ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2012, ഒക്‌ടോബർ 19, വെള്ളിയാഴ്‌ച

ഗ്യാസ് സ്റ്റൌ

( ഒരു ഇരുപത്കാരന്‍ പതിനേഴ് വര്ഷങ്ങള്ക്ക് മുമ്പ് നടത്തിയ സര്ഗ്ഗാന്വേഷണ പരീക്ഷണങ്ങളുടെ ഫലമാണ് ഈ കഥ. അന്നത്തെ കേരളത്തിലെ ഒരു ഇടത്തരം ഗ്രാമത്തിന്റെ സാമൂഹികവും, സാമ്പത്തികവും, മനശാസ്ത്ര പരവുമായ പശ്ചാത്താലത്തിലാണ് ഈ കഥ എഴുതിയിട്ടുളളത്. 1996 ആഗസ്റ്റില് കുങ്കുമം വാരികയില്‍ പ്രസിദ്ധീകരിച്ചു . ഒരു മുഖ്യധാരാ പ്രസിദ്ധീകരണത്തില്‍ എന്റേതായി ആദ്യമായി അച്ചടിച്ചു വന്ന കഥ.....ഒരു പുതുമുഖത്തെ സംബന്ധിച്ചിടത്തോളം പത്രാധിപന്മാരെ പ്രീതിപ്പെടുത്തുക എന്നത് ദൈവത്തെ പ്രീതിപ്പെടുത്തുന്നതിനേക്കാള്‍ ദുഷ്കരമായിരുന്ന കാലം. ഇന്നും ഏതാണ്ട് അങ്ങനെയൊക്കെ തന്നെ....പക്ഷെ ആരെങ്കിലും വായിച്ചു പോലും, ഇല്ല പോലും.... ഇന്ന് നമുക്ക് ആത്മപ്രകാശനത്തിന് ബ്ലോഗുകളുണ്ട്. ആരുടേയും അനുവാദത്തിന് കാത്തു നില്ക്കേണ്ടതില്ല....ബ്ലോഗെഴുത്തിനോടുളള എല്ലാ ആദരവും നിലനിര്ത്തി കൊണ്ടു പറയെട്ടെ.....കഥയോ കവിതയോ അയച്ചുളള ആ കാത്തിരിപ്പ്....പോയ വേഗത്തിലുളള അതിന്റെ മടങ്ങി വരവ്,... നാണക്കേട് ,നിരാശ,  ആത്മസംഘര്ഷം.....ഒടുവില്‍ സ്വന്തം പേര് അച്ചടിച്ചുകാണുമ്പോഴുളള പറഞ്ഞറിയിക്കാനൊക്കാത്ത സന്തോഷം...അതൊന്നും ബ്ലോഗ് എഴുത്തിനില്ല തന്നെ)
                                                                                            ഒന്ന്

കേവലം രണ്ടര വയസ്സ് പ്രായം മാത്രമുളള ആ ചെറുക്കന്‍ അടുക്കളയില്‍ നിന്നും ഒരു കരിക്കട്ട എടുത്തു കൊണ്ട് വന്ന് ഭിത്തിയിലെന്തോ കുത്തിവരച്ചു വെച്ചു. അവന്‍ ആ രൂപത്തെ കാക്കച്ചി എന്നു വിളിച്ചു. സത്യത്തില്‍ അതിന് ഒരു കാക്കച്ചിയുടെ രൂപമെന്നല്ല വൃത്തികെട്ട ഒരു പന്നിക്കോഴിയുടെ രുപമാണ് ഉണ്ടായിരുന്നത്. ശേഷം അവന്‍ തന്റെ ഇത്തിരിപ്പോന്ന ലിംഗം മുകളിലേക്ക് ഉയര്ത്തിപ്പിടിക്കുകയും കാക്കച്ചിയെ ലക്ഷ്യമാക്കി സര്‍വ്വ ശക്തിയുമെടുത്ത് മൂത്രമൊഴിക്കുകയും ചെയ്തു.അപ്പോഴാണ് അതുവരേയും അടുക്കളയില്‍ തകൃതിയായി ദോശചുട്ടുകൊണ്ടിരുന്ന അമ്മ രാഗിണി നന്ദന്‍ അങ്ങോട്ടേക്കു വന്നത്. ദൈവമേ വൈറ്റുവാഷ് ചെയ്തിട്ടു ഒരുമാസം പോലും തികയാത്ത ഭിത്തിയാണന്നു പറഞ്ഞു കൊണ്ട് അവള് അവന്റെ ചെവി പിടിച്ചു തിരിക്കുകയും, കൈയിലിരുന്ന ചട്ടുകം കൊണ്ട് ചന്തിക്ക് കുത്തുകയും ചെയ്തു. എന്നിട്ടും അവന്‍ മറ്റുകുട്ടികള് ചെയ്യാറുളളതു പോലെ അണ്ണാക്ക് പിളര്ന്ന് കീറിയില്ലന്നല്ല, കൂടുതല്‍ ഉന്മേഷവാനായി മറ്റൊരു കാക്കച്ചിയെ വരയ്ക്കുന്ന പരിപാടിയില്‍ ഏര്പ്പെടുക കൂടി ചെയ്തു.
" നീ നിന്റെ തന്തയെപ്പോലെ വഷളനാണ്...തളള പ്രഖ്യാപിച്ചു ". പയ്യന്‍ കൂസാക്കിയില്ല. അവന്‍ നിലത്തു വീണു കിടന്നിരുന്ന മൂത്രത്തില്‍ ചവുട്ടി ഡാന്സ് തുടങ്ങി. തളള അടുത്ത മാര്ഗ്ഗത്തിലേക്കു കടന്നു.
ഇനിയും നീ കുരുത്തക്കേട് തുടരുകയാണങ്കില്‍ നിന്റെ പൂഞ്ഞിങ്ങ അരിഞ്ഞ് ഞാന്‍ കാക്കക്കിട്ടു കൊടുക്കും
ഇത്തവണ ചെറുക്കനൊന്ന് നടുങ്ങി. അവന്‍ അടി വയറ് തപ്പി പിടിച്ചു കൊണ്ട് അടുക്കളയിലേക്കോടി. ഞൊടിയിടയില്‍ ദോശക്കല്ലിന്റെ കീഴില് നിന്നും ഒരു തീക്കൊളളിയുമായി തളളക്കു നേരെ ചീറിയടുത്തു

രണ്ട്
' കണ്ടില്ലേ....ഇതാണ് ഈ വീട്ടിലെ സ്ഥിതി.പെറ്റ തളളമാരെ തീ കൊണ്ട് കുത്താന്‍ ചെല്ലുന്ന പിളളാര് എവിടെയെങ്കിലുമുണ്ടോ...?
ഇന്നവന്‍ കുത്താനായി ഓങ്ങിയതേയുളളൂ. നാളെയവന്‍ അത് ചെയ്യില്ലാന്ന് ആരു കണ്ടു. ഞാനൊന്നും പറയുന്നില്ല. പറഞ്ഞാല്‍ കൂടിപ്പോകും ചെറുക്കന്‍ അയലത്തെ കണ്ട അലവലാതി പിളളാരുടെ കൂടെ നടന്ന് വഷളായി വരികയാണ്. എന്തിന് അവനെ പറയണം. തന്തയെന്നു പറഞ്ഞൊരുത്തന്‍ അകത്ത് മലരന്ന് കിടപ്പുണ്ട്. അയാള്ക്ക് ഭാര്യയെന്നോ, പിളളാരെന്നോ ഒരു വിചാരവുമില്ല ....അയാള്ക്ക് കുറെനാളായി ഒരു വിചാരമേയുളളൂ. കവിതയെഴുതുക. പിന്നെയത് കീറിക്കളയുക. ഇങ്ങേര്ക്ക് ഇത് എന്തിന്റെ കുറവാണ്. കേട്ടാല്‍ നാലുപേരുടെ മുന്നില് ഞെളിഞ്ഞുനില്ക്കാന്‍ പറ്റിയ
ഒരുദ്യോഗമുണ്ട്. ബാങ്കിലെ അസിസ്ററന്റ് മാനേജര്. ഉടന്‍ തന്നെ പ്രൊമോഷന്‍ കിട്ടിയേക്കും.അല്ല ഒന്നു ചോദിച്ചോട്ടെ ഇക്കാലത്ത് മുണ്ടും ചുറ്റിക്കൊണ്ട് ജോലിക്ക് പോകുന്ന ബാങ്കുദ്യോഗസ്ഥര്‍ എവിടെയെങ്കിലുമുണ്ടോ. പലനാളും കുളിയും നനയുമൊന്നുമില്ല.ഷവറിന്റെ അടുക്കല് ചെന്ന് മേലോട്ട് നോക്കി നില്പാണ്.അവിടെയുമിവിടെയുമൊക്കെ വെളളം കോരിയൊഴിച്ചിട്ടു പുറത്തിറങ്ങും. ആരെ ബോധ്യപ്പെടുത്താനാണ്.കാര്യങ്ങള് ഇങ്ങനെ പോയാല്‍ ഉടന്‍ തന്നെ ഒരു സൈക്യാട്രിസ്റ്റിനെ കാണേണ്ടി വരും.എല്ലാം എന്റെ വിധി . അല്ലാതെന്ത് പറയാനാണ്. ഒരു ബാങ്ക് മാനേജരുടെ വീടെന്നുപറയുമ്പോള് നിങ്ങള് ഏതാണ്ടൊക്കെ വിചാരിക്കുന്നുണ്ടാകും.ഇരുനില മാളിക, കാറ്, ടി.വി, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍........ഏയ് ഇമ്മാതിരികാര്യങ്ങളൊന്നും ഇവിടെ ഇല്ലേ ഇല്ല.....ഇങ്ങേര് ഈ കിട്ടുന്ന കാശൊക്കെ എന്തെടുക്കുകയാണ്. എനിക്കതിനെപ്പറ്റി യാതൊരു വിവരവുമില്ല.ചോദിക്കാന്‍ ചെന്നാല്‍ കടിച്ചു തിന്നാന്‍ വരും. ആകെപ്പാടെ ഈ വീട്ടിലുളളത് പത്തായം പോലുളള ഒരു റേഡിയോയാണ്. ശബ്ദം കേള്ക്കണമെങ്കില്‍ കുറെ തട്ടു കൊടുക്കണം.പിന്നെ പഴകി ദ്രവിച്ച ഈ വീട്. അതിന്റെ കാര്യമാണ് ബഹു രസം. എവിടെ തിരിഞ്ഞാലും അവിടെല്ലാം എലിയും പല്ലിയും, പാറ്റായും, മാത്രം.............
ഇവിടുത്തെ കാര്യങ്ങളങ്ങനെ. ഇനി മാനേജരദ്ദേഹത്തിന്റെ സംബന്ധ വീടിന്റെ കാര്യം പറയാതിരിക്കുന്നതാണ് ഭേദം. എന്റെ തന്ത പ്രൈമറി സ്കൂള് വാദ്ധ്യാരായിരുന്നെങ്കിലും പണം പലിശക്കു കൊടുത്തും, പാലില് വെളളം ചേര്ത്തും കുറെ ഉണ്ടാക്കിയിട്ടിട്ടുണ്ട്. അതിലൊക്കെ എനിക്കും കൂടി അനുഭവാകാശം ഉളളതാണ്.അതെല്ലാം ആങ്ങളമാരും, അവന്മാരുടെ പെമ്പ്രോത്തിമാരും കൂടി തിന്നു മുടിക്കുകയാണ്. കഴുത്തില്‍  കുരുക്കിടുന്നവന്‍ ശരിയായില്ലെങ്കില് കുടുംബം അധോഗതിയാകുമെന്ന് പറയുന്നത് വെറുതെയല്ല.ഇപ്പോള്‍ മാനേജരദ്ദേഹത്തിന്റെ കവി മനസ്സില് പുതിയൊരു ചിന്ത കടന്നു കൂടിയിരിക്കുന്നു. മകനെ സര്ക്കാര് സ്കൂളിലയച്ചു പഠിപ്പിക്കണമെന്നു പോലും.നാലഞ്ചു കൊല്ലം ആറ്റു നോറ്റിരുന്നു കിട്ടിയ സന്തതിയാണ്. അതിനെ ഇങ്ങനെയൊരു കൊലക്കളത്തിലേക്കു തളളി വിടണമെന്ന് ഇങ്ങേര്ക്ക് ഇതെങ്ങനെ തോന്നി. പല്ലും നഖവുമുപയോഗിച്ച് ഞാനതിനെ എതിര്ക്കും. നൊന്തു പ്രസവിച്ചത് ഞാനാണ്. എന്റെ തല തെറിക്കേണ്ടി വന്നാലും ആ തോന്ന്യാസത്തിന് കൂട്ടു നില്ക്കാന്‍ എന്നെ കിട്ടില്ല...................' ഇത്രയും കാര്യങ്ങള്‍ ശ്രീമതി രാഗിണിനന്ദന്‍ ചെറുക്കനുമായിട്ടുളള ഗുസ്തിക്കു ശേഷം ആരോടെന്നില്ലാതെ പറയുകയോ, അല്ലെങ്കില് മുറുമുറുപ്പോടെ സ്വയം ചിന്തിക്കുകയോ ചെയ്യുകയായിരുന്നു. ഈ നേരത്തിനിടയ്ക്ക് അവള്‍ ഒരു വലിയ ഡിഷ് നിറയെ ദോശ ചുടുകയും,ചമ്മന്തി അരക്കുകയും, എന്തിന് ചായയിടുന്നതിനുളള പ്രാരംഭ നടപടികള്‍ ആരംഭിക്കുക പോലും ചെയ്തു കഴിഞ്ഞിരുന്നു. അതിലുപരി അവള്‍ രണ്ടു മൂന്ന് വാതിലുകള്‍ കടന്ന് ഭര്ത്താവ് രാഗാനന്ദന്‍ കിടക്കുന്നിടത്തു ചെല്ലുകയും അയാടെ പുളിയില്ലാത്ത രണ്ടു മുന്ന് ചീള് തെറി വിളിക്കുകയും ചെയ്തു. രാഗാനന്ദന്‍ അപ്പോള്‍ കട്ടിലില്‍ ചമ്രം പൊടിഞ്ഞിരുന്ന് അയാളുടേത് മാത്രമായ കവിത സ്വയം ചൊല്ലി രസിക്കുകയായിരുന്നു. രാഗിണിക്ക് ശുണ്ഠി വന്നു.അയാളുടെ ഒരു മുടിഞ്ഞ കവിത. മണി എട്ടു കഴിഞ്ഞിരിക്കുന്നു.ഇതു വരേയും പോകാനുളള ഒരു തയാറെടുപ്പും നടത്തിയിട്ടില്ല. തിരികെ പോകുമ്പോള്‍ അവള്‍ ചിന്തിച്ചത് ദോശ ചുടുന്നതിനെപ്പറ്റിയാണ്.. അല്പം പോലും കരിയാതെ ദോശകള് ഒന്നിന് പിറകെ ഒന്നായി ചുട്ടടുക്കുന്നതും, നിയതമായ വൃത്താകൃതിയില് ചപ്പാത്തി പരത്തുന്നതും അയാളുടെ സാഹിത്യത്തെക്കാള്‍ ഒന്നാം തരം കലയാണന്ന് അവള്‍ക്ക് തോന്നി.എന്നാല്‍ അന്നവള്‍ പ്രതീക്ഷിച്ചതില്‍  നിന്നും വിഭിന്നമായി രാഗാനന്ദന്‍ കുളിച്ചു കുറിതൊട്ട്, ക്ലോക്കില്‍ കൃത്യം എട്ടര മണി അടിച്ചതോടെ പോകോനെല്ലാമൊരുങ്ങി.അവരുടെ വിവാഹത്തിന്റെ ആദ്യ ദിനങ്ങളില്‍ മാത്രം അയാള്‍ ഉപയോഗിച്ചിരുന്നതുപോലെ  കടും നില നിറത്തിലുളള പള, പള മിന്നുന്ന ചെക്ക് ഡിസൈനുളള ഷര്ട്ടും, കാലില്‍ ഇളം ചാരനിറത്തിലുളള ആക്ഷന് മോഡല് ഷൂവും അപ്പോള്‍ അയാള്‍ ധരിച്ചിരുന്നു. കോട്ടും സ്യൂട്ടുമിട്ട് നിങ്ങളിതെങ്ങോട്ടാണ് പെണ്ണു കാണാനാണോ എന്നയാളോട് തമാശയായിട്ടെങ്കിലും ചോദിക്കണമെന്ന് ആഗ്രഹമുണ്ടായിട്ടും അവളത് ചോദിച്ചില്ല. ചിലപ്പോള് അങ്ങനെ ഒരു ചോദ്യം മാത്രം മതി ഷൂവും, പാന്റസും വലിച്ചെറിഞ്ഞ് അയാള്‍ പഴയ കോണാനുമുടുത്തുകൊണ്ട് യാത്രയാകാന്.
 രാഗാനന്ദന്‍ പ്രാതല് കഴിച്ചുകൊണ്ടിരുന്നപ്പോള് രാഗിണി അയാളെ  മുട്ടിയുരുമ്മികൊണ്ട്  പതിവുളള പരാതി ആവര്ത്തിച്ചു.
" ടിവിയും, ഫ്രിഡ്ജും ഒന്നും ഇപ്പോള്‍ വേണമെന്നില്ല. അടുപ്പിന്റെ കീഴില്‍ കിടന്ന് തീയൂതിയൂതി എന്റെ കണ്ണും കരളും വാടി.അതുകൊണ്ട് ദൈവത്തെയോര്ത്ത് നിങ്ങള്‍ അത്യാവശ്യമായി ഒരു ഗ്യാസ് കണക്ഷന് അപേക്ഷ നല്കണം "
അയാള്‍ ഭാര്യയുടെ പരാതി ഒന്നു മൂളി കേള്ക്കുകപോലും ചെയ്യാതെ വേഗത്തില് പടിയിറങ്ങി. ഭര്ത്താവിനെ     പ് രാകികൊണ്ട് രാഗിണി അടുക്കളയിലേക്കും പോയി.നേരം പത്തു മണിയായതോടെ വീടെല്ലാം അടിച്ചുവാരി ഒന്ന് നടുനിവര്ത്താന്‍  ഒരുങ്ങുമ്പോഴാണ് അടുത്തൊരു എയിഡഡ് സ്കൂളില് ലക്ഷക്കണക്കിന് രൂപാ കോഴകൊടുത്ത് വാദ്ധ്യായനിയായി കയറിയ സുനന്ദ മോഹനന്‍ ഓടിക്കിതച്ചവിടെ എത്തിയത്.
" കുറെ നാളായി ഞാന്‍ വിചാരിക്കുന്നു നിന്റെ വീടും കുടിയുമൊക്കെ ഒന്നു വന്നു കാണണമെന്ന്. അതെങ്ങനാ സമയം കിട്ടണ്ടേ.....?" വല്ലാത്തൊരു വെപ്രാളത്തോടെയാണ് സുനന്ദാ മോഹനന്‍ അതു പറഞ്ഞു നിര്ത്തിയത്
" ഓ സമയം കിട്ടാതിരിക്കാന്‍ നിനക്കെന്നതാ കളക്ടറുദ്യോഗമാ....നിന്റെ മേക്കപ്പൊന്നു കുറച്ചാല്‍തന്നെ ദിവസം രണ്ടു മൂന്ന് മണിക്കൂര് ലാഭിക്കാം.നിനക്കിപ്പോഴെങ്കിലും ഇവിടം വരെ വന്ന് പഴയ കൂട്ടുകാരിയെ കാണാന്‍ തോന്നിയല്ലോ...അതു തന്നെ മഹാഭാഗ്യം?" എന്നു പറഞ്ഞുകൊണ്ട് രാഗിണി അടുത്തക്ഷണത്തില്‍ ഊഷ്മളമായ ഒരു പുഞ്ചിരി സമ്മാനിച്ച്, അനിര്‍വചനീയമായ ഒരു ഉളപ്പുളകത്തോടെ സുനന്ദാ മോഹനന്റെ കൈത്തലം ഗ്രഹിച്ചു കൊണ്ട് അകത്തേക്കു കൂട്ടികൊണ്ടു പോയി.
" നീ അവിടെയിരിക്ക് ഞാന്‍ ചായയിടാം." സത്യത്തില്‍ അപ്പോള്‍ ചായയിടാന അവിടെ പാലു പോയിട്ട് തേയില പോലും അവശേഷിക്കുന്നില്ല എന്നറിയാമായിരുന്നിട്ടും രാഗിണി അങ്ങനെ പറയുക തന്നെ ചെയ്തു.
" ഓ ചായകുടിക്കാനൊന്നും സമയമില്ല. ഇപ്പോള്‍ തന്നെ ലേറ്റായിരിക്കുന്നു. എച്ച്. എം ഒരു ലേഡിയാണ്.വല്ല ആണുങ്ങളുമായിരുന്നെങ്കില്‍ ഒരു കുഴപ്പവുമില്ലായിരുന്നു.കുറഞ്ഞ പക്ഷം ഒരു സ്ത്രീയെന്ന നിലയിലുളള മനുഷ്യപ്പറ്റെങ്കിലും  കാണിച്ചേനെ....ഇനിയും താമസിച്ചാല് തൈക്കിളവി കണ്ണുരുട്ടും...."
പോകുന്നതിനു മുമ്പ് സുനന്ദാ മോഹനന്‍ രാഗിണി നന്ദന്റെ മനസ്സില്‍ കൊളളിയാന് വീഴ്ത്തികൊണ്ട് ആ വാര്ത്ത പറഞ്ഞു
" നമ്മുടെ കൂടെ കോളേജില് പഠിച്ച ഒരു പ്രിയാ കൃഷ്ണനുണ്ണിയെ അറിയുമോ നിനക്ക്. കഥകളി ഭ്രാന്ത് പിടിച്ച് കുടുംബ കുളംതോണ്ടിയ കൃഷ്ണനുണ്ണി മാഷ്ടെ മകള്...ആ ആട്ടക്കാരി....അവള്ക്ക് എസ്.ബി.റ്റി യില് ക്ലാര്ക്കായി ജോലി കിട്ടി.. നിന്റെ ഭര്ത്താവ് ജോലി ചെയ്യുന്ന ബാങ്കില് ഇന്നലെ അവള്‍ ജോയിന്‍ ചെയ്തു"
നിന്ന നില്പില്‍ വീടിന്റെ മേല്ക്കൂര തന്റെ ശിരസ്സിലേക്ക് ഇടിഞ്ഞ് വീണിരുന്നെങ്കിലെന്ന് രാഗിണി നന്ദന് ആത്മാര്ത്ഥമായി ആഗ്രഹിച്ചു പോയി. എന്തായാലും തന്റെ പഴയ കൂട്ടുകാരി, ആ നേരമില്ലാ നേരത്ത് ഓടിക്കിതച്ച് അവിടെയെത്തിയത് പഴയ സൌഹൃദം വന്ന് അലട്ടിയതുകൊണ്ടല്ല എന്നു മനസ്സിലാക്കാനുളള സാമാന്യ ബുദ്ധി അവള്‍ക്കില്ലാതില്ല......  എലിയെ പിടിച്ച് വെളളത്തില്‍ മുക്കുന്നതു പോലെ മറ്റുളളവരെ ദുഖത്തിലാഴ്ത്തി രസിക്കുന്ന ഒരു സിനിക്കാണവള്‍...എങ്കിലും യാതാര്ത്ഥ്യത്തിനു നേരെ കണ്ണടയ്ക്കുന്നതെങ്ങനെ......അറിഞ്ഞിടത്തോളം അതങ്ങനെ നിസ്സാരമായി തളളിക്കളയേണ്ട കാര്യവുമല്ല. പ്രിയാ കൃഷ്ണനുണ്ണി....കഥകളിക്കാരന്റെ മകളാണവള്‍.....കണ്ണും കവിളും കൊണ്ടുളള കഥകളി അവള്ക്ക് നല്ല വശമുണ്ടെന്ന് പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ.....കോളേജില് പഠിക്കുന്ന കാലത്തെ ആണുങ്ങളെ വളച്ചെടുക്കാന്‍ മിടുക്കിയാണ്. പോരെങ്കില് ചില ആംഗിളുകളില്‍ നിന്നു നോക്കുമ്പോള്‍ അവള്‍ തന്നെക്കാളലല്പം സുന്ദരിയുമാണ്......ചുമ്മാതാണോ കാമദേവവനിന്ന് കോളേജ് കുമാരന്‍മാരെപ്പോലെ അണിഞ്ഞൊരുങ്ങി ഇറങ്ങിയത്.
   അന്ന് രാത്രി പതിവിലുമേറെ വൈകി രാഗാനന്ദന്‍ ഒരു മഞ്ഞത്തവളയുടെ മയക്കത്തേടെ വന്ന് കതകു പാളികള്‍ തളളിത്തുറന്ന് കിടക്കയിലേക്കു മറിഞ്ഞു വീണു.
"നിങ്ങള് ഇത്ര നേരം എവിടെ പോയി കിടക്കുകയായിരുന്നു. ഈ വീട്ടില് ഒരു തളളയും കുഞ്ഞും മാത്രമേയുളളു എന്ന കാര്യം നിങ്ങള്‍ മറന്നു പോയോ..?"അതു പറയുമ്പോള് രാഗിണി കോപവും, സങ്കടവും കലര്‍ന്ന് ഒരു പൊട്ടിക്കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു
" ബാങ്കില്..... പുതിയതായി വന്ന സ്റ്റാഫിന്റെ വക പാര്ട്ടിയുണ്ടായിരുന്നു " പാതി മയക്കത്തില്‍ കിടന്ന് അയാള്‍ മുരണ്ടു
 " പുതിയ സ്റ്റാഫ്, പാര്ട്ടി...... എല്ലാം ഞാന്‍ അറിയുന്നുണ്ട്" .രാഗിണി നന്ദന് അത് പറഞ്ഞ് തീരുന്നതിനു മുമ്പേ അയാള്‍ ഗാഢമായ ഒരു ഉറക്കത്തിലേക്ക് വീണു കഴിഞ്ഞിരുന്നു. അവള്‍ പതിയെ എഴുന്നേറ്റു പോയി, കിടക്കയിലേക്കു വന്നു വീഴുന്നതിനു മുമ്പ് രാഗാനന്ദന്‍  മുറിയുടെ ഒരു മൂലക്കായി ഉപേക്ഷിച്ചു പോയ പ്ലാസറ്റിക്ക് കവര്  ഒരു നെഞ്ചിടിപ്പോടെ അരിച്ചു പെറുക്കിത്തുടങ്ങി.പുതിയ ഒരു ജോഡി ഷൂസ്, ഷര്ട്ട്,ആഫ്റ്റര് ഷേവ് ലോഷന്‍ , ഒരു ചെറിയകുപ്പി പെര്ഫ്യൂം, ഒരു ചെറിയ കഷ്ണം കണ്ണാടി ഘടിപ്പിച്ച മണിപേഴ്സ്...അവളറിയാതെ നെഞ്ചത്തു കൈവെച്ചു. ദൈവമേ ഇങ്ങര് ഇത് എന്തിനുളള പുറപ്പാടിലാണ്.
പിറ്റേന്നു രാവിലെ രാഗാനന്ദന്‍  അയാളുടേതു മാത്രമായ കവിത ചൊല്ലുന്നതിനു പകരം, പഴയ ഒരു സിനിമാഗാനവും മൂളിക്കൊണ്ടാണ് എഴുന്നറ്റത്
' മാനസമൈനേ വരൂ......
മധുരം നുളളിത്തരൂ....'
അയാള്‍ തന്റെ താടിയിലെ അവനാന പൊടി രോമം നീക്കം ചെയ്യുമ്പോഴും ആ ഗാനത്തിന്റെ ആദ്യത്തെ ഈരടികള്‍ ആവര്ത്തിച്ചാവര്ത്തിച്ചു മുളുന്നുണ്ടായിരുന്നു എന്ന വസ്തുത രാഗിണി നന്ദനെ വല്ലാതെ അലോസരപ്പെടുത്തി.
ഇടക്കുവെച്ചയാള്‍ മുറ്റത്തുനിന്നിരുന്ന മകനെ മണ്ണു വാരി കളിച്ചു എന്നതിന്റെ പേരില്‍ നനഞ്ഞ കൈവലിച്ച് രണ്ട് അടികൊടുക്കുക കൂടി ചെയ്തു. അവന്‍  പതിവിനു വിപരീതമായി കുത്തിയിരുന്ന് അമ്മയെ വിളിച്ച് അലറിക്കരഞ്ഞു തുടങ്ങി. അടുക്കളയിലായിരുന്ന രാഗിണിനന്ദന്റെ മനസ്സൊന്നു കാളി
ദൈവമേ എല്ലാം പതിവിനു വിരുദ്ധമായാണല്ലോ സംഭവിക്കുന്നത്.അവള്‍ ഓടിച്ചെന്ന് കുഞ്ഞിനെ ഒക്കത്തേന്തി
" എട്ടും പൊട്ടും തിരിയാത്ത കുഞ്ഞാണ്. അതിനോട് ഇത്ര ദുഷ്ടത്തരം പാടില്ല." അവള് അയാളക്കു നേരെ കയര്ത്തു.
എന്നാല്‍ രാഗാനന്ദനാകട്ടെ അതിനു മറുപടി നല്കാന്‍  താല്പര്യമില്ലാത്ത മട്ടില്‍ അകത്തേക്കു കയറിപ്പോയി. അകത്ത് അയാള് അന്നും തലേ ദിവസത്തെപ്പോലെ കണ്ണാടിക്കു മുന്നില്‍ ഏറെ നേരം നിന്ന്, തലമുടി ചീകിയൊതുക്കി, തലേ ദിവസം പുതുതായി വാങ്ങിയ ഷര്ട്ടും, ഷൂവും ധരിച്ച് കതകു തുറന്ന് പുറത്തേക്കിറങ്ങി.
മുന്നില്‍ വിളറി ജ്വലിച്ചു കൊണ്ട് ഭാര്യ രാഗണി നില്ക്കുന്നു
" പുതിയ ഷര്ട്ടു വാങ്ങിക്കാനും, പുതിയ ഷൂ മേടിക്കാനും നിങ്ങളുടെ കൈയില്‍ പണമുണ്ട്. എനിക്കു കല്യാണത്തിനു പോകാന് ഒരു സാരി വേണമെന്നു പറഞ്ഞാലോ, എന്റെ ചെറുക്കന് അസുഖം വന്നാല് ആശുപത്രിയില് പോകണമെന്ന് പറഞ്ഞാലോ നിങ്ങള്ക്ക് അനക്കം കാണില്ല."
" ഓ എന്റെ ഭാര്യേ.....നീയൊന്ന് മിണ്ടാതിരി " ചെവിപൊത്തിക്കൊണ്ടയാള്‍ പറഞ്ഞു
 " ഇനി മുതല്‍ നീ പറയുന്നതനുസരിച്ച് ഞാന്‍  ജീവിക്കാന്‍  പോകുകയാണ്.നിനക്കിഷ്ടപ്പെട്ട സാരി നമുക്ക് ഒന്നിച്ചു പോയി ഇന്നു തന്നെ വാങ്ങാം. മകനെ സി.ബി.എസ്.സി സകൂളില് തന്നെ പഠിപ്പിക്കാം. തല്ക്കാലത്തേക്കു യാത്ര ചെയ്യാന്‍  ഒരു ബൈക്ക് വാങ്ങാം. ആഴ്ചതോറും സിനിമയ്ക്കു പോകാം. പിന്നെ ഗ്യാസിന്റെ കാര്യം..സര്ക്കാരിന്റേതാകുമ്പോള്‍ കുറെ കാല താമസം പിടിക്കും.അതു കൊണ്ട് ഏതെങ്കിലും പ്രൈവറ്റ് ഏജന്സിക്ക് ഇന്നു തന്നെ അപേക്ഷ നല്കാം. ഇനിയും തീയൂതിച്ച് നിന്റെ കണ്ണും കരളും വാട്ടാന്‍  ഞാന്‍  ഉദ്ദേശിക്കുന്നില്ല.. "
രാഗിണി നന്ദന്‍ ഒരു നിമിഷം മിഴിച്ചു നിന്നു പോയി. അയാളില്‍ നിന്ന് അത്രയും ഹൃദയ ഹാരിയായ ഒരു മറുപടി അപ്പോഴെന്നല്ലാ, ഒരിക്കലും കിട്ടുമെന്നവള്‍ പ്രതീക്ഷിച്ചിരുന്നില്ല.രാഗാനന്ദന്‍  അന്നെത്തെ പ്രാതല്‍ കഴിക്കാനിരുന്നപ്പോഴും,ശേഷം അയാള്‍ യാത്ര പറഞ്ഞിറങ്ങിയപ്പോഴും അവള്‍ ഒരു മാസ്മരിക ലോകത്തായിരുന്നു. ബൈക്കിന് പിന്നില്‍ ഭര്ത്താവിനോട് ചേരന്നിരുന്ന്, നഗരത്തിലൂടെ യാത്ര ചെയ്യുന്ന രംഗം മനസ്സില്‍ കണ്ട് അവള്‍ ഊറി ചിരിച്ചു.
സന്തോഷം കൊണ്ട് എന്തു ചെയ്യണമെന്നറിയാന്‍  വയ്യ.......വെറുതെ അന്നത്തെ പത്രം കൈയിലെടുത്ത് മറിച്ചു നോക്കി. ഒരു വാര്‍ത്ത കണ്ട് ഞെട്ടിപ്പോയി.
' ഗ്യാസ് സ്റ്റൌ പൊട്ടിത്തെറിച്ച് യുവതി മരിച്ചു. ഭര്ത്താവും, കാമുകിയും അറസ്റ്റില്‍........'
ഞൊടിയിടയില്‍ ഭര്ത്താവിന്റേയും കാമുകിയുടേയും സ്ഥാനത്ത് രണ്ട് രൂപങ്ങള്‍ തെളിഞ്ഞു വന്നു. രാഗാനന്ദനും, പ്രിയാ കൃഷ്ണനുണ്ണിയും.....ദൈവമേ അപ്പോഴിതാണോ ഇയാളുടേയും പ്ലാന്‍ ...സര്ക്കാര്‍ ഏജന്സിയാകുമ്പോള്‍ കാല താമസം വരും പോലും. ആ അറുവാണിച്ചിയുടെ ചുവപ്പും തുടിപ്പും കണ്ട് അയാള്‍ മയങ്ങിയിരിക്കുന്നു... അവള്‍ പല്ലു കടിച്ചു കൊണ്ട് പുറത്തേക്കിറങ്ങി.രാഗാനന്ദന്‍  വീട്ടില്‍ നിന്നും റോഡിലേക്കുളള വളവ് തിരിഞ്ഞു പോകുന്നതേയുളളൂ. അവള്‍ അല്പം കൂടി നീങ്ങി നിന്ന് അയാളോടായി ഉച്ചത്തില്‍  ഇങ്ങനെ വിളിച്ചു പറഞ്ഞു.
" അതെ ഞാന്‍  പറഞ്ഞന്നേയുളളൂ.ഇവിടെ ഇപ്പോള് ഗ്യാസ് സ്റ്റൌവിന്റെയെന്നല്ലാ. ഒരു മണ്ണണ്ണ സ്റ്റൌവിന്റെ ആവശ്യം തന്നെയില്ല. ഇപ്പോള്‍ അത്യാവശ്യം ഒരു ടിവിയാണ്..........."
                                               ****************************

2 അഭിപ്രായങ്ങൾ: