ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2015 ഏപ്രിൽ 18, ശനിയാഴ്‌ച

കണക്കനും കാറല്‍ മാക്സും.......

Image result for IMAGES OF VASTHU SCIENTISTSമുഴക്കോലു നീട്ടി
കണക്കന്‍ പറയുന്നു
കടക്കണ്ണാല്‍ അളന്നും കുറിച്ചും
വിരലൊടിച്ചും നിവര്‍ത്തിയും
വീടിന്‍ കിടപ്പതേ ശരിയല്ല
ഇടത്തുവരാന്‍ പാടില്ലായിരുന്നു
അടുക്കള
അബദ്ധമബദ്ധം.....!!
കിടപ്പുമുറിയുടെ ജനല്‍
ടുക്ക്കൊടുത്തതും
ശരിയായില്ല
പൊളിച്ചൊരല്പം വലത്തോട്ട് മാറ്റണം
വെളിച്ചം കടന്നു പോകുന്നില്ല
കാറ്റും.........നേര്‍വഴിയില്‍...
ഇടയ്ക്ക് തടസ്സമായി
നില്ക്കുംഭിത്തി ഇടിച്ചൊരു
ഹോളിടണം വൃത്തത്തില്‍

പുറത്തെ ബാത്ത്റൂം
പണിഞ്ഞ് വെച്ചിരിക്കുന്നത്
മരിച്ചു പോകുകില്‍ നമ്മെ
എടുത്തുകൊണ്ട് പോകേണ്ട
കോണിലോ..?

അടുത്ത വസ്തുവിന്‍ അതിര്
നീട്ടിവരക്കുമ്പോള്‍‌
വീടിന്‍ നടുക്കു കൂടി
കടന്നു പോകയോ...?
അടുത്തൂണുപറ്റുവാന്‍
പിന്നെന്തുവേണം.....

മുഴുത്ത കാഞ്ഞിരമൊന്ന്
തുടുത്തുനില്പുണ്ടല്ലോ
അടുത്തുതന്നെ.....
ഏതോ കറുത്തനാഗം
ഫണം വിടര്‍ത്തിയ പോലെ
ശിവ ശിവ പൊറുക്കണേ....
കടുത്ത ദോഷം തലയ്ക്കുമീതെ
തൂങ്ങിയാടുന്നു
അറക്കവാളുപോലെ....

മുഴക്കോലുനീട്ടി കണക്കന്‍ പറയുന്നു
വീടിന്‍കിടപ്പതേ ശരിയല്ല

അടുക്കളയിലന്ന്
പാലുപാത്രം തിളച്ചു തൂവി
അടുപ്പുകല്ലില്‍ തലകറങ്ങി
വീണന്നേ തുടങ്ങിയതാണീ
ദുരിതകാലം
ഒഴിഞ്ഞു പോകുന്നില്ല

അകത്തുകിടന്നിട്ടുറക്കം വരുന്നില്ല
പുറത്തോ പൂവള്ളിയെന്നു
വിചാരിക്കും....
പിടിക്കുന്നതെല്ലാം പുലിവാല്‍...!
മിടുക്കരായി പഠിച്ചുകൊണ്ടിരുന്ന
പിള്ളാരുടെ പഠിത്തവും പോയി
കടുത്ത രോഗങ്ങള്‍ കാരണം
ആശുപത്രി വിട്ടൊഴിഞ്ഞിട്ടൊരു
നേരവുമില്ല...
ഓട്ടക്കലം പോലെ ചോരുന്നു കീശ
എത്ര തുന്നി ശരിയാക്കിയിട്ടും...!

അകത്തുനിന്നോരു
പെണ്‍തുറിച്ചുനോട്ടം
കണ്ടില്ലേ നിങ്ങളും...?
എടുത്തുപറയേണ്ടതില്ലല്ലോ
എന്‍റെ ഇടത്തുവശമാണ്..!

കടുത്ത കമ്മ്യൂണിസ്റ്റ് ഞാന്‍..
ഇടയ്ക്കൊന്നിരിട്ടത്ത് വെറുതെ
അടുത്തുള്ളമ്പലമുറ്റത്തു
കൂടിപ്പോലുംപോകാത്തവന്‍
എന്റെ  എതിര്‍പ്പു വകവെയ്ക്കാതെ 
വിളിച്ചുകൊണ്ടു വന്നതാണി
കണക്കച്ചാരെ....

അകത്തേക്കു വിളിച്ചു പിടയ്ക്കും
നോട്ടൊരെണ്ണം
എന്‍റെ കൈയില്‍ തിരുകിപ്പിടിപ്പിച്ചു
കൊണ്ടവള്‍ പറയുന്നു പതുക്കെ.....
റുത്തൊന്നും പറയല്ലേയിപ്പോള്‍
വഴക്കടിക്കാനുള്ള സമയമിതല്ല
വികട സരസ്വതി വിളങ്ങുമാ
നാവനക്കരുതേയൊരല്പ നേരം
പഠിച്ചില്ലേ അനുഭവത്തിന്‍
വെളിച്ചത്തില്‍ ......?
കുറിപ്പടി തരുമ്പോള്‍ മടിക്കാതെ
കൊടുത്തു വണങ്ങുക
അത്രമാത്രം.......
ഇടയ്ക്കൊരല്പം ഈശ്വരവിചാര
Image result for karl marx pictures
മില്ലാത്തതിന്‍റെ കുഴപ്പമാണിതെല്ലാം..

ചരിത്ര ഗതിയില്‍
മതത്തിന്‍ കറുപ്പില്ലാത്ത
സമത്വസുന്ദരമാമൊരുലോകം
സ്വപ്നംകണ്ട
നരച്ചതാടിയുള്ളോരെന്റെ
കമ്മ്യൂണിസ്റ്റ്  മുത്തപ്പാ
പൊറുക്കണേ.......!!


( കണക്കനും തുടര്‍ന്ന് എന്റെ ഭാര്യയും പറഞ്ഞത് നിങ്ങള്‍ വായിച്ചുകാണുമല്ലോ...രണ്ടും ഒരു കണക്കാണ്.....ആയതിനാല്‍ ആ അഭിപ്രായങ്ങള്‍ ഞാന്‍ അവഗണിക്കുന്നു....അടുത്തിടെ പണിത വീടാണ‍്. അതിടിച്ച് പൊളിക്കണം പോലും...എന്താണ് നിങ്ങളുടെ അഭിപ്രായം...?നിങ്ങളുടെ അഭിപ്രായം..... അതെന്തായാലും എനിക്ക് വിലപ്പെട്ടതാണ്...)