
ഇടവേളയ്ക്ക് ശേഷം
വാര്‍ത്തകള്‍ തുടരും
ഇടതടവില്ലാതെ.....
ചടുലതാളത്തില്‍
കടുകുമണികള്‍ പോലെ
വാക്കുകള്‍ പൊട്ടിച്ചിതറും....
ഇടിത്തീ പോലൊരു
വാര്‍ത്തയുമായി
ഉടന്‍തന്നെ മടങ്ങിവരാമെന്ന്
പറഞ്ഞ് കളമൊഴി
മറഞ്ഞല്ലോ.....
മനസ്സിന് ഇടവഴികളില്‍
ലഡുമണികള്‍ പൊട്ടുന്ന
കാഴ്ചകളുണ്ടിനിയെന്നാലും
മടിപിടിച്ചിരിക്കേണ്ട
പോയൊന്ന്
നടുനിവര്‍ത്തി വന്നോളൂ....
പതിവായികാണുന്ന
തുടര്‍ക്കഥയുടെ രസച്ചരടു
പൊട്ടിയതിന്നരിശത്തില്
ആരൊക്കെയോ വിറളി
പിടിച്ച് നടപ്പുണ്ടായിരുന്നല്ലോ
ജപനാമങ്ങളൊക്കെയുപേക്ഷിച്ച്
മുതുമുത്തശ്ശിയും
പടിവാതിലില്‍ വന്ന്
മുറുമുറുത്തിരിപ്പുണ്ടല്ലോ..!.
കാര്യമാക്കേണ്ടതൊന്നുമൊട്ടുമേ
കരുതുവാനും മടിക്കേണ്ട
കൈയിലെപ്പോഴുമാ ചെറുപേടകം
ഇടയിലെവിടെയെങ്കിലുമൊന്നത്
മറന്നു വെച്ചാലോ
അതിക്രമങ്ങള്‍ക്കിടയുണ്ട്
കനിവുതോന്നി
കടന്നുകയറുവാനനുവദിച്ചാല്‍
തിരിച്ചിറക്കുകയസാധ്യം
പറയുന്നകേട്ടില്ലേ.....
പടപ്പുറപ്പാടുമായി....
ഇതിലെന്തിത്രരസം
ചൊറികുത്തിയിരിക്കും പോല്‍
ഒരേ വാര്‍ത്തകള്‍ ചാനലുകള്‍
മാറ്റിമറിച്ച് കണ്ടങ്ങിരിക്കാന്‍
അറിയുമോ അതിന്‍ രസം
നിലതെറ്റിവന്നൊരാ കരിങ്കല്ലിന്റെ
ഭ്രമണപഥമേത്
ഇടയില്‍ ആള്‍ക്കൂട്ടത്തില്‍ നിന്നും
പരിധിവിടുന്നോരാ
കൈകളാരുടേത്
കൊടിവെച്ചകാറില്‍ പറക്കും
മുടിയനാം മന്ത്രിയുടെ
വീടിന്നിറയത്തിടയ്ക്കിടെ കാണും
പെണ്‍ ചെരുപ്പുകളാരുടേത്
.......................................................
....................................................
പുകയുന്നുണ്ട്
ചോദ്യങ്ങളൊരുപാട്
പുകമഞ്ഞുപോലെ.....
കഠിനമാം ചര്‍ച്ചകള്‍ക്കൊടുവില്‍
വാക്കുകള്‍ മുട്ടി അടിതെറ്റിവീണ
നേതാവിന്റെ ദയനീയമാം
മുഖത്തുനിന്നും
ഉത്തരം കിട്ടുവാനിടയുണ്ട്
ചിലപ്പോള്‍..കാത്തിരിക്കാം
ഇടവേളയ്ക്ക് ശേഷം
വാര്‍ത്തകള്‍ തുടരും.....