ങള്‍ .......ഒരിക്കലും മെരുങ്ങാത്ത ഒരു മൃഗത്തെപ്പോലെ മനസ്സ് മുരണ്ടുകൊണ്ടു നടന്ന ദിനങ്ങള്‍ ......ഏതു മെരുങ്ങാത്ത മൃഗത്തേയും മെരുക്കാനുളള തന്ത്രവുമായി ഉസ്താദന്മാരും, അവിടുത്തെ സംവിധാനങ്ങളും . ദിനങ്ങള്‍ പഴുത്ത ഇലകള്‍ പോലെ കൊഴിഞ്ഞ് അടര്‍ന്നു കൊണ്ടിരുന്നു.അവസാനം പ്യൂപ്പത്തോട് പൊട്ടിച്ച് പുറത്തു കടന്ന ശലഭത്തെപ്പോലെ ഡിസംബറിലെ ഇളം മഞ്ഞ് മൂടിയ ഒരു പ്രഭാതത്തില്‍ പാസ്സിംഗ് ഔട്ട് ചെയ്ത് പുറത്തു കടന്നവരുടെ കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു. നാല് വര്‍ഷങ്ങള്‍ക്കു ശേഷം ജീവിതത്തിലെ മറ്റൊരു യാദൃശ്ചികതയില്‍ ഞാനാ ജോലി ഉപേക്ഷിച്ച് പഴയ അലസ ജിവിതത്തിലേക്കു മടങ്ങിയെങ്കിലും പഴയ കാഴ്ചകള്‍ കണ്മുന്നില് തന്നെ നില്ക്കുന്നു. അവിടുത്തെ ഗന്ധം എവിടെ നിന്നോ ഇരച്ചെത്തുന്നു. ശബ്ദങ്ങള്‍ പ്രതിധ്വനിക്കുന്നു

ശനിയാഴ്ച പുലര്ച്ചക്ളില്‍ ആദിവാസി ഊരുകളിലൂടെ,മൊട്ടക്കുന്നുകളിലെ ചരല് വിരിച്ച പാതകള്‍ ചുറ്റി , ചില കൊച്ചു കൊച്ചു തെരുവുകളിലൂടെ റോഡ് റണ്‍ ആന്‍ഡ് വാക്കിംഗിനു പോകുന്നു.
അല്ലാടി മൂര്‍ , രാജ്നാരായണ്‍ പൂര് , പിന്നെയും പേരറിയാത്ത ഏതൊക്കയോ വിചിത്രമായ സ്ഥലങ്ങള്‍ ..........
രാത്രികളില്‍ മൈഥന്‍ തടാകത്തിലെ തിരകള്‍ തീരത്ത് വന്നു അലയ്ക്കുന്ന ശബ്ദം എനിക്ക് കേള്‍ക്കാം .ഞാവല്‍ വൃക്ഷങ്ങല്‍ക്കിടയിലിരുന്നു ഏതോ കിളി ചിലയ്ക്കുന്നു.ഡാമിലെ ലൈറ്റ് ഹൌസില്‍ നിന്ന് പ്രകാശം ഓള പ്പരപ്പുകളില്‍ തട്ടി പ്രതിഫലിക്കുന്നത് കാണാം .ജലത്തിന്റെ കയറ്റിറക്കങ്ങളില്‍ നിര്‍ത്താതെ സ്പന്ദിച്ചു കൊണ്ടിരിക്കുന്ന മൈഥന്‍ ജലാശയത്തിലെ ജലമാപിനികളെ...... ഈ ഓര്‍മ്മകുറിപ്പ് നിങ്ങള്‍ക്കല്ലാതെ ഞാന്‍ ആര്‍ക്കാണ് സമര്‍പ്പിക്കേണ്ടത്...?പിന്കുറിപ്പ്
സിദാബാടിയിലെ ട്രെയ്നിംഗ് സെന്റര്‍ ഇപ്പോള്‍ അവിടെയില്ല . അടിസ്ഥാന സൌകര്യങ്ങളുടെ കുറവ് പറഞ്ഞു അവിടെ നിന്നും ഷിഫ്ട് ചെയ്തു . ഇപ്പോള്‍ അത് ബംഗാളിലെ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ്
ങാഹാ......പരാമിലിട്ടറി ട്രെയിനിംഗ് നല്ല ഒരു അനുഭവമാകുമായിരുന്നു. വിട്ടുപോന്നു അല്ലേ?
മറുപടിഇല്ലാതാക്കൂഅന്നു കയ്പേറിയ അനുഭവമായിരുന്നുവെങ്കിലും ഇന്ന് ഓര്‍ക്കുമ്പോള്‍ ഒരു ഗൃഹാതുരത്വ ബോധം തോന്നുന്നു...നന്ദി അജിത് സാര്‍ അഭിപ്രായത്തിന്....
ഇല്ലാതാക്കൂശരിയ്ക്കും ഒരു പട്ടാളക്യാമ്പില്‍ എത്തപ്പെട്ട പ്രതീതി ജനിപ്പിച്ചു.
മറുപടിഇല്ലാതാക്കൂനന്നായി എഴുതിയിരിക്കുന്നു.
ആശംസകള്‍
നല്ല വാക്കുകള്‍ക്ക് നന്ദി തങ്കപ്പന് സാര്‍....
ഇല്ലാതാക്കൂഞാവല് വൃക്ഷങ്ങല്‍ക്കിടയിലിരുന്നു ഏതോ കിളി ചിലയ്ക്കുന്നു.ഡാമിലെ ലൈറ്റ് ഹൌസില്‍ നിന്ന് പ്രകാശം ഓള പ്പരപ്പുകളില്‍ തട്ടി പ്രതിഫലിക്കുന്നത് കാണാം .ജലത്തിന്റെ കയറ്റിറക്കങ്ങളില്‍ നിര്‍ത്താതെ സ്പന്ദിച്ചു കൊണ്ടിരിക്കുന്ന മൈഥന്‍ ജലാശയത്തിലെ ജലമാപിനികളെ......
മറുപടിഇല്ലാതാക്കൂകവിഹൃദയവും, അച്ചടക്കത്തിന്റെ കാർക്കശ്യവും തമ്മിൽ ഒരിക്കലും ഇണങ്ങുകയില്ല.....
ജീവിതയാത്രയിലെ ഈ അനുഭവവും ഇനിയുള്ള കാലത്ത് ഊർജദായിനിയായി കൂടെയുണ്ടാവട്ടെ....
നന്ദി പ്രദീപ് മാഷ് അഭിപ്രായം രേഖപ്പെടുത്തിയതിന്.....
ഇല്ലാതാക്കൂHrudyamaaya kurippu.
മറുപടിഇല്ലാതാക്കൂThanks..Doctor
ഇല്ലാതാക്കൂഎന്നോ യാന്ത്രികമായ നടന്ന കാലത്തിന്റെ ഓര്‍മ്മ, വരികളിലൂടെ കടന്നുപോകുമ്പോള്‍ എപ്പോഴത്തെ പോലെയും കവിതയുടെ സുഖമുണ്ട്.
മറുപടിഇല്ലാതാക്കൂനന്ദി കാത്തി ...നല്ല വാക്കുകള്‍ക്ക്
ഇല്ലാതാക്കൂകൊള്ളാം. ആശംസകള്‍.
മറുപടിഇല്ലാതാക്കൂനന്ദി സുധീര്‍ദാസ്.........
ഇല്ലാതാക്കൂനന്ദി സുധീര്‍ദാസ്.........
ഇല്ലാതാക്കൂParayaan vaakukalilla....enthu bhangiyaayi ezhudiyirikkunnu....kanmunniloode oro sambhavavum nadakkukayaayirunnu...
മറുപടിഇല്ലാതാക്കൂപഴയകാല ഓർമകളെ തട്ടിഉണർത്തി അതിന്റെ തനിമ നഷ്ടപ്പെടാത്ത ഇപ്പോളും
മറുപടിഇല്ലാതാക്കൂആ ക്യാമ്പിലെ അനുഭവങ്ങൾ തന്ന ശക്തി മനസിലും ശരീരത്തിലും ആവാഹിച്ചു കൊണ്ടുള്ള പ്രയാണം 20 വർഷം പിന്നിട്ടിരിക്കുന്നു, ഇപ്പോൾ പിന്തിരിഞ്ഞു നോക്കുമ്പോൾ തോന്നുന്നു ആ അനുഭവങ്ങൾ ആയിരുന്നു ജീവിതത്തിലെ ഏറ്റവും അദ്ധ്യാപകൻ എന്ന്..
മറുപടിഇല്ലാതാക്കൂനന്നായി എഴുതിയിരിക്കുന്നു.. അഭിനന്ദനങ്ങൾ..
ആ ക്യാമ്പിലെ അനുഭവങ്ങളുടെ ശക്തി മനസിലും ശരീരത്തിലും ആവാഹിച്ചു തുടങ്ങിയ പ്രയാണം ഇപ്പോൾ 20 വർഷം ആയിരിക്കുന്നു. ഇപ്പോൾ പിന്തിരിഞ്ഞു നോക്കുമ്പോൾ ആ അനുഭവങ്ങൾ ആയിരുന്നു ജീവിതത്തിലെ ഏറ്റവും നല്ല അദ്ധ്യാപകൻ എന്നു തോന്നുന്നു..
മറുപടിഇല്ലാതാക്കൂനന്നായി എഴുതിയിരിക്കുന്നു.. അഭിനന്ദനങ്ങൾ.🌹