ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2015, ഫെബ്രുവരി 5, വ്യാഴാഴ്‌ച

കവിതേ...നിനെക്കെന്തുപറ്റി...?

കവിതേ...കവിതേ...
കരയുകയാണോ നീ....
മിഴിരണ്ടും തോരാതെ..?
കരിമഷിയെഴുതിയ
കണ്ണു കലങ്ങിയല്ലോ...?
മുടിയില്‍ നീ ചൂടിയ
കുടമുല്ലപ്പൂക്കളും
വാടിക്കരിഞ്ഞല്ലോ..?
കിലുകിലെ താളം മുഴക്കി
നിന്‍ കാല്‍ വെണ്ണക്കുളിരില്‍
പുളകം കൊണ്ടു നടന്നൊരാ  
വെള്ളിക്കൊലുസിന്‍റെ
അലമണികള്‍ പൊട്ടി
ത്തകര്‍ന്നിട്ടതിന്‍
നാദവുമെന്നേ നിലച്ചല്ലോ...

അണിവയറില്‍ അരഞ്ഞാണ
ച്ചരടില്‍ നീയണി
യാറുണ്ടായിരുന്നോരാ
സ്വര്‍ണ്ണത്തകിടിലെഴുതിച്ച
നാഗത്തലയുള്ളോരേലസ്സു
മഴിഞ്ഞുപോയല്ലോ.....?

കവിതേ...കവിതേ...
മിഴി രണ്ടും പൊത്തി
നീ കരയുകയാണോ…?

കപടമാം പ്രണയത്തിന്‍
പേരു പറഞ്ഞ്
അരുതാത്തതാരാണ്
നിന്നോട് ചെയ്തത്......?
അയലത്തെ തറവാട്ടില്‍
അവധിക്കു മാത്രം
അതിഥിയെപ്പോലെ
വന്നെത്തുവാറുള്ളോരരുമയാം
പെണ്‍കിടാവായിരുന്നല്ലോ
നീ......

പൂക്കള്‍ വിടരും
തൊടിയിലും………
മലര്‍വള്ളിക്കുടിലിലും
തിരുമുറ്റത്തരമതില്‍
തണലിലും……
പൂമുഖചാരുപടിക്കോണിലും
നീ പാറിനടന്നേതോ
വര്‍ണ്ണശലഭത്തെപ്പോലെ

നിറവാര്‍ന്ന സന്ധ്യയില്‍‍
നറുതിരിയിട്ടോരാട്ട
വിളക്കിന്നുമുന്നില്‍
ഈറത്തുകില്‍ മാറ്റി
വന്നു നീ……
സഖിമാരുമൊത്തു നിന്‍
നടനം തുടര്‍ന്നു.....
കളിചിരി മുഴങ്ങി..
കൈവളകള്‍ കിലുങ്ങി
കാല്‍ത്തളത്താളത്തില്‍‍
നിന്‍ നിറലാവണ്യം
നിറഞ്ഞു തുളുമ്പി...

അതുകാണ്‍കെ.......
അതുവരെയറിയാത്തേതോ
അനുഭൂതിതന്‍ അലയൊലികള്‍
വന്നു നിറഞ്ഞെന്‍റെ
വ്യതിഥ ഹൃദയത്തിലും
കുളിരില്‍ മുങ്ങിയ
ശിശിര നിലാവില്‍
ഞാനെന്‍ കൊച്ചു
മണ്‍കുടിലിന്‍
കിളിവാതില്‍ തുറന്നിട്ട്
പ്രണയിനീ.....
നിന്നെ നോക്കിയിരിക്കാറു
ണ്ടായിരുന്നുരുന്നു
വെറുതെയേറെ നേരം
കരളിന്‍കയത്തില്‍ നിന്ന്
ഒരു  പൂവിറുത്തോമനേ
നീ വരും വഴിയരികില്‍
ഞാന്‍ കാത്തു നില്ക്കുമായിരുന്നു
അരികില്‍ നീയെത്താറാകുമ്പോള്‍
വെറുതെയെന്‍ നെഞ്ചുമിടിച്ചു
നിന്‍മിഴിമുന കൊള്ളാന്‍
കരളുറപ്പില്ലാതെ
ഞാന്‍ പിന്‍ വലിഞ്ഞു
പഥികനാം പാട്ടുകാരന്‍
ഞാന്‍.....
നിന്നെ പ്രണയിക്കാനെനി
ക്കെന്തര്‍ഹത...?

ഒരുനാള്‍....ഒരുനാള്‍
ഏതോ ദുരിതക്കയത്തില്‌‍‍
വീണാ തറവാടുമുങ്ങിപ്പോയി
അരുമായായി നിന്നെ
പോറ്റി വളര്‍‌ത്തിയ
തറവാട്ടുകാരണവരും
മൃതിയായി........
ഇളമുറക്കാരോ പിരിഞ്ഞു
പോയി....
തമ്മില്‍ കലഹിച്ച്
പലവഴിക്ക്.....
നിന്നെയും കൂട്ടിയില്ലവരാരുമേ
തകരും തറവാട്ടില്‍
നീമാത്രമേകയായ്
പടികടന്നെത്തി
പതുക്കെ അനാഥത്വം
വറുതിക്കിടയിലും
ചിലര്‍ വന്നു.....
ചോരതുടിക്കും നിന്‍
തളിര്‍ മേനിയിലായിരുന്ന
വരുടെ നോട്ടം....

ഒടുവില്‍ ഒരുവന്‍ വന്നു
തലമുടി നീട്ടി വളര്‍ത്തി
തോളില്‍ തുണിസഞ്ചിയേന്തി
ജഢകെട്ടുമൂശാന്‍ താടി
ചൊറിഞ്ഞുകൊണ്ട്
അരവട്ടനവനെപ്പോല
അവനെന്തോപിറുപിറുത്തു...
അറിയില്ലതെന്താണ് രഹസ്യം..
തലകുമ്പിട്ടു നീ
അവനോടോപ്പമിറങ്ങിപ്പോയി
തകരും നെഞ്ചോടെ
ഞാനെന്‍ കുടിലിന്റെ
ഇറയത്തു നിന്നതുകണ്ടു

പിന്നെയാ കിളിവാതില്‍ 
തുറന്നില്ല ഞാനൊരു
നാളും…….
ശപ്തമാ തറവാടിന്‍റെ
ജീര്‍ണിച്ച ഉത്തര
കഴുക്കോലു കാണുവാന്‍....

മാഞ്ഞുപോയില്ലെന്നാലും
നീയും നിന്‍ സ്മൃതികളും
മഴപെയ്തു തോര്‍ന്നേതോ
സന്ധ്യയില്‍......
ഉടുതുണിയാകെ കീറിപ്പറിഞ്ഞു
ഉടലാകെ ചോര പുരണ്ട്
നീയീവഴി അലറിക്കരഞ്ഞു
കൊണ്ടോടിപ്പോയി
അതുകണ്ടു ഞാനും
പകച്ചു പോയി......
കഥയന്വേഷിച്ചു പോകെ
ഞാനറിഞ്ഞൂ....
വെറും വിടനായിരുന്നു
അവനെന്നു പോലും
അരമുറിബീഡിതന്‍
ലഹരിക്കായി
പണയം വെച്ചവന്‍
നിൻ പൊൻ താലിയും
വിലപേശിവിലയിട്ടു  
നിന്‍റെ മാംസം
നഗരത്തെരുവില്‍
വില്പനയ്ക്കായ് വെച്ചു...
ഇരുളില്‍
മൃതയായി നീ കിടക്കുമ്പോഴും
കൊതിയോടെ പലരും വന്നു
പാത്തും പതുങ്ങിയും.....
നീയുമായി ബലമായിണ
ചേര്‍ന്നു പോയി.....

സ്ഥലകാലമില്ലാതെ
സ്മൃതി ഭ്രംശം വന്നര
ഭ്രാന്തിയായി
വെറുമൊരു
നഗരകാഴ്ചയായി
വ്രണമൊലിപ്പിച്ച്
നീയലയുന്നു....
കണ്ടവര്‍ കണ്ടവര്‍‍
കണ്ണു പൊത്തുന്നു
പണ്ടു നിന്നെ പ്രണിയിച്ചവരും....
വഴിമാറിപ്പോകുന്നു..

കവിതേ...നിനക്ക് വന്ന
ഗതിയിതോര്‍ക്കെ
അറിയാത്തേതോ കുറ്റബോധം
എന്നിലും വന്നു നിറയുന്നു
ആത്മരതിതന്‍
അവിവേകത്തില്‍
അറിയാതെങ്കിലും
നിന്നോട് ഞാന്‍ പണ്ട്
അവിവേകം ചെയ്തു
പോയിട്ടുണ്ടെങ്കില്‍
പറയുന്നു കവിതേ
മാപ്പ്.......

കവിതേ...കവിതേ...
കരയുകയാണോ നീ...?
  




4 അഭിപ്രായങ്ങൾ:

  1. കവിത.... അവള്‍ സര്‍വ്വം സഹയാണ്.

    മറുപടിഇല്ലാതാക്കൂ
  2. കവിതേ ....നന്നായി അനുരാജ് ..എങ്കിലും അല്പം ചെറുതാക്കാമായിരുന്നു ( അഭിപ്രായമാണ് കെട്ടോ )

    മറുപടിഇല്ലാതാക്കൂ
  3. കൊള്ളാം കവിതയുടെ ഗതി മനോഹരമായി ഗതാകാലത്തിലൂടെയും അനുകാലത്തിൽ കൂടെയും കൊണ്ട് പോയി നന്നായി

    മറുപടിഇല്ലാതാക്കൂ
  4. കവിതയുടെ മേൽ കാലാ കാലങ്ങളായി നടത്തിയ കടന്നാക്രമണങ്ങളും അതിനെ കോലം കെടുത്തി ഇന്നത്തെ സ്ഥിതിയിൽ ആക്കിയതും കവിതയിലൂടെ തന്നെ നന്നായി വരച്ചു കാണിച്ചിരിയ്ക്കുന്നു.

    ആദ്യ വരി "കവിതേ കരയുകയാണോ നീ" എന്നായിരുന്നുവെങ്കിൽ "കവിതേ,കവിതേ" എന്നതിനേക്കാൾ ഭംഗിതോന്നിയേനെ. ആദ്യ ഖണ്ഡികയിൽ പദങ്ങൾ അടുക്കിയതു താളത്തിനും ഒഴുക്കിനും അൽപം തടസ്സം പോലെ തോന്നി.

    കവിതയെ എന്നും സ്തീ യോടാണ് ഉപമിയ്ക്കുന്നത്. ആദ്യ കാല കവികൾ പുരുഷന്മാർ ആയിരുന്നത് കൊണ്ടാണത്. പിൽക്കാലത്ത്‌ സ്തീ കവികൾ വന്നിട്ടും അത് മാറ്റിയില്ല. അവരുടെ സ്വാർത്ഥത ആകാം.

    അരഞ്ഞാണം അഴിഞ്ഞു പോയി എന്ന് പറയുന്നത് മനസ്സിലാക്കാം പക്ഷെ അതിലെ ഏലസ്സ് ഇങ്ങിനെ വർണി യ്ക്കെണ്ടായിരുന്നു. അത്രയും അടുപ്പവും ഇല്ല കൂടാതെ അതിന് അത്ര പ്രസക്തിയും ഇല്ല. (കവിതയുടെ ഏതു ഭാഗമാണ് ഏലസ്സ്?)

    "കപടമാം പ്രണയം'' എന്നിടത്ത് നിന്ന് കവിത ഒരു കല്ലോലിനി പോലെ ഒഴുകി മനോഹരമായി.

    തറവാടിന്റെ ക്ഷയം അത്ര ഭംഗിയായില്ല. തറവാടിൽ നിന്നും കഥ,നോവൽ തുടങ്ങിയ സഹോദരിമാരെ നല്ല നിലയിൽ പറഞ്ഞയച്ചു എന്നോ മറ്റോ ആകാമായിരുന്നു. കവിതയെ ഒരു കശ്മലൻ കൊണ്ടു പോയെന്നും. അവിടെങ്ങും ഒഴുക്കിനൊന്നും ഒരു കുറവും വന്നില്ല. ആശയത്തിന് മാത്രം ഒരൽപ്പം.

    കയ്യിൽ കിട്ടിയവരെല്ലാം നശിപ്പിച്ച,ബലാൽസംഗം ചെയ്ത,പിച്ചിച്ചീന്തിയ ആ സുന്ദരിയെ ഈ കവിതയിലൂടെ അനു രാജ് കൈ പിടിച്ചുയർത്തുന്നു. ഒരു സൽക്കർമം.നന്ദി.

    മറുപടിഇല്ലാതാക്കൂ