കര്‍ക്കിടക വാവിന്
ബലിതര്‍പ്പണം കഴിഞ്ഞു ഞാന്‍
മടങ്ങാനൊരുങ്ങവേ......
എങ്ങു നിന്നോ കുഞ്ഞിത്തിരയൊരെണ്ണം
തുളളിച്ചാടി കിതച്ചുവന്നെന്റെ
കൈയില്‍ മുറുകെപ്പിടിച്ചുകൊണ്ട്
ചോദിച്ചു.....
എന്നെയറിയില്ലേ....എന്നെയറിയില്ലേ..?
ഉളളുപൊളളിപ്പോയതിന്റെ
തണുത്തകൈവരിലുകളെന്‍
നെഞ്ചില്‍ സ്പര്‍ശിച്ചപ്പോള്‍
അന്യതാബോധത്തോടാ
ത്തിരത്തളളലില്‍നിന്നു ഞാനുലഞ്ഞു..
എള്ളും പൂവും ദര്‍ഭപുല്ലിഴകളും
മന്വന്തരങ്ങളിലൂടെന്നവണ്ണം
എനിക്കു ചുറ്റിലുമൊഴുകി നടന്നു....
ഇല്ല കുഞ്ഞേ നിനക്കാളുമാറിപ്പോയി
എന്നു പറഞ്ഞുകൊണ്ടാ കൈകള്‍
വിടര്‍ത്തി ഞാന്‍ മുന്നോട്ട് നടക്കവേ....
വീണ്ടുമാത്തിര വന്നെന്നെ
ചുറ്റിപ്പിടിക്കുന്നു..!
ഇല്ലാളുമാറിയിട്ടില്ല....
എങ്ങനെമാറുമെന്നച്ഛനെ.....
ആ രക്തബിന്ദുബിന്ദുവില്‍ നിന്നുയിര്‍
കൊണ്ടതാണല്ലോ ഞാനും.....
എന്തിത്ര ധൃതി.....?
പെട്ടന്ന് വന്നിട്ടങ്ങ് പോകുവാന്‍
ആണ്ടിലൊരിക്കല്‍ മാത്രമല്ലേ....?
ദൂരെയാ പഞ്ചസാര പൂഴിമണ്‍തിട്ടപ്പുറത്തിരുന്ന്
ഇങ്ങോട്ട് നോക്കി എന്തോ കളി പറഞ്ഞ്
ചിരിക്കുന്നുണ്ടല്ലോ കുഞ്ഞുജ്യേഷ്ഠനുമായെന്നമ്മ..
ഒന്നിങ്ങു പോയി വിളിച്ചു കൊണ്ടുവരാമോ..?
മുങ്ങാം കുഴിയിട്ടു കളിക്കാമല്പ നേരം
ഞാനും നിങ്ങളുടെ പുന്നാരമകനായി
ജനിക്കേണ്ടിയിരുന്നതാണല്ലോ..?
നിങ്ങള്‍ക്കിടയില്‍ ഒട്ടും പ്രതീക്ഷിക്കാതെ
ശല്യമായിവന്നുകയറുമെന്നായപ്പോള്‍
അന്നാശുപത്രിയില്‍ വെച്ചെന്നെ
രഹസ്യമായി കൊന്നറിഞ്ഞതാണ്.....
ഓര്‍മ്മയില്ലേയൊട്ടും...!
എന്നിട്ട് കര്‍മ്മങ്ങളൊന്നുമേ ചെയ്തില്ലല്ലോ....?
എന്നെപ്പോലങ്ങനെ
ആഴക്കടലിലൊരുപാടു പേരുണ്ട്........
പേരും രൂപവുമില്ലാത്തവര്‍....!
ബലിസ്മൃതികളില്‍പ്പോലുമില്ലാത്തവര്‍
ഇല്ല ഞങ്ങള്‍ക്കതില്‍ പരിഭവമൊട്ടും
ദുരിത ദുര്‍മേഘങ്ങള്‍ നിറഞ്ഞൊരീ
കപട ലോകത്ത് ജനിക്കാഞ്ഞതേ
എന്തോ .....മഹാഭാഗ്യം...!